Photo: Raneesh Raveendran

ഉടൽവംശഹത്യകളുടെ പരീക്ഷണശാല

ഏകാധിപത്യത്തിന്റെയും അധികാരക്കുരുതികളുടെയും കാലാതീതമായ രാഷ്ട്രീയ പ്രയോഗങ്ങളെ അരങ്ങിലെത്തിച്ച മൂന്ന് ‘ഇറ്റ്ഫോക്ക്’ നാടകങ്ങളിലൂടെ.

Evil is whatever distracts
- Franz kafka

ഒന്ന്:

ആമസോൺ മഴക്കാടുകളിൽ
പരേതാത്മാക്കളുടെ കുറുങ്കുഴലാട്ടം

നാടകം: അപാട്രിഡാസ്
സംവിധാനം: ലനേർസൻ പൊളൊനി
അവതരണം: കൊമ്പാൻഹിയ നോവ ഡി തിയേറ്റർ, ബ്രസീൽ

രിച്ചവരുടെ പുസ്തകം പ്രവചിക്കപ്പെടുന്നു. നാല് ആത്മഭാഷണങ്ങളിലൂടെ ഇരുണ്ട രൂപകം ചുരുളഴിക്കുന്നു. നാശാവശിഷ്ടങ്ങൾക്കിടയിലെ ധൂമപടലങ്ങൾ. മരുക്കാറ്റിന്റെ ഒടുങ്ങാത്ത ക്രൂദ്ധതകൾ. കൊടും സ്ഫോടകയുദ്ധത്താൽ തകർന്ന രാജ്യങ്ങൾ. അനാഥമാക്കപ്പെട്ട മനുഷ്യർ. അപായപ്പെട്ട മനുഷ്യർ. കുടിയിറക്കപ്പെട്ട മനുഷ്യർ. അവർ വർത്തമാനകാല നരകത്തെ അനുഭവിപ്പിക്കുന്നു. നാല് ആത്മാക്കൾ അഭയാർത്ഥികളാണ്. ഇരുട്ടിന്റെയും പുകപടലങ്ങളുടേയും അവസാനിക്കാത്ത നിലവിളികളുടേയും കാലം. ഇരുമ്പുചിറക് വെച്ച കഴുകരായ പോർവിമാനങ്ങളുടെ ഇടിമുഴക്കങ്ങൾ. അരങ്ങ് കാഴ്ചക്കാരെ ചോര കുത്തിയൊഴുകുന്ന അറവു ശാലകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. നവ ഓഷ് വിറ്റ്സിന്റെ സെല്ലുകളിലേക്ക് രാജ്യഭ്രഷ്ടരെ ആട്ടിത്തൊളിക്കുന്നു. യുദ്ധക്കെടുതികളുടെ ചാവുകളിലേക്ക് നാമറിയാതെ വലിച്ചെറിയപ്പെടുന്നു. ആവാസമിടിപ്പുകളായ ആരണ്യങ്ങൾ കത്തിയമരുന്നു. ബുൾഡോസറുകൾ മലമേടിനെ തരിപ്പണമാക്കുന്നു. നദികളെ അടക്കം ചെയ്യുന്നു. മേഘങ്ങൾ ചാരമായി പൊടിയുന്നു.

നാല് ആത്മാക്കൾ അനന്തമായ ഏകാന്തതയിലേക്ക് നടന്നുകൊണ്ടിരിക്കുന്നു. ഓടിക്കൊണ്ടിരിക്കുന്നു. തളർന്നുവീണുകൊണ്ടിരിക്കുന്നു. ഗ്രീക്ക് ഐതിഹ്യങ്ങളിലെ നാല് ആത്മാക്കൾ ആമസോൺ മഴക്കാടിൽ നിന്ന് കുറുങ്കുഴലാട്ടവുമായി കടന്നു വരുന്നു.
അവൾ കസാന്ദ്രയാണ്.
ഇവൾ ഹെക്യൂബായാൻ.
അവൻ പ്രൊമിത്യൂസ്.
ഇവൻ ഹെർകുലീസ്.

Photo: Raneesh Raveendran

പശ്ചാത്തലത്തിൽ കടൽതിരയേറ്റങ്ങളുടെ പ്രകമ്പനം. നാല് ആത്മാക്കളുടെ ആത്മഗതങ്ങൾക്കിടയിൽ പുറകിലെ തിരശ്ശീലയിൽ നിഴലാട്ടങ്ങൾ തെളിയുന്നു. നരകം മഴക്കാടുകളെ തീയിടുന്നു. കാപ്പിരികളുടെ മണ്ണ്. കാപ്പിരികളുടെ സ്വപ്നങ്ങൾ. കാപ്പിരികളുടെ സംസ്കൃതി… കാപ്പിരികളുടെ അനുഷ്ഠാനങ്ങൾ. എല്ലാം ചാരമാക്കുന്നു.

ചാപ്പകുത്തിയ തടവുകാരെ നിഴലാട്ടത്തിൽ ദൃശ്യമാക്കുന്നു.

0013 ഞാൻ ഹെർകുലീസ്
0044 ഞാൻ കസാന്ദ്ര
0774 ഞാൻ പ്രൊമിത്യുസ്
0053 ഞാൻ ഹെകൂബ.

തുറങ്കിലടക്കപ്പെട്ടവർ. അല്ലെങ്കിൽ സ്വന്തമായി മാതൃരാജ്യമില്ലാത്തവർ. അനന്തമായ കടലിലേക്ക് തള്ളിവിട്ട അഭയാർത്ഥികൾ. എന്തു തെറ്റാണ്, എന്തു രാജ്യേദ്രാഹമാണ്. അവർ ചെയ്തത്.

നാല് കാപ്പിരികൾ, നാല് പരേതാത്മാക്കൾ ആത്മഗതം കൊള്ളുന്നത് അപായത്തെക്കുറിച്ചാണ്. ഇഹത്തിലെ കുരുതികളെ കുറിച്ചാണ്. രാഷ്ട്രീയ കറുത്ത കരുനീക്കങ്ങളെക്കുറിച്ചാണ്. യുദ്ധക്കെടുതികളെക്കുറിച്ചാണ്. വംശശുദ്ധീകരണത്തിന്റെ ഓഷ് വിറ്റ്സ് രോഗലക്ഷണത്തെക്കുറിച്ചാണ്.

ഞങ്ങളുടെ ഗ്രാമങ്ങൾ കത്തിച്ചു.
ഞങ്ങളുടെ കുരുന്നുകളെ കത്തിച്ചു.
ഞങ്ങളുടെ സ്വപ്നങ്ങളെ കത്തിച്ചു.
ഞങ്ങളുടെ നിലനിൽപ്പിനെ കത്തിച്ചു.
കാപ്പിരികൾ കാടിന്റെ ശ്വാസമാണ്.

