'Told By My Mother' നാടകത്തിൽ നിന്ന് / photo: candy welz

സ്​പെയ്​സും ടൈമും നാടക നിർമാണത്തിൽ:
​ഒരു 'ഇറ്റ്​ഫോക്ക്​’ ​അന്വേഷണം

ഇത്തവണത്തെ പ്രധാന സവിശേഷതകളിൽ ഒന്ന് ആർക്കിടെക്​റ്റുകളുമായുള്ള സഹകരണത്തിനു തുടക്കമാകുന്നു എന്നതാണ്. തിയറ്റർ മേഖലയിൽ ആർക്കിടെക്റ്റുകളുമായുള്ള കൊടുക്കൽ വാങ്ങൽ നേരത്തെ നാം ചെയ്യേണ്ടതായിരുന്നു. ഈ അന്വേഷണം തുടരുകയാണെങ്കിൽ തിയേറ്ററിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളുടെ രീതികളിൽ നിന്ന് ഇടങ്ങളുടെ സൗന്ദര്യസങ്കല്പങ്ങളിലേക്കുകൂടി നമ്മുടെ തിയറ്റർ സംസ്‌കാരം സഞ്ചരിക്കും.

ഫെബ്രുവരി അഞ്ചിന്​ ‘ഇറ്റ്‌ഫോക്കി’ന്റെ 13-മത്​ എഡിഷന്​ തുടക്കമായി, രണ്ടുവർഷം തളച്ചിട്ട മഹാമാരിയുടെ കെടുതികളിൽ നിന്നുയർത്തെഴുന്നേൽക്കുന്ന മനുഷ്യവീര്യത്തോടെ. ലോകത്തെ ഏതൊരു മനുഷ്യനേയും പോലെ, അല്ലെങ്കിൽ ഏതൊരു കലാകാരരെയും പോലെ നാടകരംഗത്ത്​ പിടിച്ചുനിന്നും വിയർപ്പൊഴുക്കിയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരെ കെടുതി അമ്പേ ദുരിതത്തിലാക്കിയെന്നു ഏവർക്കുമറിയാം. പ്രത്യേകിച്ച് കേരളത്തിൽ, വേദനകളെ ചോദനകളാക്കി മാറ്റിയ നാടകപ്രവർത്തകരെ ഈ ഘട്ടത്തിൽ ഓർക്കുന്നു.

‘ഒന്നിക്കണം മാനവികത’ എന്ന ആപ്തവാക്യത്തിലൂന്നിയ നാടകങ്ങളുടെയും സംഗീതത്തിന്റെയും വരകളുടെയും ചർച്ചകളുടെയും വേദിയാകുകയാണ് ‘ഇറ്റ്​ഫോക്ക്​’.

നാടിന് അന്നം നൽകിക്കൊണ്ടിരുന്ന കർഷക സമൂഹത്തിനെതിരെയും മഹാമാരിക്കൊപ്പം കോർപ്പറേറ്റ് ദുരിതവും പെയ്തിറങ്ങിയത് രാജ്യതലസ്ഥാനത്തു നാം കണ്ടതാണ്. അവർക്ക്​ പിന്തുണയുമായി മാനുഷികത മുൻനിർത്തി നാടക കലാകാരരും ചിത്രകാരരും സംഗീതജ്ഞരും ദൽഹിയിലെത്തിയിരുന്നു. മഹാമാരിക്കിടയിലും അതൊരു പിന്തുണയായിട്ടാണ് കാണേണ്ടത്.

