കലയുടെ ഇന്റർനാഷനൽ സ്‌‌‌‌‌പെയ്സായി മാറിക്കഴിഞ്ഞു കേരളം, 'ഇറ്റ്ഫോക്കി'ലൂടെ

കല ചെയ്യാൻ പ്രാപ്തരായവരുള്ളതുകൊണ്ടല്ലേ ഇത്തരമൊരു വിരസമായ അവസ്ഥയില്ലാത്തത്. എന്നാൽ, കലാകാരർക്ക് എന്താണ് തിരിച്ചുകിട്ടുന്നത് ആക്ഷേപമല്ലാതെ. ടിക്കറ്റുവച്ച് നാടകം കളിച്ചാൽ "കല ഒരു പൂജ പോലെ ചേയ്യേണ്ടതല്ലേ' എന്ന ചോദ്യമായിരിക്കും. ഡോക്ടർക്കും അധ്യാപകർക്കും ഹോട്ടൽ നടത്തുന്നവർക്കും കാറുണ്ടാക്കുന്നവർക്കുമെല്ലാം സമൂഹം ഒരു വാല്യു കൊടുക്കുന്നുണ്ട്. ഇവരെയൊക്കെ സമൂഹം മുതിർന്ന ആളുകളായിട്ട് കാണുമ്പോൾ നമ്മളെല്ലാം കുട്ടികളാണ്

ലോകത്തെ പ്രധാന നാടകങ്ങൾ മലയാളി പ്രേക്ഷകർക്കും നാടകക്കാർക്കും പരിചയപ്പെടുത്തുക എന്നതാണ് ഇന്റർനാഷനൽ ഫെസ്റ്റിവൽ എന്ന നിലയ്ക്ക് "ഇറ്റ്ഫോക്കി'ന്റെ അടിസ്ഥാന ദൗത്യം. ലോക- ഇന്ത്യൻ- മലയാള നാടകങ്ങൾ തമ്മിൽ ഒരു കോൺവർസേഷൻ സാധ്യമാകണം. കലാകാരരും കാഴ്ചക്കാരും മാറിവരുന്ന ഒരു ലോകത്ത് കല ആസ്വദിക്കാൻ പ്രാപ്തരാക്കുന്ന ഒരു ഇടപെടൽ. Humanity must unite എന്നാണ് ഇത്തവണ "ഇറ്റ്ഫോക്കി'ന്റെ ടാഗ് ലൈൻ. എല്ലാകാലത്തും അടിസ്ഥാനപരമായി നാടക- കലാ പ്രവർത്തനങ്ങളുടെ ലക്ഷ്യം ഹിസ്റ്ററിയും മാനവികതയും ഒന്നിക്കുക എന്നതാണ്. ചരിത്രപരമായി നോക്കിയാൽ, മനുഷ്യരെ കൂട്ടിച്ചേർത്തുനിർത്താൻ ഒരിടം എന്ന തരത്തിലാണ് തിയറ്ററിന്റെ പ്രോഗ്രസുണ്ടായിട്ടുള്ളത്.

ഇന്ത്യയിൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ആളുകൾ വലിയ തോതിൽ, സാമൂഹികമായും ബൗദ്ധികമായും "ഫിയർഫുൾ' ആണ്. പ്രത്യേകിച്ച് ആർട്ടിസ്റ്റുകളടക്കമുള്ളവർക്ക് there is no space for liberal thinking. നിരവധി ഫെസ്റ്റിവലുകൾ ഇല്ലാതായി. അഞ്ചാറ് വർഷങ്ങൾ കൊണ്ട് അവ ഓർമകൾ മാത്രമായി. ഈ സാഹചര്യത്തിൽ കേരളത്തിലാണ് പിന്നെയും ഒരു സ്‌പേയ്‌സ് നിലനിൽക്കുന്നത്. തീർച്ചയായും ഇവിടെയും പ്രശ്‌നങ്ങളുണ്ട്. എന്നാലും സംവാദത്തിനും ഇടപെടലിനുമുള്ള സാഹചര്യം ഇപ്പോഴും ഇവിടെയുണ്ട്. കലാപ്രവർത്തനം നടത്തിയതിന്റെ പേരിൽ ഇവിടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഞാൻ കരുതുന്നില്ല.

കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന നാടകപ്രവർത്തനങ്ങളെ ഒന്ന് താരതമ്യപ്പെടുത്തി നോക്കേണ്ടതുണ്ട്. കൊൽക്കത്ത, ബംഗാൾ, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ തിയറ്ററും നമ്മുടെ തിയറ്ററും എങ്ങനെയാണ് പ്രവർത്തിക്കുന്നത്? നമ്മുടെ എക്‌സ്‌പോഷർ വളരെ വിസിബിളാണ്. തിയറ്റർ ലാംഗ്വേജുമായി നമുക്ക് ഏറെ മുന്നേറാനായിട്ടുണ്ട്. ആർട്ടിസ്റ്റിക് ഇമാജിനേഷൻ, പ്രൊഡക്ഷൻ രീതികൾ, ഒരു വർഷത്തിലുള്ള പ്രൊഡക്ഷന്റെ എണ്ണം എന്നിവയിലെല്ലാം നാം ഏറെ മുന്നിലാണ്. കർണാടകയിലൊക്കെ, വർഷത്തിൽ ഒരു നാടകം പോലുമുണ്ടാകണമെന്നില്ല. അപ്പോഴാണ്, കേരളത്തിൽ ചെറുപ്പക്കാരായ, പ്രോമിസിംഗായ നിരവധി സംവിധായകർ വരുന്നത്.

മത-ജാതി-ലിംഗ ഭേദമില്ലാതെ മനുഷ്യർക്ക് ഒരുമിച്ച് നിൽക്കാനും കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഫിലോസഫിയെക്കുറിച്ചുമൊക്കെ സംസാരിക്കാനും ഇടപഴകാനുമൊക്കെയുള്ള ഒരു വേദിയാണ് കലാപ്രവർത്തനത്തിന്റെ ഇടം. അത് നമ്മൾ സംരക്ഷിക്കേണ്ടതുണ്ട്. പകരം, സ്റ്റേറ്റും അതിന്റെ മിഷനറിയും മാത്രം പ്രൊപ്പഗേറ്റ് ചെയ്യുന്ന കലയും കലാപ്രവർത്തനവും ആയാലോ? അത് വളരെ ഡ്രൈ ആയിത്തീരും. കലാപ്രവർത്തനം എല്ലാ കാലത്തും ഒരു പ്രതിരോധം കൂടിയാണ്. എന്താണ് നടക്കുന്നത് എന്നതിനോടുള്ള ഒരു പ്രതികരണം കൂടിയാണ് കല. പൊതുബോധത്തോട് സമരം ചെയ്തുകൊണ്ടാണല്ലോ നമ്മൾ കല ചെയ്യുന്നത്. ഓർമപ്പെടുത്തലുകൾ കൂടിയാണ് കലാപ്രവർത്തനം.

കലാകാരരെ സംബന്ധിച്ച് മൂല്യം പ്രധാനമാണ്. നമുക്ക് മൂല്യം ഇല്ലെങ്കിൽ ആരാണ് നമ്മളെ വില മതിക്കുക? ഇവിടെ, നാടകക്കാരെ ആരും ഗൗരവത്തിലെടുത്തിട്ടില്ല. നമ്മൾ ചെയ്യുന്ന മൂല്യവത്തായ പ്രവൃത്തിയെ നമ്മളാണ് തിരിച്ചറിയേണ്ടത്. "എന്തിനാണ് നാടകക്കാർ ഈ നാട്ടിൽ' എന്ന ചോദ്യം നാടകക്കാർ ചോദിക്കുകയും അതിന്റെ ഉത്തരം അവരുടെ കൈയിലുണ്ടായിരിക്കുകയും വേണം. തോപ്പിൽ ഭാസിയും കെ. ദാമേദരനും കെ.ടി. മുഹമ്മദും ഇടശ്ശേരിയും വി.ടിയും അടങ്ങുന്ന എത്രയോ പേരുകളുണ്ട്, കേരളത്തിന്റെ നാടക ചരിത്രത്തിൽ. ഇവിടുത്തെ എഴുത്തുകാരേക്കാളും സിനിമാക്കാരേക്കാളും ചിത്രകാരരേക്കാളും കൂടുതൽ നവോത്ഥാന പ്രക്രിയയിൽ പങ്കെടുത്തിട്ടുള്ളത് നാടകക്കാരാണ്. എന്നിട്ടും അവർക്ക് അർഹമായത് ലഭിച്ചിട്ടില്ല. മറ്റു കലകളിൽ പ്രവർത്തിക്കുന്നവരുമായി താരതമ്യപ്പെടുത്തിയാൽ, വഴിയറിയാതെ വന്നുപെട്ടുപോയ മനുഷ്യരെപോലെയാണ് നാടകക്കാരെ ഇന്നും കാണുന്നത്.

നാടകവും ചിത്രകലയും സിനിമയും സംഗീതവും സാഹിത്യവുമൊന്നും ഇല്ലാത്ത, ബാങ്കർമാരും കച്ചവടക്കാരും മാത്രമുള്ളൊരു നാട്- അത്തരമൊരു ലോകം എന്തുമാത്രം വിരസമായിരിക്കും. കല ചെയ്യാൻ പ്രാപ്തരായവരുള്ളതുകൊണ്ടല്ലേ ഇത്തരമൊരു വിരസമായ അവസ്ഥയില്ലാത്തത്. എന്നാൽ, കലാകാരർക്ക് എന്താണ് തിരിച്ചുകിട്ടുന്നത് ആക്ഷേപമല്ലാതെ. ടിക്കറ്റുവച്ച് നാടകം കളിച്ചാൽ "കല ഒരു പൂജ പോലെ ചേയ്യേണ്ടതല്ലേ' എന്ന ചോദ്യമായിരിക്കും. ഡോക്ടർക്കും അധ്യാപകർക്കും ഹോട്ടൽ നടത്തുന്നവർക്കും കാറുണ്ടാക്കുന്നവർക്കുമെല്ലാം സമൂഹം ഒരു വാല്യു കൊടുക്കുന്നുണ്ട്. ഇവരെയൊക്കെ സമൂഹം മുതിർന്ന ആളുകളായിട്ട് കാണുമ്പോൾ നമ്മളെല്ലാം കുട്ടികളാണ്. സിസ്റ്റത്തിന് മനസ്സിലാകാത്ത, ഡയറക്ഷനില്ലാത്ത ആളുകളായാണ് നമ്മളെ കാണുന്നത്. അതുകൊണ്ട്, നമ്മൾ ചെയ്യുന്ന പ്രവൃത്തിയുടെ മൂല്യം മനസ്സിലാക്കി വേണം നമ്മൾ ഈ സമൂഹവുമായി ഇടപെടാൻ.

"ഇറ്റ്‌ഫോക്ക്' ഒരു എൻട്രി പോയന്റ് മാത്രമാണ്. ഡിസ്‌കഷനും നെഗോസിയേഷനും നടക്കുന്ന ഒരിടം. ആക്ച്വൽ വർക്ക് എന്നത് കേരളത്തിൽ പണിയെടുക്കുന്ന കലാകാരരുടെ വർക്ക് തന്നെയാണ്. ആ കോൺട്രിബ്യൂഷന്റെ പ്രതിഫലനം മാത്രമാണ് "ഇറ്റ്‌ഫോക്ക്'. ആ കോൺട്രിബ്യൂഷൻ ഇവിടുത്തെ നാടകക്കാർ തിരിച്ചറിയുകയാണ് വേണ്ടത്. അതിനനുസരിച്ച് നമ്മൾ ഡിമാന്റ് ചെയ്യണം. "ഞങ്ങൾ നിങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്, അതുകൊണ്ട് ഞങ്ങൾ അർഹിക്കുന്ന ആദരവും പ്രതിഫലവും ഞങ്ങൾക്ക് കിട്ടേണ്ടതുണ്ട്' എന്നു പറയുന്ന തരത്തിൽ ഡിമാന്റ് ചെയ്യണം.

ലോകത്തെല്ലായിടത്തെയും മനുഷ്യർ ഉറ്റുനോക്കുന്ന ഒരിടമായി, യാത്ര ചെയ്ത് എത്തേണ്ട ഒരിടമായി, മാസ്റ്റേഴ്‌സ് പ്രൊഡക്ഷനുകൾ കാണാൻ കഴിയുന്ന ഒരിടമായി ഇറ്റ്ഫോക്കിനെ മാറ്റാൻ കഴിയണം. "ചെറിയ തുക മുടക്കി കേരളത്തിലേക്കും തൃശൂരിലേക്കും വരൂ' എന്നു പറയാൻ കഴിയണം. ഇത് നമുക്ക് സാധ്യമാണ്. നമ്മുടെ കൾചറൽ ഫാബ്രിക്കിൽ ഇത്തരമൊരു മാറ്റം കൊണ്ടുവരാൻ തീർച്ചയായും കഴിയും


അഭിമുഖത്തിൻറെ പൂർണ്ണ രൂപം വായിക്കാം, ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 114,

കലയുടെ ഇൻറർനാഷനൽ സ്​പെയ്​സായി മാറിക്കഴിഞ്ഞു കേരളം, ‘ഇറ്റ്​ഫോക്കി’ലൂടെ

Comments