പാപ്പിസോറ എന്ന
നാടക കല്യാണം

പ്രേക്ഷകരെ നവീനമായ അരങ്ങനുഭവത്തിന്റെ തലത്തിലേക്ക് ഉയർത്തുന്ന നാടകമാണ്​ കോഗ്നിസൻസ് പപ്പറ്റ് തിയേറ്റർ ഒരുക്കിയ ‘പാപ്പിസോറ' .

ജീവിത പരിസരങ്ങളിൽ ചിതറിയ മോഹവസ്തുക്കളെ സൂക്ഷ്മതയോടെ പെറുക്കിയെടുക്കുക. ഇഷ്ടത്തോടെ, ഓമനത്തത്തോടെ ഒന്നിനു മേലൊന്നായി അവയെ അടുക്കിവെക്കുക. ജീവിക്കാനൊരിടം പണിതുയർത്തുക. കലയെ കൂടെനിർത്തി കൂട്ടായ്മയുടെ ആനന്ദങ്ങളെ ആവാഹിക്കുക. അവിടേക്കു വേണ്ട കുഞ്ഞു സാധനങ്ങളെ പ്രതീക്ഷയോടെ പട്ടികപ്പെടുത്തുക. രുചിയുള്ള ഭക്ഷണം തയ്യാറാക്കുന്നതിലും കഴിക്കുന്നതിലും കൂട്ടുകാർക്ക് വിളമ്പുന്നതിലും സായൂജ്യം കണ്ടെത്തുക. ചിലപ്പോൾ ആഹ്ളാദോന്മാദങ്ങളിൽ മുഴുകിയും മറ്റു ചിലപ്പോൾ വേദനിച്ചും അനാഥത്വം പേറിയും ജീവിതത്തെ അനുഭവിക്കുക. എല്ലാം തകിടം മറിയുന്നതിന് സാക്ഷ്യപ്പെടുമ്പോഴും നിരാശരാകാതെ പിന്നേയും എല്ലാം സ്വരുക്കൂട്ടിയും വരാനിരിക്കുന്ന സ്വതന്ത്രമായ തുറവികളെ ആശിച്ചും സക്രിയരാവുക. രണ്ടു കൂട്ടുകാർ ജീവതമാരംഭിക്കാൻ അരങ്ങ് തന്നെ വേദിയാക്കുന്ന ഒരു നാടകവേദിയിലെ ദൃശ്യങ്ങളാണിവ. നാടക സാങ്കേതങ്ങളുടെ പഠനങ്ങളെയും പരിശീലനങ്ങളെയും ജീവിതചര്യയാക്കി മാറ്റിയ മാളുവിന്റെയും മാമോയുടെയും ജീവിത/നാടക യാത്രയാണ് 'പാപ്പിസോറ’. പാവകളിയും, ആട്ടവും, പാട്ടും, പാചകവും, അഭിനയവും ഒക്കെ ചേർന്ന ഒരു രസക്കൂട്ടാണ് 'പാപ്പിസോറ'യിൽ ഒരുക്കിയിരിക്കുന്നത്. നാടകം വേദിയിലവതരിപ്പിച്ചു കൊണ്ടാണ് നാടകക്കാരായ മാമോയും മാളുവും ഈ ജനുവരി ഒന്നു മുതൽ ജീവിതപങ്കാളികളായി തീർന്നത്.

വിവിധ രുചിക്കൂട്ടുകൾക്കായി ഭക്ഷണപാത്രങ്ങൾ അടുക്കിവെക്കുന്ന കാഴ്ചയിലാണ് ‘പാപ്പിസോറ' തുടങ്ങുന്നത്. കോഗ്നിസൻസ് പപ്പറ്റ് തിയേറ്റർ ഒരുക്കിയ നാടകമാണ് ‘പാപ്പിസോറ'. ജൂലൈ പത്തിന്​ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിക്കപ്പെട്ട കെ. എസ്. ബിമൽ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് ‘പാപ്പിസോറ' കാണാൻ അവസരമുണ്ടായി. ദൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന്​ പഠനം പൂർത്തിയാക്കിയ അലിയാർ അലിയാണ് നാടകത്തിന്റെ രൂപകൽപ്പനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. വിവിധ കലാവിഷ്കാരങ്ങളുടെ കൃത്യമായ മിശ്രണത്താൽ മികച്ച അനുഭൂതി പ്രദാനം ചെയ്യുന്നു നാടകം. പാവകളിയുടെ തിയേറ്റർ സാദ്ധ്യതകളെ ഉചിതമായി ഉപയോഗിച്ചുള്ള അരങ്ങുചലനങ്ങൾ. വെളിച്ചത്തിന്റേയും ഇരുട്ടിന്റേയും വ്യതിരിക്തമായ സാദ്ധ്യതകൾ കൃത്യമായി വേദിയിൽ പകർന്ന് കാഴ്ചയെ ജ്വലിപ്പിക്കുന്ന ക്രമീകരണം. എല്ലാം ചേർന്ന് പ്രേക്ഷകരെ നവീനമായ അരങ്ങനുഭവത്തിന്റെ തലത്തിലേക്ക് ഉയർത്താൻ നാടകാവതരണത്തിന് കഴിഞ്ഞു.

പാവകളിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി അരങ്ങനുഭവത്തിൽ നവീനത കൊണ്ടുവരുന്നതിൽ കാണിച്ച മികവ് എടുത്തുപറയണം. ശരീരത്തിന്റെ അപാരമായ പകർന്നാട്ടങ്ങളിലൂടേയും അംഗോപാംഗങ്ങളുടെ സ്വതന്ത്രമായ പ്രകടനങ്ങളിലൂടേയും  ശബ്ദത്തിന്റെ മോഡുലേഷനുകളിലൂടേയും മാളുവും മാമോയും അനേകം കഥാപാത്രങ്ങളായി തകർത്താടി. ശരീരഭാഗങ്ങളെ അനായാസമായി ചലിപ്പിക്കുന്നതിലൂടെ കഥാപാത്രങ്ങളെ  കാണികളിലേക്ക് പകർന്നു നൽകുന്നത് ഹൃദ്യമായ അനുഭവമായിത്തീർന്നു. രണ്ടു പെർഫോർമോർമാരും പാവകളി ആർട്ടിസ്റ്റുകളും ചേർന്നു അരങ്ങിൽ ഉണ്ടാക്കുന്ന ലയബദ്ധമായ ദൃശ്യങ്ങളുടേയും ശബ്ദങ്ങളുടേയും ലോകത്ത് പ്രേക്ഷകരും പുതിയൊരു കാഴ്ചാജീവിതത്തിലേക്ക് പ്രവേശിക്കുന്നു. അതാണ് ഒടുവിൽ കാഴ്ചക്കാരെ അരങ്ങിലേക്കും അരങ്ങൊരുക്കിയവരിലേക്കും അടുപ്പിക്കുന്നതിലേക്കും കൂട്ടായ ക്രിയാത്മകസ്ഥലികൾ വേദിക്കു ചുറ്റും സ്വാഭാവികമായി രൂപപ്പെടുന്നതിലേക്കും നയിച്ചത്.

'പാപ്പിസോറ' എന്നാൽ അട്ടപ്പാടി ഇരുള ഭാഷയിലെ ഒരു പ്രയോഗമാണ്. കൊട്ടും പാട്ടും ആട്ടവും എല്ലാമായി എല്ലാവരും കൂടെ കൂടി ഒരു നല്ല കാലത്തെ വരവേൽക്കുന്നതിന്റെ പേര്. നല്ല കാലത്തെ കുറിച്ചുള്ള കിനാവുകൾ എപ്പോഴും പ്രതീക്ഷകളുടെ നിറക്കൂട്ടുകളുണ്ടാക്കുന്നു. മനുഷ്യരുടെ കൊച്ചു ജീവിതസ്വപ്നങ്ങൾ അവരെ ഇവിടെ ഈ ഭൂമിയിൽ തുടരാൻ പ്രചോദിപ്പിക്കുന്നു. എല്ലാ വിഭാഗത്തിൽ പെട്ടവരും  മനസ്സിൽ കിനാവുകൾ താലോലിക്കുന്നുണ്ട്. സുന്ദരമായ ആഗ്രഹങ്ങൾ ഉണ്ട്.  സ്വപ്നങ്ങളുടെ മണമെന്താണ്? സ്വാദെന്താണ്? നിറം? താളം? കൂട്ടുജീവിതം ആഹ്ളാദത്താൽ നിറക്കാനുളള സ്വപ്നങ്ങളിലേക്ക്  പാചകം കടന്നുവരുന്നു. ഭക്ഷണത്തിന്റെ രാഷ്ട്രീയം വരുന്നു. അതിന്റെ പാരമ്പര്യവഴികളും ആധുനികവഴികളും പരീക്ഷിക്കുന്നു. നമ്മുടെ ഭോജനശാലകൾക്കിടുന്ന പേരുകളിൽ ആ രാഷ്ട്രീയം ഉണ്ട്. എത്ര മനോഹരമായാണ് അക്കാര്യം അരങ്ങിൽ നമുക്കു വേവിച്ചു വിളമ്പി തന്നത്.

വേവിച്ചുതിന്നൽ ജീവിതത്തെ മാറ്റി മറിച്ച ഒന്നാണല്ലോ. അതിനൊരു  സ്പേസ് വേണം. അതിനെ പൊതുവിടം ഉണ്ടാക്കുന്ന ഒരു പ്രക്രിയ ആക്കി മാറ്റുകയാണ് ഇവിടെ .തുടങ്ങാനിരിക്കുന്ന സഹജീവിതത്തിന്റെ  സൽക്കാരമായും ഇതിനെ വായിച്ചെടുക്കാം. മാളു വയറിൽ തലോടി നമുക്ക് ഒരു പേരിടേണ്ടേ എന്ന് ചോദിക്കുന്ന സന്ദർഭം കഫെയുടെ പേരിടലിലേക്ക്  പെട്ടന്ന് മാറുന്നത് കാണാം. ജീവിതത്തെ സമഗ്രമാക്കുന്ന ഒരു കഫേയാണ് ഇവിടെ സൂചിതമാകുന്നത് എന്നു കരുതാം. അതൊരു സ്വപ്നമായി അനുഭവിക്കുന്നവരാണ് എല്ലാ മനുഷ്യരും. ക്രാഫ്റ്റിന്റേയും പെർഫോമൻസിന്റേയും സമഗ്രത വെളിപ്പെടുന്ന അരങ്ങുദൃശ്യമായി ഇതു മാറുന്നു.

നാടകം ഉണ്ടാക്കുന്ന  ഊർജ്ജപ്രസരണം എടുത്തുപറയണം. പ്രേക്ഷകരിലേക്ക് നേരിട്ട് പ്രവഹിക്കുന്ന ഒന്നായി മാറി അത്.കൊച്ചു മോഹങ്ങളുള്ള കിളികളാണ് നാം. കൂടുകൾ കൂട്ടി സ്നേഹം ചേർത്തുവച്ച് ജീവിതം നെയ്തെടുക്കാനുള്ള മോഹമുള്ളവർ. കുഞ്ഞു തമാശകളാൽ രസിപ്പിച്ച് നാടകം അതു ഓർമിപ്പിക്കുന്നു. അതിൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട് ഇതിലെ ഹാസ്യം. രുചിക്കൂട്ടുകളുടെ വൈവിധ്യം അനുഭവിപ്പിക്കാനായത് മറ്റൊരു ഹൃദ്യമായ അനുഭവമായി  മാറി. സങ്കീർണ്ണമായതെങ്കിലും സങ്കേതങ്ങൾ കാണികളുടെ മനസ്സിലേക്കും ഹൃദയത്തിലേക്കും ആശയം സ്വാഭാവികമായി കടക്കുന്ന വിധത്തിൽ ഉപയോഗിച്ചു . അതു ഈ നാടകപരീക്ഷണത്തെ  വിജയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. വൈവിധ്യമാർന്ന സംഗീതം ലൈവ് ആയും റെക്കോർഡ് ആയും ഏറ്റവും ഉചിതമായ മുഹൂർത്തങ്ങളിൽ  കൃത്യതയോടെ ഒരുക്കിയത് രംഗവേദിയിലെ ചലനങ്ങളോട് അനുനാദത്തിൽ വർത്തിച്ചു. വാദ്യസിംഫണികളും വെളിച്ചംകൊണ്ടുള്ള നിറക്കൂട്ടുകളും അതിനെ പിന്തുണച്ചു. ലൈവായി നൽകിയ പശ്ചാത്തല സംഗീതം മറ്റൊരു പെർഫോമൻസായി പരിണമിച്ചു.

