പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിനും അലൻ ഷുഹൈബിനും ജാമ്യം അനുവദിച്ച് എൻ.ഐ.എ കോടതി ജഡ്ജി അനിൽ കെ. ഭാസ്കർ പുറപ്പെടുവിച്ച വിധിയിലെ ചില പ്രസക്തഭാഗങ്ങളുടെ സംക്ഷിപ്ത വിവർത്തനം.
പ്രോസിക്യൂഷൻ ശേഖരിച്ച തെളിവുകളെ 12 വിഭാഗങ്ങളായി തരംതിരിക്കാം:
1. പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്തതും സി.പി.ഐ (മാവോയിസ്റ്റ്) അനുബന്ധസംഘടനകൾ എന്നു പറയപ്പെടുന്ന സംഘടനകൾ ഇറക്കിയതുമായ ലഘുലേഖകൾ, നോട്ടീസുകൾ, കുറിപ്പുകൾ.
2. സി.പി.ഐ (മാവോയിസ്റ്റ്) അനുബന്ധ സംഘടനകൾ എന്നു പറയപ്പെടുന്ന സംഘടനകൾ നടത്തിയ പരിപാടികളിൽ പ്രതികൾ പങ്കെടുത്തതിനുള്ള തെളിവുകൾ.
3. പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ സി.പി.ഐ (മാവോയിസ്റ്റ്) തയ്യാറാക്കിയതും പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്തതുമായ ലഘുലേഖകൾ, നോട്ടീസുകൾ, കുറിപ്പുകൾ.
4. പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ സി.പി.ഐ (മാവോയിസ്റ്റ്) സംഘടനക്കുവേണ്ടി പ്രതികൾ സ്വയം തയ്യാറാക്കിയ ബാനറുകളും കുറിപ്പുകളും.
5. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത, കമ്യൂണിസ്റ്റ് ആശയത്തെക്കുറിച്ചും മാവോയിസത്തെക്കുറിച്ചുമുള്ള സാഹിത്യകൃതികൾ.
6. പ്രതികളിൽ നിന്ന് പിടിച്ചെടുത്തതും, സംഘടനാ അംഗങ്ങൾക്കിടയിൽ വിതരണത്തിനായി സി.പി.ഐ. മാവോയിസ്റ്റ് തയ്യാറാക്കിയതുമായ ലഘുലേഖകളും കുറിപ്പുകളും.
7. പ്രതികൾ അവരുടെ എല്ലാ നീക്കങ്ങളിലും പ്രവർത്തനങ്ങളിലും സി.പി.ഐ. മാവോയിസ്റ്റ് സംഘടനയുടെ നിർദേശങ്ങൾ കണിശമായി പാലിച്ചിരുന്നു എന്നതിനുള്ള തെളിവുകൾ.
8. ഒളിവിൽ കഴിയുന്ന സി.പി.ഐ. മാവോയിസ്റ്റ് അംഗങ്ങളുമായി പ്രതികൾ തുടർച്ചയായി കൂടിക്കാഴ്ചകളും ഗൂഢാലോചനയും നടത്തിയിരുന്നു എന്നതിനുള്ള തെളിവുകൾ.
9. തീവ്രവാദ ആശയങ്ങളോട് പ്രതികൾക്ക് ശക്തമായ ചായ്‌വ് ഉണ്ട് എന്നതിനും സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ പരമമായ ലക്ഷ്യം നേടിയെടുക്കാൻ അക്രമത്തിന്റെ മാർഗം സ്വീകരിക്കുന്നതിന് പ്രതികൾക്ക് സമ്മതമാണ് എന്നതിനുമുള്ള തെളിവുകൾ.
10. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ജമ്മു-കാശ്മീരിലെ വിധ്വംസക ശക്തികളെ പിന്തുണക്കുന്ന കുറിപ്പുകളും ഫോട്ടോകളും വീഡിയോകളും-പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്.
11. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും, മാവോയിസ്റ്റ് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ പിടിച്ചെടുത്ത രേഖകളും തമ്മിലുള്ള സമാനതകൾ.
12. കോഡ് ഭാഷയിൽ എഴുതപ്പെട്ട കുറിപ്പുകൾ പ്രതികൾ സൂക്ഷിച്ചിരുന്നു എന്നതിനുള്ള തെളിവുകൾ.
പ്രൊഫ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നും, ആദിവാസികളുടെ അവകാശസംരക്ഷണത്തിനായി പുതിയ മുന്നേറ്റങ്ങൾക്ക് ജനങ്ങൾ തയ്യാറെടുക്കണമെന്നുമുള്ള നോട്ടീസുകൾ, വിമർശിക്കാനുള്ള അവകാശത്തിനു വേണ്ടി ജനങ്ങൾ അണിചേരണമെന്ന നോട്ടീസുകൾ തുടങ്ങിയവയാണ് ആദ്യത്തെ വിഭാഗത്തിൽ പെടുന്നത്. എരിയുന്ന രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ് ഈ നോട്ടീസുകൾ. ഭീകരപ്രവർത്തനത്തിന് പ്രോൽസാഹിപ്പിക്കുന്നതോ അതിനു സൗകര്യമൊരുക്കുന്നതോ ആയ ഒന്നും തന്നെ ഈ നോട്ടീസുകളിൽ ഇല്ല.
