കുറച്ചു വർഷങ്ങൾക്കുമുമ്പ്, രാമചന്ദ്രൻ മൊകേരിയുടെ വീട്ടിലേക്കുപോയ ആ ദിവസം വൈകുന്നേരം, ആ വൈകുന്നേരത്തിനുശേഷമുള്ള ഇത്തിരി വലുപ്പം കുറവുള്ള രാത്രി എങ്ങനെ ചെലവിടുമെന്ന കാര്യത്തിൽ, ചങ്ങാതിമാരിൽ രണ്ടു പേർക്ക്- അവരവരുടെ നാട്ടിലേക്ക് തിരിച്ചുപോകേണ്ടതിനാലാണ് രാത്രിക്ക് വലുപ്പക്കുറവനുഭവപ്പെട്ടത്- അധികമങ്ങ് ആകുലമാവേണ്ടി വന്നില്ല.
മാഹി / മയ്യഴി.
എഴുത്തുവായനയിൽ മയ്യഴിയെങ്കിൽ ലഹരിയിലത് മാഹിയാണ്.
മാഹിയുടെ ടച്ചപ്പാണ് മയ്യഴി.
രാമചന്ദ്രൻ മൊകേരിയെ വീട്ടിൽ വെച്ചുകണ്ട ആ ദിവസം, ഒരു മനുഷ്യന് ഇത്രയും മനോഹരമായി ചിരിക്കാൻ കഴിയുമെന്ന് മനസ്സിലായി. സർവത്ര നാടക ബാധിതനായ ഒരാൾ, ഒട്ടും നാടകീയമല്ലാതെ ചിരിക്കുന്നു. ആ ചിരിയിൽ, കാലത്തെ പലവിധത്തിൽ നാടകീയ മുഹൂർത്തങ്ങളായവതരിപ്പിച്ച ഒരാളുടെ തിരിച്ചറിവിന്റെ സ്വച്ഛതയുണ്ടായിരുന്നു. തെരുവിൽ പടർന്ന ‘ഏകാകി'യായ ഒരു കാലത്തിന്റെ പേരാണ് രാമചന്ദ്രൻ മൊകേരി.
എങ്ങനെയുള്ള തെരുവ്?
എങ്ങനെയുമാകാവുന്ന ഏതേതോ തെരുവുകളിൽ ആ മനുഷ്യൻ കഥയുടെ പാത്രത്തിൽ മുട്ടി നിന്നു. ടിന്നിൽ മുട്ടി ഒച്ചയുണ്ടാക്കിയാലും ആളുകൾ ഒപ്പം കൂടി നിൽക്കും. ചുറ്റും നിന്ന ആൾക്കൂട്ടവുമായി നാടകത്തിന്റെ ചരിത്രാത്മക സംവാദമൊരുക്കുന്ന ഉടലാണ്, രാമചന്ദ്രൻ മൊകേരി എന്ന നാടക ശരീരം. യഥാർഥത്തിൽ, തെരുവിൽ ഒരു ‘ചാറ്റ്'. നാടകം വായിക്കുമ്പോഴറിയാം, ‘ചാറ്റാത്മ' കമാണ് ആ നാടകം. കാഴ്ചയെ ചെവിയിലേക്ക് ചേർത്തു പിടിക്കുന്നു.
എന്നാൽ, മിക്കവാറും ശാന്തമായ ആ സായാഹ്നത്തിൽ രാമചന്ദ്രൻ മൊകേരിയുടെ വീട്ടിലെത്തിയപ്പോൾ, എഡിറ്റർ കൂടിയായ ആ ഫോട്ടോഗ്രാഫർക്കുമുന്നിൽ പോസ് ചെയ്യാൻ അദ്ദേഹം ചിരിയോടെ നിന്നു. തെരുവിൽ, ആൾക്കൂട്ടത്തിനുനടുവിൽ നിർഭയമായി അഭിനയിച്ച ഒരാൾ, വീട്ടിൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ, ചോദിച്ചു
‘എങ്ങനെ നിൽക്കും?'
അതൊരു ചോദ്യമാണ്.
