അത്ര സുഖകരമല്ല, അരങ്ങിലേക്കുള്ള പെൺസഞ്ചാരങ്ങളിപ്പോഴും

സ്ത്രീശരീരത്തെയും ചലനങ്ങളെയും പരമാവധി ഒതുക്കി, ലാസ്യത്തെ സ്ത്രീത്വത്തിന്റെ മുഖമുദ്രയായി സ്വീകരിച്ചുകൊണ്ടാണ് സ്ത്രീകളെ അരങ്ങിൽ അവതരിപ്പിച്ചിരുന്നത്. അരങ്ങിലും അണിയറയിലും നിർമ്മിത രൂപങ്ങളായി തുടരാൻ ഇഷ്ടമില്ലാത്ത അവതരണ കലാകാരികൾ അവരവരുടെ സ്പേസ് കണ്ടെത്തുവാൻ നിർബന്ധിതരാവുകയും കണ്ടെത്തുകയും ചെയ്യുന്നു. നിരീക്ഷ സ്ത്രീ നാടകവേദിയുടെ സ്ഥാപകാംഗവും പ്രസിഡന്റുമായ രാജരാജേശ്വരിയുമായി സംസാരിച്ച് എഴുത്തുകാരിയും അഭിനേത്രിയുമായ എസ്.കെ. മിനി എഴുതുന്നു

23 വർഷമായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്ത്രീപക്ഷ നാടക വേദിയാണ് നിരീക്ഷ. ഈ നാടകവേദിയുടെ രൂപീകരണം പൊടുന്നനെ സംഭവിച്ചതല്ല. സർഗാത്മകരായ നിരവധി സ്ത്രീകളുടെ ചിന്തകളും പ്രവർത്തനങ്ങളും നാടകത്തിന്റെ വിവിധ രൂപത്തിൽ എൺപതുകളിൽത്തന്നെ തുടങ്ങിയിരുന്നു. സാറാ ജോസഫിന്റെ നേതൃത്വത്തിൽ പട്ടാമ്പി കോളേജിലെ കുട്ടികളുമായി ചേർന്ന് തെരുവുനാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. സ്ത്രീധനം പോലെയുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ ശബ്ദമുയർത്തുന്ന നാടകങ്ങളായിരുന്നു അവ.

ഫെമിനിസ്റ്റ് തിയേറ്റർ എന്ന ആശയത്തിന്റെവളർച്ച

തെരുവുനാടക സങ്കേതങ്ങളിൽ നിന്ന് സ്വതന്ത്ര നാടകാവിഷ്കാരങ്ങളിലേക്ക് വളർന്നതാണ് തൊണ്ണൂറുകളിൽ രൂപം കൊണ്ട ‘അഭിനേത്രി’ എന്ന കൂട്ടായ്മ. രൂപീകരണത്തിന് പ്രചോദനമായത് മിനി സുകുമാർ നേതൃത്വം വഹിച്ച കൂത്താട്ടുകുളത്തെ കേരള പഠന കേന്ദ്രം എന്ന സംഘടന ഏകോപിപ്പിച്ച സ്ത്രീകളും പുരുഷന്മാരും പങ്കെടുത്ത സ്ത്രീനാടക പണിപ്പുരയായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച ശ്രീലത, സ്കൂൾ ഓഫ് ഡ്രാമയിലെ അന്നത്തെ വിദ്യാർഥിനിയായിരുന്ന സുധി ദേവയാനി, സജിത മഠത്തിൽ എന്നിവർ ഒരു സ്ഥാപനമുണ്ടാക്കാൻ ശ്രമം നടത്തിയെങ്കിലും നടക്കാതെ പോയി. എന്നാൽ അവർ അവതരിപ്പിച്ച "ചിറകടി ഒച്ചകൾ' എന്ന നാടകം പുതുമയായി. അതുവരെ രംഗത്ത് കണ്ടിട്ടില്ലാത്ത സ്ത്രീകളുടെ ശരീരഭാഷയും അംഗചലനങ്ങളും അവർ മുന്നോട്ടുവച്ചു. ജി. ശങ്കരപ്പിള്ളയുടെ കൃതിയിൽനിന്ന് സ്വാംശീകരിച്ച് രംഗപാഠവും സംവിധാനവും നിർവഹിക്കപ്പെട്ട ആ നാടകം ഒട്ടേറെ ചോദ്യങ്ങൾ മുന്നോട്ടുവെച്ചു.

സ്ത്രീശരീരത്തെയും ചലനങ്ങളെയും പരമാവധി ഒതുക്കി, ലാസ്യത്തെ സ്ത്രീത്വത്തിന്റെ മുഖമുദ്രയായി സ്വീകരിച്ചാണ് സ്ത്രീകളെ അരങ്ങിൽ അവതരിപ്പിച്ചിരുന്നത്. അത്യുച്ചത്തിൽ അലറിവിളിച്ച്, വാചാടോപത്തിന് മുൻതൂക്കം നൽകുന്ന അവതരണ രീതി കണ്ടുപരിചയിച്ച പ്രേക്ഷകർക്ക് "ചിറകടി ഒച്ചകൾ' ആലോചനകൾക്കിടം നൽകി. യഥാർഥ സ്ത്രീയുടെ അരങ്ങിലെ അടയാളപ്പെടുത്തൽ അല്ലെങ്കിൽ അവതരിപ്പിക്കൽ എങ്ങനെ വേണമെന്ന അന്വേഷണം കേരളത്തിൽ മാത്രം ഒതുങ്ങിയില്ല. ആഗോളതലത്തിൽ ഫെമിനിസ്റ്റ് തിയേറ്ററിന്റെ ആശയമായി അത് രൂപപ്പെട്ടു.

ആണുങ്ങൾ പെൺവേഷം കെട്ടിയ നാടകകാലം

എല്ലാ രംഗാവതരണ കലയുടെയും പിന്നിൽ വിചിത്രമായ ചരിത്രമുണ്ട്​. ഒരു കാലഘട്ടത്തിൽ സ്ത്രീകൾ രംഗത്ത് വന്നിരുന്നില്ല. എന്നാൽ സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിരുന്നുതാനും. പുരുഷന്മാർ തന്നെ സ്ത്രീവേഷം കെട്ടി രംഗത്ത് അവതരിപ്പിക്കുകയായിരുന്നു. യു.എസിലെ ക്രിട്ടിക്കൽ സ്റ്റഡീസ് തിയേറ്ററിന്റെ പ്രൊഫസറായ സ്യൂ എല്ലൻ കേസിന്റെ പഠനങ്ങൾ പറയുന്നത്, നടൻ എങ്ങനെയാണോ സ്ത്രീകളെ അരങ്ങിൽ അവതരിപ്പിച്ചത്, അവർ
സൃഷ്ടിച്ച രൂപങ്ങൾ തന്നെയാണ് വീണ്ടും വീണ്ടും അരങ്ങിൽ അവതരിപ്പിക്കപ്പെട്ടത് എന്നാണ്​. അതായത്, നിർമിത സ്ത്രീകളുടെ തുടർച്ചയോ ആവർത്തനമോ ആണ് അരങ്ങിൽ വന്നുകൊണ്ടിരുന്നത്. യഥാർത്ഥ സ്ത്രീ എങ്ങനെയായിരിക്കണം അരങ്ങിൽ നിൽക്കേണ്ടത്, എന്തായിരിക്കണം പറയേണ്ടത്, എങ്ങനെയായിരിക്കണം അഭിനയിക്കേണ്ടത് എന്നൊന്നും പരീക്ഷിക്കാനോ പരിശോധിക്കാനോ ആരും തയ്യാറായില്ല. എന്നാൽ വൈവിധ്യമാർന്ന അഭിനയ സാധ്യതകളുള്ള നായകകഥാപാത്രങ്ങൾക്ക് ഒരു പഞ്ഞവും ഉണ്ടായതുമില്ല.

സാഹിത്യത്തിലും ഇത്തരം പ്രശ്നങ്ങളുണ്ട്. സ്ത്രീയുടെ അനുഭവങ്ങളെ തങ്ങളുടെ അനുഭവങ്ങളുമായി ചേർത്തുനിർത്തി പുരുഷന്മാർ അവതരിപ്പിക്കുമ്പോൾ സ്ത്രീക്ക് തന്റെ എഴുത്ത്, സ്ത്രീയുടെ കാഴ്ചപ്പാടിൽ അല്ലെങ്കിൽ തന്റേത് മാത്രമായ അനുഭൂതി -അനുഭവ തലങ്ങളിലൂടെ ആവിഷ്കരിക്കേണ്ടത് അനിവാര്യമായി തീരുന്നു.

ഇത്തരം ആവിഷ്കാരങ്ങൾ ദൃശ്യവൽക്കരിക്കുകയോ രംഗാവാതരണം നടത്തുകയോ ചെയ്യുക എന്നത് പതിന്മടങ്ങ് ദുഷ്കരമാണ്. ഉദാഹരണത്തിന് ഒരു കഥയിൽ ഒരു സ്ത്രീകഥാപാത്രം എഴുതപ്പെടുമ്പോൾ വായിക്കുന്ന ആൾക്ക് തന്റെ ഇച്ഛാനുസരണം വിഭാവന ചെയ്യാൻ കഴിയും. കരുത്തുറ്റ സ്ത്രീയായി വിഭാവന ചെയ്ത കഥാപാത്രം രംഗത്തെത്തുമ്പോൾ ഭാവചലനങ്ങളുടെ കാര്യത്തിൽ അത്രയും ശക്തയായ സ്ത്രീയായിക്കൊള്ളണമെന്നില്ല. സിനിമയെ സംബന്ധിച്ചും ഇത്തരം അവസ്ഥയുണ്ട്. പരിമിതമായ വ്യവഹാര ഇടങ്ങളിൽ നിന്ന് അരങ്ങിലെത്തുന്ന ഒരു സ്ത്രീയുടെ അവതരണത്തിലെ ന്യൂനതകൾ തള്ളിക്കളയാനാവില്ല. പൊതുഇടങ്ങളിൽ വ്യവഹരിക്കുന്ന സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഒട്ടും ലഘുവല്ല. ഇങ്ങനെയുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് മുഖ്യധാരയിൽ ഇടമില്ലാത്തവർ അവരവരുടെ സ്ഥലികൾ കണ്ടെത്തുന്നത്.

അരങ്ങിലും അണിയറയിലും നിർമിത രൂപങ്ങളായി അല്ലെങ്കിൽ "absent woman' ആയി തുടരാൻ ഇഷ്ടമില്ലാത്ത അവതരണ കലാകാരികൾ അവരവരുടെ സ്പേസ് കണ്ടെത്തുവാൻ നിർബന്ധിതരാവുകയും കണ്ടെത്തുകയും ചെയ്യുന്നു. എല്ലാ കലാരൂപങ്ങളും, സമൂഹം തന്നെയും എതിർശബ്ദങ്ങളെ കേൾക്കുക എന്ന സ്വാഭാവിക പരിണതിയിലേക്ക് അത് മാറുന്നു. നാടകത്തിലായാലും സിനിമയിലായാലും നൃത്തത്തിലായാലും സംഗീതത്തിലായാലും ഏതു കലാരൂപത്തിലായാലും എതിർശബ്ദങ്ങൾ അവരവരുടേതായ ആവിഷ്കാര രീതികൾ അവലംബിക്കും.

നിർഭാഗ്യകരമെന്നു പറയട്ടെ സ്ത്രീയുടെ രംഗാവതരണത്തിൽ ലാസ്യ ഭാവങ്ങളിലും ആകാരസൗകുമാര്യത്തിലും പരിമിതപ്പെടുത്തുന്ന ലാവണ്യ ശാസ്ത്രത്തിന്റെ ചട്ടക്കൂടിനകത്തുനിന്ന് പുറത്തു കടക്കാൻ കഴിയാതെ വരുന്ന കാഴ്ചയാണ് നാം ഇന്നും കാണുന്നത്.

അധികാരവുമായി ബന്ധപ്പെട്ട പുരുഷൻ എന്ന നിർമിതിക്കുള്ളിൽപ്പെടാത്ത പുരുഷന്മാരും എന്നാൽ അതിനുള്ളിൽപ്പെടുന്ന സ്ത്രീകളുമുണ്ട്. കായികമായി പ്രശ്നങ്ങളെ നേരിടുകയോ പരിഹരിക്കുകയോ ചെയ്യുന്നതൊക്കെ പുരുഷാധിപത്യ പ്രവണതകളുടെ അടിസ്ഥാന ഘടകത്തിൽ പെട്ടതാണ്. കൂടാതെ പുരുഷനുമാത്രം കിട്ടുന്ന ആനുകൂല്യങ്ങളും നിരവധിയാണ്. ഇതിനെയൊക്കെയാണ് സ്ത്രീപക്ഷ നാടകവേദി അഭിമുഖീകരിക്കുന്നത്. നമ്മൾ ജനാധിപത്യത്തെ കുറിച്ച് പറയാറുണ്ട് ജനാധിപത്യം എന്നത് എല്ലാവരും ഒരുപോലെ ആകുക എന്നതല്ല. വ്യത്യസ്തരായവരെ ഒരേപോലെ ഉൾക്കൊള്ളാനുള്ള ഒരു സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക പരിസരം ഉണ്ടാവുക എന്നതാണ് ശരിയായ ജനാധിപത്യ സങ്കല്പം. പേശിബലമാണ് കരുത്ത് എന്ന ലളിത വ്യാഖ്യാനങ്ങൾ ഉയർന്നു വരുമ്പോഴാണ് ജനാധിപത്യം ഹിംസിക്കപ്പെടുന്നത്. ഓരോരുത്തർക്കും തനതായി തന്നെ നിലനിൽക്കുവാനും പരസ്പരം അവകാശങ്ങൾ അനുവദിച്ചു കൊടുക്കാനും സാമൂഹ്യ സംവിധാനങ്ങൾക്ക് സാധിക്കണം. ഇന്ന് നമ്മുടെ രാജ്യം പുറകോട്ട് നടന്നുനടന്ന് ഇരുട്ടിലേക്ക് മറയുകയാണ്. കലുഷിത സാഹചര്യത്തിൽ നിന്നുകൊണ്ടാണ് ലിംഗസമത്വത്തിനുള്ള സമരം നാം തുടർന്നുപോരുന്നത്. പുരോഗമന പക്ഷം പറയുന്നവർക്ക് പോലും തുല്യത നടപ്പിലാക്കാൻ കഴിയാതെ വരുന്നു. ചുരുക്കത്തിൽ ഒരാളുടെ വ്യക്തിത്വത്തെ ഒരു ചട്ടക്കൂടിലൊതുക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന സംഘർഷങ്ങളിലും പ്രതിരോധങ്ങളിലും നിന്നാണ് സ്ത്രീപക്ഷ സാഹിത്യവും നാടകങ്ങളും ഇതര അവതരണ കലകളുമൊക്കെ ഉണ്ടാകുന്നത്.

സ്ത്രീപക്ഷ തിയേറ്ററിനെ സംബന്ധിച്ച്​ ജന്റർ എന്നത് മുമ്പത്തേതിനേക്കാൾ പ്രശ്നാധിഷ്ഠിതം തന്നെയാണ്. എസ്.സി.ഇ.ആർ.ടി യിൽ കലാപഠന ക്ലാസുകൾ നടത്തുമ്പോൾ പലപ്പോഴും ഇത് ബോധ്യമായിട്ടുണ്ട്. മിക്സഡ് സ്കൂളൂകളിൽ അഭിനയ പരിശീലനം നടത്തുമ്പോൾ കായികമായി ആൺകുട്ടികൾ സ്വാതന്ത്ര്യത്തോടെ ഇടപെടും, പെൺകുട്ടികൾ പിൻവലിഞ്ഞു നിൽക്കും. തങ്ങളുടെ ശരീരത്തെക്കുറിച്ചും ചലനങ്ങളെക്കുറിച്ചും പെൺകുട്ടികൾക്ക് സങ്കോചമാണ്. ശരീരത്തെ അങ്ങനെത്തന്നെ ഉൾക്കൊള്ളാൻ പല പെൺകുട്ടികൾക്കും കഴിയാതെ പോകുന്നു. തിയേറ്റർ പരിശീലനം, പെൺകുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതും അതേസമയം സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യേണ്ടതുമായ ഒന്നാണ്. അതൊരുതരം സൈക്കോളജിക്കൽ എക്സസൈസ് കൂടിയാണ്. അതുകൊണ്ട് പരിശീലിപ്പിക്കുന്ന വ്യക്തി ലിംഗസമത്വ കാഴ്ചപ്പാടില്ലാത്തയാളാണെങ്കിൽ അപകടകരമായ സാഹചര്യത്തിലേക്ക് അത് വഴിതെറ്റും. പുറകോട്ട് നടക്കുന്ന ജനസമൂഹത്തിന് ഒരു തിരിച്ചുവരവും ദിശാബോധവും സാധ്യമാവാൻ സ്ത്രീകൾ തന്നെ മുൻകൈയെടുക്കേണ്ടി വരുന്നു.

എന്നും നഷ്ടങ്ങളുണ്ടാവുന്നത് മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നവർക്കാണ്. അത് സ്ത്രീകളോ ദലിതരോ ട്രാൻസ്ജെൻഡേഴ്സോ ആവട്ടെ, തിരിച്ചുനടന്നേ തീരൂ എന്ന അവരുടെ ആവശ്യം തടുത്തുനിർത്താനാവാത്തതാണ്.

പണം ഒരു പ്രശ്നം തന്നെയാണ്

ഫെമിനിസ്റ്റ് തിയേറ്റർ രൂപീകരിക്കുമ്പോൾ ഏറ്റവും പ്രധാന വെല്ലുവിളി സാമ്പത്തികം തന്നെയാണ്. മൂന്നു രീതികളിലാണ് തിയേറ്ററിന് ധനം സമാഹരിക്കാൻ കഴിയുക. ഗ്രാന്റിലൂടെ, ടിക്കറ്റ് വച്ച്, അല്ലെങ്കിൽ സുഹൃത്തുക്കളോ നാടക പ്രേമികളോ തരുന്ന പണം കൊണ്ട്. മൂന്നു മേഖലകളിലും സ്ത്രീകൾ പ്രശ്നം നേരിടുന്നുണ്ട്. സാധാരണ കിട്ടുന്നതിൽ നിന്നും ശരാശരിയിലും താഴെയാണ് സ്ത്രീകൾക്ക് അനുവദിച്ചുകിട്ടുന്ന ഗ്രാൻറ്​. ടിക്കറ്റിന്റെ കാര്യം വരുമ്പോൾ സ്ത്രീപക്ഷ നാടകങ്ങൾ പലപ്പോഴും പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ കഴിയാറില്ല. സാധാരണ നാടകങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ, സ്ത്രീപക്ഷ നാടകങ്ങൾ സമൂഹത്തോട് തിരുത്തലുകൾ ആവശ്യപ്പെടുന്നു, ജനപ്രീതി മാത്രം നോക്കിയുള്ള നാടകാസ്വാദകരെ സംബന്ധിച്ച് ഇത് അത്ര സുഖകരമല്ല. സ്ത്രീപക്ഷ നാടകങ്ങൾ മനസ്സിലാകുന്നില്ല എന്നു പെട്ടെന്ന് പറഞ്ഞൊഴിയാം. മനസ്സിലാകാത്തതല്ല മനസ്സിലാക്കാനുള്ള ശ്രമം പോലും നടത്തുന്നില്ല എന്നുള്ളതാണ് സത്യം. അത്തരം നാടകങ്ങളുൾക്കൊള്ളാനുള്ള ബോധ്യം ഉണ്ടാവേണ്ടിയിരിക്കുന്നു. പിന്നെ പണപ്പിരിവിന്റെ കാര്യം. സ്ത്രീനാടകവേദിക്ക് പണം പിരിക്കാനിറങ്ങിയാൽ അത്ര എളുപ്പം പിരിഞ്ഞുകിട്ടില്ല. സ്ത്രീകളുടെ കയ്യിൽ അതിനാവശ്യമായ സാമ്പത്തികം ഉണ്ടാവുകയുമില്ല.

നാടകത്തിന്റെ സാങ്കേതിക കാര്യങ്ങൾ പഠിച്ചെടുക്കാൻ സ്ത്രീകൾ വെല്ലുവിളി നേരിടുന്നുണ്ട്. രംഗപടം, ശബ്ദവിന്യസം, വെളിച്ചം, കാർപെന്ററി തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ അഭ്യസിക്കുന്നതിന് അപ്രൻറീസ്​ഷിപ്പ്​ ആവശ്യമാണ്. ഇതിനു വേണ്ടിവരുന്ന ചെലവ് പലപ്പോഴും ഭീമമാണ്. ലൈറ്റിംഗിന് നിരവധി സാധ്യതകളുള്ളതുകൊണ്ടുതന്നെ അത് പഠിക്കുന്നതിനാവശ്യമായ ഫീസ് വളരെ കൂടുതലാണ്. തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്ത പണം മുടക്കിനെക്കുറിച്ചോർക്കുമ്പോൾ പഠിക്കാൻ മുന്നോട്ട് വരാൻ വിമുഖത കാണിക്കും. അപ്പോൾ പിന്നെ ചെയ്യാൻ പറ്റുന്നത് നാടകസംഘങ്ങളോടൊപ്പം നടന്ന് ഓരോന്നും പഠിച്ചെടുക്കുക എന്നതാണ്. ഇത് എത്ര സ്ത്രീകൾക്ക് സാധിക്കും? സ്ത്രീകളുടെ ഏകാംഗാഭിനയം കൂടി വരുന്നതിന് ഒരു കാരണം ഇതാണ്. വളരെ ചെറിയ സെറ്റുകൾ വച്ച്, സ്വന്തമായ പ്രമേയം നാടക രൂപത്തിൽ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് ലഭിക്കുന്നു. നാടക പഠന കോഴ്സ് കഴിഞ്ഞാൽ ഏതെങ്കിലും നാടക ഗ്രൂപ്പിലേക്ക്​ കുട്ടികളെ അസൈൻ ചെയ്തു കൊടുത്താൽ അവർക്ക് ആ സംഘത്തിൽ നിന്നുകൊണ്ട് പല സാങ്കേതിക കാര്യങ്ങളും പഠിച്ചെടുക്കാൻ കഴിയുന്നതേയുള്ളൂ. പക്ഷേ അതൊന്നും നടപ്പിലായിട്ടില്ല. സ്ത്രീനാടക സംവിധായകർ ഈ രംഗത്തേക്ക് വന്നാൽ കുറച്ചൊക്കെ ഈ പ്രശ്നം പരിഹരിക്കാനാവും.

ആണും പെണ്ണും കായികമായി ഒരുമിച്ചു പണിയെടുക്കുന്ന സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ ഇന്നും അപൂർവമാണ്. തുല്യതയോടെ, സ്ത്രീയെ പൂർണമായും അംഗീകരിച്ചുകൊണ്ടുള്ള സാമൂഹ്യ സാഹചര്യം ഇനിയും നമുക്കുണ്ടായിട്ടില്ല.
നാടകങ്ങളുടെ രൂപഘടനയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. നാടകങ്ങൾ കൂടുതലായി ഉണ്ടാകുന്നു. ഉദാഹരണത്തിന് ഏകാങ്ക നാടകങ്ങൾ, രണ്ടു കഥാപാത്രങ്ങളെ ഒരാൾ തന്നെ വേദിയിൽ അവതരിപ്പിക്കുന്ന രീതി എന്നിങ്ങനെ.

ആശയപരമായ ആലോചനക്കിട നൽകാതെ ഉറക്കെ വിളിച്ചു പറയുന്ന രീതി സിനിമയിൽ എന്നപോലെ നാടകത്തിലും ഇന്ന് കാണാം. കലാപരതയും സൂക്ഷ്മതയും കുറയുന്നു. "Feel good' ആക്കാനുള്ള ശ്രമത്തിനിടയിൽ സങ്കീർണതകളുള്ള സാമൂഹ്യ ഇടപെടലുകൾ ചോദ്യം ചെയ്യപ്പെടുന്നില്ല. ഒരുപക്ഷേ കാഴ്ചക്കാർക്കു വേണ്ടായിരിക്കാം. അതു മനസ്സിലാക്കുന്നതു കൊണ്ടാണ് നമ്മുടെ തലമുറയുടെ നാടക നിർമാണ രീതിയിൽ ഉറച്ചു നിൽക്കുമ്പോഴും മറ്റുള്ളവരുടെ ആവിഷ്കാരത്തിന് നിരീക്ഷ ഇടം നൽകുന്നത്.

രണ്ടു ദശാബ്ദത്തിലേറെയായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ‘നിരീക്ഷ’ നിരവധി നാടകങ്ങൾ ചെയ്തു. പ്രവാചക, ആണുങ്ങളില്ലാത്ത പെണ്ണുങ്ങൾ, പുനർജ്ജനി, അവതാർ വർത്തമാനകം, അന്ധിക എന്നിവ എടുത്തു പറയേണ്ട നാടകങ്ങളാണ്. ചെഷ്യർ ഹോം അന്തേവാസികളെ പങ്കെടുപ്പിച്ച്​ 2002 ൽ അവതരിപ്പിച്ച "കനൽപോട് 'എന്ന നാടകവും 2014 അവതരിപ്പിച്ച "അഗ്നിച്ചിറകുകൾ' എന്ന നാടകവും ഏറെ പ്രശംസ പിടിച്ചു പറ്റി. സംഗീത നാടക അക്കാദമിയുടെ രണ്ടു ലക്ഷം രൂപയുടെ ധനസഹായത്തിന്​ ‘നിരീക്ഷ’യും തെരഞ്ഞെടുക്കപ്പെട്ടു. ആ ധനം ഉപയോഗിച്ച് തയാറാക്കിയ നാടകമാണ്
അന്ധിക. രൂക്ഷമായ കോവിഡ് കാലത്ത് ലോകം നിശ്ശബ്ദമായപ്പോൾ ‘നിരീക്ഷ’ ഓൺലൈൻ നാടകങ്ങളും, ചർച്ചകളും സംഘടിപ്പിച്ച് പ്രവർത്തന നിരതമായി.

ഡിസംബർ 25 വരെ നിരീക്ഷ തിരുവനന്തപുരത്ത് ദേശീയ സ്ത്രീ നാടകോത്സവത്തിന്​ ചുക്കാൻ പിടിക്കുകയാണ്. വൈലോപ്പിള്ളി സംസ്കൃതി ഭവൻ മുഖ്യ വേദിയാക്കി നടക്കുന്ന ഈ ദേശീയോത്സവം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെയും, കേരള സർക്കാറിന്റെ സാംസ്കാരിക വകുപ്പിന്റെയും, വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും, നാടകത്തോടും സ്ത്രീമുന്നേറ്റ പ്രവർത്തനങ്ങളോടും കൈകോർക്കാൻ താല്പര്യമുള്ള സംഘങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയുമാണ് ഈ പരിപാടി.

ഒട്ടേറെ വെല്ലുവിളി നേരിടുമ്പോൾത്തന്നെ എല്ലാവർഷവും ദേശീയ സ്ത്രീ നാടകോത്സവം നടത്തുവാനും വരും വർഷങ്ങളിൽ അന്തർദേശീയ നാടകോത്സവമായി (IWTF) വളർത്തുവാനും ‘നിരീക്ഷ’ ഉദ്ദേശിക്കുന്നു.


Summary: സ്ത്രീശരീരത്തെയും ചലനങ്ങളെയും പരമാവധി ഒതുക്കി, ലാസ്യത്തെ സ്ത്രീത്വത്തിന്റെ മുഖമുദ്രയായി സ്വീകരിച്ചുകൊണ്ടാണ് സ്ത്രീകളെ അരങ്ങിൽ അവതരിപ്പിച്ചിരുന്നത്. അരങ്ങിലും അണിയറയിലും നിർമ്മിത രൂപങ്ങളായി തുടരാൻ ഇഷ്ടമില്ലാത്ത അവതരണ കലാകാരികൾ അവരവരുടെ സ്പേസ് കണ്ടെത്തുവാൻ നിർബന്ധിതരാവുകയും കണ്ടെത്തുകയും ചെയ്യുന്നു. നിരീക്ഷ സ്ത്രീ നാടകവേദിയുടെ സ്ഥാപകാംഗവും പ്രസിഡന്റുമായ രാജരാജേശ്വരിയുമായി സംസാരിച്ച് എഴുത്തുകാരിയും അഭിനേത്രിയുമായ എസ്.കെ. മിനി എഴുതുന്നു


Comments