ബീനയുടെ ഒറ്റഞാവൽമരവും മഞ്ജുളന്റെ കൂനനും, മെൽബണിലെ ഒരു നാടകസായാഹ്നം

സമത ഓസ്ട്രേലിയ അംഗങ്ങളുടെ പങ്കാളിത്തത്തോടെ മെൽബണിൽ സംഘടിപ്പിച്ച ഒരു നാടകസായാഹ്നത്തെക്കുറിച്ചാണ് ഈ ആഴ്ച്ച. ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

ഥൻസ് നഗരത്തിൽ ഒരു മത്സരം നടന്നു. ലോകത്തെ പ്രഥമ നാടക മത്സരം. 472 BCE യിൽ. ഒന്നാം സമ്മാനം കിട്ടിയ നാടകത്തിന്റെ പേര് 'ദ പേർഷ്യൻസ്.' Aeschylus ആയിരുന്നു നാടകമെഴുതിയത്. വിഷാദമായിരുന്നു genre. പുരാതന ഗ്രീക്ക് ട്രാജഡിയുടെ ആളായിരുന്നു Aeschylus. കോമഡിയും, ആക്ഷേപഹാസ്യവും മൂപ്പർക്ക് വിഷയങ്ങളായിരുന്നില്ല.

ഇപ്പഴത്തെ വിഷയം മൂപ്പരുടെ ചരിത്രമല്ല. നാടകത്തെ കുറിച്ച് രണ്ട് വരി, അതായിരുന്നു ഈ റൂട്ടിൽ വന്നതിന്റെ ഉദ്ദേശ്യം. 'ദ പേർഷ്യൻസ്' ചരിത്രത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നാടകമെന്ന് പറയപ്പെടുന്നു. ചരിത്രത്തിലെ എന്ന് പറയുമ്പോൾ ആ കാലം അൽപ്പം ചരിത്രാതീതമല്ലേ എന്നൊരു ചോദ്യം ഉണ്ടാകാം.

അങ്ങനെയെങ്കിൽ, ചരിത്രത്തിന് അധീനമായ കാലത്തേക്ക് വന്നാൽ 1561-ൽ അരങ്ങിലെത്തിയ 'Gorboduc' ആണോ അതോ 1879 ൽ രചിക്കപ്പെട്ട 'A Doll's House' ആണോ നിർവചനങ്ങൾക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ആദ്യ നാടകമെന്നതിൽ തർക്കമുണ്ട്. ആധുനികസങ്കേതങ്ങൾക്കും റെവല്യൂഷണറി സങ്കല്പങ്ങൾക്കും തൊട്ടടുത്തെത്തിയിരിക്കുന്നത് 'എ ഡോൾസ് ഹൗസ്' ആണെന്ന് നാടകവിദഗ്ധരിൽ ചിലർ പറയുന്നു.

മലയാളത്തെ ഒന്ന് സ്മരിച്ച് കൊണ്ട് അടുത്ത സ്റ്റേജിലേക്ക് പോകാം. കൂടിയാട്ടത്തെയാണ് ആദ്യത്തെ കേരള തിയറ്ററിക്കൽ കലാരൂപമായി ചരിത്രത്തിലെ ചില ചാപ്‌റ്റേഴ്‌സും, യുനെസ്കോയും പറയുന്നത്. കൂത്തിൽ സംസ്കൃതം കലർന്നപ്പോഴാണത്രെ കൂടിയാട്ടമുണ്ടായത്. നാടോടിപാട്ടും, കഥകളും ധാരാളമുള്ള കൂത്ത് നങ്ങ്യാർ കൂത്തായി. ഹാസ്യം ചേർത്തപ്പോൾ ചാക്യാർകൂത്തും രൂപപ്പെട്ടു. ചാക്യാരെ എടുത്തുമാറ്റി കൂത്തിൽ നല്ലോണം സറ്റയർ ഇട്ട് മിനുക്കി കലക്കത്ത് കുഞ്ചൻ നമ്പ്യാർ ഓട്ടൻതുള്ളൽ ഉണ്ടാക്കി.

