ITFOK- ന്റെ 16ാം പതിപ്പിന് കർട്ടൻ വീഴുമ്പോൾ നാടകങ്ങളുടെ തെരഞ്ഞെടുപ്പും അവസരം ലഭിച്ച സംഘങ്ങൾ ഇത്തരമൊരു മേളയോടെടുക്കുന്ന സമീപനവും ചില ആലോചനകൾക്ക് പ്രേരിപ്പിക്കുന്നതാണ്.
Dumpling, ഫ്രാങ്കസ്റ്റൈൻ പ്രൊജക്ട്, ദ നെതർ, ലൂസിയ ജോയ്സ് തുടങ്ങിയ ചുരുക്കം ചില അവതരണങ്ങൾ മാറ്റിവച്ചാൽ ശുഭകരമല്ല കാര്യങ്ങൾ എന്നു പറയേണ്ടിവരും. വിദേശത്തുനിന്നും ഇന്ത്യയിലെ കേരളേതര സ്റ്റേറ്റുകളിൽനിന്നും വരുന്ന നാടകങ്ങളിലേറെയും ഫെസ്റ്റിവലിൽ കളിക്കാൻ യോഗ്യതയുള്ളതാണോ എന്ന് ഒന്നുകൂടി ആലോചിക്കേണ്ടിവരുന്നു. മലയാളനാടകങ്ങൾ കുറേക്കൂടി ഗൗരവമുള്ള അവസ്ഥകളെ വെളിപ്പെടുത്തുന്നുമുണ്ട്. കാണാൻ സാധിച്ച വർക്കുകളെ മുൻനിർത്തി ചില നിരീക്ഷണങ്ങളാണ് ഈ പ്രകരണം.
നാടകത്തിന് നടിച്ചുകാണിക്കുന്നത് എന്നാണ് വളരെ പ്രാഥമികമായ വിവക്ഷ. ബ്രസീലിൽനിന്ന് വന്ന എ സ്ക്രീം ഇൻ ദ ഡാർക്ക് പോലുള്ള നാടകങ്ങൾ ഈ ധർമ്മംതന്നെ കൈമോശം വരുത്തുന്നു. പൊതുവിൽ ഡിജിറ്റൽ മീഡിയയുടെ അതിപ്രസരവും ഡോക്യുമെൻ്ററി സ്വഭാവവും മാത്രമുള്ള ഒരു നിർമ്മിതിയാണത്. എന്തു കണ്ടിട്ടാണ് ക്യുറേറ്റർ അത് 'നാടകമേള'യിലേക്ക് എടുത്തതെന്ന് മനസ്സിലായില്ല. ഒരുപയോഗവുമില്ലാതെ വേദി നിറച്ചുവച്ച പ്രോപ്പർട്ടീസും ലൈവ് സ്ട്രീമിങ്ങും ചില ഡോക്യുമെൻ്റുകളുടെ വിവരണവും എന്നതാണ് പ്രസ്തുത നാടകത്തിൻ്റെ അവസ്ഥ.
ജപ്പാൻ നാടകമായ ഹാംലെറ്റ് ടോയ്ലറ്റ് മറ്റൊരു ദുരന്തമായിരുന്നു. ഷേക്സ്പിയറോടോ ഹാംലെറ്റിനോടോ നീതി പുലർത്തിയിട്ടില്ല എന്നതുമാത്രമല്ല, കേവലമായ അനൗചിത്യക്കസർത്ത് മാത്രമായി ആ അവതരണം. പ്രേക്ഷകരെ അപമാനിക്കുംവിധം ജുഗുപ്സാരസം വാരിവിതറി എന്ന് വേണമെങ്കിൽ പറയാം. സാമാന്യമായി വെർബൽ മാത്രമായ നാടകം അഭിനേതാക്കൾക്ക് അപകടമാവുന്നവിധം പ്രോപ്പർട്ടിയായി കല്ലുകളുപയോഗിച്ചതും കണ്ടു. നടന്മാരുടെ ആ സഹനരംഗം പ്രേക്ഷകർക്ക് അസഹനീയമായിരുന്നു.

ഇന്ത്യൻ നാടകമായ അഗർബത്തി (മധ്യപ്രദേശ്) ഈവിധം സഫലമാകാതെ പോയ നാടകമാണ്.
