photo: Raneesh Raveendran

പതിമൂന്നാമത്തെ
​നാടകം

ലോകത്താകമാനമുള്ള മാനവരാശി നേരിടുന്ന സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന, വിനിമയം ചെയ്യുന്ന ഒരിടമായി അന്തർദ്ദേശീയ നാടകോത്സവം രൂപാന്തരപ്പെടുകയാണ്.

കാൽനൂറ്റാണ്ടിലെത്തി നില്ക്കുന്ന അക്കാദമി ജീവിതത്തിലെ ഏറ്റവും തിളക്കമാർന്നതും എല്ലാ കാലത്തും ഓർമ്മയിൽ തിളങ്ങി നില്ക്കുന്നതുമാണ് ‘ഇറ്റ്​ഫോക്ക്​’ കാലം. 25 വർഷക്കാലത്തെ ഔദ്യോഗിക ജീവിതമെന്നത് അതുവരെ ജീവിച്ച ജീവിതത്തെക്കാൾ വലുതാണ്.

നിരന്തരമായ യാത്രകൾ, മഹാന്മാരായ ചെയർമാൻമാർ, സെക്രട്ടറിമാർ, ഭരണ സമിതിയംഗങ്ങൾ, സ്റ്റാഫ്, സുഹൃത്തുക്കൾ... അങ്ങനെയങ്ങനെ ഔദ്യോഗിക ജീവിതം പരന്ന് പടർന്ന് കിടക്കുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സാംസ്‌കാരിക സ്ഥാപനത്തിലെ ഇത്രയും കാലത്തെ അനുഭവ പരിചയങ്ങളെ എങ്ങനെ രേഖപ്പെടുത്തും? വീണ്ടും പതിമൂന്നാമത്തെ നാടകക്കാലത്തിന്റെ കൂട്ടപ്പൊരിച്ചിലിൽ പലപല കാഴ്ചകളും ഓർമകളും മനസ്സിന്റെ അണിയറപ്പൊര പൊളിച്ചു വരികയാണ്.

എല്ലാ ഒന്നിക്കലും തകർന്നുപോയേടത്ത്, എല്ലാ പ്രതീക്ഷകളും മാസ്‌ക് വെച്ച് അടഞ്ഞുപോയ ഇരുളിന്മേലാണ് പതിമൂന്നാമത്തെ നാടക വെളിച്ചം പതിയെപ്പതിയെപ്പരക്കുന്നത്. അവിടെ തെളിഞ്ഞുതെളിഞ്ഞു വരുന്ന അക്ഷരങ്ങളെ നമുക്കിങ്ങനെ വായിച്ചെടുക്കാം.

photo: Raneesh Raveendran

ഒന്നിക്കണം
മാനവികത

Humanitymust Unite

പിന്നിട്ടുപോയ പന്ത്രണ്ട് നാടകക്കാലങ്ങൾ അതിൽ മിന്നിത്തിളങ്ങുന്നുണ്ട്...

2008 മുതൽ 2023 വരെയുള്ള പതിമൂന്ന് ‘ഇറ്റ്​ഫോക്കി’ൽ ഇതെഴുതുന്നയാളുടെ വിയർപ്പും ചോരയുമുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ പതിവ് പരിപാടികളിൽ നിന്ന്​ വിഭിന്നമായി ഇന്നെത്തിനില്ക്കുന്ന രാജ്യാന്തര നാടകോത്സവത്തിന്റെ വളർച്ച പടിപടിയായി സംഭവിച്ചതാണ്. വിശ്രുത കലാകാരനായ കാവാലം നാരായണ പണിക്കർ അക്കാദമി ചെയർമാനായിരിക്കുമ്പോഴാണ് ലോകനാടകം എന്ന ആശയം ആദ്യമായി മുന്നോട്ട് വെക്കുന്നത്. പല കാരണങ്ങളാൽ അന്ന് അത് നടന്നില്ല പിന്നീട് അഭിവന്ദ്യനായ നാടകാചാര്യൻ സി. എൽ. ജോസ് ചെയർമാനായി. പിന്നെയും ലോകനാടകം എന്ന സ്വപ്നം സ്വപ്നമായിത്തന്നെ ബാക്കിയായി.

