അരങ്ങ് രൂപങ്ങൾ ലോകമാകെ, പ്രത്യേകിച്ചും മനുഷ്യജീവിതത്തിൽ ശക്തമായതും കാലാതീതവുമായ പങ്കുവഹിച്ചു കൊണ്ടേയിരിക്കുന്നു. നാം വ്യക്തികളായും സമൂഹമായും നമ്മെ തന്നെ അരങ്ങിലൂടെ പ്രകടിപ്പിക്കുന്നു. സമകാലീന അരങ്ങ് സമൂഹത്തിന്റെ കണ്ണാടിയായി വർത്തിക്കുന്നു. സ്നേഹം, അധികാരം, യുദ്ധം, സമാധാനം എന്നിവ നമുക്ക് ആഴത്തിൽ മനസ്സിലാക്കാൻ നാടകം എന്ന മാധ്യമം മാനവരാശിയെ എല്ലാക്കാലത്തും സഹായിച്ചു കൊണ്ടിരുന്നു. നാടകം മനുഷ്യസമൂഹത്തിന്റെ വേദനകളെ നേരിടാനും മോചനം കണ്ടെത്താനും എക്കാലവും പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. പാഠപുസ്തകത്തിലൂടെ അല്ലാതെ മനുഷ്യന്റെ സൂക്ഷ്മ ഇന്ദ്രിയങ്ങളെ അനുഭവിപ്പിച്ചുകൊണ്ടാണ് അരങ്ങ് ജീവിതപാഠങ്ങൾ മാനവരാശിയിലേക്ക് പകർന്നു നൽകിയത്. മറ്റൊരാളുടെ കഥയിൽ ചുവടുവെച്ച്, മൊഴി പറഞ്ഞു നമ്മൾ കരുണ പഠിക്കുന്നു, മനസ്സിലാക്കുന്നു. അരങ്ങിലൂടെയാണ് പാരമ്പര്യങ്ങൾ നിലനിൽക്കുന്നത്. ആദിവാസി ഗോത്ര പ്രാദേശിക നാടക രൂപങ്ങൾ ഭാഷയും, പാട്ടുകളും, ദുരന്തകഥകളും, ജ്ഞാനവും, താളവും കാണികൾക്ക് പകർന്നു നൽകുന്നു. പരീക്ഷണാത്മക നാടകങ്ങൾ നിലവിലുള്ള ചട്ടങ്ങളെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുന്നു. അതിരുകൾ തകർത്തു ഭാവിയെ നവീകരിക്കാൻ മാനവരാശിയെ പ്രബുദ്ധരാക്കും നാടകം എപ്പോഴും. നാടകം മാറ്റത്തിനുള്ള ഒരു ആയുധമായി ലോകചരിത്രത്തിൽ എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. നാടകങ്ങൾ നവചിന്തകളെ ഉയർത്തുന്നു. വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നു. വിപ്ലവചിന്തകളെ ഉണർത്തുന്നു. നാടകവേദി ശബ്ദമില്ലാത്തവർക്ക് ശബ്ദമാകുന്നു. ജാതി-മത-വർഗ-രാജ്യ വിഭജന ലോകത്തിൽ ഒരുമയുടെ അനുഭവം പ്രദാനം ചെയ്യാൻ അരങ്ങിടത്തിന് എപ്പോഴും ശക്തിയുണ്ട്. കൂടിച്ചേരലാണ് അരങ്ങിടത്തിന്റെ ഏറ്റവും മർമ്മപ്രധാനമായ കർമ്മം. ഒരു നിമിഷം അഭിനേതാക്കളും പ്രേക്ഷകരും ഒരേ ശ്വാസവായുവിൽ ജീവിക്കുന്നു, ഒരേ നിമിഷം പങ്കുവെക്കുന്നു; അതൊരു അപൂർവവും വിശുദ്ധവുമായ അനുഭവമാണ്. ചുരുക്കത്തിൽ ഏതൊരു ദേശത്തെ മനുഷ്യരെ സംബന്ധിച്ചും നാടകവും അരങ്ങും ഒരിക്കലും അസംബന്ധമല്ല; അവ ആഡംബരമല്ല, അവ അനിവാര്യതയാണ്, അവകാശമാണ്.
