‘ശുദ്ധ മദ്ദളം’: പൊളി​ച്ചെഴുതുന്ന നാടകാവതരണവും ആഖ്യാനവും

"നടനം' എത്ര വലിയൊരു സാധ്യതയാണെന്നതിന്റെ മികച്ച ഉദാഹരണമാണ് അമൽ രാജ്ദേവും രാജേഷ് ശർമയും അവതരിപ്പിക്കുന്ന ശുദ്ധമദ്ദളം എന്ന ഏകാങ്ക നാടകം.

"നാടകവേദി ലോകത്തെ വ്യാഖ്യാനിക്കുന്നവരുടേതല്ല, ലോകക്രമങ്ങളെ മാറ്റി മറിക്കുന്ന തത്വജ്ഞാനികളുടെതാണ്" - ബെർതോർഡ് ബ്രെഹ്ത്

നുഷ്യന്റെ ഉള്ളിലെ വികാരവിചാരങ്ങളെ തന്മയത്വത്തോടുകൂടി ആഖ്യാനിക്കുന്ന ദൃശ്യശ്രവ്യ കലാരൂപമെന്ന നിലയിലും പ്രേക്ഷകരുമായി നേരിട്ടുള്ള സംവാദനശക്തി കൊണ്ടും വളരെ പെട്ടെന്ന് ജനകീയമായ കലയാണ് നാടകം അഥവാ തിയേറ്റർ. അതത് കാലങ്ങളിലൂടെ സഞ്ചരിച്ച് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള രംഗാവതരണങ്ങൾ പൊതുവെ നാടകങ്ങളിൽ കാണാം. ദുരന്ത നാടകം, ആക്ഷേപഹാസ്യ നാടകം, ശുഭാന്ത്യ നാടകം എന്നിങ്ങനെ ഗ്രീക്ക് നാടക വിഭജനങ്ങളുണ്ട്. അവയെല്ലാം മിത്തുകളെയോ സാഹിത്യ സൃഷ്ടിയെയോ ആഖ്യാനിക്കാനാണ് രൂപം കൊണ്ടതെങ്കിൽ, കേരളത്തിൽ വികസന മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടാണ് ആദ്യകാലങ്ങളിൽ നാടകങ്ങൾ വളരെയേറെ ഇടപെടലുകൾ നടത്തിയിട്ടുള്ളത്. സ്വാതന്ത്ര്യം, ചൂഷണം, സാമൂഹ്യ പരിഷ്കരണം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾക്ക് നേരെ വിരൽ ചൂണ്ടാനും ജനങ്ങളെ ഉദ്ബോധരാക്കാനും നാടകങ്ങൾ വഹിച്ച പങ്ക് വലുതാണ്. ആൾമാറാട്ടം, പാട്ടബാക്കി, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നിങ്ങനെ വിവിധ നാടകങ്ങൾ കേരളത്തിലെ സാമൂഹ്യ പരിധോവസ്ഥകളെ മാറ്റി ചിന്തിപ്പിച്ചിട്ടുണ്ട്.

ശുദ്ധമദ്ദളം - ഒരു സ്വതന്ത്ര ആവിഷ്കാരം

"നടനം' എത്ര വലിയൊരു സാധ്യതയാണെന്നതിന്റെ മികച്ച ഉദാഹരണമാണ് അമൽ രാജ്ദേവും രാജേഷ് ശർമയും അവതരിപ്പിക്കുന്ന ശുദ്ധമദ്ദളം എന്ന ഏകാങ്ക നാടകം.