പുരാതന ഗ്രീക്ക് ട്രാജഡിയുടെ ആളായിരുന്നു Aeschylus. കോമഡിയും, ആക്ഷേപഹാസ്യവും  മൂപ്പർക്ക് വിഷയങ്ങളായിരുന്നില്ല.
പുരാതന ഗ്രീക്ക് ട്രാജഡിയുടെ ആളായിരുന്നു Aeschylus. കോമഡിയും, ആക്ഷേപഹാസ്യവും മൂപ്പർക്ക് വിഷയങ്ങളായിരുന്നില്ല.

പോർച്ചുഗീസുകാർ വന്ന് ജനപ്രിയമാക്കിയ കളർഫുൾ ആർട്ട് ഫോം ആണ് ചവിട്ട് നാടകം. ആദ്യമെഴുതപ്പെട്ട നാടകം ‘അഭിജ്ഞാന ശാകുന്തളം.’ പ്രസിദ്ധീകരിച്ചതിൽ ആദ്യത്തേത് കല്ലൂർ ഉമ്മൻ ഫിലിപ്പോസിന്റെ ആൾമാറാട്ടം. ഇനി ഇതൊന്നുമല്ല വേറെ നാടകങ്ങളുണ്ട് ഇദംപ്രഥമായിട്ടീ ലോകത്തും, കേരളത്തിലുമെന്ന് സൈബർസരണികളിൽ കണ്ടേക്കാം. എന്തായാലും അതൊക്കെ പറയാൻ ചരിത്രവും, രേഖകളും, ഗ്രന്ഥങ്ങളും, പിന്നെ ഗൂഗിളും ഉണ്ടാകും.

ഞാൻ കണ്ട നാടകത്തിന്റെ കാര്യം ഞാൻ തന്നെ പറയണം. മിത്തോളജിയിൽ നിന്ന് നോവലിലേക്കും സിനിമയിലേക്കും ഇറങ്ങി വന്നിട്ടുള്ള കഥാപാത്രങ്ങൾ ഉണ്ട്. ഭീമൻ 'രണ്ടാമൂഴ'ത്തിലെത്തി എന്ന് മാത്രമല്ല ഇന്ന് വൈറലായ ഡയലോഗ് 'ശത്രുവിനോട് ദയ കാട്ടരുത്. ദയയിൽ നിന്ന് കൂടുതൽ കരുത്തുനേടുന്ന ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാകും. മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്' പറയുകയും ചെയ്തു.

വടക്കൻ പാട്ടുകളിലെ തെറ്റായ വ്യാഖ്യാനങ്ങൾ തിരുത്തി സിനിമയിലെത്തിയ ചന്തു അക്കൊല്ലത്തെ തിരക്കഥക്കും, നല്ല നടനുമുള്ള നാഷണൽ അവാർഡ് നേടി. മലബാറിന്റെ വടക്കേ അറ്റത്ത് തൊണ്ടച്ചൻ തെയ്യത്തിലാണ് കാരിഗുരിക്കൾ കഥാപാത്രരൂപമെടുക്കുന്നത്. എട്ടും ദിക്കും തിരിഞ്ഞുതുടങ്ങുന്നു എന്ന് തോന്നിയ സ്ക്കൂൾ കാലത്ത് ഞാൻ കരിഗുരിക്കളോട് ചോദിച്ചു,

കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
കല്ലൂർ ഉമ്മൻ ഫിലിപ്പോസ്

“കഷ്ടപ്പെടുന്ന ജനങ്ങളുടെ കൈകളിൽ അധികാരം കിട്ടിയാൽ കഷ്ടപ്പാട് എന്ന അവസ്ഥ ഇല്ലാതാകുമോ?"

തന്റെ അഭ്യുദയകാംക്ഷികളായ പൊട്ടനും, കുറത്തിയും, ഗുളികനും ചെയ്തതുപോലെ ജനങ്ങളുടെ ദുരിതം മാറ്റാനായി താൻ പോകുന്ന യാത്രയെ നിരുത്സാഹപ്പെടുത്താനുള്ള ഒരു ചോദ്യമായേ അന്നതിനെ കരിഗുരിക്കൾ കണ്ടതുള്ളൂ. അധികാരം കിട്ടിയ സോഷ്യലിസ്റ്റുകളിൽ പലരും ആന്റിസോഷ്യൽസ് ആയ കഥകൾ പുറത്തുവന്നത് പിന്നീടായിരുന്നു.

