ഇക്കോളജിയോട് സംസാരിക്കുന്ന തിയേറ്റർ

തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിച്ച ഇന്റർനാഷനൽ ഫെസ്റ്റിവൽ ഫോർ തിയേറ്റർ സ്കൂൾസിന്റെ (IFTS) രണ്ടാം പതിപ്പ് നാടക പ്രതിഭകളുടെയും സംവിധായകരുടെയും വിദ്യാർഥികളുടെയും ഇടപെടൽ കൊണ്ട് ശ്രദ്ധേയമായിരുന്നു.

ന്റർനാഷനൽ ഫെസ്റ്റിവൽ ഫോർ തിയേറ്റർ സ്കൂൾസിന്റെ (International Festival for Theatre Scools- IFTS) രണ്ടാം പതിപ്പ് ജനുവരി 15- 19 തീയതികളിൽ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ സംഘടിപ്പിച്ചു. കേരളത്തില്‍ നടക്കുന്ന പലതരം ഫെസ്റ്റിവലുകളിൽ നിന്ന് IFTS വ്യത്യസ്തമാണ്. കാരണം, അത് ആത്യന്തികമായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത് തിയേറ്റർ വിദ്യാർത്ഥികൾക്ക് വേണ്ടിയും ലക്ഷ്യമാക്കുന്നത് വിദ്യാർഥികൾക്കിടയിലുള്ള തിയേറ്റർ ഡിസ്കോഴ്സുകളെയുമാണ് എന്നതാണ്.

2023-ലെ 13-ാമത് ഇറ്റ്ഫോക്കിന് മുന്നോടിയായി നടന്ന ആദ്യ പതിപ്പ് അന്താരാഷ്ട്ര, രാജ്യാന്തര നാടക പ്രതിഭകളുടെയും വിദ്യാർത്ഥികളുടെയും റീജ്യനൽ ആർട്ടിസ്റ്റുകളുടെയും സാന്നിധ്യം കൊണ്ടും തിയേറ്റർ വർക് ഷോപ്പുകൾ കൊണ്ടും ശ്രദ്ധേയമായിരുന്നു. ആദ്യ പതിപ്പ് ഉദ്ഘാടനം ചെയ്തത് നസറുദ്ദീൻ ഷായാണ്.

രണ്ടാമത്തെ പതിപ്പിൽ 15 തിയേറ്റർ സ്കൂളുകളിൽ നിന്ന് 100-ഓളം വിദ്യാർഥികളും അധ്യാപകരും സ്കൂൾ ഓഫ് ഡ്രാമ വിദ്യാർഥികളും അധ്യാപകരും പ​ങ്കെടുത്തു. കൂടാതെ, തിയേറ്റർ രംഗത്തെ പ്രഗത്ഭരായ 22 അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക പെഡഗോഗുകളും കേരള തിയേറ്റർ മേഖലയിലെ 12 ഇൻഡിപെൻഡന്റ് ഡെലിഗേറ്റുകളും IFTS ഡോക്യുമെന്റ് ചെയ്ത മീഡിയ ഡെലിഗേറ്റുകളും പ​ങ്കെടുത്തു. (University of Cape Town, The Aleksander Zelwerowicz National Academy of Dramatic Art in Warsaw, Visva-Bharati University, Savitribai Phule Pune University, JNU, Carnegie Mellon University, University of Dhaka, Ambedkar University Delhi, Bharatendu Natya Academy Uttar Pradesh, Eastern University Sri Lanka, Lovely Professional University Punjab, KR Narayanan National Institute, Kerala Kalamandalam, Sree Sankaracharya University of Sanskrit എന്നിവയാണ് പ​ങ്കെടുത്ത തിയേറ്റർ സ്കൂളുകൾ).
ഇൻഡിപെൻഡന്റ് ഡെലിഗേറ്റ് ആയാണ് ഇത്തവണ IFTS- ൽ ഞാൻ പങ്കെടുത്തത്.

