ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
പഠിക്കാൻ കേരളം വിടേണ്ടിവന്ന
ഒരു വിദ്യാർഥി എഴുതുന്നു...
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം പഠിക്കാൻ കേരളം വിടേണ്ടിവന്ന ഒരു വിദ്യാർഥി എഴുതുന്നു...
2021-22 അധ്യയനവര്‍ഷം കേരളത്തിലെ ഒരു ഗവണ്‍മെൻറ് മ്യൂസിക് കോളേജില്‍ ഞാന്‍ ബി.എ. മ്യൂസിക്കിന് ചേരുകയും രണ്ടാമത്തെ സെമസ്റ്ററില്‍ വെച്ച് പഠനം നിര്‍ത്തുകയും ചെയ്തു. ഹിന്ദുസ്ഥാനി സംഗീതം അക്കാദമിക്കായി പഠിക്കണമെങ്കില്‍ ഉത്തരേന്ത്യയിലേക്ക് പോകേണ്ടിവരും. ഇത് രണ്ടുമല്ലാത്ത മ്യൂസിക്കിനെക്കുറിച്ച് പഠിക്കണമെങ്കില്‍ അതിനുള്ള അവസരം ഇവിടെയില്ല. കേരളത്തിലെ ശാസ്ത്രീയ സംഗീത പഠനത്തിലും സ്ഥാപനങ്ങളിലും നിലനിൽക്കുന്ന യാഥാസ്ഥിതിക മൂല്യബോധങ്ങളെയും സവർണതയെയും കുറിച്ച് ട്രൂ കോപ്പി നടത്തുന്ന അന്വേഷണത്തിൽ ഇടപെട്ട് എഴുതുന്നു, മുംബൈയിലെ ഹിന്ദുസ്ഥാനി മ്യൂസിക് വിദ്യാർഥിയായ വിശാഖ് വിശ്വനാഥന്‍.
11 Aug 2022, 02:18 PM
ആറു വര്‍ഷമായി ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതം അഭ്യസിക്കുന്ന ഒരാളാണ് ഞാന്‍. ഹിന്ദുസ്ഥാനി സംഗീതം വളരെ ഗൗരവമായി മനസിലാക്കുന്നതിനൊപ്പം മറ്റെല്ലാ സംഗീതശാഖകളോടും താത്പര്യം പുലര്‍ത്തുന്നയാളുമാണ്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട് ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ ലേഖനം എഴുതുന്നത്.
തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളേജിലുണ്ടായത് ലിംഗവിവേചന പ്രശ്നമാണ്. അതിനെ സംഗീതകോളേജില്‍ മാത്രമുള്ള ഒരു പ്രശ്നമായി കാണാന്‍ പറ്റില്ല, അത് ഒരുവിധം എല്ലാ സ്ഥലങ്ങളിലും കാണാന്‍ സാധിക്കും. അതുകൊണ്ടുതന്നെ അതിനെ ഒരു പൊതുവിഷയമായാണ് കാണേണ്ടത്. എല്ലായിടങ്ങളിലും കാണുന്ന ഒരു സാമൂഹികപ്രശ്നം എന്ന നിലയിലാണ് അതിനെ മനസിലാക്കേണ്ടത്.
ഇവിടെ പറയുന്നത് മറ്റൊരു വിഷയമാണ്. ഞാന്‍ 2021-22 അധ്യയനവര്‍ഷം കേരളത്തിലെ ഒരു ഗവണ്‍മെൻറ് മ്യൂസിക് കോളേജില്‍ ബി.എ. മ്യൂസിക്കിന് ചേരുകയും രണ്ടാമത്തെ സെമസ്റ്ററില്‍ വെച്ച് പഠനം നിര്‍ത്തുകയും ചെയ്തു. എന്റെ അഭിരുചിയുമായി കൂടി ബന്ധപ്പെട്ട കാരണം കൊണ്ടാണ് കോഴ്സ് നിര്‍ത്തേണ്ടിവന്നത്.
