സ്വൈരിതപ്രയാണം: അരങ്ങിൽ വീണ്ടുമിതാ,
സ്ത്രീകളുടെ ഒരു വിപ്ലവകാലം

സ്ത്രീകൾ എഴുതി സംവിധാനം ചെയ്ത് പുരുഷവേഷങ്ങളടക്കം അവതരിപ്പിച്ച 'തൊഴിൽകേന്ദ്രത്തിലേയ്ക്ക്' എന്ന മലയാളത്തിലെ ആദ്യ സമ്പൂർണ സ്ത്രീനാടകം ഏതാനും വർഷങ്ങൾക്കുമുമ്പ് പുനരവതരിപ്പിച്ചതിൻ്റെ തുടർച്ച കൂടിയാണ് സ്വൈരിതപ്രയാണം എന്ന നാടകം.

മ്മുടെ മുൻതലമുറ നേരിട്ടനുഭവിച്ച ചരിത്ര യാഥാർത്ഥ്യങ്ങളെ -സ്ത്രീജീവിതത്തെ- ആധാരമാക്കിയ സ്വൈരിതപ്രയാണം എന്ന നാടകം അരങ്ങിലെത്തിയിരിക്കുന്നു. 2023 ഒക്ടോബർ 4-ന് മുവ്വാറ്റുപുഴ വാഴക്കുളത്തും 6-ന് ചേമഞ്ചേരി പൂക്കാട് കലാലയത്തിലും അവതരിപ്പിച്ച സ്വൈരിതപ്രയാണം ഏറെ ശ്രദ്ധേയമായി.

'തനിക്കുതാൻപോന്ന' 'സ്വതന്ത്രമായ' 'സ്വേച്ഛാപരമായ' ജീവിതയാത്രയാണ് സ്വൈരിതപ്രയാണം. മേഴത്തൂരിലെ ഉമാദേവി എന്ന നങ്ങേമ എന്ന ഉമാബെന്നിനെക്കുറിച്ചാണ് ഈ നാടകം. സാമൂഹ്യോന്മുഖമായ സ്ത്രീ-നവോത്ഥാനത്തെക്കുറിച്ചുള്ള ഒരു ദൃശ്യാവിഷ്കാരം. 'ഉമാ ദേ ഏതത്തേന്നം' എന്ന ലേഖനത്തിൽ ഉമാബെന്നിനെക്കുറിച്ചാണ് വി.ടി.ഭട്ടതിരിപ്പാട് പറയുന്നത്. നവോത്ഥാന മുന്നേറ്റത്തിൻ്റെ ഭാഗമായി സമുദായ- സാമൂഹ്യ ജീവിതത്തിൽ വലിയ പൊട്ടിത്തെറികളുണ്ടാക്കിയ അന്തപ്പുര വിപ്ലവങ്ങൾ. ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ വേരറുക്കാൻ പോന്ന ദേശീയ പ്രസ്ഥാനത്തിൻ്റെ അലയടികൾ. ഈ രണ്ട് ഘടകങ്ങളേയും വിളക്കിച്ചേർത്ത് സ്വതന്ത്രമായ പുതിയൊരു കഥാതന്തു രൂപപ്പെടുത്തി നാടകഗാത്രത്തിലേയ്ക്ക് പരിവർത്തിപ്പിയ്ക്കുന്ന സ്വൈരിതപ്രയാണം തീർച്ചയായും പുതുകാലത്തിൻ്റെ ശ്രദ്ധ ആകർഷിയ്ക്കും.

സ്വൈരിതപ്രയാണം എന്ന നാടകത്തിൽനിന്ന്

എക്കാലത്തും പ്രഭുത്വവും പുരുഷധാർഷ്ട്യവും സ്ത്രീകളെ ഞെരിച്ചമർത്തിയതിൻ്റേയും അതിനെതിർനിന്ന പോരാട്ടത്തിൻ്റേയും ചരിത്രമാണിത്. താനുൾപ്പടെ രണ്ട് അന്തർജ്ജനങ്ങളെ വേളി കഴിച്ച, മൂന്നാമത്തെ വേളിക്കൊരുങ്ങുന്ന, വാര്യേത്തും ഷാരത്തും നായർഗൃഹങ്ങളിലുമൊക്കെയായി ധാരാളം സംബന്ധങ്ങൾ വേറെയുമുളള, വിഷയലമ്പടനായ ഭർത്താവ് നമ്പ്യാത്തൻനമ്പൂരിക്ക് അതേ രീതിയിൽത്തന്നെ തിരിച്ചടി നൽകി നങ്ങേമ. പിന്നീട്, സംരക്ഷകനായി അവതരിച്ച് തൻ്റെ പത്ത് വയസ്സ് തികയാത്ത മകളെപ്പോലും നശിപ്പിയ്ക്കാൻ ശ്രമിച്ച മുഹമ്മദ് എന്ന ഐഡോൻ്റെ നെഞ്ചിൽ കഠാര കുത്തിയിറക്കി ആയിഷ. നങ്ങേമയും ആയിഷയും പിന്നിട്ട ജീവിതത്തിലെ ഉമാബെൻ തന്നെയാണ്. എല്ലാ മതാധിപത്യങ്ങളിലേയും സ്ത്രീവിരുദ്ധത ഉമാബെന്നും, നാടകാനുഭവത്തിലൂടെ നമ്മളും തിരിച്ചറിയുന്നുണ്ട്.