മനുഷ്യനിർമ്മിതമായ സാങ്കൽപ്പിക ലോകമാണ് നാടകം. വേദിയിലെ എല്ലാം സർഗാത്മകമായി രൂപകൽപ്പന ചെയ്യപ്പെട്ടതാണ് - ശബ്ദം, ചലനം, സമയം, ദിശ. പക്ഷേ അതെല്ലാം കാണിയുടെ വിശ്വാസത്തിലാണ് യാഥാർത്ഥ്യമാകുന്നത്. സത്യം, മായ - രണ്ടിന്റെയും ഇടയിൽ നാടകം ഉണ്ടാകുന്നു. നാടകവേദി പ്രതികരണത്തിനും പ്രതിരോധത്തിനും ഒരു അടിസ്ഥാനമാകുന്നു. ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്റെ സജീവതയാണ്. അഭിനയിക്കുന്നവരും കാണുന്നവരും ആയുള്ള നേരിട്ടുള്ള ബന്ധം വേദിയെ സംവേദനത്തിന്റെ ജീവിതലക്ഷണങ്ങളുടെ സാക്ഷ്യസ്ഥലമാക്കുന്നു. ഏറ്റവും ചടുലമായ ഇടമാക്കി മാറ്റുന്നു. ഓരോ നിമിഷവും പ്രതീക്ഷിക്കാത്തതും ആവേശഭരിതവുമാണ്. അഭിനേതാവും പ്രേക്ഷകരും ഒരേ വായുവിൽ വിശ്വസിക്കുന്നു, ഒരേ നിമിഷം ഒരുമിച്ച് അനുഭവിക്കുന്നു. ഇതാണ് ഇപ്പോഴും ഇവിടെയും എന്ന ജീവിതാനുഭവത്തിന്റെ ആന്തരസംഗീതം. ഒരു ശൂന്യവേദിയിൽ ഒരു അഭിനേതാവ് വെറുതെ നിന്നാലും അതിന്റെ കലാസൗന്ദര്യം നഷ്ടമാകില്ല. അതുപോലെതന്നെ ഭംഗിയായ രംഗവിതാനങ്ങൾ, വെളിച്ചവും ശബ്ദവും ഉപയോഗിച്ച് വലിയൊരു ദൃശ്യലോകം സൃഷ്ടിക്കാനും വേദിക്ക് കഴിയും. പ്രേക്ഷകരുടെ കാഴ്ചകളാണ് നാടകലയെ നിലനിർത്തുന്നത്. വേദിയിലെ ഓരോ പ്രകടനവും അസാധാരണവും അനുഭവവേദ്യവുമാണ്. ഒരേ നാടകത്തിന്റെ അനേകം അവതരണങ്ങൾ ഉണ്ടായാലും ഓരോ അവതരണവും വ്യത്യസ്തമാകും. ഈ ക്ഷണികതയാണ് നാടകത്തെ അത്രമേൽ മനോഹരമാക്കുന്നതും. നാടകവേദി രാഷ്ട്രീയത്തിന്റെയും സാമൂഹിക പ്രതികരണത്തിന്റെയും ശക്തമായ വേദിയാകുന്നത് അധികാരികളെ എക്കാലവും ഭയപ്പെടുത്തിയിട്ടുണ്ട്.

ലോകത്താകമാനം നിരവധി തരത്തിലുള്ള വേദികൾ നാടകാവിഷ്കാരത്തിനായി പല കാലങ്ങളിൽ രൂപം കൊണ്ടിട്ടുണ്ട്. ചരിത്രാതീതകാലം മുതൽ കേരളത്തിൽ പലതരത്തിലുള്ള വേദികൾ രൂപം എടുത്തിട്ടുണ്ട്. തുറസ്സരങ്ങുകളിലായിരുന്നു കേരളത്തിന്റെ തനതായ കലാരൂപങ്ങൾ കൂടുതലായും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കൂത്തമ്പലങ്ങൾ ആയിരുന്നു അതിൽ വിഭിന്നമായി രൂപം എടുത്തത്. അതാകട്ടെ ഒരു പ്രത്യേക വിഭാഗക്കാർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതുമായിരുന്നു. ജനകീയ അരങ്ങുകളിലെ രംഗകലാരൂപങ്ങൾ പ്രധാനമായും വയലേലകളിൽ താൽക്കാലികമായി കെട്ടിയ വേദികളിലും ആരാധനാലയങ്ങളിലെ വേദികളിലും ആയിരുന്നു അവതരിപ്പിക്കപ്പെട്ടു പോന്നത്. പക്ഷേ കാലാനുസൃതമായി രൂപം കൊള്ളേണ്ടിയിരുന്ന ഒരൊറ്റ നല്ല നിലവാരമുള്ള നാടകശാല പോലും ഇപ്പോഴും കേരളത്തിൽ ഇല്ല എന്നുള്ളത് ദയനീയമായ വസ്തുതയാണ്. ഒറ്റപ്പെട്ട ചില സാംസ്കാരിക സമുച്ചയങ്ങൾ ഉയർന്നുവന്നുവെങ്കിലും, നിരന്തരമായ അരങ്ങ് അവതരണത്തിലൂടെ സജീവമായാലേ ആ ഇടങ്ങളെ നമുക്ക് കേരളീയർക്ക് ചരിത്രത്തിലേക്ക് ചേർത്തുവെയ്ക്കാനാവൂ. ഇത് പുനർവിചിന്തനത്തിനുള്ള സമയമാണ്. ഒരു ജനതയുടെ ദേശത്തിന്റെ സാംസ്കാരിക പുരോഗതി എന്നത് അതാതിടങ്ങളിലെ അരങ്ങുകളെയും കൂടി ആശ്രയിച്ചിട്ടാണ് ഇരിക്കുന്നത്.