ഭാവവേഷാദികളിൽ അനല്പമായ പരിവർത്തനങ്ങളില്ലാതെ തെയ്യപ്രതലങ്ങളിൽ നിന്ന് കരിഗുരിക്കൾ നാടകത്തിന്റേതായ അനന്തസാദ്ധ്യതകളിലൂടെ യാത്ര തുടർന്നു. സാമൂഹികമായ അസമത്വങ്ങൾക്ക് കാരണമാകുന്ന അധികാരത്തിന്റെ ഭ്രാന്ത് മാറ്റാൻ താൻ പരിശീലിച്ച ആയോധനകലകളിലൊന്ന് പരീക്ഷിക്കാനുള്ള കരിഗുരിക്കളുടെ ശ്രമങ്ങൾക്കെതിരെ ഉയർന്ന വെല്ലുവിളികൾ 1986-ൽ എൻ.പ്രഭാകരന്റെ ‘പുലിജന്മം’ എന്ന നാടകമായി.

എൻ.പ്രഭാകരന്റെ ‘പുലിജന്മം’ എന്ന നാടകത്തിൽ നിന്ന്
എൻ.പ്രഭാകരന്റെ ‘പുലിജന്മം’ എന്ന നാടകത്തിൽ നിന്ന്

കാരിഗുരിക്കളുടെ യാത്ര 2006-ൽ നാടകത്തിൽ നിന്ന് തിരക്കഥയിലേക്കെത്തി. തിരക്കഥയിലെ പ്രഭാകരൻ കോളേജ് ബിരുദമുള്ള കർഷകനായിരുന്നു. നാടകം അരങ്ങത്തേക്ക് എത്തിക്കാനിറങ്ങിയ പ്രഭാകരനുണ്ടായ തിക്താനുഭവങ്ങൾ കരിഗുരിക്കളുടേതിന് സമാനമായിരുന്നു. അത്തവണ ഏറ്റവും നല്ല സിനിമക്കുള്ള നാഷണൽ അവാർഡ് പ്രിയനനന്ദൻ സംവിധാനം ചെയ്ത പുലിജന്മത്തിനായിരുന്നു.

കാരിഗുരുക്കളുടെ കഥയ്ക്ക് ആധുനികസാമൂഹ്യസാഹചര്യങ്ങളിലുള്ള പ്രസക്തി കണ്ടെത്തുകയായിരുന്നു ‘സമത ഓസ്ട്രേലിയ’ എന്ന മലയാളി കൂട്ടായ്മ. ഓസ്‌ട്രേലിയയുടെ പാശ്ചാത്യ സാംസ്കാരിക ഘടനയിൽ ഒരു മലയാളി നാടകോത്സവം സംഘടിപ്പിക്കുക അത്ര എളുപ്പമല്ല. നല്ല അദ്ധ്വാനം ചെയ്യണം. അതും തുടർച്ചയായ വർഷങ്ങളിൽ.

ജിതേഷിന്റെ സംഘടനാപാടവത്തിന്റെയും, ഗിരീഷ് അവണൂരിന്റെ സംവിധാനമികവിന്റെയും പശ്ചാത്തലത്തിൽ സമത ഓസ്ട്രേലിയ അംഗങ്ങളുടെ പങ്കാളിത്തത്തോടെ മെൽബൺ ദേശത്തെ ബോക്സ് ഹിൽ ടൌൺ ഹാളിന്റെ വിശാലമായ അരങ്ങിലെത്തിയപ്പോൾ പുലിജന്മം പിന്നിട്ടത് യാത്രയിൽ പുതുമ കൈവിടാത്ത നാൽപ്പത് വർഷങ്ങൾ. നാടൻപാട്ടുകളും അതിനൊത്ത ചുവടുവെപ്പുകളുമായി ആരംഭിച്ച്, വിവേചനങ്ങളുടെയും നിഷേധിക്കപ്പെടുന്ന നീതിയുടെയും നടുവിൽ നിസ്സഹായമാകുന്ന മനുഷ്യാവസ്ഥകളെ ഓർമ്മപ്പെടുത്തുന്ന ഒരു നാടകാനുഭവമായി പരിണമിക്കുകയായിരുന്നു പുലിജന്മത്തിന്റെ ആ സ്വതന്ത്രാവിഷ്കാരം.