ജീവിതാസക്തിയുള്ള അപരിചിതരായ രണ്ടു മനുഷ്യർ മരണമെന്ന ഒരേ സ്വപ്നവുമായി കണ്ടുമുട്ടുന്നതാണ് ശുദ്ധമദ്ദളം നാടകത്തിന്റെ കഥാതന്തു. 1998ൽ എൻ. എൻ. പിള്ള എഴുതിയ നാടകമാണ് ഈ രണ്ട് കഥാപാത്രങ്ങളിലൂടെ പി. ജെ. ഉണ്ണികൃഷ്ണൻ രംഗത്തെത്തിക്കുന്നത്. കേരള കലാമണ്ഡലത്തിന് സമീപം ഭാരതപ്പുഴയ്ക്ക് മുകളിലുള്ള റെയിൽപ്പാലത്തിൽ ഒരു രാത്രി രണ്ടുപേർ കണ്ടുമുട്ടുന്നു. നാടകത്തിലുടനീളം കാണുന്ന ഇരുട്ട്, ജലം, യാത്ര തുടങ്ങിയ മൂന്ന് ബിംബങ്ങളിലും അവർ ആഗ്രഹിക്കുന്ന മരണത്തെ കാണാം. കലങ്ങിയൊഴുകുന്ന പുഴയുടെ കയത്തിലേക്ക് ചാടി തന്നെ പുഴ വിഴുങ്ങുന്നതാണ് ഒരാൾ മുന്നിൽ കാണുന്നതെങ്കിൽ, കൈയ്യിൽ കരുതിയ വിഷം കഴിച്ചുള്ള മരണമാണ് മറ്റേയാളുടെ സ്വപ്നം. എന്നാൽ ആത്മഹത്യ ചെയ്യാനെത്തിയ ഒരു ഭർത്താവിന്റെയും കാമുകന്റെയും തുറന്നുപറച്ചിലുകളും സംവാദവും പ്രേക്ഷകനെ സ്വയം ചോദ്യങ്ങളുടെ കയത്തിലേക്ക് ഊളയിടീക്കുന്നു.

രാജേഷ് ശർമയ്ക്കും അമൽ രാജ്‌ദേവിനുമൊപ്പം ലേഖിക

സാമ്പ്രദായിക നാടകസങ്കേതങ്ങളിൽ നിന്ന് വിഭിന്നമായി ആശയസംവേദനത്തിന് പുതിയ മാർഗ്ഗങ്ങൾ ആവിഷ്കരിക്കുന്ന പരീക്ഷണ നാടകവേദി കണക്കെ ഏറെ പുതുമ നിറഞ്ഞ അവതരണമാണ് ശുദ്ധമദ്ദളത്തിന്റേത്. മൂലകൃതിയിലുണ്ടായിരുന്ന പല നിലപാടുകളെയും കാലത്തിനനുസൃതമായി (political correctness) മാറ്റങ്ങൾ വരുത്തിയാണ് ശുദ്ധമദ്ദളം ഇന്ന് രംഗത്തെത്തുന്നത്. ഈ പൊളിച്ചെഴുത്തിൽ ജനാധിപത്യം, ആണധികാരം, സ്വാർത്ഥത മുതലായവയിലേക്ക് നമ്മുടെ ചിന്തകളെ ഉടക്കി ചേർക്കുന്നുണ്ട് നാടകം. "നീയെപ്പോഴെങ്കിലും നിന്റെ ഭാര്യയെ ജനാധിപത്യപരമായി സ്നേഹിച്ചിട്ടുണ്ടോ?’ എന്ന ചോദ്യം ആണധികാര ഗർവിൽ നടക്കുന്ന മുഴുവൻ പുരുഷന്മാർക്കും നേരെയുള്ള ചോദ്യമാണ്. മനുഷ്യന്റെയുള്ളിലെ സ്വാർത്ഥതയേയും ധാർഷ്ട്യത്തേയും വിയോജിപ്പിന്റെ സ്വരങ്ങളായി ഈ നടന്മാരിൽ സന്നിവേശിപ്പിക്കപ്പെടുന്നു. സ്വാർത്ഥതയുടെ ചുഴി തങ്ങളെ മുക്കി കൊല്ലാൻ പാകത്തിൽ കടന്നുവരുമെന്നും എന്നാൽ അതും നമ്മൾ ആഗ്രഹിക്കുന്ന വിധമാകണമെന്ന ശാഠ്യവും നാടകം പറയുന്നുണ്ട്.