വിവിധ സംഘടനകൾ സംഘടിപ്പിച്ച ധർണകളിലും പ്രതിഷേധ മാർച്ചുകളിലും പ്രതികൾ പങ്കെടുത്തിട്ടുണ്ട് എന്നതാണ് രണ്ടാമത്തെ വിഭാഗത്തിലെ തെളിവുകളിലൂടെ പ്രോസിക്യൂഷൻ തെളിയിക്കാൻ ശ്രമിച്ചിട്ടുള്ളത്. കുർദ്ദുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന യോഗങ്ങൾ, പൊലീസ് അതിക്രമത്തിൽ പ്രതിഷേധിക്കാനുള്ള യോഗങ്ങൾ, ജിഷ എന്ന സ്ത്രീയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കാനുള്ള യോഗങ്ങൾ, നോട്ട് നിരോധനത്തിൽ പ്രതിഷേധിക്കാനുള്ള യോഗങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു. സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ് അവയെല്ലാം. മാത്രമല്ല, അക്രമത്തിന്റെ ഘടകങ്ങളൊന്നുമില്ലാതെ തീർത്തും സമാധാനപരമായി നടത്തിയ പരിപാടികളാണ് അവയെല്ലാം.
മൂന്നാമത്തെ വിഭാഗത്തിലെ ലഘുലേഖകളും നോട്ടീസുകളും സമകാലിക രാഷ്ടീയ-സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ്. അക്കൂട്ടത്തിൽ, ഒന്നാം പ്രതിയിൽ നിന്ന് പിടിച്ചെടുത്ത, മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക എന്ന നോട്ടീസിനെക്കുറിച്ച് പ്രോസിക്യൂഷൻ പ്രത്യേകം എടുത്തു പറയുന്നുണ്ട്. നാല് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന് സംസ്ഥാന സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ഈ നോട്ടീസിലെ സന്ദേശം എന്ന് പ്രോസിക്യൂഷൻ പറയുന്നു. അതേസമയം, ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ മാത്രമാണ് ഈ നോട്ടീസുകൾ ആഹ്വാനം ചെയ്യുന്നത് എന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിക്കുന്നു. സർക്കാരിനെതിരെ സായുധ സമരത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ആ നോട്ടീസിൽ ഇല്ല എന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാവുന്നത്. സി.പി.ഐ. മാവോയിസ്റ്റ് പ്രസ്ഥാനത്തെ ജനങ്ങൾ പിന്തുണക്കണമെന്ന് ഈ നോട്ടീസ് ആവശ്യപ്പെടുന്നില്ല. തികച്ചും അന്യായമെന്ന് അവർ വിശ്വസിക്കുന്നൊരു സർക്കാർ നടപടിയിൽ പ്രതിഷേധിക്കാൻ മാത്രമാണ് ആ നോട്ടീസ് ആവശ്യപ്പെടുന്നത്. നോട്ടീസിൽ പരാമർശിക്കുന്ന സംഭവം (ഏറ്റുമുട്ടൽ കൊലപാതകം) ന്യായീകരിക്കത്തക്കതാണോ, അല്ലേ എന്നത് ഈ കോടതിയുടെ പരിഗണനാവിഷയമല്ല.
നാലാം വിഭാഗത്തിലെ തെളിവുകൾ പരിശോധിക്കുമ്പോൾ, സി.പി.ഐ. മാവോയിസ്റ്റിനു വേണ്ടി രണ്ടാം പ്രതി (താഹാ ഫസൽ) തയ്യാറാക്കിയതായി പറയുന്ന ഒരു രേഖ മാത്രമാണുള്ളത്. ജമ്മു കാശ്മീരിന്റെ സ്വാതന്ത്ര്യ സമരത്തിന്പിന്തുണ അഭ്യർഥിക്കാനും, ജമ്മു കാശ്മീരിലെ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തെ എതിർക്കാനും, ഹിന്ദു ബ്രാഹ്മിൺ ഫാസിസ്റ്റ് സർക്കാരിനെതിരെ പൊരുതാനും ആവശ്യപ്പെടുന്നതാണ് ആ ബാനർ. ഭരണഘടനയുടെ 370, 35 എ ആർട്ടിക്കിളുകൾ പാർലമെന്റ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ആ ബാനറുകൾ തയ്യാറാക്കിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആ പശ്ചാത്തലം കണക്കിലെടുക്കാതെയുള്ള വിലയിരുത്തലുകൾ മോശമായ തീർപ്പുകളിലേക്കു നയിക്കും. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ചു തരുന്ന അവകാശമാണ്. "നിയമവിധേയമായി നിലവിൽ വന്ന ഭരണകൂടം' എന്നതും, തത്സമയം ഭരണം നിർവഹിക്കുന്ന വ്യക്തികൾ എന്നതും തമ്മിലുള്ള വ്യത്യാസം നേരത്തേ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഗവൺമെന്റിന്റെ നയങ്ങളോടും തീരുമാനങ്ങളോടുമുള്ള പ്രതിഷേധം, അതൊരു തെറ്റായ കാരണത്താൽ ആയാൽ പോലും, രാജ്യദ്രോഹമോ വിഘടനവാദത്തിനുള്ള ബോധപൂർവമായ പിന്തുണയോ ആയി കണക്കാക്കാനാവില്ല. മേൽപ്പറഞ്ഞ എഴുത്തുകളൊന്നും ഇന്ത്യ സർക്കാറിനെതിരെ വെറുപ്പ് ഉൽപാദിപ്പിക്കാനോ അതൃപ്തി ഉണർത്താനോ ഉള്ള ശ്രമങ്ങളായി വിലയിരുത്താനാവില്ല.
