കാശ്മീർ ഫയൽസ്:
ഹോളോകാസ്റ്റിക് വംശീയതയുടെ
ഭയപ്പെടുത്തുന്ന ആവര്‍ത്തനം
കാശ്മീർ ഫയൽസ്: ഹോളോകാസ്റ്റിക് വംശീയതയുടെ ഭയപ്പെടുത്തുന്ന ആവര്‍ത്തനം
വി.പി. സിങ്ങിന് കൊടുത്ത പിന്തുണ ബി.ജെ.പി. പിൻവലിച്ചത് കാശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ടായിരുന്നില്ല. അദ്ധ്വാനിയുടെ രഥയാത്ര തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു എന്നതാണ് കൗതുകകരം. ചരിത്രത്തിൽ ഇന്നുവരെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനം ഒരു രാഷ്ട്രീയ ആയുധം എന്നതിലുപരി മനുഷ്യാവാകാശ പ്രശ്നമായി ബി.ജെ.പി. കണ്ടിട്ടില്ല, പരിഗണിച്ചിട്ടുമില്ല.
22 Mar 2022, 10:42 AM
1917 ൽ അമേരിക്കയിൽ ഒരു സിനിമ പ്രദർശിപ്പിച്ചു. "The Black Stork' എന്നായിരുന്നു സിനിമയുടെ പേര്. ആ സിനിമയിൽ അഭിനയിച്ച ഡോ. ഹാരി ഹൈസൾഡൺ ഷിക്കാഗോയിലെ പ്രശസ്തനായ ഡോക്ടർ ആയിരുന്നു. ചിത്രം നിർമ്മിക്കുന്നതിന് കാരണമായ ഒരു ദയനീയ സംഭവം 1915 ഹാരി ജോലിചെയ്തിരുന്ന German-American Hospital ലുണ്ടായി. 1915 നവംബർ 15 നു അന്ന ബോളിംഗർ എന്ന സ്ത്രീ ശാരീരിക വൈകല്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകി. ചെറിയ ഒരു ശസ്ത്രക്രിയയിലൂടെ ആ കുട്ടിയെ രക്ഷപ്പെടുത്താനാകും ജൂനിയർ ഡോക്ടർമാർ ശുപാര്‍ശ ചെയ്തിട്ടും ഹാരി ഹൈസൾഡൺ സർജറിക്ക് അനുമതി നൽകിയില്ല. അതിന്റെ കാരണമായിരുന്നു കൗതുകകരം. ശസ്ത്രക്രിയ നടത്തിയാൽ കുട്ടി രക്ഷപ്പെടാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് ഒരുകാരണവശാലും ശസ്ത്രക്രിയ നടത്തിക്കൂടാ, പ്രകൃതിയുടെ തീരുമാനങ്ങൾക്കെതിരെ വൈകല്യങ്ങൾ ചികിത്സിച്ചു മാറ്റരുത് എന്നാണു അദ്ദേഹം പറഞ്ഞത്.
ചികിത്സ നിഷേധിക്കപ്പെട്ട കുട്ടി മരിച്ചു. ഈ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച "The Black Stork' എന്ന ചിത്രത്തിന്റെ പരസ്യവാചകം Kill Defectives, Save the Nation and See "The Black Stork' എന്നായിരുന്നു. രോഗവും, കുറ്റവാസനയും, അംഗവൈകല്യവും തലമുറകൾവഴി പകർന്നു കിട്ടുന്നതാണെന്നും ഇവയൊന്നുമില്ലാത്ത നല്ല ഒരു ലോകമുണ്ടാകാൻ ഇത്തരക്കാരെ മരിക്കാൻ അനുവദിക്കുകയും അതിലുപരി ഇവർക്ക് മക്കളുണ്ടാകാതിരിക്കാനും വേണ്ടതെല്ലാം ചെയ്യണം എന്നു ഹാരി വിശ്വസിച്ചിരുന്നു. ക്രമേണ നിയമനിര്‍മാതാക്കളും രാഷ്ട്രീയ നേതാക്കന്മാരും ആരോഗ്യപ്രവർത്തകരും ഈ ആശയത്തിന്റെ പ്രായോജകരായി മാറി. ജീവിക്കാൻ യോഗ്യതയുള്ളവരും അര്‍ഹതയില്ലാത്തവരും എന്ന ഗണത്തിലേയ്ക്ക് മനുഷ്യനെ തിരിച്ചു നിർത്തിയ ഒരു കപടശാസ്ത്രമായി യൂജെനിക്സ് അധഃപതിച്ചു.
