The Great Indian Kitchen:
മനുഷ്യാന്തസ്സ് വേവുന്ന
ഭാരതീയ അടുക്കളകള്‍
The Great Indian Kitchen: മനുഷ്യാന്തസ്സ് വേവുന്ന ഭാരതീയ അടുക്കളകള്‍
16 Jan 2021, 09:22 AM
അടുക്കളയുടെ അധികാരി ആരാണ്? സ്ത്രീയും അടുക്കളയും തമ്മിലുള്ള ബന്ധമെന്താണ്? "അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്' എന്ന വി.ടി യുടെ നാടകപ്പേര് മാത്രമല്ല "നമ്മുടെ അടുക്കള തിരിച്ചു പിടിക്കുക' എന്ന സാറാജോസഫിന്റെ ആഗോളീകരണ വിരുദ്ധ അടുക്കള വീണ്ടെടുക്കല്‍ മുദ്രാവാക്യവും മലയാളികള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അവിടന്നൊരു തലമുറയ്ക്കുശേഷമുള്ള ഒരു അടുക്കളയിലെ കഥയാണ് The Great Indian Kitchen.
കുറുവ അരിയുടെ വേവ് എത്ര വിസിലാണ്? വെണ്ടയ്ക്കക്കഷണത്തിന്റെ നീളമെത്രയാണ്? ഓരോ വീടിന്റെ ഭക്ഷണശീലങ്ങളും രുചിയും വേവും പഠിച്ചെടുക്കലും സ്വീകാര്യത നേടലും അവിടെ കയറി വരുന്ന ഓരോ പുത്രവധുവും കാലങ്ങള്‍ കൊണ്ടാണ് സാധിച്ചെടുക്കാറ്. അതുകഴിഞ്ഞ് അടുക്കളയുടെ ഭരണമേറ്റെടുക്കുന്ന ഒരു കാലം വരും. പിന്നെ കരിയര്‍ നഷ്ടബോധത്തിന്റെ ഒരു കാലം വരും. ഇതൊക്കെ കഴിഞ്ഞ കാലത്താണ്. എന്നാല്‍ ഇവയ്ക്ക് വേഗം കൂടിയാലോ? 2019-20 കാലഘട്ടത്തിലെ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷം ഈ തിരിച്ചറിവുകളുടെ വേഗം കൂട്ടുന്ന ചലച്ചിത്രമാണ് "മഹത്തായ ഭാരതീയ അടുക്കള'.

അടുക്കളക്കാഴ്ചകള്‍ ഏറെക്കൂടിയ, യൂട്യൂബ് പാചക റെസിപ്പികളൂടെ ക്ലോസപ്പ് വീഡിയോ ഷോട്ടുകള്‍ കണ്ടു ശീലിച്ച, ഈ കോവിഡ് കാലത്ത് സ്റ്റ്രീമിങ് വഴി എത്തുന്ന ഈ "ഹോം സിനിമയിലും' മനോഹരമായ ക്ലോസപ്പ് പാചകക്കാഴ്ചകള്‍ പ്രമേയത്തിനൊപ്പമുണ്ട്. ഗ്യാസ് സ്റ്റൗവും ഫ്രിഡ്ജും മിക്സിയും വാഷിങ് മെഷീനുമുള്ള, പൈപ്പില്‍ വെള്ളം വരുന്ന അടുക്കളയിലേയ്ക്ക് ഒരു നായര്‍ തറവാട്ടിലെ ജോലിയുള്ള ഒറ്റമകന്റെ ഭാര്യയായി കല്യാണം കഴിച്ചുവരുന്ന ഗള്‍ഫ്കാരന്റെ മകളുടെ കഥയാണ് ഈ ചിത്രം. ഒരു ഫിറ്റ്‌നസ് ബാന്‍ഡ് നിമിഷ സജയന്റെ കഥാപാത്രത്തിനുണ്ടായിരുന്നെങ്കില്‍ ഒരു ഇരുപതിനായിരം സ്റ്റെപ്പെങ്കിലും ദിവസം മിനിമം നടക്കേണ്ടത്ര പണിയുള്ളത്ര വീട്. ഈ അന്തരീക്ഷത്തില്‍ പിതൃമേധാവിത്വം, മനുഷ്യാന്തസ്സ്, സ്വയം നിര്‍ണയാവകാശം, ഓട്ടോണമി, Unpaid Care, അഭിപ്രായസ്വാതന്ത്ര്യം, തൊഴില്‍ തുടങ്ങിയ വിഷയങ്ങളെച്ചുറ്റിപ്പറ്റിയാണ് ഈ ചിത്രം വികസിക്കുന്നത്.
