ഒരു ചെറിയ ഹാൾ. അവിടെ 5x8 അടികൾക്കുള്ളിലുള്ള ഒരു ദീർഘചതുരം. തൊട്ടടുത്ത് കാണികളാണ്. പെട്ടന്ന് ആ ദീർഘചതുരം അരങ്ങായി മാറുന്നു. ആ ദീർഘചതുരത്തിനുള്ളിൽ അഞ്ച് അഭിനേതാക്കൾ ആകാശത്തോളം വലുതാകുവാനും അടക്കയോളം ചെറുതാകുവാനും ശ്രമിക്കുന്നു. ഉടലിന്റെ സ്വത്വത്തെ അഭിനയംകൊണ്ട് മറച്ച് അവിടെ മണത്തെ രുചിയെ കൊതിയെ വസ്തുക്കളെ ഇടങ്ങളെ കഥാപാത്രങ്ങളെ സൃഷിടിക്കുന്ന അഭിനേതാക്കൾ. ജീവിതങ്ങളുടെ സാദൃശ്യങ്ങളെ തീയേറ്ററിക്കലായി അവതരിപ്പിച്ച നാടകം. കൃതിയുടെ അർത്ഥങ്ങളേയും ദൃശ്യങ്ങളെയും അഭിനേതാക്കൾ ശരീരഭാഷയാക്കി. ഈയടുത്തൊന്നും ഇത്ര രസകരമായി അഭിനേതാക്കൾ ഉടലുകൊണ്ട് അരങ്ങിൽ പ്രകൃതിയെ സൃഷ്ടിക്കുന്നത് കണ്ടിട്ടില്ല.
തൃപ്പൂണിത്തുറയിലെ ശാലത്വത്തിൽ ജൂൺ ഒന്നിന് കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Space of Act Theatre Collective നാടകസംഘം അവതരിപ്പിച്ച Beyond The Land Of Hattamala എന്ന പ്ലാറ്റ്‌ഫോം തീയേറ്റർ നാടകം കാണികളെ അരങ്ങിനോട് അടുപ്പിക്കുന്നു ഉടലിന്റെ ഭാഷകൊണ്ട്, കൃതിയുടെ അരങ്ങനുഭവം കൊണ്ട്, യുവ നാടകപ്രവർത്തകരുടെ കൂട്ടായ്മകൊണ്ട് സജീവമാകുന്ന നാടകം. മലയാളിക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നാടകകൃത്തും സംവിധായകനുമായ ബാദൽ സർക്കാർ എഴുതിയ ഈ നാടകം അജിത് ലാലിന്റെ സംവിധാനത്തിലാണ് അവതരിപ്പിച്ചത്.
ഷിബിലും ഗാർഗ്ഗിയും ഏലിയാസും കിഷോറും നിതിനുമാണ് ദീർഘ ചതുരത്തെ ഉടൽ ഭാഷകൊണ്ടും രംഗാനുഭവങ്ങൾകൊണ്ടും തകർക്കുന്ന മിടുക്കരായ യുവ അഭിനേതാക്കൾ. അവർ സ്വയം കഥാപാത്രങ്ങളായും രംഗവസ്‌തുക്കളായും അതിവേഗം മാറുന്നു. അവരുടെ ശ്വാസനിശ്വാസങ്ങളും നോട്ടങ്ങളും ഒച്ചകളും പാട്ടുകളും കാണികളെ കൊണ്ടെത്തിക്കുന്നത് ഹട്ടാമലയുടെ ഹൃദയമിടിപ്പുകളിലേക്കാണ്. നാടകത്തിൽ രണ്ട് കള്ളന്മാർ കട്ടെടുക്കുന്നത് വസ്തുക്കളെയാണ് എന്നാൽ നാടകത്തിലെ അഭിനേതാക്കൾ കട്ടെടുക്കുന്നത് കാണികളുടെ മനസ്സാണ്.
