എല്ലാ വർഷവും അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ തുടങ്ങി ആവലാതികളുടെ പെരുമഴയിൽ അവസാനിക്കുന്നതാണ് നാടക പ്രവർത്തകരും കാണികളും ഗൗരവത്തോടെ ചർച്ചചെയ്യുന്ന കേരളത്തിന്റെ സ്വന്തം ITFoK. എന്നാൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ ഉത്തരവാദപ്പെട്ട എല്ലാവരും കേരളത്തിന്റെ അഭിമാനം എന്നൊക്കെ മൈക്ക് കിട്ടിയാൽ വിളിച്ചുകൂവുകയും, പേന കിട്ടിയാൽ എഴുതിത്തള്ളുകയും ചെയ്യുന്ന അന്താരാഷ്ട്ര നാടകോത്സവത്തോട് അവർക്ക് ഓരോരുത്തർക്കും എന്ത് പ്രതിബദ്ധത, എത്ര ആത്മാർഥത എന്ന് അന്വേഷിച്ചു പോയാൽ നമുക്ക് നമ്മോടു തന്നെ പുച്ഛവും പരിഹാസവും തോന്നും.
പതിച്ചുകിട്ടുന്ന സ്ഥാനത്തിന്റെ ബലത്തിൽ, അധികാരത്തിന്റെ മുഷ്‌ക്കിൽ എന്തും പറയാം പ്രവർത്തിക്കാം, ആരും ചോദിക്കാനുണ്ടാവില്ല, ഇനി ചോദിക്കാൻ വന്നാലും ഞങ്ങൾക്കിഷ്ടമുള്ളത് മാത്രമേ ചെയ്യൂ എന്നൊരു മനോഭാവമാണ് കുറച്ചുനാളായി കേരള സംഗീത നാടക അക്കാദമി ഭരണനേതൃത്വത്തിൽ നിന്ന് പുറത്തേക്ക് കൊടുക്കുന്ന സന്ദേശം. ജനാധിപത്യം എന്ന വാക്ക് ഇടയ്ക്കിടയ്ക്ക് അനൗൺസ് ചെയ്യുന്നവർ തീരെ ജനാധിപത്യപരമല്ലാത്ത രീതികൾ കഴിയാവുന്ന എല്ലായിടങ്ങളിലും അവലംബിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഫെസ്റ്റിവലിലും കണ്ടത്.
17 വർഷം പൂർത്തീകരിച്ച് 16 എഡിഷനുകളുമായി നിൽക്കുന്ന ഒരു അന്തർദേശീയ ഫെസ്റ്റിവലിന് മൂട് ഉറച്ചിട്ടില്ല എന്ന് പറയുന്നതിലെ വൈരുദ്ധ്യം ഒരുപക്ഷേ അതിശയകരമായി തോന്നാം. അതിശയം അല്ല, അതാണ് സത്യം.
കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത ഗതികേടിൽ നടത്തുന്ന ഒരു വഴിപാട് ഉത്സവത്തിന് പ്രശ്നങ്ങൾ ഏറെയാണ്. നടത്താൻ ബാധ്യതപ്പെട്ടവർക്ക് ഇഷ്ടമില്ലാതെ ചെയ്യുന്ന പ്രവർത്തി എന്ന തരത്തിൽ തട്ടിക്കൂട്ടി ഒപ്പിച്ചുപോവുക എന്നതിനപ്പുറം ആത്മാർത്ഥതയുടെ കണിക ലെവലേശം പോലുമില്ല ഈ അഭ്യാസത്തിന്.
പക്ഷേ കാര്യങ്ങൾ അങ്ങനെയാണെങ്കിലും, അരങ്ങിൽ എത്തിക്കഴിഞ്ഞാൽ അഭിനേതാക്കൾ അഭിനയിച്ചു ഫലിപ്പിക്കുക എന്ന ഒറ്റക്കർമ്മത്തിൽ ഫോക്കസ് ചെയ്യുന്നതുപോലെയാണ് അക്കാദമി ഭരണാധികാരികളുടെ പെരുമാറ്റം. തീരെ സത്യസന്ധതയില്ലാതെ അഭിനയിച്ചു തള്ളി മറിക്കുന്നതിൽ, എല്ലാം ഗംഭീരം എന്ന് സ്വയം പറഞ്ഞ്, അവാർഡ് തനിക്കുതന്നെ പ്രഖ്യാപിക്കുന്നതിൽ സുഖം കണ്ടെത്തുന്ന കാഴ്ച വലിയ വൃത്തികേടാണ്. കലാ ഇടപെടലുകൾക്കും അത് സംഭവിക്കുന്ന സ്ഥലത്തിനും ഒട്ടും ചേരാത്ത അൺ ഹൈജീനിക്കായ കാഴ്ചയും അനുഭവവുമാണ് അത് പ്രദാനം ചെയ്യുന്നത്.
നാടകം അവതരിപ്പിക്കാനുള്ള ഭൗതിക സാഹചര്യങ്ങളും, നാടക തിരഞ്ഞെടുപ്പുകളും, കാണികൾക്കുള്ള സൗകര്യങ്ങളും എന്നു തുടങ്ങി, ഒരു ഫെസ്റ്റിവലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പോരായ്മകളും ബാലാരിഷ്ടതയും നിലനിൽക്കുമ്പോഴും 'ഇതുവരെ ഇതുപോലെ ഒരു ഫെസ്റ്റിവൽ ഉണ്ടായിട്ടില്ല, തന്റെ കാലമാണ് സുവർണ്ണ കാലം' എന്ന് പറഞ്ഞുകൊണ്ടിരിക്കാൻ ഒട്ടും ഉളുപ്പില്ലാത്ത ഭരണാധികാരികളാൽ നയിച്ച പതിനാറാം എഡിഷൻ അവസാനിക്കുമ്പോൾ ബാക്കിയാവുന്നത് ശുദ്ധ ശൂന്യതയാണ്.

