1990 മുതൽ ഇതുവരെയും തുടർച്ചയുള്ള, രാഷ്ട്രീയപരമായും സൗന്ദര്യാത്മകമായും നവീകരിക്കപ്പെടുന്ന മനുഷ്യരോടൊപ്പം നിൽക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജനകീയമായ റോക്ക് ബാൻഡാണ് ഇന്ത്യൻ ഓഷ്യൻ. ഇപ്പോൾ ബാൻഡിന്റെ നേതൃത്വം വഹിക്കുന്ന രാഹുൽ റാമിനെയും ഇന്ത്യൻ ഓഷ്യൻ എന്ന മ്യൂസിക് ബാൻഡിനെയും വേഗത്തിൽ അറിയാൻ
ഹേ മനുഷ്യാ, ഒന്നു നിൽക്കൂ
ഹേ മനുഷ്യാ, സ്വയം നിർത്തൂ,
അല്ലെങ്കിൽ ഈ പ്രകൃതി നിന്നെ നോക്കി ചിരിക്കും
എന്നർത്ഥം വരുന്ന ‘അരേ റുക് ജാ രേ ബന്ദേ’ എന്ന ഒറ്റ ഗാനം മതിയാകും. പ്രകൃതിക്കുമുകളിലുള്ള മനുഷ്യന്റെ കടന്നുകയറ്റങ്ങളെയും ചൂഷണങ്ങളെയുമാണ് ഈ ഗാനം ചോദ്യം ചെയ്യുന്നത്. അരേ റുക് ജാ രേ ബന്ദേയുടെ മുകളിലെ സ്വരങ്ങളിൽ രാഹുൽ റാമിന്റെ ശബ്ദം നർമദാ താഴ്‌വരയിലെ ബാവുളിനെപ്പോലെയാണ്. കരയുകയും തേങ്ങുകയും അട്ടഹസിക്കുകയും ചെയ്യും പോലെ തോന്നുമത്.
ഫെബ്രുവരി 5 നു തുടങ്ങുന്ന 13-മത് അന്തർദേശീയ നാടകോത്സവത്തിന്റെ ഉദ്ഘാടനശേഷം രാത്രി ഒൻപതിന് പവലിയൻ വേദിയിൽ ഇന്ത്യൻ ഓഷ്യൻ അരങ്ങുണർത്തും.
പരിസ്ഥിതിപ്രവർത്തനങ്ങളിൽ ശക്തമായ നിലപാടുകളുള്ള രാഹുൽ റാം ഗായകനും ഗിറ്റാറിസ്റ്റും സംഗീതസംവിധായകനും ഇന്ത്യൻ ഓഷ്യൻ ബാൻഡിലെ പ്രധാന അംഗവുമാണ്. കൂടാതെ സമകാലിക രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക സംഭവവികാസങ്ങളെ ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്ന ഐസി തൈസി ഡെമോക്രസിയിലെ വളരെ പ്രധാനപ്പെട്ട അംഗവുമാണ് ഇപ്പോൾ.
1990 മുതൽ 1995 വരെ നർമദാ താഴ്‌വരയിൽ, നർമദാ ബച്ചാവോ ആന്ദോളനുമായി ചേർന്ന് പ്രവർത്തിച്ച റാം, ഇന്ത്യയിലെ കോർപറേറ്റുകളുടെ പരിസ്ഥിതിവാദത്തെക്കുറിച്ച് പഠിച്ചു. അതുകൊണ്ടാണ് ഇന്ത്യൻ ഓഷ്യൻ ബാൻഡിൽ നിന്ന് നർമദയുടെ ജനകീയ മുന്നേറ്റത്തിന് വൻ തോതിൽ പിന്തുണ നൽകിയ കണ്ടിസ എന്ന ഇന്ത്യൻ ഓഷ്യൻ ബാൻഡിൽ നിന്നിറങ്ങിയ "മാ രേവാ' എന്ന ഗാനം നർമദ സമര പ്രവർത്തകർ ഏറ്റെടുത്തത്. നർമദ നദിക്ക് കുറുകെയുള്ള വലിയ അണക്കെട്ട് പദ്ധതികൾക്കെതിരെ, അതിനുചുറ്റും താമസിക്കുന്ന ആദിവാസികളും കർഷകരും, പരിസ്ഥിതി പ്രവർത്തകരും, മനുഷ്യാവകാശ പ്രവർത്തകരും നേതൃത്വം നൽകിയ ഐതിഹാസിക കൂട്ടായ്മയായിരുന്നു നർമ്മദ ബച്ചാവോ ആന്ദോളൻ.