കസാന്ദ്ര ഉച്ചത്തിൽ അലറിപ്പറഞ്ഞു; ഞാൻ ഗർഭപാത്രത്തിന്റെ കരുത്താണ്.

ഹെർക്കുലീസ് നിലവിളിച്ചു; എന്റെ രക്തത്തിന് സ്വന്തമായി നാടില്ല.

പ്രാമിത്യുസ് വിതുമ്പി; ഞാൻ ഭീകരവാദിയായി മുദ്രവെയ്ക്കപ്പെട്ടു.

ഓരോ ദിവസവും രാജ്യമില്ലാത്തവരുടെ എണ്ണം കൂടി വരുന്നു. ഭ്രഷ്ടരാക്കപ്പെട്ടവർ നടുക്കടലിലേക്ക് തള്ളി വിടുന്നു. കടലിന്റെ ഉള്ളറകളിൽ മാതൃ മണ്ണില്ലാത്തവരുടെ ജഡങ്ങൾ കുമിഞ്ഞുകൂടുന്നുണ്ട്. കടലിനകത്തെ ഭൂകമ്പത്തിൽ രാജ്യഭ്രഷ്ടരുടെ ശവമേട് പൊന്തിവരും. വായയിൽ രക്തത്തിന്റെ രുചി. സ്വപ്നങ്ങളിലെ ചാറുന്ന മഴയിൽ രക്തത്തിന്റെ മണം. രക്തത്തിന്റെ കറ. ഞങ്ങളുടെ വാക്കുകൾ ആരും കേൾക്കുന്നില്ല. ശ്യാമചന്ദ്രനിൽ ഒരു പ്ലം മരത്തിനു കീഴെ അവളെ ചേർത്തൊന്നടുപ്പിക്കുമ്പോൾ അി ഞങ്ങളെ വിഴുങ്ങിയിരുന്നു. ഒരിക്കൽ ചുംബിച്ചത് കൊല്ലപ്പെട്ടിരിക്കുന്നു. ഉമ്മകൾ കൊണ്ട് യുദ്ധത്തെ തടുക്കാം. ഉമ്മകൾ കൊണ്ട് കാട്ടുതീയിനെ അണക്കാം. ഉമ്മകൾ കൊണ്ട് നഷ്ടസ്വപ്നത്തെ തിരിച്ചുകൊണ്ടുവരാം.

Photo: Raneesh Raveendran

പഴയ കുടുംബഫോട്ടോകൾ വിരൂപവും തുള വീണതുമായിരിക്കുന്നു. ഒരു റെഡ് ഇന്ത്യന്റെ, ഒരു പിഗ്മിയുടെ, ഒരു കാപ്പിരിയുടെ, ഒരു ആദിമന്റെ, വംശം വിത്തറ്റ് പോയിരിക്കുന്നു. കുറ്റം ചെയ്യാതെ ഞാൻ ശിക്ഷിക്കപ്പെടുന്നു. കൊല്ലപ്പെടുന്നു. ചൈനയിലെ രഹസ്യ ടണലുകളിൽ എത്രയോ കുഞ്ഞുങ്ങളെയാണ് ശ്വാസം മുട്ടിച്ചു കൊന്നത്. കസാന്ദ്രയെ പട്ടാളക്കാർ വസ്ത്രാക്ഷേപം ചെയ്തു. അന്യ പുരുഷരുടെ കുളമ്പുകൾ അവളുടെ തളിർമേനിയിൽ കൂത്താടി. എന്റെ വായിൽ എന്റെ സ്വന്തം രക്തത്തിന്റെ രുചിയറിഞ്ഞു. ഓരോ ദിവസവും രാജ്യമില്ലാത്തവർ ഏറിയേറിവരുന്നു. ഭൂമിയുടെ മധ്യത്തിൽ നിന്ന് ഒരു മുന്നറിയിപ്പ് വരുന്നു. കടലേറ്റത്തിൽ നിന്ന് പ്രവാചകതുല്യമായ സന്ദേശം ഇടിനാദം പോലെ വരുന്നു. ചുഴലിക്കാറ്റിൽ നിന്ന് അവസാനത്തെ അസ്തമയത്തെക്കുറിച്ച് അടയാളം തരുന്നു. മൃതികളുടെ മാരിപ്പെയ്ത്ത്, ശവങ്ങളുടെ മാരിപ്പെയ്ത്ത്, ചോരയുടെ മാരിപ്പെയ്ത്ത്. നഷ്ടപ്പെട്ട് പോയ ചുംബനങ്ങൾ അടക്കം ചെയ്തിരിക്കുന്നു. ഉടൽ ഉരിഞ്ഞുകളയുന്ന ബലി ഞങ്ങളെ തേടി വരുന്നു. വംശകുരുതികളിലൂടെ അവർ സ്വർഗ്ഗം പടുത്തുയർത്തുന്നു. ഖനികൾ മോഷ്ടിക്കപ്പെടുന്നു. യു എൻ ഒ സഭ ഞങ്ങളുടെ മണ്ണ്, ഞങ്ങളുടെ കാട്, ഞങ്ങളുടെ പുഴകൾ, ഞങ്ങളുടെ ആകാശം കീഴടക്കിയവർക്ക് വിട്ടുകൊടുക്കാൻ ഐക്യപ്പെടുന്നു. നിയമവിധേയമായ കൂട്ടക്കൊലകൾ ഉത്സവമാക്കുന്നു. ദേശീയത വിരുന്നിൽ മനുഷ്യമാംസം അത്താഴമാക്കുന്നു. കത്തിയമർന്ന നാഗരികതകൾ. നദികൾ കാണാതാകുന്നു. പ്യൂപ്പകൾകരിഞ്ഞുപോകുന്നു. കടലിലേക്ക് തള്ളിവിടുന്ന കെട്ടു വള്ളത്തിൽ കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമുണ്ട്. അവർ കടലിലാണ്ടുപോയാൽ വാർത്തയല്ല, കാരണം മരിച്ച അഭയാർത്ഥികൾക്ക് രാജ്യമില്ല. മരിച്ച അഭയാർത്ഥികൾക്ക് അവകാശങ്ങളില്ല. മരിച്ച അഭയാർത്ഥികൾക്ക് ഭരണമില്ല. മരിച്ച അഭയാർത്ഥികൾക്ക് സ്വപ്നങ്ങളില്ല. മരിച്ച അഭയാർത്ഥികൾക്ക് പ്രതികാരങ്ങളില്ല. മരിച്ച അഭയാർത്ഥികൾക്ക് സംഘടിതശക്തിയില്ല.