മുരളി

അഭിനയപ്രതിഭയായ മുരളിയെന്ന ഇച്ഛാശക്തിയുള്ള മനുഷ്യൻ ചെയർമാനായി 2006ൽ അക്കാദമിയിലെത്തുമ്പോൾ ലോകക്രമം തന്നെ മാറിയിരുന്നു. ആഗോള മനുഷ്യൻ യാഥാർത്ഥ്യമാകുന്ന കാലം കൂടിയായിരുന്നു അത്. തൃശൂരിൽ ഇന്റർനാഷണൽ നാടകം എന്ന ആശയം പതുക്കെപ്പതുക്കെ പച്ച പിടിക്കുകയായിരുന്നു.

ഭരത് മുരളി ചെയർമാനും പ്രൊഫ. പി. ഗംഗാധരൻ സെക്രട്ടറിയുമായിരുന്ന കാലത്ത് ഒ​ട്ടേറെ പുതുമകളാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അതിലൊന്നാണ്​, ആദ്യ രാജ്യാന്തര നാടകോത്സവം- ഏഷ്യൻ തിയറ്റർ ഫെസ്റ്റിവൽ. അപ്പോഴേക്കും ഗംഗാധരൻ മാഷ് മാറുകയും ഡോ. പ്രഭാകരൻ പഴശ്ശി സെക്രട്ടറിയായി സ്ഥാനമേൽക്കുകയും ചെയ്തു.

ലോകവും നമ്മുടെ കൊച്ചുമലയാളനാടും തമ്മിലുള്ള സാംസ്‌കാരിക സത്തയുടെ വിനിമയം തന്നെയാണ് ‘ഇറ്റ്​ഫോക്കി’ൽ സംഭവിക്കുന്നത്.

ഏഷ്യൻ തിയറ്റർ ഫെസ്റ്റിവൽ എന്ന ആദ്യ അന്തർദേശീയ നാടകോത്സവം അക്ഷരാർത്ഥത്തിൽ ഒരതിശയം തന്നെയായിരുന്നു. International Theater Festival of Kerala അന്ന് ‘ഇറ്റ്​ഫോക്ക്​’ എന്ന പൊതു സജ്ഞയിലേക്ക് പരിണമിച്ചിരുന്നില്ല വിളിച്ചുവിളിച്ച് അങ്ങനെയൊരു പേരുറക്കുകയായിരുന്നു. നാടക സംവിധായികയും അഭിനേത്രിയുമായിരുന്ന ജെ. ശൈലജയായിരുന്നു ആദ്യത്തെ ‘ഇറ്റ്​ഫോക്ക്’ ഡയറക്ടർ. തൃശൂർ കോർപ്പറേഷൻ ഗ്രൗണ്ടിൽ ഓപ്പൺ സ്റ്റേജിലെ ചൈനീസ് ഓപ്പറ ആയിരങ്ങൾ കണ്ടമ്പരന്നു. ബോംബെ പൊട്ടിത്തെറിക്കുശേഷമെത്തിയ പാക്കിസ്ഥാൻ നാടകമായ ബുല്ലേഷായുടെ സംവിധായിക മദീഹ ഗൗറും സംഘവും ഇന്ത്യയെ ഞങ്ങൾ എങ്ങനെ ചേർത്തുപിടിക്കുന്നുവെന്ന് പ്രഖ്യാപിച്ചപ്പോൾ അത് അത്രമേൽ വൈകാരികമായ ഒന്നായി. മതനിയന്ത്രണങ്ങളുടെ വേലിക്കെട്ടുകൾ തകർത്ത് ഇറാൻ നാടക സംഘം ഈഡിപ്പസിന്റെ ഹൃദയവ്യഥകളെ ജൊക്കാസ്റ്റ എന്ന നാടകത്തിലൂടെ അരങ്ങിൽ ആടിത്തകർത്തു. നമ്മടെ സ്വന്തം ജോസേട്ടൻ, ജോസ് ചിറമേൽ നാടകത്തിന്റെ അമ്പടയാളം ഹൃദയത്തിൽ പേറുന്ന മുദ്രരാക്ഷസൻ കാലത്തിന്റെ രംഗപടം തകർത്ത് അരങ്ങിലെ നീലവെളിച്ചത്തിൽ പൊട്ടിച്ചിരിച്ചു. ജയരാജ് വാര്യർ ചാണക്യനായി തകർത്തഭിനയിച്ച മുദ്രരാക്ഷസം വാക്കുകൾക്കതീതമായ അരങ്ങനുഭവമായിരുന്നു.