ഇന്ത്യൻ ഓഷ്യൻ 2000 ൽ പുറത്തിറക്കിയ അവരുടെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബമാണ് കാൻഡിസ. അക്കാലത്തു ഈ ആൽബം ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ആൽബങ്ങളിൽ ഒന്നായി മാറി. കാൻഡിസ ഇന്ത്യൻ ഓഷ്യൻ എന്ന ഇന്ത്യൻ ഫ്യൂഷൻ റോക്ക് ബാൻഡിനെ ഏറെ ശ്രദ്ധേയമാക്കി. ഈ ആൽബത്തിന്റെ സ്വീകാര്യതയെ തുടർന്ന് ലണ്ടൻ, ന്യൂസിലാൻഡ്, യുഎസ്എ, യുകെ, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ എന്നീ നാല് ഭൂഖണ്ഡങ്ങളിലായി ബാൻഡ് 37 പരിപാടികൾ നടത്തി.
1990 ൽ ന്യൂ ഡൽഹിയിൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ റോക്ക് ബാൻഡാണ് ഇന്ത്യൻ ഓഷ്യൻ. ഇന്ത്യയിലെ ആദ്യ ഫ്യൂഷൻ റോക്ക് ബാൻഡായി അംഗീകരിക്കപ്പെട്ട ബാൻഡ് ഇതിനോടകം വലിയ സംഗീത മുന്നേറ്റങ്ങൾ നടത്തി, ചരിത്രം സൃഷ്ടിച്ചു.
1980 കളുടെ തുടക്കം. നിഹാരിക എന്ന ബംഗാളി ബാൻഡിനു വേണ്ടി അഷീം ചക്രവർത്തി തബല വായിച്ചുകൊണ്ടിരുന്ന കാലം. 1984 ൽ ഒരു സംഗീത പരിപാടിക്കിടെ നിഹാരികയുടെ ആരാധകനായ സുസ്മിത് സെൻ അഷീമിനെ കണ്ടുമുട്ടി. അതൊരു തുടക്കമായിരുന്നു.
അടുത്ത മൂന്ന് വർഷക്കാലം, സുസ്മിത് സെൻ ഗിറ്റാറിലും തബലയിലും ഡ്രമ്മിലും അഷീം ചക്രവർത്തിയുമായി, അവർ ഒരുമിച്ചു സംഗീത യാത്ര തുടങ്ങി. ഇക്കാലയളവിൽ അവർ സ്വന്തമായി വരികൾ ഒന്നും എഴുതാതെ തന്നെ നിരന്തരം ചില സംഗീത പരീക്ഷണങ്ങൾ നടത്തികൊണ്ടിരുന്നു. 1990 ൽ സ്വന്തമായി ഒരു ബാൻഡ് തുടങ്ങാൻ ആലോചിച്ചു.
