അരങ്ങിനായി ഒരുങ്ങുന്ന പെണ്ണുങ്ങൾ, ഒരു ഇറ്റ്‌ഫോക്ക് കാഴ്ച

ഇന്ത്യയിൽ നിന്നും പുറത്തുനിന്നുമുള്ള നാടകങ്ങൾക്കപ്പുറം ഇറ്റ്‌ഫോക്കിന്റെ പതിമൂന്നാമത്തെ എഡിഷൻ വലിയ ചരിത്ര ദൗത്യം നിർവ്വഹിക്കുന്നുണ്ട്. ആർക്കിടെക്ടുകളുമായി ചേർന്നുള്ള വേദികളുടെ ഡിസൈൻ, നാടകങ്ങൾക്കൊപ്പം ഇക്കൊല്ലം വിവിധ ശാഖകളിൽ നിന്നുള്ള സംഗീത പരിപാടികൾ, സ്ത്രീ നാടക പ്രവർത്തകർക്കു വേണ്ടിയുള്ള നാടക ശില്പശാല തുടങ്ങിയവ അതിൽ പ്രധാനപ്പെട്ട മുന്നേറ്റങ്ങൾ ആണ്.

തിമൂന്നാമത് അന്തർദേശീയ നാടകോത്സവത്തിലെ സ്ത്രീ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്. പ്രത്യേകിച്ച് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) കുടുംബശ്രീയും സംഗീതനാടക അക്കാദമിയും ചേർന്ന് ഇറ്റ്ഫോക്കിന്റെ ഭാഗമായി ആറു ദിവസമായി നടത്തുന്ന നാടക പരിശീലന കളരിയിലെ 53 അംഗങ്ങൾ ആഹ്ലാദഭരിതരാണ്. കാരണം വൈവിധ്യം നിറഞ്ഞ നാടക പരിശീലനവും അനുഭവവുമാണ് ക്യാമ്പിൽ എന്നാണ് അംഗങ്ങൾ പറയുന്നത്.

ഇതിൽ കാൽ നൂറ്റാണ്ടായി അമേച്വർ നാടക രംഗത്തുള്ളവരും നാടകത്തിലെത്തിയ പുതുമുഖങ്ങളും നാടകവും സിനിമയും സജീവമായി ചെയ്യുന്നവരും നാടകത്തിലൂടെ സിനിമയിലെത്തിയവരുമുണ്ട്.

കഴിഞ്ഞ ഒൻപതു വർഷമായി നാടകവേദിയിലുള്ള പാലക്കാട് തേങ്കുറിശ്ശിയിൽ നിന്നെത്തിയ കാഞ്ചന പറയുന്നത് ഈ ക്യാമ്പിൽ പങ്കെടുത്തില്ലായിരുന്നുവെങ്കിൽ ജീവിതത്തിൽ വലിയ നഷ്ടമാകുമായിരുന്നു എന്നാണ്. ഇവരോട് സംസാരിച്ചുകൊണ്ടിരിക്കെ ആലപ്പുഴയിൽ നിന്ന് ക്യാമ്പിലെത്തിയ രാധ അടുത്തു വന്നു പറഞ്ഞു : “ഞങ്ങൾക്ക് നാടകത്തിന്റെ പല വശങ്ങളും കുറച്ചുകൂടെ ശാസ്ത്രീയമായി മനസ്സിലാക്കാനും പഠിക്കാനും ഇത് ഉപകാരമായി. നേരത്തെ മനസ്സിലാക്കി വെച്ചതിൽ നിന്നെല്ലാം വിപരീതമായ അറിവുകളാണ് കിട്ടിയത്.”

പെണ്ണൊരുമ്പെട്ടാൽ, സ്കറിയായുടെ മരണം തുടങ്ങിയ നാടകങ്ങളിലും ശുചിത്വ മിഷനുവേണ്ടിയുള്ള നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള രാധ. കുടുംബശ്രീയുടെ കീഴിലുള്ള “രംഗശ്രീ” തിയറ്റർ ഗ്രൂപ്പിലെ പ്രധാന അംഗവുമാണ്.

തീയേറ്റർ വർൿ‌ഷോപ്പിനിടെ അനുരാധ കപൂറും നാടകപ്രവർത്തകരും. Photo : Raneesh Raveendran

കാൽനൂറ്റാണ്ടായി നാടക രംഗത്തു പ്രവർത്തിക്കുന്ന രാധാമണി പ്രസാദ് പറയുന്നത് വളരെ വ്യത്യസ്തമായ പരിശീലനമാണ് ശില്പശാലയിൽ ലഭിക്കുന്നത് എന്നാണ്. ക്യാമ്പ് വിട്ട് പോകുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ സങ്കടം വരുന്നു എന്ന് നിഷ്കളങ്കമായി പറഞ്ഞുകൊണ്ട് കിലയിലെ അകത്തളത്തിലൂടെ നടക്കുകയായിരുന്ന മറ്റു അംഗങ്ങൾക്കൊപ്പമെത്താനായി അവർ ഓടി.

