വെന്തു കരിഞ്ഞ മനുഷ്യരുടെ ഉയിർപ്പ്

Delhi Lens

രീരം വെന്ത് ഉരുകിയാൽ എത്ര വേദനയുണ്ടാകും. അത് സ്വബോധത്തോടെ അനുഭവിച്ചവരുടെ അവസ്ഥ എന്താകും. അവരുടെ വേദനയെ എങ്ങനെയാണ് എഴുതാൻ സാധിക്കുക. എങ്ങനെയാണ് പറയാൻ സാധിക്കുക. മനുഷ്യവെറിയുടെ അങ്ങേയറ്റത്തെ ക്രൂരതക്ക് ഇരയായവരുടെ ജീവിതമാണിത്. ഇതിന് ആമുഖമില്ല. മരണവേദനയും അതിന് പുറകിലെ വഞ്ചനയും ഇനി അവർ പറയട്ടെ.

ഗീതു മഹർ

"മകളുടെ കരിഞ്ഞ ഗന്ധം ഇപ്പോഴും മരവിപ്പിക്കുന്നു'
- ഗീതു മഹർ

"സ്ത്രീകളെ രണ്ടാംതരം മനുഷ്യരായി കാണുന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അവിടുത്തെ ആചാരങ്ങളാണ് എന്റെ ജീവിതത്തിൽ തീ കോരിയിട്ടത്. ആ ദിവസം എന്നെ ഓർമ്മിപ്പിക്കരുത്. ഞാൻ വീണ്ടും വീണ്ടും മരിച്ചുപോകും'.

ആദ്യത്തെ പെൺകുഞ്ഞ് ജനിച്ചപ്പോൾ മുഖം തിരിച്ചതാണ് ഗ്രാമമാകെ. ജാതിയും ദുരാചാരങ്ങളും വാഴുന്ന ഇടത്ത് പെണ്ണിന് സ്ഥാനമില്ല. അവിടെ അവൾ അശുദ്ധിയുടെ അടയാളമാണ്. നിമിഷങ്ങൾക്കകം കൊല്ലപ്പെട്ട അനേകം പെൺകുട്ടികളുണ്ട്. ആ കൊലപാതകങ്ങൾ ആണധികാരത്തിന്റെ നീതിയാണ്. അത്രമേൽ നീചജന്മമായാണ് സ്ത്രീ ശരീരത്തെ ഹരിയാനയിലെ മിക്ക ഗ്രാമങ്ങളും കണ്ടിരുന്നത്.

രണ്ടാമതും പെൺകുട്ടി ജനിച്ചപ്പോൾ ഭർത്താവിന്റെ സ്വഭാവം പാടെ മാറി. സ്വന്തം ചോരയാണെന്ന ബോധം നഷ്ട്ടപ്പെട്ടു. ക്രൂരമായ മർദ്ദനങ്ങൾ പതിവായി. ഇരുപത് വർഷങ്ങൾക്ക് മുൻപുള്ള ആ ദിവസമോർക്കുമ്പോൾ ഇന്നും ഗീതയുടെ കണ്ണിൽ ഭയം നിറയുന്നുണ്ട്. അർദ്ധരാത്രി മദ്യപിച്ചെത്തിയ ഭർത്താവ് ഇന്ദ്രജിത്ത് വാതിൽ തള്ളിത്തുറന്ന് അകത്തു കയറി. ശബ്ദം കേട്ട് ഗീതു നോക്കും മുൻപെ ആസിഡ് കുപ്പി കൈയിൽ എടുത്തു. ഗീതയുടെ സ്വകാര്യഭാഗത്തേക്കും മക്കളായ നീതുവിന്റെയും കൃഷ്ണയുടെയും മുഖത്തേക്കും ഒഴിച്ചു.

തല പിളരുന്ന വേദനയോടെ ചാടി എഴുന്നേറ്റു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അലറി ആർത്തു. ശരീരം കരിഞ്ഞ ഗന്ധം അവിടെയാകെ പരന്നു. നീതുവും നിലവിളിച്ചു ഓടി. ചെറിയമകൾ കൃഷ്‌നയുടെ ശരീരം നിശ്ചലമാണ്. അവളുടെ കുഞ്ഞ് ദേഹം നിമിഷങ്ങൾക്കകം ഉരുകി അലിയാൻതുടങ്ങി. മുഖത്തെ അസ്തി തെളിഞ്ഞ് വന്നു. പിന്നീട് ഒന്നും ഓർമ്മയില്ല. ദിവസങ്ങൾ കഴിഞ്ഞാണ് സ്വബോധത്തിലേക്ക് തിരിച്ചുവന്നത്.

