Photo: F.B, Itfok India

മലയാളി നാടക അരങ്ങിലെ​‘ഇറ്റ്​ഫോക്ക്​’ കാലങ്ങൾ

വാർത്തകളിൽ നിന്നും വ്യവഹാരങ്ങളിൽ നിന്നും മുഖ്യധാരാ മാധ്യമങ്ങളും പുസ്തക പ്രസാധകരും ക്രൂരമായി അവഗണിക്കുന്ന ഒരു സമകാലിക നാടക പരിസരത്താണ് ‘ഇറ്റ്ഫോക്ക്’ തലയുയർത്തി നിൽക്കുന്നത്. മികച്ച രംഗപരീക്ഷണങ്ങളുടെ ഉത്സാഹത്തിലേക്ക് നാടകത്തെ നടത്തിയതിൽ ‘ഇറ്റ്ഫോക്കി’ന് വലിയ പങ്കുണ്ട്.

ന്താരാഷ്ട്ര നാടകോത്സവം, ‘ഇറ്റ്​ഫോക്ക്​’ മലയാള നാടക അരങ്ങിനെന്തു തന്നു?

നാടകോത്സവകാലമായാൽ പൊതുവെ ഉയർന്നു വരാറുള്ള ചോദ്യമാണിത്​. ഫെസ്റ്റിവൽ വ്യാഴവട്ടവും പിന്നിട്ട് കുതിക്കുമ്പോൾ ഈ ചോദ്യം മുമ്പെന്നത്തേയും പോലെ പ്രസക്തമാണ്. ശരിയായ വിധത്തിൽ അത്തരത്തിലൊരു വിലയിരുത്തലിനോ ചർച്ചയ്ക്കോ കേരളത്തിലെ നാടകക്കാർ തയ്യാറായിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്. ഒരു നാടകപ്രവർത്തകനെന്ന നിലയ്ക്ക് വ്യക്തിപരമായ ഒരു ആലോചനയ്ക്ക് മുതിരുകയാണ്​.

യഥാർത്ഥത്തിൽ വളരെ കുറച്ചു നാഴികക്കല്ലുകൾക്കിടയിൽ നിന്ന്​ അഭൂതപൂർവ്വമായ കുതിച്ചുചാട്ടം അരങ്ങിലുണ്ടാക്കിയിട്ടുള്ള നാടകചരിത്രമാണ് നമുക്കുള്ളത്. ഒരു കെ.പി.എ.സി കാലം, തനത് അരങ്ങിനെക്കുറിച്ചുള്ള ഒരു കൂത്താട്ടുകുളം ആലോചനകാലം, സ്‌കൂൾ ഓഫ് ഡ്രാമ, സ്ത്രീനാടക പണിപ്പുര, ‘ഇറ്റ്ഫോക്ക്’ എന്നിവയാണ്​ അവയിൽ പ്രധാനം.

സ്​കൂൾ ഓഫ്​ ഡ്രാമ വരുന്നു

കെ.പി.എ.സിയുടെ വഴി ജനപ്രിയ നാടകങ്ങളുടേതായിരുന്നു. കലാസമിതി പ്രസ്ഥാനങ്ങളുടെ നാടകങ്ങളും സാമൂഹ്യമായ ആ ചട്ടക്കൂട് തന്നെയാണ് സ്വീകരിച്ചത്. കൂത്താട്ടുകുളം നാടകക്യാമ്പ് വലിയ വഴിത്തിരിവ്​ സ്വപ്നം കണ്ടെങ്കിലും അത് പ്രയോഗത്തിൽ വന്നത് സ്‌കൂൾ ഓഫ് ഡ്രാമയുടെ വരവോടെയാണ്. നാടകം മാറുകയായിരുന്നു. ഡ്രാമാ സ്‌കൂളിൽ നിന്ന്​ പുറത്തിറങ്ങിയവർ വാക്കിനുമുകളിൽ സംവിധായകരെ പ്രതിഷ്ഠിക്കുകയും അരങ്ങ് ആ അർത്ഥത്തിൽ പുതിയ കാഴ്ചകളിലേക്കും അർത്ഥങ്ങളിലേക്കും ഉണരുകയും ചെയ്തു. പഴയ രചനകൾ തന്നെ വാക്കുകളിൽ തളച്ചിടപ്പെട്ടിരുന്ന അർത്ഥങ്ങളെ അരങ്ങിൽ മോചിപ്പിക്കപ്പെടുന്നതിന് നാടകവേദി സാക്ഷിയായി. എന്നാൽ തൊണ്ണൂറുകളിൽ സ്ത്രീനാടക പണിപ്പുരയാണ് അരങ്ങിലെ സ്ത്രീ എന്ന വിഷയത്തോടൊപ്പം പ്രമേയ സ്വീകരണത്തിലും അവതരണത്തിലും മറ്റൊരു കാഴ്ചപ്പാട് മുന്നോട്ട് വെച്ചത്. എൺപതുകളിൽ മാനുഷി ഉൾപ്പടെയുള്ള സ്ത്രീവിമോചന മുന്നേറ്റങ്ങൾ ചർച്ചയാക്കിയ സ്ത്രീ, അധികാരം, ലൈംഗികത എന്നീ പ്രമേയങ്ങളെ അരങ്ങിൽ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു അവ. പിന്നീടുണ്ടായ അവതരണങ്ങളിൽ ആ ക്യാമ്പിന്റെ സ്വാധീനം കാണാം.

