ദീപൻ ശിവരാമൻ

കലയുടെ ഇൻറർനാഷനൽ സ്​പെയ്​സായി​മാറിക്കഴിഞ്ഞു കേരളം, ‘ഇറ്റ്​ഫോക്കി’ലൂടെ

‘ഇറ്റ്‌ഫോക്ക്' യഥാർഥത്തിൽ ഒരു ഇന്റർനാഷനൽ സ്‌പെയ്‌സിലേക്ക് ട്രാൻസ്‌ഫോം ചെയ്തുകഴിഞ്ഞു. കലാപ്രവർത്തനം നടത്തിയതിന്റെ പേരിൽ കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. പലസ്​തീനിൽനിന്ന്​ വർക്ക്​ കൊണ്ടുവരിക എന്നത്​ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. ആർട്ടിസ്റ്റിക് ഇമാജിനേഷൻ, പ്രൊഡക്ഷൻ രീതികൾ, എണ്ണം എന്നിവയിലെല്ലാം കേരളം ഏറെ മുന്നിലാണ്. ടിക്കറ്റുവച്ച് നാടകം കളിച്ചാൽ അതിനുപോലും ആക്ഷേപമാണ്. ‘കല ഒരു പൂജ പോലെ ചേയ്യേണ്ടതല്ലേ' എന്നൊക്കെയായിരിക്കും ചോദ്യം. ഈ പോസ്റ്റ് കോവിഡ് സമയത്ത്, 1500 രൂപ മുടക്കിയാൽ ഒരാൾക്ക് എല്ലാ നാടകങ്ങളും കാണാവുന്ന സംവിധാനമുണ്ട്. ഞങ്ങൾക്ക് എല്ലാതരത്തിലുമുള്ള ഇന്റലക്ച്വൽ ഇമാജിനേഷനുള്ള സാഹചര്യം ഫ്രീ ഹാൻഡായി തന്നെ സർക്കാർ നൽകിയിട്ടുണ്ട്.

‘ഇറ്റ്​ഫോക്ക്​- 2023’ ന്റെ ക്യുറേറ്റർമാരിൽ ഒരാളും സംവിധായകനുമായ ദീപൻ ശിവരാമൻ സംസാരിക്കുന്നു.

മനില സി.​ മോഹൻ: Humanity must unite എന്നാണ് ഇത്തവണ ‘ഇറ്റ്ഫോക്കി’ന്റെ ടാഗ് ലൈൻ. ലോകക്രമവും ഇന്ത്യൻ ദേശീയ സാഹചര്യവുമൊക്കെ മാറിയ ഒരു പശ്ചാത്തലത്തിൽ ഇതിന് വലിയ പ്രസക്തിയുമുണ്ട്. മാനവികതയെ ഒന്നിപ്പിക്കുന്നതിന്റെ ലോക ചരിത്രം തന്നെയാണ് നാടകത്തിന്റേത്. കോവിഡിന്റെ ഗ്യാപ്പിനു ശേഷം നടക്കുന്ന നാടകോത്സവമാണ്. ക്യൂറേറ്റർമാരിലൊരാൾ എന്ന നിലയിൽ എങ്ങനെയാണ് itfok 2023-നെ കാണുന്നത്?

ദീപൻ ശിവരാമൻ: ‘ഇറ്റ്‌ഫോക്കിനെ’കുറിച്ച് ഡിസ്‌കഷൻ വന്ന സമയത്ത് എന്തായിരിക്കണം ഫോക്കസ് എന്നതിനെ കുറിച്ച് കൺസേണുണ്ടായിരുന്നു. ഒരു ഹ്യുമാനിറ്റി ഫെസ്റ്റിവലായി, ‘ഒന്നിക്കണം മാനവികത' എന്ന ടാഗ്​ലൈൻ നിർദ്ദേശിക്കാൻ പ്രധാനമായും രണ്ട് കാര്യങ്ങളാണുണ്ടായിരുന്നത്. മറ്റ് കലാകാരരെ അപേക്ഷിച്ച് നാടകപ്രവർത്തകർ വളരെ കഷ്ടത്തിലായ കാലമായിരുന്നു കോവിഡ്​ സമയം. കാരണം, മുഖം മറച്ച് സോഷ്യൽ ഡിസ്റ്റൻസ് കീപ് ചെയ്ത് നടത്താൻ പറ്റിയ ഒന്നല്ലല്ലോ നാടകം. കേരളത്തിൽ മാത്രമല്ല ലോകത്തു മുഴുവൻ നാടകശാലകൾ അടച്ചിടുകയും നാടകപ്രവർത്തകർക്ക് തൊഴിലില്ലാതാവുകയും ചെയ്തു. ഒരു ‘യുദ്ധസമാന’ അന്തരീക്ഷം. അതേസമയം കവികൾക്കും എഴുത്തുകാർക്കും നല്ല സമയമായിരുന്നു. എല്ലാകാലത്തും അടിസ്ഥാനപരമായി നാടക- കലാ പ്രവർത്തനങ്ങളുടെ ലക്ഷ്യം എന്നത്, ഹിസ്റ്ററിയും മാനവികതയും ഒന്നിക്കുക എന്നതാണ്. മനുഷ്യരെ കൂടിച്ചേർക്കാനുള്ള ഇടമാണ് തിയറ്റർ സ്​പെയ്​സ്. ചരിത്രപരമായി നോക്കിയാൽ, മനുഷ്യരെ കൂട്ടിച്ചേർത്തുനിർത്താൻ ഒരിടം എന്ന തരത്തിലാണ് തിയറ്ററിന്റെ പ്രോഗ്രസുണ്ടായിട്ടുള്ളത്. അവിടെ മനുഷ്യരും ദൈവവും ഒക്കെ പരസ്പരം സംസാരിക്കുന്നു (തെയ്യമൊക്കെ അങ്ങനെയാണല്ലോ). അങ്ങനെ മനുഷ്യരെല്ലാം ഒരു കുടക്കീഴിൽ ഒരുമിച്ചുനിൽക്കേണ്ട ഇടമാണ്​ തിയറ്റർ. അങ്ങനെ, തിയറ്റർ ഫ്രറ്റേണിറ്റിക്ക്​ ആത്​മവിശ്വാസം പകരണം. ഇവർക്കൊപ്പം ഒന്നിച്ചിരുന്ന്​ കാണാൻ എന്തെങ്കിലുമുണ്ടാകണമെന്ന്​ കാണികൾക്കും തോന്നലുണ്ടാക്കണം.