നാടകീയത പൂർണമായും ഡിലീറ്റ് ചെയ്ത ഒരു ചോദ്യം.
അവിടെ, സ്വീകരണ മുറിയുടെ ഒരു കോണിൽ, ഒരു തൊപ്പിയുണ്ടായിരുന്നു. അതിട്ട് അദ്ദേഹം ചെറുചിരിയോടെ ക്യാമറയിലേക്ക് നോക്കി.
രാമചന്ദ്രൻ മൊകേരി എന്ന സർഗാത്മമായ ഉള്ളടക്കം പേറുന്ന നടൻ, സംവിധായകൻ, നാടകകൃത്ത് - തെരുവിൽ കാണികളായി ‘നിൽക്കുന്ന'വരെയും പ്രചോദിപ്പിച്ചിട്ടുണ്ട്.
താരം, നടൻ - നമുക്ക് സിനിമാനടനാണ്. ഒരു സിനിമ റിലീസാവുമ്പോൾ, അതിലെ നടൻ നടന്നും ഇരുന്നും കിടന്നും കൈവീശിയും എത്രയോ പോസുകളിൽ പ്രത്യക്ഷപ്പെടുന്നു. ആ നടൻ / നടി ഭരണകൂട ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്ന മുഖ്യാതിഥിയാവുന്നു. ഒരേയൊരു കാരണം കൊണ്ട് - ‘സിനിമ 'യിലെ താരം. നാടക നടൻ / നടി ആ നിലയിൽ ഒരു താര ശരീരമല്ല. ശരിക്കും അയാൾ / അവൾ താരമാണെങ്കിൽ തന്നെയും.
ഈയിടെ റിലീസായ അപകടകരമായ വിധത്തിൽ ഉന്മാദം നിറഞ്ഞ ആ സിനിമയിൽ, ‘തല്ലുമാല'യിൽ, സ്റ്റേജിലേക്ക് കയറിവരുന്ന മണവാളൻ വസീം അപ്പോൾ സ്റ്റേജിൽ പ്രസംഗിക്കുന്ന കേരളത്തിലെ ഏതു കവിയുമാകാവുന്ന ആ മനുഷ്യനെ ചൂണ്ടി ചോദിക്കുന്നു; നിങ്ങൾ ഇയാളെ കേട്ടിട്ടുണ്ടോ?
സദസിലെ ന്യൂ ജെൻ പിള്ളേര് ‘ഇല്ല'എന്ന് ആർപ്പുവിളിയോടെ പറയുന്നു. മണവാളൻ വസീം മുഖ്യധാരാ താരശരീരമാണ്. നമ്മൾ പിന്നേം വേണം, വേണം എന്നു പറയുന്ന താരശരീരം. മറ്റാരെയും നാം കണ്ടിട്ടില്ല, കേട്ടിട്ടുപോലുമില്ല.
തെരുവിൽ, എത്രയോ ഉൾക്കിടിലമായ രാഷ്ടീയപ്രമേയങ്ങൾ ഒറ്റയാൾ നാടകമായി അവതരിപ്പിച്ച താരമാണ് ചോദിക്കുന്നത്: ‘എങ്ങനെ നിൽക്കും?'
അതൊരു രാഷ്ട്രീയചോദ്യം കൂടിയാണ്. കാരണം, രാമചന്ദ്രൻ മൊകേരി എന്ന സർഗാത്മമായ ഉള്ളടക്കം പേറുന്ന നടൻ, സംവിധായകൻ, നാടകകൃത്ത് - തെരുവിൽ കാണികളായി ‘നിൽക്കുന്ന'വരെയും പ്രചോദിപ്പിച്ചിട്ടുണ്ട്. അത്തരം നാടകപ്രചോദനങ്ങൾ രേഖപ്പെടുത്തിയ ഉയർന്നുപൊങ്ങിയ ഒച്ചകൾ വെറും കാണികളായി ‘നിൽക്കുന്ന 'വരിലും അസ്വസ്ഥജനമായ വിധത്തിൽ പല ചോദ്യങ്ങൾ എറിഞ്ഞിട്ടുണ്ട്. ചരിത്രത്തെ രൂക്ഷമായ തമാശച്ചിരിയോടെ ആ നടൻ തെരുവിലും സ്റ്റേജിലുമായി അവതരിപ്പിച്ചു. സിലബസിലില്ലാത്ത, മിക്കവാറും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട ചോദ്യങ്ങൾ, തെരുവിൽ ഉന്നയിക്കപ്പെട്ടു.
