ഗിരീഷ് കർണാടിന്റെ ആധുനിക ക്ലാസിക് 'ഹയവദന', നിരവധി സ്‌റ്റേജുകളിൽ പ്രശംസാഹർമായ രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ അന്താരാഷ്ട്ര തിയേറ്റർ ഫെസ്റ്റിവലിലേക്ക് (ITFOK 2025) തെരഞ്ഞെടുക്കപ്പെട്ട നീലം മാൻസിങ് ചൗധരിയുടെ ‘ഹയവദന’, അവരുടെ സവിശേഷമായ സ്‌റ്റേജ് ക്രാഫ്റ്റു കൊണ്ട് വേറിട്ടു നിൽക്കുന്ന സമീപകാല പ്രൊഡക്ഷനാണ്. പരമ്പരാഗത കഥ പറച്ചിലിന്റെ രീതികളും പോസ്റ്റു മോഡേൺ തിയേറ്ററിന്റെ, തന്റേതായ വ്യാഖ്യാനങ്ങളും സമജ്ഞസമായി ഒത്തുചേരുന്ന നാടകമാണിത്.
1971-ൽ ഗിരീഷ് കർണാട് എഴുതിയ 'ഹയവദന' തോമസ് മന്നിന്റെ 'Transposed Heads' എന്ന നോവലിന്റെയും സംസ്‌കൃതത്തിലെ കഥാസരിത്‌സാഗരത്തിൽനിന്നുള്ള കഥയുടെയും ഫ്യൂഷനാണ്. തലയാണോ ശരീരമാണോ ഉത്തമാംഗം എന്ന ചോദ്യമുന്നയിക്കുകയാണ് ഗിരീഷ് കർണാട്. ശരീരവും മനസ്സും തമ്മിലുള്ള അവിരാമമായ സംഘർഷമാണ് 'ഹയവദന'യുടെ കേന്ദ്ര പ്രമേയം. കഥാസരിത് സാഗരത്തിലെ ദേവദത്തന്റെയും കപിലന്റെയും കഥ. കവിയായ ദേവദത്തൻ, ശാരീരികമായ കരുത്തുള്ള കപിലൻ, ഇരുവരും പ്രണയിക്കുന്ന പദ്മിനി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പ്രമേയം. കപിലയുടെ കായികബലത്തോടുള്ള ആകർഷണം ഒരു വശത്ത്, എന്നാൽ, ദേവദത്തനുമായുള്ള ബൗദ്ധിക വിനിമയങ്ങൾ മറ്റൊരിടത്ത്- ഇതാണ് പദ്മിനിയുടെ പ്രതിസന്ധി.

'ഗജവദന ഹേ രംഭ', 'ബന്ദനോ ബന്ദ സവാര' തുടങ്ങിയ കാലാതീതമായ ഗാനങ്ങളാൽ സമ്പന്നമായ ബി.വി. കാരന്തിന്റെ ഇതിഹാസ സമാനമായ മ്യൂസിക് കോമ്പോസിഷൻ കർണാടിന്റെ രചനയുടെ തിളക്കമേറ്റുന്നതായിരുന്നു. നീലം മാൻ സിങ് ചൗധരി ഈ ലെഗസിയെ, ഒറിജിനൽ മെലഡികളോടെ ഏറ്റെടുത്തിരിക്കുന്നു. മാത്രമല്ല, പുതിയ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സൃഷ്ടിച്ചെടുത്ത പലതരം മ്യൂസിക്കൽ ഡൈമൻഷനുകളോടെ അവയ്ക്ക് ആദരമർപ്പിക്കുകയും ചെയ്തിരിക്കുന്നു. അമോദ് ഭട്ടാണ് അതിവിദഗ്ധമായി കാരന്തിന്റെ സംഭാവനയെ പുനസംഘടിപ്പിച്ചിരിക്കുന്നത്.
ഗിരീഷ് കർണാട് മുന്നോട്ടുവെച്ച സ്വത്വസംബന്ധിയായ അന്വേഷണങ്ങളെ, പുതിയ കാലത്തെ മനുഷ്യന്റ അസ്തിത്വ പ്രതിസന്ധിയുടെയും അഭിലാഷങ്ങളുടെയും പൂർണതയ്ക്കായുള്ള പിടിതരാത്ത പ്രേരണകളുടെയും പ്രമേയങ്ങളാക്കി വികസിപ്പിക്കുകയാണ് നീലം മാൻ സിങ്. ഗിരീഷ് കർണാടിന്റെ 'ഹയവദന'യിൽനിന്ന് നീലം മാൻ സിങ് ചൗധരി ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു:
പൂർത്തീകരിക്കപ്പെട്ട ആഗ്രഹങ്ങളുടെ പരിണതഫലം എന്താകും? സാക്ഷാൽക്കരിക്കപ്പെട്ട സ്വപ്‌നങ്ങളുടെ ഭാരം താങ്ങാൻ നമുക്കാവുമോ?
സത്യത്തിന് വില നൽകേണ്ടതുണ്ടോ?
എന്നന്നേക്കുമായി അപൂർണരായി കഴിയേണ്ടവരാണോ നാം?

'Naqqals' എന്ന പഞ്ചാബിന്റെ തനതു സംഗീതയാത്രാസമൂഹത്തിന്റെ പാശ്ചാത്തലത്തിലാണ് ഈ ചോദ്യങ്ങളുന്നയിക്കുന്നത്. ദീപൻ ശിവരാമന്റെ സീനോഗ്രഫി സമ്മാനിക്കുന്ന അതിഗംഭീരമായ ഒരു വിഷ്വൽ എലമെന്റ്, ഒരു വലിയ ട്രക്കിന്റെ രൂപത്തിൽ സ്‌റ്റേജിൽ വരുന്നുണ്ട്. നാടകത്തിന്റെ ഘടനാപരമായ നട്ടെല്ലാണ് ഈ ട്രക്ക്. ഹർപാൽ സിങ്, ഗ്യാൻദേവ് സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചാബി ഓർക്കസ്ട്ര ഈ വിഷ്വലിന് അകമ്പടിയാകുന്നു. ശ്രദ്ധേയമായ ലൈറ്റിങ് ഡിസൈനും സ്വഭാവികമായ കോസ്റ്റ്യൂമും എല്ലാം ഈ പ്രൊഡക്ഷനെ ഗംഭീരമായ തിയേറ്റർ അനുഭവമാക്കി മാറ്റുന്നു.
കർണാടകത്തിലെ നാടൻ കലാരൂപമായ യക്ഷഗാനത്തിന്റെയും ബ്രഹ്റ്റിന്റെ എപിക് തിയേറ്ററിന്റെയും സത്തയുൾക്കൊണ്ടാണ് കർണാട് 'ഹയവദന'യുടെ ആവിഷ്‌കാരം നിർവഹിച്ചത്. എന്നാൽ, നീലം മാൻ സിങ് ചൗധരി, പഞ്ചാബി നാടോടി സംസ്‌കാരത്തിന്റെയും നാക്വൽസംഗീത പാരമ്പര്യത്തിന്റെയും ആധുനിക തിയേറ്ററിന്റെയുമെല്ലാം ഫ്യൂഷനായി 'ഹയവദന'യെ ഏറ്റവും പുതിയ കാലത്തേക്ക് കൊണ്ടുവരികയാണ്. പല തലങ്ങളിലുള്ള വ്യാഖ്യാനങ്ങളിലൂടെ കാലാതീതവും അതേസമയം, സമകാലികവുമായ നിരവധി ചോദ്യങ്ങൾ അവർ ഈ നാടകത്തിലൂടെ ഉന്നയിക്കുന്നു. പദ്മിനിയുടെ ലൈംഗികതയിലൂന്നിക്കൊണ്ട്, ആകർഷണത്തിന്റെ സത്തയിലേക്ക് അവർ നമ്മളെ കൊണ്ടുപോകുന്നു: ‘‘സ്‌നേഹിക്കുന്ന ഒരാളിൽ നമ്മൾ എന്താണ് പ്രതീക്ഷിക്കുന്നത്?''.

ദേവദത്തന്റെയും കപിലന്റെയും തലകൾ മാറ്റിവെക്കപ്പെട്ട് പദ്മിനിയ്ക്ക്, അവളാഗ്രഹിച്ചതരത്തിലുള്ള ഒരു കോമ്പിനേഷൻ സാക്ഷാൽക്കരിച്ചശേഷവും ചോദ്യം ബാക്കിയാകുന്നു: ''അവൾ ശരിയ്ക്കും സംതൃപ്തയാണോ?''. സ്ത്രീകളുടെ അഭിലാഷങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത വ്യാഖ്യാനത്തെ നീലം മാൻ സിങ് ചോദ്യം ചെയ്യുകയാണ്. പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും അവരുടെ ആഗ്രഹങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കഴിയുമോ എന്ന ചോദ്യത്തെ അവർ നിസ്സന്ദേഹം നേരിടുന്നു.
അന്തിമമായി ഈ നാടകം നമ്മളിൽ ഒരു ചിന്ത ബാക്കിയാക്കുന്നു: നമുക്ക് എന്നെങ്കിലും 'ആയിത്തീരുക' എന്നതിനെ സാക്ഷാൽക്കരിക്കാനാകുമോ? അല്ല, 'ആയിത്തീരുക' എന്നതിലേക്കുള്ള അന്തമില്ലാത്ത യാത്രയാണോ ജീവിതം?
▮
ഹയവദന
ഗിരീഷ് കർണാട് എഴുതിയ ഹയവദന എന്ന നാടകത്തിന്റെ ആവിഷ്‌കാരം, സംവിധാനം: നീലം മാൻസിങ് ചൗധരി.
സീനോഗ്രഫി: ദീപൻ ശിവരാമൻ.
സംഗീതം: ബി.വി. കാരന്ത്, അമോദ് ഭട്ട്.
കാസ്റ്റ്: ഇപ്ഷിത ചക്രബർത്തി സിങ്, ബ്രിന്ദ ത്രിവേദി, പല്ലവി ജാധവോ, അജീത് സിങ് പലാവത്, അംബിക കമൽ, മഹേഷ് സെയ്‌നി, ചമൻ ബൻസാൽ, ഗുരു ബംറ, പുനീത് കുമാർ മിശ്ര.
ചണ്ഡീഗഡ് സ്വദേശിനിയായ നാടകപ്രവർത്തകയാണ് നീലം മാൻ സിങ് ചൗധരി. പത്മശ്രീയും സംഗീത നാടക അക്കാദമി അവാർഡും നേടിയിട്ടുള്ള അവരുടെ മറ്റ് പ്രമുഖ വർക്കുകളാണ് 'കിച്ചൻ കഥ', ദ സ്യൂട്ട്', 'നാഗമണ്ഡല' എന്നിവ.