അലങ്കാരത്തിനപ്പുറം ഹട്ടാമല അരങ്ങിൽ മുന്നോട്ടുവയ്ക്കുന്നത് സമത്വത്തിന്റെ സമാധാനത്തിന്റെ അധികാര ഭയ ചിന്തയില്ലാത്ത ഒരു നാടാണ്. പണം എന്ന വസ്തുവില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള ദർശനം. അവതരണത്തിന്റെ കാമ്പിലേക്ക് ആ രാഷ്ട്രീയ ചിന്ത ഇനിയും ഇറങ്ങേണ്ടതുണ്ട്. പുതിയ കാലത്ത് പുതിയ ഉടലുകൾ തേടുന്ന ബാദൽ സർക്കാരിന്റെ ബദൽ ആലോചനകളിലേക്കുള്ള തുടക്കമാകാം ഇത്.
ശ്രുതി ഗോപാൽ വസ്ത്രാലങ്കാരത്തിന്റെ ഭാഗമായി തുന്നിച്ചേർത്ത തുണിക്കഷണങ്ങൾ പറയാതെ പറയുന്ന സർക്കാരിന്റെ ‘തേഡ് തിയേറ്റർ’ രാഷ്ട്രീയമുണ്ട്. അനാമികയുടെ സംഘനേതൃത്വവും ഡോൺ ബാബുവിന്റെ സർഗ്ഗാത്മക സംവിധാനവും അരങ്ങനുഭവത്തെ തുളുമ്പാതെ കാക്കുന്നുണ്ട്. അതുലും അജയ്യും നൽകുന്ന സാങ്കേതിക സഹായങ്ങൾ ഈ യുവ നാടകസംഘത്തെ ശക്തമാക്കുന്നു. റിയ ഒരുക്കിയ അവതരണകൃതി അഭിനേതാക്കൾക്കൊപ്പം വളരുന്നു.

അവതരണത്തെക്കുറിച്ചുള്ള സംഘത്തിന്റെ സമയമെടുത്തുള്ള ആലോചനകൾ, ഉൾപ്പെടുത്തലുകൾ, ഒഴിവാക്കലുകൾ എല്ലാം ഈ അവതരണത്തിൽ കാണാം. നാടകീയ മുഹൂർത്തങ്ങളേക്കാളും രംഗാവതരണ ഭാഷയ്ക്കായുള്ള നീണ്ടകാലത്തെ ശ്രമങ്ങൾ ശക്തമാക്കിയ ഒരു നാടകം. അഭിനേതാക്കൾക്ക് ഏറ്റവും അപൂർവ്വമായി കിട്ടുന്ന ഇന്റിമേറ്റ് രീതിയിലുള്ള അഭിനയ ഇടമാണ് പ്ലാറ്റ്‌ഫോം തീയേറ്റർ സങ്കല്പത്തിലൂടെ നാടക സംഘം ഉപയോഗിക്കുന്നത്. എവിടെയും അവതരിപ്പിക്കാവുന്ന സാദ്ധ്യതയും കൈയിലൊതുങ്ങുന്ന അവതരണ സാമ്പത്തിക ചിന്തയും സർഗ്ഗാത്മക ഭാഷയും അതിലടങ്ങിയിരിക്കുന്നു.
സോഷ്യൽ മീഡിയയിലെ റീലുകൾ എടുക്കുന്നതുപോലെ അത്ര എളുപ്പമല്ല അടുത്തുള്ള കാണികൾക്കൊപ്പം അഭിനയ അനുഭവ മുഹൂർത്തങ്ങൾ പങ്കിടുന്നത്. ലാളിത്യവും ലളിതവും തമ്മിലുള്ള വ്യത്യാസംപോലെ സങ്കീർണ്ണമാണത്. അതിന് കരുത്തരാണ് ഈ നാടക സംഘം. അത് പയറ്റിത്തെളിയുവാനുള്ള അരങ്ങുകളാണ് ഇനി സംഘത്തിന് വേണ്ടത്.
ബംഗാളിയായ ബാദൽ സർക്കാറിന്റെ ബദൽ അരങ്ങിന് ഒരു മലയാള ചരിത്രംകൂടിയുണ്ട്. സംവിധായകൻ ജോസ് ചിറമ്മലിന്റെ ഭോമ മുതൽ തുടങ്ങുന്ന ഒരു വഴി. വ്യത്യസ്തങ്ങളായ നാടകീയതകളുടെയും രംഗാവതരണ ഘടനകളുടെയും മർമ്മമറിഞ്ഞ പ്രതിഭ. അതിനായി അലഞ്ഞുതിരിഞ്ഞ് അടിസ്ഥാനം അറിഞ്ഞ് പ്രയോഗങ്ങൾ നടത്തിയ നാടക സംവിധായകൻ.