IFTS ആദ്യപതിപ്പ് നസിറുദ്ധീന്‍ ഷാ ഉദ്ഘാടനം ചെയ്യുന്നു
IFTS ആദ്യപതിപ്പ് നസിറുദ്ധീന്‍ ഷാ ഉദ്ഘാടനം ചെയ്യുന്നു

ഈ വർഷത്തെ IFTS ടാഗ് ലൈന്‍, Carnival of Pedagogy: Ecology and Theatre എന്നതായിരുന്നു. ഇക്കോളജിയെ സംബന്ധിക്കുന്ന ആശയങ്ങൾ പെർഫോമൻസുകളിലൂടെയും തിയേറ്ററിലൂടെയും പ്രേക്ഷകരിലെത്തിക്കുക, പ്രേക്ഷകരിൽ ഇക്കോളജിയെക്കുറിച്ച് അവബോധമുണ്ടാക്കുക എന്നതിലുപരി ഇക്കോളജിയും തിയേറ്ററും എത്രത്തോളം പരസ്പരം ഇഴചേർന്നുകിടക്കുന്നു എന്ന അന്വേഷണവും ബഹുതലങ്ങളിൽ ഇക്കോളജിയെ സംവേദനപരമായി അഭിമുഖീകരിക്കാന്‍ കഴിയുന്ന തിയേറ്ററിന്റെ സാധ്യതകളുമാണ് IFTS ചർച്ച ചെയ്തത്.

ഈ സാധ്യതകൾ തിയേറ്റർ എന്ന മീഡിയത്തിൽ അന്തർലീനമാണുതാനും, പ്രത്യേകിച്ച് പരമ്പരാഗത ഏഷ്യൻ തിയേറ്ററും അവതരണകലകളും പരിശോധിക്കുകയാണെങ്കിൽ. കൊയ്ത്തു കഴിഞ്ഞ വയലുകളും കാവുകളും പറമ്പുകളും ക്ഷേത്രമുറ്റങ്ങളും അവതരണ ഇടങ്ങളായി മാറുന്നതു കാണാം, പ്രത്യേകിച്ച്, കേരളത്തിലെ തെയ്യം, തിറ, പടയണി, മുടിയേറ്റ് തുടങ്ങിയ അവതരണകലകളിൽ.

Asian idea of performance space, പ്രോസീനിയം തിയേറ്റർ ശൈലിയിൽ നിന്ന് വളരെ വിഭിന്നമായി പ്രയോഗിക്കപ്പെട്ടിട്ടുള്ളതാണ്. പെർഫോമൻസിനും പ്രേക്ഷകർക്കും ഇടയിലുള്ള സംവേദനം പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമെന്നോണം സംഭവിക്കുന്ന ഒന്നായി മാറുന്ന തരത്തിലാണ് അത്തരം അവതരണകലകൾ ആവിർഭവിച്ചിട്ടുള്ളത്.

മലബാറുകാരിയെന്ന നിലയിൽ അവതരണകലകളിൽ എന്നോട് ഏറ്റവും ചേർന്നു നിൽക്കുന്നത് തെയ്യമാണ്. കുംഭമാസത്തിലെ തിറക്കാലത്ത് ക്രമരഹിതമായി ക്രമീകരിക്കപ്പെട്ട കാഴ്ചക്കാരായി ഞങ്ങൾ, വയലിലും പറമ്പിലും പടികളിലും തിണ്ടുകളിലും മണ്ണിലും നിലത്തും മരച്ചുവട്ടിലും ഇരുന്നും നിന്നും തെയ്യത്തിനൊപ്പം നടന്നും ഓടിയും രാത്രി ഇടവേളകളിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ പായ വിരിച്ചു കിടന്നുറങ്ങിയും പുലർച്ചെ ഉണർന്നും, തെയ്യം കാണുന്നതിലുപരി തെയ്യത്തെ അനുഭവിക്കുന്നതായാണ് തോന്നിയിട്ടുള്ളത്. നിർവചനാതീതമായ ഈ അനുഭവപ്പെടലിൽ അവതരണത്തിന്റെ വേദിയായ പ്രകൃതിക്ക് വലിയൊരു പങ്കുണ്ട്.

