കേരളത്തിലെ ഏറ്റവും ജനകീയമായ കലാപ്രസ്ഥാനമാണ് നാടകം. ഏറ്റവും കൂടുതൽ ജനങ്ങൾ കാണുന്ന കലാവതരണവും നാടകം തന്നെയാണ്. ചെറുതും വലുതുമായി കേരളത്തിൽ ഒട്ടനവധി നാടകസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നാടകം ഉപജീവനമാർഗമായി സ്വീകരിക്കുകയും നാടകത്തിലൂടെ ജീവിക്കുകയും ചെയ്യുന്ന എത്രയോ കലാകാരന്മാരെ ഉൾക്കൊള്ളുന്ന പ്രൊഫഷണൽ നാടകസംഘങ്ങളും കേരളത്തിലുണ്ട്. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാസമിതികൾ സ്വന്തം ചെലവിൽ പണം മുടക്കി നിർമിക്കുന്ന നാടകങ്ങളും കേരളത്തിന്റെ നാടകപ്രസ്ഥാനത്തിന് ശക്തി പകരുന്നുണ്ട്.
നാടകം പഠിപ്പിക്കാനായി സ്കൂൾ ഓഫ് ഡ്രാമ എന്ന സ്ഥാപനവും യൂണിവേഴ്സിറ്റിയുടെ കീഴിൽ തൃശ്ശൂരിൽ പ്രവർത്തിക്കുന്നു. കേരളത്തിന്റെ പ്രൊഫഷണൽ നാടകങ്ങൾ കലാമൂല്യത്തോടൊപ്പം, മുഖ്യമായും നാടകമേളകളും ഉത്സവപ്പറമ്പുകളും കേന്ദ്രീകരിച്ച് അതിന്റെ വിപണി ലക്ഷ്യം വെച്ചുമാണ് നാടക പ്രവർത്തനം നടത്തുന്നത്. കാരണം ഒരു വർഷം എത്ര അവതരണം നടന്നുവോ അത്രയും സാമ്പത്തികമായ ലാഭമുണ്ടാവുകയാണെങ്കിൽ അത് നാടകസംഘത്തിനും അതിലെ കലാകാരർക്കും ഗുണം ചെയ്യും.
രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ടും ധൈഷണിക ബോധ്യം കൊണ്ടും ഏറ്റവും നവീനമായ രംഗപ്രയോഗസാധ്യതകളെ അന്വേഷിക്കുന്ന പരീക്ഷണാത്മകമായ നാടകപ്രസ്ഥാനമാണ് അമേച്വർ നാടകവേദി. രൂപത്തിലും ഭാവത്തിലും രംഗപ്രയോഗത്തിലും ഏറ്റവും നൂതനമായ പ്രവണതകളെ അന്വേഷിക്കുന്നതിൽ നമ്മുടെ അമേച്വർ നാടകങ്ങൾ മുൻപന്തിയിൽ നിൽക്കുന്നു. സംഗീതനാടകം, ബാലെ, ഒറ്റയാൾ നാടകം, തെരുവുനാടകം, സംഗീതശില്പം എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ നാടകസംബന്ധിയായ ആവിഷ്കാരങ്ങൾ നിലനിൽക്കുന്ന കേരളത്തിൽ തന്നെയാണ് ഇതിനകം 14 ഇൻറർനാഷണൽ തിയേറ്റർ ഫെസ്റ്റിവലുകൾ അരങ്ങേറിയിട്ടുള്ളത്.
വൈവിധ്യപൂർണ്ണമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ഓരോ ‘ഇറ്റ്ഫോക്കും’ ക്യുറേറ്റ് ചെയ്യപ്പെടുന്നത്.
‘ഇറ്റ്ഫോക്കി’നു മുൻപും പിമ്പും എന്ന് കേരളത്തിന്റെ നാടകബോധം രണ്ടായി വഴി പിരിയുന്നുണ്ട്. അഭിനയപ്രതിഭയായ ഭരത് മുരളി ചെയർമാനായി 2006- ൽ അക്കാദമിയിലെത്തിയപ്പോഴാണ് അന്തർദേശീയ നാടകോത്സവത്തിൻ്റെ. പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ദീർഘമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കുമൊടുവിൽ, 2008- ൽ ആദ്യത്തെ അന്തർദേശീയ നാടകോത്സവത്തിന് തിരശ്ശീല ഉയർന്നു. ജെ. ശൈലജയായിരുന്നു ഡയറക്ടർ. ഡോ. പ്രഭാകരൻ പഴശ്ശി അക്കാദമി സെക്രട്ടറിയും ആയിരുന്നു.