പ്രോസീനിയം സ്റ്റേജ്
അരങ്ങു മാതൃകയിലെ സുപ്രധാന വേദിയാണ് പ്രോസീനിയം. പാശ്ചാത്യ നാടകങ്ങളിൽ ഏറ്റവും പരമ്പരാഗതവും വ്യാപകമായി ഉപയോഗിക്കുന്ന വേദിയാണിത്. ഇത്തരം വേദിക്ക് മുന്നിൽ ഒരു വൻ പ്രോസീനിയം ആർച്ച് ഘടിപ്പിച്ചിട്ടുണ്ടാകും. പ്രേക്ഷകർക്ക് വേദിയിൽ നടക്കുന്നത് നേരിട്ട് കാണാൻ കഴിയുന്ന തരത്തിലുള്ള ദൃശ്യവിനിമയ സമ്പ്രദായത്തിലാണ് ഇതിന്റെ ക്രമീകരണം മുഴുവൻ. അരങ്ങുശാലയെയും ഒരു ചിത്രശാലാ ചതുരം പോലെ ഫ്രെയിം ചെയ്യുന്നു. അതിനാൽ ഒരു ജാലകം വഴി അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത് പോലുള്ള അനുഭവം പ്രേക്ഷകർക്ക് ഈ കാഴ്ചയിലൂടെ ലഭിക്കും. വേദിയെ നേരിട്ട് കാണുന്ന വിധത്തിലാണ് കാണികളുടെ ഇരിപ്പിടം. അഭിനേതാക്കളുടെയും പ്രേക്ഷകരുടെയും ഇടയിൽ കൃത്യമായ വേർതിരിവ് ഈ വേദിയുടെ പ്രത്യേകതയാണ്. യഥാതഥ നാടകരൂപങ്ങൾ തുടങ്ങി ഒട്ടനവധി വ്യത്യസ്ത ശൈലികളിലുള്ള നാടക സമ്പ്രദായങ്ങൾക്ക് പ്രോസീനിയം അരങ്ങ് വളരെ ഫലപ്രദമാണ്.

ട്രവേഴ്സ് അഥവാ സാൻഡ്‌വിച്ച് തിയേറ്റർ
നീളം കൂടിയ ഇടുങ്ങിയ അരങ്ങിന്റെ രണ്ടുവശത്തും പ്രേക്ഷകർ മുഖാമുഖം ഇരിക്കാൻ പറ്റുന്ന വേദികളെയാണ് ട്രവേഴ്സ് അല്ലെങ്കിൽ സാൻഡ്‌വിച്ച് തിയേറ്റർ എന്ന് വിളിക്കപ്പെടുന്നത്. പ്രേക്ഷകർ രണ്ടുഭാഗത്തും ആയതിനാൽ തന്നെ ഏറെ ശ്രമകരമാണ് ഇതിലെ അഭിനയവും. കഥാപാത്രങ്ങളുടെ തുടർച്ചയായ ചലനം സാൻഡ്‌വിച്ച് തിയേറ്റർ ഘടന ആവശ്യപ്പെടുന്നുണ്ട്. ഫാഷൻ ഷോ, പരീക്ഷണാത്മക നാടകങ്ങൾ എന്നിവ കൂടുതൽ മികവോടെ ഈ അരങ്ങിൽ അവതരിപ്പിക്കാം. ഒട്ടേറെ പരിമിതികൾ ഉണ്ടെങ്കിലും വളരെ അടുത്തുള്ള പ്രേക്ഷകരിലേക്ക് സംവദിക്കേണ്ട ആശയങ്ങൾ ഈ അരങ്ങിൽ ഫലപ്രദമാണ്.