അപ്പോഴും പുതിയ കാഴ്ചകളുടേയും ക്രിയകളുടേയും അധികാരിയായി സ്‌കൂൾ ഓഫ് ഡ്രാമയുടെ മേൽവിലാസം അരങ്ങിൽ നിറഞ്ഞുനിന്നു. നവീകരിക്കപ്പെട്ട നാടകങ്ങളുടെ അവകാശികൾ അവരാണെന്നുതന്നെ വന്നു. എന്നാൽ ആ അപ്രമാദിത്യം അവസാനിച്ചത് ‘ഇറ്റ്ഫോക്കി’ന്റെ വരവോടെയാണ്. സാധാരണ നാടകപ്രവർത്തരുടേയും കാണികളുടെയും സ്‌കൂൾ ഓഫ് ഡ്രാമയായി മാറുകയായിരുന്നു ‘ഇറ്റ്ഫോക്ക്’. അവരുടെ മുന്നിൽ അതുവരെ ഇല്ലാത്ത ഒരു ലോകത്തിനാണ് 2009ൽ തിരശ്ശീല ഉയർന്നത്. ഇന്ന് കേരളത്തിലും പുറത്തും മലയാള നാടകം സഞ്ചരിച്ച്​ എത്തിച്ചേർന്ന വഴികളിലെല്ലായിടത്തും ഔപചാരിക നാടക വിദ്യാഭ്യാസം നേടിയവർ മാത്രമല്ല എന്നു കാണാം. കലാസമിതികൾക്ക് നാടകം ചെയ്തവരാണ് വേദികളിൽ റെക്കോർഡിട്ട് നാടകം അവതരിപ്പിക്കുന്നത്. മഹീന്ദ്ര എക്​സലൻസ്​ ഇൻ തിയറ്റർ ആർട്സ് (‘മെറ്റ’) പോലുള്ള ശ്രദ്ധേയ വേദികളിൽ രംഗപരീക്ഷണം നടത്തുന്നവർ കലാസമിതി നാടകക്കാരാണ്. അമേച്വർ നാടക സംഘങ്ങളും കലാസമിതി നാടകക്കാരും ലക്ഷങ്ങൾ മുതൽമുടക്കുള്ള നാടകങ്ങൾ നിർമിക്കാനും നാടകോത്സവങ്ങൾ സംഘടിപ്പിക്കാനും തയ്യാറായതിനുപിന്നിലെ പ്രേരകശക്തികളിൽ ഒന്ന് നിശ്ചയമായും ‘ഇറ്റ്ഫോക്ക്’ തന്നെയാണ്.

Photo: Raneesh Raveendran
Photo: Raneesh Raveendran

ആദ്യ രണ്ട് ‘ഇറ്റ്ഫോക്കു’കൾ ക്യാമ്പു പോലെയാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്. ക്യാമ്പംഗങ്ങളായി എത്തുന്നവർക്ക് ആഹാരവും താമസവും അനുവദിക്കുക മാത്രമല്ല, അവരെ ഉൾക്കൊള്ളിച്ചായിരുന്നു ‘ഇറ്റ്ഫോക്കി’ന്റെ നാടക- നാടകേതേരമായ എല്ലാ പരിപാടികളും. നാടകതൽപരർ ആ രീതി തുടരുകയും നാടക ശില്പശാല പോലെ അവതരണങ്ങളിലും തുടർ ചർച്ചകളിലും സെമിനാറുകളിലും പങ്കെടുക്കുകയും ചെയ്​തു. അരങ്ങിലെ സാധ്യതകളെ സാധാരണക്കാരുടെ മുന്നിൽ തുറന്നു വെക്കുകയായിരുന്നു ‘ഇറ്റ്ഫോക്ക്’. കാഴ്ചകളെ നവീകരിക്കുന്നതോടൊപ്പം അത്​, പ്രാദേശിക നാടക പ്രവർത്തനത്തിന് പുതിയ വഴി തുറന്നു കൊടുക്കുക കൂടി ചെയ്തു. സംഗീത നാടക അക്കാദമി ഇക്കാലയളവിൽ സംഘടിപ്പിച്ച അമേച്വർ നാടക മത്സരങ്ങളിലും നാടകോത്സവങ്ങളിലും അതിന്റെ സ്വാധീനം കാണാം.

ഡോക്യുമെൻറ്​ ചെയ്യപ്പെടാതിരിക്കുക എന്നതാണ് വിഖ്യാതമായ പല അവതരണങ്ങളുടേയും ദുരന്തം. മലയാള അമേച്വർ നാടകത്തിന്റെ മുഖച്ഛായ മാറ്റിയ ജോസ് ചിറമ്മൽ എന്ന പ്രതിഭയെ ഒറ്റ നാടകം കൊണ്ട് പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയായിരുന്നു ആദ്യ ‘ഇറ്റ്ഫോക്കി’ലെ മുദ്രാരാക്ഷസം. പിന്നീടുള്ള വർഷങ്ങിൽ അത്തരം ശ്രമങ്ങൾ കാര്യമായി ഉണ്ടായില്ല. അത്തരം കാഴ്ചകൾക്കുള്ള അവസരങ്ങളില്ലായ്മയായിരുന്നു നാടകവിദ്യാലയങ്ങളുടെ പുറത്തു നിൽക്കുന്നവർ നേരിട്ട പ്രതിസന്ധി. ആ പ്രശ്നം തീർന്നതോടെ നിലവാരമുള്ള നാടക ശ്രമങ്ങൾക്ക് നാടകപ്രവർത്തകർ തുനിഞ്ഞിറങ്ങി. അത്തരം അവതരണങ്ങൾക്ക് ‘ഇറ്റ്ഫോക്ക്’ തന്നെ വേദിയൊരുക്കുകയും ചെയ്തു.