ഇന്ത്യയില്‍ ഒരു സ്ത്രീ ചെയ്യുന്ന ശമ്പളമില്ലാത്ത വീട്ടുജോലി പുരുഷന്മാര്‍ ചെയ്യുന്നതിന്റെ 9.8 ഇരട്ടിയോളം വരുമെന്ന് നീതി ആയോഗിന്റെ 2017 ലെ റിപ്പോര്‍ട്ടുണ്ട്. സ്ത്രീകളുടെ ജോലിയുടെ ഈ ഒരു പ്രധാന ഭാഗം ഈ തീയതി വരെ സാമൂഹികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ശമ്പളമില്ലാത്ത വീട്ടുജോലിയെന്നത് എത്രത്തോളം ശാരീരികവും മാനസികവും വൈകാരികവുമായ അധ്വാനമാണെന്ന നിലപാട് നമ്മളെയൊക്കെ ഞെട്ടിക്കുന്നപ്പോലെ ശക്തമായ രാഷ്ട്രീയ ഭാഷയില്‍ ഈ സിനിമ കാണിക്കുന്നുണ്ട്. ഒരിക്കലും വീട്ടുജോലിയെ "യഥാര്‍ത്ഥ' ജോലിയായി കണക്കാക്കാത്തതിനാല്‍, അതില്‍ നിന്ന് ജീവിതാവസാനം വരെ "പ്രയോജനം' നേടുന്ന പുരുഷന്മാരെ (ചിലരെയെങ്കിലും) ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു സിനിമയാണിത്.
കഴിഞ്ഞ ഒക്റ്റോബറില്‍ പുറത്തുവന്ന 2019 ലെ നാഷണല്‍ ടൈം യൂസേജ് സര്‍വ്വേ പ്രകാരം 57.3 ശതമാനം പുരുഷന്മാര്‍ക്കും വരുമാനമുള്ള തൊഴിലുള്ളപ്പോള്‍ വരുമാനമുള്ള തൊഴിലുള്ള സ്ത്രീകള്‍ രാജ്യത്തെ സ്ത്രീകളുടെ 18.4 ശതമാനം മാത്രമാണ് . "ഒന്നാം ജോലി'യായി സ്ത്രീകള്‍ ശമ്പളം ലഭിക്കാത്ത ഗാര്‍ഹിക പരിപാലനത്തിന് ആവശ്യമായ കുക്കിങ്, ക്ലീനിങ്, ഷോപ്പിങ് തുടങ്ങി കുടുംബത്തിലെ പ്രായമായവരേയും കുട്ടികളേയും നോക്കലുമെല്ലാം ഏറ്റെടുക്കുമ്പോഴും, ശമ്പളമുള്ള തൊഴിലെന്നത് "രണ്ടാം ജോലി' ആയിമാറുമ്പോള്‍ പോലും ഇന്ത്യന്‍ വര്‍ക്ക്‌ഫോഴ്സില്‍ സ്ത്രീകളുടെ ശതമാനത്തിന് കുറവുണ്ടാകുന്നു. ഇന്ത്യന്‍ സമൂഹത്തിലെ ലിംഗപരമായ ഈ അസമത്വം ഒരു സാമൂഹിക പ്രശ്‌നം മാത്രമല്ല സാമ്പത്തിക യാഥാര്‍ത്ഥ്യവുമാണ് എന്ന് ഗവണ്മെന്റുകള്‍ മനസ്സിലാക്കുകയും വിദ്യാസമ്പന്നരായ സ്ത്രീകളുടെ വര്‍ക്ക് ഫോഴ്സിലേയ്ക്കുള്ള കടന്ന് വരവിന് പ്രോത്സാഹനം നല്‍കാന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ ജോലിയ്ക്ക് ചേരാന്‍ സ്ത്രീകളെ പിന്തിരിപ്പിക്കുന്ന കള്‍ച്ചറല്‍ കടമ്പകളും ഗാര്‍ഹികാന്തരീക്ഷത്തിലെ അമിത അധികജോലി ഭാരവും റിഫ്ലെക്ട് ചെയ്യാന്‍ സിനിമ സഹായകരമാണ്.

കഴിഞ്ഞ ആഴ്ചയാണ് നമ്മുടെ പ്രബുദ്ധ കേരളത്തില്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ബ്യൂട്ടീഷ്യന്‍ കോഴ്സിന് ചേര്‍ന്ന ഭാര്യയെ അവര്‍ ജോലി പരിചയിക്കുന്ന സ്ഥലത്തെത്തി ഭര്‍ത്താവ് പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. കുടുംബവരുമാനം കൂടുമെങ്കിലും സ്ത്രീകള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം അവരുടെ സ്വയം നിര്‍ണ്ണായാവകാശത്തെ ശക്തിപ്പെടുത്തുമെന്ന് ഇന്നും നമ്മുടെ സമൂഹം ഭയപ്പെടുന്നു. സിനിമയില്‍ തന്നെ നായികയുടെ സോഷ്യല്‍മീഡിയ ബിഹേവിയറിന് മുകളില്‍ വരെ എങ്ങനെയാണ് പാട്രിയാര്‍ക്കി ഒരു സാമൂഹികനിയന്ത്രണത്തിനുള്ള "ടൂള്‍' ആയി പ്രവര്‍ത്തിക്കുന്നതെന്നും കാണിക്കുന്നുണ്ട്.