ബ്രെറ്റ് ബെയ്‌ലി സംവിധാനം ചെയ്ത 'സാംസൺ' എന്ന നാടകത്തിൽനിന്ന്. photo; Raneesh Raveendran

‘ഇറ്റ്​ഫോക്കി’ൽ അടുത്ത വർഷം ആഫ്രിക്കൻ തിയറ്റർ വന്നു.
ശങ്കർ വെങ്കിടേശ്വരൻ (സഹ്യന്റെ മകൻ), ദീപൻ ശിവരാമൻ (സ്​പൈനൽ കോഡ്) സുവീരൻ (ആയുസ്സിന്റെ പുസ്തകം)- നാടകത്തിന്റെ പുതിയ ഭാഷ സംസാരിക്കുന്ന യുവപ്രതികൾ സ്വന്തം അരങ്ങ് ഭാഷ്യം കൊണ്ട് ലോകത്തെ ഞെട്ടിച്ചു.

എത്രയോ ക്യൂറേറ്റർമാരുടെ, നാടക പ്രതിഭകളുടെ, ടെക്‌നീഷ്യന്മാരുടെ, തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ അനന്തര ഫലം. പതിമൂന്നാമത് രാജ്യാന്തര നാടകോത്സവത്തിലേക്ക് ഇന്നെത്തിനില്ക്കുമ്പോഴുള്ള അഭിമാനം ചെറുതല്ല.

ആഫ്രിക്കൻ തിയറ്റർ ഫെസ്റ്റിവലോടെ ‘ഇറ്റ്​ഫോക്ക്​’ ലോക നാടകവേദിയുടെ ശ്രദ്ധകേന്ദ്രമാവുകയായിരുന്നു. പിന്നീടുവന്ന ലാറ്റിനമേരിക്കൻ ഫെസ്റ്റിവൽ അതിവിപുലമായ സന്നാഹത്തോടെയാണ് നടത്തിയത്. ഇതുവരെ നടന്നതിൽ ഏറ്റവും വലിയ നാടകോത്സവം ലാറ്റിനമേരിക്കൻ തിയറ്റർ ഫെസ്റ്റിലാണ്. തുടർന്നുള്ള വർഷങ്ങളിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് കലാകാരന്മാർ അക്കാദമിയിലെത്തി. മാനവരാശിയുടെ ഒന്നിക്കലിനെ കോവിഡ് വിഴുങ്ങുന്നതുവരെ ‘ഇറ്റ്​ഫോക്ക്​’ മുടക്കമില്ലാതെ തുടർന്നു. അങ്ങനെയങ്ങനെ ഇടറിവീണും നിവർന്നുനിന്നും നെഞ്ചുവിരിച്ചും അക്കാദമിയുടെ സ്വന്തം നാടകോത്സവം ലോകത്തിന്റെ നാടകോത്സവമായി വളർന്നു. എത്രയോ ക്യൂറേറ്റർമാരുടെ, നാടക പ്രതിഭകളുടെ, ടെക്‌നീഷ്യന്മാരുടെ, തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ അനന്തര ഫലം. പതിമൂന്നാമത് രാജ്യാന്തര നാടകോത്സവത്തിലേക്ക് ഇന്നെത്തിനില്ക്കുമ്പോഴുള്ള അഭിമാനം ചെറുതല്ല.

ആർട്ടിസ്റ്റ് സുജാതൻ

ഇനി ചിലപ്പോൾ ഉണ്ടായേക്കാനിടയില്ലെന്നുനിനച്ച് അട്ടത്തുകയറ്റിയ
സൈക്ലോരമയും സൈഡ് വിങ്‌സും വീണ്ടും പൊടിതട്ടിയെടുത്തു, വെള്ളിത്താടിയും കാറ്റിലുലയുന്ന നീണ്ട വെള്ളിത്തലമുടിയുമായി അരങ്ങിലെ സാത്വിക സാന്നിദ്ധ്യമായ പെരുന്തച്ചൻ ആർട്ടിസ്റ്റ് സുജാതൻ.
സിന്ദ്ബാദ് രാജേട്ടനും ടെയ്​ലർ പ്രേമേട്ടനും മറ്റനേകം തൊഴിലാളികൾക്കുമൊപ്പം രംഗസാമഗ്രികളുടെ മഹാശില്പി പണിത്തിരക്കിലായി.

