ഫോട്ടോ: മുഹമ്മദ് ഹനാൻ

ആയുധങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ
മനുഷ്യർ മൗനികളാകുന്നു

‘ഇറ്റ്ഫോക്കി’ൽ അവതരിപ്പിച്ച ഇറ്റാലിയൻ നാടകമായ ‘അല്ലേ ആർമി' യിൽ നാലഞ്ചു മനുഷ്യകഥാപാത്രങ്ങളേക്കാൾ സന്നിഹിതമായിരിക്കുന്നത് വസ്തുക്കളാണ്. നാടകത്തിലെ പ്രോപ്പർട്ടീസ് എന്ന നില വിട്ട് അവയൊക്കെ ധാരാളം സംസാരിക്കുന്നു.

‘ഇറ്റ്ഫോക്കി’ലെ ‘വേൾഡ് തിയേറ്റർ’ വിഭാഗത്തിൽ ഇറ്റാലിയിലെ തിയേറ്റ്രോ മെറ്റാസ്റ്റാസിയോ ഡി പ്രാറ്റോ കമ്പനി 2023-ൽ നിർമിച്ച് റിക്കാഡോ റീയ്ന സംവിധാനം ചെയ്ത നാടകമാണ് 'അല്ലേ ആർമി'. അല്ലേ ആർമി എന്ന ഇറ്റാലിയൻ വാക്കിന്റെ അർത്ഥം 'ആയുധങ്ങളിലേക്ക്', 'സൈന്യത്തിലേക്ക്' എന്നൊക്കെയാണ്. പേര് എങ്ങനെയും മനസ്സിലാക്കാൻ സംവിധായകൻ നമുക്ക് സ്വാതന്ത്ര്യം തരുന്നു. നാടകത്തിൽ സംഭാഷണങ്ങൾ ഒഴിവായത്, അവിടം നമുക്കായി ഒഴിച്ചിട്ടതുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നുണ്ട്. മറ്റുള്ളവർക്ക് ഇടം കൊടുക്കുംതോറും ലോകത്ത് യുദ്ധം കുറഞ്ഞുകൊണ്ടിരിക്കും എന്നൊരർത്ഥവുമുണ്ടതിന്.

‘അല്ലേ ആർമി' എന്ന ഇറ്റാലിയൻ നാടകത്തിൽ നാലഞ്ചു മനുഷ്യകഥാപാത്രങ്ങളേക്കാൾ സന്നിഹിതമായിരിക്കുന്നത് വസ്തുക്കളാണ്. നാടകത്തിലെ പ്രോപ്പർട്ടീസ് എന്ന നില വിട്ട് അവയൊക്കെ ധാരാളം സംസാരിക്കുന്നു. മനുഷ്യർ കണ്ടുപിടിച്ച ആയുധങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ മനുഷ്യർ മൗനികളാകുന്നതുപോലെയാണത്. നാടകത്തിൽ പലപ്പോഴും മനുഷ്യർ വസ്തുക്കളെ കൈകാര്യം ചെയ്യുന്നതിനേക്കാൾ വേദിയിലെ വസ്തുക്കൾ മനുഷ്യരെ നിർണയിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യാറുണ്ട്.

അല്ലേ ആർമി / ഫോട്ടോ: മുഹമ്മദ് ഹനാൻ

ഒരേ വസ്തുക്കൾ തന്നെ 'അല്ലേ ആർമി'യിൽ പല രൂപങ്ങളിൽ വരുന്നുണ്ട്. തൃശ്ശൂർ സംഗീത നാടക അക്കാദമിയിലെ വിസ്താരമുള്ള വേദിയാണ് ‘ആക്റ്റർ മുരളി തിയേറ്റർ’. വേദി നിറഞ്ഞു നിൽക്കുന്ന മൂന്ന് റാക്കുകളെ തെളിച്ചുകാട്ടിക്കൊണ്ടാണ് വെളിച്ചം വരുന്നത്. ഒരു ഹൈപ്പർ മാർക്കറ്റാണത്. ആദ്യ രംഗത്തിൽ പ്ലാസ്റ്റിക് റ്റോയ് ബ്ലോക്കുകളാണ് തട്ടുകളിൽ ഏറെയും നിറഞ്ഞിരിക്കുന്നത്. പിന്നെയുള്ളത് അർത്ഥവും നിരർത്ഥവും അനർത്ഥവുമായി ശൂലങ്ങൾ, അമ്പും വില്ലും, ചില ശില്പങ്ങൾ അങ്ങനെ. നാടകാന്ത്യത്തിൽ സാങ്കേതിക മികവുള്ള തോക്കുകളും മിസൈലുകളും നിറഞ്ഞതായി അതേ റാക്കുകൾ മാറുന്നു. യുദ്ധം കൊണ്ട് നേട്ടമുള്ളവർ ഹൈപ്പർ മാർക്കറ്റിലെ റാക്കുകളിലും നമ്മുടെ മനസ്സുകളിലും ആയുധങ്ങൾ നിറയ്ക്കുന്നതാവാം. മനുഷ്യരിലും മനുഷ്യർ ചേർന്നുണ്ടാക്കുന്ന രൂപങ്ങളിലിലും മറഞ്ഞു നിൽക്കുന്ന അല്ലെങ്കിൽ മറച്ചു വയ്ക്കപ്പെട്ട യുദ്ധതാൽപര്യങ്ങൾ വെളിവായി വരുന്നതുമാവാം.