Photo: Raneesh Raveendran

കാമം കത്തിയമർന്ന ചാരത്തിൽ ഒരു ചുംബനം പൊള്ളി ഉരുകാതെ കിടപ്പുണ്ട്. കൊന്നു കളയുക. നിഷ്‌കരുണം ഒരു വംശത്തെ കശാപ്പ് ചെയ്യുക. മരിച്ചവർക്കിടയിൽ എനിക്ക് നാണക്കേടില്ല. മരിച്ചവർഉറങ്ങുകയില്ല. അവരുടെ പഞ്ചേന്ദ്രിയങ്ങളിൽ മൂന്നാമത്തെ അഗ്നി പടരുന്നുണ്ട്. യുദ്ധം ഒരു ചതുരംഗക്കളിയാണ്. ഒരു ഗോത്രത്തെ കുരുതികളിലേക്ക് ആട്ടിത്തളിക്കുന്ന നിയമവ്യവസ്ഥിതി. ദൈവത്തിന്റെ പക്ഷപാതിത്വം. ദൈവം കണ്ണും കാതുമില്ലാത്ത ആളായിരിക്കണം. എല്ലാ വിശ്വാസപ്രമാണങ്ങളും വെന്തിരിക്കുന്നു. ദൈവമേ നിന്നെക്കുറിച്ചുള്ള സങ്കൽപ്പം പോലും പൊള്ളിപ്പോയിരിക്കുന്നു. ദൈവത്തിന്റെ ശവം സൂക്ഷിച്ചുവെക്കുന്നത് കൊല്ലപ്പെട്ടവരുടെ ഹൃദയത്തിലാണ്. നവ ഓഷ് വിറ്റ്സ് കശാപ്പുശാലയിൽഞങ്ങളുടെ മാംസം മുറിച്ചെടുക്കും, ആലെപ്പോയിലെ സുന്ദരമായ പഴയ വീടുകളെവിടെ. അവ പുകപടലങ്ങൾക്കിടയിൽ അപ്രത്യക്ഷമാകുന്നു. തീമഴകൾക്കിടയിൽ അപ്രത്യക്ഷമാകുന്നു.
കത്തിയെരിഞ്ഞ്
കത്തിയെരിഞ്ഞ്
കത്തിയെരിഞ്ഞ്
ആലപ്പോയിലെ സുന്ദരമായ പഴയ വീടുകൾ കാണാതാവും. അവ ചാരത്തിന്റെ കൂമ്പാരം. ചാരത്തിന്റെ മേട്. ഞങ്ങളുടേതാണ്, അവരുടേതാണ്, നമ്മുടേതാണ് എന്നു തിരിച്ചറിയാനാവാത്ത വിധം യുദ്ധം ഭൂമിയുടെ തരം മാറ്റി. ലോകമെന്ന വിസർജ്യത്തിൽ നാം കൂപ്പു കുത്തും. ദുർഭൂതങ്ങൾ ചുഴലിയായി അവരോധിക്കുന്നു. ഞങ്ങളുടെ പൊള്ളിപ്പോയ ഉടൽ വംശഹത്യയുടെ പ്രതീകമാണ്. ഏറ്റുവാങ്ങേണ്ടിവന്ന ശിക്ഷകൾ സ്വീകരിക്കുന്നു. മാംസം അഴുകുന്നതുപോലെ ജീവിതവും അളിയുന്നു. സമയം ഉടലിനെ കടിച്ചുകീറുന്നു. അടിമകൾക്ക്, കുടിയിറക്കപ്പെട്ടവർക്ക്, അഭയാർത്ഥികൾക്ക് ഈ ലോകം അവകാശപ്പെട്ടതല്ല.

ഞങ്ങൾ രാജ്യമില്ലാത്തവർ.
ഞങ്ങൾ കൊല്ലപ്പെടേണ്ടവർ.
ഞങ്ങൾ അഭയാർത്ഥികളായി മരിച്ചവർ.

രണ്ട്:

ഓഷ് വിറ്റ്സ് ഹാസ്യങ്ങളുടെ
ഇരുണ്ട കാല വാറണ്ടുകൾ

‘ഉബു റോയ്’ നാടകത്തിന്റെ ആത്മാവിഷ്‌കാര ശില്പ രീതി- ഒരന്വേഷണം.

നാടകം: ഉബു റോയ്
സംവിധാനം: ദീപൻ ശിവരാമൻ
അവതരണം: ഓക്‌സിജൻ തിയേറ്റർ, തൃശ്ശൂർ

UBU: I have the honour to inform you that to enrich the kingdom. I’m going to kill all you Nobles and take your possessions.

NOBLES: Horror! To Us, People and soldiers!

UBU: Bring the first Noble, and pass me my Noblehook. Those that are condemned to death. I’ll put through the trapdoor and they’ll fall into the basement of pinchpork and then into the room below where their brains will be removed by the debraining machine.
-King Ubu Roi, Alfred Jarry

Photo: Raneesh Raveendran

അധികാരത്തിന്റെ നരനായാട്ടുകൾ ഉന്മാദമാകുന്ന കാലം. നിർദ്ദയം തൂക്കിലേറ്റപ്പെടുന്നവരുടെ കാലം. ഫയറിങ്ങ് സ്ക്വാഡിന്റെ മുന്നിൽ പിടഞ്ഞു വീഴുന്നവരുടെ കാലം. എൻകൗണ്ടർ കൊലകളുടെ രാഷ്ട്രീയകാലം. ശത്രുക്കളായി ചാപ്പകുത്തിയവർ കൂട്ട ബലാൽസംഗത്തിന് ഇരയാക്കപ്പെടുന്ന കാലം. ദേശങ്ങളെ തീവെച്ച് ചാരമാക്കുന്ന കാലം. തെളിവുകളില്ലാതാക്കുന്ന ഘാതകരുടെ കാലം. പൗരത്വം നിഷേധിക്കപ്പെട്ടവരുടെ കരുതൽ കാരാഗൃഹങ്ങളുടെ കാലം. മുള്ളുവേലികൾ കൊണ്ട് വംശീയമായി വേർതിരിയ്ക്കുന്ന കാലം. എതിർശബ്ദങ്ങളെ രാജ്യേദ്രാഹമായി കല്പിച്ച് ഏകാന്തരാവിൽ ശിക്ഷിക്കുന്ന കാലം. കടലിൽ തള്ളിയ അഭയാർത്ഥികളുടെ ശവങ്ങളുടെ കാലം. ജീവനോടെ കുഴിച്ചു മൂടുന്ന കാലം. ബുൾഡോസറുകളായ വ്യാളികളാൽ മലകളും കാടുകളും ഇല്ലാതാക്കുന്ന കാലം. ജീവനോടെ കുഴിച്ചു മൂടുന്നവരുടെ കാലം. ശാന്തിയുടെ മുനമ്പിലേക്ക് എന്ന വ്യാജേന ആട്ടിത്തെളിച്ച നിരാലംബരെ പുറകേ നിന്ന് വെടിവെച്ചില്ലാതാക്കിയവരുടെ കാലം. ജനനേന്ദ്രിയങ്ങളും മുലകളും കണ്ണുകളും പറിച്ചും ചൂഴ്ന്നും നരകം കാണിക്കുന്ന കാലം. കുടിയേറ്റക്കാരെ ഇല്ലാതാക്കാൻ കൂട്ടക്കുരുതികൾക്ക് ചൂതു നിരത്തുന്ന കാലം. രാഷ്ട്രീയവാർത്തകൾ നിരോധിയ്ക്കപ്പെടുന്ന കാലം. ആരാധനാലയങ്ങൾ കുഴിച്ചെടുത്ത് വംശീയകലാപങ്ങൾ വിതയ്ക്കുന്ന കാലം. അന്യമതങ്ങളെ ഉന്മൂലനം ചെയ്യുന്ന കാലം. ചരിത്രങ്ങൾ അടക്കം ചെയ്യുന്ന കാലം.

