കോങ്ങാട് നാടകസംഘത്തിന് വേണ്ടി നരിപ്പറ്റ രാജു സംവിധാനം ചെയ്ത "അശു - അയ്യപ്പൻ്റെ ഓട്ടപ്പാച്ചിലുകൾ, സുബ്രൻ്റേയും" എന്ന നാടകത്തിൻ്റെ ആദ്യ അവതരണം ഒക്ടോബർ 15-ന് കോങ്ങാടുവച്ച് നിറഞ്ഞ സദസ്സിൽ നടന്നു. ഏറെക്കാലത്തെ നാടകാവതരണപരിചയമുള്ള നാടകസംഘത്തിൻറെ (മുപ്പത്തിയഞ്ച് നാടകങ്ങൾ കളിച്ച സംഘം) ഏറ്റവും പുതിയ നാടകമാണ് അശു. ഇതേ പേരിലുള്ള വി.എം. ദേവദാസിന്റെ നോവലിനെ ആസ്പദമാക്കിയാണ് നാടകം രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രൊസീനിയം മാതൃക ഒഴിവാക്കി മുഴുവൻ ഭാഗവും പ്രേക്ഷകർക്കിരുന്ന് കാണാവുന്ന അരീനയുടെ, വൃത്തരൂപത്തിലാണ് നാടകം അരങ്ങേറിയത്. സംഘത്തിൻ്റെ ഏറ്റവും ഒടുവിലെ അവതരണങ്ങളിൽ ഒന്നായ ചേരളചരിതം (സംവിധാനം സജിത് ചെറുമകൻ) നാല് സംസ്ഥാന പുരസ്കാരങ്ങളടക്കം നേടി ഇറ്റ്ഫോക്കിൽ കളിച്ചിരുന്നു.
രണ്ടുമണിക്കൂറോളം ദൈർഘ്യമുള്ള നാടകം ചിലയിടങ്ങളിൽ അല്പം ഇഴഞ്ഞതൊഴിച്ചാൽ മികച്ച അനുഭവമായിരുന്നു എന്ന് പറയണം. മിനിമലായ രംഗസജ്ജീകരണവും അവതരണവും ആയിരുന്നു നാടകം സ്വീകരിച്ചത്; വിജയിപ്പിച്ചത്. അതിനാൽതന്നെ ഹരിദാസൻ, ദാസൻ, നന്ദജൻ, ജിനേഷ്, ശിവദാസൻ തുടങ്ങിയ പരിചയസമ്പന്നർക്കൊപ്പം അനുപ, ആദിൽ, ആദിശേഷൻ, അഭിനവ് തുടങ്ങിയ ഇളംതലമുറക്കാർവരെയുള്ള പത്തൊമ്പത് നടീനടന്മാരുടെ കൈമെയ് മറന്നുള്ള ആട്ടപ്പേച്ച് കൂടിയായിമാറി അശുവിൻ്റെ നടകാവതരണം. സാമൂഹിക അനീതികളെ ആവിഷ്കരിച്ചതിനാലും മിനിമലായ രൂപം അവതരണത്തിന് സ്വീകരിച്ചതിനാലും ദരിദ്രനാടകസങ്കല്പങ്ങളോട് ചേർത്തുനിർത്താവുന്ന അവതരണമായിരുന്നു അശു.

പ്രമേയം ഒറ്റനോട്ടത്തിൽ സിനിമാറ്റിക് ആണ് എന്ന് കാണാം. കച്ചവടസിനിമയിൽ കാലങ്ങളായി കണ്ടുവരുന്ന ഒരു വിഷയവും ഫോർമുലയും ആണ് നോവലിൻറെ ഇതിവൃത്തം. ഇത് നാടകമാക്കുമ്പോൾ സംഭവിക്കാൻ ഇടയുള്ള പ്രതിസന്ധികൾ എല്ലാംതന്നെ ഈ നാടകാവതരണത്തെയും ബാധിച്ചിട്ടുണ്ട്. വളരെ മിനിമലായ വേദീപരിചരണവും അവതരണരീതിയുംകൊണ്ട് ഒട്ടൊക്കെ പരിമിതികൾ തരണം ചെയ്യാൻ നരിപ്പറ്റ രാജു എന്ന സംവിധായകന് കഴിഞ്ഞു എന്ന് പറയാം. ഏറ്റവും കുറവ് മാത്രം വെളിച്ചവും പശ്ചാത്തലസംഗീതവും വേദീസാമഗ്രികളും നിശ്ചയിച്ചതിലൂടെ സിനിമയെ നാടകമാക്കുക എന്ന പണി സാമാന്യമായി വിജയിച്ചിട്ടുണ്ട്. അപ്പോഴും പൂർണ്ണമായി നാടകത്തിന് വഴങ്ങാതെ അയ്യപ്പൻറെ ഓട്ടപ്പാച്ചിൽ പ്രമേയപരമായി സിനിമാറ്റിക്കായി തന്നെ നിന്നു എന്നത് പറയാതെ വയ്യ. ആക്ഷൻ രംഗങ്ങൾ ധാരാളമുള്ള ഒരു പ്ലേ ആയിട്ടും അവയെല്ലാം വളരെ മിനിമലായ നാടകരീതി കൊണ്ട് "അവതരിപ്പിക്കാതെ" വിട്ടത് ഒരുതരത്തിൽ നാടകത്തിന് ഗുണം ചെയ്തിട്ടുണ്ട്. സവർണാധികാരത്തെ ചോദ്യം ചെയ്യുന്നതായിരുന്നു നാടകമെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നെങ്കിലും അങ്ങനെ ആയിരുന്നില്ല നാടകത്തിൻ്റെ പ്രമേയം. ചോദ്യം ചെയ്യുന്നതാവട്ടെ സാമാന്യമായി പണാധികാരത്തെ മാത്രമാണ്.
ദലിത് സ്വത്വമുഉള്ള അയ്യപ്പൻറെ കുടുംബത്തിൽ സംഭവിക്കുന്ന ഒരു ദുരന്തവും അതിനെ തുടർന്ന് രൂപപ്പെട്ടുവരുന്ന പകയുമാണ് ഒറ്റനോട്ടത്തിൽ അശു. അയ്യപ്പൻറെ മറുവശത്ത് ടൗണിലെ പ്രമാണിമാരായ സ്വർണ്ണവ്യാപാരികളുടെ കുടുംബമാണുള്ളത്. ആളും അർത്ഥവും ഏറെയുള്ളവർ. അവരോട് പൊരുതി ജയിക്കാൻ അയ്യപ്പനെ ശക്തനാക്കുന്നത് അയ്യപ്പൻറെ തന്നെ ചരിത്രമാണ്. അതാകട്ടെ മറ്റൊരു തരത്തിൽ അധോതലത്തിൽ പ്രവർത്തിച്ചുവന്ന ഗുണ്ടാസംഘത്തിന്റേതുമാണ്. സുരേഷ് കുമാർ സംവിധാനം ചെയ്ത രജനീകാന്തിന്റെ വിജയസിനിമയായ ബാഷയെ ഓർമിപ്പിക്കുംവിധം പലഭാഗങ്ങളിലായി വഴിപിരിഞ്ഞ് പോയ ഗുണ്ടാസംഘം ഒരാൾക്ക് തട്ടുകേട് വരുമ്പോൾ ഒന്നിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഇത് നാടകീയമായ മുഹൂർത്തങ്ങൾക്ക് വഴിവെയ്ക്കുന്നു. താൽക്കാലികമായി അയ്യപ്പൻറെ പക്ഷം ജയിക്കുമെങ്കിലും ഒരു യുദ്ധവും തുടങ്ങുന്നത് പോലെ ഒടുങ്ങുന്നില്ല എന്നു പറഞ്ഞുകൊണ്ട് വീണ്ടും തുടരാനുള്ള സാധ്യതകളെ മുൻനിർത്തിക്കൊണ്ട് നാടകം അവസാനിക്കുന്നു.
നാടകവും സിനിമയും തമ്മിലുള്ള വ്യത്യാസം കേവലമായ സാങ്കേതികതയിൽ മാത്രമല്ല നിൽക്കുന്നത്. രണ്ടിനും നാടകീയമായ, സംഘർഷാത്മക പ്രമേയം സ്വീകാര്യമാണ്. എന്നാലതിൻ്റെ പെർഫോമൻസ് അഥവാ രൂപത്തിലെ വ്യത്യസ്തതയാണ് മാധ്യമങ്ങളെ വേർതിരിക്കുന്നത്. നാട്യപരമായ ആട്ടപ്രകാരങ്ങളിൽ സിനിമയെക്കാൾ ശക്തമാണ് നാടകം. നടീനടന്മാരുടെ മുഴുവൻ ശരീരവും മുഴുവൻ സമയവും ഉപയോഗിക്കാനാവുന്നു എന്നത് നാടകത്തിൻ്റെ ശക്തി വർദ്ധിപ്പിക്കുന്നു. സ്ഥലത്തേയും കാലത്തേയും നിമിഷനേരംകൊണ്ട് അട്ടിമറിയ്ക്കാനും പ്രേക്ഷകരെക്കൊണ്ട് അത് അംഗീകരിച്ചനുഭവിപ്പിക്കാനും നാടകത്തിനുള്ള ശേഷി സുവിദിതമാണല്ലോ. ഈ ശക്തികേന്ദ്രങ്ങളെ സംഗതമാക്കുകയാണ് നാടകമർമ്മം നന്നായറിയുന്ന സംവിധായകൻ അശുവിൻ്റെ അവതരണത്തിലും ചെയ്തിരിക്കുന്നത്. ഒരു വൃത്തത്തിൽ റോഡും നാടും പടക്കപ്പുരയും കോളേജും വീടും ലൈറ്റ് ഹൗസും കടലും മോർച്ചറിയുമെല്ലാം സന്നിഹിതമായി. അഭിനേതാക്കൾ ഇതേ ലാഘവത്തിൽ അതാതിടങ്ങളിൽ നടിച്ചുകയറി. അയ്യപ്പനും സുബ്രനും തങ്ങളുടെ ഓട്ടപ്പാച്ചിലുകളെ നേർക്കുനേർ കണ്ണിചേർത്തു. അശു അങ്ങനെ അടിമുടി നാടകമാവാൻ ശ്രമിച്ചു. അതിൽ വിജയിക്കുകയും ചെയ്തു.

നോവൽ നാടകമാക്കുന്നതിൻ്റെ പ്രയാസമൊന്നും അശുവിൻ്റെ അവതരണത്തെ ബാധിച്ചില്ല എന്നും കാണാം. സംഘർഷാത്മകവും ക്രിയാപ്രധാനവുമായ നോവലായതിനാൽ അത് അവതരണത്തിന് എളുപ്പം വഴങ്ങിയിരിക്കണം. ദൈർഘ്യം എത്രമേൽ ചുരുക്കാം എന്നതായിരിക്കും പിന്നെയുണ്ടായ കാതലായ പ്രശ്നം. രണ്ട് മണിക്കൂർ നാടകത്തിനെ സംബന്ധിച്ച് പ്രധാനമാണെങ്കിലും അതിലും ചുരുക്കുക എന്നത് അനായാസമായിരുന്നിരിക്കില്ല. എങ്കിലും ആ വഴിയ്ക്ക് അല്പംകൂടി ശ്രമിക്കാമായിരുന്നു എന്നാണ് കാഴ്ചയനുഭവം തോന്നിപ്പിച്ചത്.
നരിപ്പറ്റ രാജു സംവിധാനം ചെയ്ത നാടകത്തിന് റഹ്മാൻ കോങ്ങാട് വെളിച്ചവും സത്യജിത് സംഗീതവും നൽകി. വസ്ത്രാലങ്കാരം ഗോപിക, അനുപ എന്നിവരാണ് നിർവഹിച്ചത്. പുതിയ തലമുറയിലെ നടീനടന്മാരെയും കണ്ണിചേർത്തതിലൂടെ കോങ്ങാട് നാടകസംഘം അതിൻ്റെ നാടകത്തോടുള്ള പ്രതിബദ്ധതയും തെളിയിക്കുന്നു.





