കവി കെ. സച്ചിദാനന്ദൻ്റെ 'ഗുരു' നാടകം മൂഴിക്കുളം ശാലയുടെ സർവോദയ ഫെസ്റ്റിവെലിന്റെ ഭാഗമായി ശാലയിൽ അരങ്ങേറി. കേരളത്തിൻ്റെ ആഴമേറിയ ചരിത്രത്തിലേക്കുള്ള നോട്ടമാണ് നാടകം. ഗുരുവിൻ്റെ ജീവിതപന്ഥാവിലൂടെ ശ്രദ്ധാപൂർവ്വം അനുഗമിക്കുന്ന കവിക്ക്, നേർസാക്ഷ്യങ്ങളാകുന്ന അനുഭവങ്ങളുടെ ചരിത്ര സന്ധികളുടെ, ഉൾക്കാഴ്ചയുടെ ആവിഷ്കാരമാണിത്. പാരായണത്തിന് അപ്പുറമുള്ള മനനത്തിൻ്റെ സാധ്യതകളാണ് ഈ നാടകത്തെ വ്യതിരിക്തമാക്കുന്നത്. ഗുരുവിന്റെ ജീവിതം, ദർശനം, സാമൂഹിക ഇടപെടലുകൾ, വിമോചന കർമ്മങ്ങൾ, ഒറ്റപ്പെടലുകൾ, സമാധി തുടങ്ങിയ സന്ദർഭങ്ങളെ യുക്തിസഹമായും പ്രസക്തമായും വ്യത്യസ്ത കോണുകളിലൂടെ നാടകകൃത്ത് അവതരിപ്പിക്കുന്നു.
കടന്നുപോയ കാലത്തെ വിശാലമായ ക്യാൻവാസിലാണ് സച്ചിദാനന്ദൻ ചിത്രീകരിക്കുന്നത്. ജീവിതാഖ്യായികയും ചരിത്രാഖ്യായികയുമായ നാടകത്തെ മൂഴിക്കുളം ശാലയുടെ ബാനറിലാണ് രംഗക്ഷമമാക്കി അവതരിപ്പിച്ചത്. അനേകം ശ്രദ്ധേയമായ നാടകങ്ങളുടെ സംവിധായകനായ ഡോ. എം. പ്രദീപൻ അനനുകരണീയമായ സംവിധാനമികവിനാൽ ഏറെ ഹൃദ്യവും ചിന്തോദ്ദീപകവും പ്രചോദനാൽമകവുമായ അരങ്ങനുഭവം ആക്കി മാറ്റിയിട്ടിട്ടുണ്ട്. അരങ്ങിന്റെ അതിർത്തികൾക്കുള്ളിലേക്ക് ഈ കലാസൃഷ്ടിയെ ഒതുക്കി സന്നിവേശിപ്പിക്കുക എന്ന വെല്ലുവിളിയെ വിജയകരമായി തന്നെ നേരിട്ടു.
ഗുരുവിൻ്റെ ബാല്യം മുതലാണ് നാടകം ആരംഭിക്കുന്നത്. മാടനാശാനും കുട്ടിയമ്മയ്ക്കും ഒപ്പവും, ഗുരുവിൽ നിന്ന് പാഠങ്ങൾ പ്രതിഷ്ഠമാക്കുന്ന നാണു വിവാഹാനന്തരം വീടുവിട്ടിറങ്ങി മരുത്വാമലയിൽ എത്തി തപസ്സനുഷ്ഠിക്കുന്നതും ആത്മസാക്ഷാത്കാരത്തിലേക്ക് ഉണർന്ന് ഗുരുവായി മാറി ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടത്തുന്നതുമെല്ലാം ഈ നാടകത്തിലെ അനുപമമായ ദൃശ്യാവിഷ്കാരങ്ങളാണ്.