ഇന്ത്യൻ ഓഷ്യൻ എന്ന പേര് ബാൻഡിന് നൽകാൻ നിർദ്ദേശിച്ചത് ഗിറ്റാറിസ്റ്റായിരുന്ന സുസ്മിത് സെന്നിന്റെ പിതാവായിരുന്നു. അതിൽ ഡ്രമ്മറായി ശാലീൻ ശർമ്മയും ബാസിസ്റ്റുകളായി ഇന്ദ്രജിത് ദത്തയും അനിർബൻ റോയിയും ചേർന്നു. ബാൻഡിന്റെ തുടക്കത്തിനുള്ള പണം സ്വരൂപിക്കുന്നതിനായി സെൻ തന്റെ ഇലക്ട്രിക് ഗിറ്റാർ വിറ്റു. തുടർന്ന് അവർ ഒരു ഡെമോ ട്രാക്ക് റെക്കോർഡ് ചെയ്തു. നാല്പത്തഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഏഴ് ഗാനങ്ങൾ അടങ്ങിയതായിരുന്നു ആ ഓഡിയോ ടേപ്പ്. ഇതിലെ എല്ലാ ട്രാക്കുകളും ഒറ്റ ദിവസം കൊണ്ടായിരുന്നു റെക്കോർഡ് ചെയ്തത്. വേഗമേറിയ റെക്കോർഡിംഗ് ആയിരുന്നിട്ട് പോലും ആ ഡെമോ ട്രാക്കിന് എച്ച്. എം. വി ഗുണനിലവാര മാർക്ക് നൽകി. അങ്ങനെ ആ കമ്പനിയുമായി അവർ ഒരു കരാറിലെത്തി.
ഡൽഹിയിലെ സെൻറ് സേവ്യേഴ്സ് കോളേജിൽ സുസ്മിത് സെന്നിന്റെ സഹപാഠിയായിരുന്ന രാഹുൽ റാം അനിർബൻ റോയിക്ക് പകരമായ ബേസ് ഗിറ്റാറിസ്റ്റായി ബാൻഡിൽ ചേർന്നു. അവർ ആദ്യ ആൽബത്തിന്റെ പണി തുടങ്ങി. 1993 ൽ ആൽബം പുറത്തിറങ്ങി. ഒരു വർഷത്തിനകം തന്നെ 40,000 കോപ്പികളാണ് വിറ്റഴിഞ്ഞത്. ഒരു ഇന്ത്യൻ ബാൻഡ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബത്തിന്റെ റെക്കോർഡായിരുന്നു ഇത്.
ബാൻഡിന്റെ പ്രധാന സംഗീത ശൈലി എന്നത് നാടോടി, ഫ്യൂഷൻ സംഗീതം, റോക്ക് സംഗീതം എന്നിവയുടെ ഒരു ബ്ലെൻഡാണ്. ബേസ് ഗിറ്റാർ, അക്കൗസ്റ്റിക് ഗിറ്റാർ, ഡ്രംസ് എന്നിവയ്‌ക്കൊപ്പം ഏക്താരയും സംയോജിപ്പിക്കുന്ന ഒരു പരീക്ഷണാത്മക സംഗീതമാണ് ഇവരുടെ സവിശേഷത. പരമ്പരാഗത ഇന്ത്യൻ ട്യൂണുകളോടൊപ്പം ഇന്ത്യൻ നാടോടി ഗാനങ്ങളും ശ്ലോകങ്ങളും, സൂഫീ ഷായറുകളും, പരിസ്ഥിതി മുദ്രാവാക്യങ്ങളും, പുരാണങ്ങളും വിപ്ലവ ധ്വനികളും ഇവർ സമന്വയിപ്പിക്കും.
1994-ൽ ഡ്രമ്മറായിരുന്ന ശാലീൻ ശർമ ബാൻഡ് വിട്ടു. മറ്റുള്ള അംഗങ്ങളേക്കാൾ വളരെ പ്രായം കുറഞ്ഞ അമിത് കിലാമാണ് അദ്ദേഹത്തിനുപകരം വന്നത്. സുസ്മിത് സെൻ, അഷീം ചക്രവർത്തി, രാഹുൽ റാം, അമിത് കിലാം എന്നിവരടങ്ങിയ ടീം ബാൻഡിന്റെ അതുവരെയുള്ള കാലത്തെ ഏറ്റവും തിരിച്ചറിയാവുന്ന വിധം മാറ്റിമറിച്ചു. ഒന്നിനുപുറകെ ഒന്നായി വിജയങ്ങളുണ്ടാക്കി. അതിനുശേഷം അവർ വിക്രം മിശ്രയുടെ ഡെസേർട്ട് റെയ്‌നിന്റെ രണ്ട് ട്രാക്കുകളും കാൻഡിസ, ജിനി എന്നീ രണ്ട് സ്റ്റുഡിയോ ആൽബങ്ങളും റെക്കോർഡു ചെയ്‌ത് ഒരു തത്സമയ ആൽബമാക്കി പുറത്തിറക്കി.
