ഇന്ത്യയിൽ കേരളത്തെപ്പോലെയുള്ള ചെറിയൊരു സംസ്ഥാനത്തിന് 16 വർഷം തുടർച്ചയായി അന്തർദേശീയ നാടകോത്സവം സംഘടിപ്പിക്കാനായി എന്നത് ഭരണപരമായ നേട്ടം മാത്രമല്ല; അതൊരു സാംസ്കാരിക അനിവാര്യതയും അരങ്ങു കലാകാരരുടെ ആഘോഷവുമാണ്.
ആദിമകാലം മുതൽ പല കാലങ്ങളായി രൂപം കൊണ്ട പ്രകടനകലകളും, വിപ്ലവകരമായ കലാചിന്തനങ്ങളും രൂപം കൊണ്ട കേരള ദേശത്തിൻ്റെ സാംസ്ക്കാരിക, രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിൽ നിലകൊള്ളുന്ന സംഗീത നാടക അക്കാദമിയുടെ കേരള അന്തർദേശീയ നാടകമേള (ITFOK) സമകാലീന നാടകത്തിൻ്റെ ഭാഷ, രാഷ്ട്രീയം, രൂപം, ലക്ഷ്യം, പരിശീലനം, സാങ്കേതികത എന്നിവ പുനഃപരിശോധിക്കുന്നതിൽ നിർണ്ണായക സ്ഥാനമാണ് കൈവരിക്കുന്നത്.
ലോക നാടകവേദിയിൽ നടക്കുന്ന പുതു പ്രവണതകളും സംവാദങ്ങളും പരീക്ഷണങ്ങളും സാങ്കേതികമാറ്റങ്ങളും ITFOK വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് കേരളത്തിൻ്റെ അരങ്ങു ഭാഷയെയും രീതിസമ്പ്രദായങ്ങളേയും വിപുലപ്പെടുത്തുന്നതിലും കാലാനുസൃതമായ മാറ്റം വരുത്തുന്നതിലും അന്തർദേശീയ നാടകോൽസവത്തിനുള്ള പങ്ക് നിർണ്ണായകമാണ്.
നാടകകലാകാരരും പ്രേക്ഷകരും അധികാരികളും ഒക്കെ ചേർന്ന് ഇന്നത്തെ കേരളീയ സാഹചര്യത്തിൽ നാടകം എങ്ങനെ നിർമ്മിക്കപ്പെടുന്നു, സ്വീകരിക്കപ്പെടുന്നു എന്നതിനെ കുറിച്ച് സ്വയം വിമർശനാത്മകമായി ചോദ്യം ചെയ്യപ്പെടാനുള്ള അവസരം കൂടിയാണ് ITFOK സൃഷ്ടിച്ചെടുക്കുന്നത്. അത്തരം ആരോഗ്യപരമായ സംവാദങ്ങളിലേക്കും ചിന്തകളിലേക്കുമായിരിക്കണം നാടകോത്സവാനന്തരം ശ്രദ്ധ ചെലുത്തേണ്ടത്.

ലോക നാടകവേദിയിലെ ശ്രദ്ധേയ സംവിധായകനും സംഘാടകനും നാടകാദ്ധ്യപകനും സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ് ഡയറക്ടറുമായ ഡോ. അഭിലാഷ് പിള്ളയുടെ നേതൃത്വത്തിലുള്ള Festival Directorate / Curators സംഘമാണ് ഇത്തവണത്തെ നാടക ഫെസ്റ്റിവലിൻ്റെ രൂപകൽപ്പനയിൽ പങ്കെടുത്തത്. ഇന്ത്യയിലെ ശ്രദ്ധേയയായ നാടക പ്രവർത്തക അനാമിക ഹക്സർ, എം.ജി. ജ്യോതിഷ്, ശ്രീജിത്ത് രമണൻ, ശ്രീലങ്കയിൽ നിന്നുള്ള റുവാന്തി ദെ ചികേര എന്നിവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ നാടകങ്ങളുടെ തിരഞ്ഞെടുപ്പിനായി നാടക പ്രവർത്തകരായ മല്ലികാ പ്രസാദ്, സുനിൽ ഷാൻബാഗ്, ബാബു അന്നൂർ എന്നിവരും ഇതിൻ്റെ ഭാഗമായി പ്രവർത്തിച്ചു.