ഒരു തവണ കണ്ടതുകൊണ്ട് മാത്രം ഉൾക്കൊള്ളാൻ കഴിയുന്നതല്ല പുലിജന്മം കൊണ്ടുവരുന്ന കാഴ്ചകളെന്ന തിരിച്ചറിവിലിരിക്കുമ്പോഴാണ് അടുത്ത നാടകത്തിന്റെ തിരശീല ഉയരുന്നത്. ആ നാടകത്തിന്റെ അവസാനം ഞാൻ എൺപതിന്റെ മദ്ധ്യത്തിലെത്തിയ എന്റെ വല്യമ്മയെ ഓർത്തു. കഴിഞ്ഞ അവധിക്കാലത്ത് ഒരു ദിവസം കാര്യമായി പത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു വലിയമ്മ. പിന്നിൽ നിന്ന് ഞാൻ കണ്ടത് വലിയമ്മ അതീവശ്രദ്ധയോടെ നോക്കുന്ന ചരമകോളമാണ്.

ആരോ അതു പോലൊരു അനുഭവം അതിന് മുമ്പ് എന്നോട് പറഞ്ഞിരുന്നു.

"അതൊന്നും നിനക്കിപ്പോൾ പറഞ്ഞാൽ മനസ്സിലാകില്ല, പ്രായമാകട്ടെ തനിയെ മനസ്സിലാകും" ചോദിച്ചപ്പോൾ അതേ ഉത്തരം.

"ഡാ, എന്റെ സുഹൃത്ത് ഇബ്രാഹിം ഉണ്ടായിരുന്നില്ലേ, അയാള് മരിച്ചു" അടുത്ത ദിവസം അച്ഛൻ.

"അതെങ്ങിനെ അച്ഛൻ അറിഞ്ഞു?"

"പേപ്പറിലുണ്ടായിരുന്നു"

അപ്പോഴാണ് എന്റെ കസിൻ വിനുചേട്ടൻ പറഞ്ഞത്, "പാപ്പ ചരമകോളം അരിച്ചു പെറുക്കി നോക്കും"

"അതുകൊണ്ട് ഇബ്രാഹിം പോയതറിഞ്ഞു" അച്ഛന്റെ ശബ്ദത്തിന് സാധാരണയുള്ള ഒരു ബലമില്ലായിരുന്നു.

ഇബ്രാഹിം സാറിനെ എനിക്ക് നല്ല ഓർമ്മയുണ്ട്. ഒരിക്കൽ ഉച്ചക്കാണ് അച്ഛനോടൊപ്പം വീട്ടിൽ വന്നത്. ഊണ് കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.

"ഡാ, അമ്മ ചോറെടുത്ത് വെക്കുമ്പോൾ നീ എന്നെ ഒന്ന് നന്നായിട്ട് നിർബന്ധിക്കണം. ഇബ്രാഹിം സാറെ, മീനൊക്കെ എടുത്ത് കഴിക്ക് എന്ന് പറഞ്ഞ്..." ലേശം പിരിച്ച് വെച്ചിരിക്കുന്ന ഇബ്രാഹിം സാറിന്റെ മീശയിൽ നിന്ന് എത്തി നോക്കുന്ന ആ ചിരിയുടെ സമയത്ത് ഞാൻ ഫസ്റ്റ് ഇയർ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്.

എനിക്കിത്രയും ഓർമ്മയുണ്ടെങ്കിൽ ആ സൗഹൃദത്തിൽ അച്ഛന് എത്രമാത്രം ഓർമ്മകളുണ്ടാകും. സമകാലീനരും, സഹോദരങ്ങളും വിടപറയുന്ന ആ പ്രായം ഒരു വല്ലാത്ത കാലമാണ്.

ആ പ്രായത്തിലുള്ള ഒരു അമ്മൂമ്മ അവധി കഴിഞ്ഞ് മടങ്ങാൻ നിൽക്കുന്ന കൊച്ചുമകളോട് ഏതാണ്ട് അതേ പ്രായമുള്ള ഒരു ഞാവൽ മരത്തിന്റെ ചോട്ടിലിരുന്ന് സംസാരിക്കുന്നുണ്ട് മാധവിക്കുട്ടിയുടെ ‘വേനലിന്റെ ഒഴിവ്’ എന്ന കഥയിൽ. ഒറ്റപ്പെടലിന്റെ വേദനക്കും വിഹ്വലതകൾക്കും ഒപ്പം ആ അമ്മൂമ്മയെ നാടകത്തിലേക്ക് കൊണ്ടുവരികയായിരുന്നു ബീന.ആർ. ചന്ദ്രൻ. കഥയിലെ മൂകസാക്ഷിയായ ഞാവൽമരം ആ ഒറ്റയാൾ നാടകത്തിന്റെ പേരായി മാറി, ‘ഒറ്റഞാവൽ മരം’