തിയേറ്റർ ഇൻ ദ റൗണ്ട്
വൃത്താകൃതിയുള്ള അരങ്ങിന് നാലുവശത്തുമായി ത്രീ സിക്സ്റ്റി ഡിഗ്രിയിൽ പ്രേക്ഷകർക്ക് ഇരിക്കാൻ സൗകര്യമുള്ള തിയേറ്റർ സംവിധാനമാണ് തിയേറ്റർ ഇൻ ദ റൗണ്ട്. ചെറുതും പ്രേക്ഷകരുമായി കൂടുതൽ അടുപ്പം ആവശ്യപ്പെടുന്നതുമായ നാടകങ്ങൾക്കാണ് കൂടുതൽ അനുയോജ്യം. പ്രേക്ഷകർ എപ്പോഴും നാടകത്തിനുള്ളിൽ ആണെന്ന് തോന്നൽ ഉണ്ടാക്കാൻ ഈ അരങ്ങുമാതൃകയ്ക്ക് കഴിയും. പ്രേക്ഷകർ ഇരിക്കുന്ന നിലയിലോ അതിനേക്കാൾ അല്പം കൂടി ഉയർച്ചയിൽ ആയിരിക്കും ഇതിന്റെ അരങ്ങുനില. ഇവിടെയും അഭിനേതാക്കൾ എപ്പോഴും ചലിച്ചുകൊണ്ടിരിക്കേണ്ടിവരും പ്രേക്ഷകരുടെ കാഴ്ചാപഥത്തിൽ നിലനിൽക്കാൻ. ബോക്സിങ്, സർക്കസ് റിങ്ങുകൾ ഒക്കെ ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.

അരീന
വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഓവൽ ആകൃതിയിലോ രൂപകൽപ്പന ചെയ്ത വലിയ വേദികളെയാണ് അരീന എന്ന് വിളിക്കുന്നത്. വലിയ സംഗീതപരിപാടികൾക്കും, കായികമത്സരങ്ങൾ നടത്തുന്നതിനും ദൃശ്യമികവാർന്ന ആയിരങ്ങൾ പങ്കെടുക്കുന്ന കലാപരിപാടികൾക്കും അരീന വേദി വളരെ യോജിച്ചതാണ്.

തുറസ്സരങ്ങ് അഥവാ ഓപ്പൺ എയർ തിയേറ്റർ
പൂർണ്ണമായും അടച്ചുപൂട്ടാതെ തുറസ്സായ സ്ഥലത്ത് രൂപം കൊള്ളുന്ന വേദികളാണ് ഇത്. വേദിയും പ്രേക്ഷക ഇരിപ്പിടങ്ങളും സ്ഥിരമായി നിലനിർത്താവുന്ന വസ്തുക്കൾ കൊണ്ട് നിർമ്മിച്ചിട്ടുണ്ടാകും. സാധാരണയായി മേൽക്കൂര ഉണ്ടാകില്ല. ചിലയിടങ്ങളിൽ ഭാഗികമായി മറച്ചിട്ടുണ്ടാവും - ചിലപ്പോൾ വേദിയുടെ മുകൾഭാഗം അല്ലെങ്കിൽ പ്രേക്ഷകഗൃഹം. പ്രധാനമായും മനോഹരമായ പ്രകൃതിയുടെ സാധ്യതകളെ പരമാവധി ഉൾപ്പെടുത്തി കൊണ്ടായിരിക്കും ഇത്തരത്തിലുള്ള അരങ്ങുകൾ രൂപം കൊണ്ടിട്ടുണ്ടാവുക. കുന്നിൻചെരിവുകൾ, പൂന്തോട്ടങ്ങൾ, കടൽത്തീരങ്ങൾ, പുഴയോരങ്ങൾ, ചരിത്രസ്മാരകങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൊക്കെ തുറസ്സരങ്ങുകൾ രൂപകൽപ്പന ചെയ്തെടുക്കാവുന്നതാണ്. ആകാശവും, മരങ്ങളും, ജലവും, കടലും, ചരിത്രകെട്ടിടങ്ങളും ഒക്കെ തുറസ്സരങ്ങുകളുടെ പശ്ചാത്തലമായി വരുന്നതിനാൽ തന്നെ പ്രേക്ഷകർക്ക് മഹത്തായ ഒരു അനുഭവമാണ് തുറസ്സരങ്ങുകൾക്ക് പ്രദാനം ചെയ്യാൻ കഴിയുക. ഒട്ടനവധി പരിമിതികളും തുറസ്സരങ്ങിനുണ്ട്; പ്രത്യേകിച്ചും കാലാവസ്ഥയിൽ ഉണ്ടാകുന്ന വലിയ മാറ്റങ്ങൾക്ക് അനുസൃതമായിട്ടായിരിക്കണം