പ്രിസം ബുക്‌സ് പ്രസിദ്ധീകരിച്ച സ്വാമി ജോണ്‍ സ്പിയേഴ്സിന്റെ Philosopher Saint: The life and philosophy of Narayana Guru എന്ന പുസ്തകത്തിന് മുനി നാരായണപ്രസാദ് എഴുതിയ ആമുഖം.
23 Jul 2021, 04:20 PM
സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നുള്ള ജോണ്‍ സ്പിയേഴ്‌സ് എന്ന യുവാവ് 1930ലാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയുടെ ജ്ഞാനപൈതൃകത്തെ സ്‌നേഹിച്ച അദ്ദേഹം അത് കൂടുതല്‍ ആഴത്തില്‍ കണ്ടെത്തി, ആവോളം നുകരുവാനാണ് ഇന്ത്യയിലെത്തിയത്. 1979-ല്‍ അദ്ദേഹം അന്തരിച്ചത് സ്വാമി ജോണ്‍ സ്പിയേഴ്‌സ് ആയാണ്. അപ്പോഴേക്കും ഈ ജ്ഞാനപൈതൃകത്തിന്റെ വക്താവായി അദ്ദേഹം മാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു, പ്രത്യേകിച്ചും ഋഷിയായ നാരായണഗുരുവിന്റെ ദര്‍ശനത്തിന്റെ. ആ ജ്ഞാനത്തിന്റെ യഥാര്‍ത്ഥ രൂപവും ഭാവവും അദ്ദേഹം നാരായണഗുരുവില്‍ കണ്ടെത്തി. നാരായണഗുരുവിന്റെ ജ്ഞാനപിന്‍ഗാമിയായ നടരാജഗുരുവിന്റെ ആദ്യശിഷ്യനായിത്തീരുകയായിരുന്നു ജോണ്‍ സ്പിയേഴ്‌സ്.
ജോണ്‍ സ്പിയേഴ്‌സ് സ്‌നേഹിച്ച ഇന്ത്യ ഇന്നു നാം കാണുന്ന ഭൂമിശാസ്ത്രപരമായ ഒരു പ്രദേശമോ രാഷ്ട്രീയ ഘടകമോ ആയിരുന്നില്ല. മറിച്ച്, ഉന്നതമായ ആശയങ്ങള്‍ യഥാര്‍ത്ഥ ജീവിതവുമായി ബന്ധിക്കുന്ന ഒരു മാനസികാവസ്ഥയായിരുന്നു അത്. ഈ അവസ്ഥയെ വെളിപ്പെടുത്തുവാനായി, മാക്‌സ് മുള്ളറുടെ "What India Means to me' എന്ന പ്രബന്ധത്തില്‍പ്പറഞ്ഞിരിക്കുന്നതിനെ അദ്ദേഹം ഉദ്ധരിക്കുന്നു: ""മനുഷ്യന്റെ മനസ്സ് അതിന്റെ ഏറ്റവും മികച്ച ചില സമ്മാനങ്ങള്‍ ഏതെല്ലാം ആകാശത്തിന്‍ കീഴില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ ആലോചിക്കുകയും അവയ്ക്ക് പരിഹാരങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്ന് എന്നോട് ചോദിച്ചാല്‍ - അവയില്‍ ചിലത് പ്ലേറ്റോയെയും കാന്റിനെയും പഠിച്ചവരുടെപോലും ശ്രദ്ധയര്‍ഹിക്കുന്നു - ഞാന്‍ ഇന്ത്യയിലേക്ക് വിരല്‍ചൂണ്ടും.''

ഒരു തീര്‍ത്ഥാടകനായി ഇവിടെയെത്തുമ്പോള്‍, ഇന്ത്യ ഇതുവരെ ലോകത്തിന് വാഗ്ദാനം ചെയ്തതും എല്ലായ്‌പ്പോഴും വാഗ്ദാനം ചെയ്യുന്നതുമായതെന്തെന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരിക്കാം. അതേ പഠനത്തില്‍തന്നെ, തന്നെപ്പോലുള്ള തീര്‍ത്ഥാടകരുടെ അന്വേഷണസ്വഭാവവും അദ്ദേഹം വ്യക്തമാക്കി.