ഗീതു മഹർ

പാതിവെന്തു അല്പജീവനായ മകളുമായുള്ള പോരാട്ടമാണ് പിന്നീട്. ആസിഡ് ഇരകളുടെ കൂട്ടായ്മകൾ കൂടെനിന്നു. അവിടെനിന്നു കിട്ടിയ ഊർജ്ജമാണ് മുന്നോട്ട് നയിച്ചത്. ജീവിതം വെന്ത് ഉരുകിയിട്ടും ഇരയെന്ന പരിഗണന ഗ്രാമത്തിൽ ലഭിച്ചില്ല. ഭർത്താവിന്റെ മോചനത്തിനായി അവരുടെ വീട്ടുകാരും ഗ്രാമവും സമ്മർദ്ധം ചെലുത്തി. രണ്ടു വർഷത്തിന് ശേഷം ഇന്ദ്രജിത്ത് ജയിൽ മോചിതനായി. പാതികരിഞ്ഞ ശരീരവുമായി പോരാടുന്ന നീതുവിന്റെ വിയർപ്പാണ് ഇപ്പോൾ അദ്ദേഹത്തിന്റെയും ആമാശയം നിറക്കുന്നത്.

മുഖം മറച്ച് ഒതുങ്ങി ഒടുങ്ങാൻ അവർ ഒരുക്കമായില്ല. ആ തീരുമാനമാണ് ഇരുപത് വർഷങ്ങൾക്കിപ്പുറവും ഉൾക്കരുത്ത്. ജീവനറ്റുപോയ മകളുടെ ഓർമ്മദിവസമായിരുന്നു കഴിഞ്ഞ ആഴ്ച്ച. ചെയ്തുപോയ മഹാ പാതകത്തെ ഓർത്ത് എന്നത്തെയും പോലെ അന്നും ഇന്ദ്രജിത്ത് ഏറെ കരഞ്ഞു. അയാൾക്കറിയാം എടുത്തു പ്രയോഗിച്ച ആയുധം അത്രമേൽ മനുഷ്യത്വ വിരുദ്ധമാണെന്ന്.

ലക്ഷ്മി അഗർവാൾ / Photo: Pascal Mannaerts

"കരിച്ചു കളഞ്ഞാലും വേരറ്റുപോകാതെ മുളച്ചു വരണം'
- ലക്ഷ്മി അഗർവാൾ

"തിരക്കുള്ള മാർക്കറ്റിൽ വച്ചാണ് അവർ ആസിഡ് എറിഞ്ഞത്. ആദ്യത്തെ കുറച്ചുസമയം എന്താണെന്ന് മനസിലായില്ല. എന്തോ വെള്ളമെന്നാണ് കരുതിയത്. മാറിലും മുഖത്തുമാണ് തെറിച്ചു വീണത്. ഉടനെ വല്ലാത്ത ഒരു നീറ്റൽ അനുഭവപ്പെടാൻ തുടങ്ങി. അപ്പോഴാണ് കൈകൊണ്ട് തുടക്കാൻ ശ്രമിച്ചത്. രക്തത്തോടൊപ്പം വെന്തുരുകിയ തൊലിയും അടർന്നു വന്നു'.

ലക്ഷ്മി ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി. പൊള്ളലേറ്റ കൈകൾ പതിയെ തടവി. ഇടിമിന്നലേറ്റ് തകർന്ന വൃക്ഷത്തിന് സമാനമാണ് ഇരു കൈകളും. ചില ഭാഗത്ത് തൊലിയും മാംസവും ആഴത്തിൽ പോയിട്ടുണ്ട്. ജീവിതത്തിൽ അഗ്‌നികോരിയിട്ട നരാധമനെ ഇടക്കൊക്കെ ഓർക്കും. പലപ്പോഴും ഞെട്ടിയുണർന്ന് ഭയം മാറുന്നതുവരെ ഉറങ്ങാതിരിക്കും. അതിപ്പോൾ ശീലമാണ്. പുരികങ്ങൾ അടർന്നുപോയ കൺതടത്തിൽ വേദനയുടെ കടലാഴമുണ്ട്. പക്ഷെ കരയില്ല. കരയാൻ സാധിക്കാത്ത വിധം ഓർമ്മകൾ ഭയപ്പെടുത്തുന്നുണ്ട്.