2009 ഡിസംബർ 25- ന് അഷീം ചക്രവർത്തി അമ്പതാമത്തെ വയസ്സിൽ അന്തരിക്കുന്നതു വരെ ബാൻഡിന്റെ മുൻപന്തിയിലുണ്ടായിരുന്നു. അതിനുശേഷം തുഹീൻ ചക്രവർത്തി, ഹിമാൻഷു ജോഷി എന്നിവരെ പകരക്കാരായി ബാൻഡിൽ ഉൾപ്പെടുത്തി. 2013-ൽ സുസ്മിത് സെൻ ബാൻഡിൽ നിന്ന് പിൻമാറുകയും നിഖിൽ റാവു വരികയും ചെയ്തു.
ഇതുവരെ ബാൻഡിൽ ചക്രവർത്തിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ചക്രവർത്തിയുടെ ആലാപനത്തിനായി ഹിമാൻഷു ജോഷിയെയും തബലയ്ക്കും മറ്റ് താളവാദ്യങ്ങൾക്കുമായി തുഹീൻ ചക്രവർത്തിയെയും കൂടുതലായി ഉൾപ്പെടുത്തി.
അഷീം ചക്രവർത്തിയുടെ മരണശേഷം ആദ്യ സ്റ്റുഡിയോ ആൽബം പുറത്തിറക്കുമെന്ന് ബാൻഡ് പ്രഖ്യാപിച്ചു. രണ്ട് സിഡികളിലുള്ള പാക്കറ്റ് ആയി 16/330 ഖജൂർ റോഡ് എന്ന ആൽബം പുറത്തിറക്കി. ബാൻഡ് അവരുടെ സൈറ്റിൽ തന്നെ ഗാനങ്ങൾ അപ്‌ലോഡ് ചെയ്ത് അത് ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്യാൻ പറ്റും വിധമാക്കി. ഓരോ മാസവും ഓരോ പുതിയ ഗാനങ്ങൾ ഇവർ ഇതിൽ ചേർത്തുകൊണ്ടിരുന്നു.
2015 ൽ, മസാൻ എന്ന ചിത്രത്തിലെ സംഗീതത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെയധികം പ്രശംസ ലഭിച്ചു. പ്രധാന ഗായകനായ ഹിമാൻഷു ജോഷി, പേർക്കഷിനിസ്റ്റായ തുഹീൻ ചക്രവർത്തി, ഡ്രമ്മും ആലാപനവും ചെയ്യുന്ന അമിത് കിലം, ലീഡ് ഗിറ്റാറിസ്റ്റായ നിഖിൽ റാവു, ബാസ് ഗിറ്റാറും, വോക്കലും കൈകാര്യം ചെയ്യുന്ന രാഹുൽ റാം തുടങ്ങിയവരാണ് ഇപ്പോൾ ഇന്ത്യൻ ഓഷ്യൻ ബാൻഡിലെ പ്രധാന അംഗങ്ങൾ.
1993 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഓഷ്യൻ, 1997 ൽ പുറത്തിറങ്ങിയ ഡെസേർട്ട് റെയിൻ, 2000 ത്തിൽ പുറത്തിറങ്ങിയ കാൻഡീസ, 2003 ലെ ജിനി, 2005 ലെ ബ്ലാക്ക് ഫ്രൈഡേ, 2010 ലെ 16/330 ഖജൂർ റോഡ്, 2014 ലെ തന്തനുതുടങ്ങിയവയാണ് ഇന്ത്യൻ ഓഷ്യന്റെ പ്രധാന ആൽബങ്ങൾ.
13-മത് ഇറ്റ്ഫോക്കിന് ഉണർത്തുപാട്ടായ് കേൾക്കാം, അറിയാം ഇന്ത്യൻ ഓഷ്യന്റെ താളപ്പെരുക്കം; ഫെബ്രുവരി 5 ന്.