""സത്യം അന്വേഷിക്കുന്ന തീര്‍ത്ഥാടകര്‍, മനുഷ്യന്റെ സ്വഭാവം, നമ്മള്‍ എന്തുകൊണ്ട്, നമ്മള്‍ എന്തൊക്കെയാണ്, മനഃശ്ശാസ്ത്രപരവും പ്രപഞ്ചയുക്തിപരവുമായ പ്രശ്‌നങ്ങള്‍, ജ്ഞാനശാസ്ത്രത്തിന്റെ സ്വഭാവം, ഉണ്മയെക്കുറിച്ചുള്ള അന്വേഷണം, ജീവിതമൂല്യങ്ങളുടെ അന്വേഷണം, പ്രയോജനപരതയുടെ പ്രശ്‌നങ്ങള്‍, എല്ലാറ്റിനുമുപരി പരമമായ ജ്ഞാനത്തിലേക്കുള്ള വഴി എന്നിവയ്‌ക്കൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി, ഈ തീര്‍ത്ഥാടകര്‍ എല്ലായ്‌പ്പോഴും ഇന്ത്യയിലേക്കാണ് തിരിഞ്ഞത്.''
ഭാരതത്തിന്റെ ഈ ജ്ഞാനസംസ്‌കാരം അതുല്യമായതാണ്, അതൊരിക്കലും മറ്റു സംസ്‌കാരങ്ങളില്‍ നിന്ന് കടമെടുത്തതല്ല, എന്നിട്ടും അത് മറ്റുള്ളവര്‍ക്ക് യഥേഷ്ടം സൗജന്യമായി നല്‍കുന്നു. അത് എല്ലാം ഉള്‍ക്കൊള്ളുന്നതും വിശാലവുമാണ്. അതുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന മറ്റെല്ലാ സംസ്‌കാരങ്ങളെയും മതങ്ങളെയും അതിലേക്കാകര്‍ഷിച്ചു. ജീവിതത്തില്‍ അര്‍ത്ഥമുള്ളതൊന്നും അതിനന്യമല്ല.

ജ്ഞാനികളായ ഗുരുക്കന്മാരുടെ നീണ്ട നിരയിലൂടെയും അവര്‍ ശിഷ്യന്മാര്‍ക്ക് നേരിട്ട് നല്‍കിയ ഉപദേശങ്ങളിലൂടെയും ഉപനിഷത്തുകള്‍, ഭഗവദ്ഗീത, ബ്രഹ്മസൂത്രം എന്നിവയിലൂടെ രേഖപ്പെടുത്തിവച്ച ഋഷിമാരുടെ വാക്കുകളിലൂടെയും ഈ ജ്ഞാനം ജീവനോടെ എല്ലാകാലത്തും സൂക്ഷിക്കപ്പെടുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളും കാളിദാസന്‍, ഭര്‍തൃഹരി, ഭവഭൂതി, ഭാസന്‍ തുടങ്ങിയ മഹാകവികളുടെ കൃതികളിലൂടെയും ഈ ജ്ഞാനം സൂക്ഷിച്ചു പോരുന്നു. പുരാതന റോമാക്കാരുടെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട് കിഴക്കിന്റെ ഈ സംസ്‌കാരത്തെ പടിഞ്ഞാറിന്റെ കൂടുതല്‍ പ്രായോഗിക സംസ്‌കാരവുമായി അദ്ദേഹം താരതമ്യം ചെയ്യുന്നു. ""Ex Orientelux; ex Occidentelex;'' എന്നതിനര്‍ത്ഥം ""കിഴക്ക് വെളിച്ചം, പടിഞ്ഞാറ് നിയമങ്ങള്‍'' എന്നാണ്. ജ്ഞാനികളായ ഗുരുപരമ്പരയുടെ യഥാര്‍ത്ഥ പ്രതിനിധിയായി നാരായണഗുരുവിനെ ജോണ്‍ സ്പിയേഴ്‌സ് നടരാജഗുരുവിലൂടെ തിരിച്ചറിഞ്ഞു.