തൊപ്പിയിട്ടും, വീട്ടിലിരുന്നും, ഓർമ ശരിയാണെങ്കിൽ ആ വീട്ടിൽ പിയാനോയുമുണ്ട്, അങ്ങനെ ചില ചിത്രങ്ങളെടുത്തു.
‘പുറത്തു പോകാം'
രാമചന്ദ്രൻ മൊകേരി പുറത്തിറങ്ങി.
വിജനമായ റോഡിന്റെ സൈഡിൽ, ഒരു സ്ട്രീറ്റ് ലൈറ്റിനുചുവടെ നിൽക്കുകയും നടക്കുകയും ചെയ്തു.
നാടകത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല, ജീവിതത്തെക്കുറിച്ചും ഏറെയൊന്നും പറഞ്ഞില്ല.
സ്ട്രീറ്റ് ലൈറ്റിൽ, ഒരു നടൻ.
തെരുവിലെ വെളിച്ചത്തിൽ നിന്ന് രാമചന്ദ്രൻ മൊകേരി വീട്ടിലെ വെളിച്ചത്തിലേക്ക് മടങ്ങി.
ഞങ്ങൾ മാഹിയിലേക്കും.
മാഹിയിലെ ബാറിൽ ഇരുന്നപ്പോൾ ‘സ്വാതന്ത്ര്യത്തിന്റെ അർദ്ധരാത്രികൾ ' എന്ന നാടകത്തിലെ വരികൾ ഓർമ വന്നു:ഒന്നു കുടിച്ചാൽ ഓഹ് ഓഹ് ഓഹ് ഓക് കോക്ക് കോക്ക് ...
രണ്ട്
നാടകത്തിന്റെ ഇരമ്പുന്ന ചരിത്രത്തിൽ രാമചന്ദ്രൻ മൊകേരി അടയാളപ്പെടുത്തുക തെരുവിൽ അയാൾ നാടകമായി പകർന്നാടി എന്ന നിലയിലാണ്. തെണ്ടികളുടെയും ശുചീകരണത്തൊഴിലാളികളുടെയും അസംഘടിത ചെറുകിട കച്ചവടക്കാരുടെയും പൂവിൽപ്പനക്കാരുടെയും ലൈംഗികത്തൊഴിലാളികളുടെയും തെരുവ്. ആ കൂട്ടത്തിനുമുന്നിൽ, ആ നടൻ നിന്നു / നിലയറിഞ്ഞാടി. അങ്ങനെ ഒരു താരത്തെ എവിടെ നിർത്തും? അനുദിന റീലുകളിലും ആ മനുഷ്യരില്ല. അവരുന്നയിച്ച ചോദ്യങ്ങൾ റദ്ദാക്കപ്പെടുന്ന ചരിത്ര സന്ദർഭത്തിലൂടെ കാലം കടന്നു പോകുന്നത്. നിർഭയമായ ചോദ്യങ്ങൾ തെരുവിൽ അല്ലെങ്കിൽ തടവിൽ എന്നതാണവസ്ഥ.ആ ചോദ്യങ്ങളുടെ അരങ്ങുകളിൽ വലിയ താരങ്ങൾ കടന്നു പോയി.
മണവാളൻ വസീമിന്റെ അത്ര പോലും നാമവരെ ശ്രദ്ധിച്ചില്ല.
കേട്ടിട്ടുണ്ടോ?
ഇല്ല, സാർ.ഇല്ല.
ഇതാ വരുന്നേ, ഇതാവരുന്നേ മുഖ്യധാരാ താരശരീരങ്ങൾ... ▮