പീറ്റർ ബ്രൂക്കിന്റെ ടെംപസ്റ്റിൽ നിന്ന്​ / Photo : theatrefestivalkerala.com

ഇന്ത്യയിൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ആളുകൾ വലിയ തോതിൽ, സാമൂഹികമായും ബൗദ്ധികമായും ‘ഫിയർഫുൾ' ആണ്. പ്രത്യേകിച്ച് ആർട്ടിസ്റ്റുകളടക്കമുള്ളവർക്ക്​ there is no space for liberal thinking. നിരവധി ഫെസ്​റ്റിവലുകൾ ഇല്ലാതായി. അഞ്ചാറ് വർഷങ്ങൾ കൊണ്ട് അവ ഓർമകൾ മാത്രമായി. ഈ സാഹചര്യത്തിൽ കേരളത്തിലാണ് പിന്നെയും ഒരു സ്‌പേയ്‌സ് നിലനിൽക്കുന്നത്. തീർച്ചയായും ഇവിടെയും പ്രശ്‌നങ്ങളുണ്ട്. എന്നാലും സംവാദത്തിനും ഇടപെടലിനുമുള്ള സാഹചര്യം ഇപ്പോഴും ഇവിടെയുണ്ട്. കലാപ്രവർത്തനം നടത്തിയതിന്റെ പേരിൽ ഇവിടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. അതല്ല, കേരളത്തിനുപുറത്തെ അവസ്​ഥ. ഭയങ്കരമായ റൈറ്റ്​ വിങ്​ മൊബിലൈസേഷൻ നടക്കുന്ന സമയമാണ്​. ന്യൂനപക്ഷ ചിന്തയല്ല പറയുന്നത്. majoritarian political proposition നെക്കുറിച്ചാണ്​ പറയുന്നത്​. നാസി ജർമനിയിലുണ്ടായതു​പോലെ, നൂറിൽ എൺപതുപേരും ഒരു വശത്തായിരിക്കു​മ്പോൾ, നമ്മൾ ഇരുപതുപേർ കൂടിച്ചേർന്ന്​ പ്രതിരോധിക്കേണ്ടിവരികയാണ്​. ഇവിടെ, നമ്മൾ ചരിത്രപരമായി തന്നെ നിലനിൽക്കുന്നു എന്ന്​ ലോകത്തെ ബോധ്യപ്പെടുത്തേണ്ടിവരികയാണ്​. ആ നിലയ്​ക്കാണ്​ നമ്മൾ ഇന്ത്യ എന്ന കോൺഷ്യസ്​നെസ്സിനെ വിശാലാർഥത്തിൽ ക്യൂറേറ്റ്​ ചെയ്യേണ്ടത്​. എന്താണ് നമ്മൾ വിഭാവനം ചെയ്യുന്ന ഇന്ത്യ?

സ്‌റ്റേറ്റും അതിന്റെ മിഷനറിയും മാത്രം പ്രൊപ്പഗേറ്റ് ചെയ്യുന്ന കലയും കലാപ്രവർത്തനവും ആയാലോ? അത്​ വളരെ ഡ്രൈ ആയിത്തീരും. കലാപ്രവർത്തനം എല്ലാ കാലത്തും ഒരു പ്രതിരോധം കൂടിയാണ്​.

മത-ജാതി-ലിംഗ ഭേദമില്ലാതെ മനുഷ്യർക്ക് ഒരുമിച്ച് നിൽക്കാനും കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഫിലോസഫിയെക്കുറിച്ചുമൊക്കെ സംസാരിക്കാനും ഇടപഴകാനുമൊക്കെയുള്ള ഒരു വേദിയാണ് കലാപ്രവർത്തനത്തിന്റെ ഇടം. അത് നമ്മൾ സംരക്ഷിക്കേണ്ടതുണ്ട്. പകരം, സ്‌റ്റേറ്റും അതിന്റെ മിഷനറിയും മാത്രം പ്രൊപ്പഗേറ്റ് ചെയ്യുന്ന കലയും കലാപ്രവർത്തനവും ആയാലോ? അത്​ വളരെ ഡ്രൈ ആയിത്തീരും. കലാപ്രവർത്തനം എല്ലാ കാലത്തും ഒരു പ്രതിരോധം കൂടിയാണ്​. എന്താണ് നടക്കുന്നത് എന്നതിനോടുള്ള ഒരു പ്രതികരണം കൂടിയാണ് കല. പൊതുബോധത്തോട് സമരം ചെയ്തുകൊണ്ടാണല്ലോ നമ്മൾ കല ചെയ്യുന്നത്. ഓർമപ്പെടുത്തലുകൾ കൂടിയാണ് കലാപ്രവർത്തനം. അതുകൊണ്ടാണ് ഗ്രീസിലൊക്കെ തിയറ്റർ കാണാൻ പോകുന്നത് പൗരരുടെ mandatory responsibility ആകുന്നത്. അവിടെയാണ്​ ഈ പറഞ്ഞ കഥാർസിസ്​ സംഭവിക്കുന്നത്​. അത്തരമൊരു സംഗതിയാണ് കലാപ്രവർത്തനം അല്ലെങ്കിൽ നാടകപ്രവർത്തനം എന്നത്. ഇവിടെ കലയുണ്ടാകുന്നു എന്നും കലാകാരർ ഒത്തുചേരുന്നു എന്നും ലോകത്തോട്​ പറയാനുള്ള ശരിയായ സമയവും സ്​ഥലവും, അതുകൊണ്ടുതന്നെ ഇതാണ്​. തിയറ്റർ മാത്രമല്ല, വിഷ്വൽ ആർട്ടിസ്​റ്റുകൾ, ഫിലോസ​ഫർമാർ, എഴുത്തുകാർ, ചിന്തകർ, പ്രഭാഷകർ, മാധ്യമപ്രവർത്തകർ, കാണികൾ, കലാസ്​നേഹികൾ- അങ്ങനെ ലോകത്തെ കുറിച്ച്​ ചിന്തിക്കുന്നവർക്ക്​ ഒത്തുചേരാനും പ്രതിരോധമുയർത്താനും ഒരിടം. അതിനുള്ള ഒരു സുരക്ഷിത ഇടം.

നാടക- കലാ പ്രവർത്തനങ്ങളുടെ ലക്ഷ്യം എന്നത്​, ഹിസ്റ്ററിയും മാനവികതയും ഒന്നിക്കുക എന്നതാണ്. മനുഷ്യരെ കൂടിച്ചേർക്കാനുള്ള ഇടമാണ് തിയറ്റർ സ്​പെയ്​സ് / Photo : Raneesh Raveendran

ഇത്തവണ ‘ഇറ്റ്‌ഫോക്കി'ന്റെ ഹൈലൈറ്റ് പീറ്റർ ബ്രൂക്കിന്റെ ടെംപസ്റ്റ് പ്രൊജക്റ്റ് ആണ്. രണ്ടു ക്ലാസിക്കുകൾ- ബ്രൂക്ക് എന്ന വ്യക്തിയും ടെംപ്‌സ്റ്റ് എന്ന രചനയും- കേരളത്തിന്റെ സ്‌പെയ്‌സിൽ ഒന്നിച്ചുവരുന്നു എന്നതത് രസകരവും കൗതുകകരവുമായ ഒരു സംഗതിയാണ്. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