പല ദേശവേഷധാരികളായവർ ആയുധക്കമ്പോളത്തിൽ താളാത്മകമായി പണപ്പെട്ടികൾ കൈമാറുന്നത് നാടകത്തിൽ നമുക്കു മുന്നിൽ തന്നെയാണ്.

വസ്തുക്കൾക്കും നാലഞ്ചു കഥാപാത്രങ്ങൾക്കും പുറമെ റാക്ക് തട്ടുകൾക്ക് മുകളിലായുള്ള നീണ്ട എൽ ഇ ഡി സ്‌ക്രീനിൽ അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ധാര വലത്തു നിന്നിടത്തൊട്ടൊഴുകുന്നുണ്ട്. ലോകം ആയുധങ്ങൾക്കുവേണ്ടി ചെലവഴിക്കുന്ന തുകകളുടെ ഒഴുക്കാണത്. കൊല്ലാനും കത്തിക്കാനും മാത്രം കൊള്ളാവുന്ന ആയുധങ്ങളുടെ ഗവേഷണം, വികസനം, നിർമാണം, വാങ്ങൽ എന്നിവയ്ക്ക് ചെലവഴിക്കുന്ന ഈ തുകകളുടെ ചില ശതമാനങ്ങൾ കൊണ്ട് മുഴുവൻ ലോക മനുഷ്യർക്കും ആഹാരം, ചികിത്സ, വിദ്യാഭ്യാസം, യാത്ര, ആഗോളതാപനം, വിനോദം തുടങ്ങിയവയ്ക്ക് പരിഹാരമുണ്ടാക്കാം. പക്ഷേ അതിന്റെ കണക്കുകൾ കൂട്ടാനുള്ള കാൽകുലേറ്റർ റീയ്‌ന നമുക്ക് വിട്ടുതരുന്നു. മനുഷ്യർ എന്ന വിചിത്ര ജീവിവർഗത്തെ പറ്റി നാടകം ചോദ്യപ്പെടുന്നു.

പല ദേശവേഷധാരികളായവർ ആയുധക്കമ്പോളത്തിൽ താളാത്മകമായി പണപ്പെട്ടികൾ കൈമാറുന്നത് നാടകത്തിൽ നമുക്കു മുന്നിൽ തന്നെയാണ്. ആയുധവിലയായോ വാങ്ങുന്നതിനുള്ള ഇനാമായോ പല രാജ്യക്കാരുടെ കൈകളിലൂടെ കടന്നുപോകുന്നത് ഒരേ പണപ്പെട്ടി. ഒരേ പണപ്പെട്ടി തന്നെയാവുന്നത് വേദിയുടെ സാങ്കേതിക സൗകര്യം പ്രമാണിച്ചല്ല എന്നും ഇവിടെയൊരർത്ഥമുണ്ട്. ഈ ഇറ്റാലിയൻ നാടകക്കാർക്ക് മറ്റൊരു രാജ്യത്തുവന്ന് യുദ്ധ വാണിജ്യത്തിലേർപ്പെടുന്ന സ്വരാജ്യത്തെ വിമർശിക്കാൻ വിഷമമില്ല. രണ്ടാം ലോക യുദ്ധം വരെ ഇറ്റലിക്ക് യുദ്ധബാധയുണ്ടായിരുന്നെങ്കിലും ഇന്ന് ആ രാജ്യത്തിന് യുദ്ധപരിപാടികൾ സ്വന്തം നിലയിൽതീരെയില്ല. എങ്കിലും അവർ ഗവേഷണം നടത്തി ഏറ്റവും പുതിയ ആയുധങ്ങൾ നിർമിക്കുന്നു. വിറ്റു ലാഭമുണ്ടാക്കാനല്ലാതെന്തിനിത് എന്ന് ചൂണ്ടുന്നു, നാടകം.