ലക്ഷ്മി അഗർവാൾ

സ്ഥിരമായി പ്രണയാഭ്യർത്ഥനയുമായി വരാറുണ്ട് ഒരാൾ. ഒടുവിൽ കാണുമ്പോഴും പാൻമസാല ചവച്ചു തുപ്പിക്കൊണ്ട് അങ്ങാടിയിൽ ഉണ്ട്. സംഗീത ക്ലാസ്സിൽ നിന്നും പഠിച്ചുവരാൻ പറഞ്ഞ ബാക്കി സ്വരങ്ങൾ അതുവരെ മൂളിയിരുന്നു. കറണ്ട് പോയത് പോലെ അയാൾക്ക് മുന്നിൽ വരികൾ മറന്നു. പിന്തുടർന്ന് വന്ന അയാൾ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞു നിർത്തി. സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ഇഷ്ട്ടം പറയണമെന്നായിരുന്നു ഭീഷണി. പിടിച്ചു ഞെരിച്ച വിരലുകൾ ചുവന്നു. വേദനയോടെ വീട്ടിൽ പോയി. ആരോടും ഒന്നും പറഞ്ഞില്ല.

സംഗീതം പഠിക്കാൻ വലിയ ആഗ്രഹമാണ്. വീട്ടിൽ പക്ഷെ എല്ലാവരും എതിർത്തു. ഫീസ് തരില്ലെന്ന് അച്ഛൻ പറഞ്ഞു. അതിനോടകം ഹൃദയത്തിൽ കയറിയ സ്വരങ്ങൾ കൈവിടാൻ സാധിച്ചില്ല. സ്‌കൂൾ കഴിഞ്ഞ് വൈകുന്നേരങ്ങളിൽ സംഗീത ക്ലാസിനു ചേർന്നു. അടുത്തുള്ള ബുക്ക് സ്റ്റാളിൽ ചെറിയ ജോലിയും കിട്ടി. ക്ലാസ് കഴിഞ്ഞ് പോകുന്ന ഒരു വൈകുന്നേരമാണ് രണ്ടുപേർ ബൈക്കിൽ വന്ന് മർദ്ധിച്ചത്. ഉണങ്ങാത്ത മുറിവും കൊടുത്താണ് അവർ പോയത്.

ലക്ഷ്മി അഗർവാൾ കുടുംബത്തോടൊപ്പം

ഖാൻ മാർക്കറ്റ് മെട്രോ സ്റ്റേഷന് താഴെ കിടന്ന് വേദനകൊണ്ട് പുളഞ്ഞു. ശരീരം വെന്ത് ഉരുകികൊണ്ടിരുന്നു. എങ്ങും രക്തം മാത്രം. ആരും അടുത്തില്ല. ഏറെ നേരം കഴിഞ്ഞാണ് അടുത്തുളള ആശുപത്രിയിൽ എത്തിച്ചത്. അവിടെനിന്ന് 20 ബക്കറ്റ് വെള്ളം നിർത്താതെ ഒഴിച്ചു. അത് തൊലികളെപോലും തണുപ്പിച്ചില്ല. അത്രമേൽ പൊള്ളലേറ്റിരുന്നു. ഓടിയെത്തിയ അച്ഛൻ വാവിട്ട് കരഞ്ഞുകൊണ്ട് കെട്ടിപിടിച്ചു. അദ്ധേഹത്തിനും പൊള്ളലേറ്റു. ഷർട്ടാകെ കരിഞ്ഞു. പിന്നീടുള്ള കാലം വേദനയുടെതായിരുന്നു. രണ്ടരമാസം ആശുപത്രിയിൽ കിടന്നു. 7 ശസ്ത്രക്രിയകൾ. മനസ്സിനും സ്വപ്നങ്ങൾക്കുമേറ്റ മുറിവുണക്കാൻ ഒരു ചികിത്സക്കും സാധിച്ചില്ല.

