റഷ്യയിൽ നിന്നുള്ള റൊമാൻസ് ഡ്രാമയാണ് ഇത്തവണ ITFOK-ൽ അരങ്ങേറിയ, മാർക്ക് റോസോവ്സ്കി സംവിധാനം ചെയ്തവതരിപ്പിച്ച പാവം ലിസ (Poor Liza). 19-നൂറ്റാണ്ടിൽ, പ്രശസ്ത കഥാകൃത്തായ നിക്കൊളോയ് കരാമ്സിൻ (Nikolay Karamzin) എഴുതിയ ഇതേ പേരിലുള്ള പ്രശസ്ത കഥയുടെ തിയേറ്റർ അവതരണമാണിത്. 19ാം നൂറ്റാണ്ടിലെ റഷ്യൻ സമൂഹത്തിൽ നിലനിന്നിരുന്ന വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർക്കിടയിലെ ഉച്ചനീച്ചത്വം പ്രണയ കഥയിലൂടെ, നാടകം അവതരിപ്പിക്കുന്നു.
ലിസ എന്ന കർഷക പെൺകുട്ടിയും കുബേരനായ റീസ്തയും തമ്മിലുള്ള കൂടിക്കാണലും വ്യവഹാരവും സ്വാഭാവികമായും ഉണ്ടാവുന്ന അടുപ്പവുമാണ് ഇതിവൃത്തമെങ്കിലും കുബേരനായ റീസ്തക്ക് അവളെ മടുക്കാൻ പ്രത്യേക കാരണങ്ങൾ ആവശ്യമില്ലായിരുന്നു. താൻ യുദ്ധത്തിന് പോകുകയാണ് എന്ന ലാക്ക് പറഞ്ഞാണ് പ്രണയത്തിൽനിന്ന് അയാൾ ഊരാൻ നോക്കുന്നത്. തർത്താരികളും മറ്റു വിദേശ ശത്രുക്കളും അന്ന് സോവിയറ്റ് യൂണിയനെതിരെ നടത്തിയിരുന്ന യുദ്ധസൂചനകൾ നാടകത്തെ ചരിത്രത്തോട് കൂടുതൽ ബന്ധിപ്പിക്കുന്നുണ്ട്. പ്രണയവും ദേശ സ്നേഹവും തമ്മിലുള്ള ബന്ധം ആരോപിച്ച് സോവിയറ്റ് ദേശീയതയുടെ ചില അടയാളങ്ങൾ പ്രകാശിപ്പിക്കാൻ കരംസിന്റെ കഥ ശ്രമിക്കുന്നുണ്ട് എന്ന് ഇതിൽനിന്ന് വ്യക്തമാണ്. 20- നൂറ്റാണ്ടിൽ, നമ്മുടെ കഥകളിൽ പോലും ഇതുപോലുള്ള പ്രണയബന്ധങ്ങൾ സ്വഭാവികമായിരുന്നതുപോലെ. അവ ഫ്യൂഡൽ അധികാര ബന്ധങ്ങളെ സൂചിപ്പിച്ചതുപോലെയും. കർഷക ജനതയുടെ പ്രണയ ശുദ്ധതയും കുബേരരുടെ മനസ്സിലെ രാഗദ്വേഷബന്ധത്തിന്റെ കാപട്യവും തന്നെയാണ് കഥയിലും നാടകത്തിലും പൊതുവെയുള്ളത്.
റഷ്യയിൽ അക്കാലത്ത് അരങ്ങേറിയിരുന്ന സംഗീത നാടകത്തിന്റെ തോതിലാണ് പ്ലേ അവതരിപ്പിച്ചിട്ടുള്ളത് എന്നനുമാനിക്കാം. പ്രകൃതിയും പൂക്കളും വൈകാരിക വ്യവഹാരവും പൊതുവെയുള്ള ഒരു സംഗീത നാടക മട്ടിലാണ് തിയേറ്റർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പൊതുവെ ഇറ്റലിയൻ അല്ലെങ്കിൽ സ്പാനിഷ് സംഗീത നാടകങ്ങളിലൊന്നും കാണുന്ന നൃത്ത സംഗീതാദികളുടെ ഉച്ചമൂർച്ച തീരെയില്ലാത്ത മട്ടിൽ പ്രസാദമാധുരിയുള്ള രംഗാവതരണം. കവിതയിലുള്ള സംഭാഷണത്തെ കാര്യമാത്രപ്രസക്തമായ ലോക- നാട്യ ധർമിയിൽ സമാന്വയിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നു.

ഒപ്പറയുടെ മട്ടിൽ അവതരിപ്പിക്കാവുന്ന ഒരു തീം ആണ് നാടകത്തിലേയെങ്കിലും അങ്ങനെയൊന്നും ചിട്ടപ്പെടുത്തിയിട്ടില്ല.
പൂവർ ലിസ, 2000- ത്തിൽ, അലക്സി ലിസോവെറ്റ്സ് എന്ന സംവിധായകൻ സിനിമയാക്കിയിട്ടുണ്ട്. റഷ്യൻ കാണികളിൽ നല്ല സ്വാധീനമുണ്ടാക്കിയ ചിത്രമായിരുന്നു അതെന്ന് പറയപ്പെടുന്നു. പൊതുവെ പ്രണയകഥകൾക്ക്, വിശിഷ്യാ, സാമൂഹ്യ വിഭാഗങ്ങളുടെ വിവേചനപരമായ പ്രണയത്തിന്റെ കഥകൾക്ക് കേരളീയ സമൂഹത്തിലെന്നപോലെ നല്ല സ്വീകാര്യത സോവിയറ്റ് യൂണിയനിലുമുണ്ടായിരുന്നു. രാജ്കപൂറിന്റെയും ദേവാനന്ദിന്റെയുമൊക്കെ ഹിന്ദി സിനിമകൾ സോവിയറ്റ് കാണികൾ ഹരത്തോടെ ആഘോഷിച്ച കാലമുണ്ടായിരുന്നു എന്നോർക്കുക, പ്രത്യേകിച്ച് ആവാരാ പോലുള്ള സിനിമകൾ.
പാവം ലിസ, കഥാവതരണ രംഗപാഠത്തിലും ഒരു പാവം നാടകം എന്നുപറയാം. റഷ്യൻ / യൂറോപ്യൻ നാടകത്തിന്റെ സമകാലിക പ്രാതിനിധ്യമായൊന്നും ഈ നാടകത്തെ കരുതിക്കൂടാ. കോൺസ്റ്റാന്റീൻ സ്റ്റാനിസ്ലാവ്സ്കിയുടെ (Konstantin Stainslavsky) നാട്ടിൽ പുതിയ നാടകങ്ങളുടെ കാര്യം പഴയ പോലെ ഇപ്പോൾ കേരളീയരായ നമുക്കറിഞ്ഞുകൂടാ.