സീനോഗ്രാഫിയുടെ ദൃശ്യരാഷ്ട്രീയം: ദീപൻ ശിവരാമന്റെ Spinal Cord

കൊളംബിയൻ ഗ്രാമത്തിലെ കുറ്റകരമായ മൗനത്തെയാണ് മാർക്വേസ് വരച്ചുകാട്ടിയതെങ്കിൽ, ദീപൻ ശിവരാമൻ അതിനെ നമ്മുടെ പ്രാദേശിക ആചാരങ്ങൾക്കും സമുദായ രാഷ്ട്രീയത്തിനും ഉടലനുഭവങ്ങൾക്കും ഉള്ളിലേക്ക് സമർത്ഥമായി സംക്രമിപ്പിച്ചുകൊണ്ട് സ്പൈനൽ കോഡ് എന്ന നാടകത്തെ ഒരേ സമയം ഒരു കേരളീയാനുഭവവും സാർവ്വദേശീയാനുഭവവുമാക്കി മാറ്റുന്നുണ്ട്. അതെ; മാറ്റേറിയ ഒരു മാറ്റൽ! - ദീപൻ ശിവരാമന്റെ നാടകത്തിന്റെ കാഴ്ചാനുഭവം എഴുതുന്നു വി.കെ. ജോബിഷ്.

ദീപൻ ശിവരാമന്റെ 'സ്പൈനൽ കോർഡ്' കേവലമൊരു നാടകവിഷ്കാരമല്ല; മറിച്ച് ഒരു ബിനാലെക്കാഴ്ചയുടെ സൗന്ദര്യവും രാഷ്ട്രീയവും സമന്വയിക്കുന്ന അത്യപൂർവ്വമായ ഒരു ദൃശ്യവിരുന്നാണ്. ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്റെ 'ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്' എന്ന വിഖ്യാത നോവലിന്റെ അഡാപ്റ്റേഷനാണ് ഈ നാടകം. ഭൂപടങ്ങളുടെ അതിരുകൾ മായ്ച്ചുകളഞ്ഞ് മനുഷ്യരുടെ സാർവലൗകികമായ ആന്തരികാവസ്ഥകളെയും സാമൂഹിക വിരോധാഭാസങ്ങളെയുമാണ് സംവിധായകൻ ദീപൻ ശിവരാമനും വേദിയിൽ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നത്. പതിനേഴു വർഷത്തെ ദീർഘമായ ഇടവേളയ്ക്കുശേഷം സ്പൈനൽ കോഡ് കേരള സംഗീത നാടക അക്കാദമി വേദിയിൽ വീണ്ടും അരങ്ങേറിയപ്പോൾ, രണ്ടരമണിക്കൂർ നീണ്ട ആ ദൃശ്യഭാഷ പ്രേക്ഷകരിൽ തീവ്രമായ ഒരു രാഷ്ട്രീയ ധ്യാനാനുഭവമായി പടരുകയായിരുന്നു.

​മാർക്വേസ് തന്റെ നോവലിലൂടെ ലാറ്റിനമേരിക്കൻ സംസ്കാരത്തിലെ അനാചാരങ്ങളെയും വംശീയമായ സങ്കുചിതത്വങ്ങളെയും വിചാരണ ചെയ്യുന്നതിനോടൊപ്പം, ഏറ്റവും വിചിത്രവും ഭയപ്പെടുത്തുന്നതുമായ ഒരു സാമുദായിക നിഷ്ക്രിയത്വത്തെയാണ് തുറന്നുകാട്ടിയത്. പെഡ്രോയും പാബ്ലോയും ചേർന്ന് സാന്റിയാഗോ നാസറിന്റെ ജീവനെടുക്കാൻ കത്തി മൂർച്ച കൂട്ടുന്ന വിവരമറിഞ്ഞിട്ടും, ഭയം കൊണ്ടോ അശ്രദ്ധ കൊണ്ടോ അതല്ലെങ്കിൽ 'മറ്റാരെങ്കിലും തടയും' എന്ന വ്യാജ ആശ്വാസത്തിലോ ആ ഗ്രാമം മുഴുവൻ ആ കൊലപാതകത്തിന് മൗനാനുമതി നൽകുന്നു. ഈ ക്രൂരമായ നിശ്ശബ്ദതയുടെ രാഷ്ട്രീയത്തെ തന്നെയാണ് ദീപൻ ശിവരാമനും തന്റെ നാടകത്തിന്റെ പ്രധാന അന്തർധാരയാക്കുന്നത്.

