സ്വാതി തിരുനാള്‍ കോളേജ്:
പ്രശ്‌നം തുറന്നുപറഞ്ഞ വിദ്യാർഥിക്കെതിരെ
ആസൂത്രിത ആക്രമണം
സ്വാതി തിരുനാള്‍ കോളേജ്: പ്രശ്‌നം തുറന്നുപറഞ്ഞ വിദ്യാർഥിക്കെതിരെ ആസൂത്രിത ആക്രമണം
തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജിലെ ലിംഗനീതി പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുസംസാരിച്ചതിന് വിദ്യാർഥിനിക്കെതിരെ ആസൂത്രിത ആക്രമണത്തിന് വിധേയയാക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് ട്രൂകോപ്പി ചെയ്ത വീഡിയോ സാറ എന്ന വിദ്യാര്‍ത്ഥി സംസ്‌കൃതം സബ്‌ജെക്ട് വാട്‌സ്ആപ് ഗ്രൂപ്പില്‍ പങ്കുവെച്ചതോടെയാണ് പുതിയ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കര്‍ണ്ണാടിക് സംഗീതത്തെ ബഹുമാനിക്കുന്നവരെല്ലാം ആതിരക്കെതിരെ പ്രതിഷേധിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. വേസ്റ്റേണ്‍ സംഗീതം പഠിക്കണമെങ്കില്‍ ഇവിടെ വന്നല്ല പഠിക്കേണ്ടതെന്ന് തുടങ്ങി, പ്രശ്‌നവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രതിഷേധക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു
29 Jul 2022, 05:47 PM
തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജിലെ ലിംഗനീതി പ്രശ്‌നങ്ങളെയും "പാരമ്പര്യ' കീഴ്വഴക്കങ്ങൾ’ അടിച്ചേൽപ്പിക്കുന്ന അധ്യാപകരുടെ സമീപനങ്ങളെയും കുറിച്ച് വിദ്യാർഥികൾ ഉന്നയിച്ച പരാതികൾ ട്രൂ കോപ്പി റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ, ഇത്തരം പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ വിദ്യാർഥികളുടെ പരാതികളിൽ പക്വമായ നടപടിയെടുക്കാനോ കോളേജിലെ അധ്യാപകര്‍ തയ്യാറായിട്ടില്ലെന്ന്, കോളേജിലെ പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.
‘വിനയവും വിധേയത്വവും’ ആവശ്യപ്പെടുന്ന അധ്യാപകരോട് സമരസപ്പെട്ട് ഒരു പക്ഷം വിദ്യാര്‍ത്ഥികള്‍, കോളേജിലെ വിവേചനങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച വിദ്യാര്‍ഥിക്കെതിരെ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. പ്രശ്നങ്ങൾ തുറന്നുപറഞ്ഞതിനാണ് ഒരു വിദ്യാര്‍ത്ഥിയെ ആസൂത്രിത ആക്രമണത്തിന് വിധേയയാക്കുന്നത്. വിഷയത്തില്‍ വിദ്യാർത്ഥി സംഘടനകളുടെ അടിയന്തര ഇടപെടൽ അനിവാര്യമായിരിക്കുകയാണ്.
സ്വാതി തിരുനാള്‍ കോളേജിനെ സംബന്ധിച്ച് ട്രൂകോപ്പി ചെയ്ത വീഡിയോ സാറ എന്ന വിദ്യാര്‍ത്ഥി സംസ്‌കൃതം സബ്‌ജെക്ട് വാട്‌സ്ആപ് ഗ്രൂപ്പില്‍ പങ്കുവെച്ചതോടെയാണ് പുതിയ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സാറ ഈ വീഡിയോ പങ്കുവെച്ചത് ശരിയായില്ലെന്ന് വിദ്യാര്‍ത്ഥികളിലൊരാളായ ഗബ്രിയേല്‍ ആരോപിക്കുകയും സാറയെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കാനുള്ള കാമ്പയിൻ ആരംഭിക്കുകയും ചെയ്തു. അധ്യാപികയായ മീര പി.എസ് ഇതിനെ പിന്തുണച്ചതോടെ വീണ്ടും വിഷയത്തില്‍ കൂട്ട വിചാരണകള്‍ തുടങ്ങിയതായി ആതിര എം. പറഞ്ഞു:
‘‘ ഈ വിഷയത്തെ സംബന്ധിച്ച് ഞാനും മീര ടീച്ചറും ഫോണിലൂടെ സംസാരിച്ചിരുന്നു. പക്ഷേ അടുത്തദിവസം സംസ്‌കൃതം ക്ലാസിലെത്തിയ ടീച്ചര്‍ ഈ വിഷയം വീണ്ടും എടുത്തിടുകയും വിശദീകരണം ചോദിക്കുകയുമായിരുന്നു. ആതിര അധ്യാപകനിന്ദ നടത്തുകയും വ്യക്തിഹത്യ നടത്തുകയുമാണെന്ന് പറഞ്ഞ് ടീച്ചര്‍ കുറെനേരം എന്നെ കൂട്ട വിചാരണ നടത്തി. അധ്യാപകമഹത്വവും മറ്റും പറഞ്ഞ് ടീച്ചര്‍ വീകാരധീനയായതോടെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും എനിക്കെതിരെ തിരിയാന്‍ തുടങ്ങി. ഞാന്‍ കാരണം ടീച്ചര്‍ക്ക് വിഷമമുണ്ടായെന്ന് പറഞ്ഞതിന്റെ പേരില്‍ ഞാന്‍ ക്ഷമാപണം നടത്തിയതാണ്. പക്ഷേ പിന്നീട് ഈ ടീച്ചര്‍ എനിക്കെതിരെ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം എന്റെ കൂടെ പഠിക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് പ്രതിഷേധം നടത്താന്‍ തുടങ്ങിയെന്നുമാണ് അറിയാന്‍ കഴിഞ്ഞത് '' - ആതിര പറഞ്ഞു.