കരിവെള്ളൂർ മുരളി ഇതുപോലെ ഒരു കലാസ്ഥാപനത്തെ നയിക്കാൻ ഒട്ടും യോഗ്യനല്ല എന്നു പറഞ്ഞാൽ അദ്ദേഹത്തിന്റെ ആരാധകർ എന്നെ ചിലപ്പോൾ തല്ലിക്കൊല്ലും. ആകട്ടെ. ഒരു അന്തർദ്ദേശീയ കലാഇടപെടലിന് എങ്ങനെ ഏതു രീതിയിൽ നേതൃത്വം കൊടുക്കണം എന്നറിയുമായിരുന്നെങ്കിൽ ഈ ഭരണസമിതിയുടെ കാലാവധിയിൽ നടന്ന നാല് ഫെസ്റ്റിവലുകളിൽ ഏതെങ്കിലും ഒരു കാര്യത്തിൽ ഒരടി മുന്നോട്ടു പോകുവാനുള്ള ശ്രമം ഉണ്ടാകുമായിരുന്നു. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ പേരിൽ രേഖപ്പെടുത്തപ്പെടുമായിരുന്നു.
പണം മുടക്കി വഴിപാട് നടത്തിയ സന്തോഷത്തിൽ അതിന്റെ ഫലം തനിക്ക് കിട്ടുമെന്ന് സ്വപ്നം കണ്ട് ഉറങ്ങുന്ന ആളുകളെ യാഥാർത്ഥ്യത്തിന്റെ ഭൂമികയിലേക്ക് ഉണർത്തേണ്ട ആവശ്യമുണ്ട്. പണം എത്ര തുച്ചമാണെങ്കിലും അത് പൊതുജനത്തിന്റേതാണല്ലോ.
ഭീഷണിയുടെയും അരക്ഷിതാവസ്ഥയുടെയും നിഴലിൽ ഔദാര്യം പോലെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിനെക്കുറിച്ച് വിമർശനങ്ങൾ ഉണ്ടാകുമ്പോൾ അക്കാദമി അധികാരികൾക്ക് അസഹനിയത ഉണ്ടാകുന്നത് അവരുടെ പക്ഷത്തുനിന്നാലോചിക്കുമ്പോൾ ശരിയാണ്.
17 വർഷം പൂർത്തീകരിച്ച് 16 എഡിഷനുകളുമായി നിൽക്കുന്ന ഒരു അന്തർദേശീയ ഫെസ്റ്റിവലിന് മൂട് ഉറച്ചിട്ടില്ല എന്ന് പറയുന്നതിലെ വൈരുദ്ധ്യം ഒരുപക്ഷേ അതിശയകരമായി തോന്നാം. അതിശയം അല്ല, അതാണ് സത്യം. ആഴത്തിൽ എന്നത് പോകട്ടെ, ഒരു നേരിയ വേര് മുളയ്ക്കാൻ പോലും സാഹചര്യം ഉണ്ടായില്ല, ആരും ഒരുക്കിയില്ല എന്നതാണ് യാഥാർഥ്യം. ഇടയ്ക്ക് രണ്ടു തവണ ഞെരിച്ച് കളയാനും ശ്രമമുണ്ടായി. ഓരോ പ്രാവശ്യവും പുതിയ ചെടി നട്ട് മൂന്നു മാസം വെള്ളം കോരി അത് അവിടെ ഉപേക്ഷിച്ചുപോകുകയാണ്. അടുത്ത സീസണിൽ സമയമടുക്കുമ്പോൾ ഗതികേടിന്റെ മൂർദ്ധന്യത്തിൽ അക്കാദമി വളരെ ഉപരിപ്ലവമായി ഉണങ്ങാനുള്ള ചെടി നടാൻ വീണ്ടും ഇറങ്ങുന്നു. ഇതാണ് 16ാം എഡിഷന്റെ ചരിത്രം.
17-ന്റെ വിധിയും മറ്റൊന്നാവില്ല. എപ്പോൾ വേണമെങ്കിലും അക്കാദമി അധികാരികൾ വിചാരിച്ചാൽ നിർത്താൻ കഴിയുന്ന ഒന്നാണ് ഇറ്റ്ഫോക്ക് എന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്.
ഒരിക്കലും വളരാനും വികസിക്കാനും പടരാനും പന്തലിക്കാനും ഇറ്റ്ഫോക്കിന് കഴിയാതെ പോകുന്നത് അതിന്റെ അസ്തിത്വപ്രശ്നം കൊണ്ടു തന്നെയാണ്. ഭീഷണിയുടെയും അരക്ഷിതാവസ്ഥയുടെയും നിഴലിൽ ഔദാര്യം പോലെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിനെക്കുറിച്ച് വിമർശനങ്ങൾ ഉണ്ടാകുമ്പോൾ അക്കാദമി അധികാരികൾക്ക് അസഹനിയത ഉണ്ടാകുന്നത് അവരുടെ പക്ഷത്തുനിന്നാലോചിക്കുമ്പോൾ ശരിയാണ്. നാടകവും നാടകപ്രവർത്തകരും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരും ചോദ്യങ്ങൾ ഇല്ലാതെ ഔദാര്യങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടവരുമാണെന്ന മനോഭാവത്തിന് അടിവരയിടുകയാണ് അക്കാദമിയുടെ അവസാന ഭരണകർത്താക്കൾ.