വിയോജനശബ്ദങ്ങളെ അടിച്ചമർത്തുകയും മൂടിക്കെട്ടുകയും ചരിത്രം പുനരെഴുതപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ നിശ്ശബ്ദതയിലെ ഓരോ ചെറിയ പോരാട്ടവും ഒരു പ്രകമ്പനമായി മാറേണ്ടതുണ്ട്.
വളരെ ആഴത്തിലുള്ള കലാപരമായ പ്രതിബദ്ധത പുലർത്തുന്ന ഈ വ്യക്തികളുടെ അനുഭവസമ്പത്തും ദർശനസമ്പന്നതയും ചോദ്യം ചെയ്യാനും വ്യത്യസ്ത ധാരകളിലൂടെ കാണാനും കരുതലോടെ സമീപിക്കാനും കഴിഞ്ഞതിൻെറ അടിസ്ഥാനത്തിൽ നടന്ന സംവേദനങ്ങൾ കൂടിച്ചേർന്നാണ് ഈ ഫെസ്റ്റിവലിന്റെ ആശയം രൂപപ്പെട്ടത്.
ഇന്നത്തെ കാലത്ത് നാടകം ആരോടാണ് സംസാരിക്കേണ്ടത്, അത് ജീവിക്കുന്ന ലോകത്തോട് എങ്ങനെ ജാഗരൂഗമായിരിക്കണം എന്നതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ, വിയോജിപ്പുകൾ, ചിന്തകൾ എന്നിവയെല്ലാം പ്രകടമാക്കി തന്നെയായിരുന്നു 16ാം ഇറ്റ്ഫോക്കിൻെറ രൂപീകരണത്തിലേക്ക് ക്യുറേറ്റേഴ്സ് കടന്നത്.
ഇത്തവണത്തെ പ്രധാന ആശയമായി മുന്നോട്ടുവെച്ചത് ‘നിശ്ശബ്ദതയിലെ ശബ്ദങ്ങൾ’ എന്ന പ്രതിരോധ മുദ്രാവാക്യമാണ്. വിയോജനശബ്ദങ്ങളെ അടിച്ചമർത്തുകയും മൂടിക്കെട്ടുകയും ചരിത്രം പുനരെഴുതപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ നിശ്ശബ്ദതയിലെ ഓരോ ചെറിയ പോരാട്ടവും ഒരു പ്രകമ്പനമായി മാറേണ്ടതുണ്ട്. അതിനാലാണ് ലോകമെമ്പാടും വലിയ പ്രകമ്പനം സൃഷ്ടിക്കുന്ന നാടകപ്രയോക്താക്കളെയും നാടകപരീക്ഷണങ്ങളെയും കലാകാരരെയും ഭൂപ്രദേശങ്ങളെ മറികടന്ന് ഇറ്റ്ഫോക്കിലേക്ക് എത്തിക്കാൻ ക്യുറേറ്റേഴ്സ് ശ്രമിച്ചത്.