നാടകങ്ങൾ, അനുഭവങ്ങൾ

‘ഇറ്റ്ഫോക്ക്’ അനുഭവവേദ്യമാക്കിയ ഏതാനും നാടകങ്ങൾ കൂടി നോക്കാം. പീക്കിംഗ് ഓപേറാ ട്രൂപ്പിന്റെ ചൈനീസ് ഓപേറയിൽ ആരംഭിച്ച ‘ഇറ്റ്ഫോക്കി’ൽ അവതരിപ്പിച്ച നാടകങ്ങളെല്ലാം മികച്ച നിലവാരത്തിലുള്ളവയായിരുന്നു. പ്രത്യേകിച്ച് ശ്രീലങ്കൻ നാടകമായ സിംഹബാഹു, ഇറാൻ നാടകം യൊക്കാസ്റ്റ, പാകിസ്ഥാനിൽ നിന്ന്​ വന്ന ബുള്ളേ. മതാതീത ആത്മീയതയെ ആഘോഷിച്ച ബാബാ ബുള്ളേഷായുടെ ജീവിതം പകർത്തിയ ബുള്ളേ ആ വർഷത്തെ മികച്ച നാടകമായിരുന്നു. അജോകാ തിയറ്ററിനുവേണ്ടി ഷാഹിദ് നദീം രചിച്ച ബുള്ളേയുടെ സംവിധായിക മദീഹ ഗൗർ ആയിരുന്നു. അതിനടുത്ത വർഷവും അജോക തിയറ്റർ നാടകവുമായെത്തി. കടുത്ത മതവിമർശനം പ്രമേയമായ ബുർഖ വഗൻസയും ഹോട്ടൽ മോഹൻജൊദാരോയുമാണ് രണ്ടാം വരവിൽ അവർ അവതരിപ്പിച്ചത്. ഇറാൻ നാടകം എന്ന കേൾവിയിൽ തോന്നാവുന്ന എല്ലാ മുൻവിധികളേയും തച്ചുടക്കുന്ന നാടകമായിരുന്നു യൊക്കാസ്റ്റ. ഈഡിപ്പസും യൊക്കാസ്റ്റയും തമ്മിലുള്ള പ്രണയവും രതിയും അതിന്റെ പരിണതിയും ശക്തമായി അവതരിപ്പിച്ച നാടകത്തിന്റെ സെറ്റ് സ്ത്രീയുടെ മാറിടമായിരുന്നു. യാഥാസ്ഥിതിക കാഴ്ചയെ പൊള്ളിക്കുന്ന രാഷ്ട്രീയ നാടകങ്ങളിൽ തുടങ്ങിയ ‘ഇറ്റ്ഫോക്കി’ൽ 2019ലെത്തുമ്പോൾ ഇറാനിൽ നിന്നെത്തിയ ദ വെൽ, സൗമ്യമായ ഭാഷയിൽ സ്ത്രീപുരുഷ ബന്ധത്തിന്റെ അടിയൊഴുക്കുകളെക്കുറിച്ചു തന്നെയാണ് സംസാരിച്ചത്.

ബുർഖ വഗൻസ എന്ന നാടകത്തിൽ നിന്ന് / Photo:karachiphotoblog.blogspot.com
ബുർഖ വഗൻസ എന്ന നാടകത്തിൽ നിന്ന് / Photo:karachiphotoblog.blogspot.com

ശ്രീലങ്കൻ ടീം, സിംഹള വംശത്തിന്റെ വീര്യവും വിജയവും വിവരിക്കുന്ന, ലളിത ശരത്ചന്ദ്ര സംവിധാനം ചെയ്ത സിംഹബാഹു അവതരിപ്പിക്കുമ്പോൾ അവിടെ തമിഴ് വംശജരുടെ നേർക്ക് ആക്രമണങ്ങൾ എന്ന വാർത്തകൾ വന്നുതുടങ്ങിയിരുന്നു. കൃത്യം ഒരു വർഷം കഴിയുമ്പോഴാണ് പ്രഭാകരൻ കൊല്ലപ്പെടുന്നത്. 2014ൽ വംശീയ സംഘർഷം ചോരയൊഴുക്കിയ ശ്രീലങ്കയിൽ നിന്ന്​ ബ്രെഹ്തുമായാണ് അവർ വന്നത്. ദുര കൊണ്ടും അസൂയകൊണ്ടുമെല്ലാം സമൂഹത്തിലും കുടുംബങ്ങളിലുമുണ്ടാകുന്ന സംഘർഷം പ്രമേയമാക്കിയ, കൊക്കേഷ്യൻ ചോക്ക് സർക്കിളിനെ ഉപജീവിച്ച, ഹെൻട്രി ജയസേനയുടെ ഹുനു വത്തായ ഖത്ത്വ എന്ന നാടകവുമായി. അരങ്ങിൽ രാഷ്ട്രങ്ങൾ ഭൂതവും ഭാവിയും വർത്തമാനവുമെല്ലാം വായിച്ചെടുക്കാവുന്ന അത്രയും നഗ്‌നമാവുകയായിരുന്നു. മതരഹിത ആത്മീയത ആഘോഷിച്ച ബുള്ളേ അവതരിപ്പിച്ച അജോക തിയറ്ററിന് രണ്ടാം വരവിൽ ബുർഖ വെഗൻസയും ഹോട്ടൽ മോഹൻജൊദാരോയും അവതരിപ്പിക്കേണ്ടി വരുന്നതും അങ്ങനെയാണ്. അരങ്ങിന്റെ രാഷ്ട്രീയബോധ്യത്തിന് പിൽക്കാല ‘ഇറ്റ്ഫോക്കു’കളിലും മുൻനിരയിൽ തന്നെയായിരുന്നു സ്ഥാനം.