'ഞങ്ങൾ' ഇത് നടത്തുന്നതു കൊണ്ടല്ലേ 'ഞങ്ങൾക്ക്’ ഇതൊക്കെ കേൾക്കേണ്ടിവരുന്നത് എന്ന മട്ടിൽ വ്യക്തിപരമായും ഗ്രൂപ്പായും ധിക്കാരപരവുമായ പ്രതികരണങ്ങളും മറുപടികളും പുറപ്പെടുവിക്കുന്നത് ' ഇത് ഞങ്ങളുടെ ഔദാര്യമാണ്' എന്ന മനോഭാവം അവരിൽ നിലനിൽക്കുന്നത് കൊണ്ടാണ്.
തട്ടിക്കൂട്ട് സംഘാടനം
ഇറ്റ്ഫോക്ക് ഒരു സർക്കാർ പദ്ധതിയായി പ്രഖ്യാപനം ഉണ്ടാവുക എന്നതാണ് അതിന്റെ അസ്തിത്വത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ആശങ്കകൾക്കുള്ള പരിഹാരം. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം വരുന്നു: അക്കാദമി നടത്തുന്ന ഈ ഫെസ്റ്റിവൽ സർക്കാർ പദ്ധതിയല്ലേ എന്ന്? അക്കാദമികളുടെ പ്രവർത്തനവും സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ പ്രവർത്തനവും ധനവകുപ്പിന്റെ പ്രഖ്യാപനങ്ങളും അതിന്റെ മാനദണ്ഡങ്ങളും വ്യത്യാസങ്ങളും നോക്കി മനസ്സിലാക്കിയാൽ ഇതിനുള്ള ഉത്തരം കിട്ടും.
കേരള സർക്കാരിന്റെ സ്ഥിരം സാംസ്കാരിക പദ്ധതികളുടെ ലിസ്റ്റിൽ ഇറ്റ്ഫോക്ക് ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം ഇതിനുള്ള മറുപടി നൽകും. 2008 മുതൽ നാല് സർക്കാരുകളുടെ കാലത്തിലൂടെ യാണ് തട്ടിയും മുട്ടിയും, കരഞ്ഞും കാലുപിടിച്ചും ഇറ്റ്ഫോക്ക് പിച്ചവച്ചുകൊണ്ടിരിക്കുന്നത്. വാർഷിക കലണ്ടറിൽ ഇടം നേടാനും ഇറ്റ്ഫോക്കിനായി ബജറ്റിൽ പ്രത്യേകം ഫണ്ട് അനുവദിക്കാനും 17 വർഷവും ഒരു സർക്കാരും സ്വമേധയാ ശ്രമിച്ചില്ല, ബന്ധപ്പെട്ടവർ ആരും അതിന് സമ്മർദ്ദം ചെലുത്തിയില്ല എന്നുതുമാണ് നഗ്നമായ സത്യം.
നാടകം കാണാൻ വരുന്നവരും നാടകക്കാരും ഇതൊന്നുമറിയാതെ, ഇതിവിടെ വേരുപിടിച്ച സംഗതിയാണ് എന്ന മട്ടിലാണ് വിമർശനങ്ങളും, തിരുത്തലുകളും, നിർദ്ദേശങ്ങളും എല്ലാ വർഷവും മുന്നോട്ടുവച്ചുകൊണ്ടേയിരിക്കുന്നത്. സത്യത്തിൽ ഓരോ വർഷവും ഇത് അവസാനിക്കുന്നത് അടുത്തവർഷം ഉണ്ടാകും എന്നതിന് യാതൊരു ഗ്യാരണ്ടിയും ഇല്ലാതെയാണ്.
വഴിപാട് സെലക്ഷനും
ഒരു ക്യുറേഷൻ കമ്മിറ്റിയും
ഗുണപരമായ നടത്തിപ്പ് ഒട്ടും ലക്ഷ്യം വയ്ക്കാതെ സംഘടിപ്പിച്ചതാണ് 16- മത് എഡിഷൻ. എങ്ങനെയെങ്കിലും ഒന്ന് നടത്തി അവസാനിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് സംഘാടകരെ നയിച്ചത് എന്ന് ഓരോന്നായി വിലയിരുത്തുമ്പോൾ മനസ്സിലാകും.
ഒരു സാധാരണ ഫെസ്റ്റിവലിൽ പോലും തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയില്ലാത്ത പല നാടകങ്ങളും സെലക്റ്റഡ് ലിസ്റ്റിൽ എങ്ങനെ വന്നുപെട്ടു? ഇത്തവണത്തെ തെരഞ്ഞെടുപ്പ് വേണ്ടത്ര ശ്രദ്ധയില്ലാതെ നടന്നതാണോ എന്നു പോലും ചിന്തിപ്പിക്കുന്നതായിരുന്നു ലിസ്റ്റ്. 23 നാടകങ്ങളിൽ നാലോ അഞ്ചോ എണ്ണം മാത്രമാണ് മികച്ച നിലവാരം പുലർത്തിയത്. ദേശീയ സെലക്ഷനിൽ ഒന്നുപോലും ആസ്വാദനത്തിന്റെ ഊർജ്ജപരിധിയിൽ വന്നില്ല എന്നത് എന്തുകൊണ്ടാകും? മാത്രമല്ല, ഏറ്റവും കൂടുതൽ പങ്കാളിത്തം ബോംബെയിൽ (മഹാരാഷ്ട്ര) നിന്നുള്ള നാടകങ്ങളുടേതായത് എങ്ങനെയാണ്?