അധികാരത്തിന്റെ പീനൽ കോഡുകളാൽ പിടിച്ചുകൊണ്ടുപോകുന്ന കാലത്ത്, സ്വേച്ഛാധിപത്യത്തിന്റെ ഭയം അർബുദമായി പടരുന്ന കാലത്ത് ഇബു റോയ് തറഞ്ഞു കയറുന്നു. ദീപൻ ശിവരാമെന്റ ഫാഷിസ്റ്റ് വിരുദ്ധ തിയേറ്റർ കാലത്തിന്റെ ദൗത്യം നിർവ്വഹിയ്ക്കുന്നു. നാടകം കേവലാസ്വാദനമല്ല. ദൃശ്യാഹ്ലാദമല്ല. ‘സോജാ രാജകുമാരി’ പാടി നിദ്രകൊള്ളിക്കലുമല്ല. അല്ലെങ്കിൽ ദുർഗ്രഹമായ ഉന്മാദിയുടെ ആട്ടവുമല്ല. ദീപൻ ശിവരാമന്റെ രംഗാവിഷ്‌കാരം തിയേറ്റർ ഓഫ് ക്രുവൽറ്റിയാണ്. കാണിയെ പരിക്കേൽപ്പിക്കലാണ്, വീർപ്പുമുട്ടിക്കലാണ്, പൊള്ളിക്കലാണ്. കാണിയെ വേട്ടയാടുന്ന ഓഷ് വിറ്റ്സ് മാതൃകയിലുള്ള അരങ്ങിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകലാണ്. പഴയ കക്കയം ക്യാമ്പിനെ ഓർമപ്പെടുത്തലാണ്.

റെസ്കവീസിന്റെ നരകത്തിലൂടെയുള്ള പ്രയാണം എന്ന ഹോളോകോസ്റ്റ് ഓർമക്കുറിപ്പുകളിൽ നാസി തടവറയുടെ ഭീകരത വരച്ച് കാണിക്കുന്നുണ്ട്. ഇവിടെ ഉബു റോയിയിലും നരനായാട്ടിന്റെ അധികാരങ്ങൾ അടയാളപ്പെടുത്തുകയാണ് ദീപൻ ശിവരാമൻ.

Photo: Raneesh Raveendran

മർദ്ദക ഭരണകൂടത്തിന്റെ സെല്ലുകളാണ് ഉബു റോയ്. രാഷ്ട്രീയ കൊലകൾ നമ്മുടെ ഓർമകളെയും ചിന്തകളേയും സ്വപ്നങ്ങളെയും ചൂഴുന്നുണ്ടെന്ന് നാടകം ഓർമിപ്പിക്കുന്നു. ഇതിവൃത്തത്തിന്റെ ആന്തരിക പാഠ്യത്തിന് ചില മൂലഗ്രന്ഥങ്ങൾ പിൻപറ്റുന്നുണ്ട്. മിഗുവൽ ഏഞ്ചൽ അസ്തൂറിയാസിന്റെ The President, ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ Autumn of the Patriarch, മരിയോ വർഗാസ് യോസയുടെ The feast of the God, മെസിഡസ് കാബെല്ലോയുടെ The conspirator, ഒ.വി. വിജയന്റെ ധർമ്മപുരാണം എന്നീ മൂലഗ്രന്ഥങ്ങൾ ദീപൻ ശിവരാമൻ തന്റെ ക്രിയാത്മക രചനക്കായി വിനിയോഗിക്കുന്നുണ്ട്.

ഉബു റോയ് ജീവനുള്ള ശവകുടീരമാണ്. ഉബു റോയ് ഒരു ഫാഷിസ്റ്റ് രാജ്യത്തിന്റെ കോൺസൻട്രേഷൻ ക്യാമ്പിന്റെ ബ്ലാക്ക് റൂമാണ്. എല്ലാ അധികാരങ്ങളിലും രക്തക്കറ പുരണ്ട ഉന്മൂലനങ്ങളുണ്ട്. നാടകത്തിലെ ചോര പുരണ്ട നിലവിളികളിലൂടെ ദീപൻ ശിവരാമൻ ദൃശ്യരൂപകങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. Marcel Duchamm 1917- ൽ സിദ്ധാന്തിച്ച DADAI, സാൽവദോർ ദാലിയുടെ സർറിയലിസം, നാടോടി വിരുത്തത്തിന്റെ പ്രാക്തനകൾ, അസംബന്ധ നാടക വേദിയുടെ ഇരുണ്ട ഹാസ്യങ്ങൾ എന്നിവ നാടകാവിഷ്‌കരണത്തെ പൊലിപ്പിക്കുന്നുണ്ട്, വർണ്ണാഭമാക്കുന്നുണ്ട്. സ്ഥലരാശിയെ ഭേദിക്കുന്നതോടെ നാടകം ഏതു കാലത്തും ഏതു രാജ്യത്തും ഏതു ഭാഷയിലും വർത്തമാനമായി അനുഭവിപ്പിക്കുന്നു. ധർമ്മപുരാണത്തിലെ തൂറലാഘോഷം വിളംബരം. സൈന്യാധിപതിയുടെ കീഴ്ശ്വാസത്തിന്റെ ബ്യൂഗിൾ വിളി ഉബു റോയ് അനുവർത്തിക്കുന്നു. Dada തിയേറ്ററിലെ രാഷ്ട്രീയ ഹിംസയെ പ്രതിബാധിക്കുന്നത് ഇപ്രകാരമാണ്:

It is like your hope - Nothing.
It is like your paradise -Nothing
It is like your ideals -Nothing
It is like your politicians -Nothing

അധികാരത്തിന്റെ ഉന്മാദങ്ങളിൽ വെന്തെരിയുന്ന മനുഷ്യരുടെ നിലക്കാത്ത നിലവിളികൾ അശാന്തമാക്കുന്നു. പ്രതീക്ഷകളെ ഓഷ് വിറ്റ്സ് കൊയ്തു തീർക്കുന്നു. ദീപൻ ശിവരാമന്റെ ആത്മാവിഷ്‌കാരത്തിൽ സർ റിയലിസ്റ്റിക്ക് പെയിന്റിങ്ങുകളുടെ കാവ്യബിംബങ്ങൾ കാണാം. ഡാലിയുടെ The persistence of memory എന്ന സൃഷ്ടിയെ ഓർമ്മപ്പെടുത്തുംവിധം അസ്ഥിപഞ്ജരത്തിന്റെ രണ്ട് കറുത്ത വലകൾ തൂക്കിയിട്ട് കത്തിക്കുന്നുണ്ട്. പ്രതീകാത്മകതകളുടെ നിഗൂഢതകൾ ക്രിയാത്മകമാകുന്നുണ്ട്. അധികാരത്തിന്റെ കുടുംബം സഞ്ചരിക്കുന്ന രഥം. അസ്ഥിപഞ്ജരത്തിന്റെ ചുഴലി. അധികാരിയുടെ നഗ്നതാ പ്രദർശനം. പഞ്ചഭൂതങ്ങളിലെ അഗ്നിയുടെ ഉയിർപ്പ്. മലപണ്ടാരങ്ങളുടെ ചോരതുപ്പുന്ന തോറ്റം. മനുഷ്യവിസർജ്യം പാനീയമായും ചോക്ലേറ്റുകളായും ഔഷധങ്ങളായും രൂപാന്തരപ്പെടുത്തുന്ന യന്ത്രം. Max Ernst-ന്റെ വിശ്വവിഖ്യാതമായ മുഖംമൂടികളുടെ പെയിന്റിങ്ങിനെ അനുസ്മരിക്കും വിധം കോറസ്സിന്റെ എലികളുടെ, കരടിയുടെ, കോഴിയുടെ മാസ്ക്കുകൾ ധരിച്ചുള്ള ഉടൽചലനങ്ങൾ, നൃത്തങ്ങൾ അയഥാർത്ഥ്യത്തെ മനോരഥമാക്കുന്നു. പ്രേതാത്മാക്കളുടെ ആട്ടമായ കബൂക്കി ചുവടുകൾ. നാടോടി വിരുത്തത്തിന്റെ നിഴലാട്ടം പോലെ അപമൃതി വരിച്ചവർ കറുത്ത ഗൗൺ അണിഞ്ഞ് എരിയുന്ന വലിയ ചുട്ടുമായി അരങ്ങിലെത്തുന്നു. അവർ മന്ത്രിക്കുന്നുണ്ട്;
ഞങ്ങൾ കൊല്ലപ്പെട്ടവർ
ഞങ്ങൾ അപഹരിക്കപ്പെട്ടവർ
ഞങ്ങൾ വലിച്ചെറിയപ്പെട്ടവർ.

അസ്തൂറിയാസിന്റെ ‘പ്രസിഡന്റ്’ എന്ന നോവലിൽ ഒരു വിരുന്നൊരുക്കുന്നുണ്ട്.
ഷാംപെയിൻ, ചെറിയ കേക്കുകൾ, ഉപ്പുപൊടിയിട്ട ബദാംപരിപ്പ്, മധുരപലഹാരങ്ങൾ, സിഗരറ്റുകൾ. വേലക്കാർ ഇതൊക്കെ വിതരണം ചെയ്യുന്നുണ്ട്. ഇതുപോലെ ഉബു റോയിലും സൈന്യാധിപനെ, അധികാരികളെ വരുതിയിൽ വരുത്തുവാൻ അരങ്ങിൽ ഒരു വിരുന്നൊരുക്കുന്നുണ്ട്. പരിചാരകർ എലിയുടെ മാസ്ക് ധരിച്ചവരാണ്.

Photo: Raneesh Raveendran

ആറു തടവുകാരെ തൂക്കിലിടൽ. ഓഷ് വിറ്റ്സിന്റെ ഇരുണ്ട ഹാസ്യം അതിന്റെ പരിണിതഫലമാണ്. എഴുത്തുകാരൻ, കലാകാരൻ, രാഷ്ട്രീയക്കാരൻ, പത്രപ്രവർത്തകൻ,, ശാസ്ത്രജഞൻ, കൃഷിക്കാരൻ- ഇവരെല്ലാം കഴുവേറ്റത്തിന് വിധേയപ്പെടുന്നു.

അസ്തൂറിയാസിന്റെ ആത്മഗതം ഉബു റോയിയിലും പ്രതിധ്വനിക്കുന്നുണ്ട്: ‘‘ശത്രുക്കളുടെ സഹായത്തോടെ ഈ പിതൃരാജ്യത്തിലെ ക്രൂരപുത്രന്മാർ ഒരുക്കിയ കെണികൾ വിജയിച്ചിരുന്നുവെങ്കിൽ നമ്മുടെ പതാകയിൽ അസംഖ്യം കറകൾ പറ്റിപ്പിടിച്ചേനെ. ദൈവത്തിന്റെ കരങ്ങൾ അങ്ങയുടെ വിലപ്പെട്ട ജീവനെ സംരക്ഷിച്ചു പോരുകയാണെന്ന കാര്യം അവർക്കറിയില്ലല്ലോ. രാഷ്ട്രത്തിന്റെ പ്രഥമപൗരനായി അങ്ങയെ അംഗീകരിക്കുന്ന ബഹുസഹസ്രത്തിന്റെ പിന്തുണ അണക്കുന്നുണ്ടെന്ന കാര്യവും അവർക്ക് അറിവുള്ളതല്ലല്ലോ’’.

എട്ടുംപൊട്ടും തിരിയാത്ത ഒരു ബഫൂൺ എപ്രകാരമാണ് നരഭോജിയായി മാറുന്നത് എന്ന് ഈ നാടകം രേഖപ്പെടുത്തുന്നു. അധികാരം ഹിംസാത്മകമാവുമ്പോൾ എല്ലാ മാനുഷികതകളും ചാരമാക്കപ്പെടും. അടക്കം ചെയ്യപ്പെടും.