പാവേൽ സ്‌കോട്ടക്ക് എന്ന സംവിധായകനും തിയട്രൊ ബ്യുയിറോ പെഡ്രോസി എന്ന പോളിഷ് നാടക സംഘവും കാണികളുടെ അഭിരുചികളിലുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. വാക്കുകളെ ഉച്ചാടനം ചെയ്ത തിയറ്ററാണ് പാവേൽ സ്‌കോട്ടക്കിന്റേത്. ബോസ്നിയയിലെ യുദ്ധവും വംശീയ പ്രശ്നങ്ങളും കൈകാര്യം ചെയ്ത നാടകമായിരുന്നു തിയട്രോ ബുയിറോ പെഡ്രോസി സംഘം അവതരിപ്പിച്ച ‘കാർമൻ ഫൂണബ്രേ'. യുദ്ധപ്രഭുക്കളുടെ നോട്ടത്തിനുകീഴിൽ കഴിയേണ്ടി വരുന്ന ജീവിതങ്ങളുടെ ദൈന്യതയാണ് ഈ പോളിഷ് നാടകം വിഷയമാക്കിയത്. മുൻ യുഗോസ്ളാവിയൻ അഭയാർത്ഥികളുടെ അനുഭവങ്ങൾ കൂടിയാണ് ഈ നാടകം. ലോഹങ്ങളുരയുന്ന കഠോരശബ്ദത്തിനൊപ്പം ആകാശം മുട്ടുന്ന മുഖമില്ലാത്ത സൈന്യവും മരണവും സ്വന്തം ജനതയെ തടവറയിലേക്കും മരണത്തിലേക്കും നയിക്കുന്നതിന്റെ കാഴ്ചകൾ അത്യാധുനിക തിയേറ്റർ സങ്കേതങ്ങളുടെ പിൻബലത്തോടെയാണ് സംവിധായകൻ പാവേൽ സ്‌കോട്ടക് അവതരിപ്പിച്ചത്. 45 മിനുട്ട് മാത്രം ദൈർഘ്യമുള്ള നാടകം തീയും പുകയും പൊയ്​ക്കാലുകളും സർച്ച്​ലൈറ്റുകളും റേപ്പുകളും എല്ലാമായി ഭയം ജനിപ്പിക്കുന്ന അനുഭവമാണ് നൽകിയത്. ഒരു സാർവദേശീയ വിഷയത്തെ വാക്കുകൾ അപ്രസക്തമായ രംഗപാഠത്തിലൂടെ അവതരിപ്പിച്ച ‘കാർമൻ ഫൂണബ്രേ'യായിരുന്നു നാലാമത് ‘ഇറ്റ്ഫോക്കി’ലെ ഏറ്റവും ശക്തമായ അവതരണം. വലിയ പൊയ്​ക്കാലുകളിലും ലോഹം ഉരയുന്ന ശബ്ദങ്ങളിലും കടും വർണങ്ങളിലും യുദ്ധം ഏൽപ്പിക്കുന്ന നിസ്സഹായതയും യുദ്ധപ്രഭുക്കളുടെ ക്രൗര്യവും അനുഭവിപ്പിച്ച കാർമൻ ഫുണബ്രേയുടെ തുടർച്ച പോലെയായിരുന്നു 2012ൽ കളിച്ച മാക്ബത്ത്, ഹൂ ഈസ് ദാറ്റ് ബ്ലഡീഡ് മാൻ. വില്യം ഷേക്സ്പിയറുടെ മാക്ബത്തിനെ അടിസ്ഥാനമാക്കി തുറന്ന വേദിയിൽ സ്‌കോട്ടക്ക് ഒരുക്കിയ ഈ നാടകം, തീയും വെടിയുണ്ടയും രക്തച്ചൊരിച്ചിലും മിലിട്ടറി ബൈക്കും മറ്റുമായി പുതിയ കാലത്തെ യുദ്ധപ്രഭുക്കളുടെ ജീവിതവും മാനസിക നിലയുമാണ് ആവിഷ്‌കരിച്ചത്. അതീന്ദ്രീയശക്തികളെയും അവരുടെ ഭാഷണങ്ങളേയും വിദഗ്ദമായും അതീവ നാടകീയമായും സ്‌കോട്ടക്ക് അവതരിപ്പിച്ചു. ദുരയുടേയും അധികാരമോഹത്തിന്റെയും കൊത്തളങ്ങളിൽ അണയാത്ത തീയുടെ മുന്നിൽ പകച്ചു നിൽക്കുന്ന ഒരു പുതിയ തലമുറയെ സ്‌കോട്ടക്ക് കാണിച്ചു തന്നു. നാലാം ‘ഇറ്റ്ഫോക്കി’ലാണ് ഏറ്റവും ശ്രദ്ധേയമായ അവതരണങ്ങളുണ്ടായത്. യുദ്ധം, അഭയാർത്ഥിത്വം, അധികാരം, ലൈംഗികത എന്നിവയെ കാലികമായി അടയാളപ്പെടുത്തുന്ന ദൃശ്യപാഠങ്ങൾ കൊണ്ട് ഈ ‘ഇറ്റ്ഫോക്ക്’ ശ്രദ്ധേയമായി.