മനുഷ്യൻ എന്ന സങ്കീർണ്ണമായ ജീവിയെ, അതിന്റെ അതിസങ്കീർണ്ണമായ പ്രത്യേകതകളെ എല്ലാം ശാരീരിക യോഗ്യതകളുടെ അടിസ്ഥാനത്തിൽ ഫിറ്റ് - അൺഫിറ്റ് എന്നീ രണ്ട് കോളത്തിലേയ്ക് ഒതുക്കി നിറുത്തി. ഈ ആശയത്തിന് അമേരിക്കയിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട പ്രൊപ്പഗാണ്ട ആയിരുന്നു "The Black Stork" എന്ന നിശബ്ദചിത്രം. 1939 വരെ തെരുവുകളിലും തീയേറ്ററുകളിലും ആ ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദര്‍ശിക്കപ്പെട്ടു.

കാര്യങ്ങൾ അവിടം കൊണ്ട് അവസാനിച്ചില്ല. അമേരിക്കയിൽ നിന്നും ജർമ്മനിയിലേക്ക് ഈ ആശയം എത്തിച്ചെർന്നത് നിര്‍ഭാഗ്യവശാൽ ഹിറ്റ്‌ലറിന്റെ
കാലത്തായിരുന്നു. അവർ രണ്ട് കാര്യങ്ങൾ കൂടി ഈ ആശയത്തോട് കൂട്ടിച്ചേർത്തു - ഒന്നാമത്, യൂറോപ്പിൽ പ്രബലമായിരുന്ന യഹൂദപ്രശ്നത്തിന്റെ (Jewish Problem) പരിഹാരമായി അൺഫിറ്റ് എന്ന കള്ളിയിൽ യഹൂദനെക്കൂടി ചേർത്തുവച്ചു. രണ്ടാമത്, അൺഫിറ്റ് ആയവരെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുകയല്ല, ഇല്ലായ്മചെയ്യണം എന്ന ആശയം കൂടി കൂട്ടിച്ചേർത്തു. അറുപത്തി അഞ്ച് ലക്ഷം മനുഷ്യരുടെ കൂട്ടകുരുതിയുടെ സൈദ്ധാന്തിക പിൻബലം യൂജെനിക്സ് എന്ന ആശയത്തിനുണ്ടായത് ഇങ്ങനെയാണ്. ഹോളോകോസ്റ്റിന് രാഷ്ട്രീയവും വംശീയവുമായ മറ്റു കാരണങ്ങളുമുണ്ട്, എങ്കിലും ഹിറ്റ്‌ലര്‍ക്ക് ഏറ്റവും കൂടുതൽ കടപ്പാട് അമേരിക്കയോടാണയുള്ളത്. ലോകം കണ്ട ഏറ്റവും ഹീനമായ വംശഹത്യയായ "ഹോളോകോസ്റ്റ്' ന്റെ കാരണങ്ങൾ തിരഞ്ഞു ചെന്നാൽ ചെറുതല്ലാത്ത സംഭാവന "The Black Stork' എന്ന ബ്ളാക് & വൈറ്റ് ചിത്രം നൽകിയിട്ടുണ്ട് എന്ന് കണ്ടെത്താൻ പ്രയാസമില്ല.