"അരങ്ങിൽ സൃഷ്ടിക്കപ്പെടുന്ന സർഗാത്മകതയുടെ ലോകങ്ങൾക്ക് അതിരുകളില്ല. അത് മാനവികതയുടെയും സ്‌നേഹത്തിന്റെയും സഹിഷ്‌ണുതയുടെയും ലോകങ്ങളെയാണ് പ്രകാശിപ്പിക്കുന്നത്'- ക്യൂബൻ നാടക സൈദ്ധാന്തികനും അധ്യാപകനുമായ പ്രൊഫ. കാർലോസ് സെലിഡ്രൺ കുറിച്ച ഈ വാക്കുകൾ അന്വർത്തമാക്കും വിധമാണ് ശുദ്ധമദ്ദളം നാടകത്തെ അമൽ രാജ്ദേവും രാജേഷ് ശർമ്മയും മറ്റൊരു ദിശയിലൂടെയുള്ള ചിന്താമണ്ഡലത്തെ വരച്ചു കാണിക്കുന്നത്. അതിരുകളില്ലാത്ത മാനവികതയുടെ ലോകമാണ് നാടകമെന്ന് വീണ്ടും സാക്ഷ്യപ്പെടുത്തുകയാണവർ. മുൻവിധികളിൽ മുങ്ങിപ്പോകുന്ന ജീവിതവുമായാണ് കഥാപാത്രങ്ങൾ മരണത്തിലേക്ക് നടന്നടുക്കുന്നത്. എന്നാൽ രണ്ട് പേർ തമ്മിലുണ്ടാകുന്ന സംസാരത്തിൽ തന്നെ സ്വയം ഉള്ളിലേക്ക് നോക്കാൻ പാകത്തിൽ ഇവർ പ്രാപ്തി നേടുന്നു. അതുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകൾ എതിർ ദിശയിലായിരുന്നുവെന്ന ബോധ്യത്തോടെ ആ അപരിചിതർ പൂർണ പൂരിതങ്ങളായ മനുഷ്യരായി മാറുന്ന സ്‌നേഹത്തിന്റെ ഊർജമാണ് പ്രേക്ഷകന് മുന്നിൽ നാടകം തുറന്നിടുന്നത്.

നാടകത്തിൽ ശരീരഭാഷയുടെ പ്രാധാന്യം

കഥാപാത്രങ്ങളുടെ ചലനം, പ്രത്യേകിച്ച് ശരീര ചലനങ്ങൾ, ആംഗ്യം, മുഖഭാവം എന്നിവ നാടകത്തിലെ ആശയവിനിമയ സങ്കേതങ്ങളാണ്. വാക്കുകൾക്കൊപ്പമോ അതിലധികമോ ഇത്തരം നോൺ വെർബൽ കമ്മ്യുണികേഷൻ അരങ്ങിനെ പ്രേക്ഷകനിലേക്ക് തളച്ചിടുന്നു. ശുദ്ധമദ്ദളത്തിൽ പിന്നണിയിലെ അച്ചടക്കമുള്ള താളം, ഇടവേളകൾ, വെളിച്ച സംവിധാനങ്ങൾ എന്നതിനപ്പുറം ശരീരം കൊണ്ട് നാടകമെന്ന രംഗകലയെ കവിതയാക്കി മാറ്റും വിധമാണ് അമൽ രാജിന്റെയും രാജേഷ് ശർമയുടേയും നടനം. അവർ ചിരിക്കുമ്പോൾ നമ്മൾ ചിരിക്കുകയും കരയുമ്പോൾ നമ്മളും കരഞ്ഞു പോകുന്ന, പൊതുബോധത്തിനുനേരെ ഒരായിരം ചോദ്യങ്ങളുന്നയിക്കുന്ന, ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്നുകൊണ്ട് ഉറക്കെ ജനാധിപത്യമാവശ്യപ്പെടുന്ന, ഉള്ളിലൊരു കിടുക്കം നിലനിർത്തിയ വിസ്മയമായി പ്രേക്ഷകരിൽ നാടകം നിലകൊള്ളുന്നതും അതുകൊണ്ടാണ്. പരസ്പര പൂരിതങ്ങളായ ആഖ്യാനഭാഷയുടെ മൂർത്ത രൂപങ്ങളായി അവർ വേദിയിൽ അനുഭവസാക്ഷ്യങ്ങളാകുമ്പോൾ കാണികളും അവർക്കൊപ്പം വൈകാരികമായ ഹൃദയകവിതയെഴുതുന്നത് കാണാം. ജീവിതത്തിനും മരണത്തിനുമിടയിലെ സംഘട്ടനങ്ങൾക്കിടെ നിശ്ശബ്ദതയും ശുദ്ധമദ്ദളം നാടകത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. കാഫ്കയുടെയും വെബ്സ്റ്ററിന്റെയും കലകളോടുള്ള സമീപനം പോലെ വ്യക്തമായ രൂപകമായും ചിഹ്നമായും ശുദ്ധമദ്ദളം നാടകത്തിന് ആശയങ്ങളെ തുറന്ന് വെക്കാൻ സാധിക്കുന്നുണ്ട്.