നാരായണഗുരുവിന്റെ വാക്കുകളെ കൂടുതല്‍ ധ്യാനാത്മകമായി ആഴത്തില്‍ പഠിക്കുന്തോറും ഗുരു കൂടുതല്‍ അല്‍ഭുതമായി അദ്ദേഹത്തിന് മുന്‍പില്‍ തെളിയുകയായിരുന്നു. ഗുരുവിനോടുള്ള ഈ നിലപാട് ജീവിതാവസാനം വരെ മാറ്റമില്ലാതെ തുടര്‍ന്നു.

നാരായണഗുരുവിനെ മതപരമായ ആദരവോടെ ആരാധിക്കുന്ന പലരില്‍ നിന്നും വ്യത്യസ്തമായി, ജോണ്‍ സ്പിയേഴ്‌സ് അദ്ദേഹത്തെ "ഗുരുപരമ്പരയുടെ വാഹകനായി കണക്കാക്കി. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, യഥാര്‍ത്ഥ ജ്ഞാനത്തിന്റെ പ്രബുദ്ധരായ ഗുരുക്കന്മാരുടെ നീണ്ടനിരയിലൂടെ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ആദിയും അന്തവുമില്ലാത്ത നിധിയാണ് ഗുരുത്വം. ജോണ്‍ സ്പിയേഴ്‌സിനെ സംബന്ധിച്ചിടത്തോളം നാരായണഗുരു സമാനതകളില്ലാത്ത മാതൃകയായിരുന്നു. അഥവാ അപരസാമ്യമില്ലാത്ത ഗുരു.
നാരായണഗുരുവിന്റെ ദര്‍ശനം ഒരു തത്വചിന്തയെയോ മതത്തെയോ ബാഹ്യമായി പരിഗണിച്ചില്ലെങ്കിലും അതിന്റെ ഉല്‍ഭവം കിഴക്കിന്റെ സംസ്‌കാരത്തില്‍ നിന്നാണ്. പുരാതനമായ കിഴക്കിന്റെയും ആധുനികമായ പടിഞ്ഞാറിന്റെയും മൂല്യസങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമായി. അദ്ദേഹം എഴുതുന്നു: ""ഇവിടെ ഞങ്ങള്‍ രണ്ട് വിപരീത ലക്ഷ്യങ്ങള്‍ കണ്ടുമുട്ടുന്നു. മനുഷ്യന്റെ അന്ത്യം ഒരു പരിണാമനേര്‍രേഖയിലൂടെയുള്ള പ്രപഞ്ചത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും ആനന്ദം നിറഞ്ഞ പറുദീസയാണെന്നും പാശ്ചാത്യ ശാസ്ത്രജ്ഞര്‍ വിശ്വസിക്കുമ്പോള്‍ അതിന്റെ എതിര്‍ കോടിയായ കിഴക്കിന്റെ ലക്ഷ്യം ഭൗതികവും മാനസികവുമായ എല്ലാറ്റില്‍ നിന്നുള്ള മുക്തിയും മരണം, ജനനം, മറ്റു കഷ്ടപ്പാടുകള്‍ എന്നിവയില്‍ നിന്നും മോചനം നേടി നിരുപാധികവും നിത്യവുമായ സത്യത്തിലുള്ള ലയവുമാണ്.''
ആഴത്തിലുള്ള അര്‍ത്ഥത്തിലല്ലെങ്കിലും, ഈ സാംസ്‌കാരികമായ വിടവ് ഒരു പരിധിവരെ ചുരുങ്ങിയിരിക്കുന്നു. അടുത്തിടെ, ഒരുകൂട്ടം റഷ്യന്‍ വനിതകള്‍ എന്നെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു: ""ഞങ്ങള്‍ക്ക് ജ്ഞാനോദയം വേണം''. തീര്‍ച്ചയായും അനുമാനിക്കാവുന്നതുപോലെ, ആധുനിക പരീക്ഷണശാസ്ത്രം, പരീക്ഷണശാലയില്‍ ഉല്‍പ്പാദിക്കുന്ന അറിവുപോലെ ഒന്നല്ല ജ്ഞാനോദയം എന്നതിനാല്‍ എനിക്ക് അവരെ സഹായിക്കാന്‍ കഴിഞ്ഞില്ല.
