An Unidentified Body
അഥവാ ജോസ് ചിറമ്മൽ

കേരളത്തിന്റെ നാടക ചരിത്രത്തിൽ സ്വന്തം നിലപാടുകൾ കൊണ്ട് സ്വീകരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്ത ജോസ് ചിറമ്മൽ മരിച്ചിട്ട് ഇന്ന് 19 വർഷം തികയുന്നു- ശ്യാം സോർബ അദ്ദേഹത്തെ ഓർക്കുന്നു.

2006 സെപ്റ്റംബർ 17. വഴിയരികിൽ കിടന്ന ഒരു ശരീരത്തെ തൊട്ടടുത്ത കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് പോലീസ് ഇങ്ങനെ രേഖപ്പെടുത്തി: ‘Unidentified Body’ അഥവാ ‘തിരിച്ചറിയപ്പെടാത്ത പ്രേതം’.

ഒരു കാലഘട്ടം മുഴുവൻ മലയാള നാടകവേദിയെ അമരത്തുനിന്ന് തുഴഞ്ഞ, സാംസ്കാരിക കേരളത്തിലെ ഒരു നാടകപ്രതിഭയുടെ അവസാനം അതിലേറെ നാടകീയമായി. ഒരുപക്ഷെ അതിനു മുമ്പോ പിമ്പോ കാണാത്ത 'Anti Climax'.

കേരളത്തിന്റെ നാടക ചരിത്രത്തിൽ സ്വന്തം നിലപാടുകളും വ്യക്തിത്വവും കൊണ്ട് സ്വീകരിക്കപ്പെടുകയോ തള്ളപ്പെടുകയോ ഒക്കെ ചെയ്ത മനുഷ്യനാണ് ജോസ് ചിറമ്മൽ.

ഇന്ന് സെപ്റ്റംബർ 17, വഴിയരികിൽ അനാഥ പ്രേതമായി ഒരു മനുഷ്യനെ കണ്ടുകിട്ടിയതിന്റെ 19ാം ആണ്ട്.

അദ്ദേഹത്തിന്റെ നാടകങ്ങൾ കേവല വിനോദങ്ങൾ മാത്രമായിരുന്നില്ല. അത് എല്ലായ്പോഴും സമൂഹത്തെ ചിന്തിപ്പിക്കുന്ന സാമൂഹിക രേഖകളായിരുന്നു. സാധാരണക്കാരുടെ വാക്കുകൾ അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ ഉച്ചരിക്കപ്പെടുമ്പോൾ, വേദിയുടെ മുന്നിലിരിക്കുന്ന പ്രേക്ഷകർക്ക് തങ്ങളുടെ തന്നെ ജീവിതകാഴ്ചകളുടെ പ്രതിഫലനം അവിടെ കാണാൻ കഴിഞ്ഞിരുന്നു. നാടകത്തെ സാഹിത്യപാഠത്തിന്റെ അടിമയായി കാണാതെ, സംവിധായകരുടെ കാഴ്ചപ്പാടിൽ വിഘടിപ്പിക്കാവുന്ന കലാരൂപമായി മലയാളികൾക്ക് കാണിച്ചുതന്നത് ജോസ് ചിറമ്മലാണ്. അതുകൊണ്ടുതന്നെ, മലയാള നാടകത്തിന്റെ ഏറ്റവും ശക്തനായ സംവിധായകൻ എന്ന് അ​ദ്ദേഹത്തെ നിസ്സംശയം വിശേഷിപ്പിക്കാം.

ജോസ് ചിറമ്മൽ എന്ന നാടകക്കാരന്റെ ഏക രാഷ്ട്രീയവും മതവും നാടകമായിരുന്നു.
ജോസ് ചിറമ്മൽ എന്ന നാടകക്കാരന്റെ ഏക രാഷ്ട്രീയവും മതവും നാടകമായിരുന്നു.

മലയാളി ഏറ്റവും തീവ്രമായി അനുഭവിച്ച തെരുവുനാടകത്തിന്റെ ജനകീയമായ രൂപഭാഷ അദ്ദേഹം തന്നെയാണ് സൃഷ്ടിച്ചത്. ജനങ്ങളോട് നേരിട്ട് സംസാരിക്കുന്ന രാഷ്ട്രീയ-സാമൂഹിക കലാരൂപമെന്ന നിലയിൽ തെരുവുനാടകത്തെ അദ്ദേഹം മലയാളികൾക്ക് പരിചയപ്പെടുത്തി.