പ്രതിഷേധം അനാവശ്യമെന്ന് വിദ്യാര്‍ത്ഥികള്‍
നിലവില്‍ സ്വാതി തിരുനാള്‍ കോളേജില്‍ വോക്കല്‍ ക്ലാസ് നടക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളില്‍ നിന്നറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച ക്ലാസ് മുറിയില്‍ വെച്ചുതന്നെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായായതാണെന്നും ഇപ്പോള്‍ എന്തിനാണ് ചില വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നതെന്ന് അറിയില്ലെന്നും വോക്കല്‍ സെക്കൻറ് ഇയർ വിദ്യാര്‍ഥികളായ തീര്‍ത്ഥ, ദേവു, മീനു, ആദിത്യ, സരിക, ഗംഗ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.
‘‘കഴിഞ്ഞ വ്യാഴാഴ്ച ക്ലാസില്‍ വെച്ചുതന്നെ പ്രശ്‌നം ഒത്തുതീര്‍പ്പായതാണ്. ഇനി ഇതിന്റെ പേരില്‍ ഒരു പ്രശ്‌നവും വേണ്ടായെന്ന് പറഞ്ഞാണ് ടീച്ചര്‍ ക്ലാസ് അവസാനിപ്പിച്ചത്. എന്നാല്‍ ചില വിദ്യാര്‍ത്ഥികള്‍ ക്ലാസിനുശേഷം ആതിരക്കെതിരെ ഒരു മീറ്റിങ്ങ് വെക്കുകയും അഭിപ്രായങ്ങള്‍ എഴുതിയോ റെക്കോര്‍ഡ് ചെയ്‌തോ രേഖപ്പെടുത്തണമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ ഞങ്ങളാരും മീറ്റിങ്ങില്‍ പങ്കെടുത്തിട്ടില്ല. വെള്ളിയാഴ്ച വിഷയത്തിന്റെ ഗതി തന്നെ മാറി കര്‍ണ്ണാടിക് സംഗീതത്തെ ബഹുമാനിക്കുന്നവരെല്ലാം ആതിരക്കെതിരെ പ്രതിഷേധിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വേസ്റ്റേണ്‍ സംഗീതം പഠിക്കണമെങ്കില്‍ ഇവിടെ വന്നല്ല പഠിക്കേണ്ടതെന്ന് തുടങ്ങി, പ്രശ്‌നവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രതിഷേധക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് '' - ഇതിനകം തന്നെ നിരവധി ക്ലാസുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രതിഷേധം അനാവശ്യമാണെന്നും വിദ്യാര്‍ത്ഥിയായ ഗംഗ അഭിപ്രായപ്പെട്ടു.
‘‘ആതിരയുടെ വിഷയമുന്നയിച്ച് കോളേജില്‍ പ്രതിഷേധമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച ആതിര പ്രതികരിച്ച രീതിയോട് എനിക്ക് ഒരു വിയോജിപ്പുമില്ല. അതില്‍ ഒരു തെറ്റുമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ടീച്ചറാണ് യുക്തിക്ക് നിരക്കാത്ത കുറെ കാര്യങ്ങള്‍ ചോദിച്ച് പ്രശ്‌നം വഷളാക്കിയത്. വാട്‌സ് ആപ് ഗ്രൂപ്പില്‍ സന്ദേശങ്ങളയച്ച സാറയെയും ഗബ്രിയേലിനെയും ചോദ്യം ചെയ്യുന്നതിനുപകരം ആതിരയെയാണ് ആദ്യം മുതലേ ടീച്ചര്‍ ചോദ്യം ചെയ്തത്. കോളേജിനെതിരെ പ്രതികരിച്ചതുമുതല്‍ അദ്ധ്യാപകരെല്ലാം ആതിരക്കെതിരെയാണ്. '' - കോളേജില്‍ ലിംഗനീതി പ്രശ്‌നങ്ങളുണ്ടെന്നും വിഷയത്തില്‍ ആതിരക്കൊപ്പമാണെന്നും വിദ്യാര്‍ഥിയായ തീര്‍ത്ഥ ട്രൂകോപ്പിയോട് പറഞ്ഞു.