തീര്‍ച്ചയായും, സാംസ്‌കാരിക ദൃഷ്ട്യാ പാശ്ചാത്യശാസ്ത്രജ്ഞന്മാരുടെ "ഇതരകോടി കിഴക്കിന്റെ ഗുരുക്കന്മാരില്‍, കാണേണ്ടതാണ്. കിഴക്കന്‍ രാജ്യങ്ങളിലെ ആധുനികശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും പാശ്ചാത്യ ശാസ്ത്രജ്ഞരുടെ എതിര്‍വശമായി വരുന്നവരല്ല. മറിച്ച് അവയുടെ പകര്‍പ്പുകളും വിപുലീകരണങ്ങളുമാണ്.
നാരായണഗുരുവിന്റെ കൃതികള്‍ ഉപനിഷത് ജ്ഞാനത്തിന്റെ തുടര്‍ച്ചയും വളരെ സംക്ഷിപ്തവും കൃത്യവും സമ്പൂര്‍ണ്ണവുമായ പരമമായ സത്യത്തെ സംബന്ധിക്കുന്ന ധ്യാനാത്മകചിന്തയുമാണ്. വാക്കുകള്‍ക്കും മനസ്സിനും ഗ്രഹിക്കാനാവുന്നതിനുമപ്പുറത്താണ് അവ. അത് പ്രധാന ഉപനിഷത്തുകള്‍ക്ക് തുല്യമാണ്. "തത്ത്വത്തില്‍ നാം ശങ്കരനെ പിന്‍തുടരുന്നു' എന്ന് പറഞ്ഞെങ്കിലും ഇവ രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. ശങ്കരാചാര്യര്‍ ഉപനിഷത്തുകളുടെ വ്യാഖ്യാതാവാണെങ്കില്‍ ഗുരു ഉപനിഷത്തുകള്‍ പോലെ തന്നെയുള്ള തനിമയുള്ള കൃതികളുടെ രചയിതാവായിരുന്നു.

ഈ ഗുരു ജോണ്‍ സ്പിയേഴ്‌സിന്റെ ശ്രദ്ധയില്‍പ്പെടുന്നത് നാരായണഗുരുവിന്റെ ജ്ഞാനപിന്‍ഗാമിയും ഗുരുകൃതികളുടെ വ്യാഖ്യാതാവും ഗുരുകുല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ നടരാജഗുരുവിലൂടെയാണ്. നാരായണഗുരു മനുഷ്യന്റെ വിമോചനമാണ് ലക്ഷ്യമിട്ടത്; നാരായണഗുരുകുലപ്രസ്ഥാനം, അന്വേഷകരെ അവരുടെ വിമോചനം കണ്ടെത്താന്‍ സഹായിക്കുകയാണ്.
ജോണ്‍ സ്പിയേഴ്‌സ് ചൂണ്ടിക്കാണിച്ചതുപോലെ, സംഘടനകള്‍ സാധാരണ മനുഷ്യരെ വിമോചനത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു. എന്നാല്‍ നാരായണഗുരുകുലം അന്വേഷകരുടെ കൂട്ടായ്മ മാത്രമായതിനാല്‍ അതില്‍ ചേരുന്നത് വിമോചനത്തിന്റെ സ്ഥാനത്ത് ബന്ധമായിരിക്കുമെന്ന് അദ്ദേഹം കരുതിയില്ല. അങ്ങനെ അദ്ദേഹം നാരായണഗുരുകുലത്തില്‍ച്ചേര്‍ന്ന്, ഡോ. പി. നടരാജനെ ഗുരു എന്ന് വിളിക്കുന്ന ആദ്യത്തെ ശിഷ്യനായി. ബാംഗ്ലൂരിനടുത്ത് ഒരു ഗുരുകുലം ആരംഭിച്ച് ഗുരുകുലത്തിന്റെ ഇംഗ്ലീഷ് മുഖപത്രമായ വാല്യൂസ് മാസികയുടെ പ്രസിദ്ധീകരണം തുടങ്ങി.