ഇടവേളയ്ക്കുശേഷം, ഇപ്പോൾ ഉത്സവങ്ങൾ തുടങ്ങുകയാണ്. പതിയെ ഒരാളെ കണ്ടും രണ്ടാളെ കണ്ടും അത് ചെറിയ ആൾക്കൂട്ട ഉത്സവത്തിലേക്കു പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു. കേരളത്തിന്റെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞു. പുസ്തകമേളകളും ലിറ്ററേച്ചർ ഫെസ്റ്റിവലുകളും നടക്കുന്നു. ആളുകളുടെ വലിയ സാന്നിധ്യം എങ്ങും കാണാകുന്നു.

photo: manila c. mohan

ഇതിനേക്കാൾ സാവധാനമാണ് നാടകത്തിനുള്ള വേദികൾ ഉണരുന്നത്. അതെന്നും അങ്ങനെയായിരുന്നു. ലോക നാടകവേദിക്ക് അന്തർദേശീയ തലത്തിൽ ഇടവും പ്രോത്സാഹനവും നൽകിയ കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംഗീത നാടക അക്കാദമി നടത്തി വന്നിരുന്ന ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള (‘ഇറ്റ്‌ഫോക്ക്’)ക്കും രണ്ടു കൊല്ലക്കാലം തിരശ്ശീല ഉയർത്താനായില്ല. നാടക പ്രവർത്തകർക്കും പ്രേമികൾക്കും ഇതൊരു നിശ്ശബ്ദതയുടെ കാലമായിരുന്നു.

മുൻ എഡിഷനുകളിൽ നിന്നുള്ള ‘ഇറ്റ്‌ഫോക്കി’ന്റെ ഈ വർഷത്തെ വ്യത്യാസം, നാടക നിർമാണങ്ങൾക്കുവേണ്ടി അന്വേഷിക്കുന്ന സ്‌പേസ് ആൻഡ് ടൈം എങ്ങനെ പ്രവർത്തിക്കുന്നു എന്ന അന്വേഷണമാണ്.

ഫാഷിസത്തിന്റെ വേരുകൾ അടിത്തട്ടിൽ നിന്നുപോലും അപരരെ സൃഷ്ടിക്കുന്ന കാലത്ത്​, സത്യത്തിനുവേണ്ടി നിലകൊണ്ട പലരും ആകാശം കാണാനാകാതെ അഴികൾക്കുള്ളിൽ കിടക്കുന്ന കാലത്ത്​, ഉയർത്തിപ്പിടിക്കേണ്ട മാനവികതയുടെ പ്രസക്തിയാണ് മുഖ്യ പ്രമേയമായി ഈ എഡിഷൻ മുന്നോട്ട് വെക്കുന്നത്. ‘ഒന്നിക്കണം മാനവികത’ എന്ന ആപ്തവാക്യത്തിലൂന്നിയ നാടകങ്ങളുടെയും സംഗീതത്തിന്റെയും വരകളുടെയും ചർച്ചകളുടെയും വേദിയാകുകയാണ് നാടകോത്സവം. ഒരു വ്യാഴവട്ടക്കാലം പിന്നിടുന്ന അന്തർദേശീയ നാടകമേള, പരസ്പരം കാണാനും പങ്കുവെക്കാനുമുള്ള പച്ചത്തുരുത്താകുകയാണ്​.

ആർക്കിടെക്​റ്റുകളുടെ പവലിയൻ

മുൻ എഡിഷനുകളിൽ നിന്നുള്ള ‘ഇറ്റ്‌ഫോക്കി’ന്റെ ഈ വർഷത്തെ വ്യത്യാസം, നാടക നിർമാണങ്ങൾക്കുവേണ്ടി അന്വേഷിക്കുന്ന സ്‌പേസ് ആൻഡ് ടൈം എങ്ങനെ പ്രവർത്തിക്കുന്നു എന്ന അന്വേഷണമാണ്. പാലസ് ഗ്രൗണ്ടിലെ പവലിയൻ വേദി സ്ഥലത്തെയും കാലത്തെയും അന്വേഷിക്കുന്ന കുറേയധികം അവതരണങ്ങൾക്ക് വേദിയാകുന്നു. വാസ്തുശില്പ നിർമിതിയാണ് ഈ വേദി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആർക്കിടെക്റ്റ് ബ്രിജേഷ് ഡിസൈൻ ആശ്രം ഒരുക്കുന്ന ഈ വേദിയിൽ എങ്ങനെയാണ്​ തിയറ്ററിൽ സ്ഥലവും സമയവും പ്രവർത്തിക്കുന്നത് എന്നറിയാൻ അവസരമുണ്ട്.

