നാടകവും നാടകക്കാരും ഉണ്ടായതുകൊണ്ടാണ്‌ ഇവിടെ അതിനായി അക്കാദമിയുണ്ടായത്

തൃശൂരിൽ നടന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ ‘പാപ്പിസോറ’ എന്ന മലയാള നാടകത്തിന്റെ പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് അധിക്ഷേപത്തോട്, ‘നിക്ഷിപ്ത താൽപര്യക്കാർ സംഗീത നാടക അക്കാദമിയെ ആക്രമിക്കുന്നുവെന്നും നുണപ്രചാരണം കൊണ്ട് നാടകോത്സവത്തെ തകർക്കാനാകില്ല’ എന്നുമാണ് സെക്രട്ടറി പ്രതികരിച്ചത്. സെക്രട്ടറിയുടെ പ്രസ്താവനക്ക് ഒരു നാടകപ്രവർത്തകന്റെ പ്രതികരണം.

‘ഇറ്റ്‌ഫോക്കി’നെ തര്‍ക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നെനിക്കറിയില്ല. അങ്ങനെ ആരെങ്കിലും തകര്‍ക്കുമെന്നും ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഒന്നുറപ്പായും പറയാം, നാടകത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. നാടകം എന്നത് പലരും പറഞ്ഞുപോവുന്നതു പോലെ കേവലമൊരു കലാരൂപമല്ല, ജീവിതം തന്നെയാണ്. ജീവനുള്ള മനുഷ്യനില്‍ നിന്ന് നാടകമെന്ന ഘടകത്തെ പൊളിച്ചെടുത്ത് മാറ്റിവെക്കുക എന്നത് അസാദ്ധ്യവുമാണ്.

‘ഇറ്റ്‌ഫോക് 2024’ ല്‍ നിന്ന്‌

മനുഷ്യരില്‍, ആണിനേയും പെണ്ണിനേയും ട്രാന്‍സ്‌ജെന്ററിനേയും നിര്‍ണ്ണയിക്കുന്നത് അവരുടെ ശരീരത്തില്‍ വന്നുചേര്‍ന്ന ഏതാനും ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണെന്നാണ് ശാസ്ത്രം പറയുന്നതും പഠിപ്പിക്കുന്നതും. നാടകക്കാരേയും അതല്ലാത്തവരേയും വേര്‍തിരിച്ചുനിര്‍ത്തുന്നതും മറ്റൊന്നല്ല. ഞങ്ങളില്‍ നാടകത്തിന്റെ ഹോര്‍മോണ്‍ അല്‍പ്പം കൂടുതലാണ്. ഞങ്ങള്‍ക്ക് സാമ്പ്രദായികമായ എല്ലാ കീഴ് വഴക്കങ്ങളും പാലിക്കാന്‍ എളുപ്പം സാദ്ധ്യമാവുകയില്ല. അടിമകളാക്കി നിര്‍ത്താന്‍ സൃഷ്ടിച്ച നിയമങ്ങളുടെ അതിരുകളിലൂടെ ഒറ്റക്കാലില്‍ നടക്കുന്നവരാണ് നാടകക്കാര്‍.

കേരള സംഗീത നാടക അക്കാദമി

അപ്പുറം കടക്കേണ്ട നേരം വന്നാല്‍ ഒട്ടും അറപ്പില്ലാതെ അതിര്‍ത്തിക്കപ്പുറവും എത്തിച്ചേരുന്നതും അതുകൊണ്ടുതന്നെയാണ്. ഞങ്ങള്‍ പുലര്‍ച്ചയില്‍ അലാറം വെച്ചുണര്‍ന്ന് കഞ്ഞിപ്പശയില്‍ ഇസ്തിരിയിട്ട് ജീവിയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരല്ല. സൂര്യാസ്തമയം കഴിഞ്ഞ് പ്രാര്‍ത്ഥിച്ചുറങ്ങുന്നവരുമല്ല. രാത്രിയെന്നോ പകലെന്നോ മഴയെന്നേ വെയിലെന്നോ നോക്കാതെ, മനസ്സല്‍ മുളച്ച ഒരാശയത്തിന്റെ അറ്റം കണ്ടെത്താന്‍എങ്ങോട്ടെന്നില്ലാതെ അലയുന്നവരാണ് ഞങ്ങള്‍.

ചിലപ്പോള്‍ അവധൂതന്‍മാരെപ്പോലെ ഒറ്റയ്ക്കാവാം, മറ്റു ചിലപ്പോള്‍ രാജ്യം നഷ്ടപ്പെട്ട അഭയാര്‍ത്ഥികളെപ്പോലെ കൂട്ടമായും കിലോമീറ്ററുകളോളം ഞങ്ങള്‍ അലഞ്ഞെന്നിരിയ്ക്കും. എത്തിയെടത്തുറങ്ങും, എത്താത്തിടത്ത്‌ ഉണരും. അങ്ങനെയൊക്കെത്തന്നെയാണ് ലോകത്ത് മഹത്തരമായ നാടകങ്ങളുണ്ടാക്കിയും ഉണ്ടായതും. അല്ലാതെ സ്വീകരണ മുറിയിലെ പ്ലാസ്റ്റിക്ക് ചട്ടിയില്‍ വിരിഞ്ഞ ഓര്‍ക്കിഡ് പുഷ്പമല്ല നാടകം.