‘ഇറ്റ്‌ഫോക്ക്' തുടങ്ങിയ കാലം മുതൽ കണ്ടംപററി മാസ്‌റ്റേഴ്‌സിന്റെ വർക്കുകൾ ഇവിടെ വരണമെന്ന ആഗ്രഹമുണ്ടായിട്ടുണ്ട്. സിനിമയിൽ ഗൊദാർദും സനൂസിയും പോലുള്ള മാസ്‌റ്റേഴ്‌സ് തിരുവനന്തപുരത്ത് വന്നുപോകുമ്പോൾ, തിയറ്ററിലുള്ളവർക്ക് ഇതൊരു സ്വപ്‌നം മാത്രമായിരുന്നു. നമ്മൾ ഗ്രോറ്റോവ്‌സ്‌കി, ചാൾസ് ലെവിൻസ്‌കി തുടങ്ങിയവരുടെ പുസ്തകങ്ങൾ വായിക്കുകയും അവരുടെ ഫോട്ടോകൾ കാണുകയും ചെയ്ത പരിചയം മാത്രമേയുള്ളൂ. അവരുമായി സംവദിക്കാനുള്ള സംവിധാനം ഉണ്ടായിട്ടില്ല. ‘ഇറ്റ്‌ഫോക്കി'നെ ഇന്റർനാഷനൽ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും മാസ്‌റ്റേഴ്‌സിനെ കൊണ്ടുവരാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പീറ്റർ ബ്രൂക്കിന്റെ ടെംപസ്റ്റ് പ്രൊജക്റ്റിനൊപ്പം കണ്ടംപററി മാസ്‌റ്റേഴ്‌സ് ആയ അഞ്ചുപേരുടെ വർക്കുകൾ ഇത്തവണ ഉൾപ്പെടുത്തിയത്. ഇറ്റലിയിലെ റോമിയോ കാസ്റ്റലൂച്ചി, ദക്ഷിണാഫ്രിക്കയിലെ ബ്രിട്ട് ബെയ്‌ലി, ഡെന്മാർക്കിലെ യൂജിനോ ബാർബ, പലസ്തിനിൽനിന്ന് ബാഷർ മാർകുസ്, ഫ്രാൻസിൽനിന്ന് മെഹ്ദി ഫറജ്പുർ, യു.കെയിൽനിന്ന് ഒവ്‌ല്യാ കുലി എന്നീ ആറ് മാസ്‌റ്റേഴ്‌സിന്റെ വർക്കുകളുണ്ട് ഇത്തവണ. ടെംപസ്റ്റാണ് നമ്മുടെ ഹൈലൈറ്റ് എങ്കിലും ഇവരുടെ വർക്കുകളും അതിനൊപ്പം പ്രധാനപ്പെട്ടതാണ്.

ഗൗരവകരമായ തിയറ്ററുകളുടെ ഒരു വേദിയാക്കി ഈ ഫെസ്റ്റിവലിനെ മാറ്റാനാണ് ശ്രമം. കണ്ടംപററി തിയറ്ററിന്റെ റിഫ്‌ളക്ഷൻ കേരളത്തിലെ നാടകക്കാർക്കും കാഴ്ചക്കാർക്കും അനുഭവിക്കാൻ അവസരമുണ്ടാക്കുക. അതിനുള്ള പ്രയത്‌നമാണ് ഇത്തവണ ചെയ്തിരിക്കുന്നത്. ‘ഇറ്റ്‌ഫോക്ക്' യഥാർഥത്തിൽ ഒരു ഇന്റർനാഷനൽ സ്‌പെയ്‌സിലേക്ക് ട്രാൻസ്‌ഫോം ചെയ്തുകഴിഞ്ഞു. അതുപോലെ, ഓഡിയൻസിന്റെയും ഷോകളുടെയും എണ്ണത്തിലൂം മാറ്റം വന്നുകഴിഞ്ഞു. എഡിൻബറോ ഫെസ്റ്റിവലുമൊക്കെയായി മാച്ച് ചെയ്യുന്ന തരത്തിൽ, അങ്ങനെ മാപ്പ് ചെയ്യുന്ന തരത്തിൽ, വലിയൊരു ഈവന്റായി 'ഇറ്റ്‌ഫോക്കി'നെയും മാറ്റിയെടുക്കുകയാണ്. നമുക്ക് അതിനുള്ള ശേഷിയുണ്ട്.

പീറ്റർ ബ്രൂക്ക് / Photo:theatrefestivalkerala.com

പാലസ്തീനിൽനിന്ന് രണ്ടു നാടകങ്ങളുണ്ട് ഇത്തവണ. പാലസ്തിന്റെ രാഷ്ട്രീയ സാഹചര്യം നമുക്കറിയാം. അതൊരു ദുരന്തഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, അവിടെ നാടകം പോലൊരു കലയിൽ എങ്ങനെയാണ് അവരുടെ രാഷ്​ട്രീയം റിഫ്ലക്റ്റ് ചെയ്യുന്നത് എന്നത് കൗതുകമുണ്ടാക്കുന്ന ഒരു കാര്യം കൂടിയാണ്. മാത്രമല്ല, അത്തരം സംഘർഷഭരിതമായ സാഹചര്യത്തിൽ തിയറ്റർ ഫോർമേഷനുണ്ടാകുക എന്നതുതന്നെ അൽഭുതകരമായ സംഗതിയാണ്​. അതുകൊണ്ടുതന്നെ, അവിടെനിന്നുള്ള രണ്ട് പ്രൊഡക്ഷനുകൾ ഇവിടേക്ക് കൊണ്ടുവരിക എന്നത്​ ഗംഭീരമായ ശ്രമമാണ്. എങ്ങനെയാണ് പാലസ്തീൻ ഒരു ഫോക്കസ് ആയത്?

‘മാനവികത ഒന്നിക്കണം, തിയറ്റർ ഒന്നിക്കണം' എന്നു പറയുമ്പോൾ നമ്മൾ ഒരു പ്രധാന കാര്യം ഓർക്കണം. ഈ സമയത്ത് പാലസ്തീനിലെയും യുക്രെയ്‌നിലെയും മനുഷ്യർ, കൈകളിൽ ചെറിയ കുഞ്ഞുങ്ങളെയുമെടുത്ത് എവിടെയൊക്കെയോ ഒളിഞ്ഞുകഴിയുകയാണ്. ഇത്തരമൊരു സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. അതുകൊണ്ട്, ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ക്യൂറേഷൻ ചർച്ച പൂർത്തിയാകേണ്ടത്, ഈ മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രതിസന്ധി കൂടി കണക്കിലെടുത്താകണം. പലസ്തീനിൽനിന്നുള്ള അസ്മ അസീസിയ അവതരിപ്പിക്കുന്ന നാടകത്തിന്റെ പേരുതന്നെ ‘ഡോണ്ട് ബിലീവ് മി ഇഫ് ഐ ടോക്കു ടു യു വാർ' എന്നാണ്. ഞാൻ യുദ്ധത്തെക്കുറിച്ച് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല, കാരണം, യുദ്ധം എന്താണ് എന്ന് നിങ്ങൾക്കറിയില്ല എന്ന് ഒരു സ്ത്രീ, തന്റെ ചെറിയ കുഞ്ഞിനെയുമെടുത്ത് വന്ന് പറയുകയാണ്. നാടകം പ്രാക്ടീസ് ചെയ്യുന്ന രണ്ട് സ്ത്രീകൾ അവരുടെ കുട്ടികളെയുമെടുത്തും അരങ്ങത്തുവരുന്നു എന്നതും വളരെ പ്രധാനമാണ്.

‘ഡോണ്ട് ബിലീവ് മി ഇഫ് ഐ ടോക്കു ടു യു വാർ' എന്ന നാടകത്തിൽ നിന്ന്

മറ്റൊരു പലസ്തീൻ നാടകം, മാർകുസ് ബാഷറിന്റെ ‘ഹാഷ്' ആണ്. മറ്റൊരു പ്രൊജക്റ്റാണ് വരേണ്ടിയിരുന്നത്. പക്ഷെ, അതിലെ ഒരു നടന് വിസ കിട്ടിയില്ല. പലസ്തീനിയായ ഈ നടന്റെ കൈയിൽ പാസ്‌പോർട്ടു തന്നെയില്ല. ഇവിടേക്കു വരാനുള്ള യാത്രാരേഖകളുണ്ടാക്കാൻ അദ്ദേഹം എംബസികളിൽനിന്ന് എംബസികളിലേക്കും കോൺസുലേറ്റുകളിൽനിന്ന് കോൺസുലേറ്റുകളിലേക്കും ഓടിനടക്കുകയായിരുന്നു. അത് നടക്കാതെ വന്നപ്പോൾ, അവിടെനിന്നുതന്നെ മറ്റൊരു നാടകം തീരുമാനിക്കുകയായിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. ഇത്തരമൊരു പ്രൊജക്റ്റിനുപുറകിൽ അവർ നടത്തുന്ന സ്ട്രഗ്ൾ ഇങ്ങനെയാണ് നമ്മൾ ഇവിടെ പ്രസൻറ്​ ചെയ്യുന്നത്.