അഞ്ചാം വിഭാഗം തെളിവുകൾ പരിശോധിക്കുമ്പോൾ, കമ്യൂണിസ്റ്റ് ആദർശത്തെക്കുറിച്ചോ മാവോയിസത്തെക്കുറിച്ചോ വർഗ്ഗ സമരത്തെക്കുറിച്ചോ ഉള്ള കൃതികൾ കൈവശം വെച്ചു എന്നത് പ്രതികൾക്കെതിരായ എന്തെങ്കിലും തെളിവ് ആകുന്നില്ല. മാവോയിസ്റ്റ് രാഷ്ട്രീയ ആദർശം നമ്മുടെ ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെങ്കിലും, ഒരാൾ മാവോയിസ്റ്റ് ആകുന്നത് കുറ്റകൃത്യമാകുന്നില്ല. അക്രമത്തിനു പ്രേരിപ്പിക്കുന്ന എന്തെങ്കിലും നടപടി പ്രതികളിൽ നിന്ന് ഉണ്ടാകുമ്പോൾ മാത്രമേ അത് തെറ്റാകുന്നുള്ളൂ. ഈ കേസിൽ, പ്രതികളുടെ ഭാഗത്തുനിന്ന് അങ്ങനെ എന്തെങ്കിലും ഉണ്ടായതായി പ്രഥമദൃഷ്ട്യാ തെളിവില്ല.
ആറാമത്തെയും ഏഴാമത്തെയും വിഭാഗത്തിലെ തെളിവുകളാണ് പ്രോസിക്യൂഷൻ പ്രത്യേകം എടുത്തുകാണിച്ചിട്ടുള്ളത്. രണ്ടാം പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ശത്രുവിന്റെ അടവുകളും നമ്മുടെ പ്രത്യാക്രമണ അടവുകളും എന്ന ലഘുലേഖയാണ് അതിലൊന്ന്. ഒളിവിലോ അല്ലാതെയോ പ്രവർത്തിക്കുന്ന സി.പി.ഐ മാവോയിസ്റ്റ് അംഗങ്ങൾക്കുള്ള ചില പ്രതിരോധ, മുൻകരുതൽ നിർദേശങ്ങളാണ് അതിലുള്ളത്. എല്ലാ തെളിവുകളും നശിപ്പിക്കണമെന്നും, കാൽപ്പാട് പോലും അവശേഷിപ്പിക്കരുതെന്നും അതിൽ വ്യക്തമായി നിർദേശിക്കുന്നുണ്ട്. പ്രതികളുടെ രഹസ്യഅജണ്ടയ്ക്കും നിയമ നിർവ്വഹണ ഏജൻസികളുടെ ശ്രദ്ധയിൽപെടാതെ ലക്ഷ്യം നിറവേറ്റാനുള്ള മുൻകരുതലുകൾക്കുമുള്ള തെളിവാണ് അത് എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. നിരോധിത സംഘടനയ്ക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ സംഘടനയുടെ നിർദേശങ്ങൾ പ്രതികൾ കർശനമായി പാലിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ പറയുന്നു. നിരോധിത സംഘടനയുടെ രഹസ്യ യോഗത്തിനിടയിലാണ് പ്രതികൾ കയ്യോടെ പിടിയിലായത് എന്നും പ്രോസിക്യൂഷൻ ഇതിനു തെളിവായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഘടനയുടെ മുൻകരുതൽ നിർദേശമനുസരിച്ചാണ് പ്രതികൾ ആ സമയത്ത് മൊബൈൽ ഫോൺ കൈവശം വെക്കാതിരുന്നത്. പ്രതികൾ ഒരിക്കലും ഫോണിൽ പരസ്പരം ബന്ധപ്പെട്ടിരുന്നില്ല എന്നും സിം കാർഡ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പ്രതികൾ നിരോധിത സംഘടനയിലെ അംഗങ്ങളായിരിക്കാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും, ഭീകരപ്രവർത്തനങ്ങൾക്കായി പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയിരിക്കാൻ സാധ്യതയുണ്ടെന്നും, അതിനല്ലെങ്കിൽ അവർ രഹസ്യമായി കൂടിക്കാഴ്ച നടത്തേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