ആശുപത്രിവിട്ട് വരുമ്പോഴേക്കും മുഖം നോക്കാതിരിക്കാൻ വീട്ടിലെ എല്ലാ കണ്ണാടികളും മാറ്റി. ഒരിക്കൽ ഭക്ഷണം വിളമ്പുന്ന സ്റ്റീൽ പാത്രത്തിൽ അവൾ മുഖം കണ്ടു. പിന്നീടുള്ള രണ്ടുദിവസം ഒന്നും കഴിക്കാൻ സാധിച്ചില്ല. മാസങ്ങൾ കടന്നുപോയി. മുഖമാകെ മൂടിയുള്ള ജീവിതം എവിടെയുമെത്തിക്കില്ല എന്ന തിരിച്ചറിവ് തുണയായി. തുടർന്നാണ് ഷീറോസിൽ എത്തുന്നത്. ആസിഡ് അക്രമണങ്ങളിൽ ഇരകളായവർ നടത്തുന്ന ഭക്ഷണശാലയാണ് ഷീറോസ്. മുഖം മറക്കാതെയുള്ള ജീവിതം തുടങ്ങുന്നത് അവിടെനിന്നാണ്.

ഷീറോസ് / Photo: Pascal Mannaerts

സ്വയം ആർജ്ജിച്ച കരുത്തിൽ മുടങ്ങിയപ്പോയ പഠനം പൂർത്തിയാക്കി. ഷീറോസിന്റെ സഹായത്തോടെ ഫാഷൻ ഡിസൈനിങ്ങും പഠിച്ചു. സ്റ്റോപ്പ് ആസിഡ് അറ്റാക്ക് പ്രവർത്തകനും ജേർണലിസ്റ്റുമായ അലോക് ദീക്ഷിത് ജീവിതത്തിന്റെ കൈപിടിച്ചു. ഇരട്ടി മധുരമായി മകൾ പീഹുവും വന്നു. വരണ്ട മണ്ണിൽ വസന്തമുണ്ടായി. നൂറുകണക്കിന് ഡിസൈനുകൾ സ്വന്തമായി ഉണ്ടാക്കി. അതുവച്ച് ഫാഷൻ ഷോയും നടത്തി. ആസിഡ് അക്രമണത്തിന്റെ ഇരകളാണ് വസ്ത്രമണിഞ്ഞ് റാമ്പിലെത്തിയത്. അവർക്കിടയിൽ അത്മവിശ്വാസം കൂട്ടാൻ അത് ഇടയാക്കി.

2014- ലിൽ അന്താരാഷ്ട്ര തലത്തിൽ ധീരതക്ക് നൽകുന്ന പുർസ്‌കാരമായ ഇന്റർ നാഷണൽ വുമൺ ഓഫ് കറേജ് ആ വസന്തത്തിന് കൂടുതൽ കരുത്തേകി. വൈറ്റ് ഹൗസ്സിൽ നിന്ന് അവാർഡ് വാങ്ങിക്കുമ്പോൾ കയ്യടിക്കുന്നവർക്കിടയിൽ ബറാക്ക് ഒബാമയും ഉണ്ടായിരുന്നു. പറഞ്ഞു നിർത്തിയപ്പോൾ ആസിഡ് കരിച്ച ലക്ഷ്മിയുടെ കണ്ണുകളിൽ ആത്മവിശ്വാസം പടർന്നു. ഇനി ഒരഗ്നിക്കും കീഴ്പ്പെടുത്താൻ സാധിക്കാത്ത വിധം ആ ശരീരം സ്വയം ജ്വലിക്കുന്നുണ്ട്. പൊള്ളിയടർന്ന ജീവിതങ്ങൾക്ക് പ്രകാശവും പ്രത്യാശയുമായി.