ഒരുപാട് ചെറുപ്പക്കാരിലൂടെ നാടകത്തിന്റെ ക്വാളിറ്റി മാറിയിട്ടുണ്ട്. ഇവർക്ക് പ്രൊഫഷണലിസവും ആത്മവിശ്വാസവുമുണ്ട്. അവർ ടിക്കറ്റ് വച്ച് നാടകം കളിക്കുന്നു, അവർ ക്ലെയിം ചെയ്യുന്നു, സംഘാടകർ തങ്ങൾക്ക് അനുയോജ്യമായ റിഹേ്‌സൽ സ്‌പെയ്‌സും സ്‌റ്റേജും നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു.

13-ാം എഡിഷനിലെത്തിയ ‘ഇറ്റ്‌ഫോക്ക്' കേരളത്തിന്റെ നാടക സ്‌പെയിലുണ്ടാക്കിയ മാറ്റം വളരെ വലുതാണ്. അത് നമ്മുടെ നാടകത്തെയും ആർട്ടിസ്റ്റുകളെയും നവീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അത് ചെറിയ കാര്യവുമല്ല. ‘ഇറ്റ്‌ഫോക്ക്' കേരളത്തിലെ നാടക സെൻസിബിലിറ്റിയിലുണ്ടാക്കിയ മാറ്റത്തെ, അതിന്റെ തുടക്കം മുതലുള്ള ആളെന്ന നിലയിൽ എങ്ങനെയാണ് കാണുന്നത്?

കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന നാടകപ്രവർത്തനങ്ങളെ ഒന്ന് താരതമ്യപ്പെടുത്തി നോക്കേണ്ടതുണ്ട്. കൊൽക്കത്ത, ബംഗാൾ, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ തിയറ്ററും നമ്മുടെ തിയറ്ററും എങ്ങനെയാണ് പ്രവർത്തിക്കുന്നത്?.
നമ്മുടെ എക്‌സ്‌പോഷർ വളരെ വിസിബിളാണ്. തിയറ്റർ ലാംഗ്വേജുമായി നമുക്ക് ഏറെ മുന്നേറാനായിട്ടുണ്ട്. ആർട്ടിസ്റ്റിക് ഇമാജിനേഷൻ, പ്രൊഡക്ഷൻ രീതികൾ, ഒരു വർഷത്തിലുള്ള പ്രൊഡക്ഷന്റെ എണ്ണം എന്നിവയിലെല്ലാം നാം ഏറെ മുന്നിലാണ്. കർണാടകയിലൊക്കെ, വർഷത്തിൽ ഒരു നാടകം പോലുമുണ്ടാകണമെന്നില്ല. അപ്പോഴാണ്, കേരളത്തിൽ ചെറുപ്പക്കാരായ, പ്രോമിസിംഗായ നിരവധി സംവിധായകർ വരുന്നത്. ജിനോ ജോസ്, അസീം അമരവിള, പ്രതാപൻ, ജോബ് മഠത്തിൽ, കെ. രമേശ്, അഭിമന്യു, അബീഷ് ശശിധരൻ, അരുൺലാൽ ഇങ്ങനെ ഒരുപാട് ചെറുപ്പക്കാരിലൂടെ നാടകത്തിന്റെ ക്വാളിറ്റി മാറിയിട്ടുണ്ട്. ഇവർക്ക് പ്രൊഫഷണലിസവും ആത്മവിശ്വാസവുമുണ്ട്. അവർ ടിക്കറ്റ് വച്ച് നാടകം കളിക്കുന്നു, അവർ ക്ലെയിം ചെയ്യുന്നു, സംഘാടകർ തങ്ങൾക്ക് അനുയോജ്യമായ റിഹേ്‌സൽ സ്‌പെയ്‌സും സ്‌റ്റേജും നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. ഉറങ്ങാനുള്ള സ്ഥലവും ഭക്ഷണവുമൊക്കെ അവർ ആവശ്യപ്പെടുന്നു. തങ്ങൾ സ്വയം worthful ആയ ആർട്ടിസ്റ്റുകളാണെന്ന് അവർക്ക് സ്വയം വിലയിരുത്താൻ കഴിയുന്നു.

ലോകത്തെല്ലായിടത്തെയും മനുഷ്യർ ഉറ്റുനോക്കുന്ന ഒരിടമായി, യാത്ര ചെയ്ത് എത്തേണ്ട ഒരിടമായി, മാസ്‌റ്റേഴ്‌സ് പ്രൊഡക്ഷനുകൾ കാണാൻ കഴിയുന്ന ഒരിടമായി തൃശൂരിനെ മാറ്റാൻ കഴിയണം

കലാകാരരെ സംബന്ധിച്ച് മൂല്യം പ്രധാനമാണ്. നമുക്ക് മൂല്യം ഇല്ലെങ്കിൽ ആരാണ് നമ്മളെ വില മതിക്കുക? ആരാണ് നമ്മളെ ഗൗരവത്തിയെലടുക്കുക? ഇവിടെ, നാടകക്കാരെ ആരും ഗൗരവത്തിലെടുത്തിട്ടില്ല. നമ്മൾ ചെയ്യുന്ന മൂല്യവത്തായ പ്രവൃത്തിയെ നമ്മളാണ് തിരിച്ചറിയേണ്ടത്. ‘എന്തിനാണ് നാടകക്കാർ ഈ നാട്ടിൽ' എന്ന ചോദ്യം നാടകക്കാർ ചോദിക്കുകയും അതിന്റെ ഉത്തരം അവരുടെ കൈയിലുണ്ടായിരിക്കുകയും വേണം. തോപ്പിൽ ഭാസിയും കെ. ദാമേദരനും കെ.ടി. മുഹമ്മദും ഇടശ്ശേരിയും വി.ടിയും അടങ്ങുന്ന എത്രയോ പേരുകളുണ്ട്, കേരളത്തിന്റെ നാടക ചരിത്രം പരിശോധിച്ചുകഴിഞ്ഞാൽ. ഇവിടുത്തെ എഴുത്തുകാരേക്കാളും സിനിമാക്കാരേക്കാളും ചിത്രകാരരേക്കാളും കൂടുതൽ നവോത്ഥാന പ്രക്രിയയിൽ പങ്കെടുത്തിട്ടുള്ളത് നാടകക്കാരാണ്. എന്നിട്ടും അവർക്ക് അർഹമായത് ലഭിച്ചിട്ടില്ല. മറ്റു കലകളിൽ പ്രവർത്തിക്കുന്നവരുമായി താരതമ്യപ്പെടുത്തിയാൽ, വഴിയറിയാതെ വന്നുപെട്ടുപോയ മനുഷ്യരെപോലെയാണ് നാടകക്കാരെ ഇന്നും കാണുന്നത്. നമ്മുടെ മൂല്യം നമ്മൾ തന്നെ മനസ്സിലാക്കാത്തതുകൊണ്ടാണിതു സംഭവിക്കുന്നത്.