മറ്റൊന്ന് കന്നഡ നാടകവേദിയിൽ രാഷ്ടിയ നാടകങ്ങളുടെ കൊടുങ്കാറ്റ് വീശിയ പ്രസന്നയുടെ സംഘമായ സമുദായ മറ്റൊരു ഭാഷ കേരളത്തിലേക്ക് എത്തിച്ചതാണ്. ബാദൽ സർക്കാരിന്റെ തേർഡ് തിയേറ്റർ ശില്പശാലയിലൂടെ സമുദായ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ അരങ്ങിന്റെ അവതരണഭാഷ കന്നട മണ്ണിൽ പുതു രംഗാനുഭവം സൃഷ്ടിച്ചു. ഉത്തര മലബാറിലേക്കും ആ കാറ്റ് വീശി. കേരളത്തിൽ ‘സമുദായ’ നടത്തിയ ശില്പശാലയിലൂടെയാണ് ആ ഭാഷ മലയാള നാടകപ്രവർത്തകർ തിരിച്ചറിയുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥയ്ക്കായി കരിവെള്ളൂർ മുരളിയുടെ നേതൃത്വത്തിലൂടെ ‘സമുദായ’ വഴി ബാദൽ സർക്കാർ ഭാഷ കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തി.

പോളിഷ് നടനും സംവിധായകനും ഫിലോസഫറുമായ ജെസി ഗ്രോട്ടോവിസ്ക്കിയുടെ ദരിദ്ര നാടകവേദി സങ്കൽപ്പത്തെ പിൻപറ്റിയാണ് ബാദൽ സർക്കാർ സ്വന്തം തേഡ് തിയേറ്റർ സങ്കല്പം വികസിപ്പിക്കുന്നത്. എന്നാൽ കേരളത്തിലേക്ക് ഈ സങ്കല്പം എത്തുമ്പോൾ ചില മാറ്റങ്ങൾക്കും കൂട്ടിചേർക്കലുകൾക്കും വിധേയമാകുന്നുണ്ട്. റഷ്യൻ നടനും ചിന്തകനുമായ മേയർഹോൾഡിന്റെ അഭിനയ ഉടൽഭാഷ സങ്കൽപ്പങ്ങൾ കേരളത്തിൽ പകർന്നു നൽകിയ ഫിൻലന്റുകാരിയായ നാടക സംവിധായിക മായ താങ്ബർഗിലൂടെ രൂപപ്പെട്ട ഒരു രംഗഭാഷയുണ്ട്. നടനും സംവിധായകനുമായ നരിപ്പറ്റ രാജു ആ ഭാഷയ്ക്ക് കേരളീയമായ ഒരു രൂപഘടന നൽകി.
ബാദൽ സർക്കാറിന്റെ ഭാഷയ്‌ക്കൊപ്പം നരിപ്പറ്റ രാജുവും ജോസ് ചിറമ്മലും ചേർന്ന് കേരളീയമായ ഒരു തേർഡ് തിയേറ്റർ സങ്കല്പം വാർത്തെടുത്തത് എഴുതപ്പെടാത്ത നാടകചരിത്രമായി നിലനിൽക്കുന്നു. ജോസ് ചിറമ്മലിന്റെ മരണശേഷം തൃശൂരിൽ ഭോമ വീണ്ടും അവതരിപ്പിച്ചത് നരിപ്പറ്റ രാജുവിന്റെ ഉടൽ ഓർമ്മയിൽ നിന്നുമാണ്. ആലപ്പാടും തൃശൂരും നടന്ന ഭോമയുടെ രണ്ടാം റിഹേഴ്സൽ ക്യാമ്പുകളിൽ തേഡ് തിയേറ്റർ- ജോസ് ചിറമ്മൽ - നരിപ്പറ്റ രാജു തിയേറ്റർ സങ്കൽപ്പങ്ങളുടെ സംവാദങ്ങൾ നടന്നിരുന്നു. അരങ്ങിന്റെ പുതിയ ഭാഷയ്ക്കായുള്ള ആഴത്തിലുള്ള ശ്രമങ്ങളാണ് ആ റിഹേഴ്സൽ സംവാദങ്ങളിൽ കണ്ടത്.