"ഞാനൊരു യാഗാശ്വമാണ്. ദുരിതമനുഭവിയ്ക്കുന്ന സ്ത്രീകൾക്കു വേണ്ടിയുള്ള ബലിമൃഗം. ഈ ബലി മറ്റ് അന്തർജ്ജനങ്ങളുടെ മോചനത്തിനാകട്ടെ’’, സ്വന്തം ജീവിതത്തെക്കുറിച്ച് ഉമാബെൻ പറയുന്നത് ഇങ്ങനെയാണ്.

ചോലമനയിലെ ഉമാദേവിയും, ദേവകി നരിക്കാട്ടിരിയും, ആര്യാ പള്ളത്തിൻ്റെ മകൾ ദേവകിയും പല സമയങ്ങളിലായി വാർദ്ധ ആശ്രമത്തിലേയ്ക്ക് പോയതിനെക്കുറിച്ച് കാലപ്പകർച്ചകൾ എന്ന പുസ്തകത്തിൽ ദേവകി നിലയങ്ങോടും എഴുതിയിട്ടുണ്ട്. ഉമാദേവിയെ നങ്ങേമ എന്നാണ് വിളിച്ചിരുന്നത്. നാട്ടുഭാഷയിൽ നങ്ങേമ ഉമ തന്നെയാണ്. ഉമാ ബഹൻ പിന്നെ ഉമാബെൻ എന്ന ഉത്തരേന്ത്യൻ നാമധേയത്തിൽ അറിയപ്പെട്ടു.

''ഇന്നത്തെ നിങ്ങളുടെ നില എന്താണ്?

മൂന്നും നാലും വേട്ടുകൂട്ടുന്ന മൂസ്സിന്റെ മേന്മയാണ് നിങ്ങളുടെ നന്മയ്ക്ക് കാരണം എന്നല്ലേ നിങ്ങളുടെ നാട്യം?

കുളത്തിൽനിന്ന് വലിച്ച ഈറൻചണ്ടി പോലെ മലിനവും ദുർഗന്ധപൂരിതവുമായ നിങ്ങളുടെ മുടിക്കെട്ട് ഒന്ന് നിവർത്തി വകഞ്ഞിടാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടോ?

പൂനിലാവത്തും പുതപ്പും കുടയും കൂടാതെ സഞ്ചരിയ്ക്കാൻ നിങ്ങൾക്ക് സാധിക്കുമോ?

മുച്ചീർപ്പൻ വാഴ കുലയ്ക്കുമ്പോലെ ചൊടിയും ചുണയും ഇല്ലാത്ത രണ്ടുനാല് പൈതങ്ങളെ പെറ്റു മരിയ്ക്കാൻ മാത്രമായിട്ടാണോ നിങ്ങളുടെ ജന്മം?

അന്തപ്പുരത്തിൽ നിന്നുള്ള ഒരു വിപ്ലവത്തെയാണ് ഞാൻ പ്രതീക്ഷിയ്ക്കുന്നത്...''
എന്നിങ്ങനെ വി.ടി. ഭട്ടതിരിപ്പാട് സ്ത്രീകളെ സൗഹാർദ്ദപൂർവ്വം പ്രകോപിപ്പിയ്ക്കുന്നു.

സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ചും സ്ത്രീജീവിതത്തെക്കുറിച്ചും സ്ത്രീയുടെ സാമൂഹ്യ കടമയെക്കുറിച്ചും സമ്പൂർണകൃതികളിലെ അനുബന്ധ രേഖകളിൽ 'നമ്പൂതിരിപ്പെൺകിടാങ്ങൾക്ക് ഒരു എഴുത്ത്' എന്ന കുറിപ്പിൽ വി.ടി പറഞ്ഞത് സ്വൈരിതപ്രയാണത്തിൽ അവതരിപ്പിയ്ക്കുന്നുണ്ട്.