അയലത്തോ ദൂരെയോ യാതൊരു ശത്രുക്കളുമില്ലാത്ത രാജ്യമാണ് സ്വീഡൻ. മനുഷ്യർ മാമൂലുകളൊഴിഞ്ഞ് സമാധാനത്തോടെ, താരതമ്യേന അവകാശ തുല്യതയോടെ, ഏറ്റവും സന്തോഷത്തോടെ കഴിയുന്ന നാലഞ്ചു രാജ്യങ്ങളിലൊന്ന്. അത്യാവശ്യം വേണമെങ്കിൽ ഒരു പട്ടാളമൊക്കെ ആവാം എന്നതിലധികമായി വൻ ഗവേഷണത്തിലൂടെ പുത്തൻ പുത്തൻ ആയുധങ്ങളൊന്നും കണ്ടുപിടിക്കേണ്ട ഒരാവശ്യവും സ്വന്തമായി സ്വീഡനില്ല. എന്നാലവരത് ചെയ്യുന്നു. എന്തിന്?

പരമാവധി ആളെക്കൊല്ലിയായ പീരങ്കികളും യുദ്ധക്കോപ്പുകളുമുണ്ടാക്കി പുറംലോകത്ത് വിറ്റു പണമുണ്ടാക്കുന്ന കോർപ്പറേറ്റുകളുടെ രാജ്യവുമാണത്. ലോകമാപ്പിലെ വരകളിൽ തന്നെ അമേരിക്കയുടെ സാമ്രാജ്യക്കൊതി നമുക്കു കാണാം. റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ് എന്നിവരും യുദ്ധോദ്യമങ്ങളിലൂടെ തങ്ങളുടെ പ്രഭാവം പ്രകാശിപ്പിക്കാറുണ്ട്. ഈ രാജ്യങ്ങളുടെ നിലയും പ്രവണതയും കൊണ്ട് അവർക്ക് ആയുധ ഗവേഷണം അല്ലെങ്കിൽ യുദ്ധ ഗവേഷണമുണ്ട്. പുതിയ തലമുറ ആയുധങ്ങൾ കണ്ടെത്തുമ്പോൾ ഇവർ മുൻ തലമുറ ആയുധങ്ങൾമോഹവിലയ്ക്ക് മോഹമുള്ള രാജ്യങ്ങൾക്ക് വിറ്റു കാശാക്കുന്നത് കച്ചവടയുക്തിയിൽ സ്വാഭാവികം. ഇറ്റലിയ്ക്കും സ്വീഡനുമൊക്കെയാവട്ടെ, നേരിട്ടുള്ള യുദ്ധ പദ്ധതിയൊന്നുമില്ലാത്തത് കൊണ്ട് ഗവേഷണപ്പുതുമയോടെയും വിൽക്കാം. അല്ലേ ആർമിയിലെ ഹൈപ്പർ മാർക്കറ്റ് അന്തർദേശീയ ആയുധക്കമ്പോളമാണ്.

വിറ്റഴിക്കാനായി ഉല്പന്നമുണ്ടാക്കിയാൽ വിപണനവും വേണ്ടിവരും. ഉപഭോക്താക്കളെ സ്വാധീനിക്കലാണല്ലോ മാർക്കറ്റിങ്. ആയുധ, യുദ്ധ സങ്കേതങ്ങൾ കുറവായ രാജ്യങ്ങൾ തമ്മിൽ പോര് പറയിക്കുക, പോരന്തരീക്ഷമൊരുക്കുക, പോരൊരുക്കുക, ആയുധം വാങ്ങാൻ തീരുമാനമെടുക്കാൻ കഴിയുന്ന നേതാക്കളെയും പട്ടാള ജനറൽമാരെയും രസിപ്പിക്കുക ഒക്കെ മാർക്കറ്റിങ്.

യുദ്ധമുണ്ടായാൽ ആയുധ മൂലധനത്തിന് സന്തോഷമാണെങ്കിലും ഇതര മൂലധനങ്ങൾക്ക് പ്രശ്‌നമുണ്ട്. മറ്റെല്ലാ ഉല്പന്നങ്ങളുടെയും വില്പന ഇടിയും. ഭരണകൂടങ്ങളും ജനങ്ങളും ദരിദ്രരാകും. അതുകൊണ്ട് കഴിവതും യുദ്ധം വേണ്ട, യുദ്ധാസന്നത മതി. യുദ്ധഭീതിയുണ്ടാക്കിയാൽ ആയുധം വാങ്ങേണ്ടി വരും. യുദ്ധം സംഭവിക്കാത്തതുകൊണ്ട് മറ്റു കച്ചവടങ്ങൾ പൊളിയില്ല. ആയുധങ്ങൾ വില്ക്കാം, കൺസ്യൂമർ ഉല്പന്നങ്ങളും വില്ക്കാം. വാങ്ങുന്ന രാജ്യാധികാരികൾക്ക് യുദ്ധവോട്ടും കിട്ടും. ആ കാശും വേണമെന്നുള്ള മാധ്യമങ്ങൾക്ക് യുദ്ധഹരമിളക്കി കച്ചവടം കൂട്ടാം. ജനങ്ങൾക്ക് മാത്രമേ പോകൂ. പട്ടാള വേഷമിട്ട് ഇടയ്ക്കിടെ കാണികൾക്ക് നേരെയും അല്ലേ ആർമിയിലെ പേരിടാത്ത കഥാപാത്രങ്ങൾ തോക്കിന്റെ ഉന്നം പിടിക്കുന്നുണ്ട്. പരിശീലനം പോലെയേ തോന്നൂ.