ഞങ്ങളുടെ ക്യുററ്റോറിയൽ സമീപനം തികച്ചും നിശ്ശബ്ദതയിലെ ശബ്ദങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു, അടയാളപ്പെടുത്തുന്നതായിരുന്നു. അതിൻെറ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പലസ്തീനിൽ നിന്നുള്ള The last play in Gaza. വിസ നിഷേധിച്ചതിനാൽ നാടകസംഘത്തിന് എത്താനായില്ലെങ്കിലും നാടകപ്രവർത്തകരുടെ നിസ്സീമമായ ഐക്യദാർഢ്യം മുഖേന ഈ നാടകോത്സവത്തിലെ ഏറ്റവും വലിയ ശബ്ദമായി ആ നാടകസംഘത്തിൻെറ അസാന്നിധ്യം. വാർത്താമാധ്യങ്ങളിലൂടെയും നാടകപ്രവർത്തകരുടെ സോഷ്യൽ മീഡിയാ ഇടങ്ങളിലൂടെയും ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ടതും ഈ നാടകത്തോടുള്ള നാടകപ്രവർത്തകരുടെ ഐക്യദാർഢ്യവും സ്നേഹവുമായിരുന്നു. അതോടൊപ്പം, പലസ്തീനിൽ നിന്നെത്തിയ Oranges and Stones എന്ന നാടകവും പ്രേക്ഷകഹൃദയം കവർന്നാണ് മടങ്ങിയത്. ലണ്ടനിൽ നിന്നുള്ള മോജിസോളയായിരുന്നു ഇതിൻെറ സംവിധായിക.
22 നാടകങ്ങളുടെ 44 അവതരണങ്ങൾ.
9 അന്തർദ്ദേശീയ നാടകങ്ങൾ:
ഫ്രാങ്കൻസ്റ്റെയ്ൻ പ്രൊജക്ട് (അർജൻറീന), ഹാംലറ്റ് ടോയ്-ലറ്റ് (ജപ്പാൻ), വൗ (സ്ലോവാക്യ), ഡബ്ലിംഗ് (അർമേനിയ), എ സ്ക്രീം ഇൻ ദി ഡാർക്ക് (ബ്രസീൽ), ലൂസിയ ജോയ്സ് എ സ്മാൾ ഡ്രാമ ഇൻ മോഷൻ (സ്പെയിൻ), ഓറഞ്ചസ് ആൻറ് സ്റ്റോൺസ് (പലസ്തീൻ), റോമിയോ ആൻറ് ജൂലിയറ്റ് (ഡെൻമാർക്ക്).
എട്ട് ഇന്ത്യൻ നാടകങ്ങൾ:
അഗർബത്തി (മധ്യപ്രദേശ്), കുലാങ് ബുർഹി (ആസ്സാം), മാൽപ്രാക്ടീസ് ആൻറ് ദി ഷോ (പൂനെ), നൂറമ്മ ബിരിയാണി (തമിഴ്നാട്), മിസോ (മുംബൈ), സംതിങ് ലൈക് ദി ട്രൂത്ത് (പൂനെ), ദി ഫാർ പോസ്റ്റ് (മുംബൈ), ദി നെതർ (പൂനെ), അണ്ടർ ദി മാങ്കോസ്റ്റിൻ ട്രീ (ചെന്നൈ).
മലയാളത്തിൽ നിന്നുള്ള അഞ്ച് ശ്രദ്ധേയ നാടകങ്ങൾ:
ബൈ ബൈ ബൈപ്പാസ്, കൂ ഹൂ ആൻ ആന്തോളജി ഓൺ ട്രെയിൻ, നൻമയിൽ ജോൺ ക്വിഹോത്തെ, സ്ക്രീമർ, മാടൻ മോക്ഷം.
വ്യത്യസ്തമായ നാടകരീതി സമ്പ്രദായങ്ങളും വിഷയവൈവിധ്യങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു നാടകങ്ങളുടെ തെരഞ്ഞെടുപ്പ്.
ഇത്തവണത്തെ ഇറ്റ്ഫോക്ക് കടുത്ത സാമ്പത്തിക നിയന്ത്രണത്തിനിടയിലൂടെയാണ് സാക്ഷാത്കരിച്ചത്. അതിനാൽ, കഠിനമായ തീരുമാനങ്ങൾ ഞങ്ങൾക്ക് എടുക്കേണ്ടിവന്നു. മികച്ച ചില നാടങ്ങളെങ്കിലും സാമ്പത്തികച്ചെലവുകൾ കാരണം അവസാനനിമിഷം ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്.