മറ്റൊരു പ്രധാന വേദി ആർട്ടിസ്റ്റ് സുജാതൻ സിനിക്ക് ഗാലറിയാണ്.

photo: Raneesh Raveendran

തിയറ്ററിന്റെ സ്‌പേസിനെ മുൻകാല രീതിയിൽ അവതരിപ്പിച്ചിട്ടുള്ള സുജാതൻ മാഷുടെ രംഗപടങ്ങൾ വെച്ചുള്ള ഗാലറി രൂപകൽപന ചെയ്തിരിക്കുന്നത് ആർക്കിടെക്റ്റുകളായ ലിജോ- റെനിയാണ്​. ഇത്തവണത്തെ പ്രധാന സവിശേഷതകളിൽ ഒന്ന് ആർക്കിടെക്​റ്റുകളുമായുള്ള സഹകരണത്തിനു തുടക്കമാകുന്നു എന്നതാണ്. തിയറ്റർ മേഖലയിൽ ആർക്കിടെക്റ്റുകളുമായുള്ള കൊടുക്കൽ വാങ്ങൽ നേരത്തെ നാം ചെയ്യേണ്ടതായിരുന്നുവെങ്കിലും ഇക്കൊല്ലം സംഗീത നാടക അക്കാദമി ഇക്കാര്യത്തിൽ മികച്ച തീരുമാനമാണ് കൈകൊണ്ടത്. അതിൽ നമുക്ക് അഭിമാനിക്കാം. ഇത് വലിയൊരു മുന്നേറ്റത്തിനുള്ള തുടക്കം ആകും. ഈ അന്വേഷണം തുടരുകയാണെങ്കിൽ തിയേറ്ററിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളുടെ രീതികളിൽ നിന്ന് ഇടങ്ങളുടെ സൗന്ദര്യസങ്കല്പങ്ങളിലേക്കുകൂടി നമ്മുടെ തിയറ്റർ സംസ്‌കാരം സഞ്ചരിക്കും.

ഇത്തവണത്തെ മറ്റൊരു സവിശേഷത, ‘ഒന്നിക്കണം മാനവികത’ എന്ന രാഷ്ട്രീയ ചിന്ത ഉദ്ഘോഷിക്കുന്ന സംഗീതാവതരണങ്ങളാണ്. മനുഷ്യന്റെയും മണ്ണിന്റെയും പൊരുതുന്നവരുടെയും കൂടെ നിന്നിട്ടുള്ള ഇന്ത്യയിലെ ആദ്യ റോക്ക് ബാൻഡായ ഇന്ത്യൻ ഓഷ്യൻ പവലിയൻ വേദിയിൽ കാലത്തേയും ലോകത്തേയും പാടിയുണർത്തും.

