ഫാഷിസത്തിനെതിരായ ഗ്രാമീണ പ്രതിരോധങ്ങൾ: 'താരം' ബോഡോലാന്റ് തിയറ്റർ ഫെസ്റ്റിവലിലേക്ക്

കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളിലേക്ക് അവർ അറിയാതെ, തെറ്റായ സംഭാഷണങ്ങളും ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും സൂചകങ്ങളും കയറിവരുന്നു. ഇവർ മുതിർന്ന തലമുറയായി വളരുമ്പോൾ, അവരിൽ കയറിപ്പറ്റിയ അരാഷ്ട്രീയതകളെല്ലാം തീവ്രരൂപം പ്രാപിക്കുന്നു. അത് അവരുടെ ഐഡിയോളജിക്കൽ ഐഡന്റിറ്റി കൂടിയായി മാറുന്നു. - ബോഡോലാന്റ് തിയറ്റർ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'താരം' എന്ന നാടകത്തെകുറിച്ച്

മകാലിക ഇന്ത്യൻ ഗ്രാമത്തെ എങ്ങനെയാണ് ഫാഷിസം വിഴുങ്ങുന്നത്? അവിടുത്തെ മനുഷ്യർ അതിനെ എങ്ങനെയാണ് രാഷ്ട്രീയമായും സർഗാത്മകമായും പ്രതിരോധിക്കുന്നത്? അഭിമന്യു വിനയകുമാർ ഡിസൈനും സംവിധാനവും നിർവഹിച്ച "താരം' എന്ന നാടകം സമകാലിക രാഷ്ട്രീയാവസ്ഥകളെക്കുറിച്ചുള്ള ഒരു തിയറ്റർ അന്വേഷണമാണ്. ഈ നാടകം ആസാമിലെ കൊക്രജാറിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ പങ്കെടുക്കാനൊരുങ്ങുകയാണ്. ബോഡോലാന്റ് ടെറിട്ടോറിയൽ റീജ്യൻ സംഘടിപ്പിക്കുന്ന ആദ്യ ഇന്റർനാഷനൽ തിയേറ്റർ ഫെസ്റ്റിവലിലേക്ക് ദക്ഷിണേന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക നാടകമാണ്, ഷൊർണൂർ "ജനഭേരി'യുടെ "താരം.' ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നുവരെ ഹിമാലയത്തിന്റെ താഴ്‌വരയിലാണ് ഫെസ്റ്റിവൽ. മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും 13 നാടകങ്ങളാണ് തിയേറ്റർ ഫെസ്റ്റിവലിലുണ്ടാകുക.

എസ്.കെ. പൊറ്റെക്കാടിന്റെ "തെരുവിന്റെ കഥ' അടക്കമുള്ള കൃതികളിൽനിന്നും മറ്റു കഥകളിൽ നിന്നും കവിതകളിൽനിന്നും ചർച്ചകളിൽനിന്നും വികസിപ്പിച്ചെടുത്താണ് "താര'ത്തിന്റെ പ്രമേയം. ഒരു ഗ്രാമത്തെ ഫാഷിസം വിഴുങ്ങുന്ന സമയത്ത്, ആ ഗ്രാമത്തിലെ ജനത സ്വാതന്ത്ര്യം അന്വേഷിച്ച് യാത്ര പുറപ്പെടുന്നതാണ് കേന്ദ്ര പ്രമേയം. അരാഷ്ട്രീയതയുടെയും മനുഷ്യവിരുദ്ധതയുടെയും തലമുറകളിലേക്കുള്ള പകർച്ചയാണ് ഓരോ സീക്വൻസുകളായി അവതരിപ്പിക്കുന്നത്. എം.എൻ. വിനയകുമാറിന്റെ "ചിണ്ടത്തി' എന്ന കഥാ സമാഹാരത്തിലെ ഒരു കഥയാണ് തുടക്കത്തിലുള്ള സീനിന് ആധാരം.

കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളിലേക്ക് അവർ അറിയാതെ, തെറ്റായ സംഭാഷണങ്ങളും ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും സൂചകങ്ങളും കയറിവരുന്നു. ഇവർ മുതിർന്ന തലമുറയായി വളരുമ്പോൾ, അവരിൽ കയറിപ്പറ്റിയ അരാഷ്ട്രീയതകളെല്ലാം തീവ്രരൂപം പ്രാപിക്കുന്നു. അത് അവരുടെ ഐഡിയോളജിക്കൽ ഐഡന്റിറ്റി കൂടിയായി മാറുന്നു. ഒരു പെൺകുട്ടിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട്, സ്‌കൂട്ടറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്ന തീവ്രമായ രംഗങ്ങളിലൂടെയാണ് ഈ പരിണാമം ആവിഷ്‌കരിക്കുന്നത്.

