മാടൻ തമ്പുരാനായി
മാറ്റപ്പെട്ട മാടൻ സ്വാമി,
നിസ്സഹായരായ ദൈവവും മനുഷ്യരും

കേരള സംഗീത- നാടക അക്കാദമി സംഘടിപ്പിച്ച അമേച്ചർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ അവാർഡുകൾ നേടിയ ‘മാടൻ മോക്ഷം’ എന്ന നാടകത്തെ മുൻനിർത്തി, കേരളത്തിൽ ശക്തിപ്രാപിച്ചുവരുന്ന നവയാഥാസ്ഥികത്വത്തെയും ആരാധനാക്രമങ്ങളുടെ ക്ഷേത്രവൽക്കരണ പ്രക്രിയയെയും കുറിച്ച് എഴുതുന്നു സാബു കെ.ടി.

ർവശക്തനായ ദൈവത്തെക്കാൾ വലുതാണ് ആരാധനാ സംബന്ധമായ കീഴ് വഴക്കങ്ങൾ, കീഴ് വഴക്കങ്ങൾ തീരുമാനിക്കാനുള്ള അവകാശം നിശ്ചയിക്കുന്നത് ഒരു കൂട്ടം മനുഷ്യരാണ്. സാധാരണ മനുഷ്യരല്ല, പൗരോഹിത്യത്തിന്റെ അധികാരസ്ഥാങ്ങളിൽ നിലയുറപ്പിച്ചവ. അവർ നിർമ്മിച്ചെടുത്ത കീഴ് വഴക്കങ്ങളാണ് ദൈവങ്ങളെ നാല് ചുമരുകൾക്കുള്ളിൽ ചലനം നഷ്ടപ്പെട്ട കല്ലുകളാക്കി മാറ്റുന്നത്.

തമിഴ്- മലയാള സാഹിത്യകാരൻ ജയമോഹന്റെ 'മാടൻ മോക്ഷം' എന്ന കൃതിയെ ആസ്പദമാക്കി രാജ്‌മോഹൻ നീലേശ്വരം രചനയും ജോബ് മഠത്തിൽ സംവിധാനവും നിർവഹിച്ച 'മാടൻ മോക്ഷം' എന്ന നാടകം പറയുന്നത് മനുഷ്യരാൽ പരിണമിക്കപ്പെട്ട ദൈവങ്ങളുടെ നിസ്സഹായതയാണ്.

കേരള സംഗീത- നാടക അക്കാദമി സംഘടിപ്പിച്ച അമേച്ചർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ അവാർഡുകൾ നേടിയ 'മാടൻ മോക്ഷം' ആലപ്പുഴ മരുതം തിയേറ്റേഴ്സ് അവതരിപ്പിച്ചുവരികയാണ്. ജനകീയ ആരാധനക്രമങ്ങളിൽ നിലനിന്നിരുന്ന ദൈവസങ്കല്പങ്ങൾക്കുണ്ടായ പരിവർത്തനത്തെ തുടർന്ന് 'മാടൻ' എന്ന ജനകീയ ദൈവവും മാടന്റെ ജനവിഭാഗങ്ങളും അനുഭവിക്കുന്ന അസ്തിത്വ പ്രശ്നങ്ങളാണ് നാടകം കൈകാര്യം ചെയ്യുന്നത്. കേരളത്തിലാകമാനം നടന്നുവരുന്ന സാമൂഹിക- സാംസ്‌കാരിക- ആരാധനാ പരിവർത്തനത്തെ സാധാരണക്കാരുമായി വിനിയമം ചെയ്യും വിധമാണ് രചനയും അവതരണവും സംവിധാനവും നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.

മാടൻ മോക്ഷം എന്ന നാടകത്തെ മുൻനിർത്തി കേരളത്തിൽ ശക്തിപ്രാപിച്ചുവരുന്ന നവയാഥാസ്ഥികത്വത്തെയും വൈവിധ്യമാർന്ന ആരാധനാക്രമങ്ങളുടെ ക്ഷേത്രവൽക്കരണ പ്രക്രിയയെയും ചർച്ച ചെയ്യുകയാണിവിടെ.

