Photo: Ruwanthie de Chickera

#itfok2025:
‘Seven Decades of Sri Lanka';
തിയേറ്ററിൽ ഒരു രാജ്യത്തിന്റെ സ്മാരകശിലകൾ

ഇത്തവണ itfok-ൽ അവതരിപ്പിച്ച, 70 വർഷത്തെ ശ്രീലങ്കൻ ചരിത്രത്തിന്റെ സങ്കീർണ ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന 'Dear Children, Sincerely: Seven Decades of Sri Lanka' എന്ന നാടകത്തിന്റെ കാഴ്ച; പ്രമുഖ നാടകകൃത്തും സാമൂഹ്യശാസ്ത്രജ്ഞനുമായ ഡോ. ഓംകാർ ഭട്കർ എഴുതുന്നു.

1940- കളിലെ സ്വാതന്ത്ര്യത്തിന്റെ ഉദയം മുതൽ 2009-ലെ ആഭ്യന്തര യുദ്ധത്തിന്റെ ഇരുണ്ട അന്ത്യം വരെയുള്ള 70 വർഷത്തെ ശ്രീലങ്കൻ ചരിത്രത്തിന്റെ സങ്കീർണ ഇടനാഴികളിലൂടെയാണ് 'Dear Children, Sincerely: Seven Decades of Sri Lanka' എന്ന നാടകം കടന്നുപോകുന്നത്. റുവന്തി ഡി ചിക്കേരയുടെ സംവിധാനത്തിൽ സ്റ്റേജസ് തിയേറ്റർ ഗ്രൂപ്പ് അതിസൂക്ഷ്മമായി തയ്യാറാക്കിയ ഈ സമഗ്ര മാസ്റ്റർപീസ്, കലാകാരരുടെ കഠിനാധ്വാനം നിറഞ്ഞ ഗവേഷണത്തിന്റെ ഫലമാണ്. രാജ്യത്തിന്റെ നിർണായക മാറ്റങ്ങൾക്കു സാക്ഷിയായി 1930- കളിൽ ജനിച്ച ശ്രീലങ്കൻ പൗരരുടെ ജീവസുറ്റ വിവരണങ്ങൾ പകർത്താൻ ശ്രമിക്കുന്ന ഹൃദയസ്പർശിയായ ഒരു ശ്രമം കൂടിയാണ് ഈ പ്രൊജക്റ്റ്.

READ : ITFOK 2025

ശ്രീലങ്കയുടെ ഹൃദയഭൂമിയിലും അതിന്റെ വിദൂര ദേശാടന പ്രദേശങ്ങളിലും നിന്ന് നെയ്തെടുത്ത അഭിമുഖ പരമ്പരയിലൂടെ, നിർണായകമായ ചരിത്ര കാലഘട്ടങ്ങളെക്കുറിച്ചുള്ള കാലിഡോസ്‌കോപ്പ് സംഘം ശേഖരിച്ചിട്ടുണ്ട്. വംശീയത, വർഗം, രാഷ്ട്രീയപക്ഷങ്ങൾ, ലിംഗഭേദം, ഭൂമിശാസ്ത്ര സവിശേഷതകൾ എന്നിവയുടെ പ്രാതിനിധ്യമുള്ള ഈ അഭിമുഖങ്ങൾ, ശ്രീലങ്കയുടെ ഭൂതകാലത്തിന്റെ ബഹുമുഖമായ രൂപരേഖകളെ പ്രകാശിപ്പിക്കുന്നു.

റുവന്തി ഡി ചിക്കേരയുടെ സംവിധാനത്തിൽ സ്റ്റേജസ് തിയേറ്റർ ഗ്രൂപ്പ് സൂക്ഷ്മതയോടെ തയ്യാറാക്കിയ ഈ സമഗ്ര മാസ്റ്റർപീസ്, കലാകാരരുടെ കഠിനാധ്വാന ഗവേഷണത്തിന്റെ ഫലമാണ്. Photo: Ruwanthie de Chickera
റുവന്തി ഡി ചിക്കേരയുടെ സംവിധാനത്തിൽ സ്റ്റേജസ് തിയേറ്റർ ഗ്രൂപ്പ് സൂക്ഷ്മതയോടെ തയ്യാറാക്കിയ ഈ സമഗ്ര മാസ്റ്റർപീസ്, കലാകാരരുടെ കഠിനാധ്വാന ഗവേഷണത്തിന്റെ ഫലമാണ്. Photo: Ruwanthie de Chickera