1925-ൽ നടക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി മഹാത്മജി കേരളത്തിൽ എത്തുന്നതും ഗുരുവുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയും ആഴമേറിയ ചരിത്രാനുഭവങ്ങളാണ്. സി.വി. കുഞ്ഞിരാമൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരുമായുള്ള സഹവർത്തിത്വം, ഗുരുവിന്റെ മാനവികത, മതദർശനം, സാമൂഹിക പരിവർത്തന്മോമുഖമായ കർമ്മമണ്ഡലങ്ങൾ എന്നിവയെല്ലാം നാടകത്തിലെ സജീവവും ഹൃദയസ്പർശിയുമായ രംഗങ്ങൾ ആയി പ്രേക്ഷകർക്ക് മുൻപിൽ പരിണമിക്കപ്പെടുന്നു.
ഗുരുവിൻ്റെ സമാധിനിമിഷങ്ങൾ ഏറെ ശ്രദ്ധേയമാണ്. ഭൂതവർത്തമാനങ്ങളിലൂടെയുള്ള ബോധ സഞ്ചാരങ്ങൾ, ആത്മസംഘർഷങ്ങൾ ഡോക്ടർ പൽപ്പു, കുമാരനാശാൻ എന്നിവരൊരുമിച്ചുള്ള നിമിഷങ്ങൾ... എല്ലാമെല്ലാം അത്യന്തം തീവ്രവും അനുഭൂതിദായകവുമാണ്. സംവിധാനകലയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി, വാചാലമാകാതെ, പരോക്ഷവും വ്യംഗ്യവുമായ അർത്ഥ തലങ്ങളെ സൃഷ്ടിച്ച്, മൗനത്തിൻ്റെ ഇടവേളകളെ പോലും സാന്ദ്രമാക്കികൊണ്ട് പ്രദീപൻ ഈ നാടകത്തെ ഒരു ഉജ്ജ്വല രംഗസൃഷ്ടിയാക്കി മാറ്റി.
ഘനിഭൂതമായ ചരിത്രത്തിൻ്റെ ഓരോ നിർണ്ണായക സന്ധിയെയും അതിനനുസൃതമായ പശ്ചാത്തല സംഗീതം പകർന്നുകൊണ്ട് ചലനാത്മകമാക്കി മിൻ്റു ജോൺ. ജോൺ ബേബിയും മിനിയും മിനോണും ചേർന്ന്, ഏറെ ലളിതവും എന്നാൽ ഏത് രംഗത്തിനും അനുയോജ്യവുമായ രീതിയിൽ ത്രിമാന സ്വഭാവത്തലുള്ളതും ധ്വന്യാത്മകവുമാക്കി ഒരുക്കിയ അരങ്ങുവിതാനവും രംഗപടവും, ഇരുളും വെളിച്ചവും നിറവർണ്ണങ്ങളും എല്ലാം ചേർന്ന് ചരിത്രത്തിലെ ചാരുദൃശ്യങ്ങളെ വർത്തമാനത്തിലേക്ക് അതേ സൂക്ഷ്മതയോടെ സംക്രമിപ്പിക്കുന്നതും ആദ്യാവതരണത്തിൽ തന്നെ ഇടർച്ചകളേതുമില്ലാതെ മൂഴിക്കുളം ശാലയുടെ തുറന്ന തട്ടകത്തിൽ അനുവാചക ഹൃദയങ്ങളിൽ വൈകാരിക സംഘർഷങ്ങളും വർത്തമാനകാല ജീവിതത്തോടുള്ള ചോദ്യങ്ങൾ ഉയർത്തുന്നതും നാടകപ്രവർത്തകരുടെ മികവും ആത്മാർത്ഥതയും പ്രകടമാക്കുന്നതായിരുന്നു.
അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സമകാലിക സമൂഹത്തോട്, നിലപാടുകളാവശ്യപ്പെടുന്നു ഈ നാടകം. ചരിത്ര വർത്തമാനങ്ങളോട് നീതിപുലർത്തുന്ന ഒരസാധാരണ സർഗ്ഗ വൈഭവം തന്നെയാണ് ഈ ഒന്നരമണിക്കൂർ നാടകം. നന്മതിന്മകളുടെ ഘോഷയാത്രകളിൽ, ഏതു പക്ഷത്താകണം നാം നിലയുറപ്പിക്കേണ്ടത് എന്ന് നാടകം വ്യക്തമാക്കുന്നു. ഒരു ചരിത്ര പശ്ചാത്തലത്തിൽ നിന്നു കൊണ്ട് ആധുനിക കാലത്തെ നാടകം സംബോധന ചെയ്യുന്നു. അധികാരങ്ങളുടേയും സമസ്ത മണ്ഡലങ്ങളുടേയും ഇടനാഴികളിലെല്ലാം ജീർണതയുടെ ദുർഗന്ധങ്ങൾ പരക്കുമ്പോൾ,

എല്ലാ വിധത്തിലുള്ള സങ്കുചിത താല്പര്യങ്ങളേയും ചേർത്തു പിടിച്ച്, മാനവ മോചനമെന്ന സ്വപ്നത്തെ, സ്വാതന്ത്ര്യബോധത്തെ ലജ്ജാലേശമെന്യേ ചവിട്ടി അരയ്ക്കുമ്പോൾ ഗുരു ഉൾപ്പടെയുള്ള നവോത്ഥാന നായകരും അസംഖ്യം ജനസാമാന്യവും എരിഞ്ഞു തീർത്ത ജീവിതദർശന വഴികളെ തൃണവൽഗണിച്ച്, മനസ്സുകൾ മലിനമാക്കപ്പെടുമ്പോൾ തിരിച്ചറിവിൻ്റെ ദീപശിഖയേന്തി ഗുരുവെന്ന ജീവസ്സുറ്റ പ്രതിരൂപത്തെ അവതരിപ്പിക്കുന്നു ഈ നാടകം.
ഏതാണ് നമ്മുടെ വഴി, ഭൂമി ജീവിതത്തിൻ്റെ കാതൽ എന്ത്, എന്തുകൊണ്ട് നാമിത്ര ഹിംസാത്മകമാകുന്നു എന്നെല്ലാം ഗുരുദർശനത്തിൽ നിന്നു കൊണ്ടു തന്നെ ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടെത്തുകയാണിവിടെ. സ്നേഹത്തിൻ്റെ, സാഹോദര്യത്തിൻ്റെ, പാരസ്പര്യത്തിൻ്റെ, മാനവികതയുടെ, പാരിസ്ഥിതികാവബോധത്തിൻ്റെ, ലാളിത്യത്തിൻ്റെ അത്യന്തം ലളിതവും എന്നാൽ ഏറ്റവും പ്രസക്തവുമായ ആശയങ്ങൾ ഈ നാടകം ചർച്ച ചെയ്യുന്നുണ്ട്. എങ്ങനെയാണ് അശ്രദ്ധയും അറിവില്ലായ്മയും ആസക്തികളും നമ്മുടെ കാലിടർച്ചകൾക്ക് കാരണമാകുന്നതെന്ന സൂക്ഷ്മപാഠങ്ങളുണ്ടിതിൽ. നമുക്കു നേരെ പിടിക്കുന്ന ഈ കണ്ണാടിയിൽ, ചരിത്രവും വർത്തമാനവും ഇനി നാം നടന്നു നീങ്ങേണ്ട വഴികളും വ്യക്തതയോടെ പ്രതിഫലിക്കുന്നു. അങ്ങനെ ഗുരു എന്ന വ്യക്തി ജീവിതത്തിൽ നിന്ന് ഒരാഗോളമാനവനിലേക്കുള്ള വികാസ പരിണാമങ്ങൾക്കുള്ള സാദ്ധ്യതകളെ ഫലപ്രദമായി അവതരിപ്പിക്കുന്നു ഈ നാടകം.