ചവിട്ടുനാടക ഫോം ഉപയോഗിച്ചുള്ള, താളാത്മകമായ സറ്റയറിക്കൽ സീക്വൻസാണ് അടുത്തത്. ഒരു കള്ളുഷാപ്പിൽ രണ്ടുപേർ തമ്മിൽ സമ്പത്തിനെച്ചൊല്ലിയുണ്ടാകുന്ന വഴക്കിൽ ഒരാൾ മരിക്കുന്നു. എന്നാൽ, ചുറ്റുമുള്ളവർ ആ മരണത്തെയല്ല ഉൾക്കൊള്ളുന്നത്, മരിച്ച ശരീരത്തെയാണ്. അതിനെ എങ്ങനെ വിൽക്കാം എന്ന മട്ടിൽ ആലോചനകൾ നീളുന്നു. ഇതിനൊടുവിൽ ശവം എഴുന്നേറ്റ് നടന്നുപോകുന്നു. ചവിട്ടുനാടകത്തിന്റെ താളവും മാജിക്കൽ റിയലിസത്തിന്റെ സങ്കേതങ്ങളും ചേർന്നാണ് ഈ സീക്വൻസ് ഒരുക്കിയിരിക്കുന്നത്.

"തെരുവിന്റെ കഥ'യിലെ രംഗമാണ് അടുത്ത സീക്വൻസിന് അടിസ്ഥാനം. ഒരു മരത്തിലേക്കുനോക്കിനിന്ന് ഒരു മനുഷ്യൻ അവിടെ എന്തോ ഉണ്ട് എന്ന് സങ്കൽപ്പിക്കുന്നു. ക്രമേണ, ഗ്രാമം മുഴുവൻ അവിടെ വന്ന് അവിടെ എന്തോ ഉണ്ട് എന്ന് തോന്നിപ്പിക്കുകയും അങ്ങനെ ഇല്ലാത്ത ഒരു സാധനം രൂപപ്പെടുകയും ചെയ്യുന്നു. ഒടുവിൽ, കുടുങ്ങിക്കിടക്കുന്ന ഈ ഗ്രാമത്തിൽനിന്ന്, ഓരോരുത്തരും തങ്ങളുടെ സ്വപ്‌നങ്ങൾ വിളിച്ചുപറഞ്ഞ് രക്ഷപ്പെടുന്നു. അവരിൽ ഒരു പെൺകുട്ടി വിളിച്ചുപറയുന്നു, "എനിക്ക് ചിരിക്കണം, കരയണം, ആരെയും പേടിക്കാതെ കിടന്നുറങ്ങണം, ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം...' എല്ലാവരും അവരവരുടെ ഇടത്തിൽ അടിച്ചമർത്തപ്പെട്ടവരല്ല, താരങ്ങളാണ് എന്ന ബോധ്യത്തിലേക്കാണ് സഞ്ചരിക്കുന്നത്.

അത്, ആകാശം നോക്കി, സ്വാതന്ത്ര്യബോധത്തിലേക്കുള്ള മനുഷ്യരുടെ സഞ്ചാരം കൂടിയാണ്. ഡൽഹിയിൽ സമീപകാലത്തു നടന്ന പലായനത്തെ സൂചിപ്പിക്കുന്ന മട്ടിലാണ്, എല്ലാവരും ഗ്രാമം വിട്ട് പോകുന്നത്. ഇന്ത്യൻ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള ഒരു തീവണ്ടിയാത്രയായി ഈ പലായനം വിപുലപ്പെടുന്നു. തീവണ്ടിയുടെ ഭീതിപ്പെടുത്തുന്ന സൈറൺ വിളികൾ, ഒരു ഗ്രാമത്തിന്റെ സൈറൺ വിളികളാകുന്നതെങ്ങനെയെന്ന് ഈ നാടകം കാട്ടിത്തരും.

പൊറ്റെക്കാടിന്റെ "തെരുവിന്റെ കഥ'യായിരുന്നു നാടകത്തിന്റെ ആദ്യ റഫറൻസ്. അതിൽനിന്നാണ് സമകാലികമായ ഒരു ഇന്ത്യൻ ഗ്രാമത്തിലേക്ക് പ്രമേയം വികസിച്ചത്. ഏറ്റവും അടിസ്ഥാനപരമായ ബന്ധങ്ങളുടെ സൗന്ദര്യം നിലനിൽക്കുന്ന ഒരിടത്ത് എങ്ങനെയാണ് ഫാഷിസം അതിന്റെ ദംഷ്ട്രകൾ കോർത്തെടുക്കുന്നത് എന്ന ഒരു കാഴ്ചയായി അത് അവതരിപ്പിക്കുന്നു.