മുസോളിയത്തിൽ നിന്ന് പട്ടാളയൂണിഫോമിട്ട ഏകാധിപതി എഴുന്നേറ്റ് കൽപ്പനകൾ പുറപ്പെടുവിക്കുന്നുണ്ട്. സ്വേച്ഛാധിപതിയുടെ എംബാം ചെയ്ത ശവം നിദ്രയിലാണ്ടതല്ലെന്നും ഹിംസയുടെ അണുക്കൾ ഇപ്പോഴും പ്രതിപ്രവർത്തിയ്ക്കുന്നുണ്ടെന്നും ദീപൻ ശിവരാമൻ ഓർമ്മപ്പെടുത്തുന്നു. റൂഡോൾഫ് ഹോസിന്റെ ആത്മകഥയിലെ ഏതാനും വരികൾ ഇവിടെ കുറിക്കട്ടെ. നരകം വാതിൽ തുറക്കുമ്പോൾ നരനായാട്ടിന്റെ രംഗങ്ങളും കൂട്ടനിലവിളികളും നമ്മെ ചൂഴുന്നുണ്ട്.

‘‘വസന്തകാലത്ത് എല്ലാവരെയും ഉന്മൂലനം ചെയ്യുകയെന്ന നിർദ്ദേശം കിട്ടി. അപ്പർസൈലേഷ്യയിൽ നിന്ന് ആദ്യ സംഘങ്ങളെത്തി. അവരെ കോട്ടേജിലേക്ക് കൊണ്ടുവന്നു. തങ്ങളുടെ മേലുള്ള പേനുകളെ നശിപ്പിക്കാനായി തയ്യാറാക്കിയിരിയ്ക്കുന്ന മുറികളാണെന്നു കരുതി കോട്ടേജിലേയ്ക്ക് അവർ ശാന്തരായി കയറി. വാതിലടച്ചു. സ്ക്രൂ ചെയ്തു. ഗ്യാസ്? ചേമ്പറിൽ നിന്ന് കോട്ടേജിനുള്ളിലെ മുറിയിലേയ്ക്കുള്ള ദൗത്യം ശാന്തമായി നിർവ്വഹിച്ച് തുടങ്ങിയിരിയ്ക്കുന്നു’’.

മൂന്ന്:

കളിപ്പാട്ടങ്ങളുടെ
ചൂതുകളി

നാടകം: അല്ലെ ആർമി
സംവിധായകൻ: റിക്കാർഡോ റീനേ
ഭാഷ: ഹോംബ്രി കലക്റ്റീവ്, ഇറ്റലി.
സമയം: 60 മിനിറ്റ്

‘അല്ലെ ആർമി’ നാടകത്തിൽ നിന്ന് / ഫോട്ടോ: മുഹമ്മദ് ഹനാൻ

നിശ്ശബ്ദ ചലനങ്ങൾ. വാക്കുകളെ നിരോധിച്ച അരങ്ങ്. നിഗൂഢമായ ചരടുവലികൾക്ക് വഴിപ്പെട്ടു പോയ കഥാപാത്രങ്ങൾ. പഞ്ചേന്ദ്രിയങ്ങൾ പാവകളായി രൂപാന്തരപ്പെട്ട പരിണാമം. ആയുധശേഖരങ്ങളുടെ രാജ്യാന്തര ഗോഡൗണുകളുടെ ഷോകേസുകൾ. അവ ഭ്രമണം ചെയ്യുന്നു. ഡ്രോണുകൾ അരങ്ങിൽനിന്ന് കാണികൾക്കിടയിലേക്ക് ചാരക്കണ്ണുകളായി പറക്കുന്നു. ജീവനുള്ള പാവകൾ ആയുധകരാറുകളിൽ ഏർപ്പെടുന്നു. ശബ്ദതരംഗങ്ങളിൽ മിസൈലുകളുടേയും തോക്കുകളുടേയും സ്ഫോടനങ്ങളുടെ ആഘാതങ്ങൾ. ധൂമപടലങ്ങൾക്കിടയിൽ രാജ്യങ്ങൾ നാശാവശിഷ്ടങ്ങളാകുന്നു. ആയുധ ഇടപാടുകളുടെ ആവശ്യകത മാനവിക ശാന്തിയുടെ ജീവശ്വാസമാണെന്ന് നമ്മെ പഠിപ്പിക്കുന്നു. സ്ക്രീനിൽകളിപ്പാട്ടങ്ങൾ തെളിയുന്നു. തോക്കുകൾ. ടാങ്കുകൾ. ബുൾഡോസറുകൾ. പോർവിമാനങ്ങൾ. പട്ടാളക്കാർ. മിസൈലുകൾ. അവ കേവലം ശൈശവവിനോദ ബൊമ്മകളല്ല. കളിപ്പാട്ടങ്ങൾ വംശനാശത്തിന്റെ അണുസ്ഫോടനങ്ങളായി അവസ്ഥാന്തരപ്പെടുന്നു. അന്തരീക്ഷത്തിൽ റിമോട്ടിൽ നിയന്ത്രിക്കുന്ന പോർ ഹെലിക്കോപ്റ്റർ വട്ടമിടുന്നു.

കളിപ്പാട്ടങ്ങൾ അതിന്റെ ശൈവത്വം വെടിയുന്നു. അഗാധ ഗർത്തത്തിലേക്ക് ആരോ ആണ്ടുപോകുന്നു. കളിപ്പാട്ടങ്ങൾ മാരകമായ ജീവഹാനികൾക്ക് കളമൊരുക്കുന്നു. കൂറ്റൻ കൂട്ടക്കൊല യന്ത്രത്തിന്റെ പൽചക്രം തെളിയുന്നു. ആയുധ ചൂതുകളിക്കാർ ഉന്മൂലനങ്ങളുടെ പുതിയ സാങ്കേതികതയെക്കുറിച്ച് വട്ടമേശകൾ കൂടൂന്നു. രാജ്യാന്തര രഹസ്യ കൂടിക്കാഴ്ചകൾ നടക്കുന്നു. പുതിയ ആയുധങ്ങളെക്കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. എത്ര മില്ല്യൺ ലാഭമുണ്ടാക്കാമെന്ന രഹസ്യധാരണകൾക്ക് കളമൊരുക്കുന്നു. ഫൈറ്റർ സ്ക്വാഡ്രനുകൾ പാവകളെ കഥാപാത്രങ്ങൾ കയ്യിലേന്തി പറപ്പിക്കുന്നു. നിർമ്മാണത്തിലിരിക്കുന്ന യുദ്ധോപകരണങ്ങൾ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. നിഴലാട്ടത്തിൽ സ്ഫോടനങ്ങളുടെ പരമ്പരയാൽ മൂന്നാംലോകം തകർന്നിരിക്കുന്നു. പശ്ചിമേഷ്യ പൊടിപടലമാക്കിയിരിക്കണം. ഇരുണ്ട ഭൂഖണ്ഢവും, പട്ടാള കോളനികളും ശവമേടുകളായിരിക്കണം.