​ദീപന്റെ രംഗഭാഷയിൽ സ്റ്റേജ് എന്നത് നടീ നടൻമാർക്ക് വെറുമൊരു കഥാസന്ദർഭം അഭിനയിച്ചു കാണിക്കാനുള്ള ഇടമായിട്ടു മാത്രമല്ല ഒരുക്കിയിട്ടുള്ളത്; മറിച്ച് കാണികളുമായുള്ള നിരന്തരസംവാദത്തിന് വഴിയൊരുക്കുന്ന ഇൻസ്റ്റലേഷൻ ആർട്ട് സ്‌പേസായിട്ടാണ് ഭാവന ചെയ്തിരിക്കുന്നത്. സംവിധായകൻ സൃഷ്ടിച്ചിരിക്കുന്ന ഈ സീനോഗ്രാഫി (Scenography) നാടകത്തിന്റെ ആഖ്യാനത്തിന് ആന്തരികമായി വലിയ കരുത്ത് പകരുന്നുണ്ട്. നാടകം തുടങ്ങുന്നതിനു മുമ്പുതന്നെ തുറന്ന വേദിയിൽ ഒരു ഗ്ലാസ് കേസിൽ മൃതദേഹക്കാഴ്ചയൊരുക്കിക്കൊണ്ട് അസ്വസ്ഥമായ ഒരു തിയറ്റർ അനുഭവം സംവിധായകൻ സൃഷ്ടിക്കുന്നുണ്ട്. ചുരുക്കത്തിൽ അവതരണ സമയത്തിനു മുമ്പു തന്നെ തുടങ്ങുന്ന ഒരു നാടകമാണിത്.! തുടർന്ന് ഒരു ആർട് ഗാലറിയിലെ ഇൻസ്റ്റലേഷനുകൾ കാണുന്ന അനുഭവമാണ് നാടകത്തിലുടനീളം കാണികൾക്ക് ലഭിക്കുന്നത്. വെളിച്ചം, ശബ്‌ദം, നിറങ്ങൾ, വസ്തുക്കൾ എന്നിവയെല്ലാം ചേർന്ന് തികച്ചും സങ്കീർണ്ണമായ ഒരു ലോകമാണ് വേദിയിൽ പുനഃസൃഷ്ടിക്കപ്പെടുന്നത്.

ദീപൻ ശിവരാമന്റെ 'സ്പൈനൽ കോർഡ്' കേവലമൊരു നാടകവിഷ്കാരമല്ല; മറിച്ച് ഒരു ബിനാലെക്കാഴ്ചയുടെ സൗന്ദര്യവും രാഷ്ട്രീയവും സമന്വയിക്കുന്ന അത്യപൂർവ്വമായ ഒരു ദൃശ്യവിരുന്നാണ്.
ദീപൻ ശിവരാമന്റെ 'സ്പൈനൽ കോർഡ്' കേവലമൊരു നാടകവിഷ്കാരമല്ല; മറിച്ച് ഒരു ബിനാലെക്കാഴ്ചയുടെ സൗന്ദര്യവും രാഷ്ട്രീയവും സമന്വയിക്കുന്ന അത്യപൂർവ്വമായ ഒരു ദൃശ്യവിരുന്നാണ്.

മതവും ധനാഢ്യതയും ചേർന്ന് ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തെയും ജീവിതത്തെയും കവർന്നെടുക്കുന്ന തികച്ചും അസ്വസ്ഥജനകമായ ജീവിതപരിസരമാണ് ഈ നാടകത്തിലൂടെ വെളിപ്പെടുന്നത്. പെൺകുട്ടിയുടെ വീടും പെൺകുട്ടി ആഗ്രഹിക്കുന്ന വീടുമൊക്കെ രണ്ട് മനോഭാവങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതിനിധാനങ്ങളാണ്. സാധാരണ നാടകങ്ങളിലെ സ്വാഭാവികമായ വീട്ടുപകരണങ്ങൾക്ക് പകരം ചക്രങ്ങളുള്ള ചെറിയ കട്ടിലുകൾ, വീൽചെയറുകൾ, ബോഡി കാർട്ടുകൾ എന്നിവയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇവ നാടകത്തിന് ഒരു ആശുപത്രിയുടെയോ മോർച്ചറിയുടെയോ മൂഡ് നൽകുകയും, ദുരന്തവും മരണവും ഏതുനിമിഷവും ചക്രങ്ങളിൽ ഉരുണ്ട് നമ്മുടെ മുന്നിലേക്ക് വരാം എന്ന ഭീതി നിരന്തരം നിലനിർത്തുകയും ചെയ്യുന്നു. വാക്കുകൾക്ക് പറയാൻ കഴിയാത്തത് സ്റ്റേജിലെ വസ്തുക്കൾ കൊണ്ട് പറയുക എന്ന സീനോഗ്രാഫിക് തത്വമാണ് സംവിധായകൻ ഇതിലൂടെ സാധ്യമാക്കുന്നത്.