പ്രമോദിനി റൗൾ

"തെരുവിൽ നിന്ന് കത്തിയിട്ടുണ്ടോ?'
- പ്രമോദിനി റൗൾ

"വഴിയിൽ സ്ഥിരമായി പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്യുന്ന ആളെ അന്ന് കണ്ടതേയില്ല. ആ സമാധാനത്തിൽ സഹോദരന്റെ കൂട കഥകളൊക്കെ പറഞ്ഞാണ് പോയത്. പെട്ടെന്നാണ് ഒരു ബൈക്ക് ഞങ്ങളുടെ മുന്നിൽ നിർത്തിയത്. ആരെയാണോ കാണരുത് എന്ന് ആഗ്രഹിച്ചത് അയാളായിരുന്നു ആ ബൈക്കിൽ. പൊടുന്നനെ തന്നെ എന്റെ കയ്യിൽ കയറി പിടിച്ച് അയാൾ വീണ്ടും പ്രണയാഭ്യർത്ഥന നടത്തി. എന്ത് സംഭവിച്ചാലും കൂടെവരില്ലെന്നും ഇഷ്ടമല്ലെന്നും വീണ്ടും തറപ്പിച്ചു പറഞ്ഞു. എന്റെ മുഖത്തെ ദേഷ്യം കണ്ടിട്ടാവണം ബലമായി പിടിച്ച അയാളുടെ കൈ പിൻവലിച്ചു. എന്നാൽ തിരികെപോകാൻ ഭാവിച്ച അയാൾ ദേഷ്യത്തോടെ തിരിഞ്ഞു വന്നു.

എനിക്ക് വേണ്ടെങ്കിൽ ആർക്കും വേണ്ട എന്നുപറഞ്ഞ് കയ്യിൽ കരുതിയ കുപ്പിയുടെ അടപ്പ് തുറന്ന് എന്റെ ദേഹത്തേക്ക് ഒഴിച്ചു. ചൂടുള്ള എന്തോ വെള്ളമെന്നാണ് ആദ്യം കരുതിയത്. അതുപോലെ ഒരു അവസ്ഥയായിരുന്നു. ഉടൻ തന്നെ അയാൾ സുഹൃത്തിന്റെ കൂടെ ബൈക്കിൽ കയറി പോയി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ വെള്ളം വീണ ഭാഗത്ത് കൈകൊണ്ട് തൊട്ടുനോക്കിയപ്പോൾ കൈയ്യിൽ നിറയെ ചോരയായിരുന്നു. സംഭവിക്കുന്നത് എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. പൊടുന്നനെയാണ് തല പിളർക്കുന്ന വേദന അനുഭവപ്പെട്ടത്. കൂടെ ശരീരം കരിയുന്ന ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി. അവൻ ഒഴിച്ചത് ആസിഡാണെന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്. ആ വേദന എങ്ങനെയാണ് പറയുക എന്ന് ഇപ്പോഴും എനിക്കറിയില്ല. നിന്നു കത്തുകയായിരുന്നു ഞാനപ്പോൾ'.

2009 ലാണ് പ്രമോദിനി റൗൾ ജന്മനാടായ ഒഡിഷയിൽ വച്ച് ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. മനുഷ്യത്വ വിരുദ്ധമായ ഈ കുറ്റം ചെയ്തത് 28 കാരനായ ഒരു പട്ടാളക്കാരനാണ്. ഭുവനേശ്വർ എന്ന ചെറുപട്ടണത്തിന് അന്നേവരെ ആസിഡ് ആക്രമണത്തെ കുറിച്ച് കേട്ടുകേൾവി പോലും ഇല്ല.

ആക്രമണത്തിൽ തൽക്ഷണം ഇടതു ചെവി കരിഞ്ഞു പോയി. കാഴ്ച്ച പൂർണ്ണമായി നഷ്ട്ടപ്പെട്ടു. തലമുതൽ മാറുവരെ ഗുരുതരമായി പൊള്ളലേറ്റു. വർഷങ്ങളോളം നീണ്ട വേദനയുടെ ആഴങ്ങളിൽ പലകുറി മരണത്തിന് അരികിൽ വന്നു. തോറ്റുകൊടുക്കരുതെന്ന മനസ്സിന്റെ ദൃഢനിശ്ചയത്തിന് മുന്നിൽ മരണം അകന്നു.

മികച്ച ചികിത്സ ലഭ്യമായെങ്കിലും വലിയ ചികിത്സാ ചിലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും പ്രമോദിനിയുടെ തിരിച്ചു വരവിനായി കുടുംബവും നാടും ഒരുമനസ്സായി നിന്നു. അവസാനിക്കാത്ത വേദനയോടെ പുളയുന്ന പ്രമോദിനി മരണപ്പെടുന്നതാണ് നല്ലതെന്ന് പോലും അവർക്ക് ചിന്തിക്കേണ്ടി വന്നിട്ടുണ്ട്. അത്രത്തോളം കണ്ടു നിൽക്കുന്നവരുടെ പ്രാണൻ പിടയുന്ന കാഴ്ചയായിരുന്നു.