പറഞ്ഞുവന്നത് ഇന്ത്യയിൽ ഇപ്പോൾ റിലീസ് ആയ "കാശ്മീർ ഫയൽസ്' എന്ന ചിത്രത്തെക്കുറിച്ചാണ്. സിനിമ കണ്ടു. വലിയ നിരാശയും ദുഖവും തോന്നി. ഏത് ചരിത്ര സംഭവത്തെയും കുറിച്ച് ഒരു സംവിധായകന്റെ കണ്ണിലൂടെ ഒരു ഫിക്ഷൻ സിനിമ എടുക്കാൻ അവകാശമുണ്ട് എന്ന് കരുതുന്നു. പക്ഷെ, രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചിത്രം കാണാൻ ശുപാര്‍ശ ചെയ്യുമ്പോൾ, അഞ്ചു സംസ്ഥാനങ്ങളിൽ ചിത്രത്തിന് വിനോദ നികുതി ഒഴിവാക്കി കൊടുത്തിരിക്കുന്നു എന്നറിയുമ്പോൾ- അതിനു ഒരു രാഷ്ട്രീയമാനം കൂടിയുണ്ട് എന്ന് മനസിലാക്കുന്നു.
ചിത്രത്തിൽ വസ്തുതാ വിരുദ്ധമായ ധാരാളം കാര്യങ്ങളുണ്ട് എന്ന് ബന്ധപ്പെട്ട മേഖലയിലുള്ളവർ പറയുന്നു- അത് ചർച്ച ചെയ്യേണ്ട വിഷയമാണ്. എങ്കിലും അതിലേയ്ക്ക് കടക്കുന്നില്ല. കാശ്മീരി പണ്ഡിറ്റുകളുടെ പലായനവും 90 കളുടെ ആദ്യത്തിൽ നടന്ന അക്രമങ്ങളും ഒരു ചരിത്ര സത്യമാണ്. പക്ഷെ, സിനിമ പറയാത്ത ഒരു സത്യമുണ്ട്. ആ സംഭവങ്ങൾ നടക്കുമ്പോൾ യൂണിയൻ ഗവണ്‍മെന്റ് ഭരിച്ചിരുന്നത് ബിജെപി പിന്തുണയോടെ വി.പി. സിംഗ് ആയിരുന്നു. മുഖ്യമന്ത്രി രാജിവച്ചതിനാൽ അക്രമങ്ങൾ മൂർച്ഛിച്ച സമയത്ത് യൂണിയൻ സർക്കാർ നിയമിച്ച ഗവർണർ ജഗ്‌മോഹന്റെ നിയന്ത്രണത്തിലായിരുന്നു കാശ്മീർ. (ജഗ്മോഹൻ അത്ര കുറഞ്ഞ ആളല്ല - കോൺഗ്രസിൽ ആയിരുന്നപ്പോൾ കുപ്രസിദ്ധമായ ഡൽഹിയിലെ ചേരികൾ കുടിയൊഴിപ്പിക്കുന്ന ഹീനമായ പ്രവർത്തിയുടെ മുഖ്യ ഉപദേശകനും സഞ്ജയ്ഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. അടിയന്തരാവസ്ഥകാലത്തെ ഇന്ദിരയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരനുമായിരുന്നു. അവസാനം ഇത്തരക്കാർ എത്തിച്ചേരേണ്ട ലാവണമായ ബി.ജെ.പിയിൽ തന്നെ ജഗ്മോഹൻഎത്തിച്ചേർന്നു എന്നത് തികച്ചും സ്വാഭാവികം) പിന്നീട് വി.പി. സിങ്ങിന് കൊടുത്ത പിന്തുണ ബി.ജെ.പി. പിൻവലിച്ചത് കാശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ടായിരുന്നില്ല. അദ്ധ്വാനിയുടെ രഥയാത്ര തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു എന്നതാണ് കൗതുകകരം. ചരിത്രത്തിൽ ഇന്നുവരെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനം ഒരു രാഷ്ട്രീയ ആയുധം എന്നതിലുപരി മനുഷ്യാവാകാശ പ്രശ്നമായി ബി.ജെ.പി. കണ്ടിട്ടില്ല, പരിഗണിച്ചിട്ടുമില്ല.