അതേ സമയം, വിവിധ രേഖകളുടെ ഒരു സമാഹാരം മാത്രമാണ് മേൽപരാമർശിക്കപ്പെട്ട ലഘുലേഖ എന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പറയുന്നു. രണ്ടാം പ്രതി ആ ലഘുലേഖ കൈവശം വെച്ചിരുന്നു എന്നതു കൊണ്ടു മാത്രം അവർ ആ രേഖയിലെ നിർദേശങ്ങൾ പാലിച്ചിരുന്നു എന്നു കരുതാനാവില്ല. അതിലെ നിർദേശമനുസരിക്കുകയാണെങ്കിൽ, അത്തരം രേഖകളോ സാമഗ്രികളോ വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്തതാണ്. പക്ഷേ, രേഖകളെല്ലാം പ്രതിയുടെ വീട്ടിൽ തുറസ്സായി സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ അറിയിച്ചിരിക്കുന്നത്. അവ ഒളിപ്പിച്ച നിലയിൽ പോലും ആയിരുന്നില്ല. പ്രതികൾ രണ്ടു പേരും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളായിരുന്നു. ഒന്നാം പ്രതി (അലൻ ഷുഹൈബ്) റെഗുലർ വിദ്യാർഥിയാണ്. രണ്ടാം പ്രതി വിദൂര പഠന സംവിധാനത്തിലെ വിദ്യാർഥിയും ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്ന ആളുമായിരുന്നു. രണ്ടുപേരും പഠനകാര്യങ്ങളിലും സാമൂഹ്യജീവിതത്തിലും സജീവമായി മുഴുകിയിരുന്നവരുമാണ്. അവരുടെ നീക്കങ്ങളും പ്രവർത്തനങ്ങളും പൂർണമായും നിരോധിത സംഘടനയുടെ നിയന്ത്രണത്തിലായിരുന്നു എന്നു പറയാൻ സാധ്യമല്ല.
ഒളിവിലുള്ള സി.പി.ഐ. മാവോയിസ്റ്റ് അംഗങ്ങളുമായി പ്രതികൾ പല തവണ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂഷൻ ആരോപിച്ചിട്ടുണ്ട്. ആ കൂടിക്കാഴ്ചകളുടെ സമയത്ത് പ്രതികൾ മൊബൈൽ ഫോണുകൾ ഒഴിവാക്കിയിരുന്നോ എന്ന് ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ കൃത്യമായി പറയാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. അത്തരം രഹസ്യയോഗങ്ങൾ നടത്തുന്നവർ അങ്ങനെ ചെയ്യുമെന്നതിൽ സംശയമില്ല. ഏതായാലും, നേരിട്ടുള്ള തെളിവുകളാലോ സാഹചര്യത്തെളിവുകളാലോ പ്രതികളുടെ കുറ്റകൃത്യം നിയമപരമായ മാർഗങ്ങളിലൂടെ തെളിയിക്കാൻ പ്രോസിക്യൂഷനുള്ള ഉത്തരവാദിത്തം അതു കൊണ്ട് ഇല്ലാതാകുന്നില്ല. പ്രതികൾ സി.പി.ഐ മാവോയിസ്റ്റ് സംഘടനയിൽ അംഗങ്ങളാണെന്നും അവരുടെ എല്ലാ നീക്കങ്ങളും പ്രവർത്തനങ്ങളും സംഘടനയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും സ്ഥാപിക്കുന്നതിൽ ധാരാളം കണ്ണികൾ വിട്ടുപോയിട്ടുള്ളതായി പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഭീകര സംഘടനയിലെ അംഗങ്ങളായ കുറ്റത്തിനാണ് യു.എ.പി.എ നിയമത്തിലെ സെക്ഷൻ 20 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തതെങ്കിലും, അന്വേഷണം പൂർത്തിയായ ശേഷം കുറ്റപത്രത്തിൽ നിന്ന് സെക്ഷൻ 20 ഒഴിവാക്കിയിട്ടുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതികൾ നിരോധിത ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് ഇപ്പോൾ പ്രോസിക്യൂഷൻ പോലും പറയുന്നില്ല. ആയതിനാൽ, പ്രഥമദൃഷ്ട്യാ, പ്രതികൾ സി.പി.ഐ മാവോയിസ്റ്റ് സംഘടനയിൽ അംഗങ്ങളാണെന്നും അവരുടെ എല്ലാ നീക്കങ്ങളും പ്രവർത്തനങ്ങളും സംഘടനയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും പറയാനാകില്ല. എന്തെങ്കിലും അക്രമ പ്രവൃത്തികളിൽ പ്രതികൾ പങ്കെടുത്തതായി ഒറ്റയൊരു ആരോപണം പോലുമില്ലാത്ത സാഹചര്യത്തിൽ, ഈ ഘട്ടത്തിൽ, നിരോധിത സംഘടനയുടെ ഒരു ആഭ്യന്തരരേഖ കൈവശം വെച്ചു എന്നത്, കൂടിപ്പോയാൽ, പ്രതികൾക്ക് ആ സംഘടനയോട് ഒരു ചായ്വുണ്ടെന്ന സൂചന മാത്രമേ ആകുന്നുള്ളൂ.