ബോസ്നിയയിലെ യുദ്ധവും വംശീയ പ്രശ്നങ്ങളും കൈകാര്യം ചെയ്ത നാടകമായിരുന്നു തിയട്രോ ബുയിറോ പെഡ്രോസി സംഘം അവതരിപ്പിച്ച ‘കാർമൻ ഫൂണബ്രേ' / Photo: patricia1957.wordpress.com
ബോസ്നിയയിലെ യുദ്ധവും വംശീയ പ്രശ്നങ്ങളും കൈകാര്യം ചെയ്ത നാടകമായിരുന്നു തിയട്രോ ബുയിറോ പെഡ്രോസി സംഘം അവതരിപ്പിച്ച ‘കാർമൻ ഫൂണബ്രേ' / Photo: patricia1957.wordpress.com

ഇമാജിനിംഗ് ഒ.- ശരീരത്തിന്റെ രാഷ്ട്രീയം

നാളിതുവരെയുള്ള ‘ഇറ്റ്ഫോക്കു’കളിൽ ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞ നാടകങ്ങളിൽ ഏറ്റവും ശക്തമായ അവതരണമായിരുന്നു ഇമാജിനിംഗ് ഒ.
എലിസബത്തിയൻ കാലത്തെയും ആധുനിക ഫ്രഞ്ച് ക്ലാസിക്കിലേയും കഥാപാത്രങ്ങളുടെ സമന്വയത്തിലൂടെ ശരീരത്തിന്റേയും ലൈംഗികതയുടെയും അവ കാണപ്പെടുന്നതിന്റെ രാഷ്ട്രീയത്തേയും കുറിച്ചുള്ള അന്വേഷണമായിരുന്നു ‘ഇമാജിനിംഗ് ഒ' എന്ന നാടകം. കാന്റർബറിയിലെ കെൻറ്​ സർവ്വകലാശാലയിലെ അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച ഈ നാടകത്തിന്റെ സംവിധായകൻ ഉത്തരാധുനിക നാടകവേദിയിലെ ശക്തമായ സാന്നിധ്യമായ റിച്ചാർഡ് ഷെഹ്​നറാണ്​. കാമുകനാൽ കൊല്ലപ്പെട്ട പിതാവിനേയും തുടർന്ന് കാണാതായ കാമുകന്റേയും ഓർമകളിലാണ് ഒഫീലിയ എന്ന യുവതിയുടെ ജീവിതം. ലൈംഗിക തൊഴിലാളികൾക്കിടയിലും ചിത്തരോഗം ബാധിച്ചവർക്കിടയിലുമായി അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിന്റെ അർത്ഥം അന്വേഷിക്കുന്ന ഒഫീലിയ വെള്ളത്തിൽ മുങ്ങിമരിക്കുന്നതിനു മുമ്പുള്ള നിമിഷങ്ങൾക്കാണ് കാണികൾ സാക്ഷികളായത്. യാന്ത്രികമായുള്ള ഭോഗാവസ്ഥകളിൽ ശരീരത്തെ സൂക്ഷിച്ച് കാണിയെ കാത്തിരിക്കുന്ന സ്ത്രീകൾ കാണികളുടെ ബോധത്തിലുണ്ടാക്കിയ ഞെട്ടലിന്റെ അലകൾ ഇനിയും അടങ്ങിയിട്ടില്ല. കഥയിലേക്ക് ചുരുക്കാനാവാത്ത കാഴ്ചയുടെ ആഘാതം കാണികളിലേൽപ്പിച്ച ‘ഇമാജിനിംഗ് ഒ'യുടെ അകം കാഴ്ച പോലെയായിരുന്നു സ്ത്രീയെന്ന നിലയിൽ ശരീരവും മനസ്സും ബാല്യത്തിലും യൗവ്വനത്തിലും എങ്ങനെയെല്ലാം എന്നന്വേഷിക്കുന്ന ദിസ് ഈസ് മൈ ബോഡി, കം ഇൻടു മൈ മൈൻഡ് എന്ന നാടകം.

നാളിതുവരെയുള്ള  ‘ഇറ്റ്ഫോക്കു’കളിൽ ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞ നാടകങ്ങളിൽ ഏറ്റവും ശക്തമായ അവതരണമായിരുന്നു ഇമാജിനിംഗ് ഒ / Photo: nj.co
നാളിതുവരെയുള്ള ‘ഇറ്റ്ഫോക്കു’കളിൽ ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞ നാടകങ്ങളിൽ ഏറ്റവും ശക്തമായ അവതരണമായിരുന്നു ഇമാജിനിംഗ് ഒ / Photo: nj.co

അലക്​സാണ്ട്ര ഫെൽസിഗി സംവിധാനം ചെയ്ത നാടകം ഒരേ നിലയിൽ പാർക്കുന്ന രണ്ടുപേരെ പോലെ ശരീരവും മനസ്സും അതിന്റെ സ്വാഭാവികതയും അസ്വാഭാവികതയുമെല്ലാം രണ്ടു സ്ത്രീകളിലൂടെ ആവിഷ്‌കരിക്കപ്പെട്ടു.

ഇബ്സൻ നാടകങ്ങൾക്ക് ലഭിച്ച വ്യത്യസ്ത അവതരണങ്ങളായിരുന്നു രത്തൻ തിയ്യത്തിന്റെ വെൻ വീ ഡെഡ് എവൈക്ക് എന്ന നാടകം ഉപജീവിച്ച ആഷി ബാഗീ ഏശൈയും ദീപൻ ശിവരാമൻ സംവിധാനം ചെയ്ത പീർജിന്റും. രചനയെ ദൃശ്യത്തിന്റെ സാധ്യതകളിലൂടെ എങ്ങനെ പുനർവായിച്ചെടുക്കാമെന്നായിരുന്നു രത്തൻതിയ്യത്തിന്റെ അന്വേഷണം. കൃതിയുടെ രാഷ്ട്രീയത്തെ സാർവദേശീയമായി നിലനിർത്തി പശ്ചാത്തലത്തെ പ്രാദേശികമാക്കുന്ന പരീക്ഷണമായിരുന്നു ദീപന്റേത്. സീനോഗ്രാഫിയേയും അതിന്റെ വ്യാപ്തിയേയും ലോകവ്യാപകമായി സീനോഗ്രാഫിയിൽ സംഭവിക്കുന്ന പരീക്ഷണങ്ങളെക്കുറിച്ചും സാധാരണ കാണികളിൽ ഒരു അവബോധമുണ്ടാക്കാൻ ആ അവതരണങ്ങൾക്കും തുടർന്നുണ്ടായ സെമിനാറുകൾക്കും അനുബന്ധ ചർച്ചകൾക്കും കഴിഞ്ഞിട്ടുണ്ട്.