​ഈ ദൃശ്യാന്തരീക്ഷത്തിന് ആഴം കൂട്ടുന്നത് വേദിയിലെ ലൈറ്റിംഗും കഥാപാത്രങ്ങളുടെ ആവിഷ്കാരവുമാണ്. വേദിക്ക് മുകളിൽ കൃത്യമായ അകലത്തിൽ സജ്ജീകരിച്ചിരിക്കുന്ന ചെറിയ ബൾബുകളുടെ ഒരു വലിയ ഗ്രിഡ്, ഒരു വിചാരണക്കോടതിയുടെയോ, ഓപ്പറേഷൻ തിയേറ്ററിന്റെയോ അല്ലെങ്കിൽ ഒരു കശാപ്പുശാലയുടെയോ ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. വേദിയിൽ തൂങ്ങിക്കിടക്കുന്ന മൃഗശരീരത്തിന്റെ അസ്ഥികൂടവും അത് മുറിച്ചു മാറ്റാൻ ശ്രമിക്കുന്ന വെട്ടുകത്തിയേന്തിയ കഥാപാത്രവും ദീപൻ്റെ സീനോഗ്രാഫിയിലെ വളരെ ക്രൂരമായ ഒരു പ്രതിരൂപമാണ്. അത് കേവലം ഒരു മൃഗത്തിന്റെ ശരീരം മാത്രമല്ല; മറിച്ച് അധികാരത്തിനും വംശീയ ആചാരപരമായ അക്രമങ്ങൾക്കും ഇരയാകുന്ന മനുഷ്യശരീരങ്ങളുടെ ആഴത്തിലുള്ള പ്രതിരൂപമാണ്. ചോര ചവിട്ടി നിൽക്കുന്ന അരങ്ങും പശ്ചാത്തലത്തിലെ ആയുധങ്ങളും നാടകത്തെ ഒരേസമയം മാംസളവും ഭീതിതവുമാക്കുന്നു. തീർച്ചയായും ഈ കാഴ്ചകളെല്ലാം തിയേറ്ററിനെ ഒരു പുതിയ വിഷ്വൽ ആർട് സ്പേസാക്കി മാറ്റുന്നുണ്ട്.

വിശുദ്ധിയുടെയും പാപബോധത്തിൻ്റെയും ഇടയിലൂടെയാണ് ഈ നാടകത്തിൻ്റെ സഞ്ചാരം മുഴുവൻ. പശ്ചാത്തലത്തിൽ ചോരച്ചുവപ്പ് വെളിച്ചത്തിൽ മൃഗത്തിൻ്റെ മൃതശരീരം തൂങ്ങിനിൽക്കുമ്പോൾ വേദിയിൽ ആർപ്പുവിളിച്ച് നൃത്തം ചെയ്യുന്ന മനുഷ്യർ വളരെ ഭീതിതമായ ഒരു വൈരുദ്ധ്യം തീർക്കുന്നു. അക്രമവും കൊലപാതകവും തൊട്ടടുത്ത് നടക്കുമ്പോഴും ആഘോഷങ്ങളിൽ മുഴുകാനും അതേസമയം പരസ്യമായി അതുകണ്ട് കയ്യടിക്കാനും തയ്യാറാകുന്ന പൊതുബോധത്തിന്റെ അന്ധതയെയും ക്രൂരതയെയും ആണ് കറുത്ത കണ്ണടകൾ ധരിച്ച കഥാപാത്രങ്ങളുടെ ഉന്മാദനൃത്തം തുറന്നു കാട്ടുന്നത്. ദീപൻ ശിവരാമൻ തന്റെ നാടകങ്ങളിൽ സാധാരണയായി ഉപയോഗിക്കാറുള്ള പെർഫോമേറ്റീവ് സ്റ്റേജ് വിഷ്വലുകൾ ഈ നാടകത്തിലുടനീളം ദൃശ്യമാണ്.

