മലയാള നാടകത്തിന്റെ ചരിത്രവും വർത്തമാനവും

ഡോ. എം. പ്രദീപനും ഡോ. കെ.എസ്. പ്രമോദും ചേർന്ന് പൂർത്തിയാക്കിയ നാടകപഠനഗ്രന്ഥമാണ് 'മലയാളനാടകവേദി: ഭാവുകത്വപരിണാമം'. മലയാളനാടകവേദി കടന്നുപോയ പരിണാമദശകൾ, അതുവഴി സംജാതമായ കേരളത്തിന്റെ സാംസ്‌കാരികപരിപ്രേക്ഷ്യവും ചരിത്രസംബന്ധിയായ നിരീക്ഷണങ്ങളും ലോകനാടകവേദിയുടെയും ഇന്ത്യൻ നാടകവേദിയുടെയും മലയാളനാടകവേദിയുടെയും പരിണാമങ്ങൾക്ക് കാരണമായ പുത്തൻപ്രവണതകളും ഈ പുസ്തകം ചർച്ചചെയ്യുന്നു. പുസ്തകത്തിന് ഡോ. അഭിലാഷ് പിള്ള എഴുതിയ ആമുഖ കുറിപ്പ്

ലയാളത്തിലെ പുതുനാടകപ്രവണതകളുടെ ചരിത്രവും വർത്തമാനവും ചർച്ചചെയ്യുന്ന "മലയാളനാടകവേദി: ഭാവുകത്വപരിണാമം' മഹാമാരിയുടെ കാലത്ത് ഡോ. എം. പ്രദീപനും ഡോ. കെ.എസ്. പ്രമോദും ചേർന്ന് പൂർത്തിയാക്കിയ ഒരു നാടകപഠനഗ്രന്ഥമാണ്. മലയാളനാടകവേദിയുടെ സമഗ്രപരിഷ്‌കരണം ലക്ഷ്യമാക്കിയ നാടകക്കളരിപ്രസ്ഥാനവും തനതുനാടകസങ്കൽപ്പവും അരനൂറ്റാണ്ട് പിന്നിട്ട ഈ ഘട്ടത്തിൽ നാടകവേദിക്ക് സംഭവിച്ച കാതലായ മാറ്റങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു. മലയാളനാടകവേദി കടന്നുപോയ പരിണാമദശകൾ, അതുവഴി സംജാതമായ കേരളത്തിന്റെ സാംസ്‌കാരികപരിപ്രേക്ഷ്യവും ചരിത്രസംബന്ധിയായ നിരീക്ഷണങ്ങളും ലോകനാടകവേദിയുടെയും ഇന്ത്യൻ നാടകവേദിയുടെയും മലയാളനാടകവേദിയുടെയും പരിണാമങ്ങൾക്ക് കാരണമായ പുത്തൻപ്രവണതകളും ചർച്ചചെയ്യുന്ന ഈ പുസ്തകം തൃശൂരിലെ നാടകപഠനസംഘമായ "രംഗചേതന'യാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാടകക്കളരിപ്രസ്ഥാനം അരനൂറ്റാണ്ട് പിന്നിട്ട പശ്ചാത്തലത്തിലാണ് "മലയാളനാടകവേദി: ഭാവുകത്വപരിണാമം' പ്രസിദ്ധീകരിക്കപ്പെടുന്നത്. അന്തർദേശീയവും ദേശീയവും തദ്ദേശീയവുമായ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ കേരളീയനാടകവേദിയുടെ വിവിധവശങ്ങളെക്കുറിച്ചും പരിണാമത്തെക്കുറിച്ചും അതിൽ പ്രതിപാദിക്കുന്നു. നാടകക്കളരിയിൽ നിന്നും ശിൽപശാലയിൽ നിന്നും ആരംഭിച്ച്, വേരു തേടുന്ന നാടകങ്ങളെക്കുറിച്ച് വിശദമായി പരാമർശിക്കുമ്പോൾ, അവയ്‌ക്കെതിരായ വിമർശനങ്ങളെയും കേരളത്തിൽ ഒരു ബദൽനാടകവേദിക്കായുള്ള അന്വേഷണത്തെയും നമ്മുടെ നാടകനിർമാണരംഗത്ത് നടക്കുന്ന ബഹുമുഖമായ പ്രവർത്തനങ്ങളെയും വൈവിധ്യമാർന്ന പരീക്ഷണങ്ങളെയും ഈ പുസ്തകത്തിൽ വിശദമായി ചർച്ചചെയ്യുന്നു. വ്യവസ്ഥീകൃതമായ നാടകപരിശീലനം, ആവർത്തിച്ച അഭിനയാഭ്യാസം എന്നിവ വരുന്നതിന് മുമ്പായി നിലനിന്നിരുന്ന പഴയ സംഗീതനാടകങ്ങളുടെ സ്വാധീനവലയത്തിൽനിന്ന് നാടകത്തെ മോചിപ്പിക്കുന്നതിനും, മനുഷ്യശരീരം, ആംഗ്യഭാഷകൾ, വാദ്യോപകരണങ്ങളുടെ ശബ്ദങ്ങൾ, സൂചിതാത്മകവും പ്രതീകാത്മകവുമായ രംഗചിത്രീകരണസംവിധാനങ്ങളിലുള്ള ഇടപെടലുകൾ എന്നിവയിലൂടെ ആധുനികാത്മകമായ ബദലുകൾ തേടുന്നതിനെ സംബന്ധിച്ചും ഈ പുസ്തകത്തിൽ വ്യവഹരിക്കുന്നുണ്ട്.

നാടകത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി ഈ രാജ്യത്തുടനീളം, പ്രത്യേകിച്ച് കേരളത്തിൽ, സമ്പന്നമായ സംഭാവനകൾ നൽകിയ നാടകവിദ്യാലയങ്ങൾ, വിവിധ സർവകലാശാലകളിലെ നാടകപഠനവകുപ്പുകൾ, മറ്റ് നാടകസ്ഥാപനങ്ങൾ, സംസ്ഥാന അക്കാദമികൾ മാത്രമല്ല, അവയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും, അവർ സംഘടിപ്പിച്ചിട്ടുള്ള നാടകോത്സവങ്ങളും ഈ പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട്. അഭിനയം, സംവിധാനം. നാടകരൂപകൽപ്പന, ശബ്ദം, ദീപരൂപകൽപ്പന, നാടകസൗന്ദര്യശാസ്ത്രം, സിദ്ധാന്തങ്ങൾ, സാഹിത്യം തുടങ്ങിയവ പഠിപ്പിക്കുന്നതിനു മാത്രമല്ല, ശക്തമായൊരു ബാലനാടകവേദി ഉയർത്തിക്കൊണ്ടു വരുന്നതിനും പരിഷ്‌കരണശ്രമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

നാടകക്കളരിയുടെ വരവിന് മുമ്പായിത്തന്നെ കേരളനാടകചരിത്രത്തിൽ അതിശക്തമായി വേരോടിയിട്ടുള്ള ആധുനികതാപ്രവണത നമ്മുടെ ഗോത്രപ്രദേശങ്ങളിലും ജീവസുറ്റ കുഗ്രാമങ്ങളിലും അമ്പലങ്ങളിലും സവിശേഷമായി നിലനിന്നിരുന്നു എന്നത് സത്യമാണ്. സമൂലമായ മാറ്റങ്ങൾ നാടകനിർമാണപ്രക്രിയയിലും സംവിധാനശൈലിയിലും കൊണ്ടുവന്നിട്ടുണ്ടെന്നതും സത്യം തന്നെ. പ്രേക്ഷകപങ്കാളിത്തം പോലും സുപ്രധാന ഘടകമായി വന്നത് നാടകക്കളരിയുടെ ശക്തമായ സ്വാധീനം കൊണ്ടാണ്.

ഒരു നാടകം അവതരിപ്പിക്കുമ്പോൾ രംഗങ്ങൾ മാറുന്നത് നടന്റെ ശരീരഭാഷയിലൂടെ പ്രകടിപ്പിക്കാൻ ആധുനിക നാടകപരീക്ഷണങ്ങൾക്ക് കഴിഞ്ഞു. രംഗവേദിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനായത് നാടകക്കളരികളുടെയും മറ്റും ആഗമനത്തോടുകൂടി മാത്രമാണ്. പിന്നിൽ തൂക്കിയിട്ടിരുന്ന മനോഹരമായ തിരശീലകൾ മാറ്റിയാണ് രംഗസ്ഥലങ്ങൾ അന്നുവരെ സൂചിപ്പിച്ചിരുന്നത്. പി.എം.താജ്, ജോസ് ചിറമ്മേൽ എന്നിവരുടെ വരവിന്, ആധുനികതയ്ക്ക്, വൈവിധ്യവും വീര്യവും ചടുലതയും ഗണനീയവുമായ സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. നവനാടകനിർമാണപ്രക്രിയ അവയുടെ ജനപ്രീതികൊണ്ട് പഴയ സംഗീതനാടകവ്യവസ്ഥയെയും അതിന്റെ പ്രാധാന്യത്തെയും വലിയൊരളവിൽ ലഘുകരിച്ചിട്ടുണ്ട്. ആധുനിക നാടകപ്രവർത്തകർക്ക് നാടകരചനാമാതൃകകളിലും നിർമാണപ്രക്രിയയുടെ എല്ലാ മേഖലകളിലും അവതരണത്തിലും വന്നിട്ടുള്ള മൗലികമായ മാറ്റങ്ങളെ വിസ്മരിക്കുവാൻ സാധ്യമല്ല. അതേസമയം അർഥവത്തായ രംഗാഭിനയമോ ശരീരചലനമോ ഇല്ലാതെതന്നെ ഉച്ചഭാഷിണിക്ക് മുന്നിൽ നിന്നുകൊണ്ടുള്ള അതിഭാവുകത്വം നിറഞ്ഞ അഭിനയവും വൈകാരികമായ സംഭാഷണങ്ങൾകൊണ്ടും നിറവേറ്റാനാകും എന്നു കരുതിയ പഴയ മാതൃക അവലംബിക്കുന്ന നാടകപ്രവർത്തകരും പരിശീലകരും ഈ ആധുനികപ്രവണതയെ വിമർശിക്കുന്നു.

തൃശൂjർ രംഗചേതനയുടെ കടല്ർത്തീരത്ത് എന്ന നാടകത്തിൽ നിന്ന്

സൗന്ദര്യശാസ്ത്രസാഹിത്യപരിഗണന

ലോകനാടകരംഗത്ത് വേരുതേടിയുള്ള നാടകത്തിന്റെ ശക്തമായ പ്രവണതകൾ 1950 മുതൽക്കു തന്നെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരുന്നു. ഈ ഗംഭീര പുസ്തകത്തിന്റെ രചയിതാക്കളായ ഡോ. എം. പ്രദീപനും ഡോ. കെ.എസ്. പ്രമോദും ഇന്ത്യയുടെ തനതായ ദേശീയ നാടകത്തിനു വേണ്ടിയുള്ള ഉദ്‌ബോധനത്തിന്റെ ചരിത്രപരതയെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുമ്പായിത്തന്നെ (അതായത് 1944ന് മുൻപായി) സമർത്ഥമായി കണ്ടെത്തുന്നു. ആ കാലങ്ങളിൽ ശ്രീമതി കമലാദേവി ചതോപാധ്യായ, മുൽക്‌രാജ് ആനന്ദ്, ആദിരംഗാചാര്യ, സുരേഷ് അവസ്തി തുടങ്ങിയവരുടെ മഹത്തായ സംഭാവനകളിലേക്ക് ഈ ഗ്രന്ഥം വെളിച്ചംവീശുന്നു. അതേസമയം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപകുതിയിൽ എത്തുമ്പോൾ ഈ പുസ്തകം കൂടുതൽ വിവരണാത്മകമാകുന്നു. വിശേഷിച്ച് ഹബീബ് തൻവീർ, ഇബ്രാഹിം അൽഖാസി, ബി.വി. കാരന്ത്, കാവാലം നാരായണപ്പണിക്കർ, സി.എൻ. ശ്രീകണ്ഠൻ നായർ, പ്രൊഫ. ജി.ശങ്കരപ്പിള്ള, പി.കെ.വേണുക്കുട്ടൻ നായർ, ഗിരീഷ് കർണാട്, ബാദൽ സർക്കാർ, മോഹൻ രാകേഷ് തുടങ്ങിയവരിലെത്തുമ്പോൾ. നാടകവേദിയിലെ ഈ അതികായന്മാർ തന്നെയാണ് വേരുകൾ തേടുന്ന നാടകത്തിന് പ്രചുരപ്രചാരം നേടിക്കൊടുത്തത്.

വേരുതേടുന്ന നാടകത്തിന്റെ വിമർശകരെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ സി.ജെ. തോമസ്, എൻ.കൃഷ്ണപിള്ള, എൻ.എൻ.പിള്ള, തോപ്പിൽഭാസി, പി.ജെ.ആന്റണി എന്നിവരെക്കുറിച്ചും കെപിഎസി, മലബാർ കേന്ദ്രകലാസമിതി തുടങ്ങിയ നാടകസംഘങ്ങളെക്കുറിച്ചുകൂടി ഈ പുസ്തകം എടുത്തുപറയുന്നു. നാടകപ്രവർത്തകനായ സി.എൻ. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നടന്ന ആദ്യത്തെ നാടക പരിശീലനക്കളരിയെപ്പറ്റി ആവേശത്തോടെയാണ് ഗ്രന്ഥത്തിൽ ചർച്ചചെയ്യുന്നത്. 1967 ലെ ആ കളരിയിൽ പങ്കെടുത്തവരാണ് പ്രൊഫ. ജി.ശങ്കരപ്പിള്ള, എം.ഗോവിന്ദൻ, ഡോ. അയ്യപ്പപ്പണിക്കർ, എം.വി. ദേവൻ മുതലായവർ. അത്തരം കളരികൾ പിന്നീട് 1967, 1968, 1970 എന്നീ വർഷങ്ങളിൽ കൂത്താട്ടുകുളം, ധനുവച്ചപുരം, ആലുവ എന്നിവിടങ്ങളിലും നടന്നു. ഈ പരിശീലനക്കളരികൾ, സെമിനാറുകൾ, ചർച്ചകൾ മുതലായവ വാസ്തവത്തിൽ നമ്മളെ പഠിപ്പിച്ചതാകട്ടെ ആവർത്തിച്ച് അഭിനയ അഭ്യാസ അനുഷ്ഠാനപ്രക്രിയകളിലൂടെയുള്ള ചിട്ടപ്പെടുത്തൽ, വ്യവസ്ഥാബദ്ധമായ പരിശീലനമുറകൾ, മൂലവാക്യങ്ങളുടെ അർത്ഥത്തെ ഉപവാക്യങ്ങളിലൂടെ അനാവൃതമാക്കൽ, മനുഷ്യമനസിൽ അന്തർലീനമായ വികാരങ്ങളെ പുറത്തേക്കു കൊണ്ടുവരുന്നതിനായി മൗനത്തെ മുൻനിർത്തി അർത്ഥവത്തായ അംഗചലനം, സമഗ്രമായ അഭിനയം, നൃത്തച്ചുവടുകളുടെ ചാരുതയാർന്ന വിന്യാസം എന്നിവ അരങ്ങിൽ ഒരുക്കുന്നതിന്റെ അനിവാര്യതയാണ്. തൃശൂരിലെ "രംഗചേതന' നമ്മുടെ പരമ്പരാഗതമായ അവതരണസമ്പ്രദായങ്ങളും നൂതനമായ പരിശീലന സങ്കേതങ്ങളും ആരായുന്ന നിസ്തുലമായ ഒരു കൂട്ടായ്മയാണ്. എന്താണ് സാമൂഹികമായ മാറ്റം? അത് മാനവസംസ്‌കാരത്തിൽ പ്രതിഫലിക്കുന്നതാണ്. ജനതയുടെ സംസ്‌കാരത്തിന്റെ, കാഴ്ചപ്പാടുകളുടെ, അഭിലാഷങ്ങളുടെ സമഗ്രതയാകുന്നു.

സി.ജെ. തോമസിനെപ്പോലുള്ള ആചാര്യന്മാരുടെ കാലത്തുപോലും വേരുതേടുന്ന നാടകപ്രവർത്തകരെ സർഗാത്മകവിമർശനവും അനുസൃതമായ നിർദേശങ്ങൾകൊണ്ടും പൊതിഞ്ഞു. സി.ജെ. തോമസ് മാത്രമല്ല, മറ്റ് നിരൂപകരും നാടകകാരന്മാരുമായ പ്രൊഫ. എം.അച്യുതൻ, കെ.ടി. മുഹമ്മദ്, പി. ഗോവിന്ദപ്പിള്ള, എൻ.എൻ.പിള്ള, കെ.എൻ. രാഘവൻ നമ്പ്യാർ, ഇ.പി. രാജഗോപാലൻ, പി.എം.താജ് മുതലായവരും സി.ജെക്കൊപ്പമുണ്ട്. അവർ കരുതുന്നത് ഈ നാടകങ്ങൾ സാധാരണ ജനങ്ങളിൽനിന്ന് അകന്നു തുടങ്ങിയിരിക്കുന്നെന്നും ബുദ്ധിജീവികൾക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നുവെന്നുമാണ്.

ഡോ. എം. പ്രദീപൻ, ഡോ. കെ. എസ്. പ്രമോദ്,

ഡോ. പ്രദീപനും ഡോ. പ്രമോദും ചേർന്ന് ഒരുക്കിയിരിക്കുന്ന ഈ കൃതി ആധുനിക നാടകപ്രവർത്തകർക്കിടയിൽ മതിപ്പുളവാക്കുന്നത് പാശ്ചാത്യസ്വാധീനത്തെയും പാരമ്പര്യം, മധ്യകാലം, ആധുനികം, ഉത്തരാധുനികം എന്നിങ്ങനെയുള്ള കാലവിഭജനത്തെയും വിശദമാക്കുന്നതിൽ പ്രകടിപ്പിക്കുന്ന വ്യതിരിക്തവും സാർത്ഥകവുമായ ചരിത്രസമീപനവുമാണ്. ഭാഗ്യമെന്നു പറയട്ടെ, നാടകം കാലവിഭജനത്തിന്റെ പരിമിതകളെ മറികടക്കുന്നത് അതിന്റെ സമഗ്രതയിലും നിത്യതയിലും ആണ് എന്നാണ് ഈ ഗ്രന്ഥത്തിൽ എഴുത്തുകാർ ഭാവനാത്മകമായി ദൃശ്യവൽകരിക്കുന്നത്. ഒരു സർഗാത്മക കലാകാരന് എല്ലായ്‌പ്പോഴും തന്റെ വൈയക്തികമായ അനുഭവങ്ങളിൽനിന്നും പുറത്തേക്കുവരാനും അതിന്റെ സമ്മിശ്രത്വത്തിൽ ഒരുതരം അനന്തമായ അനുഭവത്തിന്റെ അനിവാര്യത വെളിപ്പെടുത്താനും സാധിക്കുന്നു. നാടകപുരോഗതിയുടെ പരിണാമത്തെക്കുറിച്ചാകുമ്പോൾ നമുക്ക് പടിഞ്ഞാറിൽനിന്നും കിഴക്കിൽനിന്നും തുടങ്ങാം.

ഒരുതരത്തിൽ സൗന്ദര്യശാസ്ത്രപരവും സാഹിത്യപരവുമായ താൽപ്പര്യമാണ് സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ താൽപ്പര്യത്തെക്കാളുള്ളത്. അത് ധൈഷണികതലത്തിൽ വളരെ വലുതായിട്ടുണ്ട്. അതും അക്കാദമികളുടെയും സർക്കാരിന്റെയും രക്ഷാധികാരത്തിന് കീഴിൽ. എല്ലാ അർത്ഥത്തിലും അധികാരവും ആധികാരികതയും ധൈഷണികവാദത്തിന്റെ മുഖ്യഘടകങ്ങളാകുന്നു. അധികാരമില്ലാത്തതിനെ അവഗണിക്കുന്ന ആശയങ്ങൾ തികച്ചും സ്വാഭാവികമാണ്.

അന്തർദേശീയ നാടകസംവിധായകരുടെ സംഭാവനകൾ

പ്രഗത്ഭ നാടകപരിശീലകരായ സി.എൻ. ശ്രീകണ്ഠൻ നായർ, പ്രൊഫ.ജി.ശങ്കരപ്പിള്ള, പി.കെ.വേണുക്കുട്ടൻ നായർ, കാവാലം നാരായണപ്പണിക്കർ, ജി.കുമാരവർമ, പ്രൊഫ. നരേന്ദ്രപ്രസാദ്, പ്രൊഫ. രാമാനുജം, ഡോ. വയലാ വാസുദേവൻപിള്ള, ടി.എം. എബ്രഹാം മുതലായവരെക്കുറിച്ചുള്ള ലഘുകുറിപ്പുകൾ ഈ പുസ്തകത്തിന്റെ വായനാക്ഷമതയെ വർധിപ്പിക്കുന്നു. ഈ എഴുത്തുകാർ നമ്മുടെ നാടകചരിത്രത്തെയും മനുഷ്യമോചനത്തെയും ഒരു വിശാലമായ ബോധപരിപ്രേക്ഷ്യത്തിലൂടെ അപഗ്രഥിച്ചിട്ടുണ്ട്.

മലയാളനാടകത്തിലെ ഇബ്‌സനിസ്റ്റ് യഥാതഥവാദത്തിന്റെ സ്വാധീനവും മാറിയിട്ടുണ്ട്. തീർച്ചയായും നമ്മുടെ നാടകകൃത്തുക്കളുടെ സാമൂഹിക നാടകങ്ങൾ, അതായത് വി.ടി. ഭട്ടതിരിപ്പാട്, കെ. ദാമോദരൻ, ചെറുകാട്, തോപ്പിൽ ഭാസി, പി.ജെ.ആന്റണി, പി.എം. താജ് മുതലായവർ കൂടുതൽ സാമൂഹികവും കുടുംബപരവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളോടും ഇടതുപക്ഷ രാഷ്ട്രീയസമീപനങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയും കൊണ്ട് മുന്നണിയിലേക്കു വന്നിട്ടുണ്ട്. ലക്ഷ്യബോധമില്ലാത്തവരാണെന്നും അരാജകവാദികളാണെന്നും അനാവശ്യമായ ശൈലികൾ അവലംബിക്കുന്നവരെന്നും നാടക നിർമാണസംവിധാന മാതൃകകളിൽ വ്യത്യസ്തരാണെന്ന് വരുത്തിത്തീർക്കുന്നവരുമാണ് വേരുതേടുന്ന നാടകവേദിയെന്നും അവർ വിമർശിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇത്തരം നാടകകൃത്തുക്കളെ ധൈഷണികമായ കരുത്തില്ലാത്തവരും നേതൃപരമായ കഴിവുകളില്ലാത്തരാണെന്നും അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തുനിന്ന് യാതൊരു സർഗാത്മകസൃഷ്ടികളും പ്രതീക്ഷിക്കേണ്ടതില്ലെന്നുകൂടി കൂട്ടിച്ചേർക്കുന്നു. എന്നാൽ ഭാവിയിൽ ഇന്ത്യൻ നാടകവേദിയെ സംബന്ധിച്ച് സവിശേഷവും പ്രശോഭിതവുമായ അന്തരീക്ഷം തെളിയുന്നുണ്ട്; വിശേഷിച്ച് നാടകകാരന്മാരായ ദീപൻ ശിവരാമൻ, എം.ജി.ജ്യോതിഷ്, ശങ്കർ വെങ്കിടേശ്വരൻ കൂടാതെ ഇന്നത്തെ ചെറുപ്പക്കാരായ മറ്റ് നാടകപ്രവർത്തകർ എന്നിവരുടെ വരവോടെ.

നമ്മുടെ മഹത്തായ പെൺനാടകപരിശ്രമങ്ങളെക്കുറിച്ചും അവരുടെ സമ്പന്നമായ സംഭാവനകളെക്കുറിച്ചും വിശദീകരിക്കുന്ന വേറിട്ട അധ്യായം ഈ പുസ്തകത്തിന്റെ സവിശേഷസ്വഭാവം സൂചിപ്പിക്കുന്നു. 1891 ൽ തോട്ടക്കാട്ട് ഇക്കാവമ്മ മുതൽ നാളിതുവരെയുള്ള കേരളത്തിലെ പെൺനാടകത്തിന്റെ ആഗമനബഹിർഗമനങ്ങളെ ഈ അധ്യായത്തിൽ എടുത്തുകാട്ടുന്നു. കേരളീയനാടകത്തെ സമ്പുഷ്ടമാക്കുന്ന വളരെ ശക്തരായ പെൺനാടക സംവിധായകർ, പെണ്ണെഴുത്തുകാർ, നടികൾ ഉണ്ടെന്ന് മാത്രമല്ല അവരുടെതന്നെ അവകാശങ്ങൾക്കും സവിശേഷമായ അധികാരങ്ങൾക്കുമായി അവർ പോരാടുന്നുണ്ട്. ശ്രീലത, സി.വി. സുധി. സജിത മഠത്തിൽ, കെ.വി. ശ്രീജ, രാജേശ്വരി, ദിവ്യ, മിനി, സി.എസ്. ചന്ദ്രിക മുതലായവരാണ് പെൺനാടകവേദിയുടെ മുഖ്യവക്താക്കളായി സജീവമായി നിൽക്കുന്നവർ.

ലോകനാടകവേദി കേരളനാടകവേദിയിൽ ചെലുത്തിയ സ്വാധീനം എന്ന അധ്യായം ഈ പുസ്തകത്തിൽ ആരംഭിക്കുന്നതു തന്നെ, ലോകപ്രസിദ്ധനാടകസംവിധായകരും നാടകരചയിതാക്കളുമായ അന്റൊയ്ൻ അർത്താഡിന്റെ ക്രൂരനാടകവേദി (Thetare of Cruetly), ജഴ്‌സി ഗോട്ടോവ്‌സ്‌കിയുടെ ദരിദ്രനാടകവേദി (Poor Thetare), യൂജിനോ ബാർബയുടെ ഒഡിൻ തിയറ്റർ (Odin Thetare), റിച്ചാർഡ് ഷെക്ടറുടെ പരിസ്ഥിതി നാടക വേദി (Environmental Thetare), പീറ്റർ ബ്രൂക്കിന്റെ ശൂന്യസ്ഥലം (Emtpy Space), കോൺസ്റ്റാന്റിൻ സ്റ്റാനിസ്ലാവ്‌സ്‌കിയുടെ ഒരു നടൻ ഒരുങ്ങുമ്പോൾ (An actor prepares) തുടങ്ങിയ സംവിധാനപരമായ സംഭാവനകൾ, പരീക്ഷണങ്ങൾ എന്നിവയോടൊപ്പം പ്രധാന ആധുനിക നാടക പ്രവർത്തകരായ മേയർ ഹോൾഡിന്റെ ജൈവയാന്ത്രികതയും (BioMechanics) ബെർതോൾഡ് ബ്രെഹ്റ്റിന്റെ എപ്പിക് തിയറ്റർ (Epic Thetare), അന്യവൽക്കരണസിദ്ധാന്തം തുടങ്ങിയവയെയും സവിസ്തരം ചർച്ച ചെയ്യുന്നു.

വാസ്തവത്തിൽ ഞാൻ ഈ പുസ്തകത്തിലെ സമ്പന്നമായ ഉള്ളടക്കത്തെ എന്റെ ശിഥിലമായ ചിന്തകളിലൂടെ പങ്കിടുകയാണ്. ചുരുക്കിപ്പറഞ്ഞാൽ 264 താളുകളിലായി പരന്നുകിടക്കുന്ന ഈ പുസ്തകം വളരെ നന്നായി തയ്യാറാക്കിയിട്ടുള്ളതും പഠനഗവേഷണം നടത്തിയിട്ടുള്ളതും സംഷിപ്തവും ചടുലവും സമർത്ഥവുമാണ്. കേരളത്തിലെ ആധുനികനാടകപ്രവർത്തകരോടും കാണികളോടും, ആധുനിക നാടകത്തെ സംബന്ധിക്കുന്ന അവരുടെ വിജ്ഞാനം വർധിപ്പിക്കുന്നതിനും ഈ പുസ്തകം നിർബന്ധമായി വായിക്കണമെന്ന് ശക്തമായി ശുപാർശ ചെയ്യുന്നു.

Comments