രണ്ടാം പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്ത സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ ഭരണഘടനയുടെ സോഫ്റ്റ് കോപ്പി, കൊടി, സി.പി.ഐ മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിക്കുന്ന വാരിക തുടങ്ങിയവ ആർക്കും ഇന്റർനെറ്റിൽ നിന്നുപോലും എളുപ്പം ലഭ്യമാകുന്നവയാണെന്ന് പ്രതികളുടെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട് (South Asia Terrorism Portal തുടങ്ങിയ വെബ് സൈറ്റുകളിൽ അവ ലഭ്യമാണ്). എന്തായാലും പ്രതികളും നിരോധിത സംഘടനയുടെ ഭീകരപ്രവർത്തനങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി ഈ ഘട്ടത്തിൽ തെളിയിക്കാൻ സാധ്യമല്ല.
എട്ടാം വിഭാഗത്തിലെ തെളിവുകളിലേക്കു വരുമ്പോൾ, രഹസ്യ യോഗം നടന്ന സ്ഥലങ്ങളായി പ്രതികൾ തന്നെ ചൂണ്ടിക്കാണിച്ച ചില സ്ഥലങ്ങളുടെ മഹസ്സറുകൾ മാത്രമേ പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചിട്ടുള്ളൂ. ആ സ്ഥലങ്ങളിൽ പ്രതികൾ എപ്പോഴെങ്കിലും ഉണ്ടായിരുന്നതിന് ഒരു തെളിവുമില്ല. ആ മഹസ്സറുകൾ ഈ ഘട്ടത്തിൽ കാര്യമായ തെളിവായി കണക്കാക്കാനാവില്ല.
പ്രതികൾക്ക് ശക്തമായ മാവോയിസ്റ്റ് അനുഭാവം ഉണ്ടായിരുന്നുവെന്നും അക്രമത്തിന്റെ പാത പ്രതികൾക്ക് സ്വീകാര്യമായിരുന്നുവെന്നുമുള്ള ആരോപണം സംബന്ധിച്ച്, പ്രതികളുമായി പരിചയമുണ്ടായിരുന്ന ചിലരുടെ വാക്കാലുള്ള മൊഴികൾ മാത്രമാണ് പ്രോസിക്യൂഷന്റെ പക്കലുള്ളത്. ഒന്നും രണ്ടും പ്രതികൾ നിരോധിത സംഘടനയിലെ അംഗങ്ങളായിരുന്നു എന്നതിനോ, നിരോധിത സംഘടനയുടെ ഭീകരപ്രവർത്തനങ്ങൾക്ക് പ്രതികൾ എന്തെങ്കിലും സഹായമോ പ്രോത്സാഹനമോ നൽകിയിരുന്നു എന്നതിനോ ഉള്ള വ്യക്തമായ ഒരു തെളിവും ആ സാക്ഷികളുടെ മൊഴികളിലുമില്ല. ആ മൊഴികൾ സൂചിപ്പിക്കുന്നത്, കൂടിപ്പോയാൽ, പ്രതികൾക്ക് മാവോയിസത്തോട് ആകർഷണമുണ്ടായിരുന്നു എന്നതു മാത്രമാണ്.
ഒളിവിലുള്ള മൂന്നാംപ്രതി ഉസ്മാൻ സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ സജീവ അംഗമാണെന്നതിന് തെളിവുണ്ടെന്നും, യു.എ.പി.എ നിയമപ്രകാരം ചുമത്തപ്പെട്ട മൂന്ന് ക്രിമിനൽ കേസുകളിൽ അയാൾ പ്രതിയാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചിട്ടുണ്ട്. ഒന്നാം പ്രതിയുമായി ഉസ്മാൻ തുടർച്ചയായി കൂടിക്കാഴ്ച നടത്തിയതിനും, നിരോധിത സംഘടനയുടെ സംഘടനാകാര്യങ്ങൾ ഇരുവരും ചർച്ച ചെയ്യാറുണ്ടായിരുന്നു എന്നതിനും തെളിവുണ്ട്, ഒന്നാം പ്രതിയിൽ നിന്നു പിടിച്ചെടുത്ത നോട്ട് ബുക്കിൽ, ഗവൺമെന്റിനെ അക്രമത്തിലൂടെ പുറത്താക്കണമെന്ന എഴുത്തുകളും കണ്ടെത്തിയിട്ടുണ്ട്, നിരോധിത സംഘടനയുടെ ഭീകരപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്നതിന് അത് മതിയായ തെളിവാണ് എന്നാണ് പ്രോസിക്യൂഷൻ വാദം. മൂന്നാം പ്രതിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഹാജരാക്കിയിരിക്കുന്നത് മാനന്തവാടി, പുൽപ്പള്ളി, തിരുനെല്ലി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് ക്രിമിനൽ കേസുകളുടെ വിവരങ്ങളാണ്. മൂന്നാം പ്രതി ഏതെങ്കിലും അക്രമങ്ങളിലോ ഭീകരപ്രവർത്തനങ്ങളിലോ പങ്കെടുത്തതായി ആ വിവരങ്ങളിൽ ആരോപണമില്ല. സി.