ക​​മ്പോളവൽക്കരണം തിയേറ്ററിൽനിന്നിറക്കിവിട്ട ഒരു നാടകകൃത്താണ്​​ ഞാൻ

നാടക സംവിധായകനും നടനും സിനോഗ്രാഫറും അധ്യാപകനുമായ ദീപൻ ശിവരാമനുമായി മനില സി. മോഹൻ ട്രൂകോപ്പി തിങ്കിൽ നടത്തിയ അഭിമുഖത്തോടുള്ള ഒരു നാടകപ്രവർത്തകന്റെ പ്രതികരണം. തന്റെ നാടകത്തിന്റെ രംഗാവതരണത്തിൽ, താൻ മുന്നോട്ടുവെച്ച രാഷ്ട്രീയനിലപാടുകൾക്കു വിരുദ്ധമായി സംവിധായകൻ നടത്തിയ ഇടപെടലിനെതുടർന്ന്​ നാടകരംഗത്തുനിന്ന്​ മാറിനിൽക്കുകയും ‘അകനാടകം’ എന്ന നാടകസാഹിത്യരൂപത്തിലേക്ക്​ സഞ്ചരിക്കുകയും ചെയ്​ത അനുഭവവും തുറന്നെഴുതുന്നു.

നാടക സംവിധായകനും നടനും സിനോഗ്രാഫറും ഡൽഹി അംബേദ്​കർ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ്‌ പ്രൊഫസറും, 13-മത് ഇറ്റ്‌ഫോക്കിലെ ക്യൂറേറ്ററുമായ ദീപൻ ശിവരാമനുമായി ട്രൂകോപ്പി തിങ്കിൽ മനില. സി. മോഹൻ നടത്തിയ ഇന്റർവ്യൂവിനോടുള്ള പ്രതികരണമാണിത്​.

ഇറ്റ്‌ഫോക്ക് നാടകോത്സവത്തിന്റെ പശ്ചാത്തലത്തിൽ, അതുമായി ബന്ധപ്പെട്ട നാടകാനുഭവങ്ങളുടെ വെളിച്ചത്തിൽ, ആഗോള നാടകവേദിയുടെ വികാസപരിണാമങ്ങളും മലയാള നാടകവേദിയുടെ ഇന്നത്തെ അവസ്ഥയും പരിശോധിക്കുന്ന അഭിമുഖമാണിത്​. കരുതലോടെയാണ് ദീപൻ, തന്റെ നാടക വീക്ഷണങ്ങളും നാടകാനുഭവങ്ങളും പങ്കുവെച്ചിരിക്കുന്നത്. അതത്രയും ധീരമായിരുന്നു, നിഷ്‌കളങ്കമായിരുന്നു, ആസ്വദിച്ചും ആഹ്ലാദിച്ചും അഭിമാനിച്ചുമൊക്കെയുള്ള മനസ്സു തുറക്കലായിരുന്നു.

ദീപൻ ശിവരാമൻ / Photo: Hanan Muhammed

ദീപൻ ശിവരാമന്റേത്​ ഒറ്റപ്പെട്ട ശബ്ദമല്ല. ഇതേ ശബ്ദമാണ്, ആഗോള- ദേശീയ തലങ്ങളിലും കേരളമുൾപ്പെടെയുള്ള ഇതര ഭാഷാനാടക രംഗങ്ങളിലും പ്രവർത്തിച്ചുവരുന്ന അക്കാദമിക് നാടക സംവിധായകരിൽനിന്ന്​ കേൾക്കുന്നത്​. ഇവരിങ്ങനെ സ്വയം വെളിപ്പെടുത്തുന്നത്, തങ്ങളുടെ നാടകപഠനങ്ങളുടെയും പ്രയോഗാനുഭവങ്ങളുടെയും വെളിച്ചത്തിലാണ്. അവരെ സംബന്ധിച്ച്​ഔദ്യോഗിക വിദ്യാഭ്യാസമെന്നത്, നാടകപഠനമാണ്. ആഗോളവും ദേശീവും പ്രാദേശികവുമായ നാടക സ്​കൂളുകളിലൂടെയും കോളേജുകളിലൂടെയും പ്രാഥമിക പഠനവും ഉപരിപഠനവും പൂർത്തിയാക്കി, നാടകരംഗത്ത്‌ പ്രൊഫഷണലുകളായി പ്രവർത്തിച്ചുവരുന്നവർ. നാടകത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയവർ. നിരവധി ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവർ. ഇന്റർനാഷണൽ വേദികളിൽ സ്വന്തം നാടകങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നവർ. തങ്ങളുടെ തൊഴിലും, തൊഴിലറിവുകളും തൊഴിലനുഭവങ്ങളും ജീവിതം തന്നെയും നാടകമായി ആഘോഷിക്കുന്നവർ. അതുകൊണ്ടുതന്നെ, ദീപൻ ശിവരാമനുൾപ്പെടെയുള്ള അക്കാദമിക് സംവിധായകരുടെ നിരീക്ഷണങ്ങൾ നൂറുശതമാനം ശാസ്ത്രീയ നിരീക്ഷണങ്ങളായി കരുതണമെന്ന് സൂചിപ്പിക്കാനാണ് ഇത്രയും ആമുഖമായി പറഞ്ഞത്.