ഇന്ത്യയിൽ ഇന്ന് മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന അക്രമോത്സുകമായ സാഹചര്യങ്ങളെ ഓർമിപ്പിക്കുന്ന വിഷ്വൽ ട്രീറ്റ്‌മെന്റാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിലുള്ളത്. ഗുജറാത്തിലും ഉത്തരേന്ത്യയിലും സംഭവിച്ച വംശഹത്യകളുടെയും ആൾക്കൂട്ടകൊലകളുടെയും ഇമേജ് റപ്രസന്റേഷനുകൾ അതേപടി ഉപയോഗിക്കുന്നുണ്ട്, അവയോടുള്ള പൊളിറ്റിക്കൽ സ്ട്രഗിളുകൾ സൂചിപ്പിച്ചുകൊണ്ടുതന്നെ. ആക്രമിക്കപ്പെടുന്ന സ്ത്രീകളും മറ്റു മനുഷ്യരുമാണ് കഥാപാത്രങ്ങൾ. മനുഷ്യരുടെ സ്വപ്‌നങ്ങളും സംഘർഷങ്ങളും ഓർമകളുമെല്ലാം സങ്കീർണമായ രാഷ്ട്രീയ യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ "താരം' ദൃശ്യവൽക്കരിക്കുന്നു.

കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള 30 കുട്ടികൾ പഠിക്കുന്ന പറവക്കൂട്ടം എന്ന സൗജന്യ തിയറ്റർ കോഴ്‌സിലെ ആദ്യ ബാച്ചിന്റെ പ്രൊഡക്ഷൻ എന്ന നിലയിലാണ് ഈ നാടകം രൂപപ്പെടുത്തിയത്. അഭിനേതാക്കളെല്ലാം നാടകക്കളരിയിലെ വിദ്യാർഥികളാണ്. അനഘ മീര മനോഹരൻ, അതുൽ വേണുഗോപാൽ, ദേവനാരായണൻ, കിരൺ പനയഞ്ചിറ, വിഷ്ണു രാധാകൃഷ്ണൻ, ലക്ഷ്മി മാധുരി, മുഹമ്മദ് അനസ്, കൃഷ്ണ സുരേഷ്, പാർവതി അയ്യപ്പദാസ്, അഖിലേഷ്, പ്രഹ്ളാദൻ എന്നിവരാണ് അഭിനേതാക്കൾ. ഡോ. എം.എൻ. വിനയകുമാർ (ടെക്‌സ്റ്റ്), ബിനീഷ് നാരായണൻ (ആർട്ട്), സൂരജ് സന്തോഷ് (മ്യൂസിക്), ജോസ് കോശി (ലൈറ്റ്), രമ്യ സുവി (കോസ്റ്റ്യും) എന്നിവരാണ് നാടക ക്രൂ.

ആസാമിലെ സ്വയംഭരണപ്രദേശവും സവിശേഷമായ രാഷ്ട്രീയ ഐഡന്റിറ്റിയുമുള്ള ഭൂപ്രദേശവുമാണ് ബോഡോലാന്റ് ടെറിട്ടോറിയൽ റീജ്യൻ. ഭൂട്ടാന്റെയും അരുണാചൽ പ്രദേശിന്റെയും താഴ്‌വാരത്തിൽ, ബ്രഹ്മപുത്ര നദിയുടെ വടക്കേ കരയിലുള്ള അഞ്ച് ജില്ലകൾ ചേർന്ന പ്രദേശം. ഇവിടെ, ഗ്രാമീണജീവിതങ്ങളുടെ പാശ്ചാത്തലത്തിൽ, അതിനെതിരായി നടക്കുന്ന ആക്രമണങ്ങളെ കൂടി പാശ്ചാത്തലമാക്കിയാണ് ആദ്യ അന്താരാഷ്ട്ര തീയറ്റേർ ഫെസ്റ്റിവലിന്റെ തീം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരിൽ രണ്ടിനാണ് "താരം' ഫെസ്റ്റിവലിൽ അരങ്ങേറുക.

കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം, കേരള സാംസ്‌കാരിക ഉന്നത സമിതിയുടെ തേക്കിൻകാട് ഫെസ്റ്റിവെൽ, വെഞ്ഞാറമ്മൂട് രംഗപ്രഭാത് നാടകോത്സവം, പാലക്കാട് നവരംഗ് ദേശീയ നാടകോത്സവം, തൃശൂരിൽ നടന്ന പ്രൊഫ. എം. മുരളീധരൻ സ്മാരക തിയറ്റർ ഫെസ്റ്റിവെൽ തുടങ്ങിയ നാടകോത്സവങ്ങളിൽ "താരം' അരങ്ങേറിയിട്ടുണ്ട്.

Comments