ദിവസങ്ങൾ കഴിയുംതോറും ഡോക്ടർമാർക്കും പ്രമോദിനിയിലുള്ള വിശ്വാസം കുറഞ്ഞു. അത്രത്തോളം ഗുരുതരമായിരുന്നു അവസ്ഥ. ഇനി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് പ്രമോദിനിക്കും അനുഭവപ്പെട്ടു. അപ്പോഴൊക്കെ തിരിച്ചു വരണമെന്ന് കഠിനമായി മനസ്സിനെ പറഞ്ഞ് ശീലിപ്പിച്ചു. ആ ആത്മവിശ്വാസത്തിന് മുന്നിൽ ഉണങ്ങാൻ കൂട്ടാക്കാത്ത മുറിവുകളും കൂടിച്ചേർന്നു. കത്തികരിഞ്ഞ ചിറകുകൾക്ക് വീണ്ടും ജീവൻ വക്കുന്നത് അവൾ തിരിച്ചറിഞ്ഞു.

വർഷങ്ങളോളം നീണ്ട ചികിത്സ കുടുംബത്തിന്റെ സാമ്പത്തിക നിലയാകെ തകിടം മറിച്ചു. ആയിടക്കാണ് അവിചാരിതമായി സരോജ് സാഹു എന്ന ചെറുപ്പക്കാരൻ പ്രമോദിനിയെ കാണുന്നത്. പകുതിയോളം കത്തി കരിഞ്ഞ പ്രമോദിനി നെഞ്ച് പൊള്ളുന്ന വേദനയായി. ആ കാഴ്ച്ച അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തി. എല്ലാ രീതിയിലും ആ കുടുംത്തിന്റെ സാഹചര്യം മോശമാണെന്ന് അദ്ദേഹം മനസിലാക്കി. അത് കൂടുതൽ തവണ സരോജിനെ ആശുപത്രിയിൽ എത്തിച്ചു. പ്രമോദിനിയുമായി കൂടുതൽ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് അവർ ഒരു അസാധ്യ സ്ത്രീയാണെന്ന് സരോജ് മനസിലാക്കിയത്. പിന്നീടങ്ങോട്ട് ആശുപത്രി ചിലവ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും നോക്കിയത് അദ്ദേഹമാണ്.

വർഷങ്ങൾക്ക് ശേഷം മുറിവുകൾ പൂർണ്ണമായി ബേധമായെങ്കിലും നടക്കാൻ സാധിക്കാതെ വലതുകാൽ പണിമുടക്കി. സരോജ് സ്വന്തം കാലിന് മുകളിൽ പ്രമോദിനിയുടെ കാൽ കയറ്റി വച്ച് നടത്താൻ തുടങ്ങി. പതിയെ സ്വയം നടക്കാവുന്ന അവസ്ഥയിലെത്തി. രാത്രി കാലങ്ങളിൽ വാഹനം കുറയുമ്പോൾ വിജനമായ റോഡുകളിലൂടെ അവളുമായി പുലരുവോളം സരോജ് നടന്നു. വൈകാതെ സാധാരണ രീതിയിൽ കാലുകൾ ചലിപ്പിക്കാൻ സാധിച്ചു.

ഷീറോസ് / Photo: Pascal Mannaerts

ഒടുവിൽ സമാനതകളില്ലാത്ത പ്രണയം പൂത്തുലഞ്ഞു. ഡൽഹിയിൽ നിന്നാണ് ഷീറോസിനെ കുറിച്ച് പ്രിമോദിനി അറിയുന്നത്. ഏതാനും നാൾ പ്രമോദിനിയും അവർക്കൊപ്പം ചേർന്നു. പല കാരണങ്ങളാൽ ആസിഡിന്റെ പൊള്ളലേറ്റ വലിയൊരു സമൂഹത്തെയാണ് അവർ അവിടെ കണ്ടത്.