കര്‍ണാടക സംഗീതത്തോടുള്ള എന്റെ അഭിരുചി വളരെ കുറവാണ്. ഞാന്‍ പിന്നെ എന്തിന് സംഗീതകോളേജില്‍ പോയി എന്നു ചോദിച്ചാല്‍, സംഗീതത്തില്‍ ഒരു ബിരുദം വേണമെന്ന് തോന്നിയ ഘട്ടത്തിലാണ് ബി.എ. മ്യൂസിക്കിന് ചേരുന്നത്. അക്കാദമിക്കായും അല്ലാതെയും സംഗീതം കൂടുതല്‍ പഠിക്കണമെന്ന് താത്പര്യമുണ്ട്. അതോടൊപ്പം, ഒരു ബിരുദം കൂടി വേണമെന്ന ആഗ്രഹമുണ്ടായി.
സംഗീതത്തില്‍ ബിരുദമെടുക്കണമെന്നാഗ്രഹിക്കുന്ന കേരളത്തിലുള്ള ഒരാള്‍ക്ക് കര്‍ണാടക സംഗീതം പഠിക്കാന്‍ മാത്രമെ ഇവിടെ അവസരമുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. സംഗീതം അക്കാദമിക്കായി പഠിക്കണമെങ്കില്‍ കര്‍ണാടക സംഗീതം മാത്രം പഠിച്ചാല്‍ മതിയെന്ന സ്ഥിതി കേരളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ട്. ഹിന്ദുസ്ഥാനി സംഗീതം അക്കാദമിക്കായി പഠിക്കണമെങ്കില്‍ ഉത്തരേന്ത്യയിലേക്ക് പോകേണ്ടിവരും. ഇത് രണ്ടുമല്ലാത്ത മ്യൂസിക്കിനെക്കുറിച്ച് പഠിക്കണമെങ്കില്‍ അതിനുള്ള അവസരം ഇവിടെയില്ല.
പതിറ്റാണ്ടുകളായി കോളേജുകളുടെ അകം പല രീതിയില്‍ വരേണ്യവത്കരിക്കപ്പെട്ടാണ് നില്‍ക്കുന്നത്. അതില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഇഷ്ടമുള്ള വിഷയത്തില്‍ ബിരുദം നേടുക എന്നത് ഒരാളുടെ അവകാശമാണ്. അങ്ങനെയുള്ള ഒരു വിദ്യഭ്യാസ സമ്പ്രദായത്തില്‍ ഏതെങ്കിലും ഒരു സംഗീതശാഖ മാത്രം പഠിച്ചാല്‍ മതി എന്ന് പറയുന്നത് ഫാസിസ്റ്റ് സമീപനമല്ലേ?. കാരണം, കേരളത്തിലെ സര്‍വകലാശാലകളിലുള്ള ബി.എ. മ്യൂസിക്, എം.എ. മ്യൂസിക് കോഴ്സുകളുടെ സിലബസുകളിലെല്ലാം പ്രധാനമായിട്ടുള്ളത് കര്‍ണാടക സംഗീതമാണ്. കര്‍ണാടക സംഗീതം അല്ലാത്ത സംഗീതശാഖകളെക്കുറിച്ച് ഒരു പേജില്‍ കവിയാത്ത ഒരു നോട്ട് മാത്രമേ സിലബസില്‍ പരമാവധി കാണാന്‍ പറ്റൂ. കര്‍ണാടക സംഗീതമല്ല എന്റെ അഭിരുചി എന്നിരിക്കെ എനിക്ക് ഇവിടെ സംഗീതത്തില്‍ ബിരുദം നേടാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയാണ് ഉത്തരം. ഇതൊരു വലിയ പ്രശ്നം തന്നെയാണ്.