പി.ഐ മാവോയിസ്റ്റ് എന്ന സംഘടനയെ പിന്തുണയ്ക്കുന്ന നോട്ടീസുകൾ വിതരണം ചെയ്തതായി മാത്രമാണ് കേസുകൾ. അതിൽ രണ്ടു കേസുകൾ ഒരേ നോട്ടീസ് വിതരണത്തിന്റെ പേരിലുമാണ്. നവജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള മാവോയിസ്റ്റ് സംഘടനയുടെ പോരാട്ടത്തിന്പൊതുജനങ്ങളുടെ പിന്തുണ തേടുന്നതാണ് ആ നോട്ടീസിന്റെ ഉള്ളടക്കം. അതിനു വേണ്ടി അക്രമം നടത്താനോ ഭീകരത പ്രോൽസാഹിപ്പിക്കാനോ നോട്ടീസ് ആഹ്വാനം ചെയ്യുന്നില്ല. (ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്ത സ്ഥലത്തു നിന്ന്) മൂന്നാം പ്രതി പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടു എന്നത് സത്യമാണ്. തനിക്കെതിരെ ജാമ്യമില്ലാ വാറന്റുകൾ ഉള്ളതു കൊണ്ടായിരിക്കാം അയാൾ പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടത്. അതുകൊണ്ടു മാത്രം അയാൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ട സായുധ മാവോയിസ്റ്റ് ആണെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ല. മൂന്നാം പ്രതിയുമായി കൂടിക്കാഴ്ചകൾ നടത്താറുണ്ടായിരുന്നു എന്നതു കൊണ്ടു മാത്രം ഒന്നും രണ്ടും പ്രതികൾ ആസന്നമായൊരു ഭീകരാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു എന്നു കരുതാനും കഴിയില്ല.
ഒന്നാം പ്രതിയിൽ നിന്ന് കണ്ടെടുത്ത നോട്ട് ബുക്ക് ഒരു സ്വകാര്യ ഡയറിയാണ്. അതിൽ അയാൾ വിവിധ വിഷയങ്ങളെക്കുറിച്ച് പലതും കുറിച്ചിട്ടുണ്ട്. എ.കെ.47 തോക്ക് ഉപയോഗിച്ച് ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യുന്നതിന്റെ തന്ത്രങ്ങളെക്കുറിച്ചാണ് ഒരു പേജിലുള്ളത്. ആ കുറിപ്പിലുള്ളത് ഇങ്ങനെയാണ്: തോക്കേന്തി ഒറ്റക്കെട്ടായി നിന്ന് ഗവൺമെന്റിനെതിരെ പോരാടുക. ഓരോ വെടിയുണ്ടയും പോലീസിനെതിരെ ഉതിർക്കുക. ശത്രു ആക്രമിക്കുമ്പോൾ നമ്മൾ പിൻവലിയുക. ശത്രു വിശ്രമിക്കുമ്പോൾ നമ്മൾ അവരെ ശല്യപ്പെടുത്തുക. അവർ പിൻവാങ്ങുമ്പോൾ നമ്മൾ ആക്രമിക്കുക. ശത്രുവിനെ ഇല്ലാതാക്കിയ ശേഷം നമ്മൾ മുന്നോട്ടു നീങ്ങുക. പുതിയൊരു ലോകം നമ്മെ കാത്തിരിക്കുന്നുണ്ട്. തോക്കുകളിൽ മുറുകെപ്പിടിക്കുക. കാഞ്ചി വലിക്കാനുള്ള സമയം ഇതാ എത്തിയിരിക്കുന്നു.
ഈ ഡയറി ഒരു തെളിവായി സ്വീകരിക്കുന്നതിനെതിരെ ഒന്നാം പ്രതിയുടെ അഭിഭാഷകൻ രണ്ട് തടസ്സവാദങ്ങളാണ് ഉന്നയിച്ചത്. ഒന്ന്: സ്വകാര്യ ഡയറി തെളിവായി സ്വീകരിക്കാൻ പാടില്ല.
രണ്ട്: ആ കുറിപ്പുകൾക്ക് തെളിവുമൂല്യമില്ല. കാരണം, പ്രതിയുടെ ക്ഷുഭിതമായ മനസ്സും വന്യമായ ചിന്തകളും മാത്രമാണ് ആ കുറിപ്പിൽ പ്രതിഫലിക്കുന്നത്, അല്ലാതെ എന്തെങ്കിലും പ്രവർത്തികളല്ല.
ആദ്യത്തെ തടസ്സവാദം അംഗീകരിക്കാനാവില്ല. കാരണം, സ്വകാര്യതയ്ക്കുള്ള അവകാശം രാജ്യസുരക്ഷയ്ക്കു വിധേയമായിരിക്കും എന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ് (പി.യു.സി.എൽ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ 2004).