കേരളത്തിലെ നാടകാസ്വാദകർക്കായി ഒരു പുതുയോഗപ്പിറവിയെ വരവേൽക്കലായിരുന്നു ആദ്യ അന്തർദേശീയ നാടകോത്സവമായ ഏഷ്യൻ തിയറ്റർ ഫെസ്റ്റിവൽ. ബീജിങ്ങിൽ നിന്നുള്ള ചൈനീസ് ഓപ്പറ കാണാൻ തൃശ്ശൂരിലെ കോർപ്പറേഷൻ ഗ്രൗണ്ട് കാണികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള മദീഹ ഗൗറിന്റെ നാടക സംഘം, ഇറാനിൽ നിന്നുള്ള ഈഡിപ്പസ് നാടകം ജോക്കാസ്റ്റാ, ബംഗ്ലാദേശ്, ശ്രീലങ്കൻ നാടകങ്ങൾ എന്നിങ്ങനെ വിദേശ നാടകങ്ങളുടെ അവതരണങ്ങൾ ആദ്യമായി കേരളത്തിലെ ജനങ്ങൾ കാണുകയായിരുന്നു.
അന്തർദേശീയ നാടകോത്സവത്തിൻ്റെ പ്രസക്തിയും പ്രാധാന്യവും എന്തായിരുന്നു എന്ന് ആദ്യത്തെ ഏഷ്യൻ തിയേറ്റർ ഫെസ്റ്റിവലിൽ തന്നെ വ്യക്തമായിരുന്നു. ഏറ്റവും കൂടുതൽ ജനങ്ങൾ നാടകം കണ്ട നാളുകളായിരുന്നു 2008-ലെ ഏഷ്യൻ തിയറ്റർ ഫെസ്റ്റിവൽ.
രണ്ടാമത്തെ ആഫ്രിക്കൻ തിയേറ്റർ ഫെസ്റ്റിലോടുകൂടി കേരളത്തിൻ്റെ സ്വന്തം രാജ്യാന്തര നാടകോത്സവം ലോക നാടകവേദിയിൽ അടയാളപ്പെടുകയായിരുന്നു.
ഇൻറർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള- ITFOK ഇറ്റ്ഫോക്ക്- എന്ന പേര് അങ്ങനെ പതുക്കെപ്പതുക്കെ ലോകനാടകവേദിയിൽ പതിഞ്ഞുകേട്ടു തുടങ്ങി.
മൂന്നാമത്തെ ലാറ്റിനമേരിക്കൻ തിയറ്റർ ഫെസ്റ്റിവലോടെ ലോകനാടകവേദിയിൽ കേരളവും അടയാളപ്പെട്ടുകഴിഞ്ഞിരുന്നു. ഇന്ത്യയിലെ കേരളത്തിൽ നടക്കുന്ന അന്തർദേശീയ നാടകോത്സവത്തിൽ പങ്കെടുക്കുക എന്നത് ലോകനാടകവേദിയിലെ ഏതു നാടകക്കാരുടെയും ഏറ്റവും വലിയ സ്വപ്നമായി മാറുന്നതിലേക്കാണ് പിന്നീടുള്ള ‘ഇറ്റ്ഫോക്കി’ൻ്റെ വളർച്ച.
ബാദൽ സർക്കാർ, ഹബീബ് തൻവീർ, യു.ആർ. അനന്തമൂർത്തി, ഗിരീഷ് കർണ്ണാട്, പ്രസന്ന, രഥൻ തിയ്യം, നസറുദ്ദീൻ ഷാ, സീമ ബിശ്വാസ്, നീലംമാൻ സിങ്, അനുരാധ കപൂർ, സുലേഖ അല്ലാന, അനുപം ഖേർ, റോയ്സ്റ്റൺ ആബേൽ തുടങ്ങിയ ഇന്ത്യൻ നാടകവേദിയിലെ എത്രയോ പ്രതിഭകൾ ‘ഇറ്റ് ഫോക്കി’ൽ പങ്കെടുക്കുന്നതിന് തൃശ്ശൂരിൽ എത്തിയിട്ടുണ്ട്.
പീറ്റർ ബ്രൂക്ക്, റിച്ചാർഡ് ഷെക് നർ, നിയോ മൂയാങ്ക, എലിയാസ് കൊഹാൻ, ഔലിയാക്കുലി, ബ്രെറ്റ് ബെയ്ലി, റോമിയോ കാസ്റ്റല്യൂച്ചി, മാർക്ക് ഫ്ലെയിഷ് മാൻ, കാൾസഗ്സാഗൻ, ആൻഡ്രിയ കുസുമാനോ തുടങ്ങിയ എത്രയോ ലോക നാടകസംവിധായകർ ഇതിനകം ‘ഇറ്റ്ഫോക്കി’ൻ്റെ ഭാഗമായി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള നാടകസംഘങ്ങൾ സംഗമിച്ച 14 രാജ്യാന്തര നാടകോത്സവങ്ങൾ ഇതിനകം തൃശൂരിൽ അക്കാദമി കാമ്പസിൽ അരങ്ങേറിയിട്ടുണ്ട്.
കേരളത്തിലെ നാടകപ്രവർത്തകർക്ക് ലോകത്തിലെ ഏറ്റവും പ്രശസ്തമായ നാടകസംഘങ്ങളുടെ നാടകങ്ങൾ കാണുന്നതിനും വിശ്വനാടക പ്രതിഭകളെ അടുത്തറിയുന്നതിനുമുള്ള വേദിയൊരുക്കുക, ഇന്ത്യൻ സംസ്കാരവും ലോക സംസ്കാരവും തമ്മിലുള്ള ആദാന പ്രദാനങ്ങളെക്കുറിച്ച് മനസ്സിലാക്കുക, സംസ്കാരത്തിന്റെ വിനിമയത്തിലൂടെ കലയുടെ രാഷ്ട്രീയത്തെ കൂടി വിനിമയം ചെയ്യുക എന്നിങ്ങനെ വൈവിധ്യപൂർണ്ണമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ഓരോ ‘ഇറ്റ്ഫോക്കും’ ക്യുറേറ്റ് ചെയ്യപ്പെടുന്നത്.
സംസ്ഥാന സർക്കാറിനു വേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 14-ാമത് രാജ്യാന്തര നാടകോത്സവത്തിന് തിരശ്ശീല വീഴുമ്പോൾ ഒട്ടനവധി ചോദ്യങ്ങളുടെയും സംവാദങ്ങളുടെയും പുതിയ തുറസ്സുകൾ തുറന്നിടുന്നുണ്ട്. എട്ടു ദിവസങ്ങളിലായി ലോക നാടകവേദി കേരളത്തെ ഉറ്റുനോക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച നാടകസംഘങ്ങൾ ഇവിടെയെത്തി വ്യത്യസ്ത വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചു. അവതരണത്തിലും പ്രമേയത്തിലും ഏറ്റവും നവീനമായ രംഗപ്രയോഗസാധ്യതകളെ കേരളത്തിലെ ആസ്വാദകർക്ക് വെളിപ്പെടുത്തുന്നതായിരുന്നു ഓരോ രംഗാവതരണവും.
ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് ഒരു ജനകീയ ജനാധിപത്യ സംവിധാനത്തിനകത്ത്, സർക്കാരിന്റെ എല്ലാ നിയന്ത്രണങ്ങൾക്കും അച്ചടക്കങ്ങൾക്കും വിധേയമായി ഇത്രയും വിപുലമായ ഒരു ഇൻറർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ഇത്ര സാങ്കേതിക തികവോടെ വേറൊരു സംസ്ഥാനത്തും സംഘടിപ്പിക്കുന്നില്ല.
14-ാമത് രാജ്യാന്തര നാടകോത്സവത്തിന് തിരശ്ശീല വീഴുമ്പോൾ അക്കാദമിക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് കടന്നുപോയത് . 2024 ഫെബ്രുവരി 9 മുതൽ 16 വരെ അനുബന്ധ പരിപാടികളടക്കം ഏറ്റവും മികച്ച നാടകാവതരണങ്ങളാണ് ഒരുക്കിയത്. എത്രയോ ഡയറക്ടർമാരുടെയും നാടക പ്രതിഭകളുടെയും ക്യൂറേറ്റർമാരുടെയും ടെക്നീഷ്യന്മാരുടെയും പിന്നരങ്ങിലെ തൊഴിലാളികളുടെയും കഠിനാധ്വാനത്തിൻ്റെ അനന്തരഫലമാണ് ഓരോ നാടകോത്സവ വിജയവും. അതുകൊണ്ടുതന്നെ, 14ാമത് രാജ്യാന്തര നാടകോത്സവത്തിലെത്തി നിൽക്കുമ്പോഴുള്ള അഭിമാനം ചെറുതല്ല. ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് ഒരു ജനകീയ ജനാധിപത്യ സംവിധാനത്തിനകത്ത്, സർക്കാരിന്റെ എല്ലാ നിയന്ത്രണങ്ങൾക്കും അച്ചടക്കങ്ങൾക്കും വിധേയമായി ഇത്രയും വിപുലമായ ഒരു ഇൻറർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ഇത്ര സാങ്കേതിക തികവോടെ വേറൊരു സംസ്ഥാനത്തും സംഘടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ, ‘ഇറ്റ്ഫോക്ക്’, അരങ്ങിൻ്റെ പുതിയ ചരിത്രവും പുതിയ അതിജീവനവും സാധ്യമാക്കുന്നു. ഇത്തവണ 43 രംഗാവിഷ്കാരങ്ങളാണ് നടന്നത്. ഏഴ് വിദേശ രാജ്യങ്ങളിൽ നിന്ന് എട്ട് നാടകങ്ങളും പത്ത് നാഷണൽ നാടകങ്ങളും അഞ്ച് മലയാള നാടകങ്ങളും അഞ്ച് പ്രത്യേക സംഗീത പരിപാടികളുമുണ്ടായി.
മാട്ടി കഥ, അപാട്രിഡാസ്, Do you know this song, ഊർമ്മിള, ലേ ഫോ, 4.48 മോൺട്രാഷ്, അവാർഡ്, Ganta Ganta, അല്ലെ ആർമി (italy), Mixed Bills - ആട്ടക്കളരി, റൂമിയാന, Bechara BB- Bengal, Stuporosa - Italy, How to make Revolution- Palesteine, Fuego Rojo - ചിലി, pappisorai - Kerala, ഞാനും പോട്ടെ ബാപ്പ ഓൽ മരം കാണാൻ എന്നിങ്ങനെ എത്രയോ നാടകങ്ങൾ 14-ാമത് ‘ഇറ്റ് ഫോക്കി’ൽ ജനം നെഞ്ചേറ്റിയവയാണ്.
കബീർ കഥ, ജോർജിയയിൽ നിന്നുള്ള പ്രത്യേക സംഗീത പരിപാടി, മട്ടന്നൂർ ശങ്കരൻകുട്ടിയും മക്കളും പ്രകാശ് ഉള്ളിയേരിയും നേതൃത്വം കൊടുത്ത ‘ത്രികായ’, റാസാ ബീഗം ഗസൽ വിജേഷ് ലാലിൻ്റെ ഫോക് സംഗീതം, സുഫിയാന കലാം തുടങ്ങിയ സംഗീത പരിപാടികളും നാടകോൽസവത്തിനെത്തിയ ജനസഞ്ചയത്തെ ഹരം കൊള്ളിക്കുന്നതായിരുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ വിശാലമായ കാമ്പസിലെ വിവിധ അരങ്ങുകൾ, കോർപ്പറേഷൻ ഗ്രൗണ്ട്, ടൗൺ ഹാൾ, രാമനിലയത്തിലെ കത്തിനശിച്ച കൂത്തമ്പലം, FAOS (ഫ്രം ദി ആഷസ് ടു ഓപ്പൺ സ്കൈ) എന്നിങ്ങനെയുള്ള പ്രത്യേക വേദികളിലാണ് നാടകങ്ങളും സംഗീത പരിപാടികളും അരങ്ങേറിയത്. സെമിനാർ ഫെയ്സ് ടു ഫേസ്, ഇൻ്റർ ആക്ടീവ് സെഷൻ എന്നിങ്ങനെ വൈവിധ്യങ്ങളായ സെഷനുകൾ വേറെയും ‘ഇറ്റ്ഫോക്കി’ന്റെ ഭാഗമായി അക്കാദമി ഒരുക്കിയിരുന്നു.
‘ഇറ്റ്ഫോക്ക്’ എന്നത് കേവലം ഒരു നാടകോത്സവമല്ല. ലോകത്താകമാനമുള്ള മാനവരാശി നേരിടുന്ന സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന, വിനിമയം ചെയ്യുന്ന ഒരിടമായി അന്തർദ്ദേശീയ നാടകോത്സവം രൂപാന്തരപ്പെടുകയാണ്. മലയാളിയുടെ നാടകാസ്വാദനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിനും നാടകവും നാടക്കാരും അന്തസ്സുള്ളവരാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ‘ഇറ്റ്ഫോക്ക്’ കാരണമായിട്ടുണ്ട്.
ഇതുവരെ കഴിഞ്ഞ എല്ലാ ‘ഇറ്റ്ഫോക്കും’ ഓരോ ആശയത്തെ മുൻനിർത്തിയാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഈ വർഷത്തെ ‘ഇറ്റ്ഫോക്കി’ന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. എൻസംപിൾ, പീസ് ആൻഡ് കോൺഫിഡൻസ്- ഒരുമ, സമാധാനം, ദൃഢവിശ്വാസം എന്നതായിരുന്നു ഇത്തവണത്തെ ആശയം. ലോകം മുൻപില്ലാത്ത വിധം യുദ്ധത്തിന്റെയും വംശീയതയുടെയും കെടുതികൾ നേരിടുമ്പോൾ കലാകാരന്മാർക്കും അടങ്ങിയിരിക്കാൻ സാധ്യമല്ല. അവർ ജീവിതത്തിൽ നേരിടുന്ന ദുരന്തങ്ങൾ തന്നെയാണ് അരങ്ങിന്റെ തീക്ഷ്ണമായ ഭാഷണങ്ങളായി പ്രേക്ഷകരെ അസ്വസ്ഥപ്പെടുത്തുന്നത്.
ലോകവും കേരളവും തമ്മിലുള്ള സാംസ്കാരിക സത്തയുടെ വിനിമയം തന്നെയാണ് ‘ഇറ്റ്ഫോക്കി’ൽ സംഭവിക്കുന്നത്. ബ്രസീൽ, ടുണീഷ്യ, ബംഗ്ലാദേശ്, ഇറ്റലി, പലസ്തീൻ, ചിലി തുടങ്ങിയ വിദേശ രാഷ്ട്രങ്ങളിലെ കലാകാരർ നമ്മളോട് സംവദിക്കുന്ന തിനായി തൃശൂരിൽ വന്നു. 8 വിദേശ നാടകങ്ങൾ, 15 ഇന്ത്യൻ നാടകങ്ങൾ, അതിൽ തന്നെ 5 മലയാള നാടകങ്ങൾ, 5 സംഗീത പരിപാടികൾ, പേപ്പർ പ്രസൻറേഷനുകൾ, നാടക സംവിധായകരുമായുള്ള മുഖാമുഖം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ 14-ാമത് ‘ഇറ്റ്ഫോക്കിന്റെ’ സവിശേഷതയായിരുന്നു.
ലോക നാടകവേദിക്കുതന്നെ പുത്തണുർവും ഉന്മേഷവും ആത്മവിശ്വാസവും പകർന്നുകൊണ്ടാണ് നാടകോത്സവത്തിന് തിരശ്ശീല വീണത്. അരങ്ങെന്നത് ജീവൻ്റെ പച്ചയിറ്റുന്ന ഭൂമികയാണ്. അരങ്ങിൽ മനുഷ്യർ ഒന്നിക്കുമ്പോൾ ലോക മാനവികത തന്നെയാണ് ഒന്നിക്കുന്നത്. ഒരുമയും സമാധാനവും ദൃഢവിശ്വാസവും ഉണ്ടാകേണ്ടത് നമ്മുടെ അരങ്ങുകളിൽ നിന്നുതന്നെയാണ്.