"The most effective way to destroy people is to deny and obliterate their own understanding of their history." - George Orwell.
അവസാന ആംഗ്ളോ മൈസൂർ യുദ്ധത്തിന് ശേഷം ടിപ്പുവിന്റെ രഹസ്യശേഖരത്തിൽ നിന്ന് കണ്ടെത്തിയ ‘എന്റെ സ്വപ്നങ്ങൾ’ എന്ന ഗ്രന്ഥത്തെ അവംലംബിച്ച് അലിയാർ അലി സംവിധാനം ചെയ്ത് തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ രണ്ടാം വർഷ എം.ടി.എ വിദ്യാർത്ഥികൾ ആവിഷ്കരിച്ച നാടകമാണ് ‘ക്വാബ് നാമ’. നാടകം മൂന്ന് ദിവസങ്ങളിലായി സ്കൂൾ ഓഫ് ഡ്രാമയിലെ എസ്. രാമാനുജൻ തിയേറ്ററിലാണ് അവതരിപ്പിച്ചത്. അതിസാധാരണ മനുഷ്യവികാരങ്ങളും യാഥാർത്ഥ്യബോധവും ധീരവും നൈതികവുമായ ജീവിത ദർശനങ്ങളും ടിപ്പുവെന്ന ഭരണാധികാരിയിൽ ചേർന്നു നിന്നതെങ്ങനെയെന്ന് നമുക്ക് അധികം മനസ്സിലാക്കാനാവുക 1799-ൽ ശ്രീരംഗപട്ടണത്തിൽ നിന്നും കണ്ടെടുത്ത സ്വപ്ന രേഖകളിലൂടെയാണ്. 1786 മുതൽ 1799 വരെ കുറേയേറെ എഴുത്തുകൾക്കൊപ്പം ടിപ്പു താൻ കണ്ട വിചിത്ര സ്വപ്നങ്ങളും വിശകലനങ്ങളും കുറിച്ചിരുന്നു. മുപ്പത്തിയേഴ് സ്വപ്നങ്ങളാണ് പേർഷ്യൻ ഭാഷയിലെഴുതിയ രജിസ്റ്റർ രൂപത്തിലുള്ള ഈ കയ്യെഴുത്തുപ്രതിയിലുള്ളത്. ടിപ്പുവിന്റെ യഥാർത്ഥ ജീവിതചിത്രം വിശദമാക്കുന്ന ഈ രേഖകളോ സ്വപ്നങ്ങളോ സംബന്ധിച്ച കാര്യമായ പഠനങ്ങൾ ഇനിയും നടന്നിട്ടില്ല. ടിപ്പു ഒരു രാഷ്ട്രീയ വിവാദവിഷയം മാത്രമാവുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ കൂടിയാവണം ക്വാബ് നാമയുടെ അരങ്ങിലെ അനുഭവത്തെ കാണേണ്ടത്.
ക്വാബ് നാമ
നാടകാരംഭത്തിൽ കാഴ്ചക്കാർ ഒരു സ്വപ്നവേദിയിലേക്ക് ആനയിക്കപ്പെടുകയാണ്. പന്തം കൊളുത്തി മുൻപേ നടക്കുന്ന ഒരയഥാർത്ഥ വേഷധാരി കാഴ്ചകളിലേക്ക് നമ്മെ നയിക്കുന്നു. അരങ്ങിലേക്കുള്ള വഴിയിൽ പുതിയ ഖബർ വെട്ടുന്നവർ പച്ചമണ്ണ് വശങ്ങളിലേക്ക് വാരിയിടുന്നു. ടിപ്പുവിന്റെ സ്വപ്നങ്ങളിലെ വിചിത്രാനുഭവങ്ങളും വിവരണങ്ങളും ചിത്രങ്ങളായി ചുവരിൽ പ്രദർശിപ്പിച്ചിരിക്കുന്നു. മൃതദേഹങ്ങൾക്കിടയിൽ ഒരു സ്ത്രീ ഖുർആൻ വായിക്കുന്നു. മെല്ലെ പശ്ചാത്തലസംഗീതം കയറി വരുമ്പോൾ യാഥാർത്ഥ്യത്തിനും സ്വപ്നങ്ങൾക്കുമിടയിലുള്ള നിറങ്ങളിലേക്കും വെളിച്ചത്തിലേക്കും കാഴ്ചക്കാർ കടക്കുന്നു.

ഇരുപത്തിരണ്ടാമത്തെ ടിപ്പുവിന്റെ സ്വപ്നവേദിയായി അരങ്ങുമാറുന്നിടത്താണ് തുടക്കം. 1224 ഹിറായത്ത് വർഷത്തിലെ സാകിരി മാസത്തിന്റെ എട്ടാം തീയ്യതി ടിപ്പുവിനുണ്ടായ സ്വപ്നദർശനമാണത്. തകർന്ന ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്ത്രീരൂപങ്ങളും ചലിച്ചു തുടങ്ങുകയും സംസാരിച്ചു തുടങ്ങുകയും ചെയ്യുന്നു. ഒരു മണിക്കൂർ അഭിനേതാക്കൾ പലരൂപങ്ങളിലേക്ക് വേഷപ്പകർച്ച ചെയ്യുന്നു. ടിപ്പുവിന്റെ ആന്തരികസംഘർഷങ്ങളും പോരാട്ടവും പുത്രസ്നേഹവും തന്റെ ജനതയോടുള്ള ആഭിമുഖ്യവും ബ്രിട്ടീഷ് മേധാവിത്വത്തോടുള്ള കടുത്ത വിരോധവുമെല്ലാം പ്രതീകവൽക്കരിച്ച രൂപങ്ങളോടും നിറങ്ങളോടും കൂടി കാഴ്ചക്കാരിലേക്കെത്തുന്നു. തന്റെ ആത്മീയ സ്വത്വവും ജ്ഞാനിയും പിതാവും ഭർത്താവും രാജാവുമായുള്ള പരിണാമങ്ങളും സ്വപ്നചി ത്രങ്ങളായി കാഴ്ചക്കാരോട് സംവദിക്കുമ്പോൾ മറ്റൊരു ടിപ്പു, മറ്റൊരു കാലം, അല്ലെങ്കിൽ കാലത്തിനു മുന്നേ നടന്ന മറ്റൊരാൾ അരങ്ങിൽ തെളിയുന്നു. നിങ്ങളുടെ യാഥാർത്ഥ്യബോധം എന്താണെന്ന് കാഴ്ചക്കാരോട് ഇടക്കിടെ അഭിനേതാക്കൾ ചോദിക്കുന്നു. നാടകവതരണ സ്ഥലം ചരിത്രഭാരമുള്ള ഒരു പുരാതനസ്ഥലിയായി ചലിക്കുകയും നാമതിൽ ഒഴുകുകയും ചെയ്യുന്നു.
സ്പോർട്ടീവ് തീയറ്റർ
അനുകരണമല്ല കണ്ടെത്തലാണ് അഭിനയമെന്നാണ് സ്പോർട്ടീവ് തീയറ്ററിന്റെ രസതന്ത്രം. അഭിനേതാക്കൾ സ്വയംതന്നെ അതിന്റെ രൂപനിർമാണത്തിൽ ഭാഗമാവുന്നു. നാട്യശാസ്ത്രത്തിലെ പഞ്ചഗന്ധികളെ ആസ്പദമാക്കിയാണ് അവതരണം. ടിപ്പുവിന്റെ ആത്മാന്വേഷണങ്ങളിലേക്ക് സ്വയം പരിവർത്തനപ്പെടുത്തിയതിൽ അഭിനേതാക്കൾ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു. ശബ്ദവും ശരീരവും ഭ്രമാത്കമോ സ്വപ്നസാദൃശ്യമോ ആയ ഒന്നായി പരിണമിക്കപ്പെടുമ്പോൾ കാഴ്ചക്കാരുടെ ചുറ്റുപാടു മാറുന്നു. മെയ്യഭ്യാസത്തിന് പ്രാധാന്യം നൽകി മുഗൾ വാസ്തുശിൽപ്പ മാതൃകയിലുള്ള പശ്ചാത്തലത്തിൽ ഒമ്പത് അഭിനേതാക്കളുടെയും കൊറിയോഗ്രഫിയും മികച്ചതായി.

പശ്ചാത്തലസംഗീതമാണ് ആദ്യം മുതൽ അവസാനം വരെ നാടകത്തിന്റെ കാമ്പിനോട് ഏറെ അടുത്തു നിന്നത്. ടിപ്പുവിന്റെ സ്വപ്നങ്ങളിലൂടെ ചരിത്രവ്യാഖ്യാ നങ്ങളുടെ മറ്റൊരു വശത്തിേലേക്ക് ചേക്കേറുന്നു നാടകം. ആധുനികവും ദീർഘദർശനവുമുള്ള ഭരണാധികാരിയായും സാമൂഹ്യപരിഷ്കർത്താവായും സൂഫിസത്തിേലക്ക് ഒഴുകുന്ന ശിൽപ്പമായും ക്ഷമാശീലനും ത്യാഗിയുമായ പുരോഹിതനായും ചതിക്കപ്പെട്ട് പോരാട്ടഭൂമിയിൽ മരിച്ചുവീണ ചക്രവർത്തിയായുമെല്ലാം ടിപ്പുവിന്റെ ചിത്രങ്ങൾ മാറിമറയുന്നു. ബ്രിട്ടീഷ് വിരോധവും അതിനെതിരെയുള്ള പോരാട്ടവും ടിപ്പുവിൻെറ വൈകാരികവും അധിനിവേശത്തോടുള്ള അടങ്ങാത്ത വൈര്യവുമായിരുന്നുവെന്ന് ഈ സ്വപ്നങ്ങൾ നമ്മോട് പറയുന്നു. കൊളോണിയൽ ചരിത്രകാരർ വികലമാക്കിയ ആ മനുഷ്യന്റെ ചരിത്രം മറ്റൊന്നായിരുന്നുവെന്ന് ഇന്ന് നമ്മോട് സംസാരിക്കുന്നത് രക്ഷപ്പെട്ട ആ സ്വപ്നരേഖകൾ കൂടിയാണ്. അതുകൊണ്ടുതന്നെ കലയുടെ തികഞ്ഞ രാഷ്ട്രീയ പ്രവർത്തനം കൂടിയായി ക്വാബ് നാമ മാറുന്നു.