"ഒരു ഗുരുവിന്റെ ജനനം' എന്ന ലേഖനത്തില്‍, തന്റെ അദ്ധ്യാപകനായ നടരാജഗുരുവിനെക്കുറിച്ചുള്ള വിലയിരുത്തല്‍ ഇപ്രകാരമായിരുന്നു: ""ഗുരുത്വത്തെ, മനുഷ്യരാശിയുടെ ജീവിതത്തില്‍ ശരിയായ സ്ഥാനത്ത് വിശ്വസ്തതയോടെ പുനഃസ്ഥാപിച്ച മനുഷ്യന്‍ എന്നായിരിക്കും ഭാവിതലമുറ നടരാജഗുരുവിനെക്കുറിച്ച് പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.'' മറ്റൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം എഴുതുന്നു: ""ഒരു ജ്ഞാനിയായ ഗുരുവായി നാരായണഗുരുവിനെ പൂര്‍ണ്ണമായും മനസ്സിലാക്കുവാന്‍ കഴിഞ്ഞ ഒരേ ഒരു ശിഷ്യനേ നാരായണഗുരുവിനുണ്ടായിരുന്നുള്ളു. ഗുരുത്വത്തെ അതാക്കിത്തീര്‍ക്കുന്നതിനുള്ള ഒരു പ്രത്യേകതരം അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു; ഞാന്‍ ഉദ്ദേശിക്കുന്നത്, പരാമര്‍ശിക്കുന്നത് നടരാജഗുരുവിനെയാണ്.''
തീര്‍ച്ചയായും അവര്‍ തമ്മില്‍ ഒരു തരം "ആത്മീയപോരാട്ടം' ഉണ്ടായ സന്ദര്‍ഭങ്ങളുണ്ടായിരുന്നു. അത് പ്രധാനമായും അവരുടെ വ്യക്തിത്വസവിശേഷതകളുടെ വ്യത്യാസം കൊണ്ടാണ്. ഒന്നോ രണ്ടോ തവണ ഞാന്‍ ഇതിന് സാക്ഷിയായിരുന്നു. തീര്‍ച്ചയായും ഗുരുവും ശിഷ്യനും തമ്മിലുള്ള പരസ്പരബഹുമാനത്തെ ഇത് ഒരു തരത്തിലും ബാധിച്ചിരുന്നില്ല.
പിന്നീട്, ജോണ്‍ സ്പിയേഴ്‌സ് സ്വന്തമായി തീരുമാനിച്ചു, ഒരാള്‍ ആജീവനാന്തം ശിഷ്യനായി തുടരേണ്ടതില്ലെന്ന്. നാരായണഗുരുകുല പ്രസ്ഥാനത്തില്‍ നിന്ന് തന്നെ സ്വയം നീക്കം ചെയ്തു.
ഈ പുതിയ വഴിത്തിരിവിനെക്കുറിച്ചുള്ള പ്രഖ്യാപനത്തില്‍പ്പോലും അദ്ദേഹം തുറന്നു സമ്മതിച്ചു,
""നടരാജഗുരു പ്രതിനിധാനം ചെയ്യുന്നിടത്തെല്ലാം ഗുരുത്വത്തോടുള്ള എന്റെ പ്രതിബദ്ധത, കാല്‍നൂറ്റാണ്ടുകാലത്തെ സേവനത്തിനുശേഷവും അങ്ങിനെയായിരിക്കും എന്നതിന് യാതൊരു സംശയവുമില്ല.''
സ്വാമി ജോണ്‍ സ്പിയേഴ്‌സുമായുള്ള എന്റെ വ്യക്തിബന്ധം ആരംഭിച്ചത് 1960-ല്‍ വര്‍ക്കല ഗുരുകുലത്തിലെ മറ്റൊരു കുട്ടിയുമായി ഞാന്‍ ഊട്ടി ഗുരുകുലത്തിലെത്തിയപ്പോഴാണ്.