തങ്ങളുടെ കോൺട്രിബ്യൂഷൻ നാടകക്കാർ തിരിച്ചറിയുകയാണ് വേണ്ടത്. അതിനനുസരിച്ച് നമ്മൾ ഡിമാൻറ്​ ചെയ്യണം. ‘ഞങ്ങൾ നിങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്, അതുകൊണ്ട് ഞങ്ങൾ അർഹിക്കുന്ന ആദരവും പ്രതിഫലവും ഞങ്ങൾക്ക് കിട്ടേണ്ടതുണ്ട്' എന്നു പറയുന്ന തരത്തിൽ ഡിമാൻറ്​ ചെയ്യണം.

നമ്മൾ ഒരു ഇന്റലക്ച്വൽ പ്രൊഡക്റ്റാണുണ്ടാക്കുന്നത്. നാടകവും ചിത്രകലയും സിനിമയും സംഗീതവും സാഹിത്യവുമൊന്നും ഇല്ലാത്ത, ബാങ്കർമാരും കച്ചവടക്കാരും മാത്രമുള്ളൊരു നാട്- അത്തരമൊരു ലോകം എന്തുമാത്രം വിരസമായിരിക്കും. കല ചെയ്യാൻ പ്രാപ്തരായവരുള്ളതുകൊണ്ടല്ലേ ഇത്തരമൊരു വിരസമായ അവസ്ഥയില്ലാത്തത്. എന്നാൽ, കലാകാരർക്ക് എന്താണ് തിരിച്ചുകിട്ടുന്നത്? ആക്ഷേപമല്ലാതെ. ടിക്കറ്റുവച്ച് നാടകം കളിച്ചാൽ അതിനുപോലും ആക്ഷേപമാണ്. ‘കല ഒരു പൂജ പോലെ ചേയ്യേണ്ടതല്ലേ' എന്നൊക്കെയായിരിക്കും ചോദ്യം. ഡോക്ടർക്കും അധ്യാപകർക്കും ഹോട്ടൽ നടത്തുന്നവർക്കും കാറുണ്ടാക്കുന്നവർക്കുമെല്ലാം സമൂഹം ഒരു വാല്യു കൊടുക്കുന്നുണ്ട്. ഇവരെയൊക്കെ മുതിർന്ന ആളുകളായിട്ട് കാണുന്നുണ്ട്, സമൂഹം. എന്നാൽ, നമ്മളെല്ലാം കുട്ടികളാണ്. സിസ്റ്റത്തിന് മനസ്സിലാകാത്ത, ഡയറക്ഷനില്ലാത്ത ആളുകളായാണ് നമ്മളെ കാണുന്നത്. അതുകൊണ്ട്, നമ്മൾ ചെയ്യുന്ന പ്രവൃത്തിയുടെ വാല്യു മനസ്സിലാക്കി വേണം നമ്മൾ ഈ സമൂഹവുമായി ഇടപെടാൻ.

‘ഇറ്റ്‌ഫോക്ക്' ഒരു എൻട്രി പോയൻറ്​ മാത്രമാണ്. ഡിസ്‌കഷനും നെഗോസിയേഷനും നടക്കുന്ന ഒരിടം. ആക്ച്വൽ വർക്ക് എന്നത് കേരളത്തിൽ പണിയെടുക്കുന്ന കലാകാരരുടെ വർക്ക് തന്നെയാണ്. ആ കോൺട്രിബ്യൂഷന്റെ പ്രതിഫലനം മാത്രമാണ് ‘ഇറ്റ്‌ഫോക്ക്' എന്നത്. ആ കോൺട്രിബ്യൂഷൻ ഇവിടുത്തെ നാടകക്കാർ തിരിച്ചറിയുകയാണ് വേണ്ടത്. അതിനനുസരിച്ച് നമ്മൾ ഡിമാൻറ്​ ചെയ്യണം. ‘ഞങ്ങൾ നിങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്, അതുകൊണ്ട് ഞങ്ങൾ അർഹിക്കുന്ന ആദരവും പ്രതിഫലവും ഞങ്ങൾക്ക് കിട്ടേണ്ടതുണ്ട്' എന്നു പറയുന്ന തരത്തിൽ ഡിമാൻറ്​ ചെയ്യണം. കൈയൊടിഞ്ഞ് പ്ലാസ്റ്ററിടാൻ ആശുപത്രിയിലേക്ക് പോകുന്ന പോലെതന്നെയാണ്, ഒടിഞ്ഞ മനസ്സുമായി പ്ലാസ്റ്ററിടാൻ ആളുകൾ തിയറ്ററിലേക്ക് വരുന്നത്. ഇന്റലക്ച്വൽ- ഇമേഷനൽ വെൽബീയിംഗുകൾ ഫിസിക്കൽ- മെറ്റീരിയൽ വെൽബീയിംഗുകൾക്ക് തുല്യമായ ഒന്നാണ് എന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകണം. കല ചെയ്യുന്നവരും കാഴ്ചക്കാരും ഇത് തിരിച്ചറിയേണ്ടതുണ്ട്. ഇക്കാര്യത്തിൽ ‘ഇറ്റ്‌ഫോക്ക്' വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്.

Photo : Raneesh Raveendran

വേറൊരു തലത്തിലേക്ക് ഈ ഫെസ്റ്റവൽ മാറേണ്ടതുമുണ്ട്. ഇതൊരു പ്രധാനപ്പെട്ട സൈറ്റാണ് എന്ന നിലയ്​ക്ക്​, ലോകത്തെല്ലായിടത്തെയും മനുഷ്യർ ഉറ്റുനോക്കുന്ന ഒരിടമായി, യാത്ര ചെയ്ത് എത്തേണ്ട ഒരിടമായി, മാസ്‌റ്റേഴ്‌സ് പ്രൊഡക്ഷനുകൾ കാണാൻ കഴിയുന്ന ഒരിടമായി തൃശൂരിനെ മാറ്റാൻ കഴിയണം. ‘ചെറിയ തുക മുടക്കി കേരളത്തിലേക്കും തൃശൂരിലേക്കും വരൂ’ എന്നു പറയാൻ കഴിയണം. ഇത് നമുക്ക് സാധ്യമാണ്. നമ്മുടെ കൾചറൽ ഫാബ്രിക്കിൽ ഇത്തരമൊരു മാറ്റം കൊണ്ടുവരാൻ തീർച്ചയായും കഴിയും. ഇപ്പോൾ, സർക്കാർ ചെയ്യുന്നത് വലിയ കാര്യമാണ്. അഞ്ചോ ആറോ കോടി രൂപ ചെലവാക്കുന്നത് നല്ലതാണ്. ജനങ്ങൾക്കുവേണ്ടി ഒരു ‘Right Festival' നടത്തൂ എന്നാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്ത ഒരുതരം ഇടപെടലുമുണ്ടായിട്ടില്ല. ഞങ്ങൾക്ക് എല്ലാതരത്തിലുമുള്ള ഇന്റലക്ച്വൽ ഇമാജിനേഷനുള്ള സാഹചര്യം ഫ്രീ ഹാൻഡായി തന്നെ നൽകിയിട്ടുണ്ട്. അതുതന്നെ വലിയ സംഗതിയാണ്. ഒരു മലയാളി നാടക സംവിധായകൻ എന്ന നിലയ്ക്ക് അഭിമാനം തോന്നുന്ന സംഗതിയാണിത്. ചരിത്രപരമായി പ്രശ്‌നസങ്കീർണമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഇങ്ങനെയെല്ലാം കേരളത്തിൽ സംഭവിക്കുന്നത് എന്നോർക്കണം. കൊച്ചിൻ ബിനാലേ, ഐ.എഫ്.എഫ്.കെ, ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ- ഇതൊരു ഹാപ്പനിംഗ് സ്‌പെയ്‌സ് ആൻറ്​ പ്ലെയ്‌സ് ആണ്. രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ ബൗദ്ധികമായതും കലാപരമായതുമായ വിനിമയങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ ഇവിടെ നമുക്ക് മനുഷ്യ മനസ്സുകളെ revamp ചെയ്യാൻ കഴിയുന്നു എന്നത് പ്രധാനമാണ്.

