ലോകപ്രശസ്ത സ്പാനിഷ് നൃത്ത-നാടക സംഘമായ കാർലിക് ഡാൻസ് തിയേറ്റർ അവതരിപ്പിക്കുന്ന ‘ലൂസിയ ജോയ്സ് എ സ്മാൾ ഡ്രാമ ഇൻ മോഷൻ’ കണ്ടു. ബ്ലാക്ക്ബോക്സിലെ ഒതുങ്ങിയ രംഗവേദിയിൽ നിന്ന് പക്ഷേ നാടകം പറയാതെ പറയുന്ന കഥകളും ചരിത്രവും ചേർന്ന് കവിഞ്ഞൊഴുകി. എഴുത്തും എഴുത്തിലെ സംഘർഷവും അതിന്റെ സ്വാർഥവും പ്രണയവും പ്രണയനിരാസവും നൃത്തവും ഉന്മാദവും സ്ത്രൈണകലയുമൊക്കെ ഭാവവും രൂപവുമായി ഇണങ്ങിച്ചേർന്ന് അവതരിപ്പിക്കപ്പെട്ടു. ജെയിംസ് ജോയ്സും മകൾ ലൂസിയയും അവളുടെ കാമുകനായ ബെക്കറ്റുമൊക്കെയായി കഥയും ചരിത്രവും ഓർമ്മിപ്പിച്ച് അരങ്ങിലെത്തി. ഷേക്സ്പിയറിന് കലാകാരിയായ ഒരു സഹോദരി ഉണ്ടായിരുന്നെങ്കിൽ എപ്രകാരമായിരിക്കും അവൾ അറിയപ്പെടുകയെന്ന് വെർജീനിയ വൂൾഫ് ചോദിക്കുന്ന ചോദ്യം നാടകം ഓർമ്മപ്പെടുത്തി. ക്രിസ്റ്റീന ഡി. സിൽവേറിയ സംവിധാനം നിർവഹിച്ചു.
ബോധധാരയുടെ ക്ലാസിക്ക് കൂടിയായ യുലീസസ് എഴുതിയ, ജെയിംസ് ജോയ്സിന്റെ മകളാണ് ലൂസിയ ജോയ്സ്. ഇത് അവളുടെ കഥയാണ്. അച്ഛനുമായുള്ള അവളുടെ ബന്ധം, നൃത്തത്തോടുള്ള അഭിനിവേശം, ബെക്കറ്റുമായുള്ള പ്രണയം, ഇഷ്ടകലയിൽ ലോകമൊട്ടുക്ക് പറക്കാൻ കഴിയാത്തതിലെ നിരാശ, ഉന്മാദം, യുങ്ങിന്റെ ചികിത്സ എന്നിങ്ങനെ പല അടരുകളിലായി ഒരു കലാകാരിയായ സ്ത്രീയുടെ അവസ്ഥാന്തരങ്ങൾ അവതരിപ്പിക്കപ്പെടുന്നു. 1982-ലെ ഡിസംബർ 12 ന് യു.കെ.യിലെ ഒരു ആശുപത്രിയിലിരുന്ന് 75 വയസ്സ് പ്രായമായ ലൂസിയ ജോയ്സ് ഒരു കത്തെഴുതാൻ ഇരിക്കുന്നതിൽ നിന്നാണ് നാടകം തുടങ്ങുന്നത്. സ്ക്രീനിൽ തുടർന്നും അവരുടെ തപ്തമായ ഏകാന്തവാസത്തിന്റെ ദൃശ്യങ്ങളുണ്ട്. അവർ പറയുന്നതും ഓർക്കുന്നതുമായ കാര്യങ്ങൾ രംഗത്ത് ആവിഷ്കരിക്കപ്പെടുന്നുമുണ്ട്. ഈ നാടകരൂപം ലളിതവും ശക്തവുമായിരുന്നു എന്നതാണ് ഏറ്റവും പ്രധാനമായി തോന്നിയത്. വളരെ കുറച്ചുമാത്രം രംഗസംവിധാനങ്ങളിൽ, പ്രോപ്പർട്ടികളിൽ നാടകം പൂർണ്ണതയെ തൊടുന്നത് നാം കാണുന്നു.
ലൂസിയയ്ക്ക് ചുറ്റുമുള്ള പൗരുഷത്തിന്റെ രണ്ട് രൂപങ്ങൾ ഈ നാടകത്തിലുണ്ട്. ഒരു ഭാഗത്ത് ജെയിംസ് ജോയ്സ് എന്ന അച്ഛൻ. മറുഭാഗത്ത് സാമുവൽ ബെക്കറ്റ് എന്ന കാമുകൻ. ഒരാൾ മകളുടെ കലയെ തനിക്കു ചുറ്റുമായി കെട്ടിവരിയുന്നു. ഒരാൾ ഓടിയൊളിക്കുന്നു. സ്ത്രീ എന്ന നിലയിലും കലാകാരിയായ സ്ത്രീ എന്ന നിലയിലും ലൂസിയ അനിവാര്യമായ സംഘർഷത്തിലേക്ക് കുപ്പുകുത്തുന്നു. കാൾ ഗുസ്താവ് യുങ്ങ് എന്ന വിഖ്യാത മനോവിശാരദനു പോലും അവളെ രക്ഷിച്ചെടുക്കാനാവുന്നില്ല. അവൾക്ക് നൃത്തമല്ലാതെ മറ്റൊന്നും മരുന്നായിരുന്നില്ല. നൃത്തത്തിനായാകട്ടെ അവൾക്ക് തറയൊന്നും അനുവദിക്കപ്പെട്ടുമില്ല. ഗംഭീരമായതും ഒതുക്കമുള്ളതുമായി ലൂസിയയുടെ അവതരണം. മികച്ച നടീനടന്മാർ നാടകത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായി.

ലൂസിയയ്ക്കുശേഷം മലയാളം നാടകം മാടൻമോക്ഷമാണ് കണ്ടത്. മരുതം തിയേറ്റർ ഗ്രൂപ്പിന്റെ ജനപ്രിയ നാടകമായാണ് അത് വന്നിട്ടുള്ളത്. നിരവധി വേദികളുടെ പരിചയമുണ്ടായിട്ടും പ്രേക്ഷകരെ തട്ടിക്കൂട്ട് ഗിമ്മിക്കുകളിൽ ചിരിപ്പിക്കാനല്ലാതെ മറ്റൊന്നിനുമാകാതെ മാടനും കളിച്ചു തീരുകയാണ് ഉണ്ടായത്. അമച്വർ, പ്രൊഫഷണൽ രൂപഭേദം പോലും അനുഭവിപ്പിക്കാത്ത രൂപംകൊണ്ടുതന്നെ മാടൻമോക്ഷം ശരാശരിയ്ക്കൊപ്പം എത്താതെ പോയി. കക്കുകളിയിലെ മുദ്രാവാക്യരാഷ്ട്രീയം ഉപേക്ഷിച്ചതൊഴിച്ചാൽ സംഘം ഇപ്പോഴും ബാലിശമായ രൂപക്കാഴ്ചകളിലും ഉപരിപ്ലവ അരികുനാട്യത്താലും തങ്ങളുടെ പഴയ നിലയിൽതന്നെ തുടരുകയാണ്. ജയമോഹന്റെ നോവലിനെ അവലംബിച്ച് നിർമ്മിക്കപ്പെട്ട നാടകം അതിന്റെ ദർശനത്തിലും പരാജയപ്പെടുകയാണ് ചെയ്തത്. നാരായണഗുരുവിലേക്കു നീളുന്നത്ര ചരിത്രപരമായ പ്രമേയം സമകാലബ്രാഹ്മണ്യ രാഷ്ട്രീയത്തിലേക്കു മാത്രമായി ചുരുക്കുന്നതിലെ ചരിത്രനിരാസം നാടകം വർത്തമാനകാല രാഷ്ട്രീയത്തിൽ മാത്രം ഊന്നിയതിന്റെ ബാക്കിയാണ്. അത് അപ്രകാരമാവട്ടെ എന്ന് സമാധാനിക്കാമെങ്കിലും തമാശയ്ക്കായി പറഞ്ഞുപോകുന്ന പലതും കേന്ദ്രവിഷയത്തെ നാടകം ഉള്ളുകൊണ്ട് തൊട്ടിട്ടുപോലുമില്ല എന്ന് വ്യക്തമാക്കുന്നു. കഴിവുകെട്ടവനും നിസ്സഹായനുമായ ഒരു ദൈവത്തെ ചിത്രീകരിച്ചുറപ്പിച്ചുകൊണ്ട് സാധാരണക്കാരായ മനുഷ്യരുടെ വിശ്വാസത്തെ പരിഹസിക്കുകയും ആ രീതിയിൽതന്നെ ബ്രാഹ്മണ്യത്തെ സാധൂകരിക്കുകയാണ് നാടകം. ബ്രാഹ്മണ്യത്തെ കളിയാക്കിയും ധിക്കരിച്ചും നാരായണഗുരു നടത്തിയ പ്രതിഷ്ടകൾ പിന്നീട് അദ്ദേഹംതന്നെ റദ്ദ് ചെയ്യുന്നുണ്ട്. പ്രത്യേക മതമോ ജാതിയോ നിരാകരിച്ച് നാസ്തിക്യത്തിലേക്ക് ചരിക്കുന്ന ഗുരുവിനെയും ഇന്ന് വായിച്ചെടുക്കാൻ പ്രയാസമില്ല. എന്നാൽ സാധാരണക്കാരുടെ ദൈവങ്ങളെ ഗുരു തുടക്കത്തിൽതന്നെ ഒഴിവാക്കുന്നുണ്ട്. തുടർന്ന് പതുക്കെ മുഴുവൻ ദൈവങ്ങളേയും തള്ളുമായിരുന്ന ഒരു വഴിയിലാണ് അദ്ദേഹം സഞ്ചരിച്ചതെന്ന് തിരിച്ചറിയുമ്പോൾതന്നെ മാടനെയടക്കം ഒഴിവാക്കുന്നതിൽ ഗുരു ഇടപെട്ടിട്ടുണ്ട്. വേണമെങ്കിൽ അത് വിമർശിക്കുകയുമാവാം. ഇവിടെ മാടനെ ബ്രാഹ്മണ്യം സ്വന്തമാക്കുന്നതിനുമുമ്പുതന്നെ നാടകം റദ്ദ് ചെയ്യുന്നു. ദുർബലനായ മാടനും മടനെ പറ്റിക്കുന്ന പരികർമ്മിയും മാടനെ വിലമതിക്കാത്ത മക്കളും എന്ന നാടകാരംഭം പിന്നീട് എന്ത് സങ്കടത്തെയാണ് ഉണർത്തുകയെന്ന് മനസ്സിലാവുന്നില്ല. തമാശകളിൽ കയ്യടികൾക്കായി പറയുന്ന പലതും പറയുന്നയാളുടെ പ്രവൃത്തികൊണ്ടും തൊട്ടടുത്ത സംഭാഷണംകൊണ്ടും റദ്ദ് ചെയ്യുന്ന, അട്ടിമറിക്കുന്ന കാഴ്ചയാണ് നാടകം നിറയെ. സംഭാഷണങ്ങളിലെ മറ്റ് പ്രശ്നങ്ങൾ മറ്റൊരു പ്രകരണത്തിനുള്ള തുണ്ട്.
വേദിയിൽ ഒരു നടനോ നടിക്കോ പെരുമാറാനുള്ള തറപോലും ഇല്ലാത്ത രംഗസംവിധാനംതന്നെ നാടകത്തിന്റെ വലിയ പരിമിതിയായിരുന്നു. സെറ്റും പ്രോപ്പർട്ടികളും ചേർന്ന് താരതമ്യേന വേദി മുങ്ങിപ്പോയി. അടിമുടി പ്രൊഫഷണൽ സ്വഭാവം നാടകം സ്വീകരിച്ചതായി കാണാം. നാടകം കൊമേർഷ്യൽ ആകുന്നത് തെറ്റാണെന്ന് ഇവിടെ വിവക്ഷിക്കുന്നില്ല. ഫെസ്റ്റിവലിൽ അത്തരം നാടകങ്ങളല്ല വരേണ്ടത് എന്നുമാത്രം. മാടന്റെ കൂടെ മോക്ഷം എന്ന വാക്കും ആശയവും ചേർത്തുള്ള ആ പേരുതന്നെ എന്തൊരു വൈരുദ്ധ്യമാണ്! ബ്രാഹ്മണ്യം എവിടെയാണ് ശരിയ്ക്കും പ്രവർത്തിക്കുന്നത്? ശബരിമലയടക്കുള്ള സമകാല വിഷയങ്ങൾ പറയുന്നു എന്ന നിലയിൽ ചില ചിരികളുണർത്തിയതൊഴിച്ചാൽ നാടകത്തിന് ആ രൂപത്തോടോ ഭാവത്തോടോ നീതിപുലർത്താൻ കഴിഞ്ഞിട്ടില്ല എന്ന് ചുരുക്കട്ടെ.