ചന്ദ്രൻ വെയാട്ടുമ്മൽ

മലയാള നാടകവേദിക്കും ലോക നാടക മേഖലക്കും തന്റെ സംഗീതത്തിലൂടെ പകരം വെക്കാനില്ലാത്ത സംഭാവനകൾ ചെയ്ത പാരീസ് ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രൻ വെയാട്ടുമ്മലിനോടുള്ള ആദരമായി അവതരിപ്പിക്കുന്ന ഇൻഡോ ആഫ്രോ മ്യൂസിക് ആൻഡ് പോയറ്ററി ബാൻഡിന്റെ "ഇൻസെറക്ഷൻ എൻസെംബിൾ', പൊലിഞ്ഞുപോയ സംഗീതജ്ഞൻ ജോൺ പി. വർക്കിയുടെ ഓർമക്കായി വരുന്ന അവിയൽ ബാൻഡ്, അർബൻ നാടോടി ഗായകൻ എന്നറിയപ്പെടുന്ന കൊൽക്കത്തയിൽ നിന്നുള്ള സുസ്മിത് ബോസ്, ലക്ഷദ്വീപിലെ സംഗീതവുമായി Sea, A Boiling Vessel അവതരിപ്പിക്കുന്ന പുള്ളിപ്പറവ, ലോകത്തെ പല രാജ്യങ്ങളിൽ യാത്ര ചെയ്ത്, മരുഭൂമിയുടെ ആഴങ്ങളിൽ നിന്ന് സംഗീതവുമായി എത്തുന്ന മാംഗനിയാർ സെഡക്ഷൻ തുടങ്ങിയ സംഗീത നാടക അവതരണങ്ങൾ ഇക്കൊല്ലത്തെ ഇറ്റ്‌ഫോക്കിന്റെ വലിയ സവിശേഷതയാണ്.

ബൈബിളിലെ സാംസണിന്റെ കഥയെ അടിസ്ഥനമാക്കി ബ്രെറ്റ് ബെയ്​ലി സംവിധാനം ചെയ്​ത സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ‘സാംസൺ' നൂറ്റാണ്ടുകളായി വിപുലീകരണ ശക്തികളാൽ ചവിട്ടിമെതിക്കപ്പെട്ട ഒരു ജനതയുടെ അടിച്ചമർത്തപ്പെട്ട രോഷത്തിലുള്ള അവതരണമാണ്.

ചോദ്യങ്ങളുമായി മലയാള നാടകങ്ങൾ

പ്രതാപൻ കെ. എസ്. സംവിധാനം ചെയ്ത ‘നിലവിളികൾ മർമ്മരങ്ങൾ ആക്രോശങ്ങൾ' , ഹാസിം അമരവിള രചനയും സംവിധാനവും നിർവ്വഹിച്ച ‘സോവിയറ്റ് സ്റ്റേഷൻ കടവ്, കെ. ആർ. രമേശ് സംവിധാനം ചെയ്ത ‘ആർട്ടിക്', ജോബ് മഠത്തിൽ ഒരുക്കിയ ‘കക്കുകളി' തുടങ്ങിയ നാടകങ്ങൾ അടിയന്തരാവസ്ഥ മുതൽ 1980 വരെയുള്ള ചരിത്രത്തിന്റെ തിരിഞ്ഞുനോട്ടവും അതിനെ വർത്തമാനകാലത്ത് മാനുഷിക മൂല്യങ്ങളുടെ പ്രസക്തി വിളിച്ചോതുന്ന രംഗാവതരണങ്ങളാണ്. തീർച്ചയായും ഒരുപാടു ചോദ്യങ്ങൾ ഉന്നയിക്കുന്നവയാണ് ഈ നാലു മലയാള നാടകങ്ങളും. ‘ഒന്നിക്കണം മാനവികത’ എന്ന ഈ വർഷത്തെ ഫോക്കസ് ആയ നാടകോത്സവത്തിന്റെ പ്രസക്തിയുടെ പശ്ചാത്തലത്തിലാണ് ഈ നാല് മലയാള നാടകങ്ങളുടെ അവതരണം.

‘ഒന്നിക്കണം മാനവികത’ എന്ന ഈ വർഷത്തെ ഫോക്കസുമായി ബന്ധമുള്ളതാണ്​ ‘ഇറ്റ്​ഫോക്കി’ലെ നാലു മലയാള നാടകങ്ങളും. / photo: chandran velath

ബൈബിളിലെ സാംസണിന്റെ കഥയെ അടിസ്ഥനമാക്കി ബ്രെറ്റ് ബെയ്​ലി സംവിധാനം ചെയ്​ത സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ‘സാംസൺ' നൂറ്റാണ്ടുകളായി വിപുലീകരണ ശക്തികളാൽ ചവിട്ടിമെതിക്കപ്പെട്ട ഒരു ജനതയുടെ അടിച്ചമർത്തപ്പെട്ട രോഷത്തിലുള്ള അവതരണമാണ്.