നാല് വശങ്ങളിലും പ്രേക്ഷകരെ ഇരുത്തി അതേ നിലയിൽ നടുക്ക് നിന്നാണ് നാടകം കളിക്കുന്നത്. ഇതിനെ പശ്ചാത്യ തിയറ്ററുകളിൽ അരീന സ്റ്റേജ് അഥവാ സെൻട്രൽ സ്റ്റേജ് എന്ന് പറയും. ചതുരാകൃതിയിൽ സ്പോർട്സ് ഇൻഡോർ സ്റ്റേഡിയം പോലെ തോന്നിപ്പിച്ചേക്കാം. കഥാപാത്രങ്ങളും കാണികളുമായി ഒട്ടും അകലത്തിലല്ലാത്ത സംവേദനാത്മകത ഇതിലൂടെ സാധ്യമാകുന്നു. ശരീരഭാഷയുടെ ഏറ്റവും മികച്ച കാഴ്ചകൾ സാധ്യമാകുന്നതും ഈ അന്തരമില്ലായ്മയാണ്.

ആത്മഹത്യയെന്ന തീരുമാനത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള അവരുടെ മടങ്ങി പോക്ക് ആശയവിനിമയത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്. ഒന്ന് സംസാരിച്ചാൽ തീരാവുന്ന വേദനകൾ നാടകം കാണുന്നവരുടെ കണ്മുന്നിൽ മരണങ്ങളായി ആർത്തട്ടഹസിച്ച് പരിഹസിച്ചു. മരണത്തിൽ നിന്ന് കഥാപാത്രങ്ങൾ പരസ്പരം കൈപിടിച്ച് കയറ്റുന്നത് വ്യക്തിബന്ധങ്ങളുടെ ആഴങ്ങളിലേക്കും സൗഹൃദത്തിന്റെ സമാനതകളില്ലാത്ത ചേർത്തു പിടിക്കലുകളിലേക്കുമാണ്. മൂലകൃതിയിൽ നിന്ന് തികച്ചും വ്യത്യസ്തമായി ഭൂമിക്കും ആകാശത്തിനുമിടയിലെ ആ റെയിൽപാലത്തിൽ വെച്ച് ജീവിതം തന്നെയാണ് ലഹരിയെന്ന സത്യം തിരിച്ചറിയുന്നത്തോടെ, ശങ്കരമാരാരുടെ ശുദ്ധമദ്ദളത്തിന്റെ ധ്വനി അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുന്നു എന്നതാണ് പൊളിച്ചെഴുത്തിലെ നാടകാന്ത്യം. എന്നാൽ ഉയർന്നു പോകുന്നത് മനുഷ്യന്റെയുള്ളിലെ സ്വാർത്ഥതയും പുരുഷാധിപത്യവും ഏകാന്തതയുമാണെന്ന് വരികൾക്കിടയിലൂടെ പ്രേക്ഷകർക്ക് കാണാം.

സിനിമ, സീരിയൽ, നാടകം എന്നിങ്ങനെ വിവിധ അഭിനയ മേഖലകളിലെ നിറ സാന്നിധ്യമാണ് രാജേഷ് ശർമയും അമൽ രാജ്ദേവും. എന്നാൽ ശുദ്ധമദ്ദളത്തിൽ അവർ അഭിനയിച്ചില്ല, ജീവിക്കുകയായിരുന്നു. കഠിനാധ്വാനവും അഭിനയ പ്രാഗല്ഭ്യവും അവരുടെ ശരീരഭാഷയിൽ വ്യക്തമാണ്. ഒരു കാവ്യമെന്നത് പോലെ രുചിക്കാവുന്നത്. സമകാലിക ലോകത്തെ നിരന്തര പ്രതിസന്ധികളിലും കാലിക പ്രസക്തിയുള്ള ഈ ശുഭാന്ത്യ നാടകം പ്രേക്ഷകരിൽ ഏറെ പ്രതീക്ഷയുണർത്തുന്നു.

Comments