പലായനം ചെയ്യപ്പെട്ട പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് സംഭാവനകൾ നൽകിയത് കോൺഗ്രസ്സ് ആയിരുന്നു ബി.ജെ.പി. എന്നും മുറിവ് ഉണങ്ങാതെ അതൊരു "സുവർണ്ണ അവസരമായി' ഇന്നും കൊണ്ട് നടക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ കണക്കുകൾനിരത്തി അവകാശപ്പെട്ടു കഴിഞ്ഞു. എട്ടുവർഷം ബി.ജെ.പി. ഭരിച്ചിട്ടും കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം പൂർത്തിയാക്കാനായില്ലെങ്കിൽ അതിലെന്തൊപ്രശ്നമുണ്ട് എന്ന് ന്യായമായും കരുതാം. രാമക്ഷേത്ര നിർമ്മാണം, രഥയാത്ര, തുടങ്ങിയ രാജ്യപുരോഗതിയ്ക്ക് ഒരു തരത്തിലും പ്രയോജനപ്പെടാത്ത വർഗ്ഗീയധ്രുവീകരണത്തിന്റെ വഴികളിലൂടെയായിരുന്നു അന്ന് (എന്നും) ബി.ജെ.പിയുടെ പ്രവർത്തനങ്ങൾ.
ഇതൊന്നുമല്ല പറയാൻ വന്നത്. റുവാണ്ടയിലെ വംശഹത്യ നടന്നത് നമ്മുടെ കാലത്താണ്. വെട്ടിയും കുത്തിയും എട്ടു ലക്ഷത്തോളം ടുട്സികളെ ഒരേ മുറ്റമായി കഴിഞ്ഞിരുന്ന ഹ്യൂടു വംശജർ കൊന്നു കളഞ്ഞു. അതിനു ശേഷം ഇപ്പോൾ അവർ ഉയർത്തെഴുന്നേൽക്കുന്നതിന്റെ അദ്ഭുതകരമായ ഒരു കാഴ്ചയുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കും ബി.ജെ.പി യ്ക്കും ഒരുക്കലും സ്വപ്നം കാണാൻ കഴിയാത്ത കാഴ്ചയാണത്.
വർഗ്ഗീയ വിഭജനവും സഹജീവനവും തടയുന്ന എല്ലാം റുവാണ്ടയിൽ നിയമം മൂലം നിരോധിച്ചു. വംശഹത്യയ്ക്ക് ശേഷം ഏതാണ്ട് അൻപതിനായിരം ടുട്സി വിധവകൾ റുവാണ്ടയിൽ അവശേഷിച്ചു. വര്‍ഗീയ വൈര്യം കുത്തിവയ്ക്കപ്പെട്ടു. വീണ്ടുവിചാരമില്ലാതെ ചെയ്ത പ്രവർത്തിയുടെ പ്രായിശ്ചിത്തമെന്ന നിലയിൽ ഹുടു വംശജരിൽ ചിലർ വിധവകളെ വിവാഹം കഴിക്കുന്നതിനു തയ്യാറായി. വളരെയേറെയൊന്നും മുന്നോട്ട് പോയില്ലെങ്കിലും ഇതൊക്കെ നൽകുന്ന പ്രത്യാശയിൽ ആ രാജ്യം ഉയർത്തെഴുന്നേൽക്കുകയാണ്. ദരിദ്രരെങ്കിലും ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ വനിത പ്രതിനിധികൾ പാർലമെന്റിൽ ഉള്ള രാജ്യമാണ് റുവാണ്ട. ഒത്തിരി പ്രതിസന്ധികൾ ഉണ്ടെങ്കിലും സഹജീവികൾ തമ്മിൽ നഷ്ടപ്പെട്ട പരസ്പര വിശ്വാസം വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ആ രാജ്യവും സർക്കാരും.