ഈ അവതരണങ്ങളുടെ കാര്യത്തിൽ സംഘാടനത്തിലെ, തെരഞ്ഞെടുപ്പിലെ ശ്രദ്ധക്കുറവോ മറ്റ് സാമ്പത്തിക പരിമിതികളോ ബാധിച്ചതായിതന്നെ കണക്കാക്കേണ്ടിവരുന്നു. പൂനെയിൽ നിന്നെത്തിയ സംതിങ്ങ് ലൈക്ക് ട്രൂത്ത് രൂപപരമായ ആവർത്തനംകൊണ്ടാണ് വിജയിക്കാതെ പോയത്. സ്ലൊവാക്യൻ അവതരണമായ wow പൂർണാർഥത്തിൽ നാടകമാവാതെ പോയ മറ്റൊരു വർക്കാണ്.
മലയാളത്തിലേക്കു വന്നാൽ കാര്യങ്ങൾ കുറച്ചുകൂടി പ്രയാസത്തിലാവുന്നുണ്ട്. സ്കൂൾ, കോളേജ് കലോൽസവ നാടകങ്ങളുടെ രൂപം പിന്തുടർന്ന് ഗൗരവമില്ലാതെ കളിച്ച നാടകമായിരുന്നു കുഹൂ ആൻ ആന്തോളജി ഓൺ ദ റെയിൽ. വേദിയിൽ ട്രെയിൻ എത്തിച്ചതും നടീനടന്മാരുടെ കുറിണക്കമുള്ള ചലനവുമൊക്കെ രസകരമായി തോന്നിയ പ്ലേ, പക്ഷെ ഫോക്കസില്ലാതെയും എഡിറ്റിങ്ങിൻ്റെ കുറവു കൊണ്ടും വിജയിക്കാതെ പോയി. കലോത്സവ നാടകങ്ങളുടെ സ്ഥിരം പാറ്റേൺ ഇത്തരത്തിൽ ലോകനാടകങ്ങളെത്തുന്ന ഒരു മേളയിൽ ലാഘവബുദ്ധിയോടെ പ്രയോഗിക്കുന്നത് ശ്രദ്ധക്കുറവാണ്.
നാടകം എന്ന നിലയിൽ കേരളത്തിലെ നാടകരംഗത്തിനും ആസ്വാദനത്തിനും എന്തെങ്കിലും പുതിയ സംഭാവനകൾ നല്കാൻ കഴിയാത്ത അവതരണങ്ങൾ വരുംവർഷങ്ങളിലെങ്കിലും ഒഴിവാക്കാൻ ക്യുറേറ്റർമാർ ശ്രദ്ധിച്ചേ തീരൂ.
ഈ ഗണത്തിലേക്ക് മത്സരിച്ച മറ്റൊരു നാടകമായിരുന്നു ബൈ ബൈ ബൈപാസ്. രണ്ട് നാടകങ്ങളിലും ചില നർമ്മങ്ങളും ചില മുഹൂർത്തങ്ങളും ചില സാധ്യതകളും ഉണ്ടായിരുന്നു എന്നത് വിസ്മരിക്കുന്നില്ല. എങ്കിലും നാടകം എന്ന നിലയിൽ സാർഥകമാകാതെ പോവുകയാണ് രണ്ട് നാടകങ്ങളുടെയും ഫലം. ബൈ ബൈ ബൈപാസിൻ്റെ ആമുഖത്തിൽ പറഞ്ഞതൊന്നും നാടകത്തിൽ കണ്ടില്ല എന്നതും പറയണം. പ്രകൃതി, വികസനം തുടങ്ങിയ ചിലത് വെറുതെ തൊട്ടുവച്ച് ഗൗരവമുള്ള ആലോചനകളിലേക്ക് പോകാതെ ഒരു കുടുംബക്കഥ സിനിമാറ്റിക് ആയി പറയാനാണ് സംവിധായകൻ റോഷൻ ശ്രമിച്ചത്.
മാടൻമോക്ഷം ജനപ്രിയ നാടകമായാണ് അവതരിപ്പിക്കപ്പെട്ടത്. നിർഭാഗ്യവശാൽ വേദിയുടെ പരിചരണം, രൂപം, പ്രമേയത്തിലെ സൂക്ഷ്മതക്കുറവ് എന്നിവയാൽ പരിമിതപ്പെട്ട വർക്കായിരുന്നു അത്. ദലിത്പക്ഷമെന്ന് നടിച്ച നാടകം പേരിൽതുടങ്ങി അവസാനംവരെയും രൂപത്തിലും ഭാവത്തിലും വിപരീതദിശയിൽ സഞ്ചരിച്ച കാഴ്ച ദയനീയമായിരുന്നു.