അതുൽകുമാർ സംവിധാനം ചെയ്യുന്ന മഹാരാഷ്രയിൽ നിന്നുള്ള ‘ടേക്കിങ് സൈഡ്‌സ്' എന്ന നാടകം രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ജർമനിയിൽ, ‘ഡെനാസിഫിക്കേഷൻ' കാലഘട്ടത്തിൽ നടക്കുന്നതാണ്. അക്കാലത്തെ ലോകപ്രശസ്ത സംഗീത കണ്ടക്ടറായ വിൽഹെം ഫർട്ടാങ്ങ്​ളറുടെ അന്വേഷണത്തിലൂടെയാണ് നാടകം വികസിക്കുന്നത്. സംഗീതം, കല, സംസ്‌കാരം, ജീവിതം, രാഷ്ട്രീയം, ധാർമികത എന്നിങ്ങനെ പല ചർച്ചകളും രൂപങ്ങളും നാടകത്തിൽ വരുന്നുണ്ട്.

ബൈബിളിലെ സാംസണിന്റെ കഥയെ അടിസ്ഥനമാക്കി ബ്രെറ്റ് ബെയ്ലി സംവിധാനം നിർവ്വഹിച്ചു സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള 'സാംസൺ' നൂറ്റാണ്ടുകളായി വിപുലീകരണ ശക്തികളാൽ ചവിട്ടിമെതിക്കപ്പെട്ട ഒരു ജനതയുടെ അടിച്ചമർത്തപ്പെട്ട രോഷത്തിലുള്ള അവതരണമാണ്/ photo: Nardus Engelbrecht

ലബനാനും പലസ്​തീനും

ലബനാനിൽ നിന്നുള്ള ‘ടോൾഡ് മൈ മദർ' കീറിപ്പോയ ലെബനാനിലൂടെ നടന്ന് വേദനാജനകമായ കഥകളും അതിലൂടെ അവരുടെ ആർദ്രതയും മാതൃത്വത്തിന്റെ തീവ്രതയും പറയുന്നു. ഭാഷയെ രംഗഭാഷയുടെ സാധ്യതകളിൽ അപനിർമ്മിച്ച്​ചില രാഷ്ട്രീയ ചിന്തകൾ പ്രേക്ഷകർക്കുമുന്നിൽ തുറന്നിടുന്ന ഇറ്റലിയിൽ നിന്നുള്ള ‘തേർഡ് റയിക്ക്', യു. കെയിൽ നിന്നെത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ‘ആന്റി ഗണി' , വിഖ്യാത സംവിധായകൻ പീറ്റർ ബ്രൂക്കും മേരി ഹെലൻ എസ്റ്റീനും ചേർന്ന് സംവിധാനം ചെയ്യുന്ന ടെംപസ്റ്റ് പ്രൊജക്​റ്റ്​ തുടങ്ങിയ പത്തോളം അന്തർദേശീയ നാടകങ്ങളും അത്രതന്നെ രാജ്യത്തിനകത്തുനിന്നുള്ള നാടകങ്ങളും മാനവികതയുടെ വൈവിധ്യമേറിയ രംഗാവതരണങ്ങളാണ്.

പലസ്തീനിൽ നിന്നുള്ള ‘ഡോണ്ട് ബിലീവ് മി ഇഫ് ഐ ടോക്ക് ടു യു വാർ' എന്ന ആവിഷ്‌കാരവുമായി എത്തുന്ന അസ്മ അസീസിയ അവതരിപ്പിക്കുന്നത് യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള ഓഡിയോ വിഷ്വൽ രംഗാവതരണമാണ്. കവിതകളിലൂടെ യുദ്ധത്തിന്റെ കെടുതികളും സ്വപ്നങ്ങളും അലർച്ചകളും പ്രേക്ഷകർക്കുമുന്നിലെത്തും.