ഇത്തരം അവതരണകലകൾ കൃഷിയുമായും വിളവെടുപ്പുമായും കാലാവസ്ഥയുമായും ബന്ധപ്പെട്ടു കിടക്കുന്നു. പ്രകൃതിദത്തമായ മുഖച്ചായങ്ങളും കുരുത്തോല പോലെയുള്ള വസ്ത്രാലങ്കാരങ്ങളും വാദ്യങ്ങളും അവതരണങ്ങൾക്ക് വെളിച്ചം പകരുന്ന പന്തങ്ങളും വിളക്കുകളും ചൂട്ടുകളും തുടങ്ങി പലതലങ്ങളിൽ അവതരണകലകൾ ഇക്കോളജിയുമായി ഇഴചേർന്ന് കിടക്കുന്നതായി കാണാം.

പരമ്പരാഗത അവതരണകലകളിലെ സഹജമായ ഈ സാധ്യതകളിലേക്ക് വിദ്യാർഥികളുടെ ശ്രദ്ധ ആവശ്യപ്പെടുന്ന തരത്തിൽ, ആദ്യ ദിനത്തിലെ കളമെഴുത്തിലും സർപ്പപ്പാട്ടിലും തുടങ്ങി തുടർദിവസങ്ങളിൽ പടയണി, തോൽപ്പാവക്കൂത്ത്, തിറയാട്ടം എന്നീ അവതരണകലകൾക്ക് കാമ്പസ് വേദിയായി. കളമെഴുത്തിലെ നിറങ്ങളുടെ ഉറവിടത്തിൽ തുടങ്ങി തോൽപ്പാവക്കൂത്തിന്റെ സാങ്കേതികതയെക്കുറിച്ചും ഈ അവതരണങ്ങളിലെ നൈസർഗ്ഗികമായ വെളിച്ച സംവിധാനങ്ങളെക്കുറിച്ചും ആർട്ടിസ്റ്റുകളുടെ പെർഫോമൻസിനെക്കുറിച്ചും ടെക്സ്റ്റിനെക്കുറിച്ചുമൊക്ക അവതരണസംഘങ്ങളുമായും പെഡഗോഗുകളുമായും വിദ്യാർഥികൾ തമ്മിലും സ്വാഭാവിക ചർച്ചകളും സംഭാഷണങ്ങളും ഉണ്ടായി.

ഇങ്ങനെ പരമ്പരാഗത ഏഷ്യൻ തിയേറ്ററിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രത്തിന്റെയും ഇക്കണോമിയുടെയും ആക്റ്റിവിസത്തിന്റെയും എത്തിക്സിന്റെയും ഫിലോസഫിയുടെയും തലങ്ങൾ സന്നിവേശിപ്പിച്ച് തിയേറ്റർ എന്ന മീഡിയത്തിലൂടെ ഇക്കോളജിയെ എങ്ങനെ സെൻസീറ്റീവായി അഭിമുഖീകരിക്കാം എന്ന അന്വേഷണങ്ങൾക്കാണ് IFTS വേദിയായത്. ഈ അന്വേഷണങ്ങളിൽ പെഡഗോഗുകളുടെ വീക്ഷണങ്ങൾ വിദ്യാർത്ഥികൾക്ക് മാർഗദർശിയാകുന്നുമുണ്ട്.