ഉമാബെൻ വാർദ്ധാആശ്രമത്തിലും സ്ത്രീജീവിതത്തിലും സജീവമായ ഇടപെടൽ നടത്തി.

"ഒരു പുസ്തകം വായിയ്ക്കാൻ പാടില്ല, കുപ്പായമിടാൻ പാടില്ല, എങ്ങടും പൂവ്വാൻ പാടില്ല, ഒന്നു ചിരിയ്ക്കാനും കൂടി പാടില്ല...
ഒരു മനുഷ്യജീവിയാണെന്ന പരിഗണന കൂടി നിനക്ക് ലഭിയ്ക്കുന്നില്ല."

"അടുക്കളയിൽ കരിപിടിച്ച് ഒടുങ്ങാനുള്ളതല്ല നിന്റെ ജന്മം എന്ന് നീ സ്വയം തിരിച്ചറിയുമ്പോൾ ഈ ഉരുക്കുകോട്ടകൾ ഇടിഞ്ഞു വീഴും. ആത്മവിശ്വാസം അനന്തമായ സാദ്ധ്യതകൾ നിനക്ക് തുറന്നു തരും."

"നീ പഠിയ്ക്കണം. അക്ഷരം അഗ്നിയാണ്. മോചനം ലക്ഷ്യമാണ്. സ്വാതന്ത്ര്യം അവകാശമാണ്."

"സ്ത്രീകളുടെ അതിജീവനം -അതാണ് നമ്മുടെ സ്വപ്നം... അതാണ് നമ്മുടെ മാർഗ്ഗം... അതാണ് നമ്മുടെ ലക്ഷ്യം..."

''ഈർച്ചവാളുകൊണ്ട് ഈർന്നാലും ഒരിഞ്ചുപോലും മുറിഞ്ഞുപോകാത്ത മാമൂൽക്കോട്ടയിലെ ഒരു കല്ലെങ്കിലും ഒന്നു പുഴങ്ങിയാൽ അത്രയുമായില്ലേ...''

വി.ടിയെപ്പോലുള്ളവർ നമ്പൂതിരി സമുദായത്തിനകത്ത് വെളിച്ചം വീശിത്തുടങ്ങിയ കാലമായിരുന്നു അത്. വാർദ്ധ ആശ്രമത്തിലെ അന്തേവാസിനിയായ ഉമ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി, അശരണരെ നിരന്തരമായി ശുശ്രൂഷിച്ചു. ജീവിതയാത്രയിലെ പല കാലങ്ങളിലായി വ്യത്യസ്ത മതക്കാരായ പുരുഷന്മാരുടെ മക്കളെ അവർ പ്രസവിച്ചു. സ്വൈരിതപ്രയാണത്തിലെ ഉമാബെന്നിന് വാർദ്ധ ആശ്രമത്തിൽ ആശ്രയമായി കൂട്ടായി നിന്ന അലക്സ് എന്ന സുഹൃത്ത് പിന്നീട് ബാപ്പുജിയുടെ നിർദ്ദേശപ്രകാരം ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കാനായി യാത്രയായി. ഉമാബെൻ അയാളെ പിന്നെ കണ്ടിട്ടില്ല, അയാളെക്കുറിച്ച് പിന്നെയൊന്നും കേട്ടിട്ടില്ല.

ഏറെ പ്രസക്തമായ സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യ സ്വപ്നങ്ങളേയും പരോക്ഷമായാണെങ്കിലും ശക്തമായിത്തന്നെ സ്വൈരിതപ്രയാണം മുന്നോട്ടുവെയ്ക്കുന്നുണ്ട്.

''സ്വാതന്ത്ര്യാനന്തര ആഘോഷാരവങ്ങളിലൊന്നും ബാപ്പുജി ഉണ്ടായിരുന്നില്ല. അവയവങ്ങൾ വിച്ഛേദിയ്ക്കപ്പെട്ട ഭാരതത്തിൻ്റെ ചോരയും കണ്ണീരുമൊപ്പുന്ന ആ വൃദ്ധനെ നവഖാലിയിലെ കലാപബാധിതമായ തെരുവുകളിൽ ഞങ്ങൾ കണ്ടു'' എന്ന് ഉമാബെൻ പറയുമ്പോൾ നാടകത്തിന് ഏറെ പ്രസക്തമായൊരു രാഷ്ട്രീയമാനം കൈവരിയ്ക്കാനാകുന്നുണ്ട്.