പലസ്തീനിൽ നിന്നുള്ള 'ഡോണ്ട് ബിലീവ് മി ഇഫ് ഐ ടോക്ക് ട്ടോ യു വാർ' എന്ന ആവിഷ്‌കാരവുമായി എത്തുന്ന അസ്മ അസീസിയ അവതരിപ്പിക്കുന്നത് യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള ഓഡിയോ വിഷ്വൽ രംഗാവതരണമാണ്

മായാ ബസാറുമായി സുരഭി തിയറ്റർ

നൂറ്റാണ്ടിന്റെ തിയറ്റർ ചരിത്രവുമായി തെലുങ്കാനയിൽ നിന്നെത്തുന്ന ‘മായാ ബസാർ' പ്രേക്ഷകർക്ക് വലിയ അനുഭവമായിരിക്കും.

എഴുതപ്പെടാത്ത ചരിത്രമനുസരിച്ച്, സുരഭി തിയറ്റർ കമ്പനിയുടെ ഉത്ഭവം എ.ഡി 1860 മഹാരാഷ്ട്രയിലാണ്. സുരഭി കുടുംബത്തിന്റെ പൂർവ്വികർ ശിവാജി രാജാവിന്റെ കൊട്ടാരവുമായി ബന്ധപ്പെട്ടിരുന്നു. ചില കുടുംബങ്ങൾ ആന്ധ്രയിലേക്ക് കുടിയേറി. 1885-ൽ വാനരസ ഗോവിന്ദ റാവുവിന്റെ കുടുംബം സൊരുഗു ഗ്രാമം താത്കാലിക വസതിയാക്കി, അതിന്റെ പേര് സുരഭി എന്നാക്കി മാറ്റി. തുകൽപ്പാവക്കാരനായ ഗോവിന്ദ റാവു ഒരു സഞ്ചാര നാടകസംഘം രൂപീകരിച്ച് സുരഭി എന്ന പേര് തന്നെ നൽകി. ഇന്നും നൂറ്റാണ്ടിലേറെയായി, സുരഭിയുടെ തനതായ കുടുംബ നാടക പാരമ്പര്യം നിലനിൽക്കുന്നു. ഈ വലിയ പാരമ്പര്യത്തിൽ നിന്നാണ് മായാബസാർ എന്ന നാടകം ഇത്തവണ ‘ഇറ്റ്​ഫോക്കി’ലെത്തുന്നത്​. തെലുങ്കാന സാംസ്‌കാരിക വകുപ്പിന്റെ യാത്രാ സഹായത്തോടെ തെലുങ്കാനയിൽ നിന്നാണ്​ ഈ നാടകം വരുന്നത്​. ഒരു കുടുംബമാണ് ഈ നാടകക്കമ്പനി നടത്തുന്നത്. തെലുങ്ക് സംസ്ഥാനങ്ങളായ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും തനതു നാടകത്തിന് ഏറെ വളക്കൂറുണ്ട്. ശ്രീ വെങ്കിടേശ്വര സുരഭി തിയേറ്ററും ജയചന്ദ്രവർമ്മ ട്രൂപ്പും ചേർന്ന് 50 പ്രതിഭാധനരായ കലാകാരന്മാരെ അണിനിരത്തിയാണ് മായാബസാർ അവതരിപ്പിക്കുന്നത്. പ്രത്യേക സംവിധാനങ്ങളും തന്ത്രങ്ങളും ആനിമേഷനുകളും മായാബസാറിൽ കടന്നുവരുന്നുണ്ട്. ഈ നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തെലുങ്കിൽ മായാബസാർ എന്ന സിനിമ തന്നെ ഉണ്ടായത്.