ഇത്തരം ഇടങ്ങൾ പ്രവർത്തിപ്പിക്കേണ്ടത്. മഴക്കാറ്റ്, അതിശൈത്യം, വേനൽ ഒക്കെ തന്നെ ഇത്തരം അരങ്ങിലെ അവതരണത്തെ തടസ്സപ്പെടുത്തിയേക്കാം. അതേപോലെ പുറമേ നിന്നുള്ള ശബ്ദങ്ങൾ, അനാവശ്യ വെളിച്ചങ്ങൾ ഒക്കെ തന്നെ അഭിനേതാക്കളുടെ പ്രകടനത്തെ ബാധിച്ചേക്കാം. എങ്കിൽ തന്നെയും എല്ലാ ദേശത്തും സാംസ്കാരിക കൂട്ടായ്മകൾക്ക് തുറസ്സരങ്ങുകൾ വലിയൊരു അനിവാര്യതയാണ്.

ബ്ലാക്ക് ബോക്സ്
ഏറ്റവും പരീക്ഷണാത്മകമായി നാടകങ്ങൾ ചെയ്യാൻ കഴിയുന്ന ലളിതവും നൂതനവുമായ അരങ്ങുകളെയാണ് ബ്ലാക്ക് ബോക്സ് എന്ന് വിളിക്കുന്നത്. ചുവരുകളും മേൽക്കൂരയും തറയും മുഴുവനും കറുപ്പ് നിറമടിച്ച ചതുരാകൃതിയിലോ ദീർഘചതുരാകൃതിയിലോ ഉള്ള ശൂന്യമായ വേദിയാണ് ബ്ലാക്ക് ബോക്സ്. ഇവിടുത്തെ ഇരിപ്പിടങ്ങളോ ലൈറ്റിങ് ബൂത്തുകളോ സ്ഥിരമായി ഉറപ്പിച്ചിട്ടുണ്ടാകില്ല. സംവിധായകരുടെ നാടകശൈലിക്കും കാഴ്ചപ്പാടിനും അനുസൃതമായി ഓരോ അവതരണത്തിനനുസരിച്ച് ഇതിനുള്ളിലെ ക്രമീകരണങ്ങൾക്ക് മാറ്റം വരുത്തിക്കൊണ്ടിരിക്കും. അഭിനയ ഇടമായാലും പ്രേക്ഷകരുടെ ഇരിപ്പിടമായാലും സാങ്കേതികവിദഗ്ധരുടെ സജ്ജീകരണങ്ങളായാലും മാറിക്കൊണ്ടേയിരിക്കും. വലിയ തിയേറ്ററുകളെക്കാൾ പരിപാലനച്ചെലവ് കുറഞ്ഞതിനാൽ ചെറിയ നാടകസംഘങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. ഇത്തരമിടങ്ങൾ ചെറിയ വിസ്തീർണ്ണമായതുകൊണ്ട് അഭിനേതാക്കളും പ്രേക്ഷകരും തമ്മിൽ നല്ല അടുപ്പം അനുഭവിക്കാം. സാധാരണഗതിയിൽ 50 മുതൽ 250 വരെ ഇരിപ്പിടങ്ങളാണ് ഇത്തരം വേദികളിൽ ഉണ്ടാവുക. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ നാടകവേദിയുടെ പരീക്ഷണങ്ങൾക്കായാണ് അലങ്കൃതമായ ആഡംബരങ്ങളോടുകൂടിയ വേദികൾ ഒഴിവാക്കി കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പരീക്ഷണങ്ങൾ നടത്താൻ ബ്ലാക്ക് ബോക്സ് പോലുള്ള കണ്ടുപിടുത്തത്തിലേക്ക് നാടകാചാര്യരുടെ ചിന്തയെ നയിച്ചത്. യൂറോപ്പിലെ അവാങ്‌ഗാർഡ് പ്രവർത്തനശൈലിയുമായി മുന്നോട്ട് വന്നവർ പരമ്പരാഗത വേദികളെ ചോദ്യം ചെയ്തുകൊണ്ടിരുന്ന സമയം കൂടിയായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പല നാടകസംഘങ്ങൾക്കും ബജറ്റ് വളരെ പരിമിതമായതിനാൽ സാധാരണ പഴകിയ ഹാളുകൾ, ഗോഡൗണുകൾ, സ്കൂൾമുറികൾ, ഒഴിഞ്ഞ ഫാക്ടറികൾ, പഴയ പള്ളികൾ തുടങ്ങിയ ഇടങ്ങൾ ബ്ലാക്ക് ബോക്സ് വേദികളായി പരിണമിപ്പിച്ചു.