പുതിയ ഭാഷയ്ക്കായി ശ്രമിക്കാതെ വാർപ്പ് മാതൃകയിൽപ്പെട്ടുപോയ ശാസ്ത്ര സാഹിത്യ പരിഷത്ത് പിന്തുടരുന്ന നാടകഭാഷയുണ്ട്. ഇന്നും കേരളത്തിലെ പല നാടക സമിതികളുടെയും അരങ്ങിന്റെ മാനിഫെസ്റ്റോയായി പരിഷത്ത് നാടകങ്ങളുടെ ക്ലീഷേ രൂപങ്ങളുണ്ട്. അതിന്റെ മൂല സ്വരൂപം ബാദൽ സർക്കാരിന്റെ തേഡ് തിയേറ്ററിൽ നിന്നും ജോസ് ചിറമ്മൽ നരിപ്പറ്റ രാജു എന്നിവരുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ നിന്നുമാണെന്നും പലർക്കും അറിയില്ല. സ്വന്തം നാട്ടിലെ അരങ്ങിന്റെ ഭാഷയ്ക്കുണ്ടാകുന്ന പരിണാമത്തെക്കുറിച്ച് നമ്മൾ ആഴത്തിൽ പഠിക്കുകയോ പ്രയോഗിക്കുകയോ ചെയ്യുന്നില്ല എന്നതാണ് വാസ്തവം.
പിന്നെയൊന്ന് ബാദൽ സർക്കാരിന്റെ വിദ്യാർത്ഥിനി ബാംഗ്ളൂരിൽ സംഘടിപ്പിച്ച ശില്പശാലയിൽ നിന്ന് സ്വായത്തമാക്കിയ രംഗഭാഷയുടെ സ്വാധീനത്തിൽ രൂപമാറ്റം വരുത്തിയ കെ.ജെ. ബേബിയുടെ നാടുഗദ്ദികയുടെ രണ്ടാം അവതരണമാണ്. കെ. ജെ. ബേബിയുടെ സുഹൃത്തുക്കളിൽ പലരും ആദ്യ രൂപവുമായി താരതമ്യപ്പെടുത്തി നാടുഗദ്ദികയുടെ പുതിയ രംഗഭാഷയെ എതിർത്തവരാണ്. സ്വയം നവീകരിക്കുവാനുള്ള കെ. ജെ. ബേബിയുടെ കഠിന പരിശ്രമമാണ് അവിടെ കാണാൻ സാധിക്കുന്നത്. ആ നവീകരണത്തെ തിരിച്ചറിയുവാൻ മലയാളി സമൂഹം ശ്രമിച്ചില്ല എന്നത് ഒരു ദുഃഖമായി ഇന്നും നിലനിൽക്കുന്നു. മലയാളത്തിന്റെ രാഷ്ട്രീയ നാടകവേദിയുടെ മുഖഛായയെ മാറ്റിമറിച്ച തേഡ് തിയേറ്റർ സങ്കൽപ്പത്തിന്റെ കേരളത്തിലേക്കുള്ള വരവ് സഹ്യപർവ്വതങ്ങളിലെ ചുരങ്ങൾപോലെ വ്യത്യസ്തമാണ് .
അരങ്ങിനെ ഇളക്കിമറിച്ച മറ്റൊരു അവതരണമാണ് തൃശൂരിലെ യുവ നാടകപ്രവർത്തകരുടെ കൂട്ടായ്മയായ തിയേറ്റർ ഐക്ക് വേണ്ടി സുർജിത്ത് ഗോപിനാഥ് സംവിധാനം ചെയ്‌ത ഹട്ടാമല നാടിനപ്പുറം എന്ന നാടകം. കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിച്ച നാടകം. ഒരുപാട് അഭിനേതാക്കളേയും നാടകപ്രവർത്തകരേയും വാർത്തെടുത്ത നാടകം. ഒരുപാട് യൂണിവേഴ്സിറ്റി മത്സരങ്ങളിൽ, പഞ്ചായത്ത് തലത്തിൽ തുടങ്ങിയ കേരളോത്സവങ്ങളിൽ ഹട്ടാമല മലയാള നാടകപ്രവർത്തകരുടെ ഇഷ്ട കൃതിയായിരുന്നു. പ്രിയനന്ദൻ സംവിധാനം ചെയ്‌ത ‘ഞാൻ നിന്നോട് കൂടിയുണ്ട്’ എന്ന സിനിമയിലും ഹട്ടാമലയുടെ അടരുകൾ കാണാം.