Dumpling, ഫ്രാങ്കസ്റ്റൈൻ പ്രൊജക്ട്, ദ നെതർ, ലൂസിയ ജോയ്സ് തുടങ്ങിയ ചില വർക്കുകൾ ഗംഭീര അവതരണങ്ങളായി എന്നും പറയാതെ വയ്യ. മികച്ച അഭിനയം കൊണ്ടും രൂപഭാവങ്ങളുടെ പുതുമയും കൂറിണക്കവും കൊണ്ടും ഈ മേളയിലെ നിലവാരമുള്ള തെരഞ്ഞെടുപ്പുകളായി ഇവ.

ഡംപ്ലിങ്ങ് ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച നാടകമായി അനുഭവപ്പെട്ടു. ഫ്രഞ്ച് - പ്രഷ്യൻ രാഷ്ട്രീയസാഹചര്യങ്ങളുടെ ചരിത്രഭൂമികയാണ് നാടകകാലം. മോപ്പസാങ്ങിൻ്റെ കഥ. ലോകത്തിലെ ഏതു മനുഷ്യരേയും പ്രതിനിധീകരിക്കാൻ ശേഷിയുള്ള പത്ത് കഥാപാത്രങ്ങൾ. അനിവാര്യമായതും മിനിമലായതുമായ രംഗസജ്ജീകരണങ്ങൾ. പതിഞ്ഞതും എന്നാൽ ഇഴയാത്തതുമായ വേഗം. ചിരിയും ചിന്തയും കരച്ചിലും എന്നിങ്ങനെ ശ്രദ്ധാപൂർവമുള്ള നിർവഹണം. ഒരു കൂട്ടം ടൈപ്പുകളുടെ ആട്ടവിസ്മയം. റിയലിസ്റ്റിക് അവതരണരീതി.
രണ്ടാം ലോകമഹായുദ്ധകാലവും അക്കാലത്തെ രാഷ്ട്രീയസാഹചര്യങ്ങളും ഫാഷിസവുമൊക്കെ പശ്ചാത്തലമായി ഉള്ളതുകൊണ്ട് നാടകത്തിന് രാഷ്ട്രീയമുണ്ട് എന്നതും നിസ്തർക്കമാണ്. പക്ഷെ വിശപ്പിനോട് ചേർത്തുവച്ച് നാടകത്തെ കുറേക്കൂടി സാർവകാലികമാക്കാനാണ് സംഘം ശ്രമിക്കുന്നത് എന്ന് തോന്നുന്നു. നാടകം തുടങ്ങുന്നതും ഒടുങ്ങുന്നതും വിശപ്പിലാണ്. നാടകത്തിൽ ഫാഷിസം ഇടപെടുന്ന ഒരു നല്ല സന്ദർഭം വിശപ്പിലാണ്. തീൻമേശയിലേക്ക് കാലുകൾ കയറ്റിവച്ച് എക്സർസൈസ് ചെയ്യുന്ന പ്രഷ്യനധികാരം പിന്നീട് കഴിക്കാൻ അനുവാദം കൊടുക്കുന്നു. പട്ടാളച്ചിട്ടയിലാണ് പിന്നീടുള്ള തീറ്റ. നാടകത്തിലെ ഗംഭീരമായ രംഗങ്ങളിലൊന്നാണ് അത്.
ബ്ലാക് ബോക്സിലെ കാണികളുടെ എണ്ണം പരിമിതപ്പെടുത്തേണ്ട സാഹചര്യം ഇത്തവണ അവസാന ദിവസങ്ങളിൽ ഉണ്ടായി. അത് നേരത്തേ ചെയ്യാമായിരുന്നു.
നാടകം പ്രമേയംകൊണ്ടല്ല രൂപം കൊണ്ടാണ്, അതിൻ്റെ അയത്നലാളിത്യം കൊണ്ടാണ് മികച്ചതാകുന്നത്. ഭക്ഷണമാണ് നാടകത്തിൽ ഏറ്റവും കൂടുതൽ ഇടപെടുന്നത് എന്നു കാണാം. യാത്രയിൽ Dumpling എല്ലാവർക്കുമായി നല്കുന്ന ഭക്ഷണം മുതൽ കുതിരവണ്ടിക്കാരൻ വിസ്തരിച്ചും ആവർത്തിച്ചും വിളമ്പുന്ന പലതരം ഭക്ഷണങ്ങളിലൂടെ സഞ്ചരിച്ച് അവസാനം Dumpling- ന് കൊടുക്കാതെ മറ്റുള്ളവർ കഴിക്കുന്ന ഭക്ഷണം വരെയാണ് ഒരർഥത്തിൽ നാടകം കളിച്ചുതീരുന്നത്. മറ്റെല്ലാം ഇതിനിടയിൽ വന്നുപോകുന്ന ഉപകഥകളോ ഉപവിഷയങ്ങളോ ആണ് എന്നും പറയാം. നാടകത്തിന്റെ വിഷയം അതുകൊണ്ടുതന്നെ വിശപ്പും ഭക്ഷണവും തന്നെയാകുന്നു.