മികച്ച നാടകങ്ങൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നില്ലാത്തതു കൊണ്ടാണോ? അതോ ഫാഷിസ്റ്റ് കാലത്ത് ഇന്ത്യയിലെ ആർട്ടിസ്റ്റുകൾ നാടകം ചെയ്യുന്നത് നിർത്തിയോ? അതോ നമുക്ക് സ്വീകാര്യമല്ലാത്ത തരത്തിൽ സംഘഅജണ്ടകൾക്ക് അനുസരിച്ച് സബ്ജക്ടും ട്രീറ്റ്മെന്റും മാറ്റിയോ? എന്റെ അഭിപ്രായം ഇതൊന്നുമല്ല എന്നുതന്നെ ആണ്. തട്ടിക്കൂട്ടുന്ന ഒരു ഫെസ്റ്റിവലിൽ മാനദണ്ഡങ്ങളോ രാഷ്ട്രീയ നിലപാടുകളോ കലാപരമായ ഔന്നത്യമോ പാലിക്കണം എന്ന് നിർബന്ധം ആർക്കും ഇല്ലാത്തതാണ് അതിന്റെ കാരണം. അതിന്റെ ഉത്തരവാദിത്വം പുറമേ നിന്നുള്ള ആരുടേതും അല്ല, അക്കാദമി ഭരണസമിതിയുടെതാണ്.

പരിമിതികളിൽ നിന്നുകൊണ്ടുമാത്രം നടത്തുന്ന ഒരു ഫെസ്റ്റിവലിന് എന്തിനാണ് ഇങ്ങനെ ഒരു ബ്രഹത്തായ തിരഞ്ഞെടുപ്പ് കമ്മറ്റി? അഞ്ചുപേരുള്ള ക്യുറേറ്റർ കമ്മിറ്റിയും പോരാഞ്ഞ് രണ്ടുപേരെ കൂടി സെലക്ഷൻ കമ്മിറ്റി എന്ന പേരിൽ ഉൾപ്പെടുത്തിയത് എന്തിനാണ്? പണമില്ലാത്ത, ഭൗതിക സാഹചര്യങ്ങൾ ഒട്ടും മെച്ചമല്ലാത്ത, ക്രിട്ടിക്കൽ സ്റ്റേജിൽ കിടക്കുന്ന ഒരു ഫെസ്റ്റിവലിൽ ഏത് കമ്മറ്റിയെ വെച്ചാലും അതിനെ മോണിറ്റർ ചെയ്യാൻ പ്രാപ്തരായ ആളുകളില്ലാതെ പോയാൽ അതിന്റെ റിസൾട്ട് പ്രഡിക്റ്റ് ചെയ്യാൻ പറ്റാതെയാകും. അതുതന്നെയാണ് ഇവിടെ സംഭവിച്ചത്.
ഒരു ഫെസ്റ്റിവൽ, കേവലം അതിലേക്ക് അപേക്ഷിക്കുന്നവർ സമർപ്പിക്കുന്ന വീഡിയോ കണ്ട്, അതിൽ നിന്നുള്ള തിരഞ്ഞെടുപ്പുകൾ മാത്രം ഉൾപ്പെടുത്തി നടത്തുന്നത്, വെറും വഴിപാടാണ്. അയച്ചുകിട്ടിയ നാടകങ്ങൾക്കിടയിൽ ഫെസ്റ്റിവലിന്റെ സ്റ്റാൻഡേർഡ് ഉയർത്താൻ, നിലനിർത്താൻ കഴിയുന്ന നാടകങ്ങൾ ഇല്ലെങ്കിൽ ലോകത്തും ഇന്ത്യയിലും അവതരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റ് നാടകങ്ങളെ കണ്ടെത്തി ക്ഷണിച്ച് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തേണ്ട ചുമതല ബന്ധപ്പെട്ട കമ്മറ്റികൾക്കുണ്ട്.
ഫെസ്റ്റിവൽ ഡയറക്ടറേറ്റ് / ക്യുറേറ്റർ കമ്മിറ്റി എന്നൊക്കെ വിശേഷിപ്പിക്കുന്ന ആർട്ടിസ്റ്റുകളുടെ സംഘത്തിന്റെ ചുമതല എന്താണ്? എന്തായിരുന്നു? കേവലം വീഡിയോ കണ്ട് ലിസ്റ്റ് നൽകൽ മാത്രമാണോ? യഥാർത്ഥത്തിൽ ക്യൂറേഷൻ നിർവഹിക്കാൻ അവർക്ക് അവസരം നൽകിയിട്ടില്ല, അവരുടെ നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞതാണോ എന്നതും വ്യക്തമല്ല.
'നന്മയിൽ ജോൺ കിഹോത്തെ':
നാടകവിരുദ്ധതയുടെ ബലിയാട്
ഒരു നാടക അവതരണത്തിന് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ നിഷേധിച്ചെന്ന പരാതി മുഖാമുഖം പരിപാടിയിൽ ഉയർന്നുകേട്ട ഫെസ്റ്റിവൽ കൂടിയാണിത്. നാടകസംഘം വിശദീകരിക്കുന്നതു കേട്ടാൽ അക്കാദമി, ഈ സംഘത്തോട് വൈരാഗ്യബുദ്ധിയോടുകൂടി പെരുമാറി എന്നാണ് മനസ്സിലാകുന്നത്. നാടകം അപേക്ഷിക്കുമ്പോൾ സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് അത് തിരഞ്ഞെടുക്കുന്നത്. അവതരണസ്ഥലം, വേദി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആ സംഘത്തോട് കോംപ്രമൈസ് ചെയ്യാൻ ആവശ്യപ്പെടുന്നത് ഒരു ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ എത്തിക്സിന് ചേർന്നതല്ല. കടുത്ത കലാവിരുദ്ധതയും, ക്രിയേറ്റിവിറ്റിയെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും പുച്ഛിക്കുന്നതും നിരാകരിക്കുന്നതുമാണ് ആ നടപടി.