പാനൽ ചർച്ചയിൽ ഉൾപ്പെടുത്തിയ രണ്ട് വിഷയങ്ങൾ വരുംകാല ഇറ്റ്ഫോക്കുകളുടെ ഗതി നിർണയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന തരത്തിലുള്ളതാണ്. വ്യത്യസ്ത മേഖലകളിൽ തൻേറതായ ഇടം സൃഷ്ടിച്ച പെൺകരുത്തിൻെറ ശബ്ദങ്ങൾ നാടകലോകത്തിന് കൂടി മാതൃകയാവേണ്ടതാണ്.
ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത് കടലിൽ പോവുന്നതിന് ലൈസൻസ് നേടിയ ആദ്യ മലയാളി വനിത രേഖ കാർത്തികേയൻ, പ്രശസ്ത ഫോട്ടോഗ്രാഫർ ബിന്ദു കൊടുങ്ങല്ലൂർ, കേരളത്തിലെ ആദ്യ വനിതാ ട്രാക്ക് ഡ്രൈവർമാരിൽ ഒരാളായ ജാസ്മി സഞ്ജു, ആദ്യ വനിതാ കഥകളി ക്ലബ്ബിൻെറ അമരക്കാരിയായ ഗീത വർമ എന്നിവരായിരുന്നു.
രണ്ടാമത്തെ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത് പ്രായോഗിക നാടകവേദിയുടെ വക്താവായ മനു ജോസ്, സാം ജോർജ്, ജെനിൽ മിത്ര, മാനസിക - ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ സ്ഥാപനം നടത്തുന്ന ഡോ. ഭാനുമതി, ശാരീരിക പരിമിതികൾ ഉള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വിജു പോൾ എന്നിവരായിരുന്നു. അവതരണഇടങ്ങളും സാമൂഹ്യഇടങ്ങളും കൂടുതൽ ഭിന്നശേഷി സൗഹൃദമാവേണ്ടതിൻെറ ആവശ്യകതയിലൂന്നിയായിരുന്നു ഈ ചർച്ച മുന്നോട്ട് പോയത്.

ഇത്തവണത്തെ ഇറ്റ്ഫോക്ക് കടുത്ത സാമ്പത്തിക നിയന്ത്രണത്തിനിടയിലൂടെയാണ് സാക്ഷാത്കരിച്ചത്. അതിനാൽ, കഠിനമായ തീരുമാനങ്ങൾ ഞങ്ങൾക്ക് എടുക്കേണ്ടിവന്നു. മികച്ച ചില നാടങ്ങളെങ്കിലും സാമ്പത്തികച്ചെലവുകൾ കാരണം അവസാനനിമിഷം ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്. ഇത്തവണത്തെ നാടകോത്സവം ഇൻക്ലൂസീവ് പെർഫോമൻസ് സ്പേസായി മാറണമെന്ന് ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഡിസേബിൾഡ് വ്യക്തികൾ, എൽ.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റി, കുട്ടികൾ, യുവാക്കൾ, കുടിയേറ്റ തൊഴിലാളികൾ, ദലിത് സമൂഹം, സ്ത്രീകൾ, മുതിർന്ന പൗരർ, കാലാവസ്ഥാ പ്രതിസന്ധി ബാധിതർ, ആദിവാസി ഗോത്ര വിഭാഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം പൂർണമായി ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിലും ചിലതിനെങ്കിലും തുടക്കം കുറിയ്ക്കാൻ ഇറ്റ്ഫോക്കിന് സാധിച്ചിട്ടുണ്ട്. വരുംവർഷങ്ങളിൽ ഇതിൻെറ പ്രതിഫലനം ഉണ്ടാവുമെന്ന കാര്യത്തിലും സംശയമൊന്നുമില്ല.
ലോക നാടകവേദിയിൽ ഇറ്റ്ഫോക്ക് കൂടുതൽ അടയാളപ്പെടുത്തുന്ന ഈ കാലത്ത് നാം അടിയന്തരമായി പുനപരിശോധിക്കേണ്ടത് നമ്മുടെ ഇടങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളാണ്.