മഹാന്മാരായ നാടകക്കാരുടെ പകലുകളും രാത്രികളുമൊക്കെ ഇങ്ങനെത്തന്നെയായിരുന്നു. നിങ്ങളുടെയൊക്കെ പ്രസംഗത്തില്‍ വരുന്ന സഫ്ദര്‍ ഹഷ്മിയെ പഠിയ്ക്കാന്‍ നോക്കണം. പി.എം താജിന്റെ ജീവിതമറിയണം, ജോസ് ചിറമ്മലിന്റെ ദിവസങ്ങളറിയണം. സുരാസു. അങ്ങനെ മരിച്ചുപോയവരും ജീവിച്ചു കൊണ്ടിരിക്കുന്നവരുമായ എത്രപേര്‍. ഇവരുടെ ജീവിതം ഞങ്ങളൊക്കെ തൊട്ടറിഞ്ഞവരാണ്. നാടകക്കാരുടെ വിയര്‍പ്പിന്റെ ഗന്ധം മറ്റു നാടകക്കാർക്ക് നിമിഷാര്‍ദ്ധം കൊണ്ട് തിരിച്ചറിയാം. രക്തത്തിലെ കാന്തികശക്തി എളുപ്പം ഞങ്ങളെ കൂട്ടിപ്പിടിയ്ക്കും.

എവിടെവെച്ചായാലും കണ്ടാല്‍ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിക്കും, പൊട്ടിച്ചിരിക്കും, പൊട്ടിക്കരയും, പാട്ടുപാടും, താളം പിടിക്കും, നൃത്തമാടും. അവിടെ ഞങ്ങള്‍ ചവിട്ടി നില്‍ക്കുന്നത് ഇത് ഭൂമിയാണെന്ന ഒറ്റ വികാരത്തിലാണ്. അതിമോഹങ്ങളൊന്നുമില്ലാത്ത മനുഷ്യരുടെ സ്വാതന്ത്ര്യമാണത്. ഈ ആഘോഷങ്ങള്‍ കാണുമ്പോള്‍ സ്ത്രീകളുണ്ടെന്നോ ഗര്‍ഭിണികളുണ്ടെന്നോ എന്നൊന്നും പരിഗണിക്കാതെ, നാടകക്കാരെല്ലാം ലഹരിയിലാണെന്ന് നിങ്ങള്‍ വിധി പ്രസ്‍താവിക്കും.
കാരണം, നിങ്ങള്‍ക്കൊന്നും ലഹരിയുടെ മുന്‍ ബലമില്ലാതെ കലയെയും ജീവിതയാഥാര്‍ത്ഥ്യങ്ങളെയും അഭിമുഖീകരിക്കാനുള്ള ഉള്ളുറപ്പുണ്ടാവില്ല എന്നതുകൊണ്ടാണ് അത്‌. എല്ലാ മനുഷ്യരെയുംപോലെ ഞങ്ങളില്‍ മദ്യപിക്കുന്നവരുണ്ടാവാം, ലഹരി ആഗ്രഹിക്കുന്നവരുമുണ്ടാവും. ഒന്നുകൂടി പറയട്ടെ, എല്ലാ മനുഷ്യരും ചെയ്യുന്നപോലെ.

‘ഇറ്റ്‌ഫോക് 2024’

ഒന്നോര്‍ക്കുക, ഈ നാടകവും ഈ നാടകക്കാരും ഇവിടെയുണ്ടായതു കൊണ്ടാണ് ഇവിടെ അതിനായി ഒരു അക്കാദമിയുണ്ടാവുന്നത്. നാടകക്കാര്‍ക്കു വേണ്ടി പണിയെടുക്കാനാണ് അവിടെ ജോലിക്കാരുണ്ടായത്. ആ പണിയെടുക്കുന്നതിന്റെ കൂലിയാണ് മാസാമാസം ശമ്പളമുണ്ടായി കൊടുക്കുന്നത്. നാടകക്കാര്‍ക്കു വേണ്ടിയാണ് ശീതീകരിച്ച കെട്ടിടമുണ്ടായത്. ബോര്‍ഡു വെച്ച കാറുകളുണ്ടായത്. അതുമായി ബന്ധപ്പെട്ടതെല്ലാമുണ്ടായത്‌.

ആ മിതശീതോഷ്ണതയിലിരുന്ന് പണിയെടുക്കുന്ന നാടകക്കാരെ നോക്കി അരാജകവാദികള്‍ എന്ന് പിറുപിറുക്കരുത്. നിങ്ങളുടെ വസ്ത്രങ്ങള്‍ വൃത്തികൊണ്ട്‌ സമ്പന്നമാണെങ്കില്‍ ഞങ്ങളുടെ മനസ്സ് വിശാലകാഴ്ചകള്‍ കൊണ്ട്‌ സമ്പന്നമാണ്. നാടകത്തിന്റെ ‘പേരി’ല്‍ നിങ്ങള്‍ ജീവിച്ചോളൂ. 'നാടകക്കാരായി' ഞങ്ങളും അഭിമാനത്തോടെ ജീവിച്ചോളാം. ആത്മാര്‍ത്ഥമായി കൈ കൊടുത്ത് ആനന്ദിയ്ക്കുന്നതിനു പകരം നമുക്കിടയിലെ പോക്കുവരവിന്റെ പാലം ബോംബുവെച്ച് തകര്‍ക്കരുത്.

Comments