ജോസ് ചിറമ്മൽ എന്ന നാടകക്കാരന്റെ ഏക രാഷ്ട്രീയവും മതവും നാടകമായിരുന്നു. "കലാപ്രവർത്തകൻ = അനാർക്കിസ്റ്റ്" എന്ന പൊതുധാരണക്കെതിരെ, ജീവിതത്തോട് ആത്മാർഥമായ അടുപ്പത്തോടെ ജീവിച്ച ഒരാളായിരുന്നു അദ്ദേഹം.

‘റൂട്ട്’ എന്ന തന്റെ പ്രസ്ഥാനത്തിലൂടെ മലയാള നാടകവേദിക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതായിരുന്നു. ഭോമയും, ആക്ട് വിത്തൗട്ട് വേഡ്സും, പാലവും ഉൾപ്പെടെ രംഗാവിഷ്‌കാരങ്ങളുടെ നവഭാവുകത്വം മലയാള നാടകവേദിയിലേക്കാനയിച്ചത് ജോസ് ആയിരുന്നു.

സമൂഹത്തിലെ അനീതിക്കെതിരെ സംസാരിക്കാനും കലയുടെ ശക്തിയിലൂടെ മാറ്റങ്ങൾ സൃഷ്ടിക്കാനും കഴിയും എന്ന വിശ്വാസം എക്കാലവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ കേരളത്തിലെ ജനനാടക പ്രസ്ഥാനങ്ങളുടെ അടിത്തറയായി മാറി. ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ചിരുന്ന സാംസ്കാരിക പാലമായിരുന്നു ജോസ് ചിറമേൽ.

 "കലാപ്രവർത്തകൻ = അനാർക്കിസ്റ്റ്" എന്ന പൊതുധാരണക്കെതിരെ, ജീവിതത്തോട് ആത്മാർഥമായ അടുപ്പത്തോടെ ജീവിച്ച ഒരാളായിരുന്നു അദ്ദേഹം.
"കലാപ്രവർത്തകൻ = അനാർക്കിസ്റ്റ്" എന്ന പൊതുധാരണക്കെതിരെ, ജീവിതത്തോട് ആത്മാർഥമായ അടുപ്പത്തോടെ ജീവിച്ച ഒരാളായിരുന്നു അദ്ദേഹം.

1991 മുതൽ 1996 വരെ ഫോർഡ് ഫൗണ്ടേഷൻ സഹായത്തോടെ നടന്ന തിയറ്റർ ലബോറട്ടറി പ്രോജക്ട് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ഗ്രാമീണ തലങ്ങളിൽ പരിശീലനം നേടിയ അഭിനേതാക്കളെ വളർത്തി നാടകത്തിന് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ തിരിച്ചടികൾ ഏറെ ശക്തമായി ആ മനുഷ്യനെ കീഴ്പ്പെടുത്തി. ജീവിതത്തിന്റെ അവസാനഘട്ടം കലാപരമായ നിരാശകളും സാമ്പത്തിക പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. കുടുംബജീവിതത്തിലെ തകർച്ചയും, വിമർശനങ്ങളും ജോസ് ചിറമ്മൽ എന്ന മനുഷ്യനെ എഴുന്നേൽക്കാൻ കഴിയാത്ത വിധം തളർത്തി. പക്ഷെ അവസാന പുൽക്കൊടിയിലും പ്രതീക്ഷ കണ്ടെത്തുന്ന നാടകക്കാരൻ, തന്റെ അവസാന നാളിൽ വീണ്ടും നാടകം ചെയ്തു. ജോസ് ചിറമേൽ എന്ന സംവിധായകൻ ഇവിടെയുണ്ട് എന്ന് ലോകത്തോട് വിളിച്ചു കൂവി. പക്ഷെ, 2006 സെപ്റ്റംബർ 17-ന് തൃശ്ശൂർ-കോഴിക്കോട് ഹൈവേയ്ക്കരികിൽ, മൃതശരീരമായി, ‘അജ്ഞാതപ്രേത’മായി ആ ജീവിതം അവസാനിച്ചു. എന്ന് പോലീസ് രേഖപ്പെടുത്തിയപ്പോൾ, മലയാള നാടകവേദിക്ക് നഷ്ടമായത് മനുഷ്യരുടെ മനസ്സറിഞ്ഞ നാടകക്കാരനെയായിരുന്നു.
(വിവരങ്ങൾക്ക് കടപ്പാട്: രേണു രാമനാഥ്)


Summary: Jose Chirammal, who was both accepted and criticized for his stances in Kerala's theater history, Shyam Zorba remembers.


ശ്യാം സോർബ

തിയേറ്റർ ആർട്ടിസ്റ്റ്, ആക്റ്റിങ് ട്രെയ്നർ, റാഞ്ചിയിലെ ജാർക്കണ്ഡ് സെൻ​ട്രൽ യൂണിവേഴ്സിറ്റിയിൽ റിസർച്ച് സ്കോളർ.

Comments