നാടകം എക്കാലത്തും ഒരു ഹൈബ്രിഡ് ഫോമാണ്. അവിടെ എഴുത്തുകാരുണ്ട്, ആർക്കിടെക്റ്റുകളുണ്ട്, ചിത്രകാരരുണ്ട്, സംഗീതജ്ഞരുണ്ട്, ഫിലിം മേക്കേഴ്‌സുണ്ട്. ഇവരുടെയെല്ലാം കോൺട്രിബ്യൂഷൻ ആവശ്യമുണ്ട്.

‘ഇറ്റ്​ഫോക്കി’ന്റെ തുടക്കകാലത്ത്​, ടിക്കറ്റിനെ ചൊല്ലിയും മറ്റും പലരും പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ മൈൻഡ് സെറ്റ് മാറിയിട്ടുണ്ട്. ടിക്കറ്റെടുത്ത് കാണേണ്ടതുതന്നെയാണ് നാടകം എന്ന ബോധ്യം ഇപ്പോൾ ആളുകൾക്കുണ്ട്. ‘ഇറ്റ്‌ഫോക്ക്' നാടകക്കാരിലുണ്ടാക്കിയ മാറ്റം പോലെത്തന്നെ പ്രേക്ഷകരിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. നാടകം കാണുന്നവരുടെ എണ്ണവും കാഴ്ചയുടെ ക്വാളിറ്റിയും മാറിയിട്ടുണ്ടോ?

സ്വഭാവികമായും നമ്മൾ രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്. ഫെസ്റ്റിവലിലേക്ക് നല്ല നാടകങ്ങൾ വരുന്നു, അത് കാണാനാവശ്യമായ തിയറ്ററിടങ്ങളുണ്ടാക്കുന്നു. പീറ്റർ ബ്രൂക്കിനെപ്പോലുള്ളവരുടെ നാടകങ്ങൾ വരുമ്പോൾ രണ്ട് ഷോകൾ ചെയ്തുകൊണ്ട് പരമാവധി പേരെ അത് കാണിക്കാൻ സംവിധാനമുണ്ടാക്കുന്നു. എല്ലാ പ്രധാന ഇന്റർനാഷനൽ നാടകങ്ങളും രണ്ട് ഷോയാണ്.

പ്രേക്ഷകർക്ക് സൗകര്യപ്രദമായി നാടകം കാണാൻ മറ്റു നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

വെറും 60 രൂപയ്ക്കാണ് നാടകം കാണിക്കുന്നത്. ഈ പോസ്റ്റ് കോവിഡ് സമയത്ത്, 1500 രൂപ മുടക്കിയാൽ ഒരാൾക്ക് എല്ലാ നാടകങ്ങളും കാണാവുന്ന സംവിധാനമുണ്ട്. എല്ലാവർക്കും നാടകം കാണാൻ അവസരവുമുണ്ടാക്കുന്നു. പകുതി ടിക്കറ്റ് ഓൺലൈനിൽ വാങ്ങാം, പകുതി കൗണ്ടറിലും. പത്തു ശതമാനം ടിക്കറ്റ് ഷോ തുടങ്ങുന്നതിനുമുമ്പ് വാങ്ങാം. ഇന്ന് കാണിക്കുന്ന ഷോ ഒഴിവില്ലെങ്കിൽ നാളെ കാണാം. രണ്ടു മാസം മുമ്പ് വെബ്‌സൈറ്റ് ഓപണായിരുന്നു. ലോക നിലവാരത്തിലുള്ള, കണ്ടംപററി ഫീൽ ലുക്കുള്ള വെബ്‌സൈറ്റാണ്, അതിനുപുറകിൽ മികച്ച ഡിസൈനർമാരുണ്ട്. പിന്നെ, ഒരു മാസം മുമ്പ് ടിക്കറ്റ് വിൽപന തുടങ്ങി. പൂർണമായ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. കാഴ്ചക്കാരെ പ്രതീക്ഷീച്ചുതന്നെയാണ് ഇതെല്ലാം ചെയ്തത്. ഒരു സർപ്രൈസിംഗ് ഫാക്ടർ കൊടുക്കാതെ മുൻകൂട്ടിയുള്ള തയാറെടുപ്പോടെ, യാത്രയടക്കം പ്ലാൻ ചെയ്ത് വരാനുള്ള സൗകര്യത്തിന്. ഏത് നാടകം എപ്പോൾ കാണണം എന്ന് അവർ തന്നെ തീരുമാനിക്കട്ടെ.

Photo : Raneesh Raveendran

മറ്റു ആർട്ടിസ്റ്റുകളുമായുള്ള കൊളാബറേഷനാണ് മറ്റൊരു പ്രധാന സംഗതി. ഇത്തവണ, 25 മുതിർന്ന ആർട്ടിസ്റ്റുകൾ പങ്കെടുത്ത് ‘തെരുവര’ എന്നൊരു പരിപാടി നടത്തുന്നുണ്ട്. ഇത് ഗംഭീര പരിപാടിയാണ്. അൻപു വർക്കിയാണ് ക്യുറേറ്റർ. നാടകം എക്കാലത്തും ഒരു ഹൈബ്രിഡ് ഫോമാണ്. അവിടെ എഴുത്തുകാരുണ്ട്, ആർക്കിടെക്റ്റുകളുണ്ട്, ചിത്രകാരരുണ്ട്, സംഗീതജ്ഞരുണ്ട്, ഫിലിം മേക്കേഴ്‌സുണ്ട്. ഇവരുടെയെല്ലാം കോൺട്രിബ്യൂഷൻ ആവശ്യമുണ്ട്. അതുകൊണ്ടാണ് ചിത്രകാരരുടെ നേതൃത്വത്തിൽ ഒരു മാസം മുഴുവൻ തൃശൂർ നഗരത്തെ ചിത്രം വരയ്ക്കുന്ന ഒരിടമാക്കി മാറ്റിയത്. പടിഞ്ഞാറെക്കോട്ട പോലുള്ള സ്ഥലങ്ങളുടെ കഥയും ചരിത്രവും ഓർത്തെടുത്തുകൊണ്ട് വലിയ കാലിഗ്രാഫി ആർട്ടുകൾ ചെയ്യുകയാണ്. നഗരത്തെ പതുക്കെപ്പതുക്കെ ഫെസ്റ്റിവലിലേക്ക് പാകപ്പെടുത്തിയെടുക്കുകയാണ് ഇതിലൂടെ ചെയ്തത്. ഇത് എല്ലാവർഷവും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. ഇത് പത്തുവർഷം ചെയ്തുകഴിഞ്ഞാൽ, തൃശൂർ നഗരത്തിൽ ഒരു വർക്ക് പോലും ഇല്ലാത്ത ഇടമുണ്ടാകില്ല. കാരണം, ഈ വർക്കുകൾ സംരക്ഷിക്കപ്പെടും, അത് മൂടിക്കളയില്ല, അതാണ്, നഗരസഭയും മറ്റുമായുള്ള അഗ്രിമെന്റ്. അവരൊക്കെ ഇതിൽ നന്നായി സഹകരിക്കുന്നുണ്ട്.