നാടകങ്ങൾ അവതരിപ്പിക്കാൻ അനുയോജ്യമായ എല്ലാം തികഞ്ഞ ഓഡിറ്റോറിയങ്ങൾ കേരളത്തിൽ ഇല്ല എന്ന 2008- ലെ അവസ്ഥയ്ക്ക് ഒരു മാറ്റവും 2026- ലും സംഭവിച്ചിട്ടില്ല. കെ.ടി. മുഹമ്മദ് ഓഡിറ്റോറിയം മാത്രമാണ് കാണികൾക്ക് സുരക്ഷാ ഭീഷണിയില്ലാത്ത ഏക സ്ഥലം.
ഓപ്പൺ എയറിൽ ഡിസൈൻ ചെയ്ത 'നന്മയിൽ ജോൺ കിഹോത്തെ' നാടകം ഓഡിറ്റോറിയത്തിൽ കളിക്കാനാവശ്യപ്പെടുന്നു. അത് പറ്റില്ല എന്നു പറയുമ്പോൾ 'വെയ്റ്റിംഗ് ലിസ്റ്റിൽ അടുത്ത നാടകമുണ്ട് ' എന്ന മറുപടി ഉണ്ടാവുക, "ഞാനും നിങ്ങളും ഒപ്പുവച്ചാൽ മാത്രമേ അവതരണം നടക്കുകയുള്ളൂ" എന്ന് സെക്രട്ടറി ഭീഷണി മുഴക്കുക- ഇതൊക്കെ ബ്ലാക്മെയിലിങ്ങും ഗുണ്ടായിസവുമാണ്, കലാസ്ഥാപനത്തിന് ചേർന്നതല്ല.
ഒറ്റ ഷോ മാത്രമുള്ള ആ നാടകം പരമാവധി ആളുകൾക്ക് കാണണമെങ്കിൽ പാലസ് ഗ്രൗണ്ടിൽ വേദി ഒരുക്കുകയാണ് വേണ്ടിയിരുന്നത്. രാമനിലയത്തിലെ ഇടുങ്ങിയ സ്ഥലത്ത് കളിക്കാൻ നിർബന്ധിച്ച് അവരുടെ പ്രാഥമിക ആവശ്യം നിഷേധിച്ചതിനുപുറമേ മറ്റ് സാങ്കേതിക സഹായങ്ങൾ പരമാവധി വൈകിപ്പിച്ച്, ടീമിന്റെ മുഴുവൻ മനോവീര്യം കെടുത്തുന്ന നടപടിയാണ് സംഘാടകരിൽ നിന്നുണ്ടായത് എന്ന് നാടകസംഘം വിശദമാക്കി. ഓരോ വേദിക്കും സ്റ്റേജ് മാനേജർമാരും അവർക്ക് അസിസ്റ്റന്റുമാരും എല്ലാ സെക്ഷനിലും നിരവധി സഹായികളെയും നിയോഗിച്ചിട്ടുള്ള ഒരു ഫെസ്റ്റിവലിൽ ഇതെങ്ങനെ സാധ്യമാകും? എവിടെ നിന്നോ ഒരു നിർദ്ദേശമില്ലാതെ ഇത്രയും നിരുത്തരവാദം ആരും കാണിക്കാൻ ധൈര്യപ്പെടില്ല.
നാടകദിവസം പകൽ മുഴുവൻ അതേ കോമ്പൗണ്ടിലുള്ള കൂത്തമ്പലത്തിൽ ചർച്ചകളും വൈകീട്ട് അഞ്ചു മണി മുതൽ സിനിമാപ്രദർശനവും. ഏഴു മണിമുതൽ മുരളി തിയേറ്ററിൽ നാടകവും. ഇടത്തും വലത്തും പരിപാടികൾ നടക്കുന്നതുമൂലം മൈക്ക് ടെസ്റ്റ് പോലും ചെയ്യാൻ കഴിയാതെ, ഒരു ടെക്നിക്കൽ റൺ നടത്താൻ കഴിയാതെ, ഒരു സംഘത്തിന് ഫൈനൽ പെർഫോമൻസ് നടത്തേണ്ടി വന്നു എന്ന അവസ്ഥ നാടകത്തെ സംബന്ധിച്ച്, 16 എഡിഷൻ കഴിഞ്ഞ ഫെസ്റ്റിവലിനെ സംബന്ധിച്ച് ചെറിയ കാര്യമല്ല. ക്ഷമിക്കാവുന്നതുമല്ല.

ദുരന്തം ക്ഷണിച്ചു വരുത്തുന്ന
പ്രാകൃത പ്രദർശനശാലകൾ
നാടകങ്ങൾ അവതരിപ്പിക്കാൻ അനുയോജ്യമായ എല്ലാം തികഞ്ഞ ഓഡിറ്റോറിയങ്ങൾ കേരളത്തിൽ ഇല്ല എന്ന 2008- ലെ അവസ്ഥയ്ക്ക് ഒരു മാറ്റവും 2026- ലും സംഭവിച്ചിട്ടില്ല. കെ.ടി. മുഹമ്മദ് ഓഡിറ്റോറിയം മാത്രമാണ് കാണികൾക്ക് സുരക്ഷാ ഭീഷണിയില്ലാത്ത ഏക സ്ഥലം. മുരളി തീയറ്ററും, ബ്ലാക്ക് ബോക്സും താൽക്കാലിക സംവിധാനങ്ങളാണ്. കെട്ടിടം ഉൾപ്പെടെ നാടകം നടക്കുന്ന സ്ഥലത്തിനാവശ്യമായ സുരക്ഷാ സംവിധാനങ്ങൾ പാലിയ്ക്കുന്നുണ്ടോ എന്ന കാര്യം ഒരു വശത്ത് നിൽക്കുമ്പോൾ, കാണികളെ സംബന്ധിച്ച് ഈ രണ്ടു സ്ഥലത്തും നാടകം കാണുക എന്നത് ശാരീരിക ക്ലേശങ്ങൾ കൂടി ഉണ്ടാക്കുന്ന അത്യധ്വാനം നിറഞ്ഞ അഭ്യാസമാണ്.