നാടകത്തിന്റെ ചിത്രരചന ഈ ഗഹനമായ ആഖ്യാനങ്ങളെ ഏഴ് വ്യത്യസ്ത ചിത്രങ്ങളായി അവതരിപ്പിക്കുന്നു. ഓരോന്നും വ്യത്യസ്തമായ ഒരു ദശകത്തിലെ ഒരു പ്രധാന സംഭവത്തെ പ്രതിനിധീകരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഉജ്ജ്വലമായ പ്രഭാതം മുതൽ 'സിംഹള മാത്രം' നിയമത്താൽ വേട്ടയാടപ്പെടുന്നതിന്റെ പ്രതിധ്വനികൾ, 1962-ലെ അട്ടിമറിയിലൂടെ തകർന്ന പ്രതീക്ഷകൾ, ജെ വി പി കലാപങ്ങളുടെ തീജ്വാലകൾ, കറുത്ത ജൂലൈയുടെ ഇരുണ്ട നിറങ്ങൾ, ഈഴം യുദ്ധത്തിന്റെ അവിരാമമായ വേദന, മെനിക് ഫാമിന്റെ വേദനാജനകമായ വിലാപം തുടങ്ങിയ സംഭവങ്ങൾ - രാഷ്ട്രീയ ഭൂപ്രകൃതിയുടെ മാറിക്കൊണ്ടിരിക്കുന്ന ഓരോ മണൽത്തരികളെയും ശ്രീലങ്കൻ ജനതയുടെ ഓരോ പരിണാമത്തെയും പ്രകാശിപ്പിക്കുന്ന ഉരകല്ലായി വർത്തിക്കുന്നു.

110 മിനിറ്റ് നീണ്ടുനിൽക്കുന്ന അവതരണം ഇതിഹാസ സമാനമായ ഒരു ശ്രീലങ്കയെ തിയേറ്ററിലേക്ക് ആനയിക്കുന്നു, സൂക്ഷ്മമായി തയാറാക്കിയ ഭൗതിക നാടകവേദിയുടെ വാചാലമായ ഭാഷയിലൂടെ. സൃഷ്ടിപരമായ രൂപങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഒരു സിംഫണി ഉപയോഗിച്ചാണ് രംഗങ്ങൾ ആവിഷ്‌ക്കരിക്കപ്പെടുന്നത്. പ്രധാനമായും ഇംഗ്ലീഷിലാണ് നാടകം അവതരിപ്പിക്കപ്പെടുന്നതെങ്കിലും, സിംഹള, തമിഴ് എന്നീ ഭാഷകളുടെ വരികളും ചേർത്തുകൊണ്ടാണ് രാജ്യത്തിന്റെ മുറിവേറ്റ ചരിത്ര ഭൂതകാലം പൂർണമാകുന്നത്.

110 മിനിറ്റ് നീണ്ടുനിൽക്കുന്ന അവതരണം ഇതിഹാസ സമാനമായ ഒരു  ശ്രീലങ്കയെ തിയേറ്ററിലേക്ക് ആനയിക്കുന്നു. Photo: Ruwanthie de Chickera
110 മിനിറ്റ് നീണ്ടുനിൽക്കുന്ന അവതരണം ഇതിഹാസ സമാനമായ ഒരു ശ്രീലങ്കയെ തിയേറ്ററിലേക്ക് ആനയിക്കുന്നു. Photo: Ruwanthie de Chickera

ഓർമ്മയുടെ കലയിൽ പരിചയസമ്പന്നരായ കലാകാരരാണ് ഇവ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മോണോലോഗുകൾ വ്യത്യസ്തങ്ങളായി അനുഭവപ്പെടുന്നു. ആദ്യത്തേത്, ബുദ്ധിശക്തിയുടെ തിളങ്ങുന്ന പ്രവാഹവും ജീവിതത്തിന്റെ ഉജ്ജ്വലമായ ആഹ്ലാദവുമാണെങ്കിൽ രണ്ടാമത്തേത് ഏറ്റവും ദുർബലമായ ഹൃദയത്തിൽ നിന്നൊഴുകുന്ന ദുഃഖത്തിന്റെ പ്രവാഹമാണ്.