‘‘ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് ആതിരക്കെതിരെ പ്രതിഷേധം നടത്തുന്നത്. അനന്ദു സുന്ദരരാജ്, ഗീതു, രേവതി, അനന്ത പത്മനാഭന്‍ തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്. ആതിരയുടെ വിഷയത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ഇവര്‍ പറയുന്നത് '' . ക്ലാസിക്കല്‍ സംഗീതത്തെ ബഹുമാനിക്കുന്നവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കണെമെന്നൊക്കെയാണ് ഇവര്‍ പറയുന്നതെന്ന് വിദ്യാര്‍ത്ഥിയായ മീനു പറഞ്ഞു.
‘‘വാട്‌സ് ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട് ഗബ്രിയേലിനെ ചോദ്യം ചെയ്യാതെ ആതിരയെ മാത്രം ചോദ്യം ചെയ്യുന്നതായി തോന്നിയിരുന്നു. പക്ഷേ, പിന്നീട് ആതിരക്കെതിരെ ചില വിദ്യാര്‍ഥികള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കോളേജില്‍ വേസ്‌റ്റേണ്‍ സംഗീതം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ കര്‍ണാടക സംഗീതത്തെ ബഹുമാനിക്കുന്നവര്‍ പ്രതിഷേധത്തില്‍ പങ്കുചേരണമെന്നൊക്കെയാണ് ഇവര്‍ പറയുന്നത് ''. എന്തിനാണ് ആതിരയുടെ പ്രശ്‌നത്തെ സംഗീതവുമായി ചേര്‍ത്ത് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് വിദ്യാര്‍ഥിയായ ദേവു അഭിപ്രായപ്പെട്ടു.
സ്വാതി തിരുനാള്‍ കോളേജില്‍ കാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നത്തിനെ ചോദ്യം ചെയ്തതിന് ഒരു വിദ്യാര്‍ഥി നേരിടേണ്ട വരുന്ന ആസൂത്രിത ആക്രമണങ്ങളാണിത്. അനീതികള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി സംസാരിക്കുന്നവരെ ഈ വിധം വേട്ടയാടുന്നതിലൂടെ നിശബ്ദരാക്കാന്‍ കഴിയുമെന്നാണ് പാരമ്പര്യ ഗുരുകുല സംവിധാനം ക്യാമ്പസുകളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അധ്യാപകരും അവര്‍ക്ക് കീഴ്‌പ്പെട്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളും കരുതുന്നത്.
പ്രശ്‌നങ്ങളുടെ തുടക്കം
സ്വാതി തിരുനാള്‍ കോളേജില്‍ കഴിഞ്ഞ ജൂണ്‍ 22 ന് ഉച്ചസമയത്ത് ഗേള്‍സ് ബ്ലോക്കില്‍ ആണ്‍ സൂഹൃത്തുക്കള്‍ക്കൊപ്പം കുറച്ച് പെണ്‍കുട്ടികള്‍ ഭക്ഷണം കഴിച്ചതിനെ അധ്യാപികയായ വീനീത ചോദ്യം ചെയതതില്‍ നിന്നാണ് പ്രശ്‌നം തുടങ്ങുന്നത്. ക്ലാസ്സില്‍ നിന്ന് ആണ്‍കുട്ടികളോടെല്ലാം പുറത്തുപോകാനാവശ്യപ്പെട്ട അധ്യാപിക പെണ്‍കുട്ടികള്‍ക്ക് സദാചാര ഉപദേശങ്ങള്‍ നല്‍കി ആണും പെണ്ണും ഒരുമിച്ച് ഭക്ഷണം കഴിച്ചതിനെ പ്രശ്‌നവത്ക്കരിക്കാനാണ് ശ്രമിച്ചത്. തങ്ങളുടെ ആണ്‍ സുഹൃത്തുക്കളെക്കുറിച്ച് മോശം പറയുകയും സദാചാര ഉപദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത അധ്യാപികക്കെതിരെ പെണ്‍കുട്ടികളിലൊരാളും ബി.എഫ്.എ വിദ്യാര്‍ത്ഥിനിയുമായ ആതിര എസ്. എഫ്. ഐയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പൽ വീണ വി.ആറിന് പരാതി നല്‍കി. പരാതി നല്‍കി മുക്കാല്‍ മണിക്കൂറിനുശേഷം പ്രിന്‍സിപ്പാള്‍ വിളിപ്പിക്കുകയും ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത വിദ്യാര്‍ഥികളെ വിസ്തരിച്ച് ഞങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്‌തെന്ന് ആതിര ട്രൂകോപ്പിയോട് പറഞ്ഞിരുന്നു.