​ഉഷ ഗാംഗുലിയുടെ ‘ചണ്ഡാലിക'

ഇന്ത്യൻ നാടകമെന്ന നിലയിൽ ശ്രദ്ധേയമായ അവതരണങ്ങളായിരുന്നു നസറുദ്ദീൻ ഷാ സംവിധാനം ചെയ്ത ദ കെയിൻ മ്യൂട്ടിനി കോർട്ട് മാർഷൽ. സുനിൽ ഷാങ്ബാഗ് സംവിധാനം ചെയ്ത സെക്സ് മൊറാലിറ്റി ആൻഡ് സെൻസർഷിപ്പ് എന്ന നാടകം വിജയ് ടെണ്ടുൽക്കറുടെ സഖാറാം ബൈൻഡറിന്റെ അവതരണത്തെ മുൻനിർത്തി സെൻസർ നിയമങ്ങളേയും സദാചാര ധാരണകളെയും വിചാരണ ചെയ്യുന്ന ഒന്നായിരുന്നു.രണ്ടു ഫെസ്റ്റിവലുകളിൽ വ്യത്യസ്തങ്ങളായ രണ്ട് അവതരണങ്ങളുമായി വന്ന ഉഷ ഗാംഗുലിയുടെ നാടകങ്ങളും അരങ്ങിനെ ത്രസിപ്പിച്ചവയാണ്- ഹം മുക്താരയും ചണ്ഡാലികയും. ജാതീയതയുടെ ക്രൗര്യങ്ങളെ തീവ്രമായി രംഗത്തെത്തിച്ച ‘ചണ്ഡാലിക' ടാഗോർരചനയുടെ സ്ത്രീപക്ഷ വായനയായിരുന്നു. കൊൽക്കത്തയിലെ രംഗകർമി അവതരിപ്പിച്ച ‘ചണ്ഡാലിക' സമകാലിക ഇന്ത്യനവസ്ഥകളുടെ നേർക്കാഴ്ചയായിരുന്നു. ബുദ്ധസന്യാസിയായ ആനന്ദഭിക്ഷുവിന് ജലം പകർന്നു നൽകുന്ന ചണ്ഡാലികയുടെ ദൃശ്യത്തിന് പാലൂട്ടുന്ന അമ്മയുടെ ഛായ നൽകുക വഴി ചണ്ഡാലഭിക്ഷുകി എന്ന ആഘോഷിക്കപ്പെട്ട വാർപ്പുമാതൃകയെയാണ് ഉഷ ഗാംഗുലി അട്ടിമറിച്ചത്. മുഖമില്ലാത്ത, പീഢിപ്പിക്കപ്പെട്ട സ്ത്രീയുടെ മുഖം ഹംമുക്താരയിൽ ഉഷ ഗാംഗുലി അവതരിപ്പിച്ചത് ചണ്ഡാലികയിലേതിനു തുല്യമായിരുന്നു. മരണമോ പ്രതികാരമോ അല്ല, നീതിയാണാവശ്യം എന്ന ആമുഖത്തോടെ പ്രത്യക്ഷ രാഷ്ട്രീയ പ്രചരണാംശത്തിന്​ മുൻതൂക്കമുള്ള നാടകമായിരുന്നു ഹംമുക്താര. ലിംഗരാഷ്ട്രീയത്തെ മുൻനിർത്തി പോളിഷ് നാടകസംഘവുമായി സഹകരിച്ച് സംഗീത നാടക അക്കാദമി ചെയ്ത ബേണിംഗ് ഫ്ലവേഴ്​സ്​, സെവൻ ഡ്രീംസ് ഓഫ് എ വുമൺ എന്നിവ ‘ഇറ്റ്ഫോക്കി’ലെ ശ്രദ്ധേയ പരീക്ഷണമായിരുന്നു.

മുഖമില്ലാത്ത, പീഢിപ്പിക്കപ്പെട്ട സ്ത്രീയുടെ മുഖം ഹംമുക്താരയിൽ ഉഷ ഗാംഗുലി അവതരിപ്പിച്ചത് ചണ്ഡാലികയിലേതിനു തുല്യമായിരുന്നു / Photo: Itfok India
മുഖമില്ലാത്ത, പീഢിപ്പിക്കപ്പെട്ട സ്ത്രീയുടെ മുഖം ഹംമുക്താരയിൽ ഉഷ ഗാംഗുലി അവതരിപ്പിച്ചത് ചണ്ഡാലികയിലേതിനു തുല്യമായിരുന്നു / Photo: Itfok India

ശരീരത്തെ അതിന്റെ വ്യത്യസ്തതകളെ ആവിഷ്‌കരിച്ച ഏകപാത്ര അവതരണങ്ങളിൽ മികച്ചവയായിരുന്നു ലിൻച് കൺസെർട്ടും ട്രാൻസ്​ഫിഗറേഷനും. ഡെന്മാർക്കിൽ നിന്നുള്ള സ്റ്റ്യുവാർട്ട് ലിൻച് അരങ്ങിലെത്തിയ നാടകത്തിനൊടുക്കം തന്റെ ആണത്തത്തെ ഛേദിച്ചു കൊണ്ട്​ ഒലീവിയർ ഡെ സെഗാസൻ, ശരീരത്തിലെമ്പാടും ചളി നിറച്ച് മനുഷ്യനെന്ന സ്വാഭാവിക രൂപത്തെ മൃഗരൂപത്തിലേക്ക് പരിവർത്തിപ്പിക്കുകയായിരുന്നു. അപ്രകാരം ശരീരമെന്ന രാഷ്ടീയവസ്തുവിനെ, അതിന്റെ ലിംഗപരമായ നിലനില്പിനെ തന്നെ, പ്രശ്നവത്കരിക്കുകയായിരുന്നു ആ അവതരണങ്ങൾ.