പറയിപെറ്റ പന്തിരുകുലത്തിൻ്റെ ഉത്ഭവസ്ഥാനമെന്ന് വിശേഷിപ്പിയ്ക്കപ്പെട്ട നദിപെറ്റ മനയിൽ അഥവാ നരിപ്പറ്റ മനയിൽ ജനിച്ച ഉമാദേവിയെ ജീവിത സായാഹ്നത്തിൽ വിവിധ മതക്കാരായ മക്കളെല്ലാം ഒരുമിച്ച് കണ്ടുമുട്ടുന്നത് ചരിത്രത്തിൻ്റേയോ ഐതിഹ്യത്തിൻ്റേയോ ആവർത്തനമാകാം. വാർദ്ധക്യത്തിൽ അമ്മയെ മനസ്സിലാക്കി അംഗീകരിച്ച് കുടെക്കൂട്ടാനെത്തിയ മൂത്ത മകൻ പരമേശ്വരശർമ്മയ്ക്കൊപ്പം പോകാൻ ഉമാബെൻ വിസമ്മതിച്ചു.
വിഭജിയ്ക്കപ്പെട്ട, മുറിവേറ്റ ഇന്ത്യയിലെ അനാഥരായ എല്ലാ പെൺമക്കളേയും സംരക്ഷിക്കുകയാണ് തൻ്റെ ലക്ഷ്യം എന്ന് ഉമാബെൻ പ്രഖ്യാപിയ്ക്കുമ്പോൾ ചരിത്രത്തിൻ്റെ ഈ സ്വതന്ത്രാവിഷ്കാരം സർഗ്ഗാത്മകമാകുന്നു.

''ഞാൻ നിൻ്റെ മാത്രം അമ്മയല്ലല്ലോ ഉണ്ണീ...'' എന്ന് സംശയമേതുമില്ലാതെ അവർ മകനോട് പറഞ്ഞു. "ഇന്ന് ഭാരതപ്പുഴയിൽ നീരൊഴുകുന്നുണ്ടെങ്കിൽ അതിന് ഉപ്പുരസമായിരിയ്ക്കും. കടൽ കയറി വന്നതാണെന്ന് അവർ പറയും. പക്ഷേ,അത് ശരിയല്ല. എൻ്റെ കണ്ണീരിൻ്റെ ഉപ്പാണത്. ഭാരതപ്പുഴയിലും സിന്ധുവിലും ഗംഗയിലും യമുനയിലും ഒഴുകുന്നത് അഗതികളായ സ്ത്രീകളുടെ കണ്ണുനീരാണ്. ആണുങ്ങൾക്ക് ഇഷ്ടം പോലെ തട്ടിക്കളിയ്ക്കാനുള്ള പന്തല്ല സ്ത്രീ. വിദ്യാഭ്യാസം നേടിയ സ്ത്രീ സ്വാതന്ത്ര്യത്തിനായി ശ്രമിയ്ക്കും. അവൾ അടിമയാകില്ല. എൻ്റെ കുഞ്ഞിനെ ഞാൻ പഠിപ്പിയ്ക്കും. സ്വന്തം കാലിൽ നിൽക്കാനൊരു തൊഴിൽ അവൾ നേടണം. ഞാൻ പ്രവർത്തിച്ചു കൊണ്ടേയിരുന്നു; സമൂഹത്തിലെ അശരണരായ സ്ത്രീകളെ ഉദ്ബുദ്ധരാക്കുവാൻ, അവരെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് തയ്യാറാക്കുവാൻ...''

സ്ത്രീകൾ എഴുതി സംവിധാനം ചെയ്ത് പുരുഷ വേഷങ്ങളടക്കം അവതരിപ്പിച്ച 'തൊഴിൽകേന്ദ്രത്തിലേയ്ക്ക്' എന്ന മലയാളത്തിലെ ആദ്യ സമ്പൂർണ സ്ത്രീനാടകം ഏതാനും വർഷങ്ങൾക്കുമുമ്പ് തൃശൂർ നാടക സൗഹൃദത്തിനു വേണ്ടി രാജശേഖരൻ നിർമിച്ച് ഗീതാ ജോസഫ് സംവിധാനം ചെയ്ത് പുനരവതരിപ്പിച്ചതിൻ്റെ തുടർച്ച കൂടിയാണ് സ്വൈരിതപ്രയാണം എന്ന് ഒരർത്ഥത്തിൽ വിലയിരുത്താം. തൊഴിലെടുത്ത് സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ സ്ത്രീകളെ ഉദ്ബുദ്ധരാക്കുന്നതായിരുന്നു തൊഴിൽകേന്ദ്രവും അവിടന്ന് രൂപപ്പെട്ട 'തൊഴിൽകേന്ദ്രത്തിലേയ്ക്ക്' എന്ന നാടകവും.