പലർക്കും നീതി നിഷേധത്തിന്റെ ഒട്ടേറെ കഥകളും ഉണ്ടായിരുന്നു. തന്റെ നേരെ ആസിഡ് ഒഴിച്ച പട്ടാളക്കാരന് കടുത്ത ശിക്ഷ വാങ്ങി കൊടുക്കാൻ പ്രമോദിനിക്ക് സാധിച്ചു. സമാനമായ അവസ്ഥയിൽ ഒട്ടേറെ പേർ ഒഡിഷയിൽ ഉണ്ടെന്നും പ്രമോദിനിക്ക് മനസിലാക്കാൻ സാധിച്ചു. കുറച്ചു നാളുകൾക്ക് ശേഷം തിരികെ വണ്ടി കയറി. നാട്ടിലെത്തിയ ശേഷം സ്റ്റോപ് ആസിഡ് അറ്റാക് ക്യാമ്പയിനിന്റെ മുഖമായി. അവരുടെ സാമിപ്യം സമാനമായ അവസ്ഥയിൽ ജീവിക്കുന്നവർക്ക് മുന്നോട്ട് പോകാനുള്ള ഇന്ധനമായി. മനുഷ്യത്വ വിരുദ്ധവും നീചവുമായ ഇത്തരം അക്രമങ്ങൾ പൂർണ്ണമായും ഇല്ലാതാകണം. അതുവരെ നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് ഉറക്കെ പറയുന്നുണ്ടവർ.

രൂപ

"അമ്മയെപ്പോലെ കണ്ടയാളാണ് പൊള്ളിച്ചുകളഞ്ഞത്'
- രൂപ

രണ്ടു വയസ്സുള്ളപ്പോഴാണ് അമ്മ പോയത്. എല്ലാംകൊണ്ടും ഒറ്റപ്പെട്ടു. ഭക്ഷണം പോലും കിട്ടാതായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമ്മയാണെന്നും പറഞ്ഞ് അച്ഛൻ ഒരാളെ കൊണ്ടുവന്നു. ജീവിതം നരകതുല്യമായി. വർഷങ്ങളോളം പുതിയ വസ്ത്രങ്ങളൊന്നും കിട്ടിയില്ല. കീറി പറഞ്ഞ പാവാട നാലു വർഷം ധരിച്ചു. കുട്ടികൾ കളിയാക്കി പരിഹസിച്ചു. നല്ല ഒരു ഉടുപ്പാണ് അന്നത്തെ വലിയ സ്വപ്നം.

പതിനാലാം വയസ്സിലാണ് ആ ദുരന്തമുണ്ടായത്. രണ്ടാനമ്മ എന്ന പേടി സ്വപ്നം മുഖത്തേക്ക് ആസിഡ് ഒഴിച്ചു. കുപ്പിയിലെ അവസാന തുള്ളിയും ദേഹത്ത് വീണെന്ന് ഉറപ്പുവരുത്തി. ലോകം ഇരുണ്ട് കറുത്തു. വേദനക്കുമുന്നിൽ കാറ്റുപോലും നിശ്ചലമായി. അച്ഛൻ എന്നിട്ടും അവർക്കൊപ്പം നിന്നു. 2 വർഷത്തിന് ശേഷം അവർ ജയിൽ മോചിതയായി.

രൂപ

അമ്മാവനാണ് വേരറ്റുപോകാതെ കാത്തത്. പഠനത്തിനും ചികിത്സക്കും കൂടെനിന്നു. അപ്പോഴും ഒറ്റപ്പെടലിന്റെയും ഉണങ്ങാത്ത മുറിവുകളുടെയും വേദന പൊള്ളിച്ചു. മരണം പലപ്പോഴും ഉത്തരമായി. എന്നാൽ കീഴടങ്ങരുതെന്ന് മനസ്സിൽ ഉരുവിട്ടു. ഷീറോസിലേക്കുള്ള യാത്ര തുണയായി. നിലച്ചുപോയ സ്വപ്നങ്ങൾ വീണ്ടും മിടിച്ചു. എൻ ജി ഒ ചാൻവ് ഫൗണ്ടേഷനാണ് ജീവിക്കാനുള്ള പ്രതീക്ഷ കൊടുത്തത്. ആദ്യം മുഖം മറച്ച ഷാൾ മാറ്റി. കാഴ്ചകൾ അവർക്കുമുന്നിൽ മറമാറ്റി തെളിഞ്ഞു. ചാൻവിന്റെ സഹായം കൊണ്ട് ഫാഷൻ ഡിസൈനിങ് പഠിച്ചു. ആഗ്രയിൽ ഷീറോസിന്റെ ഭാഗമായി. കഫേക്ക് ഉള്ളിൽ സ്വന്തം ഡിസൈനുകളും പ്രദർശിപ്പിച്ചു.