മഹാപ്രളയത്തിന്റെയും കോവിഡിന്റെയും ദുരന്തത്തിൽ നിലച്ചുപോയ കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര നാടകോത്സവം 2023 ഫെബ്രുവരി 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. 2008 ൽ ഇത്തരം ഒരു അന്താരാഷ്ട്ര നാടകോത്സവത്തെ കുറിച്ച് സ്വപ്നം കാണുകയും ആ സങ്കല്പത്തെ പ്രായോഗികപഥത്തിലെത്തിക്കുകയും ചെയ്ത അക്കാലത്തെ സംഗീത നാടക അക്കാദമി ചെയർമാൻ, നമുക്ക് പ്രിയങ്കരനായ നടൻ മുരളിയുടെ പേരിലുള്ള തിയറ്റർ നവീകരണം നടത്തി ലോകനിലവാരത്തിലുള്ള ഒരു തിയറ്ററായി പുനർനിർമ്മിച്ചിരിക്കയാണ്. നവീകരിച്ച ആക്ടർ മുരളി തിയറ്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വിക്കുകയാണ്.

ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് ഒരു ജനകീയ ജനാധിപത്യ സംവിധാനത്തിനകത്ത് ഇത്ര വിപുലമായ ഒരു ഇന്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ, ഇത്രയും സാങ്കേതിക തികവോടെ ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും സംഘടിപ്പിക്കുന്നില്ല.

ലോകത്തിനുമുന്നിൽ തലയുയർത്തി അഭിമാനിക്കാവുന്ന പലതുമുണ്ട് നമുക്ക്. കേരള സംഗീത നാടക അക്കാദമിയുടെ അന്തർദ്ദേശീയ നാടകോത്സവം ലോകനാടകവേദിയിൽ കേരളത്തിന്റെ അഭിമാനമാണ്. ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് ഒരു ജനകീയ ജനാധിപത്യ സംവിധാനത്തിനകത്ത് സർക്കാരിന്റെ എല്ലാ നിയന്ത്രണങ്ങൾക്കും അച്ചടക്കങ്ങൾക്കും വിധേയമായി ഇത്ര വിപുലമായ ഒരു ഇന്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ, ഇത്രയും സാങ്കേതിക തികവോടെ ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും സംഘടിപ്പിക്കുന്നില്ല. 12 എഡിഷനുകൾ പിന്നിട്ട പതിമൂന്നാമത് രാജ്യാന്തര നാടകോത്സവം പുതിയ ചരിത്രവും പുതിയ അതിജീവനവും സാധ്യമാക്കുന്നു.

'സാംസൺ' എന്ന നാടകത്തിൽനിന്ന്. / photo:Raneesh Raveendran

‘ഇറ്റ്‌ഫോക്ക്’ എന്നത് കേവലം ഒരു നാടകോത്സവമല്ല. ലോകത്താകമാനമുള്ള മാനവരാശി നേരിടുന്ന സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന, വിനിമയം ചെയ്യുന്ന ഒരിടമായി അന്തർദ്ദേശീയ നാടകോത്സവം രൂപാന്തരപ്പെടുകയാണ്. മലയാളിയുടെ നാടകാസ്വാദനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിനും നാടകവും നാടക്കാരും അന്തസ്സാർന്നതാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ‘ഇറ്റ്​ഫോക്ക്​’ കാരണമായിട്ടുണ്ട്.

ചരിത്ര പ്രാധാന്യമുള്ള ഒരു എഡിഷൻ

ഇതുവരെ കഴിഞ്ഞ എല്ലാ ‘ഇറ്റ്​ഫോക്കും’ ഓരോ ആശയം മുൻനിർത്തിയാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഈ വർഷത്തെ ‘ഇറ്റ്​ഫോക്കി’ന്​ ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. ലോകത്തെ ഇരുളിലാഴ്ത്തിയ ഒരു മഹാമാരി എല്ലാ മാനവികതയെയും മനുഷ്യർ തമ്മിലുള്ള കൂടിച്ചേരലുകളെയും നിരാകരിച്ചപ്പോൾ സമൂഹജീവിയായ മനുഷ്യൻ ചരിത്രത്തിൽ ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത ഒറ്റപ്പെടലിന്റെ തടവിൽ അകപ്പെടുകയായിരുന്നു. എല്ലാ ആരവങ്ങളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നും ഒറ്റപ്പെട്ടു പോയ കലാകാരരുടെ ദുഃഖത്തിന് പകരമായി മറ്റെന്തുണ്ട്? യുദ്ധങ്ങളിലും പകർച്ചവ്യാധികളിലും പ്രകൃതിദുരന്തങ്ങളിലും അകപ്പെട്ടു പോകുന്ന മനുഷ്യ ദുഃഖത്തെ ഒന്നാകെ ചേർത്തുകൊണ്ടാണ് 13-മത് രാജ്യാന്തര നാടകോത്സവത്തിന് ‘ഒന്നിക്കണം മാനവികത’ എന്ന പേര് നൽകിയിരിക്കുന്നത്.

ലോക നാടകവേദിയിലെ ഇതിഹാസമായ സാക്ഷാൽ പീറ്റർ ബ്രൂക്കിന്റെ നാടക സംഘം എത്തുന്നു എന്നത് ഈ ‘ഇറ്റ്​ഫോക്കി’നെ ഏറ്റവും പ്രാധാന്യമുള്ളതാക്കുന്നു.

ലോകവും നമ്മുടെ കൊച്ചുമലയാളനാടും തമ്മിലുള്ള സാംസ്‌കാരിക സത്തയുടെ വിനിമയം തന്നെയാണ് ‘ഇറ്റ്​ഫോക്കി’ൽ സംഭവിക്കുന്നത്. ഇംഗ്ലണ്ട്, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, പോളണ്ട്, ഇറ്റലി, ഡെൻമാർക്ക്, തായ്​വാൻ, ലെബനാൻ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളിലെ കലാകാരന്മാർ നമ്മളോട് സംവദിക്കുന്നതിനായി തൃശൂരിലേക്ക് വരികയാണ്. 10 വിദേശ നാടകങ്ങൾ, 14 ഇന്ത്യൻ നാടകങ്ങൾ, അതിൽ തന്നെ 4 മലയാള നാടകങ്ങൾ, 4 സംഗീത പരിപാടികൾ, കോളോക്വിയം, പേപ്പർ പ്രസന്റേഷനുകൾ, നാടക സംവിധായകരുമായുള്ള മുഖാമുഖം പരിപാടികൾ എന്നിങ്ങനെ വിവിധ പരിപാടികൾ 13-ാമത് ‘ഇറ്റ്​ഫോക്കി’ന്റെ സവിശേഷതയാണ്. ലോക നാടകവേദിയിലെ ഇതിഹാസമായ സാക്ഷാൽ പീറ്റർ ബ്രൂക്കിന്റെ നാടക സംഘം എത്തുന്നു എന്നത് ഈ ‘ഇറ്റ്​ഫോക്കി’നെ ഏറ്റവും പ്രാധാന്യമുള്ളതാക്കുന്നു. ഇന്ത്യൻ നാടകവേദിയിലെ പ്രഗൽഭമതികളായ അനുരാധ കപൂർ, അനന്ത കൃഷ്ണൻ, ദീപൻ ശിവരാമൻ എന്നിവരാണ് ഇത്തവണ ഫെസ്റ്റിവൽ ഡയറക്​ടറേറ്റ്​.

ലോക നാടകവേദിയിലെ ഇതിഹാസമായ സാക്ഷാൽ പീറ്റർ ബ്രൂക്കിന്റെ നാടക സംഘം എത്തുന്നു എന്നത് ഈ ‘ഇറ്റ്​ഫോക്കി’നെ ഏറ്റവും പ്രാധാന്യമുള്ളതാക്കുന്നു

മലയാളരംഗകലയുടെ മഹാശിൽപ്പിയായ ആർട്ടിസ്റ്റ് സുജാതന്റെ കലാജീവിതം രേഖപ്പെടുത്തുന്ന അദ്ദേഹത്തിന്റെ രംഗശില്പങ്ങൾ ചേർത്തലങ്കരിച്ച ആർട്ടിസ്റ്റ് സുജാതൻ സീനിക് ഗാലറിയും ഇത്തവണത്തെ മുഖ്യാകർഷണമാണ്. തൃശൂരിന്റെ അഭിമാനമായി മാറുമായിരുന്ന രാമനിലയം ബാക്ക് യാർഡിൽ പണി പൂർത്തിയാക്കിയ കൂത്തമ്പലം കത്തി നശിച്ചിട്ട് 12 വർഷം കഴിഞ്ഞു. പന്ത്രണ്ടു വർഷത്തെ ചാരത്തിൽ നിന്നും പൊടിയിൽ നിന്നും പുതിയ ആകാശത്തേക്ക് പുതിയ ഭൂമിയിൽ നിന്ന്​ ഒരു സ്വപ്നം ചിറകടിക്കുകയാണ്. അതാണ് From the Ashes to Open Sky (FAOS) എന്ന പുതിയ തിയറ്റർ.

കത്തി നശിച്ച് ചാരത്തിലൊടുങ്ങിയ കൂത്തമ്പലം പുനർനിർമ്മിച്ച് കേരള സംഗീത നാടക അക്കാദമിക്ക് കൈമാറുന്നതിനുള്ള നടപടികളാണ് ഇനി തുടങ്ങേണ്ടത്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച രംഗ വേദിയായി കലാകാരന്മാർക്ക് സർഗ്ഗാവിഷ്‌കാരങ്ങൾ നടത്തുന്നതിനുള്ള സ്വതന്ത്രമായ ഇടമായി FAOS മാറണം. പ്രസിദ്ധ ആർക്കിടെക്റ്റ് ബ്രിജേഷ് സവിശേഷമായി രൂപകല്പന ചെയ്ത പവലിയൻ തിയറ്റർ, അക്കാദമിയുടെ കെ.ടി. മുഹമ്മദ് തിയറ്റർ, ബ്ലാക്ക് ബോക്‌സ് എന്നിവയാണ് മറ്റ് രംഗവേദികൾ.

‘ഇറ്റ്​ഫോക്ക്​- 2023’ ഡയറക്​ടറേറ്റ്​: അനുരാധ കപൂർ, ദീപൻ ശിവരാമൻ, അനന്ത കൃഷ്ണൻ

ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ കലാകാരന്മാരെ സമന്വയിപ്പിച്ച് കേരള ലളിതകലാ അക്കാദമി ഒരുക്കുന്ന സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലും ‘ഇറ്റ്‌ഫോക്കി’ന്റെ അനുബന്ധ പരിപാടിയാണ്. ഇന്ത്യയിലെ തിയറ്റർ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സവിശേഷമായ ശില്പശാല ഐ.എഫ്.ടി.എസ് എന്ന പേരിൽ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലും സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിന് വലിയ പ്രാധാന്യം നൽകി ‘കില’യിൽ സംസ്ഥാന കുടുംബശ്രീ മിഷനുമായി സഹകരിച്ച്​ സ്ത്രീകൾക്കു വേണ്ടി മാത്രമുള്ള പ്രത്യേക ശില്പശാലയും ‘ഇറ്റ്‌ഫോക്കി’നൊപ്പം നടക്കുന്നുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകളുമായി കുടുംബശ്രീയുടെ ഫുഡ് ഫെസ്റ്റിവലും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

തൃശൂരിൽ പതിമൂന്നാമത് നാടകത്തിന്റെ മണി മുഴങ്ങുമ്പോൾ അത് ലോക നാടകവേദിയിലാണ് പ്രതിദ്ധ്വനിക്കുന്നത്. അരങ്ങെന്നത് ജീവന്റെ പച്ചയിറ്റുന്ന ഭൂമിയാണ്. തലക്ക് മോളിൽ കത്തുന്ന സൂര്യനാണ് അവിടത്തെ പാർലൈറ്റ്. സർവ്വ ചരാചരങ്ങളുമാണ് നടീനടന്മാർ. അരങ്ങൊരു വിരാട് രംഗഭൂമിയാണ്. അരങ്ങിൽ മനുഷ്യർ ഒന്നിക്കുമ്പോൾ ലോക മാനവികത തന്നെയാണ് ഒന്നിക്കുന്നത്.
പലവിധത്തിലുള്ള ദുരന്തങ്ങളിൽ മനുഷ്യർ അകന്നകന്നുപോകുമ്പോൾ അവരെ ചേർത്ത് പിടിക്കാനുള്ള ഊർജ്ജം പകർന്നു കൊടുക്കുന്നതിനുള്ള ഉത്തരവാദിത്തം നമ്മുടെ രംഗകലകൾക്കല്ലാതെ മറ്റെന്തിനാണുള്ളത്? ▮


വി.കെ. അനിൽകുമാർ

എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ, സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ

Comments