അടുക്കിവെച്ച സ്വപ്നങ്ങളുടെ തുണ്ടുകൾ പലപ്പോഴും  തട്ടിവീഴുന്നുണ്ട്. ചിതറിത്തെറിച്ച ഭക്ഷണക്കൊതികൾ പെറുക്കിയെടുത്തു ജീവിതക്കൊതിയെ അവർ പുനരാവിഷ്കരിക്കുന്നു. പാവകളിയുടെയും ഷാഡോപ്ലേയുടേയും പിന്തുണയോടെ . ശരീരഭാഗങ്ങൾ നടത്തുന്ന അഭിനയചലനത്തിലൂടെ സൃഷ്ടിക്കുന്ന ഭാവപ്പകർച്ചകൾ പുതുമയുള്ളതായി. ശബ്ദത്തിന്റെ/തൊണ്ടയുടെ സാദ്ധ്യതകളെ വിമോചനപരമായി തുറന്നുപയോഗിച്ചതും സഫലമായിത്തീർന്നു എന്നു തന്നെ പറയണം. ഇതെല്ലാം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കിക്കൊണ്ട് അരങ്ങിൽ ഒരു മണിക്കൂർ നേരം രണ്ടു അഭിനേതാക്കൾ നിറഞ്ഞുനിന്നു. മാളുവും മാമോയും. ലോകമാകെ വീശിയടിച്ച തണുത്ത കാറ്റിൽ തകർന്നു പോയ അനവധി ജീവിതങ്ങളുണ്ടെന്നും അവരെക്കൂടി ചേർത്തുപിടിക്കണമെന്നും അവർ നമ്മോടു പറയുന്നു. ഈ ആഹ്വാനത്തെ നിറഞ്ഞ കൈയടികളാൽ ഏറ്റെടുക്കുന്ന കാണികളും വേദിയും തമ്മിലൊന്നാവുന്നതോടെ നാടകം അവസാനിക്കുന്നു.

ഷാഡോ പപ്പറ്റ് തിയറ്റർ, റാപ്പ് സംഗീതം, ലൈവ് മ്യൂസിക്ക് , ലൈവ് ഇൻസ്റ്റലേഷൻ തുടങ്ങിയ സങ്കേതങ്ങൾ കൈയടക്കത്തോടെ ഉപയോഗപ്പെടുത്തിയ മികച്ച ഉദ്യമം എന്നു പറയാം ഈ പരീക്ഷണത്തെ. അരങ്ങിന്റെ സാധ്യതകൾക്കും ശരീരത്തിന്റെ മെരുക്കിയെടുക്കലിനും പ്രോപ്പർട്ടികളിലൂടെ വരുത്താവുന്ന അരങ്ങന്തരീക്ഷങ്ങൾക്കും സീമകളില്ലെന്ന് ഈ നാടകപരീക്ഷണം തെളിവായിത്തീരുന്നു. രംഗവേദി ജീവിതവും നാടകവും മാറിമറിഞ്ഞുള്ളതായിരുന്നുവെന്ന് അന്ത്യത്തിലാണ് നാം അറിയുന്നത്. മാമോയും മാളുവും സഹജീവിതത്തിന്റെ ഊഷ്മളതയെ പുൽകുന്നുവെന്ന്  നാടകാന്ത്യത്തിൽ പറയുമ്പോൾ പ്രേക്ഷകരിൽ ആഹ്ളാദം നിറയുന്നു. നിലവിൽ നമുക്കുള്ള നാടകസങ്കൽപ്പങ്ങളോട് കലഹിക്കുന്ന ഈ വ്യത്യസ്തമായ അരങ്ങു പരീക്ഷണത്തിന് കൂടുതൽ ഇടം കൊടുത്തുകൊണ്ട് ഒപ്പം നിൽക്കേണ്ടതുണ്ട് നാം.

നോക്കൗട്ട് എന്ന നാടകത്തിനു ശേഷം അലിയാർ അലിയുടെ തിയറ്റർ പരീക്ഷണമാണിത്. അഭിനേത്രിയും സംവിധായികയുമായ മാളു ആർ ദാസും പാവകളി കലാകാരൻ  കൂടിയായ നാടകപ്രവർത്തകൻ സനോജ് മാമോയും ആണ് വേദിയിൽ നിറഞ്ഞാടുന്നത്. നാരായണൻ ആണ്  സംഗീതം നിർവഹിച്ചത്. സോജൻ സാം റോസമ്മ, സുനതി എ സ് എന്നിവർ ഷാ‍ഡോ പപ്പറ്ററി വിഭാഗം കൈകാര്യം ചെയ്തു. വാദ്യങ്ങൾ കൈകാര്യം ചെയ്തത് ഹരിഗോവിന്ദും ശരത് മൊറാക്കിയും ചേർന്നാണ്. രൻജിത്ത് ഡിങ്കി, കല്ലു കല്യാൺ എന്നിവരാണ് വെളിച്ചം സന്നിവേശിപ്പിച്ചത്. ഡോ. ഉസ്മാൻ ഗുരു സ്റ്റേജ് മാനേജർ .

Comments