നീണ്ട നാടക റിഹേഴ്സലുകൾ കുറഞ്ഞുവരുന്ന ഒരു കാലമാണിത്. പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് നാടക വിദ്യാലയങ്ങൾ ലാഭകേന്ദ്രീകൃതമായ സ്ക്രീൻ അഭിനയത്തിനും ഓഡിഷനുകൾക്കും മുൻതൂക്കം കൊടുക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പഠിച്ചിറങ്ങിയതിന് ശേഷം എന്ത് എന്നുള്ള നാടക വിദ്യാർത്ഥിയുടെ ആകുലതകൾക്ക് കുമിള പോലത്തെ ആദർശവാദങ്ങൾ പറയുന്ന അക്കാദമിക്ക് ദന്തഗോപുരങ്ങൾ കണ്ടാമൃഗത്തിന്റെ കൊമ്പുപോലെ വളരുകയാണ്.

ഫെസ്റ്റിവൽ ഫാഷനുകൾക്കും ഫണ്ടിങ്ങ് ചതുപ്പുകൾക്കും വെളിയിൽ കേരളത്തിന്റെ അരങ്ങുകളുടെ യഥാർത്ഥ ചിത്രം വേറിട്ടതാണ്. ഓരോ പുതിയ നാടകങ്ങളും എത്ര അവതരണങ്ങൾ കഴിഞ്ഞു എന്ന് അന്വേഷിച്ചാൽ കിട്ടുന്ന ഉത്തരങ്ങൾ വിഷമിപ്പിക്കുന്നവയാണ്. അവതരണ വേദികൾ ലഭിക്കാതെ പിരിച്ചുവിട്ട നാടക കൂട്ടായ്മകളുടെ ചരിത്രമാണ് സമകാലിക മലയാള നാടക ചരിത്രം.
കോവിഡിനുശേഷം കേരളത്തിലങ്ങോളമിങ്ങോളം ഒരുപാട് അവതരണ ഇടങ്ങൾ ഉണ്ടായിട്ടുണ്ട്. വീടുകളോട് ചേർന്നും കഫേകളിലും ബ്യുട്ടിക്കുകളിലും ലൈബ്രറികളിലും ഉണ്ടാക്കിയെടുത്ത അവതരണ ഇടങ്ങൾ. അത്യാവശ്യത്തിനുള്ള ലൈറ്റുകളും സൗണ്ട് സിസ്റ്റങ്ങളും മിക്കയിടത്തുമുണ്ട്. അവതരണങ്ങൾ കാണുവാൻ കാണികളുമുണ്ട്. എന്നാൽ സംഘടിപ്പിക്കുവാൻ സംഘാടകരില്ല എന്നതാണ് വാസ്തവം. പലതും സംഘടിപ്പിച്ച് കൈ പൊള്ളിയവർ പറയുന്നത് ഭീമമായ സാങ്കേതികതയുടെ വാടകയെക്കുറിച്ചാണ്. ഇത്തരത്തിലുള്ള സംഘാടന നിശ്ചലതയിൽ അവതരിപ്പിക്കുവാനാകാതെ നാടകം തന്നെ ഉപേക്ഷിച്ച് പോകുന്ന നിരവധി അഭിനേതാക്കളും സംവിധായകരുമുണ്ട്.
ഈ അവതരണ നിശ്ചലതയിൽ നാടകവേദിക്ക് നഷ്ടപ്പെടുന്നത് നിരന്തരമായി വന്നുകൊണ്ടിരുന്ന ആസ്വാദകരെയാണ്. നാടകാവതരണങ്ങൾ സംഘടിപ്പിക്കുവാൻ വിഷമിക്കുന്ന ഈ കാലത്ത് Space of Act Theatre Collective- ന്റെ നാടകം എവിടെയും അവതരിപ്പിക്കാവുന്ന തേഡ് തിയേറ്ററിനെ മുന്നോട്ട് വയ്ക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. “ ഞങ്ങൾ സ്കൂളുകളിലും, ഹാളുകളിലും എന്തിന് വീടുകളിലും വന്ന് ഈ നാടകം അവതരിപ്പിക്കുവാൻ തയ്യാറാണ്. നിങ്ങൾ ഞങ്ങളെ വിളിക്കൂ” എന്നാണ് കർട്ടൻ കോളിൽ നാടകസംഘം വിളിച്ചുപറയുന്നത്.