മന്ത്രിമാർ അടക്കം ബഹുഭൂരിപക്ഷം ജനപ്രതിനിധികൾക്ക് പോലും ഈ ഫെസ്റ്റിവലിനെ കുറിച്ച് അറിവില്ല എന്നത് എത്ര ദയനീയമാണ്. ഈ ഒരു പശ്ചാത്തലം അക്കാദമിയിൽ മാറിമാറിവരുന്ന ഭരണസമിതിക്ക്, അവർക്ക് വേദമോതുന്ന ഉദ്യോഗസ്ഥ പ്രമാണിമാർക്ക് വലിയൊരു മറയാണ്.
ബാക്ക് സപ്പോർട്ടില്ലാത്ത, പ്രോപ്പർ ഫുട് റെസ്റ്റിന് ഇടമില്ലാത്ത, ശരീരം തീരെ ചലിപ്പിക്കാൻ കഴിയാത്ത തരത്തിൽ തിങ്ങിഞെരുങ്ങി ഇരിക്കാൻ ബാധ്യസ്ഥരാകുന്ന ഓഡിയൻസിന്റേത് ദയനീയാനുഭവമാണ്. ചൂടും വിയർപ്പും അസ്വസ്ഥതകളും നിറഞ്ഞ ഈ സാഹചര്യം അവഗണിച്ച് അനുഭവിക്കാനും കണ്ടിരിക്കാനും പ്രേരിപ്പിക്കുന്നതല്ല നാടകം എങ്കിൽ പിന്നെയും പ്രശ്നമാണ്. ബ്ളാക്ക് ബോക്സിൽ ഇറങ്ങിപ്പോരാൻ കഴിയാത്ത കുരുക്കിലാണ് കാണികൾ പെട്ടു പോകുന്നത്.
കെട്ടിടങ്ങൾക്ക് ലൈസൻസുണ്ടോ? കാണികൾക്ക് ഇൻഷുറൻസ് ലഭിക്കുമോ? ഒരു തീപിടുത്തമോ മറ്റെന്തെങ്കിലും അപകടമോ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കാണേണ്ടതുണ്ട്. എന്തെങ്കിലും ഫയർ ആൻഡ് സേഫ്റ്റി റെഗുലേഷനോടെ ആണോ ഇത്രയും പേരെ കുത്തിനിറയ്ക്കുന്നതെന്നും അറിഞ്ഞുകൂടാ. ഒരു ചെറിയ തീപ്പൊരിയിൽ നിന്ന് വലിയ സ്റ്റാമ്പേഡും മരണങ്ങളും ഉണ്ടായാൽ മാത്രമേ പഠിക്കൂ എന്ന നിലപാട് അപകടകരമാണ്.
ഇറ്റ്ഫോക്ക് സംവിധാനങ്ങൾ വളരുകയായിരുന്നെങ്കിൽ ഒരുപക്ഷേ ഇത്തരം കാര്യങ്ങളൊക്കെ ഇതിനകം പലതരത്തിൽ അഡ്രസ് ചെയ്യപ്പെടുമായിരുന്നു. റിസൾട്ട് ലക്ഷ്യമല്ലാത്ത വഴിപാട് നടത്തിപ്പിന് ഒന്നും പ്രശ്നമല്ല. ഇങ്ങനെ തട്ടിക്കൂട്ടിയ ഭൗതീക സാഹചര്യത്തിൽ എത്രനാൾ ഇങ്ങനെ ഒരു ഫെസ്റ്റിവലിന് മുന്നോട്ട് പോകാൻ കഴിയും?

വേണ്ടാത്ത ഒരു ഉത്സവം,
വയ്യാത്ത നടത്തിപ്പ്
ഇറ്റ്ഫോക്ക് അതിന്റെ അടിസ്ഥാന വിഭാവനം പോലെ പടർന്നു പന്തലിക്കാത്തത് പലതരം അവഗണനകൾ മൂലമാണ്. നാടകത്തോടുള്ള അടിസ്ഥാന സമീപനം തന്നെയാണ് പ്രശ്നം. 16 എഡിഷൻ നടന്നിട്ടും കേരളത്തിലെ സാംസ്കാരിക മേഖലയിൽ പോലും വേണ്ടത്ര പ്രചാരം നേടാൻ ഇറ്റ്ഫോക്കിനായിട്ടില്ല.
മന്ത്രിമാർ അടക്കം ബഹുഭൂരിപക്ഷം ജനപ്രതിനിധികൾക്ക് പോലും ഈ ഫെസ്റ്റിവലിനെ കുറിച്ച് അറിവില്ല എന്നത് എത്ര ദയനീയമാണ്. ഈ ഒരു പശ്ചാത്തലം അക്കാദമിയിൽ മാറിമാറിവരുന്ന ഭരണസമിതിക്ക്, അവർക്ക് വേദമോതുന്ന ഉദ്യോഗസ്ഥ പ്രമാണിമാർക്ക് വലിയൊരു മറയാണ്.