Ricardo Reina, Photo: Jelena Kontić

ഷെൽഫിലെ ഏറ്റവും പുതിയ മിസൈലും തോക്കുമൊക്കെ ആദ്യം കയ്യടക്കുന്നതാര് എന്നു മത്സരിക്കുന്ന വാങ്ങൽക്കാരെയും അല്ലേ ആർമി കാട്ടുന്നുണ്ട്. അവരുടെ ചലനങ്ങളിലെ ഗോഷ്ടി കണ്ട് നമ്മൾ ചിരിക്കും, കരയും. അല്ലേ ആർമിയിലെ കഥാപാത്രങ്ങൾക്കും വേദിവസ്തുക്കൾക്കും നേരിയ ഹാസഭാവമോ സംഗരഹിതഭാവമോ ആണ് താളത്തിലുള്ള അവരുടെ ചലനങ്ങളിൽ കാണുക. അതവരുടെ കല. വേദിയിൽ കാണുന്നവ ഭാവനാവസ്തുക്കൾ തന്നെയോ?

കളിപ്പാട്ട ബ്ലോക്കുകൾ അഴിച്ചും കൂട്ടിയും അവയുടെ നിഴലുകൾ കൊണ്ടും പഴയ സെപ്റ്റംബർ 11-ലെ ഇരട്ട മാളികകളെയും പറന്നുവരുന്ന വിമാനങ്ങളെയും റീയ്‌നയും കൂട്ടരുമുണ്ടാക്കുന്നു. മരുപ്പറമ്പുകളിലെ ടാങ്കുകൾ, വെടിവെപ്പുകൾ ഒന്നുമവർ കുറയ്ക്കുന്നില്ല. വേദിയിൽ കുഞ്ഞു തട്ടുവേദി വേറെയും പിന്നെ സ്‌ക്രീനും. പിന്നെ, നേരത്തെ പറഞ്ഞ മുകളിലെ സ്ട്രിപ് സ്‌ക്രീനുമൊക്കെ വന്നുപോകുന്നു. കലയിൽ മികവുള്ളതുകൊണ്ട് എല്ലാം ഒന്നിനോടൊന്ന് മിണ്ടി നിൽക്കുന്നു. എല്ലാം ചേർന്ന് വേദിക്കു ചുറ്റുമായി എല്ലാ ദിക്കിലും കിടക്കുന്ന മനുഷ്യനിസ്സഹായതയെ, വേദനയെ വേദിയിലേക്കെത്തിക്കുന്നു. അകത്തോ പുറത്തോ നാടകം?

റോബിന്‍ ഓള്‍ഡ് / Photo: Wikimedia Commons

അമേരിക്കൻ സൈന്യത്തിൽ പൈലറ്റായിരിക്കെ രണ്ടാം ലോകയുദ്ധത്തിലും വിയറ്റ്‌നാം യുദ്ധത്തിലുമായി 17 യുദ്ധങ്ങളിൽ ബോംബുകളിട്ട് ബ്രിഗേഡിയർ ജനറലായി വിരമിച്ച റോബിൻ ഓൾഡ്‌സ് യുദ്ധത്തെ കുറിച്ച്, 'വയസ്സന്മാർ യുദ്ധം തീരുമാനിച്ചു പ്രഖ്യാപിക്കുന്നു. പക്ഷേ ചെറുപ്പക്കാരാണ് പോരാടേണ്ടതും മരിക്കേണ്ടതും’ എന്നു പറഞ്ഞിട്ടുണ്ട്.

'അല്ലൽ പൂണ്ടിങ്ങനെ ഞങ്ങൾ കേഴുന്നതി-
ലില്ലയോ ഖേദം ചെറുതു നിന്മാനസേ?
കല്ലുകൊണ്ടോ മനം താവകമാകില-
ക്കല്ലിനുമാർദ്രതയുണ്ടിതുകാണുമ്പോൾ'
എന്ന് യുദ്ധശേഷഭൂമിയിൽ കൃഷ്ണനോട് ഗാന്ധാരി സങ്കടാമർഷങ്ങൾ ചൊല്ലുന്നതായി എഴുത്തച്ഛൻ.

Comments