എൽ.ടി.ടി.യുടെയും ശ്രീലങ്കൻ സർക്കാറിന്റെയും പോരാട്ടഭൂമിയായിരുന്നു 1990 കളിൽ ശ്രീലങ്ക. ആ കാലഘട്ടം ഒരു ഹൈ- ഒക്ടേൻ ക്രിക്കറ്റ് വ്യാഖ്യാനമായി മാറി. വർധിച്ചുവരുന്ന മരണ സംഖ്യകൾ അവിടെ കേവലം സ്ഥിതിവിവര കണക്കുകളും യുദ്ധ ബജറ്റുകളും മാത്രമായി. ശ്രീലങ്കൻ യുദ്ധത്തിന് സാമ്പത്തിക സഹായം നൽകിയ രാജ്യങ്ങളെ ഭീമാകാരമായ ലേലങ്ങളുടെ ഭാഗമാകുന്ന പൈശാചിക വ്യക്തികളായി നാടകം ചിത്രീകരിക്കുന്നു. ആ സാമ്പത്തിക ശക്തികളുടെ ശ്രമങ്ങൾ അക്രമത്തിന്റെ തീജ്വാലക്ക് ഇന്ധനമായി.

ഈ നാടകം ചരിത്ര സംഭവങ്ങളുടെ വെറും വിവരണമെന്നതിനപ്പുറത്തേക്ക് ഓർമകളുടെ അവ്യക്തമായ മേഖലകളിലേക്കും ചരിത്രം അപനിർമ്മിക്കപ്പെടുന്നതിലേക്കും വ്യക്തി ജീവിതത്തിലും രാജ്യത്തിന്റെ കൂട്ടായ മനസിലും ഈ സംഭവങ്ങൾ എങ്ങനെ ആഴത്തിൽ പ്രതിധ്വനിക്കപ്പെട്ടുവെന്നും അവതരിപ്പിക്കുന്നു. ശ്രീലങ്ക എന്ന രാജ്യത്തിന്റെ ഭൂതകാലത്തെക്കുറിച്ച് സൂക്ഷ്മമായ ഒരു ധാരണ നൽകുന്നതിനോടൊപ്പം അപ്രത്യക്ഷമാകുന്ന ഒരു തലമുറയുടെ ശബ്ദങ്ങളെ ഉൾക്കൊള്ളാനും നാടകം ശ്രമിക്കുന്നു. ഊർജ്ജസ്വലമായ പ്രകടനമാണ് ഓരോ അഭിനേതാക്കളും കാഴ്ചവെച്ചിട്ടുള്ളത്. അവരുടെ പ്രകടനങ്ങളുടെ ആത്മാർഥതയാണ് പ്രേക്ഷകരെ ആഖ്യാനത്തിന്റെ പിടിയിൽ കുടുക്കിയിടുന്നത്. അഭിനേതാക്കളുടെ കണ്ണുകളും ശരീരങ്ങളും പോലും ജീവിച്ചിരിക്കുന്ന ചരിത്രത്തിന്റെ പാത്രങ്ങളാകുന്നു. ഓരോ വിയർപ്പ് തുള്ളിയും ഓരോ നാഡീവിറയലും അഗാധമായ വൈകാരിക ഭാരത്തോടെ പ്രതിധ്വനിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