കേരളത്തിൽ കാണികൾക്കും അരങ്ങിനുമിടയിൽ അദൃശ്യമായ ഒരു അതിരുണ്ട്. പൊള്ളയായ നാടക അക്കാദമിക്ക് ലോകമുണ്ടാക്കിയ അതിര്. ഹട്ടാമലയിലെ കള്ളന്മാരെപോലെ ആ അതിരുകളെ വൃത്താകൃതിയിൽ ചുരണ്ടുന്ന നാടകമാണ് അജിത് ലാലിന്റെ Beyond The Land Of Hattamala. അഭിനയം ആഴത്തിൽ പഠിച്ച് കൃത്യമായി പ്രയോഗിക്കുന്ന അഭിനേതാക്കളുള്ള നാടകം. എവിടെയും എപ്പോഴും അവതരിപ്പിക്കാവുന്ന ഒരു അവതരണഭാഷയുമായിട്ടാണ് ഈ യുവ സംഘം ഇറങ്ങിയിരിക്കുന്നത്. അവർക്ക് നൽകേണ്ടത് വേദികളാണ്. സർഗ്ഗാത്മകവും സാമ്പത്തികവുമായ സഹകരണങ്ങളാണ്.
നിരന്തരമായ അവതരണങ്ങളിലൂടെ മാത്രമെ അരങ്ങിന് സ്വന്തം കാണികളെ നിലനിർത്തുവാനാകുകയുള്ളു. സംഘാടകർക്ക് കൈ പൊള്ളാത്ത നാടകങ്ങൾ ഇനിയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. സംഘത്തിനാവശ്യമായ സാമ്പത്തികം കാണികളിൽ നിന്നുതന്നെ കണ്ടെത്തുവാൻ സാധിക്കുന്ന സാമ്പത്തിക രൂപഘടന ശീലമാകേണ്ടതുണ്ട്.
“അഭിനേതാക്കളും ആസ്വാദകരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിലൂടെ വികസിച്ചുവരുന്ന ഒന്നാണ് രംഗാവതരണ സംസ്‍കാരം” എന്ന് ജർമ്മൻ നാടക ചിന്തകയായ എറിക്ക ഫിഷർ-ലിച്ച് പറഞ്ഞിട്ടുണ്ട്.
“കേറിയും ഇറങ്ങിയും കൂടിചേർന്നുമുള്ള നെയ്തലിന്റെ ഇഴയടുപ്പംപോലെ പൊളിഞ്ഞുപൊന്തുന്ന കൊടുക്കൽ വാങ്ങലുകളിലൂടെ നാടകസംസ്കാരം വളരുന്നു” എന്നും എറിക്ക ഫിഷർ-ലിച്ച് കൂട്ടിച്ചേർക്കുന്നു. അതിന്റെ ആണിക്കല്ല് അഭിനേതാക്കളും ആസ്വാദകരും തമ്മിലുള്ള ഇഴബന്ധം തന്നെയാണ്. നാടക പള്ളികൂടങ്ങൾ പറഞ്ഞുതരാത്ത അക്കാദമികൾ പ്രയോഗിക്കുവാൻ മടിക്കുന്ന ജനകീയമായ ആസ്വാദന നൈരന്തര്യത്തെ നിലനിർത്തുവാൻ നാടകങ്ങൾക്ക് സംഘാടകരേയും കാണികളേയും ആവശ്യമാണ്. കാണികൾ തേടിനടക്കുന്നതും അരങ്ങിൽ നിന്നും ലഭിക്കുന്ന അനുഭൂതിയെയാണ്. മലയാള നാടകവേദിയുടെ നൈരന്തര്യത്തെ എങ്ങനെ നിലനിർത്തും എന്ന ചോദ്യങ്ങൾക്കുള്ള പല ഉത്തരങ്ങളിൽ ഒരുത്തരമാണ് Space of Act Theatre Collective- ന്റെ Beyond The Land Of Hattamala എന്ന നാടകം.