പതിറ്റാണ്ടുകളായി പരിഷ്‌കരിക്കപ്പെടാത്ത സിലബസാണ് കേരളത്തിലെ സംഗീത കോളേജുകളിലെല്ലാമുള്ളത്. ഈ സിലബസ് പരിഷ്‌കരിക്കപ്പെടണം. ഒന്നുകില്‍ പൊതുവായി എല്ലാ സംഗീതധാരകളെയും ഉള്‍പ്പെടുത്തണം, പിന്നീട് ഇഷ്ടമുള്ള സംഗീതധാരയില്‍ സ്പെഷ്യലൈസ് ചെയ്ത് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടാനുള്ള അവസരം നല്‍കണം. അതല്ലെങ്കില്‍ കര്‍ണാടക സംഗീതത്തിനൊപ്പം മറ്റു സംഗീതവിഭാഗങ്ങളിലും ബിരുദ കോഴ്സുകള്‍ തുടങ്ങണം. ഇതിലേതെങ്കിലുമൊരു രീതിയില്‍ സംഗീത കോളേജുകളിലെ സിലബസ് പരിഷ്‌കരിക്കേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. കര്‍ണാടക സംഗീതത്തിന്റെ പ്രത്യേകതകളും പരിമിതികളുമൊക്കെ നമുക്കറിയാം. ഒരു സംഗീത വിദ്യാര്‍ഥിയെ സംബന്ധിച്ച് അവരുടെ അഭിരുചിക്കനുസരിച്ച് ഒരു സംഗീത ബിരുദം നേടാന്‍ നമ്മുടെ സര്‍വകലാശാലകളിലോ വിദ്യാഭ്യാസ സമ്പ്രദായത്തിലോ സാധിക്കില്ല എന്നത് ഒരു പ്രശ്നം തന്നെയാണെന്ന് എനിക്ക് വളരെ കാലമായി തോന്നിയിട്ടുള്ളതാണ്. ഇതൊക്കെ മനസിലാക്കിയാണ്, എനിക്കതില്‍ അഭിരുചി കുറവാണ് എന്നറിഞ്ഞിട്ടും സംഗീത ബിരുദം നേടാന്‍ മറ്റു വഴികളില്ലാത്തതിൽ ഞാന്‍ ബി.എ. മ്യൂസിക്കിന് ചേര്‍ന്നത്. എങ്ങനെയെങ്കിലും പഠിച്ച് ബിരുദം നേടണമെന്ന ആഗ്രഹത്തിലാണ് കോളേജില്‍ ചേര്‍ന്നത്. പക്ഷെ, തുടരാന്‍ കഴിഞ്ഞില്ല.
നഞ്ചമ്മ എന്ന ഗായികയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ പല ഭാഗത്തുനിന്നുമുണ്ടായ അസഹിഷ്ണുതയൊക്കെ സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. സംഗീതത്തിന്റെ തലതൊട്ടപ്പന്‍ ശാസ്ത്രീയസംഗീതമാണ്, അതിനുതാഴെയാണ് മറ്റെല്ലാം എന്ന തോന്നല്‍ ആളുകളുടെ മനസ്സില്‍ നിലനില്‍ക്കുന്നതുകൊണ്ടായിരിക്കാം മറ്റു സംഗീതശാഖകളെ വിലകുറച്ചു കാണുകയും ശാസ്ത്രീയസംഗീതമാണ് പഠിക്കേണ്ടത് എന്ന് പറയുകയും ചെയ്യുന്നത്. കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ സമൂഹത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അതിനനുസരിച്ച് എല്ലാ മേഖലയിലും മാറ്റം വരുത്തേണ്ടതുണ്ട്.
മുംബൈ ആസ്ഥാനമായ ഓപൺ യൂണിവേഴ്‌സിറ്റി 'അഖിൽ ഭാരതീയ ഗന്ധർവ മഹാവിദ്യാലയ മണ്ഡലി’ൽ ഹിന്ദുസ്ഥാനി മ്യൂസികിൽ 'സംഗീത് വിശാരദ്' എന്ന ഏഴുവർഷ ഡിപ്ലോമ കോഴ്സ് വിദ്യാർഥി.
മുസ്തഫ ദേശമംഗലം
Jan 26, 2023
7 Minutes Read
രശ്മി സതീഷ്
Jan 11, 2023
3 Minutes Read
എസ്. ശാരദക്കുട്ടി
Jan 10, 2023
3 minute read
അനു പാപ്പച്ചൻ
Dec 31, 2022
5 Minutes Read
പുഷ്പവതി
Nov 17, 2022
15 Minutes Read
എസ്. ബിനുരാജ്
Nov 02, 2022
6 Minutes Read
Truecopy Webzine
Oct 27, 2022
2 Minutes Read