തൊഴിലിടത്തെ ശുചിത്വം ഉറപ്പുവരുത്തല്‍ ഉടമയുടെ ചുമതലയാണെങ്കില്‍ തൊഴിലിടം വീടാവുമ്പോള്‍ അത് സ്ത്രീയുടെ മാത്രം ബുദ്ധിമുട്ടായി മാറുന്നു. ലൈറ്റ് കെടുത്തിമാത്രം സ്ത്രീയെ അഭിമുഖീകരിയ്ക്കാന്‍ കഴിയുന്ന, എന്നാല്‍ അവളെ മനസ്സിലാക്കാന്‍ വിസമ്മതിയ്ക്കുന്ന വിശ്വാസിയായ പുരുഷനായി സുരാജ് തന്റെ റോള്‍ ഭദ്രമാക്കിയിരിയ്ക്കുന്നു. നിമിഷ സജയന്റെ നായികാകഥാപാത്രം സ്വാതന്ത്ര്യബോധവും മനുഷ്യാന്തസ്സും ഉയര്‍ത്തിപ്പിടിച്ച് തന്റെ സ്വയനിര്‍ണ്ണയാവകാശം ഉപയോഗിച്ച് നടത്തുന്ന ഒറ്റയാള്‍ കലാപം വ്യക്തിപരം മാത്രമല്ല സ്ത്രീകളോട് ഈ സമൂഹം ചെയ്യുന്ന ഗുരുതരമായ അതിക്രമങ്ങള്‍ക്കും നേരെക്കൂടിയുള്ളതാണ്.
മനുഷ്യാന്തസ്സിനെ ചവിട്ടിത്തേയ്ക്കാനും സ്നേഹത്തിന്റെ ഭാഷയില്‍ അടച്ചു വേവിയ്ക്കാനും വിശ്വാസ ആചാരനിബദ്ധതകളുടെ പേരില്‍ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്താനും ഒക്കെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ആദ്യമായി നായിക പൊരുതാന്‍ തയ്യാറാവുന്നത് അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ശ്രമിയ്ക്കുമ്പോണ്. മൊബൈല്‍ ഇന്റര്‍നെറ്റ് ഹോസ്റ്റലില്‍ ഉപയോഗിക്കുന്നത് തടഞ്ഞതിനെതിരെ ഹൈക്കോടതിയില്‍ പോയി ഇന്റര്‍നെറ്റ് അടിസ്ഥാന അവകാശമാണെന്ന വിധി നേടിയ വിദ്യാര്‍ത്ഥിനികളുള്ള നാടാണ് കേരളം.
തുല്യതാവകാശങ്ങളില്‍ ലവലേശം താല്‍പര്യമില്ലാത്ത ReadyToWait കുലസ്ത്രീകളെപ്പോലും ചിന്തിപ്പിക്കാന്‍ സാധ്യതയുള്ളതാണ് ഈ ചിത്രം. എന്തായാലും ഈ സിനിമ പല വീടുകളിലും അധികാരസമവാക്യ ഇളക്കലുകളും പൊട്ടിത്തെറികളും ഉണ്ടാക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. സിനിമ കണ്ട് ആദ്യമായി "തിരിച്ചറിവു'ണ്ടായ പുരുഷന്മാര്‍ ഞെട്ടിപ്പിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകളിടുന്നതിനുമുമ്പ് സിങ്കിലെ പാത്രങ്ങളെങ്കിലും കഴുകി വെയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അടുക്കള പണിയില്‍ "തിയറി'യേക്കാള്‍ പ്രാക്ടിക്കലേ നടപ്പുള്ളൂ. അതൊന്നോര്‍ത്താല്‍ കൊള്ളാം.
ബൈദവേ ഈ സിനിമ ഉണ്ടാക്കുന്ന സാമൂഹ്യവിപ്ലവത്തിനുശേഷം അടുക്കളയില്‍ പുരുഷന്മാരെത്തുന്നതോടെ ഉണ്ടായേക്കാവുന്ന "ഗാഡ്ജെറ്റ്' പ്രളയം കാണാനായാണ് ഞാന്‍ കാത്തിരിക്കുന്നത് (നെറ്റ്ഫ്ളിക്സില്ലാതെ എങ്ങനെ അടുക്കളയില്‍ 'ചില്‍' ചെയ്യും! ).

പ്രഭാകരൻ
17 Jan 2021, 06:52 AM
എഴുത്തിൻ്റെ തറപ്പ് കുറഞ്ഞു പോയി
PC Jose
16 Jan 2021, 01:14 PM
good.
ഷീജ വിവേകാനന്ദൻ
16 Jan 2021, 12:08 PM
മിടുക്കി നന്നായി കണ്ടെത്തിയിരിക്കുന്നു
ബി. ഉണ്ണികൃഷ്ണൻ / അലി ഹെെദർ
Mar 06, 2021
11 Minutes Read
രഞ്ജിത്ത് / ടി. എം. ഹര്‍ഷന്‍
Mar 05, 2021
55 Minutes Watch
സേതു
Feb 19, 2021
5 Minutes Read
വേണു
Feb 17, 2021
52 Minutes Listening
ഡോ.ദീപേഷ് കരിമ്പുങ്കര
Feb 10, 2021
18 Minutes Read
Suresh Nellikode
17 Jan 2021, 11:40 AM
There's an urgent need of installing CC camera in every kitchen. Each household has a story to tell