സവിശേഷമായ ഒരു കഥയോ പരിണാമഗുപ്തിയോ നിർവഹണമോ ഇല്ലാതെതന്നെ വളരെ രസകരമായി മനുഷ്യർ സ്വയം ദ്വന്ദ്വസ്വഭാവങ്ങളിലേക്ക് പരകായപ്പെടുന്നതിന്റെ സാർവവലൗകികമായ ആവിഷ്കാരമാണ് നാടകം അരങ്ങേറിക്കാണിച്ചത്. ഒരു ഭദ്രമായ രചനാപാഠം എന്ന നിലയിലല്ല, ശില്പയുക്തമായ രംഗപാഠമാണ് Dumpling മികച്ച അനുഭവമാകുന്നത്. അത്രമേൽ സ്വാഭാവികമായും ആസ്വദിച്ചും മത്സരിച്ചഭിനയിക്കുന്ന, തുല്യമായ പങ്കാളിത്തമുള്ള നടീനടന്മാരുടെ അത്ഭുതകരമായ പ്രകടനമായിരുന്നു അത്. ഒരു ചരടിൽ കോർത്ത മുത്തുകൾ എന്നൊക്കെ ഏതാണ്ട് പൂർണ്ണമായും ആക്ഷരികമാകുന്നതരം പ്രകടനം. അർമേനിയൻ സംവിധായിക നാരിൻ ഗ്രിഗോറിയനും പിന്നണിയിലുള്ളവർക്കും നന്ദി.
ലോകപ്രശസ്ത സ്പാനിഷ് നൃത്ത- നാടക സംഘമായ കാര്‍ലിക് ഡാന്‍സ തിയേറ്ററോ അവതരിപ്പിച്ച നാടകമായിരുന്നു ലൂസിയ ജോയ്സ് എ സ്മാള്‍ ഡ്രാമ ഇന്‍ മോഷൻ. ബ്ലാക്ക്ബോക്സിലെ ഒതുങ്ങിയ രംഗവേദിയിൽനിന്നു പക്ഷെ നാടകം പറയാതെ പറയുന്ന കഥകളും ചരിത്രവും ചേർന്ന് കവിഞ്ഞൊഴുകി. എഴുത്തും എഴുത്തിലെ സംഘർഷവും അതിൻ്റെ സ്വാർഥവും പ്രണയവും പ്രണയനിരാസവും നൃത്തവും ഉന്മാദവും സ്ത്രൈണകലയുമൊക്കെ ഭാവവും രൂപവുമായി ഇണങ്ങിച്ചേർന്ന് അവതരിപ്പിക്കപ്പെട്ടു. ജെയിംസ് ജോയ്സും മകൾ ലൂസിയയും അവളുടെ കാമുകനായ ബെക്കറ്റുമൊക്കെയായി കഥയും ചരിത്രവും ഓർമ്മിപ്പിച്ച് അരങ്ങിലെത്തി.

ഫ്രാങ്കസ്റ്റൈൻ പ്രൊജക്ട് അതിൻ്റെ വിഷയത്തിനപ്പുറമുള്ള നാട്യത്തിൻ്റെ വിസ്മയത്തിലാണ് തിളങ്ങിയത്. ഒരാൾ അയാളുടെ മുഴുവൻ സാധ്യതകളുമെടുത്ത് പകർന്നാടുന്നതിൻ്റെ അത്ഭുതക്കാഴ്ചയായി നാടകം. മേരി ഷെല്ലിയുടെ രചനയ്ക്ക് റോമൻ ലാമോസാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ലൂസിയാന മൻസൂറിൻ്റെ ഒറ്റയാൾപ്രകടനമാണ് ഈ നാടകത്തെ മികച്ചതാക്കിയത്. പാവനാടകരൂപത്തിന് മികച്ച വർത്തമാനമാതൃകയൊരുക്കാൻ ഈ പ്രകടനത്തിന് കഴിഞ്ഞു.