കലയിലേക്ക് നമ്മൾ വളരെ കണ്ടംപററിയായതും റവല്യുഷണറിയായതുമായ ഇമാജിനേഷൻ കൊണ്ടുവരും. എന്നാൽ, ജീവിതത്തിനകത്ത് വളരെ പിന്തിരിപ്പന്മാരുമാണ്.

അതുപോലെ ലിജോ- റെനി, ബ്രിജേഷ് ഷൈജാൽ എന്നീ ആർക്കിടെക്റ്റുകൾ ചേർന്ന് രൂപകൽപ്പന ചെയ്ത രണ്ട് പവലിയൻ സ്‌പെയ്‌സുകൾ മറ്റൊരു സവിശേഷതയാണ്. ബ്രിജേഷാണ് ഡിസൈൻ ചെയ്ത ഓപൺ എയർ പവലിയൻ 1200-ഓളം പേർക്ക് ഇരിക്കാവുന്ന വലിയ തിയറ്ററാണ്. അവിടെയാണ് വലിയ പ്രൊഡക്ഷനുകൾ അവതരിപ്പിക്കുന്നത്. ആർക്കിടെക്ചറൽ ഇമാജിനേഷനിലൂടെ എങ്ങനെയാണ് സ്‌പെയ്‌സ് ഉപയോഗപ്പെടുത്തുന്നത് എന്ന് കാണിച്ചുതരികയാണിവിടെ.

കലയിലേക്ക് നമ്മൾ വളരെ കണ്ടംപററിയായതും റവല്യുഷണറിയായതുമായ ഇമാജിനേഷൻ കൊണ്ടുവരും. എന്നാൽ, ജീവിതത്തിനകത്ത് വളരെ പിന്തിരിപ്പന്മാരുമാണ്. നമ്മുടേത് ഒരു ബോറൻ ലൈഫായിരിക്കും. അതിന്റെ ഡിസൈൻ, അണ്ടർസ്റ്റാന്റിംഗ് ഓഫ് ദ സ്‌പെയ്‌സ്, ഫാബ്രിക്, കളർ തുടങ്ങി എല്ലാ കാര്യത്തിലും. ഇങ്ങനെയൊരു എസ്‌തെറ്റിക് സെൻസുള്ള ഒരു സ്‌പെയ്‌സിൽ ജീവിച്ചുകഴിഞ്ഞാൽ, ജീവിതം കുറച്ചുകൂടി മെച്ചമാണ് എന്നു തോന്നും. അതിനുള്ള ഒരു പരിശ്രമം കൂടിയാണിത്. പ്രാപ്തിയുള്ള ആർട്ടിസ്റ്റുകളും ആർക്കിടെക്റ്റുകളുമായി സഹകരിച്ച് ഇടങ്ങളെയും പരിസരങ്ങളെയും പുതിയൊരു ട്രാൻസ്‌ഫോർമേഷനിലേക്ക് കൊണ്ടുപോകുകയാണ്. ഇങ്ങനെയൊരു സ്ഥലത്തെ ഇങ്ങനെയൊക്കെ ട്രാൻസ്‌ഫോം ചെയ്യാം എന്ന് കാണിച്ചുകൊടുക്കുകയാണ്. അത്, അക്കാദമി ഭാരവാഹികളെ സംബന്ധിച്ചുകൂടിയുള്ള ഒരു തിരിച്ചറിവാണ്.

അതുപോലെ, പവലിയൻ ഗ്യാലറിയുണ്ടാക്കിയിട്ടുള്ളത് ആർട്ടിസ്റ്റ് സുജാതന്റെ 45ഓളം ആർട്ട് വർക്കുകളുപയോഗിച്ചാണ്. ലിജോ- റെനിയാണ് അത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതൊരു അമേസിംഗ് സ്‌പെയ്‌സ് ആണ്. ബ്രിജേഷ് രൂപകൽപ്പന ചെയ്തിരിക്കുന്നതും ഗംഭീര പവലിയനാണ്.

ദീപൻ ശിവരാമൻ / Photo : Raneesh Raveendran

പബ്ലിക് ലക്ചർ സീരീസാണ് മറ്റൊരു പ്രധാന സംഗതി. വിവിധ മേഖലകളിലെ ആളുകൾ ഇവിടേക്കു വരണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിപാടി. പ്രൊഫ. ആരി സിതാസ്, ഗണേഷ് എൻ. ഡെവി, സച്ചിദാനന്ദൻ, എം.എ. ബേബി, ഡോ. കെ.പി. ശങ്കരൻ, ഗുലാം മുഹമ്മദ് ഷെയ്ക്ക്, മുകുന്ദ് റാവു, പ്രകാശ് രാജ് തുടങ്ങി വ്യത്യസ്ത തുറകളിലുള്ളവർ ഇവിടെ വന്ന് സംസാരിക്കുന്നു. അവരുടേത് പബ്ലിക് ഓപൺ ഫോറമാണ്, ഇവിടെ ഒരു പാരാമീറ്റവും വച്ചിട്ടില്ല. അവർ ജനങ്ങളുമായി സംസാരിക്കുകയാണ്. ഇതിനൊപ്പമാണ് ഇന്റർനാഷനൽ തിയറ്റർ കൊളോക്വിയം. നീലം മാൻസിംഗ് ചൗധരി, റസ്തം ബറൂച്ച, സുന്ദർ സരുകായ്, ശിവ് വിശ്വനാഥൻ, കിർത്തി ജെയിൻ, അഷിഷ് സെൻ ഗുപ്ത തുടങ്ങിയവർ ഈ വേദിയിൽ വരുന്നുണ്ട്.

ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തിയറ്റർ സ്‌കൂൾസ് (IFTS) എന്ന പരിപാടിയും ‘ഇറ്റ്‌ഫോക്കി'ന്റെ ഇമാജിനേഷനാണ്. ഒരു പെഡഗോജി ഫെസ്റ്റിവൽ എന്ന നിലക്കാണ്, ഡ്രാമ സ്‌കൂളിന്റെ നേതൃത്വത്തിൽ അത് സംഘടിപ്പിച്ചത്. എന്താണ് തിയറ്റർ പെഡഗോജിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്, ലോകത്തെ തിയറ്റർ സ്‌കൂളുകളിൽ എന്തൊക്കെയാണ് പഠിപ്പിക്കുന്നത്, അവ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, എന്ത് രാഷ്ട്രീയമാണ് കലയിൽ അവർ കൈകാര്യം ചെയ്യുന്നത്, ഈ പുതിയ ലോകത്ത് കല ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നത് എങ്ങനെയാണ്, എന്തു കലയാണ് അവർ ചെയ്യേണ്ടത്, ചരിത്രത്തിൽനിന്ന് എന്താണ് പഠിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് തിയറ്റർ സ്‌കൂൾ ഫെസ്റ്റിവലിൽ കൈകാര്യം ചെയ്തത്. 12-ഓളം തിയറ്റർ സ്‌കൂളുകളിൽനിന്ന് 150ഓളം വിദ്യാർഥികൾ പങ്കെടുത്തു. അന്താരാഷ്ട്ര തലത്തിലുള്ള പെഡഗോഗ്‌സ് വന്ന് വർക്ക്‌ഷോപ്പുകൾ നടത്തി. എല്ലാ വർഷവും ഇത് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

ഇത്തവണത്തെ മറ്റൊരു ട്രെൻഡായിരുന്നു വർക്ക്‌ഷോപ്പ് സീരീസ്. കുടുംബശ്രീയും കിലയുമായും സഹകരിച്ച് സ്ത്രീകളായ 51 തിയറ്റർ മേക്കേഴ്‌സ് പങ്കെടുത്ത ആറു ദിവസത്തെ തിയറ്റർ വർക്ക്‌ഷോപ്പ്.