ജനപ്രീതിയുടെ ‘ഒഡീഷ്യസ് കയോട്ടിക്കസ്'

ഇസ്രായേൽ നാടക സംവിധായികയായ മരിയാ നെമിറോവ്സ്‌കി സംവിധാനം ചെയ്ത ‘ഒഡീഷ്യസ് കയോട്ടിക്കസ്' ആണ് നാളിതുവരെയുള്ള നാടകോത്സവത്തിൽ ഏറ്റവും ജനപ്രീതി നേടിയ നാടകങ്ങളിൽ ഒന്ന്. ദൈനംദിന ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഭ്രമകല്പനയുടെ ലോകത്തേക്ക് വഴുതിപ്പോകുന്ന സ്വപ്നസഞ്ചാരിയായ യുവാവിന്റെ കഥയാണ്​ ഈ നാടകം. ഗ്രീക്ക് ഇതിഹാസമായ ഒഡീസിയിൽ നിന്നുള്ള കഥാസന്ദർഭങ്ങളിലൂടെയാണ് നാടകം വികസിപ്പിച്ചിട്ടുള്ളത്. ട്രോജൻ യുദ്ധാനന്തരം സ്വദേശമായ ഇത്താക്കയിലേക്കുള്ള ഒഡീഷ്യസിന്റെ മടക്കയാത്രയാണ് നാടകത്തിലെ പ്രതിപാദ്യം. നാടക സങ്കേതങ്ങളുടെ പുതുമയേറിയ വിനിയോഗവും ഹാസ്യത്തിന് പ്രാമുഖ്യം നൽകിയുമുള്ള അവതരണവും അവേശത്തോടെയാണ് കാണികൾ സ്വീകരിച്ചത്. പ്രണയവും മരണവും വിരഹവുമെല്ലാം പ്രതിപാദിക്കുന്ന കാർമൻ ആണ് മറ്റൊന്ന്. പ്രൊഫഷണൽ ബാലേ നർത്തകർ അവതരിപ്പിക്കാറുള്ള കാർമൻ, സ്യൂട്ട് ത്ബിലിസി മ്യൂസിക് ആൻഡ് ഡ്രാമ സ്റ്റേറ്റ് തിയറ്ററിന്റെയും യു.കെയിലെ മൂവിങ് തിയേറ്ററിന്റെയും സഹകരണത്തോടെയാണ് അവതരിപ്പിക്കപ്പെട്ടത്.

‘ഇറ്റ്ഫോക്ക്’ നാട്ടുകാരെ തെരഞ്ഞുപോയ അവസരങ്ങളുമുണ്ടായിട്ടുണ്ട്. ശക്തമായ തെരുവവതരണങ്ങളാൽ ബാഴ്സിലോണക്കാരായ ഡേവിഡ് ബെർഗയും സംഘവുമാണ് തൃശൂരുകാരെ നാടകത്തിലേക്ക് കൂട്ടിയത്.

ശവം അപ്രത്യക്ഷമായാൽ ശവപ്പെട്ടി ചുമക്കുന്നവരുടെ കഥയെന്താകും? അലക്സ് നവാരോ സംവിധാനം ചെയ്ത ‘ഹ്യൂമോർട്ടൽ' എന്ന തെരുവുനാടകം അതിന് രാഷ്ട്രീയമായ ഒരു ഉത്തരമാണ് കാണികളെക്കൂടി പങ്കാളികളാക്കി കണ്ടെത്തിയത്. കാണികളിലൊരുവനെ ശവമാക്കി സംഘം പ്രശ്നം തീർക്കുന്നു. എന്നാൽ മരണം ആരോപിക്കപ്പെട്ട കഥാപാത്രം ശവപ്പെട്ടിയിൽ നിന്നിറങ്ങി വരുന്നതോടെ അത് ശവത്തിന്റെ അത്ഭുത പ്രവർത്തിയായി ആഘോഷിക്കപ്പെട്ടു. തെരുവൊന്നാകെ ആ അവതരണം ഏറ്റെടുത്തു.

ഇസ്രായേൽ നാടക സംവിധായികയായ മരിയാ നെമിറോവ്സ്‌കി സംവിധാനം ചെയ്ത ‘ഒഡീഷ്യസ് കയോട്ടിക്കസ്' ആണ് നാളിതുവരെയുള്ള നാടകോത്സവത്തിൽ ഏറ്റവും ജനപ്രീതി നേടിയ നാടകങ്ങളിൽ ഒന്ന് / Photo:noamrubinsteintheater.com
ഇസ്രായേൽ നാടക സംവിധായികയായ മരിയാ നെമിറോവ്സ്‌കി സംവിധാനം ചെയ്ത ‘ഒഡീഷ്യസ് കയോട്ടിക്കസ്' ആണ് നാളിതുവരെയുള്ള നാടകോത്സവത്തിൽ ഏറ്റവും ജനപ്രീതി നേടിയ നാടകങ്ങളിൽ ഒന്ന് / Photo:noamrubinsteintheater.com