‘സാധാരണ കോളേജ് പോലെയല്ല ഈ സ്ഥാപനമെന്നും സ്ഥാപനത്തിന് അതിന്റേതായ പാരമ്പര്യങ്ങളും നിയമങ്ങളുമുണ്ടെന്നും’ പ്രിന്‍സിപ്പൽ പറഞ്ഞുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ വോക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ഗേള്‍സ് ബ്ലോക്ക്, ബോയ്‌സ് ബ്ലോക്ക് എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ടെന്നും കുറെ വിദ്യാര്‍ഥികള്‍ കാമ്പസില്‍നിന്ന് ഒളിച്ചോടി കല്ല്യാണം കഴിച്ചിട്ടുണ്ടെന്നും ഇത് ഒഴിവാക്കാനാണ് ഇത്തരത്തില്‍ രണ്ട് ബ്ലോക്കാക്കിയതെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം. എനിക്കെന്തോ മാനസിക പ്രശ്‌നമാണെന്നും കോളേജിന്റെ നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇവിടെ നിന്ന് പുറത്തുപോകുന്നതാണ് നല്ലതെന്നും പ്രിന്‍സിപ്പാള്‍ വീണ വി.ആര്‍ പറയുകയും ചെയ്തതായി ആതിര ട്രൂകോപ്പിയോട് പറഞ്ഞിരുന്നു.
എന്നാല്‍ കോളേജിന്റെ അന്തസ്സിനും പെരുമാറ്റ മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചു, അദ്ധ്യാപകരോട് അപമര്യാദയായി പെരുമാറി എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കോളേജ് അധികൃതര്‍ 14 ദിവസത്തേക്ക് ആതിരയെ സസ്‌പെന്‍ഡ് ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് ആതിര ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് വീണ വി.ആര്‍. അന്ന് ട്രൂ കോപ്പിയോട് അഭിപ്രായപ്പെട്ടത്. പിന്നീട് അച്ചടക്കലംഘനമാരോപിച്ച് ആതിരയെ ഇവര്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
ഇതിനെതിരെ ആതിര ഹൈക്കോടതിയെ സമീപിച്ചു. സംഗീതം പോലെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് വളരെ പ്രാധാന്യമുള്ള ഒരു കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥിയുടെ ഒരു അക്കാദമിക് വര്‍ഷം മുഴുവന്‍ കളഞ്ഞ് സസ്‌പെന്‍ഷന്‍ വിധിച്ച കോളേജ് അധികാരികളുടെ തീരുമാനം തെറ്റാണെന്ന് ചുണ്ടിക്കാട്ടി ഹൈക്കോടതി സസ്‌പെന്‍ഷന്‍ സ്‌റ്റേ ചെയതു. സ്വാതി തിരുനാള്‍ കോളേജ് പോലെ ശാസ്ത്രീയകലകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ മുഴുവന്‍ ഗുരുകുല വിദ്യാഭ്യാസ രീതിയുടെ കാലഹരണപ്പെട്ട, വിധേയത്വത്തിന്റെ മൂല്യബോധങ്ങളെ പിന്‍തുടരുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രൂകോപ്പി ഒരു വിഡിയോ സ്‌റ്റോറി ചെയ്തിരുന്നു. കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് എതിര്‍ത്തെതെന്നും ആതിര അപമര്യാദയായി സംസാരിച്ചെന്നൊക്കെയാണ് വിഡിയോയില്‍ പ്രിന്‍സിപ്പൽ പറയുന്നത്. എന്നാല്‍ കോളേജിലെ പല വിദ്യാര്‍ത്ഥികളും നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനങ്ങളെക്കുറിച്ച് വീഡിയോയില്‍ സംസാരിച്ചിരുന്നു.
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
റിദാ നാസര്‍
Jan 22, 2023
2 Minutes Read
റിദാ നാസര്‍
Jan 21, 2023
18 Minutes Read
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
എസ്.കെ. മിനി
Dec 24, 2022
6 Minutes Read
റിദാ നാസര്‍
Dec 24, 2022
5 Minutes Read
Think
Dec 21, 2022
4 Minutes Read
റിദാ നാസര്‍
Dec 07, 2022
10 Minutes Read