 'ഒറ്റ ഞാവൽ മരം' ബീനയുടെ ഏകാംഗ നാടകത്തിൽ നിന്ന്
'ഒറ്റ ഞാവൽ മരം' ബീനയുടെ ഏകാംഗ നാടകത്തിൽ നിന്ന്

ബീനയുടെ അഭിനയമികവിനെ പറ്റി കാര്യമായി രണ്ട് വാക്ക് പറയണമല്ലോ എന്ന ആലോചനയിലേക്കാണ് സംഘർഷഭരിതമായ കാരിഗുരുക്കളുടെ റോൾ നടനസുരഭിലമാക്കിയ രാജൻ വെൺമണി വരുന്നത്,

"തടവ് എന്ന സിനിമയിലെ അഭിനയത്തിന് കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല നടിക്കുള്ള കേരള സ്റ്റേറ്റ് അവാർഡ് ബീനക്കായിരുന്നു, പ്രസന്നന് അറിയാലോ അല്ലേ?"

"ഉർവ്വശിക്കൊപ്പം പങ്കിട്ട ആ അംഗീകാരത്തിനപ്പുറം ഞാൻ ഒന്നും പറയേണ്ട കാര്യമില്ലയെന്നാലും... നാടകത്തിലും അഭിനയം ഗംഭീരമായിരുന്നു"

ഫിലിപ്പിനോ നാടോടിക്കഥയിൽ നിന്ന് ജയപ്രകാശ് കുളൂരിന്റെ തൂലികയിലൂടെ നാടകമായി പരിണമിച്ച 'കൂനൻ' ആയിരുന്നു പിന്നെയെത്തിയത്. ശബ്ദവും ചലനങ്ങളും, മുഖത്ത് പ്രതിഫലിക്കുന്ന മനസ്സിന്റെ ഭാവങ്ങളും സമ്മിളിതമായ ഒരു ചെറുകവിതയായ് കൂനന്റെ സ്നേഹത്തിനായുള്ള കാത്തിരിപ്പ്. കൂനനായെത്തിയ മഞ്ജുളൻ തന്റെ നടനവൈഭവത്തിലേക്ക് കാണികളുടെ ശബ്ദ സാന്നിദ്ധ്യവും കൂടെ ചേർത്തപ്പോൾ നാടകത്തിന് സംവേദനത്തിന്റെ ചാരുതയും താളവും കൈവന്നു. രണ്ടായിരത്തിലേറെ സ്റ്റേജുകളിൽ അവതരിപ്പിച്ചിട്ടും ഈ ഏകാംഗനാടകത്തിന് പുതുമയേറുന്നത് മഞ്ജുളന്റെ അഭിനയമികവും, കുളൂരിന്റെ രചനാചാതുര്യവും കൊണ്ടാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലയെങ്കിലും....

കൂനൻ, മഞ്ജുളൻ്റെ ഏകാംഗ നാടകത്തിൽ നിന്ന്
കൂനൻ, മഞ്ജുളൻ്റെ ഏകാംഗ നാടകത്തിൽ നിന്ന്

പറയാതിരിക്കുവതങ്ങിനെ?

വിക്ടോറിയൻ ശൈത്യത്തിന്റെ നിരുത്സാഹപ്രവണതകളെ അവഗണിച്ച് നാടകങ്ങൾ കാണാൻ ഹാൾ നിറയെ ആളുകൾ വന്നു. 'ഹൗസ്‌ഫുൾ' സദസ്സ് പകർന്ന നാടകത്തിനോടുള്ള ആവേശവും അഭിനിവേശവും സമതയുടെ ഇനിയുള്ള വർഷങ്ങൾ നാടകഭരിതമാകുമെന്ന പ്രതീക്ഷയോടെയാണ് ആ സായാഹ്നം വിട പറഞ്ഞത്.


Summary: Beena R. Chandran's Otta Njaval Maram, Manjulan's Koonan, Pulijanmam plays performed at Melbourne. Dr Prasannan PA's column Good Evening Friday from Australia.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments