തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു പാതയാണ്. അതിലൂടെ കടന്നു പോകുന്ന ജീവിതങ്ങളാണ് നാടകം. മനുഷ്യരും മൃഗങ്ങളും യന്ത്രങ്ങളും വസ്തുക്കളും കടന്നുപോകുന്നു, ഒപ്പം അത്യസാധാരണമായ ഇച്ഛാശക്തിയോടെ മനുഷ്യർ മറികടന്ന ഒരു കാലവും. ലോകമൊന്നാകെ അടച്ചിടപ്പെട്ട നാളുകളെക്കുറിച്ചാണ് നാടകം സംസാരിക്കുന്നത്. കോവിഡ് കാലം ഇത്രയും തീവ്രമായി അരങ്ങിൽ ഇതാദ്യമാണ്. കഴിഞ്ഞ പതിറ്റാണ്ടിനുള്ളിൽ മനുഷ്യരാശി മുഖാമുഖം കണ്ട ഒരു മഹാമാരിയെ എത്ര ക്രൂരവും നിസ്സംഗവുമായിട്ടാണ് നമ്മുടെ രാജ്യം നേരിട്ടത് എന്നതിന്റെ സാക്ഷ്യമാണ് അഭിലാഷ് പിള്ള സംവിധാനം ചെയ്ത ‘വെറുംകാൽ കുടിയരസ്സ്’ (ബെയർഫൂട്ട് റിപ്പബ്ലിക്). കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ് ഐഎംടിഎ ഫസ്റ്റ് വർഷ വിദ്യാർത്ഥികളാണ് അരങ്ങിലെത്തിച്ചത്.
വാർത്തകളുടേയും ചരിത്രത്തിന്റേയും പിൻബലത്തോടെ, ഫിക്ഷൻ ഒട്ടുംതന്നെയില്ലാതെ സാധ്യമാക്കിയ, നാടകീയ മുഹൂർത്തങ്ങളുടെ രണ്ടു മണിക്കൂറുകൾ. വാർത്തകളേയും വസ്തുതകളേയും തിയറ്ററിക്കൽ ഡിവൈസുകളിലൂടെ സമർത്ഥമായി പുന:സൃഷ്ടിക്കുമ്പോൾ നാടകം ശ്രദ്ധയൂന്നുന്നത് ലോകം അടച്ചുപൂട്ടിയപ്പോൾ തെരുവിൽ നിന്നു പോയ കുടിയേറ്റ തൊഴിലാളികളിലാണ്; ഗതിമുട്ടിയ അവരുടെ ജീവിതത്തിലേക്കാണ്. അതിജീവനത്തിനായുള്ള അവരുടെ യാത്രകൾക്കും സ്വപ്നങ്ങൾക്കും മുകളിലൂടെ പാഞ്ഞുപോയ തീവണ്ടിയും, കീടനാശിനി തളിച്ച് അണുവിമുക്തമാക്കി യന്ത്രക്കോരികയിൽ വാരിക്കൊണ്ടു പോയ ഉടലുകളേയും നാടകം അസാധാരണമായ അരങ്ങനുഭവമാക്കി മാറ്റുന്നു. അന്ന് സുരക്ഷയുടെ പേരിൽ അരങ്ങേറിയ പോലീസ് ഉൾപ്പടെയുള്ള അധികാരികളുടെ അതിക്രമങ്ങളേയും നിസ്സംഗതയേയും മാത്രമല്ല, പാത്രം കൊട്ടൽ പോലുള്ള ഭരണകൂടത്തിന്റെ കോമാളിത്തങ്ങളേയും നാടകം അടയാളപ്പെടുത്തുന്നു.

പൊട്ടിപ്പുറപ്പെട്ട രോഗബാധയും അതിന്റെ ഭ്രാന്തൻ വേഗത്തിലുള്ള പകർച്ചയും മഹാമാരി കൊണ്ടുപോയ ജീവിതങ്ങളും താണ്ടി, പാതയിലെ പിറവിയിൽ നാടകം അതിന്റെ നിയോഗം പൂർത്തിയാക്കുന്നു. ഗർഭിണിയായിരിക്കേ ലോക്ഡൗണിൽ വലഞ്ഞ് കിലോമീറ്ററുകളോളം സഞ്ചരിക്കുകയും പാതയിൽ പ്രസവിക്കുകയും വീണ്ടും 150 കിലോമീറ്ററുകളോളം പിന്നിട്ടതിനു ശേഷം മാത്രം പ്രാഥമിക ശുശ്രൂഷ ലഭിക്കുകയും ചെയ്ത അമ്മയിൽ, അവരുടെ ഇതിഹാസ സമാനമായ യാത്രയിലാണ് നാടകത്തിന്റെ അവസാനം. ജീവിതത്തേക്കാളും അരങ്ങിനേക്കാളും വലുപ്പത്തിൽ അവരെ നാടകം ആവിഷ്കരിക്കുന്നു. ആ പിറവിയെ ആഘോഷിക്കുന്നു. ഏതു കെട്ടകാലത്തേയും മനുഷ്യർ അവരുടെ ഇച്ഛാശക്തി കൊണ്ട് മറികടക്കുമെന്ന തീവ്രപ്രഖ്യാപനമായി നാടകം മാറുന്നു.
കുടിയേറ്റ തൊഴിലാളികളുടെ കോവിഡ് കാലം എങ്ങനെയായിരുന്നെന്നും അവരെ എപ്രകാരമാണ് രാജ്യം പരിഗണിച്ചതെന്നും മറയില്ലാതെ നാടകം പറയുമ്പോൾ അരങ്ങിൽ കണ്ടതിന്റെ അനേകം മടങ്ങ് ഓർമ്മകൾ കാണികളിലുണർത്താൻ നാടകത്തിനു കഴിയും. കുടിയേറ്റ തൊഴിലാളികളെ അതിഥി തൊഴിലാളികളായി പുനർനാമകരണം ചെയ്ത, മിണ്ടാപ്രാണികൾക്കും കരുതൽ നൽകിയ, ഇച്ഛാശക്തിയോടെ ദുരന്തത്തെ നേരിട്ട കേരളത്തിലെ ഭരണകൂടത്തെ ഓർമ്മവരും. ഒപ്പം പാതയിലും പാളത്തിലും പട്ടിണിയിലും ഒടുങ്ങിപ്പോയവരെ നദിയിൽ ഒഴുക്കിയും കൂട്ടിയിട്ടു കത്തിച്ചും തെരുവിൽ ഉപേക്ഷിച്ചും സ്വന്തം ജനതയുടെ മൃതദേഹങ്ങളോടു പോലും നീതി കാണിക്കാത്ത ഈ രാജ്യത്തെ മറ്റു ഭരണകൂടങ്ങളേയും. കോവിഡ് വ്യാധിയെ അത്യപൂർവ്വമായ ഇച്ഛാശക്തിയോടെ നേരിട്ട ഒരു സംസ്ഥാനത്തിന്റെ പ്രിവിലേജിലിരുന്ന് 2026-ലെ ഈ നാടകം കാണുമ്പോൾ, അതിനായി അവശേഷിച്ചതിന്റെ ആശ്വാസമായിരുന്നു ഭൂരിഭാഗം പേരിലും.

ദീപവിതാനം, സംഗീത നിർവ്വഹണം, ന്യൂമീഡിയ ഉപയോഗം തുടങ്ങീ ടെക്നിക്കൽ സംഘം ഒന്നാകെ മികച്ച പിന്തുണ കൊടുത്ത നാടകത്തെ അഭിനേതാക്കൾ ഗംഭീര പ്രകടനത്താൽ അവിസ്മരണീയമാക്കി. സീനോഗ്രാഫി കൊണ്ടും സ്പെയിസിന്റെ ശ്രദ്ധേയമായ വിനിയോഗം കൊണ്ടും സമീപകാല ഡ്രാമാ സ്കൂൾ അവതരണങ്ങളിൽ വേറിട്ട ഒന്നാണ് ‘വെറുംകാൽ കുടിയരസ്സ്’.
കേവലം ഒരു മഹാമാരിക്കാലത്തെ അരങ്ങിലെത്തിക്കുകയായിരുന്നില്ല, രോഗാതുരമായ ഒരു ഭരണകൂടത്തെ, പൗരരോടുള്ള ക്രൂരമായ അതിന്റെ അവഗണനയെ, ഭരണാധികാരികളുടെ ഭാവനാശൂന്യത കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും ഇല്ലാതായ ജീവിതങ്ങളെ മറവിക്ക് വിട്ടു കൊടുക്കാതിരിക്കുക എന്ന ചരിത്രപരമായ ഒരു ദൗത്യം നിറവേറ്റുക കൂടിയായിരുന്നു. അല്ലെങ്കിൽ ഓർമ്മകളുണ്ടായിരിക്കണം എന്നു പറഞ്ഞു വെക്കുകയായിരുന്നു.
അതു കൊണ്ടാവണം ഭരതവാക്യം ഗ്വാട്ടിമാലൻ കവിയും എഴുത്തുകാരനുമായ ഒട്ടോ റിനീ കാസ്റ്റ്യോയുടെ അരാഷ്ട്രീയ ബുദ്ധിജീവികൾ എന്ന കവിതയായത്.
''ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ
എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും.
അന്ന്, ദരിദ്രരായ മനുഷ്യർ വരും,
ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ
കവിതകളിലും കഥകളിലും
ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവർ.
യാതനകളിർ ദരിദ്രന്റെ ജീവിതവും സ്വപ്നവും കത്തിയെരികയായിരുന്നപ്പോൾ
എന്ത് ചെയ്യുകയായിരുന്നു നിങ്ങൾ?
അതെ.
ചോദ്യം ചെയ്യപ്പെടും!