പുതിയ ചിന്തകൾ, ആലോചനകൾ

മനുഷ്യകേന്ദ്രീകൃതമായ (anthropocentric) ലോകത്ത് അവതരണ ശരീരങ്ങള്‍ പോസ്റ്റ്‌ ഹ്യൂമൻ (post human) ആകുന്ന തിയേറ്റർ ശൈലിയെക്കുറിച്ച് ജെയിൻ കോളിൻസ് (Writer, Director, Theatre Maker, Professor at Wimbledon College of Art) പങ്കുവെച്ച ചിന്തകൾ, climate anxiety- യെക്കുറിച്ചും plannetary grieving- നെക്കുറിച്ചുമുള്ള സാറ മാഷറ്റിന്റെ (Theatre director, Professor at University of Cape Town) വിചാരങ്ങൾ, മഹാമാരി കാലത്തിനുശേഷം മനുഷ്യർ തമ്മിലുള്ള സ്പർശം (tactile existence) വിർച്വലായി മാറുന്നതിനെക്കുറിച്ച് റുവാന്തി ചിക്കേരയുടെ (Playwright, Director, Cultural Activist) ചിന്തകൾ, തിയേറ്ററിലെ മെറ്റിരിയൽ സസ്റ്റൈനബിലിറ്റിയെക്കുറിച്ചുള്ള സോഫി ജംപിന്റെ നിരീക്ഷണങ്ങൾ തുടങ്ങി ഈ വിഷയത്തിൽ വൈവിധ്യമാർന്ന പെഡഗോജിക്കൽ വീക്ഷണങ്ങൾ ഡെലിഗേറ്റുകളുമായി പങ്കുവെക്കാനും അവരുമായി ആശയവിനിമയം നടത്താനുമുള്ള വേദിയായിരുന്നു IFTS- ലെ പാനൽ ചര്‍ച്ചകള്‍.

കാർഷികപ്രവർത്തനങ്ങളും നാടകപ്രവർത്തനങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രാക്ടീസിലൂടെ ഒരു സോഷ്യോ ഇക്കോളജിക്കൽ സിസ്റ്റം ഉണ്ടാക്കിയെടുത്തതിനെക്കുറിച്ച്, ശ്രീജ ആറങ്ങോട്ടുകരയുടെ 'പാഠശാല'യെക്കുറിച്ചുള്ള അവതരണവും ശശിധരൻ നടുവിലിന്റെ 'നാടകദ്വീപി'നെക്കുറിച്ചുള്ള അവതരണവും ശ്രദ്ധേയമായിരുന്നു.

സയൻസ്, ഇക്കോണമി, ആക്ടിവിസം, ഫിലോസഫി, എത്തിക്സ് എന്നീ മേഖലകളിലധിഷ്ഠിതമായ ആശയങ്ങൾ ഡെലിഗേറ്റുകൾക്ക് തിയേറ്റർ & ഇക്കോളജി എന്ന വിഷയത്തിലേക്ക് സന്നിവേശിപ്പിക്കാനുതകുന്ന തരത്തിലായിരുന്നു ‘പാർലമെന്റ് ഓഫ് ഐഡിയാസ്’ എന്ന പരിപാടി രൂപകല്പന ചെയ്തത്. ഫിലോസഫറായ സുന്ദർ സാരുക്കൈ, കലാ വിമർശകൻ സാമിക് ബന്ധോപാധ്യായ്, സയന്റിസ്റ്റ് എതിരൻ കതിരവൻ, സാഹിത്യ വിമർശകൻ കെ.പി. ശങ്കരൻ തുടങ്ങിയവർ ഡെലിഗേറ്റുകളുമായി ആശയവിനിമയം നടത്തി.

ലാൻഡ്സ്‌കേപ്പും കേരളത്തിലെ തിയേറ്റർ ഫോമുകളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള എതിരൻ കതിരവന്റെ സ്ലൈഡ് പ്രസന്റേഷൻ രസകരവും വിജ്ഞാനപ്രദവുമായിരുന്നു. വളരെ വിശാലമായ ലാൻഡ്സ്കേപ്പുകൾ സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന വേലകളി, ജലാശയങ്ങളും അതിലെ പ്രതിഫലനങ്ങളും ലാൻഡ്സ്കേപ്പ് ആകുന്ന വേലകളിയുടെ വകഭേദമായ കുളത്തിൽവേല, പരമ്പരാഗതകലയായ മുടിയേറ്റ്, ക്ലാസിക്കൽ കലയായ കഥകളി തുടങ്ങിയ പെർഫോമൻസ് ഫോമുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

മനുഷ്യകേന്ദ്രീകൃതമായാണ് ഇക്കോളജിയെ നോക്കിക്കാണുന്നതെങ്കിൽ അത് shallow ecology ആയി മാത്രമേ പരിഗണിക്കാൻ കഴിയുകയുള്ളെന്നും അതേസമയം പാരിസ്ഥിതിക കേന്ദ്രീകൃതമായാണ് നോക്കിക്കാണുന്നതെങ്കിൽ അതിനെ ‘ഡിപ്പ് ഇക്കോളജി’യായി വിലയിരുത്താൻ കഴിയുമെന്നും വിശദീകരിച്ച്, പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ തത്വശാസ്ത്രം (Ecosophy) എന്ന ചിന്താധാരയെക്കുറിച്ച് കെ. പി. ശങ്കരൻ സംസാരിച്ചു.

നൈതികതയോടെ എങ്ങനെ ഇക്കോളജിയെ നോക്കിക്കാണാം എന്നും, ആ അർത്ഥത്തിൽ മഹാത്മാഗാന്ധി, വൈക്കം മുഹമ്മദ് ബഷീർ, ബുദ്ധൻ, സോക്രട്ടീസ് എന്നിവരാണ് നൈതികതയാർന്ന ജീവിതരീതികൊണ്ട് എക്കോളജിയെ പ്രാക്റ്റീസ് ചെയ്തവർ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ആവശ്യങ്ങൾക്കായി മരങ്ങൾ വെട്ടി ഉപയോഗിക്കുന്നതിനു പകരം എന്താണ് മറ്റൊരു പ്രതിവിധി എന്ന ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന്, മരങ്ങളോട് അനുവാദം ചോദിച്ചു വെട്ടുക എന്നുള്ളതാണ് പ്രതിവിധി എന്ന അദ്ദേഹത്തിന്റെ മറുപടി ഒറ്റനോട്ടത്തിൽ യുക്തിരഹിതമായി തോന്നിയേക്കാമെങ്കിലും എല്ലാ യുക്തിക്കും അപ്പുറം മനുഷ്യന് എക്കോളജിയുമായുള്ള നിർവചനാതീതമായ ബന്ധം നിലനിർത്തേണ്ടതിനെക്കുറിച്ചുള്ള സൂചന ആ മറുപടിയിലുണ്ടായിരുന്നെന്നാണ് എനിക്ക് തോന്നിയത്. മരങ്ങളോടും ജന്തുജാലങ്ങളോടും സംസാരിക്കുന്നതൊക്കെ കേവലയുക്തിക്കപ്പുറമാണല്ലോ, ഭൂമിയുടെ അവകാശികളിലെ ബഷീറിനെപ്പോലെ.

സ്കൂൾ ഓഫ് ഡ്രാമയുടെ
എക്കോളജിയും വൈ നോട്ട് ആപ്പും

എക്കോളജി & തിയേറ്റർ വിഷയമാക്കി സ്കൂൾ ഓഫ് ഡ്രാമ IFTS- ന് ആതിഥേയത്വം വഹിക്കുമ്പോൾ എടുത്തുപറയേണ്ടത് കാമ്പസിനകത്തെ എക്കോളജിയെക്കുറിച്ചാണ്. ഒരു പക്ഷെ കാമ്പസിന്റെ ചരിത്രത്തേക്കാൾ പഴക്കമുള്ള, ഋതുക്കളേറെ കണ്ട വൃക്ഷങ്ങളും പുതുതായും പലതായും വളരുന്ന ചെടികളും വള്ളികളും സ്കൂളിന്റെ പിൻഭാഗത്തെ കോൾപാടവും ചേർന്നുള്ള ആവാസവ്യവസ്ഥ കാമ്പസിന്റെ സവിശേഷതയാണ്. ഫെസ്റ്റിവലിനുവേണ്ടി കാമ്പസിൽ ambience ഡിസൈൻ ചെയ്യാൻ അവിടുത്തെ എക്കോളജിയോട് ചേർന്നുനിൽക്കും വിധം വളരെ മിനിലിസ്റ്റിക് ആയ രീതി സ്വീകരിച്ച ബോധപൂർവമായ തീരുമാനങ്ങളും കാമ്പസിലെ മരങ്ങൾ മുറിച്ചു മാറ്റപ്പെടുന്നതിനെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ ആശങ്കകളും എത്രത്തോളം സെൻസിറ്റീവായാണ് എക്കോളജിയെ വിദ്യാർഥികൾ സമീപിക്കുന്നതെന്ന് കാണിക്കുന്നു.

സ്കൂളിന്റെ വിന്റർ പ്രൊഡക്ഷൻ ക്യാമ്പിന്റെ ഭാഗമായി എം.ടി.എ വിദ്യാർഥികളും വെബ് ഡെവലപ്പർ, ഗാർഡനർ, സയന്റിസ്റ്റ്, ഡ്രാമറ്റർജ്, പെർഫോമൻസ് മേക്കർ എന്നിവരടങ്ങുന്ന സംഘവും നിർമിച്ച ആപ്പ് ആണ് Y-NOT. ഈ ആപ്പിലൂടെ ഡെലിഗേറ്റുകൾക്ക് കാമ്പസിലെ മരങ്ങളെ ഡേറ്റ് ചെയ്യാം. ആപ്പിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കിയശേഷം അതിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതെങ്കിലും മരത്തെയും ഒരു സ്ലോട്ടും തിരഞ്ഞെടുത്ത് ആ സ്ലോട്ടിൽ മരവുമായി നമുക്ക് സമയം ചെലവഴിക്കാം. മനുഷ്യനും എക്കോളജിയും തമ്മിലുള്ള വിടവിനെ പരിഹരിക്കാനുള്ള രസകരമായ ഒരു ശ്രമമായി Y-NOT മാറുന്നു. ഫെസ്റ്റിവലിൽ Y-NOT ആപ്പ് ലോഞ്ച് ചെയ്തത് സ്കൂളിലെ ഗാർഡനറായ സുബ്രൻ ആയിരുന്നു.

വർക്ക്ഷോപ്പുകൾ,
സ്റ്റുഡന്റ് പ്രൊഡക്ഷനുകൾ

പെഡഗോഗുകളുടെ നേതൃത്വത്തിൽ 10- ഓളം വർക്കുഷോപ്പുകൾ ഡെലിഗേറ്റുകൾക്കായി സംഘടിപ്പിച്ചു. തിയേറ്റർ ഡയറക്ടർ നീലം മാൻസിങ്ങിന്റെ ഡയറക്ഷൻ വർക്കുഷോപ്പിലും യൂണിവേഴ്സിറ്റി ഓഫ് ധാക്കയിലെ പ്രൊഫസറും തിയേറ്റർ ഡയറക്ടറുമായ ഇസ്രാഫീൽ ഷഹീന്റെ ആക്ടിങ് വർക്കുഷോപ്പിലുമാണ് ഞാൻ പങ്കെടുത്തത്.

നീലത്തിന്റെ വർക്കുഷോപ്പിൽ 'വീടെന്നാൽ നിങ്ങൾക്കെന്താണ്?' (what does home means to you?) എന്ന വിഷയത്തിൽ കാമ്പസിലെ ഇഷ്ടമുള്ള ഒരു സ്ഥലം തിരഞ്ഞെടുത്ത് പെർഫോമൻസ് ഉണ്ടാക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. '
തിരിച്ചുവരവില്ലാത്തൊരു
പുറപ്പെട്ടു പോക്കിൽ
വീട്ടിൽ നിന്നെന്താവും
നിങ്ങൾ കൊണ്ടു പോകുന്നത്?
ഒരു പിടി മണ്ണും
കുറച്ചു വിത്തുകളും'
എന്ന കവിത അവർ മുഖവുരയായി ചൊല്ലി. ഒരേസമയം അവരവരുടെ ഉള്ളിലേക്കും തന്നെ ചുറ്റി നിൽക്കുന്ന പ്രകൃതിയിലേക്കും വീടെന്നാൽ തനിക്ക് എന്താണെന്ന അന്വേഷണങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ പെർഫോമൻസുകളുണ്ടാക്കി.

ഫെസ്റ്റിവലിൽ യൂണിവേഴ്സിറ്റി ഓഫ് കേപ്പ് ടൗൺ, പഞ്ചാബ് യൂണിവേഴ്സിറ്റി, അംബേദ്കർ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ധാക്ക, യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റൺ ശ്രീലങ്ക എന്നീ സ്‌കൂളുകളിൽ നിന്നായി സ്റ്റുഡന്റ് പ്രൊഡക്ഷനുകൾ അവതരിപ്പിച്ചു. ശ്രദ്ധേയമായത് യൂണിവേഴ്സിറ്റി ഓഫ് കേപ്പ് ടൗണിലെ എലികേം കുനുസ്റ്റോറിന്റെ ‘ഇംപ്രിന്റ്സ്’ (imprints) എന്ന ഫിസിക്കൽ പെർഫോമൻസ് ആയിരുന്നു. കാമ്പസിലെ ബി.എഡ് ഗ്രൗണ്ടിൽ നടന്ന പെർഫോമൻസ് പ്രകൃതി, സംഗീതം, കമ്മ്യൂണിറ്റി, പൂർവികർ തുടങ്ങിയവ തമ്മിൽ ബന്ധിപ്പിച്ച്, ഗാനയിലെ ആന്റോ- ഈവ് (anto-ewe) വിഭാഗത്തിലെ മനുഷ്യരുടെ സെസലേലം (sesalelame) എന്ന ആശയത്തിലൂന്നിയ ഒന്നായിരുന്നു. സെസലേലം എന്നാൽ 'ശരീരത്തിന്റെ തോന്നൽ' (feeling deep within the body) എന്ന് വിശേഷിപ്പിക്കാം. ഇതിൽ അറിവിന്റെ ഉറവിടമായി ബോഡി ഫീലിംഗിനെ കണക്കാക്കുന്നു. പെർഫോമൻസിന്റെ അവസാനം പെർഫോമറും കാണികളും ചളിമണ്ണിനാൽ തമ്മിൽ ചേരപ്പെട്ട ഒരൊറ്റ കമ്യൂണിറ്റിയായി മാറുന്നു. ഡൽഹിയിലെ വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ അംബേദ്കർ യൂണിവേഴ്സിറ്റി അവതരിപ്പിച്ച ഏഴ് പെർഫോമൻസ് ആക്ഷനുകളുടെ സീരീസും ശ്രദ്ധേയമായിരുന്നു.

IFTS- ന്റെ രണ്ടാമത്തെ പതിപ്പും വിജയകരമായി തീരുമ്പോൾ ഒരേ സമയം ഡെലിഗേറ്റുകളായി ഫെസ്റ്റിവലിൽ പങ്കെടുക്കുകയും സംഘാടകരായി പ്രവർത്തിക്കുകയും ചെയ്ത ഡ്രാമ സ്കൂൾ വിദ്യാർത്ഥികളുടെ പ്രയത്നം എടുത്തു പറയേണ്ടതാണ്. ലോകത്തിന്റെ പലഭാഗത്തു നിന്നുള്ള ഡെലിഗേറ്റുകൾക്ക് ഇൻക്ലൂസീവായ അന്തരീക്ഷം കാമ്പസിനകത്തുണ്ടാക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കഴിഞ്ഞു. ഫെസ്റ്റിവലിന്റെ അവസാന ദിവസം നടന്ന തിറയാട്ടത്തിനുശേഷം ഫെസ്റ്റിവൽ ഡയറക്ടറും ക്യുറേറ്ററുമായ അഭിലാഷ് പിള്ള IFTS- ന്റെ മൂന്നാം പതിപ്പിനെക്കുറിച്ച് സൂചിപ്പിച്ചത് കയ്യടിയോടെയാണ് കാമ്പസ് ഏറ്റെടുത്തത്.

MORE PHOTOS



















Summary: തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിച്ച ഇന്റർനാഷനൽ ഫെസ്റ്റിവൽ ഫോർ തിയേറ്റർ സ്കൂൾസിന്റെ (IFTS) രണ്ടാം പതിപ്പ് നാടക പ്രതിഭകളുടെയും സംവിധായകരുടെയും വിദ്യാർഥികളുടെയും ഇടപെടൽ കൊണ്ട് ശ്രദ്ധേയമായിരുന്നു.


ആതിര ടി.എന്‍.

തീയേറ്റര്‍ പെര്‍ഫോമര്‍, ഫിലിം മേക്കര്‍

Comments