ഗംഭീരമായി നടത്തപ്പെടുന്ന സാംസ്കാരിക ഫെസ്റ്റിവെലുകളും ധൈഷണികമായ ചർച്ചകളും എക്കാലത്തും കേരളത്തിൻെറ പുരോഗമന മുന്നേറ്റങ്ങളുടെ പ്രത്യേകതയാണ്. യാഥാസ്ഥിതിക ശക്തികൾ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, പുരോഗമന ചിന്തകൾ ഒരുപോലെ തന്നെ ഇവിടെ ശക്തമാണ്. ഫോർട്ട് കൊച്ചിയിൽ മുസിരിസ് ബിനാലെയും തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയും കോഴിക്കോട് സാഹിത്യോത്സവവും സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ അന്താരാഷ്ട്ര നാടകോത്സവവും (ITFoK) കേരളത്തിൽ നടക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല. കേരളത്തിൻെറ വൈവിധ്യമാർന്ന ഭൂപ്രകൃതിയെ സാംസ്കാരികമായ ഔന്നത്യത്തിലേക്ക് നയിക്കുന്നതിൽ ഈ ഫെസ്റ്റിവെലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. നഗരകേന്ദ്രങ്ങൾക്ക് അപ്പുറത്തേക്ക് സാംസ്കാരിക പരിപാടികളെ വ്യാപിപ്പിക്കുന്നതിലും ഇവയ്ക്ക് റോളുണ്ട്. കേരള കലാമണ്ഡലം, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ്, കേരള സംഗീത നാടക അക്കാദമി എന്നിവയുൾപ്പെടെയുള്ള നാടക സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും സാന്നിധ്യം തൃശ്ശൂരിന് കലാപരിപാടികളോടുള്ള ആഴത്തിലുള്ള അഭിനിവേശം വ്യക്തമാക്കുന്നുണ്ട്. ഏറെക്കാലമായി ഇറ്റ്ഫോക്ക് (ITFoK) കലയോട് വലിയ താൽപര്യമുള്ള കാഴ്ചക്കാരുടെ ബാഹുല്യം കൊണ്ട് അത്ഭുതപ്പെടുത്തുന്നുണ്ട്.

‘പ്രതിരോധത്തിൻെറ സംസ്കാരങ്ങൾ’ (Cultures of Resistence) എന്ന തീമിൽ ഈ വർഷം നടന്ന 15ാമത് അന്താരാഷ്ട്ര നാടകോത്സവം നിലവിലുള്ള സാമ്പ്രദായിക രീതികളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നിരവധി കലാപ്രകടനങ്ങൾക്കാണ് വേദിയായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 10 നാടകങ്ങളും ഇറാഖ്, ഹങ്കറി, ശ്രീലങ്ക, ഈജിപ്ത്, റഷ്യ എന്നിങ്ങനെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള നാടകങ്ങളുമാണ് ഇത്തവണ നാടകോത്സവത്തിൽ തെരഞ്ഞെടുത്തിരുന്നത്. നാടകം കാണുന്നതിനായി തുടങ്ങുന്നതിന് മുമ്പ്, ഒരു മണിക്കൂറോളം വലിയ താൽപര്യത്തോടെ വരിയിൽ കാത്തുനിൽക്കുന്ന കാണികളെ ഇവിടെ കാണാം. മുൻവർഷങ്ങളിൽ ടിക്കറ്റുകൾക്കായി പുലർച്ചെ 6.30ന് പോലും ആളുകൾ എത്തുന്നത് കാണാമായിരുന്നു. നാടകങ്ങളോടുള്ള കാഴ്ചക്കാരുടെ ഈ അടങ്ങാത്ത അഭിനിവേശവും ഐക്യദാർഡ്യവുമാണ് ITFoK-നെ മറ്റ് കലാ ഫെസ്റ്റിവെലുകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തവണത്തെ ഫെസ്റ്റിവെലിന് കാഴ്ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. കേന്ദ്ര സർക്കാർ ഇറ്റ്ഫോക്കിന് നൽകിയിരുന്ന സാമ്പത്തികസഹായം പിൻവലിച്ചതാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് ഒരു അന്താരാഷ്ട്ര നാടകോത്സവത്തിന് സഹായം നൽകുന്നത് നിർത്തിവെച്ച കേന്ദ്രസർക്കാർ തീരുമാനം കലയോടുള്ള പ്രതിബദ്ധതയില്ലായ്മയാണ് വ്യക്തമാക്കുന്നത്. ഈ തിരിച്ചടികൾക്കിടയിലും ഫെസ്റ്റിവെൽ പിടിച്ചുനിന്നു. കുറഞ്ഞ ബജറ്റ് മാത്രമായിട്ടും സംസ്ഥാന സർക്കാർ നൽകിയ പിന്തുണയും കലയെ സ്നേഹിക്കുന്നവരുടെ പ്രതിരോധവും അർപ്പണമനോഭാവവും ഇത്തവണത്തെ ITFoK-ന്റെ നടത്തിപ്പിൽ എടുത്തുപറയേണ്ട ഘടകങ്ങളാണ്.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ്, ടൗൺ ഹാൾ, പാലസ് ഗ്രൗണ്ട്സ് തുടങ്ങിയ പതിവ് വേദികളൊന്നും ഇത്തവണ ITFoK-ൽ ഉണ്ടായിരുന്നില്ല. നാടകങ്ങളുടെ എണ്ണവും 25-ൽ നിന്ന് 15 ആയി കുറഞ്ഞിരുന്നു. സാമ്പത്തിക പരിമിതികൾ നിസ്സംശയമായും ഇത്തവണ നാടകോത്സവത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ കാഴ്ചക്കാരുടെ നിശ്ചയദാർഢ്യവും അർപ്പണബോധവും വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. ഇതുപോലെ ഗംഭീരമായ, മറ്റെവിടെയും കാണാൻ സാധിക്കാത്ത തരത്തിലുള്ള ഒരു അന്താരാഷ്ട്ര നാടകോത്സവം സാമ്പത്തികം കുറവാണെന്നത് പോലുള്ള കാരണം പറഞ്ഞ് റദ്ദാക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. മികച്ച കലാകാരരുടെ പ്രകടനങ്ങൾ കൊണ്ടും, മികച്ച നാടകങ്ങളുടെ അവതരണങ്ങൾ കൊണ്ടും ഔന്നത്യത്തിൽ നിൽക്കുന്ന ഇറ്റ്ഫോക്കിൻെറ നിലവാരം തകർക്കുന്ന തരത്തിലുള്ള ഒരിടപെടലിനോടും നമുക്കാർക്കും സന്ധി ചെയ്യാനാവില്ല. സമാനമായ മറ്റൊരു വാർത്ത, കൊച്ചി ബിനാലെ ഫൗണ്ടേഷൻ തുടർ നടത്തിപ്പിനായി സ്വകാര്യ സ്പോൺസർമാരെ തേടുന്നുവെന്നതാണ്. ഇവിടെ ഒരു ചോദ്യം പ്രസക്തമാവുകയാണ്: സ്വകാര്യ ഫണ്ടിങ്ങിനെ പൂർണമായും ആശ്രയിച്ച് നടത്തപ്പെടാൻ തുടങ്ങിയാൽ നമ്മുടെ കലാമേളകളുടെ ഭാവി എന്തായി മാറും?
ജനകീയമായ മേളയാണെന്നതാണ് ITFoK-ന്റെ ഏറ്റവും വലിയ സവിശേഷത. പ്രത്യേക വിഭാഗം ആളുകളെ മാത്രം ലക്ഷ്യം വെച്ചുള്ള മറ്റ് ചില നാടകോത്സവങ്ങളിൽ നിന്ന് ഇറ്റ്ഫോക്കിനെ വേറിട്ട് നിർത്തുന്നത് വർഗപരമായ യാതൊരു വിവേചനവും ഇവിടെയില്ല എന്നുള്ളതാണ്. നാടക അവതരണങ്ങളോട് അഭിനിവേശമുള്ള ഏതൊരാൾക്കും ഇറ്റ്ഫോക്ക് വേദി, സ്വന്തം വീട് പോലെ തോന്നുമെന്ന് ഉറപ്പാണ്. ഉപഭോക്തൃ സ്വഭാവം വർദ്ധിച്ചുവരുന്ന ഒരു ലോകത്ത്, ആർക്കും താങ്ങാനാവുന്ന വിലയിൽ ഭക്ഷണവും വെള്ളവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളും ലഭിക്കുന്നുണ്ടെന്നത് ITFoK-നെ തീർത്തും വേറിട്ടു നിർത്തുന്നു. യുവാക്കളും പ്രായമായവരുമടക്കം വിവിധ മേഖലകളിൽ നിന്നുള്ള കാണികളുടെ സാന്നിധ്യമുണ്ടെങ്കിലും സ്ത്രീപ്രാതിനിധ്യവും വർധിക്കേണ്ടതുണ്ട്. ഭിന്നശേഷിയുള്ളവർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിലും ശ്രദ്ധ വേണം. കാഴ്ചക്കാരെ സഹായിക്കുന്നതിലും പ്രായമായവരെ പരിഗണിക്കുന്നതിലുമെല്ലാം ഇറ്റ്ഫോക്കിൻെറ വളണ്ടിയർമാർ കാണിക്കുന്ന ശ്രദ്ധ പ്രശംസനീയമാണ്. ഈ വർഷം, വേദികളിൽ ഉൾക്കൊള്ളുന്നതിലുമധികം കൂടുതൽ ടിക്കറ്റുകൾ നൽകിയതിലൂടെ, അനാവശ്യമായ തിരക്ക് ഉണ്ടായിരുന്നത് ഒരു പോരായ്മയായി തോന്നി.
നാടകങ്ങളുടെ തിരഞ്ഞെടുപ്പിലും ചില വിഷയങ്ങളുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് 600-ലധികം നാടകങ്ങളിൽ നിന്നാണ് ചുരുക്കപ്പട്ടികയുണ്ടാക്കിയതെന്നത് കൂടി പരിഗണിക്കുമ്പോൾ. ചില അവതരണങ്ങൾ ITFoK പോലൊരു വേദിയിൽ അവതരിപ്പിക്കപ്പെടേണ്ടതായിരുന്നുവോയെന്ന ചോദ്യം ഉയർത്തുന്നുണ്ട്. പ്രതിരോധത്തിൻെറ ശബ്ദം ഉൾക്കൊള്ളുന്ന കൂടുതൽ മികച്ച നാടകങ്ങളെ തഴഞ്ഞാണല്ലോ ഇവ എത്തിയതെന്ന് ഓർക്കുമ്പോൾ പ്രത്യേകിച്ചും. ഇത്തവണ നാടകങ്ങളുടെ എണ്ണം കുറച്ചത് കാരണം, അവതരണങ്ങൾ ആവർത്തിക്കേണ്ടതായി വന്നു. തീർച്ചയായും ആർക്കും ഉൾക്കൊള്ളാവുന്നതാണ് അക്കാര്യം. എന്നാൽ, അവിടെ യഥാർഥത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ അവതരിപ്പിക്കപ്പെടാനുള്ള സാധ്യത കുറയുകയാണ് ചെയ്തത്. വ്യത്യസ്ത കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രവും ഉൾക്കൊള്ളുന്ന, വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നാടകങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിൽ ഇത്തരത്തിൽ ഒരേ കാഴ്ചപ്പാടുകൾ അവതരിപ്പിക്കപ്പെടുന്നതിൻെറ ആവർത്തനവിരസത ഇല്ലാതാക്കാമായിരുന്നു. അത് കൂടാതെ, നിലവാരമുള്ള പ്രാദേശിക മലയാളം നാടകങ്ങളുടെ തിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധ കാണിക്കേണ്ടതുണ്ടായിരുന്നു. ഇന്ത്യക്കകത്ത് തന്നെയുള്ള മറ്റ് ചില നാടകങ്ങളുടെ തെരഞ്ഞെടുപ്പിലും വേണ്ടവിധത്തിലുള്ള സൂക്ഷ്മത ഇല്ലാതെ പോയി. കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയുമുള്ള നാടക തിരഞ്ഞെടുപ്പ് വരും തവണയെങ്കിലും ഉണ്ടാവേണ്ടതുണ്ട്.

കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേള, സാഹിത്യമേള എന്നിങ്ങനെയുള്ള എല്ലാ സാസ്കാരികമേളകളുടെയും വിജയകരമായ നടത്തിപ്പിൽ വർഗപരമായി യാതൊരു വിവേചനവുമില്ലാത്ത, സ്വതന്ത്ര ചിന്താഗതിയുള്ള ഒരു സമൂഹത്തിൻെറ പങ്കാളിത്തം എടുത്തുപറയേണ്ട കാര്യമാണ്. സാമൂഹ്യ - സാമ്പത്തിക അസമത്വങ്ങൾ കൂടിവരുന്ന ഒരു കാലത്ത്, കല കൊണ്ട് വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു വേദിയായി നിലനിൽക്കുകയാണ് ഇറ്റ്ഫോക്ക്. ഇത് പ്രതീക്ഷയുടെ ഒരു തുരുത്താണ്. സാംസ്കാരിക അനുഭവങ്ങൾ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നെത്തുന്നരെ എങ്ങനെ ഒന്നിച്ച് കൂട്ടിയിണക്കുമെന്നതിൻെറ മനോഹരമായ ഉദാഹരണമാണ്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, ഉൾക്കൊള്ളലിനും പ്രതിരോധത്തിനുമുള്ള ഈ നാടകോത്സവത്തിന്റെ പ്രതിബദ്ധത, പുരോഗമന സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ കേരളത്തിന്റെ ഖ്യാതി കൂടുതൽ ഉന്നതിയിലെത്തിക്കുകയാണ് ചെയ്യുന്നത്. സർക്കാരിൻെറ പിന്തുണ കുറഞ്ഞുവരുമ്പോഴും, കലയോട് അടങ്ങാത്ത അഭിനിവേശവും താൽപര്യവുമുള്ള ഒരുകൂട്ടം മനുഷ്യരുണ്ടെങ്കിൽ ഇത്തരം സാസ്കാരിക പരിപാടികൾ വിജയകരമായി തന്നെ നടത്തപ്പെടുമെന്ന സന്ദേശം കൂടിയാണ് ഇറ്റ്ഫോക്ക് നൽകുന്നത്. കലയെന്നത് ഒരു ആഡംബരമല്ലെന്നും സാമൂഹ്യമാറ്റത്തിന് വേണ്ടിയുള്ള ആവശ്യകതയാണെന്നും ഉറക്കെ പറയുകയാണ് ITFoK ചെയ്യുന്നത്.