ദ നെതർ എന്ന നാടകം പൂനെയിലെ ആസക്ത കലാ മഞ്ച് എന്ന നാടകക്കൂട്ടത്തിൻ്റെ മികച്ച അവതരണമായിരുന്നു. ജെന്നിഫർ ഹാലിയുടെ വിഖ്യാത നാടകമാണിത്. അവിടെയെത്തുമ്പോൾ ആക്ടിങ്ങിൽനിന്ന് വേദിയിലേക്കും പ്രമേയത്തിലേക്കും നമുക്ക് കൂടുമാറേണ്ടിവരും. എന്താണ് യാഥാർഥ്യം എന്ന ഗൗരവപ്പെട്ട ചോദ്യമാണ് നെതർ ഉന്നയിക്കുന്നത്. വെർച്വൽ എന്നത് റിയലിനേക്കാൾ റിയലാകുന്ന, ഒരുപക്ഷെ അതിയാഥാർഥ്യമോ അതിവിദൂരമല്ലാത്ത യാഥാർഥ്യമോ ആയി പരകായപ്പെടുന്നത് നാടകം സമർഥമായി ആവിഷ്കരിച്ചു.
സംഘാടനത്തിലെ, തെരഞ്ഞെടുപ്പിലെ ശ്രദ്ധക്കുറവോ മറ്റ് സാമ്പത്തിക പരിമിതികളോ ചില നാടകങ്ങളുടെ അവതരണത്തെ ബാധിച്ചതായി കണക്കാക്കേണ്ടിവരുന്നു.
കേരളത്തിലെ ഏറ്റവും വലിയ നാടകോത്സവം എന്ന നിലയിൽ ITFOK-ന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ സമീപവർഷങ്ങളിൽ സാമ്പത്തികമടക്കമുള്ള പ്രതിസന്ധികളാണ് മേളയെ സംബന്ധിച്ച് കേൾക്കുന്നത്. ഈ പരിമിതി മേള ഒഴിവാക്കണോ എന്ന ആലോചനയിലേക്ക് വരെ കഴിഞ്ഞ വർഷം നീങ്ങി. പിന്നീട് നടന്നപ്പോഴാകട്ടെ ആ പരിമിതി പ്രകടമായി അനുഭവപ്പെടുകയും ചെയ്തു. മികച്ച ലോകനാടകങ്ങൾ എത്തണമെങ്കിൽ വലിയ തുകകൾ ചെലവഴിക്കേണ്ടിവരും എന്നത് വസ്തുതയാണ്. മികച്ച വേദികളും ഒരുക്കേണ്ടിവരും. എന്നാൽ നമ്മുടെ പരിമിതികൾ ഈ രംഗങ്ങളിലെല്ലാം ദയനീയമാണ്. സ്ഥിരം നാടകവേദികൾ എന്ന ആവശ്യമൊക്കെ ലേഖകൻ അടക്കം എത്രയോപേർ എത്രയോ കാലമായി ചൂണിക്കാണിക്കുന്നതാണ്. വൈകിയാണെങ്കിലും ഇക്കാര്യങ്ങളിൽ നല്ലത് കേൾക്കുന്നത് പ്രതീക്ഷയ്ക്ക് വക തരുന്നതുമാണ്. അപ്പോഴും കലയോടുള്ള നമ്മുടെ മനോഭാവം എത്രമേൽ ഉദാസീനമാണ് എന്നത് ആശങ്കയുണ്ടാക്കുന്നമുണ്ട്.

നാടകം എന്ന നിലയിൽ കേരളത്തിലെ നാടകരംഗത്തിനും ആസ്വാദനത്തിനും എന്തെങ്കിലും പുതിയ സംഭാവനകൾ നല്കാൻ കഴിയാത്ത അവതരണങ്ങൾ വരുംവർഷങ്ങളിലെങ്കിലും ഒഴിവാക്കാൻ ക്യുറേറ്റർമാർ ശ്രദ്ധിച്ചേ തീരൂ. വേദികൾ തമ്മിലുള്ള അകലം കണക്കിലെടുത്തുവേണം ഷെഡ്യൂളിങ്ങ്. സ്കൂൾ ഓഫ് ഡ്രാമയിലെ വർക്കുകൾ കാണാൻ പലപ്പോഴും പ്രയാസം അനുഭവപ്പെടുന്നു. ബ്ലാക് ബോക്സിലെ കാണികളുടെ എണ്ണം പരിമിതപ്പെടുത്തേണ്ട സാഹചര്യം ഇത്തവണ അവസാന ദിവസങ്ങളിൽ ഉണ്ടായി. അത് നേരത്തേ ചെയ്യാമായിരുന്നു. എണ്ണം കുറവായാലും മികച്ച വർക്കുകൾ, കൂടുതൽ ഷോകൾ എന്നിങ്ങനെയാവും ഫെസ്റ്റിവൽ നന്നാവുക എന്നുതോന്നുന്നു.