രണ്ടാമത്തെ തടസ്സവാദത്തിലേക്കു വരുമ്പോൾ, ആ നോട്ട് ബുക്കിലെ കുറിപ്പുകൾ പ്രതിയുടെ പക്വതയില്ലാത്ത ചിന്തകളുടെ പ്രതിഫലനമാണോ അതോ എന്തെങ്കിലും പ്രവൃത്തികൾക്കുള്ള തയ്യാറെടുപ്പാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒരാൾ, അയാൾക്ക് ഇഷ്ടമുള്ളതോ അയാളെ വേദനിപ്പിക്കുന്നതോ ആയ കാര്യങ്ങളെക്കുറിച്ച് എഴുതി വയ്ക്കുന്ന ഇടമാണ് സ്വകാര്യ ഡയറി. ഒരാൾക്ക് തോന്നുന്നതെന്തും, മറ്റുള്ളവരുടെ വിമർശനങ്ങളെയോ തീർപ്പുകളെയോ ഭയപ്പെടാതെ, അയാൾക്ക് ഡയറിയിൽ എഴുതാം. മനസ്സിന്റെ, സുരക്ഷിതവും സ്വതന്ത്രവുമായൊരു വിപുലീകരണം മാത്രമാണത്. വെറുതെ ഒരാളുടെ ചിന്തകളോ വികാരങ്ങളോ രേഖപ്പെടുത്തി വെച്ചിരിക്കുന്ന കുറിപ്പുകളിൽ നിന്ന് നമുക്ക് നിഗമനങ്ങളിലെത്താനാവില്ല. പുറംലോകത്ത് നടക്കുന്ന കടുത്ത അനീതികളും മനുഷ്യാവകാശ ലംഘനങ്ങളും മറ്റും നേരിട്ടു ബാധിക്കുന്നവയല്ലെങ്കിൽ പോലും ഒരാളുടെ മനസ്സിനെ അസ്വസ്ഥമാക്കിയേക്കാം. അത്തരം സാഹചര്യങ്ങളിൽ മനസ്സ് കലാപകലുഷിതമായേക്കാം. അത് വികാരക്ഷോഭവും മാനസിക സമ്മർദവും ഉണ്ടാക്കിയേക്കാം. അത്തരം മാനസിക സമ്മർദങ്ങളിൽ നിന്ന് ആശ്വാസം കണ്ടെത്തുന്ന പല വഴികളിലൊന്നാണ് ഡയറിയെഴുത്ത്. ചിലർ മനസ്സിൽ തോന്നുന്നതെന്തും അങ്ങനെ കുറിച്ചിടും. വികാരവിക്ഷോഭങ്ങളെ കടലാസിലേക്ക് ഒഴുക്കിക്കളയുന്നൊരു മാനസിക ശുദ്ധീകരണ പ്രക്രിയയാണത്.
ഇവിടെ പരാമർശിക്കപ്പെടുന്ന ഡയറിക്കുറിപ്പുകൾ ഏതെങ്കിലും പ്രത്യേക സംഭവവുമായി ബന്ധപ്പെട്ടതല്ല. സമീപഭാവിയിൽ നടത്താനിരിക്കുന്ന എന്തെങ്കിലും ആക്രമണത്തിന്റെ രൂപരേഖയുമല്ല. ജനകീയ വിപ്ലവത്തെക്കുറിച്ചുള്ള മാവോയിസ്റ്റ് ആശയത്തിന്റെ പൊതുവായൊരു വീക്ഷണം മാത്രമാണത്. ഏറിപ്പോയാൽ, ആ ആശയത്തോട് പ്രതിക്കു ചായ്‌വ് ഉണ്ട് എന്നു മാത്രമേ ആ കുറിപ്പുകളിൽ നിന്ന് തെളിയുന്നുള്ളൂ. പ്രകോപനകരമായൊരു ചിന്ത, ഒരു കുറ്റകൃത്യത്തിനുള്ള തയ്യാറെടുപ്പായി കാണാനാവില്ല. കുറ്റകൃത്യത്തിനുള്ള തയ്യാറെടുപ്പായി കണക്കാക്കണമെങ്കിൽ, ആ കൃത്യം നിറവേറ്റാനുള്ള സാമഗ്രികളും ഉപകരണങ്ങളും മറ്റും സ്വരുക്കൂട്ടിയിട്ടുണ്ടായിരിക്കണം. ആ ഡയറിക്കുറിപ്പ് എഴുതുന്നതിനു മുൻപോ എഴുതിയ ശേഷമോ പ്രതി എന്തെങ്കിലും അക്രമ പ്രവൃത്തിയിൽ ഏർപ്പെട്ടതായി പ്രോസിക്യൂഷൻ പറയുന്നുമില്ല.
രണ്ട് കാര്യങ്ങൾ ഈ ഘട്ടത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
ഒന്ന്: പ്രതികൾക്കെതിരായ അന്തിമ റിപ്പോർട്ടിൽ യു.എ.പി.എയിലെ സെക്ഷൻ 20 ഒഴിവാക്കിയിരിക്കുകയാണ്. ഒന്നാം പ്രതി നിരോധിത സംഘടനയിലെ സജീവാംഗമാണെന്ന് പ്രോസിക്യൂഷൻ പോലും കരുതുന്നില്ല എന്നാണ് അതിനർഥം.