സിനോഗ്രാഫിയിലെ പുതിയ പരീക്ഷണങ്ങളിലൂടെ നാടകോത്സവത്തെ അസാമാന്യ അനുഭവമാക്കിയ നാടകമായിരുന്നു ഇറ്റാലിയൻ സംവിധായകനായ പീനോദി ബുദോവിന്റെ ‘20,000 ലീഗ് അണ്ടർ ദ സീ’. തിയറ്റർ, സംഗീതം, ഡിജിറ്റൽ സ്റ്റേജിംഗ്, വീഡിയോ ആർട്ട് എന്നിങ്ങനെ വിവിധങ്ങളായ സങ്കേതങ്ങളുടെ സമന്വയത്തിലൂടെയാണ് പീനോ ദി ബുദോ ഈ നാടകം സാധ്യമാക്കിയത്. ജൂലിയസ് വെർണെയുടെ പ്രസിദ്ധ നോവലിനെ ആസ്പദമാക്കി ആഖ്യാന തന്ത്രങ്ങളേയും സാമ്പ്രദായിക തിയേറ്റർ രീതികളേയും ഡിജിറ്റൽ സിനോഗ്രാഫിയുടെ സാധ്യതയിലൂടെ വിളക്കിയെടുത്ത നാടകം, മാറുന്ന നാടകത്തിന്റെ പരിച്ഛേദത്തെ ആസ്വാദ്യകരമായ തരത്തിൽ അരങ്ങിലെത്തിച്ചു. അതിനാൽ, നവ നാടക പ്രവർത്തകരുടെ ശ്രദ്ധ ഈ നാടകം പിടിച്ചു പറ്റി. സയൻസ് ഫിക്ഷൻ ഗണത്തിലുള്ള വെർണെയുടെ നോവലിലെ മനുഷ്യനേക്കാൾ പ്രസക്തമായ യന്ത്രഭാവന തീവ്രമായി തന്നെ അനുഭവിപ്പിക്കാൻ നാടകത്തിനായി. സാങ്കേതികതയിൽ മുങ്ങിപ്പോകാതെ പ്രത്യേകമായി ചിട്ടപ്പെടുത്തിയ ചലനങ്ങളിലൂടെയും ശരീരഭാഷയിലൂടെയും അഭിനേതാക്കൾ നാടകീയ മുഹൂർത്തങ്ങളെ ജ്വലിപ്പിച്ചു. ഒരു സിംഗർ ആപ്പിനെ കേന്ദ്ര കഥാപാത്രമാക്കിയ ഒറ്റയാൾ അവതരണമായിരുന്നു സി ഷാർപ്പ് സി ബ്ലണ്ട്. ഗായിക എം.ഡി പല്ലവി വേദിയിലെത്തിയ ഇന്തോ - ജർമൻ സംയുക്ത സംരഭമായ നാടകത്തിന്റെ സംവിധായിക ബെർലിനിൽ നിന്നുള്ള സോഫിയ സ്റ്റെഫാണ്.

തലയുയർത്തി ഒരുത്സവം

ദൃശ്യങ്ങളുടെ പൊതുഭാഷയിലേക്ക് അന്താരാഷ്ട്ര നാടകങ്ങൾ കൂട്ടത്തോടെ മാറുമ്പോൾ പ്രാദേശിക നാടകങ്ങൾ വാക്കുകളുടെ വിളംബരങ്ങളാകുന്ന കാഴ്ചയായിരുന്നു ‘ഇറ്റ്ഫോക്ക്’ നാടകങ്ങൾ തന്ന മറ്റൊരു പാഠം.
കാണികളെ ത്രസിപ്പിച്ച എത്രയോ അവതരണങ്ങൾ ഇനിയും ഓർത്തെടുക്കാം. ആ അനുഭൂതികളുടെ ആകത്തുകയാണ് കോഴിക്കോടും തിരുവനന്തപുരത്തും റിച്ചിംഗ് ഔട്ട് അവതരണങ്ങൾ ഉൾപ്പെടുത്തിയിട്ടും തൃശൂരിൽ ‘ഇറ്റ്ഫോക്കി’ൽ നിറഞ്ഞു കവിഞ്ഞ ജനം സാക്ഷ്യപ്പെടുത്തിയത്.

വാർത്തകളിൽ നിന്നും വ്യവഹാരങ്ങളിൽ നിന്നും മുഖ്യധാരാ മാധ്യമങ്ങളും പുസ്തക പ്രസാധകരും ക്രൂരമായി അവഗണിക്കുന്ന ഒരു സമകാലിക നാടക പരിസരത്താണ് ‘ഇറ്റ്ഫോക്ക്’ തലയുയർത്തി നിൽക്കുന്നത്. കണക്കുകളിൽ കവിഞ്ഞു പോകുമെങ്കിലും കലോത്സവങ്ങൾക്ക് നിർമിക്കപ്പെടുന്ന നാടകങ്ങൾ ഉൾപ്പടെ ഒരു വർഷം ശരാശരി ആയിരത്തോളം നാടകങ്ങൾ കേരളത്തിലുണ്ടാകുന്നുണ്ട്. അവയിൽ നാലിലൊന്നെങ്കിലും പുതിയ രചനങ്ങളെ അടിസ്ഥാനമാക്കി നിർമിക്കപ്പെടുന്നവയാണ്. മികച്ച രംഗപരീക്ഷണങ്ങളുടെ ഉത്സാഹത്തിലേക്ക് നാടകത്തെ നടത്തിയതിൽ ‘ഇറ്റ്ഫോക്കി’ന് വലിയ പങ്കുണ്ട്. 13 എഡിഷൻ പിന്നിടുന്ന ‘ഇറ്റ്ഫോക്കി’ന്റെ ഉപലബ്ധി ഇനിയും വെളിച്ചമണയാത്ത, കാണികളൊഴിയാത്ത ആയിരം അരങ്ങുകൾ തന്നെ. ▮

Comments