തമിഴ്‌നാട്ടിലെ ഗ്രാമീണ- കാർഷിക മേഖലകളിലെ ദലിതനായ കാവൽ ദൈവമാണ് മാടൻ. മണ്ണിൽ പണിയെടുക്കുന്ന, ഏറ്റവും സാധാരണ മനുഷ്യന്റെ ദൈവസങ്കൽപ്പമായ മാടൻ, മനുഷ്യനിൽ നിന്നുതന്നെയാണ് പരിണമിച്ചത്. ചളിയും മണ്ണും നിറഞ്ഞ പാടത്തിനടുത്തുള്ള തുറസ്സായ കാവിലാണ് മാടന്റെ വാസം. കള്ളും ചുരുട്ടും കോഴിമാംസവുമാണ് ഇഷ്ടവിഭവങ്ങൾ. മാടൻ ആകാശത്തുനിന്നുള്ള ദൈവമല്ല, ഭൂമിയിൽ മനുഷ്യരോടൊപ്പമുള്ള ദൈവമാണ്. അധ്വാനം മാത്രം സമ്പത്തായിട്ടുള്ളവരുടെ ആശ്രയസ്ഥലമാണ് മാടന്റെ കാവും കാവിലെ ബലിക്കല്ലും. കാറ്റും മഴയും കാരണം കൃഷി നശിച്ചാൽ, വസൂരിയും കോളറയും പടർന്നാൽ, പിഞ്ചുകുഞ്ഞ് അസുഖം പിടിച്ച് മരിച്ചാൽ അവർ കാവിൽ മാടന്റെ അടുത്തു ചെല്ലും, ആശ്വാസം കണ്ടെത്തും. പരിഭവം പറയാനും കലഹിക്കാനും കേട്ടാലറക്കുന്ന ചീത്ത പറയാനും അവർക്ക് അധികാരമുണ്ട്. പരിഭവങ്ങൾക്കൊപ്പം അതുകൂടി കേൾക്കാൻ ഉത്തരവാദിത്തമുള്ളവനാണ് മാടൻ.

മാടൻ മോക്ഷം എന്ന നാടകത്തെ മുൻനിർത്തി കേരളത്തിൽ ശക്തിപ്രാപിച്ചുവരുന്ന നവയാഥാസ്ഥികത്വത്തെയും വൈവിധ്യമാർന്ന ആരാധനാക്രമങ്ങളുടെ ക്ഷേത്രവൽക്കരണ പ്രക്രിയയെയും ചർച്ച ചെയ്യുകയാണിവിടെ. (Photo: രാജേഷ് എടച്ചേരി)
മാടൻ മോക്ഷം എന്ന നാടകത്തെ മുൻനിർത്തി കേരളത്തിൽ ശക്തിപ്രാപിച്ചുവരുന്ന നവയാഥാസ്ഥികത്വത്തെയും വൈവിധ്യമാർന്ന ആരാധനാക്രമങ്ങളുടെ ക്ഷേത്രവൽക്കരണ പ്രക്രിയയെയും ചർച്ച ചെയ്യുകയാണിവിടെ. (Photo: രാജേഷ് എടച്ചേരി)

നമ്മുടെ ദൈവാരാധനാ ചരിത്രത്തിൽ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ പൊതുവായ പ്രത്യേകതയെന്താണ്? പിതൃ- പുത്ര അല്ലെങ്കിൽ മാതൃ-പുത്ര ബന്ധം പോലെയാണോ? രാജാവും പ്രജയും, യജമാനും അടിമയും തമ്മിലുള്ള ബന്ധം പോലെയാണോ? അല്ലെങ്കിൽ രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധം പോലെയാണോ?