യുദ്ധവ്യവസായം കൊഴുക്കുന്നു. പ്രാണനെ പൊള്ളിക്കുന്നു. ജീവജാലങ്ങളെ മരുഭൂമിയാക്കുന്നു. വംശനാശത്തിന് ആസൂത്രിത രാഷ്ട്രീയ വിശകലനങ്ങൾ. കുട്ടികളുടെ ബിൽഡിംങ്ങ് ബ്ലോക്കുകൾ അംബരചുംബികളാകുന്നു. മിസൈലുകളുടെ മുന കാഞ്ചിയുടെ ലക്ഷ്യം കാണികളിലേക്ക് തിരിക്കുന്നു. ഒരു ചാരേഡ്രാൺ അരങ്ങിൽ നിന്ന് പുറത്തേക്ക് കടക്കുന്നു. റുഡോൾഫ് ഹോസിന്റെ ആത്മകഥയിലെ ഫ്യൂറൽ പറഞ്ഞു കൊണ്ടിരിക്കുന്നത് എല്ലാ യുദ്ധ പോസ്റ്ററുകളിലും ഉറച്ചുനിൽക്കുന്നതിനെക്കുറിച്ചാണ്. ഗീബൽസാകട്ടെ അൽഭുതങ്ങളിൽ വശ്വസിക്കുന്നതിനെക്കുറിച്ചും നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു. കളിപ്പാട്ടങ്ങൾ അതിന്റെ സ്വത്വം കൈവിട്ട് ഭീകരരൂപികളാകുന്നു. തടവുകാർ വധിക്കപ്പെടുന്നു. സാധാരണ മനുഷ്യരെ കൂട്ടത്തോടെ ട്രഞ്ചുകളിലേക്ക് കൊന്നുവീഴ്ത്താൻ ആട്ടിത്തെളിക്കുന്നു. ജീവനുള്ള പാവ ഒരു കളിപ്പാട്ടലോറി തറയിൽ ഉരുട്ടിനോക്കുന്നു. സ്ക്രീനിൽഅത് വലിയ രൂപമായി. അതിന്റെ രാക്ഷസസ്വഭാവം കൈവരിക്കുന്നു. കോൺസൺട്രേഷൻ ക്യാമ്പുകളിലെ തടവുകാരെക്കൊണ്ട് യുദ്ധോപകരണങ്ങൾ നിർമിക്കുന്നു.

ആയുധങ്ങൾ രാജ്യാന്തര മാർക്കറ്റിൽ വലിയ സാധ്യതകൾക്ക് കാരണമാകുന്നു. മില്ല്യൺ മില്ല്യൺ പണം വന്ന് നിറയുന്ന ജീവനുള്ള പാവകൾ സൂട്ട്‌കേസ് തട്ടിപ്പറിച്ച് ഓടുന്നു. അത് വിൽപ്പനയുടെ ലാഭത്തെക്കുറിച്ചുള്ള പ്രതീകാത്മകതയെ സൂചിപ്പിക്കാനാണ്. മണൽ കൂമ്പാരത്തിൽ കളിപ്പാട്ടങ്ങൾ നിരക്കുന്നു. കാലാൾപ്പടകൾ, മിസൈലുകൾ നിറച്ച ടാങ്കുകൾ, പോർവിമാനങ്ങൾ, പടക്കോപ്പുകളേയും സൈനികരെയും കുത്തിനിറച്ച ട്രക്കുകൾ. അവ വരാനിരിക്കുന്ന നിശ്ചയിക്കപ്പെട്ട കുരുതികൾക്ക് പുറപ്പെട്ട് തുടങ്ങുന്നു. ടി.വി സ്ക്രീനിലെ നിഴലാട്ടത്തിൽ കളിപ്പാട്ടങ്ങൾ അയഥാർത്ഥ്യമാകുന്നു. ചിതറിക്കിടക്കുന്ന ശവങ്ങൾ കണ്ടപ്പോൾ ജോൺ ഹേഴ്‌സിയുടെ ഹിരോഷിമ എന്ന കൃതിയിലെ വാക്കുകൾ ഓർമ വരുന്നു:
''മുറിവേറ്റവർ നിശ്ശബ്ദരായിരുന്നു. ആരും കരഞ്ഞില്ല. എല്ലാം നിശ്ശബ്ദമായ മരണങ്ങളായിരുന്നു. കുഞ്ഞുങ്ങൾ പോലും കരഞ്ഞില്ല. പൊള്ളലാൽ മുഖം കരിഞ്ഞുപോയ ചിലരുടെ വായിൽ ഫാദർ ക്ലൈൻ സോർജ വെള്ളമിറ്റിച്ചു കൊടുത്തു. അവർ കണ്ണുകളടച്ചു. തല ഒരു വശത്തേക്ക് ചെരിഞ്ഞു’’.

കളിപ്പാട്ടങ്ങളല്ല വീണുകിടക്കുന്നത്. പട്ടാളക്കാരെയാണ് കണ്ടത്. അവരുടെ ഉടൽ പാടേ കരിഞ്ഞിരുന്നു. കണ്ണുകൾ പൊഴിഞ്ഞുവീണിരുന്നു. ഉരുകിയ കണ്ണിൽ നിന്നും ദ്രാവകം താടിയിലേക്ക് ഒലിച്ചിറങ്ങിയിട്ടുണ്ടാകും. അണുക്കളുടെ വിഘടനത്തിൽ ഒരു നഗരം, ഒരു ജനത, ഒരു സംസ്കാരം, സൂക്ഷ്മ ജീവജാലങ്ങളുടെ ഭൂമിക, എല്ലാം ഉന്മൂലനം ചെയ്യുന്നു. ലിറ്റിൽ ബേബി എന്ന അണുബോംബ് മനുഷ്യനന്മയുള്ള ഔഷധ ഗുളികയാണ്. ശത്രു നിർമ്മാർജനം ചെയ്യപ്പെടുമ്പോൾ ശാശ്വതമായ ശാന്തി കൈവരുന്നു. അവിടെ ദൈവം അവതരിക്കപ്പെടുന്നു. യുദ്ധരാജാക്കന്മാർ വലവീശുന്നു.