ആ യാത്ര ഫാഷൻ ഡിസൈനിങ്ങിൽ 22 കാരിയായ രൂപയുടെ പേര് അടയാളപ്പെടുത്തി. 2017 ഇൽ രാഷ്ട്രപതി പ്രണബ് മുഖർജി നാരി ശക്തി പുരസ്‌കാരം സമ്മാനിച്ചു. അദ്ദേഹത്തിനൊപ്പം ആഹാരവും കഴിച്ചാണ് രാഷ്ട്രപതി ഭവന്റെ പടിയിറങ്ങിയത്. വസ്ത്രവും ഭക്ഷണവുമില്ലാതെ അപമാനിക്കപ്പെട്ട കാലം ഓരോ പടികളിറങ്ങുമ്പോഴും ഓർമ്മയിൽ നിറഞ്ഞു.

നരാധമന്മാർക്ക് ഒറ്റ മുഖമാണ്

ഋതു സൈനി, മേധ, അൻഷു, ജീത്തു പേരുകൾ ഒടുക്കമില്ലാതെ നീണ്ടുപോവുന്നുണ്ട്. 2021 ഇൽ ഡിഗ്‌നിറ്റി നടത്തിയ പഠനങ്ങൾ പ്രകാരം ആസിഡ് ആക്രമണങ്ങൾ വർദ്ധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിലാണ്. പട്ടികയിലെ ആദ്യകളത്തിൽ ഉത്തർപ്രദേശ്. കേരളവും പുറകിലല്ല. ഉത്തരേന്ത്യയിൽ നടക്കുന്ന അതിക്രമങ്ങളിൽ ഭൂരിഭാഗം ഇരകളും സ്ത്രീകളാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യുറോയുടെ കണക്കനുസരിച്ച് ഓരോ 16 മിനിറ്റിലും ഇന്ത്യയിൽ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ നാലുമിനിറ്റിലും ഒരു ഗാർഹിക പീഡന പരാതി ഫയൽ ചെയ്യുന്നുമുണ്ട്. അവിടെയും ഉത്തർപ്രദേശ് മുന്നിലാണ്.

നീതു മെഹർ

ആസിഡ് സർവൈവേഴ്‌സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 1999 നും 2016 നും ഇടയിൽ 3712 പേർ ഇരകളായിട്ടുണ്ട്. 2013 ഫെബ്രുവരിയിൽ ഇന്ത്യൻ ശിക്ഷ നിയമത്തിൽ 326 എ വകുപ്പ് കൂടി ചേർത്ത് പ്രതികൾക്ക് കുറഞ്ഞത് 10 വർഷം തടവോ, ജീവപര്യന്തമോ ശിക്ഷയാക്കി നിയമം ഭേദഗതി ചെയ്തു. ആസിഡ് വില്പനക്കും സുപ്രീം കോടതി നിയന്ത്രണം കൊണ്ടുവന്നു. തിരിച്ചറിയൽ രേഖയില്ലാതെ ആസിഡ് ലഭിക്കില്ല. പക്ഷെ ദിനംപ്രതി വർദ്ധിക്കുന്ന പുതിയ ഇരകളുടെ കണക്കുകൾ യാഥാർഥ്യം പറയുന്നുണ്ട്.

പൊള്ളിയടർന്നവരുടെ തണലായ ഷീറോസും ഒരിക്കൽ അടച്ചുപൂട്ടാൻ ചിലർ ശ്രമിച്ചു. അഗ്നിക്കുപോലും കീഴടക്കാൻ സാധിക്കാത്തവരുടെ മുന്നിൽ ആ കുടിലതകളും തരിപ്പണമായി. ആഹാരത്തോടൊപ്പം അവർ വിളമ്പുന്നത് ഉയർത്തെഴുന്നേൽപ്പിന്റെ കഥകൂടെയാണ്. വില പ്രസിദ്ധീകരിക്കാത്ത മെനു കാർഡും ആ വീക്ഷണം ഉറക്കെ പറയുന്നുണ്ട്. അസാധ്യമായ തിരിച്ചുവരവുകൾ കാണുമ്പോൾ ഒന്നുറപ്പാണ് പൊള്ളിച്ചവർക്ക് പൊള്ളുന്നുണ്ടാകും.

Comments