ചുവരുകൾ മുഴുവൻ കറുപ്പ് നിറം ചെയ്യുന്നതിനാൽ മുഴുവൻ സ്ഥലത്തെ നിഷ്പക്ഷമാക്കാനും അഭിനേതാവിന്റെയും വസ്ത്രങ്ങളുടെയും രംഗോപകരണങ്ങളുടെയും നിറങ്ങൾ അതേപടി നിലനിർത്താനും പ്രേക്ഷകശ്രദ്ധ അഭിനേതാക്കളിലേക്ക് മാത്രമായി കേന്ദ്രീകരിക്കാനുള്ള ശാസ്ത്രീയ സംവിധാനമാണ് ഇത്തരം ഇടങ്ങൾ. നാടകവിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും ഇത്തരം ഇടങ്ങൾ ധാരാളം രൂപം കൊള്ളുകയും നാടകവിദ്യാർത്ഥികളുടെ ഏറ്റവും നൂതന പരീക്ഷണങ്ങൾക്ക് അർത്ഥവത്തായ അരങ്ങുരൂപം സൃഷ്ടിക്കുന്നതിൽ ഇത്തരം ഇടങ്ങൾ വലിയ പങ്ക് വഹിച്ചുകൊണ്ടിരിക്കുകയുമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മിക്ക തിയേറ്റർ കോംപ്ലക്സുകളിലും ആധുനിക ബ്ലാക്ക് ബോക്സ് സ്ഥിരമായി ഉൾപ്പെടുത്തി, വലിയ പ്രധാന വേദിക്കൊപ്പം ചെറിയ സൗകര്യപ്രദമായ പരീക്ഷണങ്ങൾക്ക് അനുയോജ്യമായ വേദിയായി ലോകമെമ്പാടും നാടകക്കാർ ഉപയോഗിച്ചുവരുന്നു.
വിസ്മയകരമായ ഈ അരങ്ങിടത്തിന് ഇനിയും ഒട്ടനവധി വൈവിധ്യങ്ങൾ ഈ ലോകത്തുണ്ട് - പ്ലാറ്റ്ഫോം സ്റ്റേജ്, മൊബൈൽ സ്റ്റേജ്, ഗ്ലാസ് ഹൗസ് തിയേറ്റർ, റൂഫ്‌ടോപ്പ് തിയേറ്റർ, ഏരിയൽ സ്പേസ് തിയേറ്റർ, വാട്ടർ സ്റ്റേജ്, കൂത്തമ്പലങ്ങൾ, നോ തിയേറ്റർ സ്റ്റേജ് തുടങ്ങിയ അനവധി മാതൃകകളിലേക്ക് അരങ്ങവതരണങ്ങൾ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. കേരളത്തിൽ എല്ലാ ജില്ലകളിലും വിവിധ മാതൃകയിലുള്ള പ്രേക്ഷക-കലാകാര സൗഹൃദമായ അരങ്ങുകൾ ഉണ്ടാവേണ്ടതുണ്ട്. വരും തലമുറയുടെ അർത്ഥപൂർണ്ണമായ ജീവിതക്രമത്തിനായി ലോകമെമ്പാടും നല്ല നാടകശാലകൾ രൂപം കൊള്ളട്ടെ.