രണ്ട്: ഒന്നാം പ്രതി ചില മാനസിക പ്രശ്നങ്ങൾക്ക് ചികിൽസയിലായിരുന്നു എന്ന് ജാമ്യാപേക്ഷയോടൊപ്പമുള്ള രേഖകളിൽ നിന്ന് വ്യക്തമാണ്. വിഷാദരോഗത്തിനും മറ്റും പ്രതി നേരത്തേ ചികിൽസ തേടിയിട്ടുണ്ട്. അത്തരം സാഹചര്യങ്ങൾ പ്രതിയെ വൈകാരിക സമ്മർദ്ദത്തിൽ ആക്കിയിരിക്കാം. അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രതി എന്തെങ്കിലും അക്രമത്തിൽ ഏർപ്പെട്ടതായി ആരോപണവും ഇല്ലാത്ത സാഹചര്യത്തിൽ, പ്രതി അക്രമത്തിന്റെ മാർഗം സ്വീകരിച്ചതായി ഡയറിയിലെ കുറിപ്പുകൾ മാത്രം അടിസ്ഥാനമാക്കി വിലയിരുത്താനാവില്ല.
വീട് പരിശോധിക്കാൻ പൊലീസ് എത്തിയപ്പോൾ രണ്ടാം പ്രതി മാവോയിസത്തെയും നക്സൽബാരിയെയും പിന്തുണച്ച് മുദാവാക്യം മുഴക്കി എന്നതാണ് പ്രോസിക്യൂഷന്റ മറ്റൊരു പ്രധാന വാദം. ഇവിടെയും എന്തെങ്കിലും അക്രമ പ്രവർത്തനം പ്രതി നടത്തിയതായി ആരോപണമില്ല. മുദ്രാവാക്യം വിളിച്ചുവെന്നത് പ്രതിക്ക് മാവോയിസ്റ്റ് ആദർശങ്ങളോടുള്ള അനുഭാവമായി മാത്രമേ കണക്കാക്കാൻ കഴിയൂ. അല്ലാതെ ആ ലക്ഷ്യങ്ങൾ കൈവരിക്കാൻ അക്രമത്തിന്റെ പാതയിലേക്ക് കാലെടുത്തു വെച്ചതായി കാണാനാവില്ല.
ജമ്മു കാശ്മീരിനെക്കുറിച്ചു തയാറാക്കിയ പ്രകോപനപരമായ പ്രസ്താവനകളെ അതിന്റെ സമയപശ്ചാത്തലവുമായി ബന്ധപ്പെടുത്തി വേണം പരിശോധിക്കേണ്ടത്. ഭരണഘടനയിലെ ആർട്ടിക്കിൾ 370, 35 (എ) എന്നിവ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ആ കുറിപ്പുകൾ. പ്രതികൾ ഭീകരപ്രവർത്തനത്തിനു പിന്തുണ നൽകിയതിന് തെളിവായി ഈ ഘട്ടത്തിൽ അതിനെ പ്രഥമദൃഷ്ട്യാ കണക്കാക്കാനാവില്ല.
പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി.ഐ മാവോയിസ്റ്റ് സായുധ പ്രവർത്തകരിൽ നിന്ന് കണ്ടെടുത്ത ചില പുസ്തകങ്ങളും വോയ്സ് ക്ലിപ്പുകളും പ്രതികളുടെ പക്കലും കണ്ടെത്തി എന്നതാണ് പ്രോസിക്യൂഷൻ ഹാജരാക്കിയിരിക്കുന്ന മറ്റൊരു തെളിവ്. അവയൊന്നും പൊതുസമൂഹത്തിൽ നിരോധിക്കപ്പെട്ടവയോ വിലക്കപ്പെട്ടവയോ അല്ല. അതിനാൽ അവയും ഈ ഘട്ടത്തിൽ പ്രതികളുടെ ഭീകരബന്ധത്തിന് തെളിവായി പ്രഥമദൃഷ്ട്യാ കണക്കാക്കാനാവില്ല.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത നോട്ട് പാഡുകളിലും പോക്കറ്റ് ഡയറികളിലും ചില അക്കൗണ്ട് വിവരങ്ങളും മലയാളത്തിലുള്ള ചില ചുരുക്കെഴുത്തുകളും കാണപ്പെട്ടു എന്നതാണു പ്രോസിക്യൂഷൻ സമാഹരിച്ച തെളിവുകളിലെ പന്ത്രണ്ടാം വിഭാഗത്തിലുള്ളത്. നിലവിൽ, നിരോധിത സംഘടനയുടെ ഭീകരപ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ പ്രതികൾ നടത്തിയ എന്തെങ്കിലും ഗൂഢപ്രവൃത്തികളുമായി ബന്ധപ്പെട്ടതാണ് ഈ കുറിപ്പുകൾ എന്നതിന് തെളിവില്ല.