ഇറ്റ്ഫോക്ക് ക്യാൻസൽ ചെയ്ത് കഴിഞ്ഞ വർഷം അക്കാദമി നോട്ടീസിറക്കിയപ്പോൾ പ്രോഗ്രാം ഓഫീസർ പോലും ധിക്കാരത്തോടെ സംസാരിച്ചത് "ഞാൻ ഇറ്റ്ഫോക്ക് നടത്തുന്നതിന് എതിരാണ്, വർഷം മുഴുവനും അക്കാദമിക്ക് നാടകപരിപാടികൾ നടത്തേണ്ടിവരുന്നു" എന്നാണ്. അത്ഭുതമില്ല.
ഫണ്ടില്ല എന്ന കരച്ചിലാണ് എല്ലാത്തവണയും കാരണമായി കേൾക്കാറ്. എന്തുകൊണ്ടാണ് ഇവിടെ അന്താരാഷ്ട്ര നാടകോത്സവത്തിന് മാത്രം പണമില്ലാത്തത്? നിന്നനിൽപ്പിൽ 2025- ൽ കേരളീയവും വിവിധ കൾച്ചറൽ കോൺ ക്ലേവുകളും ഉൾപ്പെടെ സാംസ്കാരിക മേഖലയിൽ കോടികൾ ചെലവ് വരുന്ന എത്ര പരിപാടികളാണ് സർക്കാർ സംഘടിപ്പിച്ചത്? ആരും ആവശ്യപ്പെടാതെ ഇത്തവണത്തെ ബജറ്റിലും സ്ത്രീകളുടെ സിനിമാ നിർമ്മാണത്തിന് മൂന്നു കോടിയായിരുന്നത് ഏഴു കോടിയായി വർധിപ്പിച്ചു. അപ്പോൾ പണമില്ലായ്മ അല്ല, പണം ചെലവഴിക്കപ്പെടേണ്ടുന്ന ചില മേഖലകളോടും അതുല്പാദിപ്പിക്കുന്ന സാമൂഹ്യ അവബോധത്തോടുമുള്ള നിരാകരണമാണ് ഇറ്റ്ഫോക്ക് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
വരിയിൽ നിൽക്കുന്ന അച്ചടക്കമുള്ള മനുഷ്യരെ മാത്രം കണ്ട അത്ഭുതകരമായ നാടക ഫെസ്റ്റിവലായിരുന്നു 16-ാമത് എഡിഷൻ. കഴിഞ്ഞ വർഷം ആരംഭിച്ചതാണ് ഇറ്റ്ഫോക്കിൽ പോലീസ് fok സാന്നിധ്യം.
ഇറ്റ്ഫോക്കിന് കാണികൾ വേണോ?
വേണമെങ്കിൽ വന്നു കണ്ടിട്ട് പോ…
ഒരു ശതമാനം പോലും ഓഡിയൻസ് ഫ്രണ്ട്‌ലി അല്ലാത്ത, നടത്തിപ്പിൽ കാണികൾക്ക് യാതൊരു സൗകര്യങ്ങളും പരിഗണനയും നല്കാത്ത ഫെസ്റ്റിവലാണ് ഇറ്റ്ഫോക്ക് ഇന്ന്. ഒരു നാടകത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് സംഘാടകരും, നേരിട്ടെത്തുന്ന കാണികളും. ഇവർ തമ്മിൽ നിർമിക്കുന്ന പാലമാണ് വിജയരഹസ്യം. സംഘാടനം പൂർണ്ണതയിലെത്തിലെത്തുന്നത് കാണികളിലൂടെ, അവരുടെ സംതൃപ്തിയിലൂടെയാണ്.
പുതുതായി നാടകം കാണാൻ വരുന്നവർക്ക് ഒട്ടും പോസിറ്റീവായ അനുഭവമല്ല ഇറ്റ്ഫോക്കിൽ കിട്ടുന്നത്. മാസത്തിനു മുൻപ് ഓൺലൈനിൽ ടിക്കറ്റ് എടുത്തവർ അകത്ത് എത്തുമ്പോഴേക്കും ഓഡിറ്റോറിയം നിറഞ്ഞിരിക്കുന്ന കാഴ്ച നിരാശയുണ്ടാക്കുന്നതാണ്. നീണ്ട മണിക്കൂറുകൾ ക്യൂവിൽ നിൽക്കുന്ന മനുഷ്യർക്ക് ഒരു തണൽ ഒരുക്കാൻ പോലും സംഘാടന സംവിധാനങ്ങൾക്കായില്ല.
കാണികളെ പരിഗണനയിലും വിശ്വാസത്തിലും എടുക്കാത്ത ഫെസ്റ്റിവൽ വെറും സർക്കാർ വിലാസം ലേബലിൽ നിന്ന് ഒരടി മുന്നോട്ട് ചലിക്കുന്നില്ല. ‘വേണമെങ്കിൽ കണ്ടിട്ട് പോ’ എന്ന 'ഞണ്ണിട്ടു പോ' അധികാരി മനോഭാവം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നാടകപ്രവർത്തകരുടെ സാന്നിധ്യവും വളരെ കുറവായിരുന്നു.
16-ാം എഡിഷനിൽ എട്ടു ദിവസങ്ങളിലായി അഞ്ചു വേദികളിൽ 23 നാടകങ്ങൾ അവതരിപ്പിച്ചെങ്കിലും പരമാവധി ഒരു ദിവസം നാടകം കാണാൻ എത്തുന്നവരുടെ എണ്ണം 750 മാത്രമാണ്.