ആഗോള മനുഷ്യൻ നേരിടുന്ന പ്രതിസന്ധികളും ആലോചകളും ചരിത്രാന്വേഷണങ്ങളും വിശ്വ മാനവികതയുടെ വലിയ അർത്ഥത്തിൽ നോക്കിക്കാണാനുള്ള ശ്രമമാണ് 13-മത്​ ‘ഇറ്റ്‌ഫോക്ക്’ എന്ന് വേണമെങ്കിൽ പറയാം. മാനുഷികതയുടെയും പാരസ്പര്യത്തിന്റേയും ഒത്തുകൂടാലോ ആഘോഷമോ ആണ് ഈ നാടകോത്സവം.

ഓർക്കേണ്ട മുഖങ്ങൾ

‘ഇറ്റ്‌ഫോക്ക്’, 13-ാം എഡിഷനിലേക്കെത്തുമ്പോൾ തിരിഞ്ഞുനോക്കുന്ന ചില മുഖങ്ങളുണ്ട്. അന്വേഷിക്കുന്ന ചില സാന്നിധ്യങ്ങളുണ്ട്. ആദ്യം ഓർമയിലെത്തുക നടനും സംഘാടകനും ‘ഇറ്റ്‌ഫോക്കി’ന്​ തുടക്കം കുറിച്ചയാളുമായ മുരളിയെയാണ്. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു കേരളത്തിന് മാത്രമായി അന്തർദേശീയ നാടകോത്സവം. ‘ഇറ്റ്‌ഫോക്ക്’ എന്ന സ്വപ്ന സാക്ഷാൽക്കാരത്തിന്​ മുരളിയോടൊപ്പമുണ്ടായിരുന്ന എം.എ. ബേബിയുടെ പിന്തുണ ഓർമ്മിക്കപ്പെടേണ്ടതാണ്. ആദ്യ ‘ഇറ്റ്‌ഫോക്കി’ന്റെ ആലോചനകളിലും എഴുത്തുജോലികളിലും സജീവമായി ഉണ്ടായിരുന്നത് കെ. എം. രാഘവൻ നമ്പ്യാർ, പ്രൊഫ. അലിയാർ, പ്രൊഫ. പി. ഗംഗാധരൻ എന്നിരാണ്​. തുടർന്ന് ഒന്നാം എഡിഷന്റെ നടത്തിപ്പിന്​ പ്രഭാകരൻ പഴശ്ശി, ജെ. ശൈലജ, ജോർജ് എസ്. പോൾ, ധനഞ്ജയൻ മച്ചിങ്ങൽ, സിയാവുദ്ദീൻ, പി. എസ്. ഇക്ബാൽ തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു. അങ്ങനെ കുറേ പേർ ‘ഇറ്റ്‌ഫോക്കി’നു തുടക്കം കുറിക്കാൻ മുരളിയോടൊപ്പം ഉണ്ടായിരുന്നു. കൂടെ നിന്ന ഒത്തിരിപേരുടെ കഠിനാധ്വാനം കൂടിയാണ് 13-ാമത്​ എഡിഷനിലേക്കെത്തിയ ‘ഇറ്റ്‌ഫോക്കി’ന്റെ ഓർമകൾ. ഇവരുടെയൊക്കെ പിന്തുണ ഇപ്പോഴും ‘ഇറ്റ്‌ഫോക്കി’നുണ്ട്. അതാണ് ‘ഇറ്റ്ഫോ​ക്കി’ന്റെ നിലനിൽപ്പിനാധാരം.