​വിവാഹാലോചനയുടെ സന്ദർഭത്തിൽ നിലവിളക്കും പായയും വിരിച്ച് ആൺവീട്ടുകാരും പെൺവീട്ടുകാരും പാട്ടിലൂടെയും പറച്ചിലിലൂടെയും വ്യാജമായ തറവാടിത്തം സൃഷ്ടിക്കുമ്പോൾ, അതിനു ചുറ്റും നടക്കുന്നവരുടെ നൃത്തത്തിൽ നിന്നും ബഹളത്തിൽ നിന്നും ഒരു ഡാർക്ക് ഹ്യൂമർ പ്രേക്ഷകർക്ക് നന്നായി അനുഭവിക്കാനാവുന്നുണ്ട്. അതുപോലെ ഒരു മോട്ടോർ സൈക്കിളിൽ ഇടയ്ക്കിടയ്ക്ക് അരങ്ങിലേക്ക് കയറിവരുന്ന വെളുത്ത വസ്‌ത്രം ധരിച്ച പള്ളിയിലെ പാതിരി, നാടകത്തിന്റെ കാലഗണനയെ വർത്തമാനകാലവുമായും പാരമ്പര്യവുമായും ഒരേപോലെ ബന്ധിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെയും മെത്രാൻ്റെയുമൊക്കെ സാന്നിദ്ധ്യത്തോടെ വെള്ളിക്കാശിനും പൊൻപണത്തിനും മുന്നിൽ അടിയറവ് പറയാത്ത വിശ്വാസ മണ്ഡപങ്ങളൊന്നും ചരിത്രത്തിലും വർത്തമാനത്തിലും ബാക്കിയാവുന്നില്ലെന്ന സൂചന ഈ നാടകത്തിലെ വിനിമയങ്ങളിലും നിറഞ്ഞുനിൽക്കുന്നുണ്ട്.

വിശുദ്ധിയുടെയും പാപബോധത്തിൻ്റെയും ഇടയിലൂടെയാണ് ഈ നാടകത്തിൻ്റെ സഞ്ചാരം മുഴുവൻ.
വിശുദ്ധിയുടെയും പാപബോധത്തിൻ്റെയും ഇടയിലൂടെയാണ് ഈ നാടകത്തിൻ്റെ സഞ്ചാരം മുഴുവൻ.

ഒ.വി.വിജയൻ്റെ ‘ഖസാക്കിൻ്റെ ഇതിഹാസം’ ദീപൻ നാടകമാക്കിയപ്പോഴും സിനിമയുടെ വിഷ്വൽ സാധ്യത പലയിടത്തായി ഉപയോഗിച്ചത് നാടക പ്രേക്ഷകർ കണ്ടതാണ്. ഇവിടെയും പലയിടത്തായി അതിൻ്റെ തുടർച്ച കാണാം. ഇതിൽ നാടകീയമായ ക്രൂരമായ ദൃശ്യങ്ങളുടെ തുടർച്ചയിൽ മനുഷ്യശരീരത്തിനു മേൽ അരങ്ങേറുന്ന ഹിംസയോടൊപ്പം, പശ്ചാത്തലത്തിലെ കൂറ്റൻ സ്ക്രീനിൽ ആന്തരികാവയവങ്ങൾ ഓരോന്നായി വലിച്ച് പുറത്തിടുന്ന സിനിമാറ്റിക് ദൃശ്യങ്ങൾ കൂടി സമന്വയിപ്പിക്കുന്നത് 'സ്പൈനൽ കോഡ്' എന്ന നാടകത്തിലെ സീനോഗ്രാഫിയെ തികച്ചും ഞെട്ടിക്കുന്നതും അത്യപൂർവ്വവുമായ ഒരു ദൃശ്യാനുഭവമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

നാടകീയമായ വേദിയിലെ തത്സമയ പ്രകടനവും (Live Theatre Performance) സിനിമയുടെ ദൃശ്യസാധ്യതകളും (Cinematic Video Projections) തമ്മിലുള്ള ഈ അപൂർവ്വ സംയോജനം (Hybrid Scenography) കേവലമൊരു സാങ്കേതിക തികവ് മാത്രമല്ല, മറിച്ച് അരങ്ങിലെ ആഘാതത്തെ പലമടങ്ങ് തീവ്രമാക്കുന്ന പ്രയോജനപ്രദമായ ഒരു മാധ്യമ സമന്വയമാണ്. നാടകവേദിയുടെ പരിമിതികളെ അതിലംഘിച്ച്, കാണിയുടെ മനസ്സിലേക്ക് തിയേറ്ററിക്കൽ അനുഭൂതിയുടെയും ഭീതിയുടെയും ആഴത്തിലുള്ള തരംഗങ്ങൾ പ്രവഹിപ്പിക്കാൻ സംവിധായകന് ഇതിലൂടെ സാധിക്കുന്നു. സങ്കീർണ്ണമായ ദൃശ്യഭാഷയിലൂടെയും ഇൻസ്റ്റലേഷൻ രൂപങ്ങളിലൂടെയും അരങ്ങിനെ അത്യാധുനികമായ ഒരു ബിനാലെ അനുഭവമാക്കി മാറ്റിയ ഈ പരീക്ഷണാത്മക സമീപനം മലയാള രംഗവേദിയിൽ ഏറെ അഭിനന്ദനാർഹമാണ്.

അധികാരം, ലൈംഗികത, പുരുഷാധിപത്യം എന്നിവ വ്യക്തിയുടെ മേൽ നടത്തുന്ന കടന്നുകയറ്റങ്ങളെ അതീവ സൂക്ഷ്മമായാണ് നാടകം ഓരോ നിമിഷങ്ങളിലും ദൃശ്യവൽക്കരിക്കാൻ ശ്രമിക്കുന്നത്. റെഡ് വെൽവെറ്റ് സോഫ ഒരുവശത്ത് അധികാരത്തെയും സൗകര്യങ്ങളെയും സൂചിപ്പിക്കുമ്പോൾ, അതിന് ചക്രങ്ങളുണ്ടെന്നത് ആ അധികാരത്തിന്റെ അസ്ഥിരതയെയും എവിടേക്കും കടന്നുകയറാനുള്ള ചലനശേഷിയെയുമാണ് കാണിക്കുന്നത്. പ്രണയത്തെയും കന്യാകത്വത്തെയും തേടിക്കൊണ്ട് വീൽചെയർ സോഫയിൽ കൈയിലൊരു ചുവന്ന റോസാപ്പൂവുമായി വരുന്ന പ്രഭുത്വശൈലിയിലുള്ള കുഞ്ഞവറാൻ എന്ന കഥാപാത്രവും അയാളെ തള്ളിക്കൊണ്ടുപോകുന്ന വെള്ള വസ്ത്രധാരിയായ സഹായിയും അധികാരത്തിന്റെ അസംബന്ധരൂപത്തെ (Absurdity of power) വ്യക്തമാക്കുന്നു. ആഞ്ചെല എന്ന പെൺകുട്ടിയുടെ തടിപ്പീഠം മറ്റുള്ളവർ തള്ളിനീക്കുന്നത്, അവളുടെ ജീവിതത്തിന്മേലുള്ള നിയന്ത്രണം കുടുംബവും സഭയും ചേർന്ന് ആ ധനാഢ്യന് അടിയറവ് വെക്കുന്നതിന്റെ ദൃശ്യരൂപമാണ്.

ദീപൻ ശിവരാമൻ
ദീപൻ ശിവരാമൻ

​ഈ നാടകത്തിലെ ഏറ്റവും ഗംഭീര ദൃശ്യങ്ങളിലൊന്ന് വിവാഹദിവസത്തെ ആദ്യ രാത്രിയാണ്. പെൺകുട്ടി കന്യകയല്ലെന്ന തിരിച്ചറിവിൽ ഭർത്താവായ കുഞ്ഞവറാൻ ക്രൂരനാകുന്നതും, സ്റ്റേജിൽ പ്രത്യക്ഷപ്പെടുന്ന മരപ്പെട്ടിയും (Wooden Coffin Box) നാടകത്തിലെ ഏറ്റവും ഭീതിദമായ മുഹൂർത്തമായി മാറുന്നുണ്ട്. കന്യകാത്വം എന്ന വരേണ്യ പൊതുബോധത്തിന്റെ തകർച്ച അയാളിലെ 'പ്രഭുത്വ' നാട്യങ്ങളെ അഴിച്ചുവെച്ച് മൃഗീയമായ മറ്റൊരാളാക്കി മാറ്റുമ്പോൾ, സ്റ്റേജിന് നടുവിലെ മരപ്പെട്ടി പെൺകുട്ടിയുടെ വ്യക്തിത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കല്ലറ (Tomb of Individual Choice) യായി മാറുന്നു. പുതപ്പിനുള്ളിലേക്ക് നൂണ്ടുകയറുന്ന ഭർത്താവിൻ്റെ ലൈംഗിക ചേഷ്‌ടകൾക്കൊപ്പം വേദിയുടെ മുന്നിൽ പെൺരൂപത്തിൻ്റെ പപ്പറ്റുകളുടെ കൈകാലുകളും മുഖവും മുലയുമൊക്കെ അരിഞ്ഞെടുക്കുകയോ അഴിച്ചെടുക്കുയോ ചെയ്ത് പെട്ടിക്കുള്ളിൽ നിക്ഷേപിക്കുന്ന ഒരാളുടെ ദൃശ്യം ചരിത്രത്തിലെ വിവാഹമെന്ന ബലിപീഠത്തിലെ ഇരകളെയെല്ലാം ഓർക്കാനുള്ള സന്ദർഭം കൂടിയായി മാറുന്നുണ്ട്. പെട്ടിക്കുള്ളിലേക്ക് കഥാപാത്രങ്ങൾ കുനിഞ്ഞുനോക്കുന്നത് അവളുടെ തകർക്കപ്പെട്ട ശരീരത്തെയും മനസ്സിനെയുമാണ്.

അതുപോലെ, വിവാഹത്തിനു മുൻപ് പ്രത്യക്ഷപ്പെടുന്ന ഭീമാകാരമായ ചുവന്ന പൂവ്, പ്രണയത്തെയല്ല, മറിച്ച് വയലൻസിനെയും ആദ്യരാത്രിയിൽ അനുഭവിക്കേണ്ടിവന്ന ശാരീരിക-മാനസിക ആഘാതത്തെയുമാണ് (Trauma) അടയാളപ്പെടുത്തുന്നത്. പൂവിന്മേൽ കഥാപാത്രങ്ങൾ വീഴുന്നതും ഗുസ്തി പിടിക്കുന്നതും ലൈംഗികമായ അടിച്ചമർത്തലിന്റെയും ക്രൂരതയുടെയും പരസ്യമായ ആവിഷ്കാരമാണ്. പ്രണയത്തിന്റെയോ വിവാഹത്തിന്റെയോ വധുവായിട്ടല്ല, മറിച്ച് രക്തസാക്ഷിത്വത്തിലേക്കും സ്വത്വഹത്യയിലേക്കും എറിയപ്പെട്ട ഇരയായിട്ടാണ് അവൾ ആ രക്തച്ചുവപ്പിൽ നിലകൊള്ളുന്നത്. പ്രണയമെന്ന വ്യാജേന നടക്കുന്ന ലൈംഗിക ചൂഷണവും, കന്യകാത്വമെന്ന പുരുഷാധിപത്യ സങ്കൽപ്പത്തിന് മുന്നിൽ പള്ളിയും കുടുംബവും ചേർന്ന് ഒരു പെൺകുട്ടിയുടെ ജീവിതം ബലികൊടുക്കുന്നതുമായ ഇരുണ്ട യാഥാർത്ഥ്യത്തെയാണ് ദീപന്റെ സീനോഗ്രാഫിയിലൂടെ ഇവിടെ വെളിപ്പെടുന്നത്.

അധികാരം, ലൈംഗികത, പുരുഷാധിപത്യം എന്നിവ വ്യക്തിയുടെ മേൽ നടത്തുന്ന കടന്നുകയറ്റങ്ങളെ അതീവ സൂക്ഷ്മമായാണ് നാടകം ഓരോ നിമിഷങ്ങളിലും ദൃശ്യവൽക്കരിക്കാൻ ശ്രമിക്കുന്നത്.
അധികാരം, ലൈംഗികത, പുരുഷാധിപത്യം എന്നിവ വ്യക്തിയുടെ മേൽ നടത്തുന്ന കടന്നുകയറ്റങ്ങളെ അതീവ സൂക്ഷ്മമായാണ് നാടകം ഓരോ നിമിഷങ്ങളിലും ദൃശ്യവൽക്കരിക്കാൻ ശ്രമിക്കുന്നത്.

​ചുരുക്കത്തിൽ, പൂവ്, സൈക്കിൾ, മാസ്കുകൾ, ചോരച്ചുവപ്പ്, വിചാരണ പോലെയുള്ള ലൈറ്റിംഗ് എന്നിവയിലൂടെ നാടകം തികച്ചും എക്സ്പ്രഷനിസ്റ്റിക് (Expressionistic) ആയ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും, അധികാരം, നിയമം, ആചാരം എന്നിവയ്ക്ക് മുന്നിൽ നിസ്സഹായനാക്കപ്പെട്ട, നട്ടെല്ല് തകർക്കപ്പെട്ട മനുഷ്യശരീരത്തിന്റെ കൃത്യമായ ആവിഷ്കാരമായി മാറുകയും ചെയ്യുന്നു.

അതുപോലെ സ്പൈനൽ കോർഡ്' എന്ന നാടകത്തിൽ 'മാംസം' എന്നത് വെറുമൊരു ഭൗതികവസ്തുവല്ല, മറിച്ച് മനുഷ്യന്റെ ആദിമമായ വാസനകളെയും ഹിംസയെയും അടയാളപ്പെടുത്തുന്ന ശക്തമായൊരു രൂപകവും (Metaphor) ചിഹ്നവുമാണ് (Signifier). കാമത്തിന്റെ തുടിപ്പുകൾ നിറഞ്ഞ സെക്സിലെ മാംസത്തിൽ നിന്ന് തുടങ്ങി, ദുരഭിമാനക്കൊലയുടെ ക്രൂരതയിൽ തകർന്നുതരിപ്പണമാകുന്ന ശരീരങ്ങളിലൂടെയും, വിരുന്നുമേശകളിൽ വിശപ്പിന്റെയും ആഡംബരത്തിന്റെയും ഭാഗമായി വിളമ്പുന്ന മാംസത്തിലൂടെയും നാടകം ഈ രൂപകത്തെ വൈവിധ്യമാർന്ന മാനങ്ങളിലേക്ക് വികസിപ്പിക്കുന്നുണ്ട്. പ്രണയവും പ്രതികാരവും കാമനകളും ഹിംസയും ഇഴപിരിയുന്ന ഈ രംഗപാഠത്തിൽ, മാംസം കേവലം ശരീരത്തിന്റെ അതിരുകളെ ലംഘിച്ച് നാഗരിക മനുഷ്യന്റെ വ്യാജമായ ബുദ്ധിക്കും വിവേകത്തിനും മേൽ സ്വാർത്ഥതയുടെയും ക്രൂരതയുടെയും ആദിമ ചോദനകൾ നേടിയ വിജയത്തെയും കൂടിയാണ് പ്രതിനിധീകരിക്കുന്നത്. മനുഷ്യൻ കെട്ടിപ്പടുത്ത ധാർമ്മിക ബോധങ്ങളെല്ലാം അഴിച്ചുവെച്ച്, സ്വന്തം ലാഭങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു സമൂഹത്തിന്റെ നഗ്നവും ഭീതിജനകവുമായ യാഥാർത്ഥ്യത്തെയാണ് മാംസം എന്ന ഈ ചിഹ്നത്തിലൂടെ നാടകം വേദിയിൽ വിചാരണ ചെയ്യുന്നത്. 'സ്പൈനൽ കോർഡ്' എന്ന രംഗപാഠത്തിൽ, ആദ്യ ഇരുപത് മിനിറ്റോളം വേദിയിൽ അലയടിക്കുന്നത് നടൻ സി.ആർ. രാജന്റെ നിശബ്ദതയെപ്പോലും പ്രകമ്പനം കൊള്ളിക്കുന്ന ഒറ്റയാൾപ്രകടനമാണ്. പെൺശരീരത്തിന്റെ ബാഹ്യമായ അടയാളങ്ങളോ വലിയ രീതിയിലുള്ള വേഷപ്പകർച്ചകളോ ഏതുമില്ലാതെ, ഒരമ്മയുടെ ആത്മാവിലേക്കും വേദനകളിലേക്കും പരകായപ്രവേശം നടത്തുന്ന ആ ആൺശരീരം പ്രേക്ഷകരിൽ വിസ്മയം തീർക്കുന്നുണ്ട്. ഭാവസാന്ദ്രമായ ദീർഘസംഭാഷണങ്ങളിലൂടെ കഥാപാത്രത്തിന്റെ നീറുന്ന ഭൂതകാലവും ഉള്ളിലെ വൈകാരിക സംഘർഷങ്ങളും ചുറ്റുപാടുകളും അദ്ദേഹം വേദിയിൽ വിടർത്തുന്നു. തുടക്കത്തിൽത്തന്നെ ഒരു കൊലപാതകത്തിന്റെ നിഗൂഢത നിഴലിക്കുന്ന സൂചന നൽകി, നാടകീയതയുടെയും ആകാംക്ഷയുടെയും കനൽ പടർത്താൻ ഈ മോണോലോഗിന് സാധിക്കുന്നുണ്ട്. ശബ്ദത്തിന്റെ സൂക്ഷ്മമായ കയറ്റിറക്കങ്ങൾ കൊണ്ടും നിഷ്പ്രയാസമുള്ള ഭാവമാറ്റങ്ങൾ കൊണ്ടും അരങ്ങിനെ കീഴടക്കുന്ന സി.ആർ. രാജൻ, ഒരു നടന്റെ പൂർണ്ണത അടയാളപ്പെടുത്തുന്ന അപൂർവ്വമായ അഭിനയമുഹൂർത്തമാണ് ഈ രംഗത്തിലൂടെ സൃഷ്ടിക്കുന്നത്. കെ.യു. മനോജ് വേദിയിൽ പകർന്നുനൽകിയ കുഞ്ഞവറാൻ, പ്രതാപത്തിന്റെയും അഹങ്കാരത്തിന്റെയും മകുടോദാഹരണമായ ഒരു ‘അഴകിയ രാവണനായി’ അരങ്ങിനെ കയ്യിലെടുക്കുന്നുണ്ട്. ഉള്ളിലെ ഗർവും പണക്കൊഴുപ്പും ഒരേസമയം പുറത്തെടുത്ത ആ അതിഗംഭീരമായ നാട്യത്തോടൊപ്പം, കല്ലുകല്യാണി, ഹിരൺ, മല്ലു, സുനിൽ സുഖദ, സിജി പ്രദീപ്, സുനിൽ സി.കെ, ജോസ് പി. റാഫേൽ തുടങ്ങിയ നടനപ്രതിഭകൾ ഓരോരുത്തരും തങ്ങളുടെ പകർന്നാട്ടങ്ങളിലൂടെ ഈ നാടകത്തിന്റെ യഥാർത്ഥ ‘നട്ടെല്ല്’ തങ്ങളാണെന്ന് തെളിയിക്കുന്നുണ്ട്.

സ്പൈനൽ കോർഡ്' എന്ന നാടകത്തിൽ 'മാംസം' എന്നത് വെറുമൊരു ഭൗതികവസ്തുവല്ല, മറിച്ച് മനുഷ്യന്റെ ആദിമമായ വാസനകളെയും ഹിംസയെയും അടയാളപ്പെടുത്തുന്ന ശക്തമായൊരു രൂപകവും (Metaphor) ചിഹ്നവുമാണ് (Signifier).
സ്പൈനൽ കോർഡ്' എന്ന നാടകത്തിൽ 'മാംസം' എന്നത് വെറുമൊരു ഭൗതികവസ്തുവല്ല, മറിച്ച് മനുഷ്യന്റെ ആദിമമായ വാസനകളെയും ഹിംസയെയും അടയാളപ്പെടുത്തുന്ന ശക്തമായൊരു രൂപകവും (Metaphor) ചിഹ്നവുമാണ് (Signifier).

കേവലം അഭിനയമുഹൂർത്തങ്ങൾക്കപ്പുറം, ആത്മാവറിഞ്ഞുള്ള പശ്ചാത്തലസംഗീതവും സൂക്ഷ്മമായ വസ്ത്രാലങ്കാരവും സ്റ്റേജ് മാനേജ്‌മെന്റുമെല്ലാം ഒന്നിനൊന്ന് കോർത്തുവെച്ചുകൊണ്ട് ഓക്‌സിജൻ തിയേറ്റർ കമ്പനി മലയാള നാടകവേദിക്ക് സമ്മാനിച്ചത് ആഴവും പരപ്പുമുള്ള അപൂർവ്വമായൊരു അരങ്ങനുഭവമാണ്. ‘Chronicle of the death fortold’ എന്ന നോവലിലൂടെ കൊളംബിയൻ ഗ്രാമത്തിലെ കുറ്റകരമായ മൗനത്തെയാണ് മാർക്വേസ് വരച്ചുകാട്ടിയതെങ്കിൽ, ദീപൻ ശിവരാമൻ അതിനെ നമ്മുടെ പ്രാദേശിക ആചാരങ്ങൾക്കും സമുദായ രാഷ്ട്രീയത്തിനും ഉടലനുഭവങ്ങൾക്കും ഉള്ളിലേക്ക് സമർത്ഥമായി സംക്രമിപ്പിച്ചുകൊണ്ട് സ്പൈനൽ കോഡ് എന്ന നാടകത്തെ ഒരേ സമയം ഒരു കേരളീയാനുഭവവും സാർവ്വദേശീയാനുഭവവുമാക്കി മാറ്റുന്നുണ്ട്. അതെ; മാറ്റേറിയ ഒരു മാറ്റൽ!

Comments