മാടൻ മോക്ഷത്തിൽ മാടസ്വാമി എന്ന ദൈവം നിസ്സഹായനാണ്. മാടൻ എന്ന ദൈവം പരിഭവം പറയുന്നത് തന്റെ പ്രജകളിൽ നിന്ന് പൂജാരിയായി വന്നുചേർന്ന കുഞ്ഞൻ വേലത്തനോടാണ്. അവർ തമ്മിലുള്ള ബന്ധത്തിൽ അധികാര പ്രവണതയില്ല. അതിനുകാരണം മാടൻ ആകാശ ദൈവമല്ല, മണ്ണിൽ നിലയുറക്കുന്ന, കുഞ്ഞന് തൊടാൻ പറ്റാവുന്ന, വളരെ സമീപസ്ഥനായ ദൈവമാണ് എന്നതാണ്. പ്രകൃതിശക്തിയെ അല്ലെങ്കിൽ അതീവ രഹസ്യങ്ങളെ തൊട്ടടുത്ത് നിർത്തുന്ന പ്രതീതിയാണ് മാടൻ തന്റെ സഹചാരി കൂടിയായ കുഞ്ഞൻ എന്ന തന്റെ പൂജാരിക്ക് നൽകിവരുന്നത്. ഇവർ തമ്മിലുള്ള ബന്ധത്തെ, ക്ഷേത്രവൽക്കരണമെന്ന രാഷ്ട്രീയ- സാമൂഹിക പരിവർത്തനത്തിന്റെ പാശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് മാടൻ മോക്ഷം.

തന്റെ വാസസ്ഥലമായ കാവിൽ നിന്നിറങ്ങി പ്രജകളെ തേടി അലയേണ്ട ദയനീയാവസ്ഥയിലുള്ള മാടൻ എന്ന ദൈവത്തെയാണ് നാടകത്തിലുടനീളം കാണുന്നത്. ആടോ, പന്നിയോ പോയിട്ട് കോഴിയിറച്ചിപോലും ബലിയായി കിട്ടിയിട്ട് വർഷങ്ങളായിരിക്കുന്നു. സഹചാരിയായ കുഞ്ഞൻ വേലത്തന്റെ അടുത്തുചെന്ന് മാടൻ ദൈവം പരിഭവം പറയുന്നു. മാടന്റെ പ്രജകളെല്ലാം വഴിമാറി വേദപുസ്തകത്തിന് പിന്നാലെ പോയ കാര്യം പറഞ്ഞ് നിസ്സഹായനായ കുഞ്ഞൻ ദൈവത്തിന്റെ മുൻപിൽ കൈമലർത്തുന്നു. പ്രജകളെ തിരിച്ചുകൊണ്ടുവരാൻ വിപത്തുകളുടെ വിത്തു വിതറാനാണ് കുഞ്ഞൻ തന്റെ ദൈവത്തോട് ഉപദേശിക്കുന്നത്. വിപത്തിന്റെ വിത്തുവിതറി മരണവും മരണഭയവും ഉണർത്തിയാലേ ദൈവഭയം നിലനിൽക്കുകയുള്ളൂ എന്നും കുഞ്ഞൻ ദൈവത്തോട് പറയുന്നുണ്ട്. തന്റെ സുവർണ കാലഘട്ടത്തിൽ ഏറ്റവും വലിയ ഭയത്തിന്റെ ആയുധമായിരുന്ന വസൂരിയുടെയും കോളറയുടെയും വിത്തുകൾക്ക് ഈ കാലഘട്ടത്തിൽ വീര്യം നഷ്ടപ്പെട്ട കാര്യം മാടൻ അന്നാണ് മനസിലാക്കുന്നത്. മാരക അസുഖങ്ങളെയും പ്രകൃതിക്ഷോഭങ്ങളെയും മനുഷ്യൻ ശാസ്ത്രവിജ്ഞാനം ഉപയോഗപ്പെടുത്തി കീഴ്പ്പെടുത്തിയതുമൂലം മാടൻ എന്ന പ്രാകൃത ദൈവം യഥാർത്ഥത്തിൽ നിസ്സഹായനാണ്.

മാടൻ എന്ന ഗ്രാമീണ- കാർഷിക- ദലിത് ദൈവത്തിന് ഇനിയുള്ള കാലം മണ്ണിൽ നിന്നുകൊണ്ട് നിലനിൽക്കാൻ കഴിയില്ല എന്ന സത്യം കുഞ്ഞൻ തിരിച്ചറിയുന്നു. മണ്ണിൽ നിന്നും മനുഷ്യരിൽ നിന്നും അകന്ന്, വലിയ ക്ഷേത്രമതിലുകൾക്കുള്ളിൽ കഴിയുന്ന 'ആകാശ ദൈവങ്ങൾ'ക്കൊപ്പം എത്തിച്ചേരാനുള്ള മാർഗം കുഞ്ഞൻ മാടന് കാണിച്ചുകൊടുക്കുന്നു. നിസ്സഹായതയിൽ കഴിയുന്ന മാടൻ സ്വാമി എന്ന ദൈവം മാടൻ തമ്പുരാനായി മാറുന്ന പരിണാമ പ്രക്രിയയാണ്‌ നാടകം ചിത്രീകരിക്കുന്നത്. നിസ്സഹായതയിൽ കഴിയുന്ന മാടൻ സ്വാമി എന്ന ദൈവം മാടൻ തമ്പുരാനായി മാറുന്ന പരിണാമ പ്രക്രിയയാണ്‌ നാടകം ചിത്രീകരിക്കുന്നത്.

നിസ്സഹായതയിൽ കഴിയുന്ന മാടൻ സ്വാമി എന്ന ദൈവം മാടൻ തമ്പുരാനായി മാറുന്ന പരിണാമ പ്രക്രിയയാണ്‌ നാടകം ചിത്രീകരിക്കുന്നത്. (Photo: രാജേഷ് എടച്ചേരി)
നിസ്സഹായതയിൽ കഴിയുന്ന മാടൻ സ്വാമി എന്ന ദൈവം മാടൻ തമ്പുരാനായി മാറുന്ന പരിണാമ പ്രക്രിയയാണ്‌ നാടകം ചിത്രീകരിക്കുന്നത്. (Photo: രാജേഷ് എടച്ചേരി)

കാവുസംസ്കാരവും ക്ഷേത്രസംസ്കാരവും

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം പരിശോധിച്ചാൽ രണ്ടു വിശ്വാസപാരമ്പര്യങ്ങളെ തിരിച്ചറിയാൻ കഴിയും. അവ രണ്ടു ധാരകളായിട്ടാണ് വികസിച്ചുവന്നിട്ടുള്ളത് എന്ന് കെ. എൻ. ഗണേഷ് അടക്കമുള്ള ചരിത്രകാരന്മാർ വിലയിരുത്തിയിട്ടുണ്ട്. ഒന്ന്, കാവു പാരമ്പര്യവും രണ്ട്, ക്ഷേത്ര പാരമ്പര്യവുമാണ്. തുറസായ ആരാധനാലയങ്ങളായ കാവുകളെ കേന്ദ്രീകരിച്ച ജനകീയ വിശ്വാസ സംസ്കരമാണ് കാവു പാരമ്പര്യം. ക്ഷേത്രപാരമ്പര്യം എന്നാൽ ബ്രഹ്മണ്യത്തെ കേന്ദ്രീകരിച്ചുള്ള പൗരോഹിത്യ സംസ്കാരമാണ്. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് അത് വളർന്നുവന്നത്. ഒന്ന് ദ്രാവിഡ പാരമ്പര്യവും മറ്റേത് ആര്യ പാരമ്പര്യവുമായാണ് കണക്കാക്കുന്നത്.

രണ്ടു സംസ്കാരവും വളർന്നുവന്നത് സമാന്തരമായല്ല, മറിച്ച്, പരസ്പരം ഇഴകിച്ചേർന്നും കൊടുക്കൽ വാങ്ങലുകൾക്കു വിധേയമായിട്ടുമായിരുന്നു. ഈ രണ്ടു മണ്ഡലങ്ങളുടെയും വളർച്ചയുടെ കാലഘട്ടങ്ങളിൽ ക്ഷേത്രസംസ്കാരം കാവുസംസ്കാരത്തിന്മേൽ കൂടുതൽ അധീശത്വം പ്രാപിച്ചതായും അതുവഴി സമൂഹത്തിലെ വരേണ്യതയുടെ വ്യാപനം വർധിച്ചതായും കാണാം. മാടൻ മോക്ഷം എന്ന നാടകം കടന്നുചെല്ലുന്നത് ഈ സാംസ്‌കാരിക ചരിത്രത്തിലേക്കാണ്.

ജനകീയമായ കാവുപാരമ്പര്യത്തിലെ പ്രതീകങ്ങളാണ് മാടൻ ഉൾപ്പടെയുള്ള ദൈവസങ്കല്പനങ്ങൾ. തെയ്യവും തിറയും പടയണിയും അടക്കമുള്ള അനുഷ്‍ഠാന കലാരൂപങ്ങളെല്ലാം ഉൾക്കൊള്ളുന്നത് കാവു പാരമ്പര്യത്തിലാണ്. കാർഷികാദ്ധ്വാന സ്വഭാവമുള്ള സാധാരണ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളെ, ശുദ്ധാശുദ്ധി സങ്കൽപ്പങ്ങളില്ലാത്ത തുറസ്സായ ലോകത്തെ, മനുഷ്യശരീരത്തെ, മാംസം ഉൾപ്പടെയുള്ള ഭക്ഷണങ്ങളെ എല്ലാം ആഘോഷിക്കുക എന്നത് കാവു പാരമ്പര്യത്തിന്റെ സ്വഭാവങ്ങളാണ്. ജാതി- മത- ലിംഗപരമായ അകറ്റി നിർത്തലുകൾ കാവുസംസ്കാരത്തിന്റെ അടിസ്ഥാന സ്വഭാവമല്ല.

(Photo: രാജേഷ് എടച്ചേരി)
(Photo: രാജേഷ് എടച്ചേരി)

ക്ലാസ്സിക്കൽ എന്നറിയപ്പെടുന്ന ക്ഷേത്ര സംസ്കാരത്തിൽ വരേണ്യ ദൈവങ്ങളും മതിൽക്കെട്ടുകൾക്കുള്ളിൽ പണിത ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കലാരൂപങ്ങളുമാണുള്ളത്. ജാതി- മത- ലിംഗപരമായ ശുദ്ധാശുദ്ധി സങ്കൽപ്പങ്ങൾ പാലിച്ചുപോന്ന ഇടങ്ങളുമാണ് ക്ഷേത്രങ്ങൾ. കാവു സംസ്കാരത്തിലെ തുറസ്സായ ആരാധനാ സ്ഥലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ആരാധനാസ്ഥലത്ത് ദിവ്യത്വം കൽപ്പിച്ച്, മതിൽകെട്ടുകളാൽ നിർമ്മിച്ചെടുത്ത ക്ഷേത്രാങ്കണങ്ങൾ ക്ഷേത്രസംസ്കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. എല്ലാ ജനവിഭാഗങ്ങൾക്കും പ്രവേശനം സാധ്യമല്ലാത്ത ക്ഷേത്രത്തിനകത്ത് നടന്നുവന്നിരുന്ന കൂടിയാട്ടവും കൂത്തും കഥകളിയും ക്ഷേത്രപരമ്പര്യത്തിന്റെ പ്രതീകങ്ങളാണ്. ജനകീയത താരതമ്യേന കുറഞ്ഞ കൂടിയാട്ടവും കഥകളിയും നമ്മുടെ അഭിമാന പൈതൃകങ്ങളായി മാറിയത് ക്ഷേത്ര സംസ്കാരത്തിന്റെ മേൽക്കോയ്മക്ക് ഉദാഹരണങ്ങളായി കണക്കാക്കാം.

നാടകത്തിൽ കാവുസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന മാടൻ എന്ന ദൈവം ക്ഷേത്രസംസ്കാരത്തിലെ ആകാശദൈവങ്ങളിൽ ഒന്നായ മാടൻ തമ്പുരാനായി രൂപപരിണാമം സംഭവിക്കുന്നത് കേരളത്തിലാകമാനമുള്ള ആരാധനാലയങ്ങളിൽ കൂടി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. കാവു സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ആരാധനാലയങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ വന്നുചേർന്ന മാറ്റങ്ങളിൽ പലതും ക്ഷേത്രവൽക്കരണം അഥവാ കാവുസംസ്കാരത്തിന്മേൽ ക്ഷേത്രസംസ്കാരത്തിന്റെ അധീശത്വം വർധിക്കുന്നതിന്റെ കൂടി അടയാളങ്ങളാണ്. പ്രകൃതി നിബിഡമായ കാവുകളുടെ സ്ഥാനത്ത് കോൺക്രീറ്റ് മതിലുകൾ കൊണ്ട് അതിർത്തി തീർത്ത ക്ഷേത്രങ്ങൾ ഉയരുന്നു, മാടൻ മാടൻ തമ്പുരാനായി മാറുന്നതുപോലെ ദൈവസങ്കല്പങ്ങൾക്ക് സാംസ്കാരികമായ മാറ്റങ്ങളുണ്ടാകുന്നു, ഭദ്രകാളി ഭഗവതിയാകുന്നു, കുട്ടിച്ചാത്തന്മാർ വൈദിക പരിവേഷമുള്ള വിഷ്ണു- ശിവ ദൈവസങ്കല്പങ്ങളുമായി കൂട്ടിയിണക്കപ്പെടുന്നു, ദേവപ്രശ്നങ്ങളിൽ ശുദ്ധാശുദ്ധി സങ്കൽപ്പങ്ങൾ ഉയർന്നുവരുന്നു, നാടകത്തിലെ കുഞ്ഞൻ പൂജാരിയുടെ സ്ഥാനത്തുനിന്ന് പുറത്താകുന്നതുപോലെ പൂജാരിയായും അധികാര സ്ഥാനത്തെ തന്ത്രികളായും പൂണൂലിട്ട ബ്രാഹ്മണർ എത്തിച്ചേരുന്നു- ഇതെല്ലാം ക്ഷേത്രസംസ്കാരത്തിന്റെ അധീശത്വത്തിന്റെ ചിഹ്നങ്ങളായി കരുതാം.

നാടകത്തിൽ കാവുസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന മാടൻ എന്ന ദൈവം ക്ഷേത്രസംസ്കാരത്തിലെ ആകാശദൈവങ്ങളിൽ ഒന്നായ മാടൻ തമ്പുരാനായി രൂപപരിണാമം സംഭവിക്കുന്നത് കേരളത്തിലാകമാനമുള്ള ആരാധനാലയങ്ങളിൽ കൂടി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. (Photo: രാജേഷ് എടച്ചേരി)
നാടകത്തിൽ കാവുസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന മാടൻ എന്ന ദൈവം ക്ഷേത്രസംസ്കാരത്തിലെ ആകാശദൈവങ്ങളിൽ ഒന്നായ മാടൻ തമ്പുരാനായി രൂപപരിണാമം സംഭവിക്കുന്നത് കേരളത്തിലാകമാനമുള്ള ആരാധനാലയങ്ങളിൽ കൂടി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. (Photo: രാജേഷ് എടച്ചേരി)

നാടകത്തിൽ മാടൻ, മാടൻ തമ്പുരാനായി മാറുന്നത് ദേവപ്രശ്‍നത്തിലൂടെയും വ്യാജ ചരിത്ര നിർമിതിയിലൂടെയുമാണ്. കാവുകളുടെ ക്ഷേത്രവൽക്കരണത്തെ സാധൂകരിക്കുന്നതിന് ദേവപ്രശ്‍നം എന്ന ‘പ്രത്യയശാസ്ത്ര’വും വ്യാജചരിത്ര നിർമിതിയുമാണ് പ്രയോഗിച്ചുവരുന്നത്. ആരാധനാലയങ്ങളുടെ ഐതിഹ്യനിർമിതിയിൽ പുലയ സ്ത്രീകളുടെ മേൽ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അടയാളപ്പെടുത്തലുകൾക്കു പകരം വരേണ്യതയുടെ പ്രതീകങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്നുണ്ട്. ദൈവസകല്പങ്ങളിൽ പുലയസ്ത്രീകൾക്ക് പിറന്ന മക്കളെല്ലാം നായർ / നമ്പൂതിരി സ്ത്രീകളാൽ ഉപേക്ഷിക്കപ്പെട്ടവരായി മാറുന്നു. ഈ തരത്തിൽ ദേവപ്രശ്നം കൊണ്ടും വ്യാജ ചരിത്ര നിർമിതികൊണ്ടുമാണ് മാടനെ മാടൻ തമ്പുരാനായി മാറ്റുന്നത്.

നാടകം അവസാനിപ്പിക്കുന്നത് ഉത്സവത്തിന്റെയും പൂരത്തിന്റെയും ശബ്ദമേളങ്ങളോടും മന്ത്രോച്ചാരണങ്ങളോടും കൂടിയാണ്. കേരളത്തിലാകമാനം ഉത്സവങ്ങളിലും പൂരങ്ങളിലും പൊങ്കാലകളിലും എല്ലാ ജനങ്ങൾക്കും പങ്കെടുക്കാൻ കഴിയുന്നു എന്നത് കാവു സംസ്കാരത്തിന്റെയും ക്ഷേത്രസംസ്കാരത്തിന്റെയും കൂടിച്ചേരലുകൾ കാരണമാണ് എന്നതിനേക്കാൾ, സൂക്ഷ്മമായി പരിശോധിച്ചാൽ, കാവുസംസ്കാരത്തിന്റെ മേലുള്ള ക്ഷേത്രസംസ്കാരത്തിന്റെ അധികാര സംസ്ഥാപനം കൊണ്ടുകൂടിയാണ് എന്ന് കണ്ടെത്താം. ഉത്സവത്തിനുശേഷം നടത്തുന്ന ശുദ്ധികലശം, ക്ഷേത്രത്തിൽ നിന്നുതന്നെ കാവുസംസ്കാരത്തെ പറിച്ചെറിയുന്നതിന് തുല്യമായി വേണം കരുതാൻ.

മാടൻ മോക്ഷത്തിൽ മാടസ്വാമി 'മാടൻ-തമ്പുരാനാ’യി മാറുന്ന കാഴ്ച കാണികൾക്ക് അവരുടെ നാട്ടിൻപുറങ്ങളിലുള്ള ആരാധനാലയങ്ങളിലെ മാറ്റങ്ങളെ മുൻനിർത്തി അനുഭവിക്കാവുന്ന ഒന്നാണ്. ആൽത്തറകൾ കോൺക്രീറ്റ് സ്ഥലങ്ങളായി മാറിയതും, ശുദ്ധാശുദ്ധി സങ്കൽപ്പങ്ങൾ വ്യാപിച്ചതും, മാംസവും മദ്യവും ഇവിടങ്ങളിൽ അശുദ്ധമായി മാറുന്നതും, കോമരങ്ങളുടെ സ്ഥലങ്ങളിലേക്ക് നമ്പൂതിരി പൂജാരിയും, തന്ത്രിമാരും അധികാരമുറപ്പിക്കുന്നതും വസ്ത്രവും ചെരിപ്പും ശുദ്ധിയുടെ പേരിൽ അഴിച്ചു മാറ്റുന്നതും, ഗ്രാമീണ ദൈവങ്ങളെ വൈദിക ദൈവങ്ങളായ ശിവൻ- വിഷ്‌ണു മൂർത്തികളുമായി ബന്ധിപ്പിക്കുന്നതും, ഉത്സവക്കാഴ്ചകളിൽ വരേണ്യ ചിഹ്നങ്ങൾ കൂടുതലായി വരുന്നതും അവരുടെ അനുഭവങ്ങൾ കൂടിയാണ്.

കേരളത്തിലെ രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക മാറ്റങ്ങൾ ക്ഷേത്രവൽക്കരണത്തെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച്, കേരള ജനതയുടെ ഗൾഫ് കുടിയേറ്റ കാലത്തിനുശേഷം കൈവന്ന സാമ്പത്തിക സുസ്ഥിരതക്കുശേഷം ക്ഷേത്രവൽക്കരണം കൂടുതൽ ശക്തിപ്പെട്ടുവന്നതായി കാണാം. ഇതോടൊപ്പം ഉത്സവക്കാഴ്ചകളിലേക്ക് ജനക്കൂട്ടവും വർദ്ധിച്ചുവന്നു. കേരള സമൂഹം എത്രമാത്രം നവയാഥാസ്ഥിതികത്വത്തിലേക്ക് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളം കൂടിയാണിത്. മാടൻ മോക്ഷം എന്ന നാടകത്തിന്റെ അവസാന നിമിഷങ്ങളിൽ പ്രേക്ഷകർക്ക് കാണിച്ചുതരുന്നതും ശക്തിപ്രാപിച്ചുവരുന്ന ഈ നവയാഥാസ്ഥിതിക മനോഭാവത്തെയാണ്. കേരള സമൂഹം സാംസ്കാരികമായി പുറകോട്ടാണ് പോകുന്നത് എന്നതാണ് നാടകം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയസന്ദേശം.

 മാടൻ മോക്ഷം എന്ന നാടകത്തിന്റെ അവസാന നിമിഷങ്ങളിൽ പ്രേക്ഷകർക്ക് കാണിച്ചുതരുന്നതും ശക്തിപ്രാപിച്ചുവരുന്ന ഈ നവയാഥാസ്ഥിതിക മനോഭാവത്തെയാണ്. (Photo: രാജേഷ് എടച്ചേരി)
മാടൻ മോക്ഷം എന്ന നാടകത്തിന്റെ അവസാന നിമിഷങ്ങളിൽ പ്രേക്ഷകർക്ക് കാണിച്ചുതരുന്നതും ശക്തിപ്രാപിച്ചുവരുന്ന ഈ നവയാഥാസ്ഥിതിക മനോഭാവത്തെയാണ്. (Photo: രാജേഷ് എടച്ചേരി)

ക്ഷേത്രമതിലുകൾക്ക് പുറത്തുനിന്നുകൊണ്ട് 'എന്റെ മാടാ...' എന്ന കുഞ്ഞന്റെ നിലവിളിയോടെയാണ് നാടകത്തിന്റെ വെളിച്ചം അണയുന്നത്. തന്റെ സ്വന്തമായിരുന്ന ദൈവങ്ങളെ നഷ്ടപ്പെട്ട കുഞ്ഞന്റെ നിലവിളിയും തന്റെ പ്രജകളിൽ നിന്ന് അകലേണ്ടി വന്ന മാടന്റെ സങ്കടവും കാണികളുടെ മനസ്സിൽ നിലനിർത്തിക്കൊണ്ടാണ് നാടകം അവസാനിപ്പിക്കുന്നത്.

നവയാഥാസ്ഥിതികത്വത്തിന്റെ തടവറയിൽ പെട്ട് ചലനശക്തി നഷ്ടമായ മാടന്റെ മോക്ഷം സാധ്യമാകുമെന്ന പ്രതീക്ഷ നിലനിർത്തിയാണ് നാടകം അവസാനിക്കുന്നത്. 'എന്റെ മാടാ.. ' എന്ന വിളി നാടകത്തിനുശേഷവും കാണികളുടെ മനസ്സിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ ആ പ്രതീക്ഷ സഫലമാകും എന്നു കരുതാം.


Summary: Madan Moksham, a play directed by Job Madathil on B Jeyamohan's novel got Kerala Sangeetha Nataka Academy Amateur theatre festival. Sabu KT writes a review about the play.


സാബു കെ.ടി.

അധ്യാപകൻ, ഗവേഷക വിദ്യാർത്ഥി. നിലവിൽ ഹയർ സെക്കൻഡറി തലത്തിൽ സാമ്പത്തിക ശാസ്ത്രം അധ്യാപകൻ.

Comments