അന്താരാഷ്ട്ര ഫെസ്റ്റിവലിനോട് കിടപിടിക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാർഥികൾ, സ്ത്രീകൾ, തിയറ്റർ മേക്കേഴ്‌സ്, കാഴ്ചക്കാർ എന്നിവരുടെ ഒരു ഇടമായി ഇത്തവണത്തെ ‘ഇറ്റ്‌ഫോക്കി'നെ മാറ്റാൻ കഴിഞ്ഞു.

ആർട്ടിസ്റ്റ് ഇൻ കോൺവർസേഷൻ എന്ന സെഷനിൽ 15 സംവാദങ്ങൾ നടന്നു. കേരളത്തിലെ നാടക സംവിധായകരും നടന്മാരും ഇവിടെയെത്തുന്ന ഗ്രൂപ്പുകളുമായും സംവിധായകരുമായും നാടകപ്രവർത്തകരുമായും ആശയവിനിമയം നടത്തുന്ന ഈവന്റാണിത്. എങ്ങനെയാണ് അവർ കല ഉണ്ടാക്കുന്നത്, അതിന്റെ സോഷ്യോ- പൊളിറ്റിക്കൽ കോൺടെക്‌സ്റ്റ് എന്താണ്, അവരുടെ ഇക്കോണമി എന്താണ്, അവർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, അവരുടെ തിയറ്റർ എങ്ങനെയാണ് റൺ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരസ്പരം സംസാരിക്കുകയാണ്.

ഇങ്ങനെ ഒരു അന്താരാഷ്ട്ര ഫെസ്റ്റിവലിനോട് കിടപിടിക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാർഥികൾ, സ്ത്രീകൾ, തിയറ്റർ മേക്കേഴ്‌സ്, കാഴ്ചക്കാർ എന്നിവരുടെ ഒരു ഇടമായി ഇത്തവണത്തെ ‘ഇറ്റ്‌ഫോക്കി'നെ മാറ്റാൻ കഴിഞ്ഞു.

ഇത്തവണ കേരള തിയറ്ററിന്റെയും മറ്റ് ഭാഷകളിലെ തിയറ്ററുകളുടെയും സാന്നിധ്യം എങ്ങനെയാണ് പ്രകടമാകുന്നത്?

ലോകത്തെ പ്രധാന നാടകങ്ങൾ മലയാളി പ്രേക്ഷകർക്കും നാടകക്കാർക്കും പരിചയപ്പെടുത്തുക എന്നതാണ് ഇന്റർനാഷനൽ ഫെസ്റ്റിവൽ എന്ന നിലയ്ക്ക് ‘ഇറ്റ്‌ഫോക്കി'ന്റെ അടിസ്ഥാന ദൗത്യം. ലോക- ഇന്ത്യൻ- മലയാള നാടകങ്ങൾ തമ്മിൽ ഒരു കോൺവർസേഷൻ സാധ്യമാകണം. കലാകാരരും കാഴ്ചക്കാരും മാറിവരുന്ന ഒരു ലോകത്ത് കല ആസ്വദിക്കാൻ പ്രാപ്തരാക്കുന്ന ഒരു ഇടപെടൽ.

കേരളത്തിൽനിന്ന് 65-ഓളം നാടകങ്ങളാണ് എൻട്രിയായി വന്നത്. ഇന്ത്യയിൽനിന്ന് 155 ഓളം നാടകങ്ങൾ. 60 ഓളം വിദേശ എൻട്രികളുമുണ്ടായിരുന്നു. കേരളമൊഴിച്ചുള്ള ഇന്ത്യയിലെ മറ്റിടങ്ങളിൽനിന്ന് പത്ത് നാടകങ്ങളും കേരളത്തിൽനിന്ന് നാല് നാടകങ്ങളുമാണ് സെലക്റ്റ് ചെയ്തത്. വിദേശത്തുനിന്ന് പത്തെണ്ണവും. 12 വിദേശ നാടകങ്ങൾ, എട്ട് ഇന്ത്യൻ നാടകങ്ങൾ, നാല് കേരള നാടകങ്ങൾ എന്നായിരുന്നു പ്ലാൻ ചെയ്തത്. മൂന്നുവർഷം ഫെസ്റ്റിവൽ നടക്കാതിരുന്നുവല്ലോ. ഈ കാലയളവിൽ നല്ല നാടകങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് മികച്ച എൻട്രികളാണുണ്ടായിരുന്നത്. അതിനാൽ, കാണിക്കേണ്ട നാടകങ്ങൾ തന്നെ സെലക്റ്റ് ചെയ്യാൻ അവസരമുണ്ടായി. ഒത്തുതീർപ്പുകൾ വേണ്ടിവന്നില്ല.

Photo : theatrefestivalkerala.com

എന്നാൽ, ഫെസ്റ്റിവൽ എന്ന നിലയ്ക്ക് ചില മാനദണ്ഡങ്ങൾ വേണമല്ലോ. ഉദാഹരണത്തിന് പീറ്റർ ബ്രൂക്കിന്റെ പ്രൊജക്റ്റ് രണ്ടു തവണ കാണിക്കണമെങ്കിൽ വേദി വേണമല്ലോ. അതുകൊണ്ട്, ക്വാളിറ്റി തിയറ്റർ അർഥവത്തായ തരത്തിൽ ഉപയോഗപ്പെടുത്തുക എന്നതിനായിരുന്നു പ്രാധാന്യം നൽകിയത്. അതുപോലെ, നാടകക്കാർക്ക് വർക്ക് ചെയ്യാൻ സ്‌പെയ്‌സ് കൊടുക്കുക, അക്കമഡേഷനും ഭക്ഷണവും കൊടുക്കുക, എല്ലാവരെയും തുല്യരായി പരിഗണിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം പ്രധാനമാണ്. അത്തരത്തിൽ, എല്ലാ തലങ്ങളിലുമുള്ള ശ്രദ്ധാപൂർവമായ ഒരു പ്രോഗ്രാം പ്ലാനിങ് ഇത്തവണയുണ്ടായിട്ടുണ്ട്. ▮


ദീപൻ ശിവരാമൻ

നാടക സംവിധായകൻ, സീനോഗ്രാഫർ. ഡൽഹി അംബേദ്കർ യൂണിവേഴ്‌സിറ്റിയിൽ പെർഫോർമൻസ് സ്റ്റഡീസിൽ അസോസിയേറ്റ് പ്രൊഫസർ. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിന്റെ നാടകാവിഷ്‌കാരം നടത്തി. സ്‌പൈനൽ കോഡ്, പിയർ ജിൻറ്​, ഉബു റോയ്, ദി കാബിനറ്റ് ഓഫ് ഡോ. കാലിഗിരി തുടങ്ങിയവ സംവിധാനം ചെയ്ത പ്രധാന നാടകങ്ങൾ. ‘ഇറ്റ്‌ഫോക്ക്- 2023'ന്റെ ക്യുറേറ്റർ.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments