ഇന്ത്യൻ തിയറ്ററിന്റെ അഭിമാനമായിരുന്ന നിരവധി തിയറ്റർ ഫെസ്റ്റിവലുകൾ നാമമാത്രമായിക്കഴിഞ്ഞു. പൃഥ്‌വി ഫെസ്റ്റിവൽ പൂർണമായും ഇല്ലാതായി. നന്ദികാർ ഫെസ്റ്റിവൽ പേരിനുമാത്രമായി. ഭാരത് രംഗ് മഹോത്സവത്തിന്റെ വലുപ്പം കുറഞ്ഞിട്ടില്ലെങ്കിലും നിലവാരത്തകർച്ചയിലാണ്. ഇറ്റ്‌ഫോക്ക് മാത്രമാണ് ഈ കഴിഞ്ഞ എഡിഷനിലൂടെ ഒരു തിയറ്റർ ഫെസ്റ്റിവലിന്റെ പ്രൗഢി വീണ്ടെടുത്തത്.
മാറിയ രാഷ്ട്രീയ സാഹചര്യം തന്നെയാണ് ഈ തകർച്ചക്ക് പ്രധാന കാരണം എന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമില്ല. ഇറ്റ്‌ഫോക്ക് ഒഴിച്ചുനിർത്തിയാൽ കേരളത്തിലെ സാഹചര്യവും സമാനമാണ് എന്നു കാണാം. തിരുവനന്തപുരത്ത് പി.ആർ.ഡിയുടെ ദേശീയ നാടകോത്സവം, അഭിനയ തിയറ്റർ ഫെസ്റ്റിവൽ, നാട്യഗൃഹം വല്ലപ്പോഴും നടത്തുന്ന ഫെസ്റ്റിവൽ എന്നിവയൊന്നും ഇന്നിവിടെയില്ല. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ഒരു നാടകോത്സവം മാത്രമാണ് ഇന്ന് തിരുവനന്തപുരത്തിന് നാടകോത്സവം.
ഈ സാഹചര്യത്തിലാണ് അവതരണങ്ങളുടെ നിർമിതി മാത്രമല്ല, നാടകാവതരണത്തിന് വേദികളുണ്ടാക്കുന്നതും പുതിയ അവതരണ സങ്കൽപ്പങ്ങൾക്ക് അനുരൂപമായ പുതിയ കാണികളെ വാർത്തെടുക്കുന്നതും തങ്ങളുടെ ഉത്തരവാദിത്തമായി ഏറ്റെടുത്ത, അവതരണ കലാരംഗത്ത് വ്യത്യസ്തമേഖലകളിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം യുവാക്കൾ ഫോക്ഇറ്റ് ഫെസ്റ്റിവലിന് രൂപം നൽകുന്നത്.
ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ ഭരതനാട്യം മുതൽ ഫിസിക്കൽ തിയേറ്റർ അവതരണങ്ങളായ ‘ഉടൽ', സ്‌പെയിനിൽനിന്നുവരുന്ന ‘അമായ' ഉൾപ്പെടെ, അവതരണ രംഗത്തെ വ്യത്യസ്ത വിഭാഗങ്ങളെ ഉൾച്ചേർത്താണ് മാർച്ച് 10,11,12 തിയതികളിൽ തിരുവനന്തപുരം ആക്കുളത്തുള്ള ആർട്ട് ഇൻഫിനിറ്റിയിൽ ഫോക്ഇറ്റ് സംഘടിപ്പിക്കുന്നത്.
‘ഏകതയുടെ വിഗ്രഹം' എന്ന പേരിൽ പട്ടേൽ പ്രതിമയുടെ വൻകിട നിർമാണം പോലും വിഭജനത്തിനും ധ്രുവീകരണത്തിനുമായി ഉപയോഗിക്കുന്ന നിലവിലെ രാഷ്ട്രീയ- സാമൂഹിക ചുറ്റുപാടിൽ, കൂട്ടുകൂടലിന്റെയും നിലനിൽപ്പിന്റെയും ആഘോഷമാകുന്നു ഫോക്ഇറ്റ്. ചെറുതുകളുടെ സൗന്ദര്യശാസ്ത്രത്തിന്റെ വിളംബരം കൂടിയാകുന്നു അത്.
കേരളീയ സാഹചര്യത്തിൽ നാടകം എന്നും ഒരു രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തനമായിട്ടാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നിട്ടുപോലും നാടക പ്രവർത്തകരുടെയോ നാടകത്തിന്റെ തന്നെയോ നിലനിൽപ്പ് ഒരിക്കലും ഒരു സാമൂഹിക പ്രശ്‌നമായി ഉയർന്നുവന്നിട്ടില്ല. നാടകം കാണാൻ ടിക്കറ്റ് എടുക്കുക എന്നത് കേരളീയരെ ഇന്നും ഒരൽപം അമ്പരപ്പിലെത്തിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഫെസ്റ്റിവലിന് ആഴ്ചകൾക്കുമുമ്പുതന്നെ ടിക്കറ്റിൽ ഭൂരിഭാഗവും വിറ്റഴിച്ച് ഫോക്ഇറ്റ് അമ്പരപ്പ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ സ്വയംപര്യാപ്തമായ ഒരു നാടകവേദിയുടെ രൂപരേഖ കൂടിയാണ് ഫോക്ഇറ്റ് പ്രവർത്തകർ വിഭാവനം ചെയ്യുന്നത്.

കേരളത്തിന്റെ മുക്കും മൂലയും അതത് നാടിന്റെ പ്രാദേശികതയും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി അവതരണ കലകൾ കൊണ്ട് സമ്പന്നമാണ്. ഇവയെ പൊതുവെ നാടൻ കലകൾ എന്ന് സംബോധന ചെയ്യുന്നു. അതോടൊപ്പം, മുൻകൂട്ടി ചിട്ടപ്പെടുത്തിയ ചട്ടക്കൂടിനുള്ളിൽ വിഹരിക്കുന്ന ശാസ്ത്രീയ അവതരണങ്ങൾക്കും പുകൾപെറ്റ നാടാണ് കേരളം. ശാസ്ത്രീയ- നാടൻ അവതരണങ്ങൾ പൈതൃകത്തിന്റെ ഭാഗമായി പൂജക്കുവെക്കേണ്ടവയല്ല. മറിച്ച്, ഇവയുമായുള്ള കൊടുക്കൽ വാങ്ങലുകളിലൂടെ വികസിക്കേണ്ട ഒന്നാണ് സമകാലിക അവതരണ പ്രപഞ്ചം. ഭരതനാട്യം പോലുള്ള ക്ലാസിക്കൽ അവതരണങ്ങൾ കൂടി ഈ ഫെസ്റ്റിവലിന്റെ ഭാഗമാക്കുന്നതിലൂടെ ഫോക്ഇറ്റിന്റെ സംഘാടകർ മുന്നോട്ടുവക്കുന്ന ആശയവും മറ്റൊന്നല്ല. പരമ്പരാഗത അവതരണങ്ങൾ അതിനുവേണ്ടി മാത്രമുള്ള വേദികളെ ഉല്ലംഘിച്ച് സമകാലിക അവതരണങ്ങളോടൊപ്പം കാണികളിലേക്ക് എത്തിച്ചേരുന്ന ഒരു കാലം വിദൂരമായിരിക്കുകയില്ല.
ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും നിഗൂഢവഴികളെ അധികാര സംസ്ഥാപനത്തിന്റെ സോപാനമായി കാണുന്ന സഹകാലത്ത്, പ്രതീക്ഷകൾ അവസാനിക്കുന്നിടത്ത്, ഫോക്ഇറ്റ് നൽകുന്ന പ്രതീക്ഷ ചെറുതല്ല.