ഇഷ്ടമുള്ളത് വെക്കാനും തിന്നാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ് ജനാധിപത്യം

തെരണ്ടി പൊരിച്ചത് മങ്ങലത്തിന് വെച്ച പാചകക്കാരന് ഒരു പേരുണ്ടായിരിക്കണം. ചില പേരുകൾ ഒരു വിശേഷാൽ പാചകപതിപ്പുകളിലും വന്നില്ല. ഇഷ്ടമുള്ളത് വെക്കാനും തിന്നാനുമുള്ള സ്വാതന്ത്ര്യത്തെയാണ് ജനാധിപത്യം എന്ന് പറയുന്നത്. മങ്ങലത്തിന് തെരണ്ടി പൊരിച്ച ആ പാചകക്കാർക്ക് ചരിത്രം ചക്കരപ്പന്തലുകൾ കെട്ടി കൊടുത്തിട്ടില്ല.

ങ്ങടെ മങ്ങലത്തിന് തെരണ്ടി പൊരിച്ചതായിരുന്നു, തെരണ്ടിക്ക് ചിക്കന്റെ
ഗമയായിരുന്ന് എന്ന് പറഞ്ഞ ആ വല്യാപ്പപ്പൻ ഇന്ന് ജീവിച്ചിരിപ്പില്ല. വല്യാപ്പപ്പനോടൊപ്പം കടല് കാണാൻ പോയിരുന്നു. കടലില് എന്താ കാണാന്ള ളളത്?

വല്യപ്പാപ്പൻ ചോദിച്ചു. വല്യപ്പാപ്പൻ തന്നെ മറുപടി പറയേം ചെയ്തു:

"കടലില് നെറയെ കടലാണ് !'

ആ കടലിൽ മീനുകൾ പൊളപൊളക്കുന്നു. വെള്ളം പൊട്ടിപ്പൊട്ടി കരയിലേക്ക് വര്ന്ന്. പിന്നേം തിരിച്ച് പോക്ന്ന്, ആരും പിടിച്ച് വെക്ക്ന്നില്ല.''

വല്യാപ്പൻ പറഞ്ഞ, ആ കടൽ ഒരു സദ്യയിലും കണ്ടില്ല.

തെരണ്ടി പൊരിച്ചത് മങ്ങലത്തിന് വെച്ച ആ പാചകക്കാരന് ഒരു പേരുണ്ടായിരിക്കണം. ചില പേരുകൾ ഒരു വിശേഷാൽ പാചകപതിപ്പുകളിലും വന്നില്ല.

ഇഷ്ടമുള്ളത് വെക്കാനും തിന്നാനുമുള്ള സ്വാതന്ത്ര്യത്തെയാണ് ജനാധിപത്യം എന്ന് പറയ്ന്നത്. മങ്ങലത്തിന് തെരണ്ടി പൊരിച്ച ആ പാചകക്കാർക്ക് ചരിത്രം ചക്കരപ്പന്തലുകൾ കെട്ടി കൊടുത്തിട്ടില്ല.

രണ്ട്: കൊയലപ്പം, മണ്ട, കാജ, മുട്ട മറിച്ചത്, കലാഞ്ചി, പഞ്ചാര സീറ്, തുർക്കിപ്പത്തില്, കലത്തപ്പം, ഓട്ടപ്പം, തൊടങ്ങി എത്രയെത്ര കടികള് ണ്ട്. കുട്ടികൾ നല്ല നല്ല കടികൾ തിന്ന് വളരേണ്ടേ. കടിച്ച് തിന്നാലേ വായിക്കും പല്ലിനും കട്ടിയ്‌ണ്ടാവൂ, കടിച്ച് തിന്നിണ്ടാവ്ന്നതാ കട്ടി.

ആമീത്ത പറഞ്ഞു.

മൂന്ന്: ബാലന്റെ ചായക്ക് നല്ല രുചിയാ. പഞ്ചാര കൊറഞ്ഞാലും കൊഴപ്പമില്ല. ഓന്റെ പഞ്ചാര വർത്താനം കേട്ടാ, ചായക്കെന്തിനാ പഞ്ചാര? ഷുഗറിന് ജാതിയില്ല. ആർക്കും വരാം. അപ്പോ ശരി.

"അഹോ പ്രശാന്തി

മഹാത്മാഗാന്ധി

ആത്മജ്ഞാനി

അഖില പ്രധാനി' എന്നെഴുതിയത് ആരാ? നല്ലളം ബീരാൻ. അറിയാവോ?

മൂസക്ക.

നാല്: ദേവസ്സി ഹോട്ടലിൽ കേറി.

"ഒര് പൊറോട്ട '

" കറി?'

"അയ്ന്റെ മേലെ എന്തെങ്കിലും മനാരിച്ചാ മതി.'

ആറ്: ഉസ്കൂളിന്ന് കഴിച്ച ആ ഉപ്പ് മാവിന്റെ രുചി പിന്നെ ഒര് ഹോട്ടലിന്ന് കഴിച്ച ഉപ്പ്മാവിനും ണ്ടായിട്ടില്ല. കണക്ക് മാഷ്ന്റെ അടീന്ന് കയ്ച്ചലായത് ഉപ്പ് മാവിന് സഹായിയായി നിന്നതോണ്ടാ.ഇപ്പോ ഉസ്കൂള് ന്ന് പറഞ്ഞാ എനക്ക് ഉപ്പ് മാവ് ണ്ടാക്ക്ന്ന സ്ഥലായിര്ന്നു'

ശംസു പറഞ്ഞു.

ഏഴ് : സദ്യ, കഥകളി ഒക്കെ കേരളത്തിന്റെ മൗലികമായ സംസ്കാരമാണ്. അതിന്റെ
പേരിൽ ബ്രാഹ്മണിക്കൽ ആരോപണം വേണ്ട. ഇട്ന്ന ട്രൗസറ് നോക്കി ജാതീം മതോം പറേണ്ട.

"അപ്പോ ഒര് സംശയം?'

"എന്താ?'

"എന്താ പേര്?'

"പേരറിഞ്ഞിട്ടു വേണം പൊരിക്കാൻ. ചങ്ങായീ അത് മനസ്സിലിരിക്കട്ടെ.'

എട്ട്: ഒന്നാന്തരം, രണ്ടാന്തരം എന്ന ഏർപ്പാടൊന്നും ഈ ചായപ്പീടികയിലില്ല. സ്ട്രോങ്ങ്, മീഡിയം, ലൈറ്റ്, വിത്ത്, വിത്തൗട്ട് ഒന്നും ല്ല. ഒറ്റച്ചായ. എന്റെ
നാവിന്ണങ്ങ്ന്ന ചായ. അത് കുടിച്ചാ മതി. വേണേങ്കില്. മഗ്രിബ് വാങ്ക് കൊടുക്കുമ്പോ ഞാൻ പീട്യ പൂട്ടും. സുബഹിക്ക് തൊറക്കും. ചായ കുടിക്കാന്ളള വിളിയാ സുബഹ്.

മമ്മൂഞ്ഞിക്ക.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments