‘സിനിസിസം’ (Cynicism) ഉത്തരാധുനികതയുടെ കാലത്തെ സങ്കീർണ സമസ്യയായി മാറുന്ന സാഹചര്യത്തിൽ, മാർക് റോസോവിസ്‌കിയുടെ 'Poor Liza' എന്ന നാടകം കാഴ്ചയുടെ സത്തയെ ഇളക്കിമറിക്കാനുള്ള തിയേറ്ററിന്റെ അപാരശേഷിയെക്കുറിച്ചുള്ള അതിശക്തമായ ഓർമപ്പെടുത്തലായി മാറുന്നു. കാരണം, പ്രണയം എന്ന വൈകാരിക അനുഭവമാണ് ഈ നാടകം. അതുകൊണ്ടുതന്നെ, ഒരുപക്ഷെ, ഈ നാടകാഖ്യാനത്തെ കാലഹരണപ്പെട്ടത് എന്നോ അതിവൈകാരികതയുടെ ശേഷിപ്പ് എന്ന നിലയ്‌ക്കോ തള്ളിക്കളയാം. എന്നാൽ, ഹൃദയാവർജ്ജകമായ വൈകാരികതയുടെ ആശ്ലേഷമെന്ന നിലയ്ക്കാണ് റോസോവ്‌സ്‌കി തന്റെ ആവിഷ്‌കാരത്തിന്റെ ശക്തി സ്ഥാപിച്ചെടുക്കുന്നത്.
അദ്ദേഹം സ്വയം പ്രഖ്യാപിക്കുന്നു: ''അതേ, ഇത് പഴയ മട്ടിലുള്ള ഒരു നാടകമാണ്, അതുതന്നെയാണ് ഇതിന്റെ ശക്തി''.
ഈ പ്രഖ്യാപനം കാലഹരണപ്പെട്ടത് എന്നതിനുള്ള ഒഴിവുകഴിവായല്ല, മറിച്ച്, നാടകത്തിന്റെ ആത്മസത്തയുടെ ധിക്കാരപരമായ വീണ്ടെടുപ്പായി മാറുകയാണ്.
റഷ്യൻ ഫെഡറേഷനിലെ ജനകീയ കലാകാരനായ റോസോവ്‌സ്‌കി ഗുരുതുല്യനായ ജോർജി ടോവ്‌സ്‌റ്റോനോഗോവിന്റെ നാടകജീവിതത്തിനുള്ള സമർപ്പണം കൂടിയായാണ് POOR LIZA അവതരിപ്പിക്കുന്നത്. പ്രമേയത്തിന്മേലും ആവിഷ്കാരത്തിലുമുള്ള ഒരു രചയിതാവിന്റെ അചഞ്ചലമായ ബോധ്യമാണ് റോസോവ്സ്കിയുടെ സംവിധാനത്തെ മികവുള്ളതാക്കുന്നത്.

POOR LIZA എന്ന നാടകം, ധാർമികതയുടെ അതിസൂക്ഷ്മമായ ഒരു ലോകത്തെയാണ് ആവിഷ്കരിക്കുന്നത്. നാടകത്തിനാരാധാരമായ നിക്കോളായ കരംസിന്റെ Bednaya Liza എന്ന നോവെല്ലയുടെ ആഖ്യാനവുമായി അത് ഒത്തുപോകുന്നു. കരംസിന്റെ നോവെല്ല, റഷ്യൻ വൈകാരികതയുടെ ആണിക്കല്ലാണ് എന്നു പറയാം. വൈകാരികമായ ആഴത്തിലൂന്നിയുള്ള ലാളിത്യമാണ് ആ കഥയുടെ സവിശേഷത. 1972-ലാണ് നോവെല്ല പ്രസിദ്ധീകരിക്കപ്പെട്ടത്. റഷ്യൻ ഭാഷയിലുള്ള കരംസിന്റെ ഏറ്റവും പ്രശസ്ത കഥകളിൽ ഒന്നാണിത്. 1803-ലാണ് ഈ കഥയുടെ ആദ്യ ഇംഗ്ലീഷ് പരിഭാഷ വരുന്നത്, Russain Tales by Nicolai Karamsin എന്ന സമാഹാരത്തിലൂടെ. ഒരു ഗ്രാമീണ കർഷക പെൺകുട്ടിയായ ലിസയും പ്രഭു കുടുബാംഗമായ ഇറാസ്റ്റും തമ്മിലുള്ള തീവ്രമായ പ്രണയമാണ് പ്രമേയം. സാമൂഹികമായ നിയന്ത്രണങ്ങളിൽപെട്ട് അത് ദുരന്തപര്യവസായിയാകുന്നു. സമൂഹം കൽപ്പിക്കുന്ന വിലക്കുകളെ ലംഘിച്ച് പ്രണയം എന്ന അത്യന്തം തീവ്രമായ മനുഷ്യാനുഭവത്തിന് നിലനിൽക്കാനാകുമോ എന്ന കാലാതീതമായ ചോദ്യത്തെ കൂടി ഈ നാടകം മുന്നോട്ടുവെക്കുന്നു. റഷ്യയുടെ ചാരുതയാർന്ന സംഗീതത്തിന്റെ ചടുലതയോടെയാണ് പ്രണയവും ദുരന്തവും POOR LIZA ആവിഷ്കരിക്കുന്നത്.
റോസോവ്‌സ്‌കിയുടെ ആഖ്യാനം, കരംസിന്റെ കാലഘട്ടത്തിനുള്ള ആദരസമർപ്പണം കൂടിയാണ്. കവിതയും കാവ്യാത്മകമായ ഈണങ്ങളും ഒത്തുചേർന്ന്, ഏതൊരു കാലഘട്ടത്തിലെയും പരിചിത കഥയെ, പ്രണയത്തെയും വഞ്ചനയെയും ധാർമികതയെയും കുറിച്ചുള്ള കാലാതീതമായ ധ്യാനമാക്കി മാറ്റയിരിക്കുകയാണ് POOR LIZA.

കാണികൾക്ക് പ്രവചിക്കാവുന്ന പ്രമേയമാണ് ഈ നാടകത്തിന്റേത്. ലിസയുടെ ദുരന്തപൂർണമായ ഭാവിയെക്കുറിച്ചുള്ള ആഖ്യാതാവിന്റെ പ്രവചനവും അതിന്റെ അനിവാര്യത ഉറപ്പിക്കും മട്ടിലുള്ള തുടർച്ചകളും അവളുടെ വീഴ്ചകളുടെ നിതാന്ത സാക്ഷിയാക്കി പ്രേക്ഷകരെ മാറ്റുന്നു. ധാർമികമായ ശ്രേഷ്ഠതയെക്കുറിച്ചുള്ള പ്രഖ്യാപനമല്ല ഇത്. ഒരു ചെഖോവിയൻ ദുരന്തപര്യവസാനത്തെക്കുറിച്ചുള്ള പ്രവചനമായും നാടകം നമുക്കനുഭവപ്പെടില്ല. മറിച്ച്, ദുർബലതകൾ അരങ്ങുവാഴുന്ന പ്രാപഞ്ചികാനുഭവങ്ങളുടെ പ്രതിഫലനമായാണ് POOR LIZA തിയേറ്ററിലെത്തുന്നത്. അതുകൊണ്ടുതന്നെ, ആഖ്യാതാവിന്റെ / ലിയേനിഡിന്റെ വിലാപം ജീവിതത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച ഒരനിവാര്യതയായി മാറുന്നു. ലിസയുടെ തകർച്ചയ്ക്ക് സാക്ഷിയാകാൻ ആ അനിവാര്യത പ്രേക്ഷകരെ നിർബന്ധിതരാക്കുന്നു. ഏതാനും കഥാപാത്രങ്ങളുടെ ജീവിതത്തിലുള്ള സംഭവങ്ങളുടെ വിവരണമല്ല, മറിച്ച് മനുഷ്യന്റെ ദൗർബല്യങ്ങളെക്കുറിച്ചുള്ള പര്യവേഷണമാണ് POOR LIZA നിർവഹിക്കുന്നത്.
ട്വിസ്റ്റുകൾ നിറഞ്ഞ ആഖ്യാനമാണ് നാടകത്തിന്റേത്. അത് ഈ പ്രൊഡക്ഷനെ സമ്പൂർണമായ ഒരു സൗന്ദര്യശാസ്ത്ര അനുഭവമാക്കി മാറ്റുന്നു. വൈകാരികതകൾ അടക്കിവാഴുന്ന റഷ്യൻ റൊമന്റിസിസത്തിന്റെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര കൂടിയാണ് ഈ നാടകം. ഒരു പോസ്റ്റ് മോഡേൺ സിനിക്കിന്, ഇത് ഒരുതരം വികർഷണമുണ്ടാക്കിയേക്കാം. എങ്കിലും ഇപ്പോഴും റൊമാന്റിസിസത്തിൽ നങ്കൂരമിട്ടുകിടക്കുന്നവർക്ക് POOR LIZA അഗാധമായൊരു അനുഭവം സാധ്യമാക്കുന്നു. അത് ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തിലെ 'രസ'യോട് അടുത്തുനിൽക്കുന്ന ഒന്നാണ്. അതായത്, സത്യം, ശിവം, സുന്ദരം എന്നീ സത്തകളുടെ കൂടിച്ചേരൽ സാധ്യമാക്കുന്ന രസനീയമായ ഒരനുഭവം.

ആധുനിക ജീവിതത്തിന്റെ കാലുഷ്യങ്ങൾക്കിടയിൽ നമ്മുടെ അഭിരുചികളെ എവിടെ കണ്ടെത്താനാകും? നമുക്ക് എവിടെയാണ് ശാന്തി? കരുണയുടെ അർഥമെന്താണ്?. ധാർമികമായ നമ്മുടെ സഞ്ചാരങ്ങൾക്കിടയിലെ ഇത്തരം വിടവുകൾ നികത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് റോസോവ്ക്‌സി സംസാരിക്കുന്നത്. പുവർ ലിസ വൈകാരികക്ഷമമായ സൗന്ദര്യത്തോടെ അവിരാമമായി നമ്മെ പിന്തുടരുന്ന ഈ മൂല്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലായി മാറുന്നു. അത് വൈകാരികതയുടെ ഒരു ശക്തിസംഹിതയാണ്. വൈകാരികത സത്യത്തിന്റെ ഒരു ചാലകമായി നാടകത്തിൽ വർത്തിക്കുന്നു.
പുതിയ കാലത്ത് POOR LIZA എങ്ങനെയാണ് പ്രസക്തമാകുന്നത്? സാങ്കേതികവിദ്യയുടെയും വൈജ്ഞാനികതയുടെയും ഒരു ലോകത്ത് POOR LIZA ഒരു അഭയസ്ഥാനമാകുന്നു, അസ്പർശ്യമായ സൗന്ദര്യത്തിന്റെ ഒരു സാങ്ച്വറി. അത് വൈകാരികതയുടെ പലതരം നന്മകളെ ആഘോഷിക്കുന്നു- സ്വാഭാവിക പ്രപഞ്ചത്തിന്റെ വിസ്മയങ്ങളെ, വികാരങ്ങളുടെ ഉറവുകളെ, നിഷ്‌കളങ്കതയുടെ വിശുദ്ധിയെ…
സാമൂഹികമായ കൃത്രിമത്വങ്ങളൊന്നും ഏശാത്ത ഒരുതരം ഇടയത്വം എന്ന നിലയ്ക്ക് ലിസ എന്ന ഇമേജറി, ഈ ആദർശത്തെയാണ് പുണരുന്നത്. ലിസയുടെ ചിത്രീകരണത്തിൽ മറീന മറ്റ്‌വീൻകോ ഈ സത്തയെ വിസ്മയകരമായ സത്യസന്ധതയോടെയാണ് സാക്ഷാൽക്കരിക്കുന്നത്. ലിസയുടെ ഹൃദയഭാരം മുഴുവൻ പേറുന്ന സംഗീതം കാണികളെ കണ്ണീരിലാഴ്ത്താൻ പോന്നതാണ്. അതിശക്തമായ ഒരു ഓപ്പറേ പ്രകടനത്തിന്റെ വൈകാരികമായ കവിഞ്ഞൊഴുകൽ പോലെ. ലിസയുടെ ആന്തരിക സംഘർഷങ്ങൾ മുഴുവനായി പ്രേക്ഷകരിലേക്ക് ഈ സംഗീതത്തിലൂടെ വിനിമയം ചെയ്യപ്പെടുന്നു.

സാമൂഹികമായ കൃത്രിമത്വങ്ങളൊന്നും ഏശാത്ത ഒരുതരം ഇടയത്വം എന്ന നിലയ്ക്ക് ലിസ എന്ന ഇമേജറി, ഈ ആദർശത്തെയാണ് പുണരുന്നത്. Photo: Rekha Shetty
സെനിയ ഷിമാനോവ്‌സ്‌കയയുടെ സീനോഗ്രഫി, കരംസിന്റെ പ്രണയപ്രകൃതിയുടെ അതേ പ്രതിഫലനമായി മാറുന്നു. പുവർ ലിസയിലെ സ്വാഭാവിക പ്രപഞ്ചം, പ്രമേയത്തിന്റെ വൈകാരികമൂർച്ചയുടെ ചടുലമായ പ്രതീകമായി മാറുന്നു. തുടക്കത്തിൽ വിവരിക്കുന്ന അതിമനോഹരമായ പ്രകൃതിദൃശ്യം വരാനിരിക്കുന്ന കൊടും ദുരന്തത്തെ അകമേ വഹിക്കുന്നു. വരാനിരിക്കുന്ന കൊടും ശൂന്യതയെ പ്രതിബിംബിപ്പിക്കുന്നു.
ഇറാസ്റ്റുമായുള്ള ലിസയുടെ കൂടിക്കാഴ്ചക്കുമുമ്പ് പ്രകൃതി അവളുടെ സ്വന്തം സൗന്ദര്യവും വിശുദ്ധിയും പ്രതിഫലിപ്പിക്കുന്നു. അവർ പങ്കിട്ട നിമിഷങ്ങൾ, ആ പ്രകൃതിയോടൊപ്പം അലിഞ്ഞുചേർന്ന് ശോഭ പകരുന്നു. കഥയുടെ ദുരന്തപര്യവസാനം വിജനവും ശോകമൂകവുമായ പരിസ്ഥിതിയിൽ പ്രതിബിംബിക്കുന്നു. പ്രകൃതിയും ലിസയുടെ വൈകാരിക സഞ്ചാരവും തമ്മിലുള്ള ഈ സമാന്തര സഞ്ചാരം കഥയുടെ വൈകാരികമായ ആഘാതശേഷിയെ ഇരട്ടിപ്പിക്കുന്നു. അത് അത്യഗാധമായ വൈകാരിക പ്രതിഫലനമുണ്ടാക്കുന്നു.
അതുപോലെ, നാടകത്തിലുപയോഗിച്ച വെളിച്ച സംവിധാനത്തിന് ആഖ്യാനത്തിന്റെ വൈകാരികതയുമായി കുറെക്കൂടി ചേർന്നുനിൽക്കാമായിരുന്നു. അത് പ്രമേയത്തെ കുറെക്കൂടി ശക്തമായി പ്രതിഫലിപ്പിക്കുമായിരുന്നു. നാടകത്തിന്റെ ഗ്രാഫ് തിരിച്ചറിയുന്നതിലും ലൈറ്റ് ഡിസൈൻ പരാജയപ്പെട്ടു. വെളിച്ചനിയന്ത്രണത്തിന് നാടകത്തിന്റെ വൈകാരിക പ്രത്യാഘാതത്തെ സമർഥമായി പ്രതിഫലിപ്പിക്കാനായില്ല.

അഭിനേതാക്കൾ അവരുടെ കഥാപാത്രങ്ങളുടെ സത്ത അതേപടി ഉൾക്കൊണ്ടു. നറേറ്ററായ ലിയോനിഡിന്റെ വേഷത്തിൽ അലെക്‌സീ ടിത്‌കോവ്, കോൺസ്റ്റാന്റിൻ ഫെഡിൻ, ലിസയുടെ അമ്മയായി അനിഭയിച്ച മറിയ സോസ്‌നായകോവ എന്നിവർ വൈകാരികതയുടെ സമ്പൂർണ ആവിഷ്കാരമാണ് തിയേറ്ററിലെത്തിച്ചത്.
വികാരത്തിന്റെ ഭാഷയുടെ ശക്തി കാണിച്ചുതരുന്നതായിരുന്നു മ്യൂസിക്കൽ സ്‌കോർ. കാവ്യാത്മകമായിരുന്നു സന്ദർഭങ്ങളുടെ സംഗീതാത്മക വ്യാഖ്യാനം. ലിസയുടെ പ്രണയ സന്ദർഭത്തെ വിശദീകരിക്കുന്ന 'never have the skylarks sung so well', അവളുടെ ഹൃദയം തകരുന്ന സന്ദർഭത്തിൽ അവൾ പറയുന്ന വരികൾ; ''I cannot live.......If only the sky would fall upon me'' എന്നിവ ലിസയുടെ വൈകാരിക സഞ്ചാരങ്ങളുടെ സത്തയുൾക്കൊള്ളുന്നതായിരുന്നു, ഹൃദയാവർജ്ജകമായ ലാളിത്യത്തോടെ. ഇവയെല്ലാം റഷ്യൻ ആർട്ട് സംഗീതത്തിന്റെ ഛായ നിറഞ്ഞതും ആഖ്യാനത്തിന്റെ വൈകാരിക ആഘാതം പ്രതിഫലിപ്പിക്കുന്നതുമായിരുന്നു.

റഷ്യൻ സെന്റിമെന്റലിസത്തിന്റെ അനുസ്യൂതമായ പ്രവാഹത്തിന്റെയും കരുത്തിന്റെയും സാക്ഷ്യപത്രമാണ് POOR LIZA. വൈകാരികതയുടെ സൗന്ദര്യവും കളങ്കരഹിതമായ ശുദ്ധിയും സ്‌നേഹത്തിന്റെ ബലവും കാണിച്ചുതരുന്ന ഒന്ന്. പോയ്മറഞ്ഞ ഒരു കാലഘട്ടത്തിന്റെ സൗന്ദര്യം നമുക്കിവിടെ കാണാം. അത് നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിന്റെ ദോഷൈദൃക്കായ നോട്ടങ്ങളെ റദ്ദാക്കിക്കളയുന്നു.
▮
POOR LIZA
നിക്കൊളോയ് കരാമ്‌സിൻ എഴുതിയ Bednaya Liza എന്ന നോവെല്ലയുടെ നാടകാവിഷ്‌കാരം.
സംവിധാനം: മാർക് റോസോവ്‌സ്‌കി.
അസി. ഡയറക്ടർ: സ്‌വെതലാന ബോറോവ്‌സ്‌കയ.
സീനോഗ്രഫി, കോസ്റ്റിയൂം: സെനിയ ഷിമാനോവ്‌സ്‌കയ.
സംഗീതം: മാർക് റോസാവ്‌സ്‌കി.
ആലാപനം: വെറോണിക്ക കാർപസ്.
കവിത യൂറി റ്യാഷെന്റ്റേവ്.
അഭിനയിച്ചവർ: മരിയ മറ്റ്‌വീൻകോ, കോൺസ്റ്റാന്റിൻ ഫെദിൻ, അലെക്‌സി തിത്‌കോവ്, മറിയ സോസ്‌നിയകോവ.