തനിക്ക് അല്ലെങ്കിൽ, തങ്ങൾക്ക് ഇഷ്ടമുള്ള, പ്രചരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന നാടകസങ്കേതങ്ങളിൽ രൂപപ്പെടുത്തിയ നാടകങ്ങൾക്ക് പ്രാമുഖ്യം നൽകാനും, ഇത്തരം നാടകങ്ങളും സങ്കേതങ്ങളുമാണ് നാടകത്തിന്റെ ഭാവിയിലേക്കുള്ള നേർവഴിയെന്ന് സ്ഥാപിക്കാനുമുള്ള ശ്രമമാണ് സർക്കാർ ചെലവിൽ ഇറ്റ്‌ഫോക്കിലൂടെ ചെയ്തുതീർത്തതെന്ന് ദീപൻ സമ്മതിക്കുന്നു, അത്​ അദ്ദേഹത്തിന്റെ സത്യസന്ധതയാണ്. കേരളത്തിന്റെ സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സംഭവിച്ച നാടകാവതരണ പ്രക്രിയയിൽനിന്ന്, ദീപൻ പ്രതിനിധീകരിക്കുന്ന നാടകാവതരണസങ്കേതങ്ങളെങ്ങനെയാണ് വ്യത്യസ്തമാകുന്നത്? അത്തരം നാടകങ്ങളുടെ പൊതുസ്വഭാവം നിർണയിക്കുന്ന സൃഷ്ടിരഹസ്യങ്ങൾ വല്ലതുമുണ്ടോ?

ദീപൻ മുന്നോട്ടുവെക്കുന്ന നാടകസങ്കല്പം വ്യകതമായല്ലോ. നാടകമങ്ങനെ ഒറ്റക്ക് നിൽക്കേണ്ട കലയല്ല, നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടേണ്ടതാണ്. സിനിമ, ചിത്രകല, ആർക്കിടെക്റ്റ് തുടങ്ങി സകലതിനെയും ഉൾക്കൊള്ളാൻ പാകത്തിൽ, നാടകം അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്​. സാമാന്യാർത്ഥത്തിൽ കേൾക്കുമ്പോൾ ഇത് ശരിയാണല്ലോ എന്ന് തോന്നാം. വിശേഷാർത്ഥത്തിൽ, രാഷ്ട്രീയാർ ത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചാൽ, അതിലടങ്ങിയ കമ്പോള രാഷ്ട്രീയം, നാടകത്തിന്റെ കോർപറേറ്റ്​വൽക്കരണം വ്യക്തമാകും. ഇക്കാര്യം, നമ്മുടെതന്നെ വർത്തമാനാനുഭവം കൊണ്ട് വിശദീകരിക്കാൻ ശ്രമിക്കാം.

'ഇറ്റ്ഫോക്കി'ൽ നിന്ന് / Photo: ITFOK FB Page

കേരളത്തിലെ പഴയകാല നാടകാവതരണങ്ങൾ എങ്ങനെ അപ്‌ഡേറ്റ് ചെയ്യപ്പെട്ടുവന്നു?, നാടകാവതരണങ്ങൾ ഇന്ന്​ എവിടെച്ചെന്നെത്തിനിൽക്കുന്നു?
സ്​കൂൾ ഓഫ് ഡ്രാമ സ്ഥാപിക്കപ്പെടുകയും അതിലൂടെ നാടകം പഠിച്ചിറങ്ങിയവർ തങ്ങളുടെ അപ്‌ഡേറ്റ് നാടകസങ്കേതങ്ങളുമായി നാടകരംഗത്ത് സജീവമാവുകയും ചെയ്തതോടെ, നമ്മുടെ രംഗാവതരണങ്ങളുടെയും നാടകനിർമിതികളുടെയും സ്ഥിതിയെന്താണ്?

കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ സജീവമായി നിലനിന്നിരുന്ന അമേച്വർ നാടക സമിതികൾ പതുക്കെപ്പതുക്കെ പ്രവർത്തനരഹിതമായിവന്നു. അക്കാദമിക് സംവിധായകരുടെ ആഗോള നാടകവായ്ത്താരികൾക്കുമുന്നിൽ പരമ്പരാഗത നാടകക്കാർ പകച്ചുനിന്നു. തങ്ങളുടെ നാടകവും, നാടകസങ്കേത ങ്ങളും പഴഞ്ചനും കൊള്ളാത്തതുമാണെന്ന ബോധം, അപകർഷതാബോധം അവരിലുണർന്നുതുടങ്ങി. അങ്ങനെ പലരും നാടകത്തിൽനിന്ന് ഒളിച്ചോടി, സിനിമക്കും സീരിയലിനും പിന്നാലെയലഞ്ഞു. ചിലരങ്ങനെ രക്ഷപ്പെട്ടു, ഭൂരിപക്ഷവും തോറ്റുമടങ്ങി. അതേസമയം നാടകത്തിൽതന്നെ ഉറച്ചുനിൽക്കാൻ തീരുമാനിച്ചിരുന്ന ചുരുക്കം സമിതികളും സംഘാടകരും നടന്മാരുമൊക്കെയുണ്ടായിരുന്നു. അവരാകാട്ടെ, ലോകനാടക സങ്കേതങ്ങൾ പലതും അരച്ചുകലക്കിക്കുടിച്ച് മത്തുപിടിച്ച അക്കാദമിക് സംവിധായകരുടെ കൂടെക്കൂടി. അതോടെ ഗ്രാമീണ അമേച്വർ നാടകരംഗത്ത് സംഭവിച്ചതെന്താണ്?
പണ്ടു മുതലേ വർഷാവർഷം അമേച്വർ നാടകങ്ങൾ കണ്ടുകൊണ്ടിരുന്ന ഗ്രാമീണർക്ക് കാണാനവസരമില്ലാതായി. പകരം, അമ്പലപ്പറമ്പുകളിലെ പ്രൊഫഷണൽ പൈങ്കിളി നാടകങ്ങൾ മാത്രം കാണേണ്ട സ്ഥിതിയുമുണ്ടായിവന്നു.

'ഇറ്റ്ഫോക്കി'ൽ നിന്ന് / Photo: ITFOK FB Page

അതേസമയം നമ്മുടെ അക്കാദമിക് സംവിധായകരുടെ ആഗോളമാനങ്ങളുള്ള, പാശ്ചാത്യ നാടകങ്ങളുടെയും സിനിമകളുടെയും സാഹിത്യകൃതികളുടെയുമൊക്കെ സ്വതന്ത്ര നാടകാവിഷ്‌ക്കാരങ്ങളെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പരീക്ഷണ നാടകങ്ങൾ ചെറുപട്ടണങ്ങൾ കേന്ദ്രീകരിച്ച്​ ഒറ്റപ്പെട്ടനിലയിൽ അവതരിപ്പിച്ചുവന്നു. അത്തരം നാടകങ്ങൾ പലതും, നമ്മുടെ പരമ്പരാഗത നാടകാസ്വദകർക്ക് നേരിട്ട് സംവദിക്കാൻ കഴിയാത്തവയുമായിരുന്നു. നാടകത്തിനു മുമ്പോ പിമ്പോ, സംഭവിക്കുന്ന സംവിധായകരുടെ നാടകവിശദീകരണങ്ങളിലൂടെയും, പിന്നീടെപ്പോഴോ സംഭവിക്കുന്ന മാധ്യമക്കുറിപ്പുകളിലൂടെയും മാത്രമായിരുന്നു കാണികൾക്ക്​ അതിനെക്കുറിച്ചുള്ള ഗൗരവം ഊഹിച്ചറിയാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, അമേച്വർ നാടകങ്ങൾക്കൊപ്പം സദാ, സഞ്ചരിച്ചുകൊണ്ടിരുന്ന മഹാഭൂരിപക്ഷം ജനങ്ങളും അക്കാദമിക് നാടകങ്ങളെ തിരിഞ്ഞുനോക്കാത്ത സ്ഥിതിയുമുണ്ടായി.

ഇതിനിടെ നാടകാവതരണങ്ങൾക്ക് സംഭവിച്ചുകൊണ്ടിരുന്ന മറ്റൊരു പരിണാമം ശ്രദ്ധേയമാണ്. പണ്ടൊക്കെ അയ്യായിരം അല്ലെങ്കിൽ, കൂടിയത് ഇരുപതിനായിരം രൂപ കൊണ്ട് അമേച്വർ നാടകക്കാർക്ക് നാട്ടുകാരുടെ മുമ്പിൽ നാടകം അവതരിക്കാമായിരുന്നു. ഇന്നതിന് ലക്ഷങ്ങളില്ലാതെ ഇറങ്ങിപ്പുറപ്പെടാനാ കാത്ത സ്ഥിതി വന്നു. അരമണിക്കൂർ ദൈർഘ്യമുള്ളൊരു കാമ്പസ് നാടകം സംവിധാനം ചെയ്ത് അവതരിപ്പിക്കാൻ അക്കാദമിക് സംവിധായകർ ആവശ്യപ്പെടുന്നത് ലക്ഷങ്ങളാണ്. സ്ക്രിപ്റ്റും സംവിധാനവും സെറ്റും മ്യൂസിക്കും ഉൾപ്പെടെയുള്ളവക്ക് കരാറെടുക്കുകയാണ്. മത്സരത്തിൽ സമ്മാനം വാങ്ങിത്തരും അല്ലെങ്കിൽ, മുഖ്യധാരാ മാധ്യമങ്ങളിൽ റെറ്റപ്പുകൾ വരുത്തും അതുമല്ലെങ്കിൽ, അന്യസംസ്ഥാനങ്ങളിൽ അവതരിപ്പിക്കാൻ അവസരമുണ്ടാക്കും എന്നൊക്കെയുള്ള ഉറപ്പുകളുടെ പുറത്തായിരിക്കും കരാർ. എന്തൊക്കെയാണെങ്കിലും, ഈ പറഞ്ഞതിൽ ഏതെങ്കിലും ഒന്നെങ്കിലും നടക്കുമെന്നതാണ് അനുഭവം.

'ഇറ്റ്ഫോക്കി'ൽ നിന്ന് / Photo: ITFOK FB Page

അതായത്, ഇന്നത്തെ നമ്മുടെ നാടകാവതരണങ്ങൾ പലതും സംഭവിക്കുന്നത്, ലക്ഷങ്ങൾ മുടക്കിയാണ്. അപ്പോൾ സ്വാഭാവികമായും, മുടക്കുമുതൽ തിരിച്ചുപിടിക്കാനുള്ള കൂടിയാലോചനകളും പ്രയോഗങ്ങളുമുണ്ടാകാതെ തരമില്ല. ദേശീയവും സാർവദേശീയവുമായ അവതരണങ്ങളുണ്ടാകാതെ വയ്യ. കാണികളെ വിസ്മയിപ്പിക്കാവുന്ന കളരിയും ഗുസ്തിയും യോഗയും സ്പോർട്‌സും ആർക്കിടെക്റ്റുമെല്ലാം നാടകത്തിൽ സ്വീകരിക്കാതെ വയ്യല്ലോ?
ഇന്നത്തെ ഏതോരു നാടകക്കാരനും, ആഗോള കമ്പോളത്തിനാവശ്യമായ ഉത്പന്നങ്ങൾ നിർമിച്ച്​ മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ, സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാനാവില്ലെന്ന് ദീപൻ തീർത്തുപറയുന്നതും സത്യമാണ്. നമ്മുടെ നാടകക്കാർക്ക് നാടകം കൊണ്ട് സ്വതന്ത്രരായി കുടുംബജീവിതം നയിക്കാനുള്ള ഭൗതികസാഹചര്യമില്ലെന്നും, അതിന്റെ കുറ്റബോധ ത്തോടെയാണ് ഓരോ നാടകക്കാരും ജീവിച്ചുപോകുന്നതെന്നും ദീപൻ വിശദീകരിക്കുന്നുണ്ട്. താൻ രക്ഷപ്പെടണമെങ്കിൽ, താനർഹിക്കുന്ന പണം ചോദിച്ചു വാങ്ങാൻ നാടകക്കാരൻ ശീലിക്കണമെന്ന് ഉപദേശിക്കുന്നുണ്ട്.
നാടകക്കാർ രക്ഷപ്പെടണമെങ്കിൽ ആഗോള നാടക കമ്പോളമല്ലാതെ വേറെ വഴിയില്ലെന്നുതന്നെയാണ് ദീപൻ പറഞ്ഞതിന്റെ അർത്ഥം. ദീപനെപോലുള്ള അക്കാദമിക് നാടകക്കാർക്ക് ഇങ്ങനെയല്ലേ ചിന്തിക്കാനാവൂ? അവർ തങ്ങളുടെ നല്ല കാലം മുഴുവൻ നാടകം പഠിച്ചവരാണ്. നാടകത്തിൽ ഉപരിപഠനം നടത്തിയവരാണ്. നാടകപ്രവർത്തനം തന്നെ ജോലിയായി സ്വീകരിച്ചവരാണ്​. നമ്മളത് മറന്നുപോകരുത്. അതുകൊണ്ടാണ് ഞാൻ, ദീപൻ ശിവരാമന്റെ നാടകനിരീക്ഷണങ്ങൾ ഔദ്യോഗികമാണെന്നുപറഞ്ഞത്. അതുകൊണ്ടാണ് കേരളത്തിലെ കഴിഞ്ഞകാല നാടകപ്രവർത്തകർ ഇവരിൽനിന്ന് മൗലികമായി വ്യത്യസ്തരാണല്ലോയെന്ന് ആലോചിച്ചുപോകുന്നത്. അവരെ സംബന്ധിച്ച്​നാടകമെന്നത്, സാമൂഹ്യപ്രതിബദ്ധതയുടെ സർഗാത്മക ആവിഷ്​കാരമായിരുന്നു അല്ലെങ്കിൽ, തന്റെ വ്യകതിത്വത്തിന്റെ ആവിഷ്‌ക്കാരമായിരുന്നു. അവർക്ക് സമൂഹത്തോട് പറയാനുള്ള വ്യക്തമായ ആശയങ്ങളുണ്ടായിരുന്നു, ദർശനങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, നാടകം കൊണ്ടുണ്ടാകുന്ന കഷ്ടനഷ്ടങ്ങളിൽ, ദീപൻ വിശദീകരിച്ചതുപോലുള്ള കുറ്റബോധമൊന്നും, സാമൂഹ്യപ്രതിബദ്ധതയുള്ള അന്നത്തെ നാടകക്കാർക്കുണ്ടായിരുന്നില്ല.
നമ്മൾ കേരളത്തിന്റെയെങ്കിലും നാടകചരിത്രം, മുൻവിധികളില്ലാതെ പഠിക്കാൻ ശ്രമിച്ചാൽ, വ്യക്തമായി പറയാൻ കഴിയും, അന്നത്തെ അമേച്വർ നാടകക്കാർ ഒരിക്കലും, തങ്ങളുടെ നാടകത്തെ വില്പനച്ചരക്കായി കണ്ടിരുന്നില്ല. നാടകക്കാരാരും സ്വയമിങ്ങനെ നാടകത്തെ വില്പനക്കുവെച്ചിരുന്നില്ല. കാണികളെ കണ്ണഞ്ചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാടകത്തെ അവർ അപ്‌ഡേറ്റു ചെയ്യാൻ ശ്രമിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവർക്ക്, തങ്ങളുടെ നാടകവുമായി ക്യൂറേറ്റർമാരെ, ദല്ലാളന്മാരെ അന്വേഷിച്ചുപോകേണ്ടിയും വന്നിരുന്നില്ല. കാരണം, അവരുടെ കാണികൾ അവർക്കു ചുറ്റും തന്നെയുണ്ടായിരുന്നു. അവർക്ക് നാടകത്തിലൂടെ കാണികളുമായി സംവദിക്കാൻ ആശയങ്ങളുണ്ടായിരുന്നൂ, അവരുടെ നീറുന്ന ജീവിതങ്ങളുണ്ടാ യിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ അമേച്വർ നാടകാവതരണപ്രക്രിയയിൽ സംവിധായകന് നാടകകൃത്തിനെ മാറ്റിനിർത്താനാവില്ലായിരുന്നു. അന്നങ്ങനെ ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ഇത്തരമൊരു ചരിത്രപശ്ചാത്തലത്തിലാണ്, ദീപനുമായുള്ള അഭിമുഖത്തിന്റെ ‘ക്ലൈമാക്‌സ്’ ശ്രദ്ധേയമാകുന്നത്.

നാടകകൃത്തുക്കളെ തിയറ്ററിൽനിന്ന് പറഞ്ഞുവിട്ടതിനെക്കുറിച്ചുപറഞ്ഞത് നൂറുശതമാനം ശരിയാണ്. ഇന്നത്തെ തിയറ്ററിൽ നാടകകൃത്തിന് കാര്യമായൊന്നും ചെയ്യാനില്ല. സംവിധായകർ പറഞ്ഞുതരുന്ന സന്ദർഭത്തിന് യോജിച്ച ഏതാനും സംഭാഷണങ്ങൾ എഴുതിക്കൊടുത്താൽ മതിയാകും. പ്രസ്തുത നാടകാവതരണം, ലോകപ്രശസ്തമായ ഏതെങ്കിലുമൊരു നോവലിന്റെയോ സിനിമയുടെയോ സ്വതന്ത്രാവിഷ്‌ക്കാരമാണെങ്കിൽ നാടകകൃത്തിന്റെ ആവശ്യവുമില്ല, സംഭാഷണമതിൽനിന്നുതന്നെ സംവിധായകർക്ക്​ തരപ്പെടുത്താവുന്നതേയുള്ളൂ.

'ഇറ്റ്ഫോക്കി'ൽ നിന്ന് / Photo: ITFOK FB Page

ശരിയാണ്, ഇന്നത്തെ നാടകം ശരീരം വിയർക്കുന്നവരുടെ ഫിസിക്കൽ തിയറ്റർ ആർട്ടാണ്. വർത്തമാന നാടകകല ഇങ്ങനെ, ദൃശ്യവിസ്മയങ്ങൾ മിന്നിമറയുന്ന, നടന്മാരുടെ സാഹസികാഭ്യാസ പ്രകടനകലയായി വികസിച്ചുകൊണ്ടിരിക്കേ, നമുക്ക് നഷ്ടപ്പെട്ടുപോയത്, തിയറ്ററിൽനിന്ന് കൊഴിഞ്ഞുപോയത്, ദീപൻ ചൂണ്ടിക്കാണിച്ചതുപോലെ പ്രതിഭാധനരായ പുതുതലമുറ നാടകകൃത്തുക്കളെയാണ്. ദീപനതേക്കുറിച്ച് ശക്തമായ ഭാഷയിൽ ചോദിക്കുന്നുമുണ്ട്. ദീപൻ ചോദിച്ചത് സത്യമല്ലേ? ഇന്ന് മലയാളത്തിൽ മൗലികമായ നാടകങ്ങളുണ്ടോ? നാടകകൃത്തുക്കളുണ്ടോ? ശരീരങ്ങൾ വിയർപ്പിക്കുന്ന ദൃശ്യവിസ്മയങ്ങൾക്കും മായാജാലങ്ങൾക്കും രംഗപാഠങ്ങൾ ഒരുക്കുന്നവരല്ലാതെ, നാലഞ്ച് ഡയലോഗുകൾ എഴുതിക്കുകയല്ലാതെ? ഇന്നത്തെ നാടകകൃത്തിന്റെ പണി ഇത്രയല്ലേയുള്ളൂ? ഇതുകൊണ്ടുമാത്രം, ആർക്കെങ്കിലും താനൊരു മൗലിക നാടകകൃത്താണെന്ന് അവകാ ശപ്പെടാനാവുമോ? അതുകൊണ്ടുതന്നെ, കേരളത്തിലിന്നൊരു നാടകകൃത്തുണ്ടോ എന്ന ദീപന്റെ ചോദ്യം, നാടകകൃത്തുക്കളുടെ നെഞ്ചിൽ കൊള്ളുന്നതാണ്, കൊള്ളേണ്ടതാണ്, സംശയമില്ല.

അങ്ങനെ, നാടകത്തിന്റെ ആഗോള കമ്പോളവത്ക്കരണപ്രക്രിയയിൽ കേരളത്തെക്കൂടി കണ്ണിചേർക്കാനുള്ള അക്കാദമിക് നാടകക്കാരുടെ ആധിപത്യത്തിന്നിടയിൽ, പണ്ട് നമുക്കുണ്ടായിരുന്ന മഹാരഥന്മാരായ മൗലിക നാടകകൃത്തുക്കളുടെ പരമ്പര കുറ്റിയറ്റുപോയിക്കൊണ്ടിരുന്നു. അല്ലെങ്കിൽ, ആ പരമ്പരയെ പിന്തുടർന്ന നാടകകൃത്തുക്കളുടെ നാടകങ്ങൾ അവതരിപ്പിക്കാനുള്ള പശ്ചാത്തലസൗകര്യങ്ങളില്ലാതായിക്കൊണ്ടിരുന്നു. അതുമല്ലെങ്കിൽ, ഇവരെഴുതിക്കൊടുക്കുന്ന നാടകത്തിലെ ഏതെങ്കിലുമൊരു രംഗമോ കഥാപാത്രമോ സംഭാഷണമോ മാത്രമെടുത്ത്, നവലിബറൽ അക്കാദമിക് സംവിധായകർ നാടകവിസ്മയം തീർക്കുകയും നാടകം സംവിധായകരുടെ കലയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ഇവർ മൗലിക നാടകസാഹിത്യകാരരെ പരിഹാസ്യരായി ചിത്രീകരിച്ച് തിയറ്ററിൽനിന്ന് പിടിച്ചുപുറത്താക്കിക്കൊണ്ടിരുന്നു. അത്തരം സന്ദർഭങ്ങളിലൊക്കെ ഈ നാടകകൃത്തുക്കൾ അനുഭവിച്ചിരുന്ന ധാർമികവേദനയുടെ, അസ്തിത്വദുഃഖത്തിന്റെ ആഴവും പരപ്പും നാടകകൃത്തുക്കൾക്കേ അറിയൂ.

എം. സുകുമാർജി എഴുതിയ അകനാടകങ്ങളുടെ ആദ്യ സമാഹാരം (1988)

അങ്ങനെ തിയറ്ററുകളിൽ നിന്നിറങ്ങിപ്പോരേണ്ടിവരുന്ന നാടകകൃത്തുക്കളുടെ അസ്തിത്വദുഃഖം ചെറിയ തോതിൽ അനുഭവിക്കേണ്ടിവന്നവനാണ്, ഞാനും. എന്റെ രണ്ട് നാടകങ്ങൾ, അവയുടെ സാഹിത്യാംശവും, രാഷ്ട്രീയവും ചോർന്നുപോകാതെ രംഗവത്ക്കരിച്ചിരുന്ന ഒരു പ്രഗൽഭ സംവിധായകനുണ്ടാ യിരുന്നു. ക്ഷമിക്കണം, ഞാനിന്നും ബഹുമാനാദരങ്ങളോടെ കാണുന്ന അദ്ദേത്തിന്റെ പേര്​ പറയാനിപ്പോൾ തോന്നുന്നില്ല. അദ്ദേഹം, എന്റെ സസ്നേഹം ജീവിതത്തോട്, ആത്മാഹുതിക്ക് മുമ്പ്എന്നീ നാടകങ്ങൾ തർക്കമറ്റ നിലയിൽ അതിഗംഭീരമായി സംവിധാനം ചെയ്തവതരിപ്പിച്ചു. സസ്നേഹം ജീവിതത്തോട്, നിരവധി അമേച്വർ നാടകമത്സരങ്ങളിൽ സമ്മാനങ്ങൾ നേടി. അതേ തുടർന്നാണ് ഞാൻ, നന്മയുടെ വൃക്ഷം എന്നൊരു നാടകമെഴുതിക്കൊടുത്തത്. ആ നാടകത്തിന്റെ അവതരണം പക്ഷെ, എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഞാനതിൽ മുന്നോട്ടുവെച്ചിരുന്ന രാഷ്ട്രീയനിലപാടുകൾക്കും മാനവികതയ്ക്കും വിരുദ്ധമായ നിലപാടിലാണ് സംവിധായകൻ അത്​ രംഗത്തവതരിപ്പിച്ചുകണ്ടത്.
അപ്പോൾ എനിക്കുണ്ടായ ധാർമിക രോഷമുണ്ടല്ലോ, അതു മുഴുവൻ അന്നും, ഇന്നും, പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അന്നുതന്നെ ഞാനൊരു തീരുമാനമെടുത്തു- ഇനി ആർക്കുവേണ്ടിയും രംഗാവതരണനാടകം എഴുതില്ല. എന്തിന്​ വെറുതേ, മറ്റൊരാളുടെ രാഷ്ട്രീയത്തിനും അവതരണസ ങ്കേതങ്ങൾക്കും മായാജാലങ്ങൾക്കും വേണ്ടി ഞാൻ ഇരയാകണം? അങ്ങനെയാണ് ഞാൻ ഏറെക്കാലം നാടകമെഴുത്തിൽനിന്ന് മാറിനിൽക്കാനിടയായത്. വർഷങ്ങളോളം നാടകമെഴുതാതിരുന്നു. അപ്പോഴും മനസ്സിൽ നാടകീയമായ ഇതിവൃത്തങ്ങൾ പലതും ഉണർന്നെങ്കിലും, അതൊന്നും നാടകമായി എഴുതപ്പെടാതിരിക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദ്ദം, ഞാനതേറെ അനുഭവിച്ചു. അതേസമയം മറ്റൊരാലോചനയുമുണ്ടായി. നോവലോ നോവലെറ്റോ എഴുതിയാലോ? അതിന്​ ശ്രമമുണ്ടായെങ്കിലും ഫലവത്തല്ലെന്നുകണ്ട് വേണ്ടെന്നുവച്ചു. സത്യത്തിൽ, അത്തരത്തിലുള്ളൊരു എഴുത്തുസംസ്കാരമല്ല എനിക്കുള്ളതെന്നും അടിസ്ഥാനപരമായി ഞാനൊരു നാടകകൃത്താണെന്നുമുള്ള തിരിച്ച റിവുണ്ടായതും അപ്പോഴായിരുന്നു. പക്ഷെ, ഈ കോർപറേറ്റ് കമ്പോളനാടകാവതരണക്കാലത്ത് മൗലിക നാടകസാഹിത്യം കൊണ്ട് കാര്യമില്ലെന്നും അതിന്റെ സാഹിത്യതനിമയോടെ അവതരിപ്പിയ്ക്കപ്പെടാൻ സാഹചര്യമില്ലെന്നുമുള്ള യാഥാർഥ്യം, പകൽപോലെ മുന്നിലുണ്ടുതാനും.

അത്തരമൊരു നിരാശയോടെ കഴിയവേയാണ്, വളരെ സ്വാഭാവികമായി എന്നിൽ അകനാടകമെന്നൊരു ആശയമുദിക്കാനിടയായത്. രംഗമണ്ഡപത്തിൽ അവതരിപ്പിക്കാൻ കഴിയാത്ത, ദൃശ്യവത്ക്കരണത്തിന് വഴങ്ങാത്ത, ജീവിതത്തിലെ നാടകീയ മുഹൂർത്തങ്ങൾ, നാടകാവബോധത്തോടെ, രംഗാവതരണബോധമുർത്താതെ, കഥകളും നോവലുകളും പോലെ വായിച്ചാസ്വദിക്കാവുന്ന, മൗലികമായ നാടകസാഹിത്യരചനകൾ- അതാണ് അകനാടകങ്ങൾ. അതുകൊണ്ടുതന്നെ അകനാടകങ്ങൾക്ക് സമൂഹത്തിലെത്താൻ, സംവിധാകരുടെയോ ശരീരങ്ങൾ വിയർപ്പിക്കാവുന്ന നടീനടന്മാരുടെയോ സാങ്കതിക വിദഗ്ധരുടെയോ, ആർക്കിടെക്ടുകളുടെയോ ആഗോള കോർപറേറ്റ് നാടകകമ്പനികളുടെയോ വമ്പൻ പ്രൊഡ്യൂസർമാരുടെയോ ക്യൂറേറ്റർമാരുടെയോ ആവശ്യമില്ലാതായിരിക്കുന്നു. ഇത്തരം അപ്‌ഡേറ്റ്, അക്കാദമിക് നാടകകച്ചവടക്കാരെ മുഴുവൻ, വായനക്കാരുടെ മനസ്സിനകത്തേക്ക് പ്രവേശിപ്പിക്കാത്ത നാടകസാഹിത്യമാണ്, അകനാടകങ്ങൾ. ഇവിടെ, അകനാടകക്കാർക്കും വായനക്കാർക്കും നേരിട്ട് സംവദിക്കാം.

എം. സുകുമാർജി എഴുതിയ പന്ത്രണ്ട് അകനാടകങ്ങളുടെ സമാഹാരം (2020)

തനിക്ക് തന്റെ ആശയവും രാഷ്ട്രീയവും ആവിഷ്‌ക്കരിക്കാം. ഇതൊന്നും, സാധിക്കാത്തൊരു തിയറ്ററിൽ നാടകകൃത്തിനെന്താണ് പ്രസക്തി? ഒരു പ്രസക്തിയുമില്ല, അതുകൊണ്ടതിൽനിന്ന് പുറത്തുവരികയല്ലാതെ നിവൃത്തിയുമില്ല. താനും സമൂഹവുമായുള്ള സർഗാത്മകബന്ധത്തിൽ, തനിക്കവരോട് ചിലത് പറയാനുണ്ട്, ചില രാഷ്ട്രീയസത്യങ്ങൾ നാടകീയമായി വെളിപ്പെടുത്താനുണ്ട്​ എന്ന തിരിച്ചറിവുള്ളവരാണ് നാടകകൃത്തുക്കൾ. അങ്ങനെയുള്ളൊരു സ്വത്വബോധത്തോടെ, ആത്മാഭിമാനത്തോടെ തന്നെത്തന്നെ സർഗാത്മകമായി ആവിഷ്‌ക്കരിക്കാൻ തിയറ്ററിനകത്ത് സാദ്ധ്യമല്ലെങ്കിൽ, അവിടുന്നിറങ്ങിപ്പോരണം. അങ്ങനെ ഇറങ്ങിവന്നുകഴിഞ്ഞ്, ഞാനെത്തിച്ചേർന്നത് അകനാടകരചനാസങ്കേതത്തിലാണ്, മൗലിക നാടകസാഹിത്യശാഖയിലാണ്. അക്കാദമിക്ക് കോർപ്പറേറ്റ് തിയറ്ററിൽനിന്ന് ഇറങ്ങിവരാനിടയാകുന്ന നാടകകൃത്തുക്കൾ മുഴുവൻ തിയറ്ററിന് വഴങ്ങാത്ത അകനാടകം എന്ന മൗലിക നാടകസാഹിത്യകൃതികൾ എഴുതിത്തുടങ്ങുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്. എന്തുകൊണ്ടെന്നാൽ, നമ്മുടെ അക്കാദമിക് നാടകോദ്യോഗസ്ഥന്മാർക്ക് നിലനിന്നുപോകണമെങ്കിൽ, നാടകത്തെ ദൃശ്യവിസ്മയങ്ങളാൽ കമ്പോളവത്ക്കരിക്കാതെ തരമില്ല. ആഗോളവേദികൾ കണ്ടെത്താതെ രക്ഷയില്ല. മൗലിക നാടകസാഹിത്യകാരന്മാരെ അവരുടെ തിയറ്ററിൽനിന്ന് പുറത്താക്കാതിരിക്കാനാവില്ലല്ലോ?

Comments