ഹിരോഷിമ അഭയാർത്ഥിക്യാമ്പിൽ വെച്ച് താനിമേട്ടൊവിന്റെ അനുഭവം ഈ നാടകവേളയിൽ ഓർത്തുപോകേണ്ടതുണ്ട്:
''താനിമോട്ടൊ അയാളെ സഹായിക്കാനായി അഭയാർത്ഥി കൂടാരത്തിലേക്ക് ഇറങ്ങിപ്പോയി. അവിടുത്തെ ഇരുട്ടുമായി അയാൾ പൊരുത്തപ്പെട്ടപ്പോൾ മുഖവും കൈകളുമൊക്കെ രകതവും ചലവും കൊണ്ട് നിറഞ്ഞ് വീർത്തടഞ്ഞ കണ്ണുകളുമായി ഈർദ്ധ്വശ്വാസം വലിക്കുന്ന തനികയെ കണ്ടു. ഇടക്കിടെ ഞരങ്ങിക്കൊണ്ടിരിക്കുന്ന ആ മനുഷ്യനെ നാറുന്നുണ്ടായിരുന്നു. താനിമോട്ടൊ ജപ്പാൻ ഭാഷയിൽ എഴുതിയ ഒരു പോക്കറ്റ് ബൈബിളിൽ നിന്നും ഇങ്ങനെ ഉറക്കെ വായിക്കാൻ തുടങ്ങി’’.

‘‘ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ
ഇന്നലെ കഴിഞ്ഞുപോയ ദിവസം പോലെയും
രാത്രിയിലെ ഒരു യാമം പോലെയും ഇരിക്കുന്നു.
നീ അവരെ ഒഴുക്കിക്കളയുന്നു.
അവർ ഉറക്കം പോലെയേത്ര.
അവൻ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെയാകുന്നു.
അത് രാവിലെ തഴച്ചുവളരുന്നു.
വൈകുന്നേരം വാടിക്കരിഞ്ഞു
പോകുകയും ചെയ്യുന്നു.
നീ ഞങ്ങളെ ആ കൃത്യങ്ങളെ നിന്റെ മുമ്പിലും
ഞങ്ങളുടെ രഹസ്യപാപങ്ങളെ
നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു.
ഞങ്ങളുടെ നാളുകളൊക്കെയും
നിന്റെ ക്രോധത്തിൽ കരിഞ്ഞുപോയി.
ഞങ്ങളുടെ സംവത്സരങ്ങളിൽ
ഞങ്ങൾ നെടുവീർപ്പു പോലെ കഴിയുന്നു’’.

ആയുധപ്പുരയിലെ മിസൈലുകൾ കടൽ കടക്കുന്നു. തോക്കുകൾ കടൽ കടക്കുന്നു. പ്ലൂട്ടോണിയം കടൽ കടക്കുന്നു. പുത്തൻ നാസി ചൂതുകൾ കടൽ കടക്കുന്നു. കളിപ്പാട്ടങ്ങൾ കളിപ്പാട്ടങ്ങളല്ലാതാകുന്നു. ജീവനുള്ള കഥാപാത്രങ്ങൾ പുത്തൻ ഗസ്റ്റപ്പോകളായി രൂപം മാറുന്നു. ചാരക്കണ്ണുകൾ, ചാരഉടലുകൾ, ചാരവേഗങ്ങൾ അവരെ പ്രകോപിതമാക്കുന്നു. തോക്കിൻ മുനകൾ ചൂണ്ടുന്നു. മണൽ കൂമ്പാരത്തിലെ പാവകൾക്ക്, യുദ്ധ സാമഗ്രികൾക്ക്, ബ്ലോക്കുകൾക്ക് രൂപാന്തരണം സംഭവിക്കുന്നു. മോന്തായം കത്തുന്ന ദൃശ്യത്തിൽ നിന്ന് ബിൽഡിങ്ങ് ബ്ലോക്കുകളിലേക്ക് തീ പടരുന്നു. ഒരു ഡ്രോൺ നമ്മെ തിരഞ്ഞുവരുന്നു. ഒരു ഹെലികോപ്റ്റർ ഗസ്റ്റപ്പോവിന്റെ സൂക്ഷ്മതയോടെ അരങ്ങിൽനിന്ന് പുറത്തേയ്ക്ക് കടക്കണം. തെരുവിൽ വെടിയുണ്ടകളേറ്റ ശരീരങ്ങൾ ചിതറിക്കിടന്നിരുന്നു. ശവങ്ങൾ കോൺസൺട്രേഷൻ ക്യാമ്പുകളിൽ നിന്ന് ട്രക്കുകളിലും ഗുഡ്‌സ് ട്രെയിനുകളിലും കുത്തിനിറക്കുന്നു. ട്രഞ്ചുകളിൽ നിന്ന് മണ്ണ് വാരുന്നു.
അരങ്ങിൽ എന്താണ് സംഭവിക്കുന്നത്.
ആയുധവിൽപ്പന ഭയത്തിന്റെ ഇരുട്ട് വിതക്കുന്നു. തടങ്കൽ പാളയങ്ങൾ ആയുധനിർമ്മാണത്തിന്റെ പരീക്ഷണശാലകളാക്കുന്നു. ബങ്കുൾ ഒരു ദേശത്തെ അടക്കാനുള്ള ഒറ്റ ശവക്കല്ലറയാണ്. അതിന് യുദ്ധം അനിവാര്യമാണ്. ദേശീയത, ശാന്തി, സ്വാതന്ത്ര്യം, തുല്യത ഇത് നിർവ്വഹിക്കാൻ യുദ്ധം അനിവാര്യമാണ്. ആയുധപ്പുരകൾക്ക് നിർലോഭം രഹസ്യമായി സഞ്ചരിക്കാനാവണം.

അരങ്ങിന്റെ സ്വഭാവം മാറുന്നു. ധൂമപടലം പടരുന്നു. ഇരുട്ട് പടരുന്നു. സ്ഫോടനങ്ങളുടെ നിലക്കാത്ത ശബ്ദം അടരാടുന്നു. നിലവിളികൾ അശാന്തമാകുന്നു. ജീവനുള്ള പാവകൾ ഏകാന്തതയിലാണ്ടുപോകുന്നു. ശൂന്യതയുടെ മൃതാവസ്ഥയിലേക്ക് ചൂഴ്ന്നുപോകുന്നു. ആത്മബലിയിലേക്ക് ചുരുളുന്നു. അവർ ഓക്‌സിജൻ മാസ്ക് ധരിച്ച് മൃതിയുടെ നിശ്ശബ്ദതക്കായി കാത്തു കിടക്കുന്നു.


ഉദയശങ്കര്‍

കഥാകൃത്ത്, നോവലിസ്റ്റ്. അഭിഭാഷകനായി ജോലി ചെയ്യുന്നു. 13 കഥാസമാഹാരങ്ങൾ, രണ്ട് രംഗഭാഷാ പഠനങ്ങൾ, രണ്ട് നോവലുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments