മിസ നാടകവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എഴുതുകയാണ്. 19 ാം നൂറ്റാണ്ടിനു ശേഷമാണ് നമ്മൾ മലയാളികൾ വസ്ത്രം എന്നു പറയാൻ തുടങ്ങിയതെന്നാണ് ചരിത്രകാരന്മാരും അനുഭവസ്ഥരും രേഖപ്പെടുത്തിയിട്ടുള്ളത്. അതിനുമുമ്പ് വസ്ത്രം ധരിക്കുന്നവർ വേശ്യമാരാണ് എന്ന് ബ്രാഹ്മണർ കണക്കാക്കിയിരുന്നു. 1788-ൽ ടിപ്പു സുൽത്താൻ മലബാർ പ്രദേശങ്ങൾ കീഴടക്കിയതിനുശേഷം എല്ലാവരും വസ്ത്രം ധരിക്കണമെന്ന് വിളംബരം ചെയ്തു. ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം നിഷേധിച്ച സാഹചര്യത്തിൽ ഇന്ന് വസ്ത്രത്തിനു വേണ്ടിയുള്ള ശരീരം എന്ന രീതിയിലേക്ക് കാര്യങ്ങൾ അട്ടിമറിഞ്ഞിരിക്കുന്നു.
കോഴിക്കോട് ഡിഗ്രിക്ക് പഠിക്കുന്ന കാലഘട്ടം. നാടകക്കാരനും ചിത്രകാരനുമായ വാസുപ്രദീപിന്റെ എസ് എം സ്ട്രീറ്റിലുള്ള ഒറ്റമുറിയാണ് ഒരു താവളം. വാസുപ്രദീപ് നാടകം നിർത്തി അവിടെയിരുന്നു ഛായാപടങ്ങൾ വരക്കുകയാണ്. എസ് എം സ്ട്രീറ്റിലെ കളർ ലോകത്തിരുന്ന് കോഴിക്കോടിന്റെ അധോലോക കഥകൾ കേൾക്കാം. ഒപ്പം ചായയും കടിയും കഴിക്കാം. അദ്ദേഹത്തിന്റെ കണ്ണാടിക്കഷ്ണങ്ങൾ നാടകത്തെക്കുറിച്ച് ഒരിക്കൽ പറഞ്ഞത് ഓർമ്മവരുന്നു. തെരുവു വേശ്യയെക്കുറിച്ചാണ് നാടകം. വേശ്യ എല്ലാവരുടെയും മുന്നിൽ വസ്ത്രം അഴിക്കുകയാണ് ധരിക്കുകയല്ല. കഥാപാത്രം നാടകത്തെയും എഴുത്തുകാരനും സംവിധായകനുമായ വാസുപ്രദീപിനെയും സ്റ്റേജിലേക്ക് വിളിപ്പിച്ച് വിചാരണ ചെയ്യുന്നു.
നടി, "ഇങ്ങനെയൊരു വേഷമായിരുന്നെങ്കിൽ ഞാൻ ചെയ്യില്ലായിരുന്നു," സംവിധായകനോട് തട്ടിക്കയറി. "ഈ കഥാപാത്രത്തെ അവതരിപ്പിച്ച ഞാൻ എങ്ങനെ നാട്ടിൽ ഇറങ്ങി നടക്കും?" നടി വാസു പ്രദീപിനോട് ചോദിക്കുന്നു. പ്രതിയായ സംവിധായകൻ വാസുപ്രദീപ് കൈയൊഴിഞ്ഞു. "ഞാനല്ല ഇത് ചെയ്തത്. ഈ ഇരിക്കുന്ന അധികാരികളും സമൂഹവുമാണെന്ന് സംവിധായകൻ." വേദിയിലിരിക്കുന്നവർ വിചാരണ ചെയ്യപ്പെടുന്നു. മിസ നാടകം കഴിയുമ്പോൾ അധികാരികളും സമൂഹവുമാണ് വിചാരണ ചെയ്യപ്പെടേണ്ടത്. എന്നാൽ വിചാരണ ചെയ്യപ്പെട്ടത് അതിലെ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ്. കാരണം അടിയന്തിരാവസ്ഥ കാലത്തെ പീഢാനുഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ സമൂഹത്തെയും അതു ചെയ്തവരെയും പൊള്ളിക്കും. ചരിത്രത്തിന്റെ പുനരാവിഷ്കാരത്തെ നഗ്നതയിലേക്ക് വളച്ചു വിടുന്നത് സത്യം മൂടിവെക്കാനുള്ള അഭ്യാസമാണ്.

ആളുകൾക്ക് മുന്നിൽ വച്ച് ഒരു സ്ത്രീയും വസ്ത്രമഴിക്കാനാഗ്രഹിക്കില്ല. മേതിൽ പറഞ്ഞപോലെ നഗ്നത മറച്ചുവക്കാൻ എപ്പോഴെങ്കിലും ഒരു പെൺകുട്ടിക്ക് കഴിയുമോ..? ഓരോ ദൂരദർശിനിയും അവൾ പുടവയഴിക്കുന്നേടത്താണ്. എത്ര അകലത്തു നിന്നാലും അവളുടെ അവയവങ്ങൾ ക്ലോസപ്പിലാണ്. വെളിച്ചമില്ലാത്ത കൽത്തുറുങ്കിൽ കിടന്നാലും അവൾ എവന്റേയോ മനസിലെ നീലപ്പടമാണ്.
ആളുകൾക്ക് മുന്നിൽ വസ്ത്രമഴിക്കുകയെന്നത് പല സംസ്കാരങ്ങളിലും തരം താഴ്ന്ന പ്രവൃത്തിയാണ്. ഒരാൾ വസ്ത്രം അഴിച്ചെറിയുന്നെണ്ടെങ്കിൽ അയാൾ തടവുപുള്ളിയുടെ, വേശ്യയുടെ, അടിമയുടെ പദവിയിലേക്ക് തരംതാഴുന്നു എന്നതാണ് വിശ്വാസം . (ഇവിടെ സ്ത്രീ ശരീരം വിലപിടിപ്പുള്ള ഒരു ചരക്ക് കൂടിയാണെന്ന് ഓർമ്മിപ്പിക്കേണ്ടതില്ല) സമൂഹത്തിന്റെ അത്തരം സദാചാര വിശ്വാസത്തെ മുതലെടുത്ത് ഭയപ്പെടുത്തുക കൂടിയാണ് അടിയന്തിരാവസ്ഥയിലെ വസ്ത്രാക്ഷേപ ശിക്ഷാതന്ത്രം. യുദ്ധത്തിൽ മരിച്ചവരെ, തടവുകാരെ നഗ്നരാക്കുന്നത് അയാളുടെ തോൽവി ഒരു താക്കീതിന്റെ സന്ദേശമായി പ്രചരിപ്പിക്കാനാണ്. ഭയം നഗ്നതയുടെ രൂപത്തിലും വരും. അടിയന്തരാവസ്ഥ കാലത്ത് പോലീസ് സ്റ്റേഷനിൽ സ്ത്രീകളെ നഗ്നരാക്കുമ്പോൾ അധികാരികൾ മർദ്ദക രൂപം എന്ന രീതിയിലാണ് നഗ്നതയെ ഉപയോഗിക്കുന്നത്. വ്യക്തിയുടെ ആത്മവത്തയെ (Self worth ) തകർക്കുക എന്നതാണ് ആ പീഢക തന്ത്രം. വസ്ത്രം ഇല്ലാതാകുമ്പോൾ മനുഷ്യൻ എന്ന പദവി നഷ്ടപ്പെടുന്നു. ശരീരത്തെ അവജ്ഞയോടെയും ശത്രുതാപരമായും കണ്ട് നിലപാടെടുക്കാൻ പരിശീലിപ്പിക്കുന്നു. വസ്ത്രം എന്നാലോചിക്കുമ്പോൾ തന്നെ നഗ്നത കടന്നുവരുന്നു.
ശരീരത്തെ മൂല്യവിചാരണക്ക് വിധേയമാക്കുന്ന ഒരു രാഷ്ട്രീയ ക്രമത്തിനകത്താണ് 'നഗ്നത' സംഭവിക്കുന്നത്. വസ്ത്രം അഴിച്ച് പദവി നഷ്ടപ്പെടുത്തി ഹ്യൂമിലിയേറ്റ് ചെയ്യുക. മിസയിലൂടെ നടി ചിന്നൂസ് ചിലങ്ക നഗ്നതാ പ്രദർശനം നടത്തുകയായിരുന്നില്ല, അടിയന്തരാവസ്ഥയുടെ ഭീകരാനുഭവങ്ങൾ ആ നാടകത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു. അത് അശ്ലീലമായി കാണുന്നത് രാഷ്ട്രീയ അന്ധതയാണ്, കള്ളത്തരമാണ്. വസ്ത്രവും ശരീരവും ഒരു വ്യക്തിക്ക് അലങ്കാരം മാത്രമല്ല. ഗ്ലോബലി അത് ഐഡന്റിറ്റി അഥവാ രാഷ്ട്രീയം വെളിപ്പെടുത്താനുള്ള ചിഹ്നം കൂടിയാണ്. സാമൂഹിക ചിഹ്നങ്ങൾ വെളിപ്പെടുത്താതെ ഒരാൾക്കും വസ്ത്രം ധരിക്കാനാകില്ല.
“ഒരോ വസ്ത്രവും ഒരു കഥ പറയുന്നു. പലപ്പോഴും അത് ധരിക്കുന്നയാളെക്കുറിച്ചുള്ള സൂക്ഷ്മമായ കഥ,” ഡസ്മണ്ട് മോറിസ്. ആ നിലയ്ക്ക് നഗ്നത ലോകത്ത് ഏകരൂപമായ ഒരു കാഴ്ചാനുഭവമായിരിക്കില്ല. നഗ്നതയും, ഇറുകിയ വസ്ത്രവും സ്ത്രീയുടെ സ്വയം നിർണ്ണയ അവകാശമാണ്. അതുകൊണ്ടാണ് വിവസ്ത്രയാകുമ്പോഴും, ഇറുകിയ വസ്ത്രം ധരിക്കുമ്പോഴും ഓരോ സ്ത്രീയും വിചാരണ ചെയ്യപ്പെടുന്നത്. വസ്ത്രങ്ങൾ നമ്മളെ അനുസരണയുള്ള, പരിശീലനമുള്ള പൗരരാക്കുന്നുണ്ട്. നഗ്നതയെ ലൈംഗിതയുമായി ബന്ധപ്പെടുത്തിയാണ് വായിക്കുന്നത് എന്നതാണ് മറ്റൊരു കാരണം.

'നഗ്നതയുടെ വസ്ത്രം' എന്ന രൂപകമുണ്ട്. എല്ലാ നഗ്നതയും ഒരു വസ്ത്രം ധരിച്ചിട്ടുണ്ട്. വസ്ത്രം നഗ്നതയെ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നഗ്നത മറയ്ക്കുമ്പോൾ തന്നെ നഗ്നത വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ശരീരത്തെ ശരീരത്തിനുതന്നെ എതിർനിർത്തി കൊണ്ടുള്ള ചിന്തകളിലും സദാചാരവിചാരങ്ങളിലുമാണ് ശരീരത്തിന്റെ ചില ഭാഗങ്ങൾ മറക്കേണ്ടതും ചില ഭാഗങ്ങൾ തുറക്കേണ്ടതുമായി മാറുന്നത്. ഗാന്ധിജിയെ നഗ്നനായ ഫക്കീറെന്ന് ബ്രിട്ടീഷുകാർ പരിഹസിച്ചിരുന്നതും അയാളൊരു തൊൽവിയാണെന്ന് പ്രചരിപ്പിക്കാനായിരുന്നു. എന്നാൽ ബ്രിട്ടീഷുകാർ അയാളെ നോക്കി പുരാതന ഗ്രീസിൽ നഗ്നനായി നടന്ന് ചക്രവർത്തിക്ക് ചിന്താബാദ്ധ്യതയുണ്ടാക്കിയ ഡയോജനിസിന്റെ ജീവിതംപോലെ കണ്ട് അത്ഭുതപ്പെട്ടിരിക്കാം, ഭയപ്പെട്ടിരിക്കാം. ഡയോജനിസിന്റെ ജീവിതം ശരീരത്തിനും ശരീരത്തിന്റെ ഉടമയെന്നു ഞെളിയുന്ന മത സാമൂഹിക രാഷ്ട്രീയ മൂല്യങ്ങൾക്കെതിരായുള്ള സൂദീർഘ കലാപമായിരുന്നു.
തോളത്തിട്ട മുണ്ട്, ക്ഷേത്രത്തിൽ ഷർട്ട് ധരിക്കാതെ കയറുന്ന പുരുഷൻമാർ എന്നിങ്ങനെ ആചാരങ്ങൾ ഇപ്പോഴും സർക്കാസമായി നിലനില്ക്കുന്നുണ്ട്. തോളത്തിട്ട മുണ്ട് പാറിപ്പോയാൽ ഒപ്പം പറന്നുപോകുന്ന യോഗ്യത ഇപ്പോഴും നാടകങ്ങളിലും, സിനിമകളിലും ആവിഷ്ക്കരിക്കാറുണ്ട്. എന്തുകൊണ്ട് ഇത് ഇപ്പോഴും അവതരിപ്പിച്ച് പുളകിതരാകുന്നു. നമ്മുടെ ആത്മീയ സൗന്ദര്യ അനുഭവതലങ്ങൾ ഭൂതകാല ഫ്യൂഡൽ മിത്തുകളിൽ നിന്ന് വിടുതൽ കൊണ്ടിട്ടില്ല എന്നതാണ് നഗ്നസത്യം. നഗ്നസത്യം എന്ന് മനപൂർവ്വം പ്രായോഗിച്ചതാണ്. വസ്ത്രം, നഗ്നത എന്ന ദ്വന്ദ്വം (Dual) പലപ്പോഴും ആശയാനുഭവങ്ങളെ വിവരിക്കാനും ഉപയോഗിക്കേണ്ടിവരും. അമൂർത്തമായ ദൈവത്തെ വസ്ത്രം ധരിപ്പിക്കുകയും ഡോക്ടർമാർ നാഡീമിടിപ്പു നോക്കുകയും ചെയ്യുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. അതെല്ലാം ആചാരമാകും. കലയാകും. കലണ്ടറാകും.
ദൈവത്തെ വസ്ത്രം ധരിപ്പിക്കുന്നത്, അമ്പലത്തിൽ കയറുമ്പോൾ വസ്ത്രം അഴിക്കുന്നതും നോക്കുക. ദൈവത്തെ വസ്ത്രം ധരിപ്പിക്കുന്നത് ജ്ഞാനത്തെ മൂടുകയെന്നതാണ്. ജ്ഞാന മാർഗികൾ ദൈവത്തെ അറിയാൻ അനാച്ഛാദനകർമ്മം നിർവ്വഹിക്കണം. അറിവിനെ അനാവരണം ചെയ്ത് പുറത്തെടുക്കണം. അനാച്ഛാദനം ഒരു വിവസ്ത്രീകരണമാണ്. ശ്രദ്ധിച്ചിട്ടില്ലേ...? മൂടിവച്ചതിനെ അനാവരണം ചെയ്യുന്ന കർമ്മം. ദൈവത്തെയറിയാൻ ദൈവത്തെ വിവസ്ത്രനാക്കണം. അപ്പോൾ മൂടിവെച്ച കള്ളം വസ്ത്രധാരിയും സത്യം നഗ്നനവുമാണ് എന്ന നിഗമനത്തിലെത്താം.