പൊൻകുന്നം വർക്കിയുടെ നാട്ടുകാരിയാണ് ഞാൻ. അറിയില്ലേ? എഴുത്തുകാരൻ? പിന്നേണ്ട് ഞങ്ങടെ നാട്ടുകാരൻ ‘പച്ചപ്പനംതത്തെ’ ന്ന പാട്ടെഴുതിയ പൊൻകുന്നം ദാമോദരനും ഞങ്ങടെ നാട്ടുകാരാണ്. ഇങ്ങനെപറഞ്ഞുകൊണ്ട് കെ.എൻ. ഷീബ എന്ന ക്യാമ്പംഗം ഓടിയെത്തി.

998 ൽ തുടങ്ങിയ സാക്ഷരതാ മിഷൻ പ്രവർത്തനത്തിലൂടെയാണ് ഷീബ സാംസ്കാരിക രംഗത്ത് എത്തിയത്. അതിനുള്ള കലാ ജാഥകളിലും തുടർന്നുള്ള ജനാധികാര കലാജാഥകളിലും വളരെ സജീവമായിരുന്നു. ഈ ക്യാമ്പ് വളരെ നല്ല അനുഭവമാണ് എന്നു പറഞ്ഞുകൊണ്ട് ഷീബ ക്യാമ്പ് അംഗങ്ങളുടെ ഫോട്ടോ സെഷനിൽ നിന്നു.

Photo : Raneesh Raveendran

ഫോട്ടോസ് എടുത്ത ശേഷം അംഗങ്ങൾ ആവേശത്തോടെ, പ്രശസ്ത തിയറ്റർ സംവിധായികയും പ്രൊഫസ്സറുമായ അനുരാധ കപൂർ കൊടുത്ത തിയറ്റർ വ്യായാമങ്ങളിലേക്കു പോയി. ഭാവന സ്വയം വികസിപ്പിക്കാനും തിയറ്ററിലെ വിഷ്വൽ രീതികൾ മനസ്സിലാക്കാനും ഉതകുന്ന എക്സസൈസുകൾ ആണ് അനുരാധ അവർക്ക് കൊടുത്തിരുന്നത്. നല്ല ഉന്മേഷത്തോടെയാണ് ഓരോ അംഗങ്ങളും അതിൽ വ്യാപൃതരായത്.

പ്രശസ്ത തിയറ്റർ പേഴ്സണായ എം.കെ. റെയ്നയാണ് ആദ്യ രണ്ടു ദിവസങ്ങളിലും ക്യാമ്പ് നയിച്ചത്. രണ്ടു ദിവസങ്ങളിൽ അനുരാധ കപൂറും അവസാന രണ്ടു ദിവസം നീലം മാൻസിംഗുമാണ് ക്യാമ്പിനു നേതൃത്വം നൽകുക.

മഹാരാഷ്ട്ര, കർണാടക, ഡൽഹി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നായി 7 അംഗങ്ങളും കേരളത്തിലെ പല ജില്ലകളിലെ കുടുംബശ്രീക്കു കീഴിലെ രംഗശ്രീ തിയേറ്റർ ഗ്രൂപ്പിൽ നിന്നുള്ള മുപ്പത് പേരും വിവിധ ജില്ലകളിൽ നിന്നുള്ള 13 അംഗങ്ങളും അട്ടപ്പാടിയിൽ നിന്ന് മൂന്ന് അംഗങ്ങളുമടക്കം 53 പേരാണ് ആറു ദിവസങ്ങളായി നടക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നത്.

Photo : Raneesh Raveendran

ക്യാമ്പിൽ മിക്ക ദിവസങ്ങളിലും തിയറ്ററിൽ സജീവമായി പ്രവർത്തിക്കുന്ന നന്ദജൻ ഉണ്ട്. ക്യാമ്പ് കോർഡിനേറ്റർ ആയി തിയറ്റർ മേഖലയിൽ നിന്നുള്ള ജലീൽ ടി. കുന്നത്തും സഹായിയായി തിയറ്റർ രംഗത്തുനിന്നുള്ള ഐശ്വര്യയും ക്യാമ്പ് അംഗങ്ങൾക്ക് മുഴുവൻ പിന്തുണയുമായി കൂടെയുണ്ട്. ഉച്ചവരെയുള്ള ശില്പശാല കഴിഞ്ഞാൽ സംഗീത നാടക അക്കാദമിയിലെ ഇറ്റ്ഫോക്ക് വേദികളിലെ നാടകങ്ങൾ കാണാൻ എല്ലാദിവസവും അംഗങ്ങൾ എത്തുന്നുണ്ട്.

ഇന്ത്യയിൽ നിന്നും പുറത്തുനിന്നുമുള്ള നാടകങ്ങൾക്കപ്പുറം ഇറ്റ്ഫോക്കിന്റെ പതിമൂന്നാമത്തെ എഡിഷൻ വലിയ ചരിത്ര ദൗത്യം നിർവ്വഹിക്കുന്നുണ്ട്. ഇറ്റ്ഫോക്ക് ആർക്കിടെക്ടുകളുമായി ചേർന്നുള്ള വേദികളുടെ ഡിസൈൻ, നാടകങ്ങൾക്കൊപ്പം ഇക്കൊല്ലം വിവിധ ശാഖകളിൽ നിന്നുള്ള സംഗീത പരിപാടികൾ, സ്ത്രീ നാടക പ്രവർത്തകർക്കു വേണ്ടിയുള്ള നാടക ശില്പശാല തുടങ്ങിയവ അതിൽ പ്രധാനപ്പെട്ട മുന്നേറ്റങ്ങൾ ആണ്.

Comments