ഏറ്റവും ശ്രദ്ധേയമായ ഒരു സെഷൻ ഗുജറാത്തിൽ നിന്നുള്ള പ്രമുഖ നാടകപ്രവർത്തകൻ ദക്ഷിൺ ചാരെയുടെ സാന്നിധ്യവും വർത്തമാനവുമായിരുന്നു. ‘‘ഞാനൊരു നാടകക്കാരനായി മാറിയില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ മുന്നിൽ നിൽക്കുന്നതിന് പകരം ഇപ്പോൾ ഏതെങ്കിലും ജയിലിൽ ആയിരിക്കുമായിരുന്നു’ എന്ന അദ്ദേഹത്തിൻെറ പ്രസ്താവന മാത്രം മതി, ആ നാടകപ്രവർത്തകൻ സ്വന്തം കമ്മ്യൂണിറ്റിയിൽ നാടകം കൊണ്ട് നടത്തിയ വിപ്ലവകരമായ പ്രവർത്തനങ്ങളുടെ ആഴം മനസ്സിലാക്കാൻ. നാടകരചയിതാവ്, സംവിധായകൻ, നടൻ, സിനിമാപ്രവർത്തകൻ, ആശയപ്രചാരകൻ എന്നീ നിലകളിൽ ഗുജറാത്ത് നാടകവേദിയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ദക്ഷിൺ ചാരെ. കള്ളൻമാർ ധാരാളമുള്ളതിനാൽ കുപ്രസിദ്ധിയാർജ്ജിച്ച ചാര സമൂഹത്തിൽ നിന്നുള്ള അദ്ദേഹം നാടകപ്രവർത്തനത്തിലൂടെ ഒട്ടേറെ പേരെ സമൂഹത്തിൻെറ മുഖ്യധാരയിലേക്ക് പിടിച്ചുയർത്തിയത് തിയേറ്റർ പ്രവർത്തനങ്ങളിലൂടെയായിരുന്നു. സ്വന്തം ജീവിതത്തെക്കുറിച്ച് അദ്ദേഹം വിശദമായി നടത്തിയ പ്രസംഗം സമകാലീന ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ അവസ്ഥകളെ പൂർണമായി തുറന്ന് കാണിക്കുന്നതായിരുന്നു. തേജ് ഗദ്ധയിലെ നാഷണൽ ട്രൈബൽ അക്കാദമിയിലെ അധ്യാപകനെന്ന നിലയിൽ അദ്ദേഹം കർമ്മനിരതനാണ്.
ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യരംഗത്ത് ബദൽ ശക്തിയായി അടിസ്ഥാനവിഭാഗങ്ങൾക്ക് വേണ്ടി എന്നും പോരാടിക്കൊണ്ടിരിക്കുന്ന ഡോക്യുമെൻററി ഫിലിം മേക്കർ ആനന്ദ് പട് വർദ്ധൻെറ സാന്നിധ്യവും ഇത്തവണത്തെ ഇറ്റ്ഫോക്കിൻെറ കരുത്തുറ്റ ശബ്ദമായിരുന്നു.
സ്വാതി ദുബെ (മധ്യപ്രദേശ്), ജ്യോതി ദുഗ്ര (മുംബൈ), പർണ പീതെ (പൂനെ), യാഖി ഏലിയാസ് (മുംബൈ), നരെയ്ൻ ഗ്രിഗോറിയൻ (അർമേനിയ), ക്രിസ്റ്റീന ഡി സിൽവേറിയ (സ്പെയിൻ), മോജിസോള (ലണ്ടൻ), ഇനാത് വെയ്സ്മാൻ (പലസ്തീൻ) തുടങ്ങി പകുതിയിലേറെയും നാടകങ്ങളുടെ സംവിധായകർ സ്ത്രീകളായിരുന്നു. അതിൽതന്നെ പൂനെയിൽ നിന്നുള്ള സംതിങ് ലൈക്ക് ട്രൂത്ത്, മധ്യപ്രദേശിൽ നിന്നുള്ള അഗർബത്തി എന്നീ നാടകങ്ങളിൽ പരിപൂർണമായും സ്ത്രീസാന്നിധ്യമാണ് ഉണ്ടായിരുന്നത്.