മുരളി തിയേറ്ററിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് കടക്കാൻ പറ്റുന്നത് - 750. സീറ്റിൽ അടുങ്ങി ഞെരുങ്ങിയും തറയിൽ ഉൾപ്പെടെ കുത്തി നിറച്ചും പരമാവധി ഉണ്ടാക്കാൻ പറ്റുന്ന കപ്പാസിറ്റിയാണിത്. ഈ 750 പേർ മാത്രമാണ് മറ്റ് സമയങ്ങളിൽ വിഭജിച്ച് ചെറിയ പ്രദർശനശാലകളിൽ കാണികളായി മാറുന്നത്. മുരളി തിയേറ്ററിലെ ഒരു നാടകത്തിന്റെ രണ്ട് ഷോകൾ പരിഗണിച്ചാൽ ഇറ്റ്ഫോക്കിലെ കാണികളുടെ പരമാവധി എണ്ണം 1500 ആണ്. പാലസ് ഗ്രൗണ്ടിലോ രാമനിലയത്തിലോ പെർഫോമൻസുകൾ ഉണ്ടാകുമ്പോഴും ഈ 1500 എന്ന കണക്കിന് അപ്പുറത്തേക്ക് പോകുന്നില്ല.

ഇറ്റ്ഫോക്ക് എന്ന
'പോലീസ് നാടക ഫെസ്റ്റിവൽ'
അച്ചടക്കവും നാടകവും ഇനിമേൽ മോരും മുതിരയുമല്ല. നാടകക്കാർ അരാജകവാദികളും അല്ല. അതിനുള്ള ക്രെഡിറ്റ് ഈ ഭരണസമിതിക്ക്, പ്രത്യേകിച്ച് സെക്രട്ടിക്കുള്ളതാണ്. വരിയിൽ നിൽക്കുന്ന അച്ചടക്കമുള്ള മനുഷ്യരെ മാത്രം കണ്ട അത്ഭുതകരമായ നാടക ഫെസ്റ്റിവലായിരുന്നു 16-ാമത് എഡിഷൻ. കഴിഞ്ഞ വർഷം ആരംഭിച്ചതാണ് ഇറ്റ്ഫോക്കിൽ പോലീസ് fok സാന്നിധ്യം. അതിനു മുന്നത്തെ വർഷം രാത്രി ആരോ അധികനേരം അവിടെ കലാകാരരർക്ക് പറഞ്ഞിട്ടില്ലാത്ത പാട്ടുപാടിയതിന്റെ പേരിൽ വിളിച്ചുവരുത്തിയ പോലീസ്, അവിടം പിന്നെ അക്രമകാരികളായ നാടകക്കാരെ ഭയപ്പെടുത്തി നിലയ്ക്കു നിർത്താൻ സ്ഥിരമാക്കി മാറ്റി.
അച്ചടക്കമുള്ള ഒരു ആസ്വാദക സമൂഹത്തെ പോലീസ് സഹോദരന്മാരെ ഉപയോഗിച്ച് നിർമ്മിക്കാനുള്ള അക്കാദമിയുടെ തീവ്രശ്രമം വിജയം കണ്ടു എന്നുവേണം കരുതാൻ. നാടകം കാണാൻ ഓഡിറ്റോറിയത്തിൽ സ്ഥലം കിട്ടിയില്ലെങ്കിലും പുറത്ത് ഫെസ്റ്റിവൽ തുടങ്ങി അവസാനിക്കും വരെ മാറിമാറി കലാകാരരും ആസ്വാദകരും പാട്ടും കൊട്ടുമായി ഉണ്ടാവുക ഇറ്റ്ഫോക്കിന്റെ പതിവായിരുന്നു. ആ അന്തരീക്ഷത്തിന് അത് നൽകിയിരുന്ന ഉത്സവഛായ ഇത്തവണ മിസ്സായി. 10 മണിയാകുമ്പോൾ കൃത്യമായി പിരിഞ്ഞുപോകാനുള്ള ആജ്ഞയും എല്ലാവരും പാലിച്ചു. എന്തിനു വെറുതെ പോലീസിനോട് എതിരിടണം അല്ലെ?
ഫാഷിസത്തിനെതിരെ ഉറച്ച പോരാട്ടം നടത്തുന്ന ഇടതുപക്ഷ പ്രതിനിധികൾ അക്കാദമി ഭരിക്കുമ്പോൾ നാടകത്തെയും നാടക പരിസരത്തെയും നാടക മനുഷ്യരെയും മൊത്തത്തിൽ നിർവീര്യരാക്കാനുള്ള ശ്രമം നടത്തിയത് വലിയ വൈരുദ്ധ്യമാണ്. അക്കാദമിയും ഭരണരീതിയിൽ ഫാഷിസമാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് ഓരോ സംഭവവും, നടപടിയും വെളിവാക്കുന്നു. ലോകമാകെ മനുഷ്യർ ഭയന്നും അവരവരിലേക്ക് ചുരുങ്ങിയും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ഇതുപോലെയുള്ള ഉത്സവപരിസരങ്ങൾ തുറവിക്കുള്ള ഇടമായി മാറുന്നില്ലെങ്കിൽ ഈ പദ്ധതി തന്നെ പരാജയമാണ്.
അധികാരം ആഘോഷിക്കുക, അധികാരികളുടെ സ്വസ്ഥതക്കും സമാധാനത്തിനും ഭംഗം വരുത്തുന്ന എല്ലാത്തിനെയും മുൻകൂട്ടി നിരോധിക്കുക, എതിരഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും പുല്ലു വില കൽപ്പിക്കുക എന്നിവയെല്ലാം കൃത്യമായി നടന്നിട്ടുണ്ട്. എതിര് പറയാത്ത, എഴുതാത്ത, ദൃശ്യപത്ര മാധ്യമങ്ങൾക്ക് അവസാനം അധികാരി വഹ അഭിനന്ദനങ്ങളും നൽകിയിട്ടുണ്ട്!
എല്ലാം സമ്പൂർണ്ണമല്ലേ?