അക്കാലത്ത് എനിക്ക് ഇംഗ്ലീഷില്‍ വേണ്ടവണ്ണം സംസാരിക്കാനറിയില്ലായിരുന്നു. എന്റെ നിസ്സഹായത മനസ്സിലാക്കി, ഇംഗ്ലീഷ് പദങ്ങള്‍ എങ്ങനെ ശരിയായി ഉച്ചരിക്കാമെന്ന് അദ്ദേഹം എന്നെ വളരെ സ്‌നേഹത്തോടെ പഠിപ്പിച്ചു. "ഡബ്ലൂ' എന്ന് തുടങ്ങുന്ന എല്ലാവാക്കുകളും ഉച്ചരിക്കുമ്പോള്‍ ചുണ്ടുകള്‍ നീണ്ടു നില്‍ക്കണമെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. പിന്നീട് 1968 ലെ വര്‍ക്കലയില്‍ നടന്ന വാര്‍ഷിക ഗുരുകുലകണ്‍വെന്‍ഷനില്‍, ആദ്യദിവസം വൈകുന്നേരത്തെ പ്രാര്‍ത്ഥനാസമ്മേളനത്തില്‍, അദ്ദേഹം നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തുവാന്‍ എന്നോടാവശ്യപ്പെട്ടു. അദ്ദേഹത്തെ പരിഭാഷപ്പെടുത്തിയിരുന്ന സ്വാമി മംഗലാനന്ദ അവിടെയില്ലാതിരുന്നതിനാലും ഇത് ചെയ്യാന്‍ പ്രാപ്തിയുള്ള മറ്റൊരു വ്യക്തിയായ നിത്യചൈതന്യയതി ഡല്‍ഹിയില്‍ നിന്ന് എത്തിയിട്ടില്ല എന്നതിനാലുമാണ് ഇത് സംഭവിച്ചത്.
ഞാന്‍ വളരെയധികം മടിച്ചു. അത് ചെയ്യാന്‍ ഭയപ്പെട്ടു. എന്നാല്‍ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു. അതിനാല്‍ വ്യക്തമായി ഉച്ചരിച്ച് സാവധാനം പ്രസംഗിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അങ്ങനെ ചെയ്യുകയും ഓരോ വാക്യമായി പരിഭാഷപ്പെടുത്താനും എനിക്ക് കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം അവിടെ സന്നിഹിതനായിരുന്ന ഒരു ഇംഗ്ലീഷ് പ്രൊഫസര്‍ എന്നോടു പറഞ്ഞു എന്റെ പ്രസംഗ വിവര്‍ത്തനം മികച്ചതായിരുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതിനുശേഷം, ജോണിന്റെ മറ്റുചില പ്രസംഗങ്ങളും ഞാന്‍ പരിഭാഷപ്പെടുത്തുകയുണ്ടായി. എങ്കിലും ആദ്യശ്രമം അവിസ്മരണീയമാണ്.
ജോണ്‍പിയേഴ്‌സിന്റെ തെരഞ്ഞെടുത്ത ചില പ്രബന്ധങ്ങളാണ് ഈ വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെഴുതി, അരനൂറ്റാണ്ടു കഴിഞ്ഞിട്ടും അവയുടെ മൂല്യം ഇപ്പോഴും പുതുമയുള്ളതായി തുടരുന്നു. കാരണം അവയെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിത്തറ നിലകൊള്ളുന്ന ഗുരുത്വത്തിലേക്ക് വെളിച്ചം വീശുന്നവയാണ്.
എല്ലാ തരത്തിലുള്ള മതങ്ങള്‍ക്കും അതീതമായി നിലകൊള്ളുന്ന ഇന്ത്യന്‍ ആത്മീയതയെ സ്‌നേഹിക്കുന്നവര്‍ക്ക് ഈ പുസ്തകം വിലപ്പെട്ട ഒരു നിധിയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.
മലയാള പരിഭാഷ: ഡോ. ബി. സുഗീത

സിനി പണിക്കര്‍
Oct 10, 2022
36 Minutes Watch
ടി.ടി. ശ്രീകുമാര്‍
Aug 22, 2022
10 Minutes Read
ടിക്കാറാം മീണ
Apr 30, 2022
17 Minutes Read
ജയന്‍ ചെറിയാന്‍
Mar 10, 2022
3 minutes read
സനീഷ് ഇളയടത്ത്
Jan 22, 2022
10 Minutes Read