അടുത്തിടെ നമ്മോട് വേർപിരിഞ്ഞ നാടകപ്രവർത്തകൻ വിജേഷിന്റെയും ഗോപാലൻ അടാട്ട്, സജീവ് കീഴരിയൂർ എന്നിവരുടെയും 22 തിയേറ്റർ സ്കെച്ചുകളുടെ എക്സിബിഷൻ, നിശ്ശബ്ദ വിപ്ലവം നടത്തിയ കലാലോകത്തെ പ്രവർത്തനങ്ങളെ അടയാളപ്പെടുത്തിയ ഡോക്യുമെൻററികളുടെ പ്രദർശനം, അരികുവൽക്കരിക്കപ്പെട്ട ജനതയുടെ ശബ്ദമായി മാറിയ വയനാട് കൂർഗിലെ ഗോത്രവിഭാഗത്തിൻെറ ആർപ്പോ എർത്ത്ലോർ, അംബേദ്കർ ആശയങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് രൂപം കൊണ്ട മഹാരാഷ്ട്രയിൽ നിന്നുള്ള എൽഗാസ്, സതി ഫോക്ക് ഫ്യൂഷൻ ബാൻഡ്, വിവിധ സംസ്ഥാനങ്ങളിലെ നാടോടി ഗോത്രരൂപങ്ങളുടെ അവതരണങ്ങൾ തുടങ്ങീ ഒട്ടനവധി പരിപാടികളാൽ സമ്പന്നമായിരുന്നു ഇത്തവണത്തെ ഇറ്റ്ഫോക്ക്. കൂടാതെ സമകാലീന മലയാള നാടകവേദിയിലെ ശ്രദ്ധേയമായ അഞ്ച് നാടകങ്ങളുടെ അവതരണവും.
ലോക നാടകവേദിയിൽ ഇറ്റ്ഫോക്ക് കൂടുതൽ അടയാളപ്പെടുത്തുന്ന ഈ കാലത്ത് നാം അടിയന്തരമായി പുനപരിശോധിക്കേണ്ടത് നമ്മുടെ ഇടങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളാണ്. ആശയപരമായി നാം ഏറെ മുന്നിലാണെങ്കിലും നാടകമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ നാം ഏറെ പിന്നിലാണ്. ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാൻ അധികാരിവർഗ്ഗം ശ്രദ്ധിക്കേണ്ടതുണ്ട്. മതിയായ ഇരിപ്പിടങ്ങളുള്ള വിവിധ മാതൃകകളുള്ള നാടകശാലകൾ, ശാസ്ത്രീയമായ ടിക്കറ്റിങ് സംവിധാനങ്ങൾ, പ്രൊഫഷണൽ നിലവാരത്തിലുള്ള സാങ്കേതിക വിദഗ്ദർ, സാങ്കേതിക സൗകര്യങ്ങൾ എന്നിവയുടെയെല്ലാം കാര്യത്തിൽ നാം വലിയ പുരോഗതി നേടേണ്ടതുണ്ട്.
ലോക നാടകവേദിയുടെ ശ്രദ്ധാകേന്ദ്രമായി തൃശ്ശൂർ മാറാൻ സ്കൂൾ ഓഫ് ഡ്രാമയുടെ ഇൻറർനാഷണൽ തിയേറ്റർ ഫെസ്റ്റിവെൽ ഓഫ് ആർട്സ് (ഐഎഫ്ടിഎസ്), ഇറ്റ്ഫോക്ക് എന്നിവ വലിയ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുതകുന്ന ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ദീർഘവീക്ഷണമുള്ള രാഷ്ട്രീയനേതൃത്വത്തിനും സാംസ്കാരിക പ്രവർത്തകർക്കും സാധിക്കട്ടെ. എല്ലാം നിശ്ശബ്ദമായാലും നാടകവും നാടകപ്രവർത്തരും ശബ്ദിച്ചുകൊണ്ടേയിരിക്കും, നിശ്ശബ്ദതയിലെ ശബ്ദങ്ങൾ…