കേരള സംഗീത നാടക അക്കാദമിയുടെ സാമ്പത്തിക സഹായത്തോടെ തൃശൂർ നാടകസൗഹൃദം ഒരുക്കിയ സ്വൈരിതപ്രയാണം എഴുതിയതും സംവിധാനം ചെയ്തതും അഡ്വ. എം. വിനോദാണ്. മുതിർന്ന ഉമാബെന്നിനെ ഗീതാ ജോസഫും ഉമയുടെ ചെറുപ്പകാലത്തിനെ രമ നൂപുരവും അവതരിപ്പിക്കുന്നു. സതീശൻ ചിറ്റിലപ്പിള്ളി സംഘനേതൃത്വം നൽകുന്ന ഈ നാടകത്തിൻ്റെ കലാസംവിധാനം കൃഷ്ണദാസ് കടവനാടും, സംഗീതം അനൂപ് വാദ്ധ്യാനും സുനിൽ കുമാറും, ദീപവിതാനം ധനേഷും നിർവഹിയ്ക്കുന്നു. ഐഡോനായി ജയചന്ദ്രനും, പരമേശ്വരശർമ്മയായി അനൂപ് വാദ്ധ്യാനും, നമ്പ്യാത്തൻനമ്പൂരിയായി ശ്യാം ഇ.വിയും, അലക്സായി ജിഷ്ണുവും അഭിനയിയ്ക്കുന്നു. രന്യ, നിരഞ്ജന, കാവ്യ, വർഷ, അമേയ പാർവ്വതി, രാജശ്രീ, ആൻ്റോ തരകൻ, നീരദ് വാദ്ധ്യാൻ തുടങ്ങിയവർ മറ്റു വേഷങ്ങളിൽ നിറഞ്ഞു നില്ക്കുന്നു. നാടകത്തിൻ്റെ പിന്നണി പ്രവർത്തനത്തെ കെ.മുരളീധരനും അപ്പുജിയും സജീവമാക്കുന്നു. നാടകത്തിന് സർഗ്ഗാത്മക സംഭാവന നൽകി വി.ടി.ഭട്ടതിരിപ്പാടിൻ്റെ മകൻ വി.ടി.വാസുദേവൻ മാഷും സംഘത്തിനൊപ്പമുണ്ട്.

സമൂഹത്തിൽ തനിയ്ക്കും ഏറെ പ്രവർത്തിയ്ക്കാനുണ്ടെന്ന തിരിച്ചറിവിൽ അമ്മയ്ക്കൊപ്പം ചേരാൻ തിരികെവരാനായി തല്ക്കാലത്തേക്ക് വിടവാങ്ങുന്ന മകൻ്റേയും, മകന് യാത്രയാശംസിയ്ക്കുന്ന ഉമാബെന്നിൻ്റേയും, അഭയാർത്ഥികളായ മുഴുവൻ പെൺകിടാങ്ങളുടേയും ദൃശ്യത്തിൽ പുതുകാലത്തിലേയ്ക്ക് തുറന്നു വെച്ച സ്വൈരിതപ്രയാണം അവസാനിയ്ക്കുന്നു. പെണ്ണിൻ്റേയും മനുഷ്യകുലത്തിൻ്റേയും 'തനിയ്ക്ക് താൻപോന്ന' 'സ്വതന്ത്രമായ' 'സ്വേച്ഛാപരമായ' സ്വൈരിതപ്രയാണത്തിലേയ്ക്കെത്താൻ ദൂരമേറെ ബാക്കിയുണ്ട്. കാലമിനിയും ഉമാബെന്നിനേയും നാടകത്തേയും നമ്മളേയും പ്രതീക്ഷിയ്ക്കുന്നുണ്ട്.

നവോത്ഥാനചരിത്രത്തിൽ നിന്നും, മഹാത്മാഗാന്ധിയിൽ നിന്നും ഊർജ്ജമുൾക്കൊണ്ട, എക്കാലത്തെയും സ്ത്രീ-സ്വാതന്ത്ര്യ സ്വപ്നങ്ങളെ ഉത്തേജിപ്പിയ്ക്കുന്ന ഈ നാടകാവിഷ്കാരം ശക്തമായി അരങ്ങിലെത്തിയ്ക്കുകയാണ് തൃശൂർ നാടക സൗഹൃദം.

Comments