‘ഇറ്റ്‌ഫോക്കി’ന്റെ കഴിഞ്ഞകാലത്തേക്കു തിരിഞ്ഞുനോക്കുമ്പോൾ തിരശീലക്കു പിന്നിൽ മറഞ്ഞ ചിലർ കൂടിയുണ്ട്. ആദ്യ ‘ഇറ്റ്‌ഫോക്കി’നൊപ്പമുണ്ടായിരുന്ന ഒ.കെ. കുറ്റിക്കോൽ, ടി. സി. ജോൺ, ദത്തൻ മാഷ്, രാജീവ് വിജയൻ, സംഗീത സംവിധായകൻ ചന്ദ്രൻ വെയാട്ടുമ്മൽ എന്നിവർ. ഇവരുടെ ഓർമ്മകൾ കൂടിയാണ് ‘ഇറ്റ്‌ഫോക്ക്’. അവരുടെ അശ്രാന്ത പരിശ്രമം കൂടിയാണ് ‘ഇറ്റ്‌ഫോക്കി’ന്റെ ചരിത്രം.

ഓരോ എഡിഷനിലും അതാതു കാലത്തെ നീറുന്ന രാഷ്ട്രീയ യാഥാർഥ്യങ്ങൾ ‘ഇറ്റ്‌ഫോക്കി’ന് മുഖ്യ വിഷയങ്ങളായി. 2008 ൽ ഏഷ്യൻ തിയറ്റർ, 2009 ൽ ഏഷ്യൻ ആഫ്രിക്കൻ തിയറ്റർ, 2010ൽ ലാറ്റിനമേരിക്കൻ തിയറ്റർ, 2011ൽ ക്ലാസിക്കുകളുടെ തിരിഞ്ഞുനോട്ടം, 2013ൽ ദി പിങ്ക് എഡിഷൻ, 2014 ൽ സംക്രമണം, ലിംഗഭേദം, കാഴ്ചക്കാർ, 2015 ൽ പ്രതിരോധങ്ങളുടെ തിയറ്റർ, 2016ൽ ബോഡി പൊളിറ്റിക്കൽ, 2017ൽ സ്ട്രീറ്റ് പെർഫോമൻസ്, 2018ൽ റീ ക്ലെയിമിംഗ് ദി മാർജിൻസ്, 2019ൽ റെസിലിയൻസ്, 2020ൽ ഇമേജിങ് കമ്യൂണിറ്റിസ് തുടങ്ങിയവയായിരുന്നു ഓരോ വർഷത്തെയും മുഖ്യ പ്രമേയങ്ങൾ. ഇക്കൊല്ലത്തെ പ്രധാന ഫോക്കസ് ഒന്നിക്കണം മാനവികത എന്നതാണ്. മാനവികമായ പാരസ്പര്യത്തിന്റെ പ്രസക്തിയും മഹത്വവും വിളിച്ചോതുന്നതാണ് രണ്ടു കൊല്ലത്തിനുശേഷം ഉയരുന്ന ‘ഇറ്റ്‌ഫോക്കി’ന്റെ തിരശീല. തിയറ്റർ എന്ന തലത്തിലേക്ക് കാലത്തെയും അതിന്റെ ഉണ്മകളെയും പ്രതിരോധങ്ങളെയും ‘ഇറ്റ്‌ഫോക്ക്’ വേദികളിലെത്തിച്ചു. ഓരോ കൊല്ലവും പ്രേക്ഷകരുടെയും മാധ്യമങ്ങളുടെയും പിന്തുണയും ‘ഇറ്റ്‌ഫോക്കി’നെ രാജ്യാന്തര നിലവാരമുള്ള നാടകോൽസവം എന്ന ഖ്യാതിയിലേക്കു ഉയർത്തി. ക്ഷമയോടെ കാത്തിരുന്ന് നാടകം കാണുകയും അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്ന കാണികളുടെ ഒരു സമൂഹത്തെ തന്നെ സൃഷ്ടിക്കാൻ ഇക്കാലം കൊണ്ട് ‘ഇറ്റ്‌ഫോക്കി’നു സാധ്യമായി. ▮

Comments