അഭിനേതാക്കളുടെ കണ്ണുകളും ശരീരങ്ങളും പോലും ജീവിച്ചിരിക്കുന്ന ചരിത്രത്തിന്റെ പാത്രങ്ങളാകുന്നു. ഓരോ വിയർപ്പ് തുള്ളിയും ഓരോ നാഡീവിറയലും അഗാധമായ വൈകാരികഭാരത്തോടെ പ്രതിധ്വനിക്കുന്നു. Photo: Ruwanthie de Chickera
അഭിനേതാക്കളുടെ കണ്ണുകളും ശരീരങ്ങളും പോലും ജീവിച്ചിരിക്കുന്ന ചരിത്രത്തിന്റെ പാത്രങ്ങളാകുന്നു. ഓരോ വിയർപ്പ് തുള്ളിയും ഓരോ നാഡീവിറയലും അഗാധമായ വൈകാരികഭാരത്തോടെ പ്രതിധ്വനിക്കുന്നു. Photo: Ruwanthie de Chickera

ശ്രീലങ്കൻ ചരിത്രത്തിന്റെ സങ്കീർണതയെ ഭൗതിക നാടകവേദിയുടെ അമൂർത്ത ഭാഷയിലൂടെ വിശ്വസ്തതയോടെ അവതരിപ്പിക്കാൻ കഴിയുമോ? ചിലപ്പോഴൊക്കെ ഇത്തരമൊരു ക്ഷണികമായ ആശങ്ക ഏതൊരാൾക്കും തോന്നിയേക്കാം. എന്നിരുന്നാലും, അഗാധമായ സംവേദനക്ഷമതയും സർഗ്ഗാത്മക വൈഭവവുമുള്ള ഒരു ചരിത്രകാരനു മാത്രമേ അത്തരമൊരു ചോദ്യത്തിന് യഥാർത്ഥത്തിൽ ഉത്തരം നൽകാൻ കഴിയൂ.

മെനിക് ഫാമിന്റെ അവസാനത്തെ മോണോലോഗ് ഹൃദയസ്പർശിയായ ഒരു വിലാപഗാനം പോലെയും ഉത്തേജനവും ഉന്മേഷവും നിറഞ്ഞുനിൽക്കുന്ന പ്രകടനമായും വർത്തിക്കുന്നു. അത് നാടകത്തിന്റെ വ്യത്യസ്തമായ നൂലുകളെ ഏകീകരിക്കുകയും പ്രേക്ഷകരെ വികാരങ്ങളുടെ വേലിയേറ്റത്തിൽ മുക്കിക്കൊല്ലുകയും ചെയ്യുന്നു. ഈ നാടകം ഒരു സ്മാരക സൃഷ്ടിയായും ചരിത്രപരമായ അധ്യാപനത്തിന്റെ ശക്തമായ ഉപകരണമായും നിലകൊള്ളുന്നു. റുവന്തി ഡി ചിക്കേരയുടെ മാസ്റ്റർപീസ് സംവിധാനവും അവരുടെ സംഘത്തിന്റെ അചഞ്ചലമായ സമർപ്പണവും ചേർന്ന്, അഗാധവും മറക്കാനാവാത്തതുമായ ഒരു അനുഭവമായി ഈ നാടകം മാറുന്നു.

Photo: Ruwanthie de Chickera
Photo: Ruwanthie de Chickera
Photo: Ruwanthie de Chickera
Photo: Ruwanthie de Chickera

Summary: The play 'Dear Children, Sincerely: Seven Decades of Sri Lanka' traverses the complex corridors of 70 years of Sri Lankan history from 1940s to 2009, Omkar Bhatkar writes


ഡോ. ഓംകാർ ഭട്കർ

മുംബൈ കേന്ദീകരിച്ച് പ്രവർത്തികുന്ന നാടകകാരനും അധ്യാപകനും. സ്വതന്ത്ര ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും നിർമിക്കുന്നു. ഒരു ദശാബ്ദമായി സിനിമയും സൗന്ദര്യശാസ്ത്രവും പഠിപ്പിക്കുകയും നാടകപ്രവർത്തനങ്ങളിലും കവിതയിലും സിനിമയിലും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. മെറ്റമോർഫോസിസ് തിയറ്റർ ആന്റ് ഫിലിംസിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറും സെന്റ് ആൻഡ്രൂസ് സെന്റർ ഫോർ ഫിലോസഫി ആന്റ് പെർഫോമിങ് ആർട്സിന്റെ സഹസ്ഥാപകനുമാണ്).

Comments