സ്നേഹലത റെഡ്ഡിയുടെ കേസിനെ സംബന്ധിച്ച രേഖാനാടക ആവിഷ്കാരമായ ‘മിസ’ എന്ന നാടകത്തിൽ അഭിനയിച്ച ചിന്നൂസ് ചിലങ്ക സത്യത്തെ വിവസ്ത്രയാക്കുകയാണ് ചെയ്തത്. അവരിൽ ശരീരത്തിന്റെ നഗ്നത കണ്ടവർ സത്യം മൂടിവെക്കാൻ ശ്രമിക്കുകയാണ് അല്ലെങ്കിൽ ആവരണം ചെയ്യുകയുമാണ്. മിസ എന്ന നാടക ആവിഷ്കാരം അടിയന്തരാവസ്ഥയുടെ അനുഭവങ്ങളുടെ നഗ്നസത്യമായി നടി ചിന്നൂസ്, സ്നേഹലത റെഡ്ഡിയെ ആവിഷ്കരിക്കുകയായിരുന്നു. കേരളത്തിൽ ഒരു കാലത്ത് വസ്ത്രം അസ്വാഭാവികതയും നഗ്നത സ്വാഭാവികതയും ആയിരുന്നു. ഇന്ന് മറിച്ചാണ്, അസ്വാഭാവികമായി ഒരു സ്ത്രീ സമൂഹമദ്ധ്യത്തിൽ വിവസ്ത്രയായി പ്രത്യക്ഷപ്പെടുമ്പോൾ അസ്വാഭാവികത ആളുകളെ പ്രതിസന്ധിയിലാക്കും. കാഴ്ചയ്ക്ക് സാക്ഷിയാവുന്നവരെ അടിയന്തരാവസ്ഥയുടെ സത്യമറിയുമ്പോൾ പൊള്ളിക്കും. ആ പൊള്ളലിന് വീണ്ടുമൊരു സന്ദർഭമൊരുക്കിയ മിസയെന്ന നാടകാവിഷ്കാരത്തിനും, നടി ചിന്നൂസ് ചിലങ്കക്കും, ആദരിക്കപ്പെടേണ്ട സ്നേഹലത റെഡ്ഡിക്കും, വേദിയൊരുക്കിയ DYFI-ക്കും അഭിവാദ്യങ്ങൾ.
എതിർ ശരീരത്തോട് ബോധാബോധ ശത്രുതയും സ്ത്രീശരീരം കീഴടക്കപ്പെടേണ്ടതാണെന്ന ബോധത്തിൽനിന്ന് നാം മോചിതരാകേണ്ടതുണ്ട്. നെഞ്ചുകീറി നേരിനെ കാട്ടുകയെന്ന രാമായണ വഴി മാത്രമല്ല കുപ്പായമഴിച്ച് സ്വയം സത്യത്തിന്റെ പ്രകാശനമാകുക എന്നതു കൂടി ആവിഷ്കാരമായും ആവിഷ്കാര സ്വാതന്ത്ര്യമായും കണക്കാക്കണം. ശരീരം അറിയാനും അറിയിക്കാനുമുള്ളതാണ്. സ്നേഹലത റെഡ്ഡിയുടെ ആവിഷ്കാരം അടിയന്തിരാവസ്ഥയുടെ തുറന്നു കാട്ടലാണ്. ആ ശരീരത്തെ മനസുകൊണ്ട് വസ്ത്രമുടുപ്പിച്ച് വിവാദമാക്കിയ സുമനസുകൾക്കും നന്ദിയുണ്ടേ...