അതെ സമയം ഇന്ത്യ ആ വഴിക്കല്ല നീങ്ങുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് "കാശ്മീരി ഫയൽ' എന്ന ചിത്രത്തിനു യൂണിയൻ സർക്കാരും അവരുടെ പാർട്ടിയും നൽകുന്ന പരസ്യപിന്തുണ. അങ്ങേയറ്റം വർഗീയത പ്രചരിപ്പിക്കുന്ന ചിത്രമാണത്.

സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഒരു പ്രതീക്ഷയും ആ സിനിമ നൽകുന്നില്ല. ഉണങ്ങുന്ന മുറിവുകൾ വീണ്ടും പുണ്ണിൽ കുത്തി വൃണമാക്കുകയാണ് ചില പ്രതിലോമ ശക്തികൾ. ഒരു സാധാരണ കാശ്മീരിയ്ക്ക് ഇനി ഭയമില്ലാതെ ഇന്ത്യയിൽ സഞ്ചരിക്കാൻ സാധ്യമല്ലാതെ വരും- പിന്നെ എങ്ങനെയാണ് അവരെ ഇന്ത്യയോട് ചേർത്ത് നിർത്തുന്നത്?
ഒരു കറുത്ത അദ്ധ്യായം ചരിത്രത്തിൽ രചിക്കപ്പെട്ടു. എങ്കിലും കാലം മായ്ക്കാത്ത മുറിവുകളില്ല. മനുഷ്യന് മുന്നോട്ട് പോയെ പറ്റൂ. പക്ഷെ അതിനുള്ള ഒരു സാധ്യതയും സന്ദേശവും ആ സിനിമ മുന്നോട്ട് വയ്ക്കുന്നില്ല. മനുഷ്യന്റെ നന്മയാണ് ഉദ്ദേശമെങ്കിൽ, നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും, പലായനം ചെയ്തവരെ സംരക്ഷിക്കുകയും ഉചിതമായ പുനരധിവാസം നടത്തുകയും ജീവനോപാധികൾ ഒരുക്കിക്കൊടുക്കുകയുമാണ് ഒരു നല്ല സർക്കാർ ചെയ്യേണ്ടത്. അല്ലാതെ ഇത്തരം കാളകൂടവിഷത്തിന്റെ പ്രാചാരകരായി മാറുകയല്ല വേണ്ടത്. ഈ പ്രൊപ്പഗാണ്ടാ സിനിമ "The Black Stork' എന്ന ചലച്ചിത്രം ഉണ്ടാക്കിയതിലും വലിയ അപകടം ഉണ്ടാക്കാൻ സാധ്യതയുണ്ട്. അപകടകാരികളെയും അവരുടെ ഉദ്ദേശവും തിരിച്ചറിഞ്ഞാൽ എല്ലാവര്‍ക്കും നല്ലത്. പക്ഷെ, എനിക്ക് പ്രതീക്ഷയില്ല.
അവസാനമായി ഒരു കാര്യം കൂടി - ജെ.എൻ.യുവിൽ ഉയർന്ന ആസാദി എന്ന മുദ്രാവാക്യം ബി.ജെ.പിയെ എത്ര കണ്ട് അലോസരപ്പെടുത്തി എന്ന് ഈ ചിത്രം കണ്ടാൽ മനസിലാകും. മനുവാദ് സെ ആസാദി, സംഘ വാദ് സെ ആസാദി എന്നീ മുദ്രാവാക്യങ്ങൾ തീവ്രവാദികളുടേതാണ് എന്ന് വരുത്തി തീർക്കാൻ ആ പ്രോപഗണ്ട ചിത്രം നന്നായി പണിയെടുത്തിട്ടുണ്ട്.
ലോക സഞ്ചാരി
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
സജി മാര്‍ക്കോസ്
Mar 09, 2023
7 Minutes Read