രംഗം ഒന്ന്
ശ്വാസോച്ശാസത്തിന്റെ താളത്തിൽ യവനിക പതുക്കെ ഉയരുന്നു.
രാത്രി
വനം
ഒരു കൂട്ടം മനുഷ്യർ ഇരുട്ടിൽ ഒച്ചയുണ്ടാക്കാതെ നടന്നു നീങ്ങുന്നു. ആ കൂട്ടത്തെ നയിക്കുന്നത് കൃശഗാത്രനായ ഒരു മനുഷ്യനാണ്. മോണ്ടികാസ്റ്റോ എന്നാണ് ആ നേതാവിന്റെ പേര്. ഓക്‌സിഫിറ്റ് എന്ന കമ്പനി നാട്ടിലെ ഓക്‌സിജന്റെ അവകാശം കയ്യിലൊതുക്കിയപ്പോൾ പ്രാണവായുപോലും വിറ്റുപോയ രാജ്യത്ത് കമ്പനിക്കെതിരെ സമരം ചെയ്യുന്ന മനുഷ്യൻ. ഒളിതാവങ്ങളിൽവെച്ച് ശ്വാസം പിടിച്ച് ജീവിക്കാൻ ജനങ്ങളെ പരിശീലിപ്പിക്കുക എന്നതാണ് അയാളുടെ സമരരീതി. ഇതിനായി അയാൾ കൊടും കാട്ടിൽ മാറിമാറി താവളങ്ങൾ ഉണ്ടാക്കുന്നു.
അവർ വനത്തിനുള്ളിലെ ഒരൊഴിഞ്ഞ സ്ഥലത്തെത്തുന്നു. നേതാവ് പന്തം കത്തിക്കുമ്പോൾ വെളിച്ചം തെളിയുന്നു. ഇപ്പോൾ മോണ്ടിക്കാസ്റ്റോവിനെയും അനുയായികളെയും വ്യക്തമായികാണാം. ഒരു യോഗിയുടെ ഭാവപകർച്ചയാണ് മോണ്ടികാസ്റ്റോവിന്. കാടിന്റെ സംഗീതം പിന്നണിയിൽ. മോണ്ടികാസ്റ്റോ ഒരു ഉയർന്ന ഇരിപ്പിടത്തിലിരുന്ന് അനുയായികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു, ശാന്തഗംഭീരമായസ്വരത്തിൽ.
മോണ്ടികാസ്റ്റോ: സുഹൃത്തുക്കളെ പ്രാണവായുപോലും വിറ്റുപോയ ഒരു കെട്ടകാലത്താണ് നാം ജീവിക്കുന്നത് എന്ന ഓർമവേണം. ഓക്‌സിജൻ കാർഡില്ലാത്തവരെ ഭരണകൂടം ഇരുട്ടറകളിലടക്കുന്നു. ഇതിനെതിരെ പോരാടാനെത്തിയ ധീരരെ നിങ്ങൾക്കേവർക്കും സ്വാഗതം.
അയാളുടെ കയ്യിലുള്ള പ്രത്യേക സംഗീതോപകരണത്തിൽനിന്ന് സംഗീതം ഉയർന്ന് താഴുന്നു.
മോണ്ടികാസ്റ്റോ: സുഹൃത്തുക്കളെ ഓർക്കുക ഇനിയുള്ള കാലം ഓരോ ശ്വാസവും ഓരോ പോരാട്ടമാണ്.
സംഗീതത്തിന് അനുസരിച്ച് എല്ലാവരും താളാത്മകമായി ശ്വാസമെടുത്ത് പിടിച്ച് നിർത്തി പുറത്ത് വിടുന്നു.
മോണ്ടികാസ്റ്റോ: നമ്മൾ ഓരോരുത്തരും ഏറെ ശ്രദ്ധാലുക്കളായിരിക്കണം. ഏത് നിമിഷവും നമ്മൾ പിടിക്കപ്പെട്ടേക്കാം. ഒരു കാര്യമോർക്കുക, നമ്മുടെ എതിരാളികൾ വളരെ ശക്തരാണ്. ആരെങ്കിലും പിടിക്കപ്പെട്ടാൽ ഒരിക്കലും നമ്മുടെ രഹസ്യ താവളത്തെ കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ ഒരു രഹസ്യവും പറയരുത്; മരണം വരിക്കേണ്ടിവന്നാൽ പോലും. എത്രയും വേഗം ഈവിദ്യ വശത്താക്കി പുറത്തുപോയി എല്ലാജനങ്ങളെയും പഠിപ്പിക്കേണ്ടവരാണ് നമ്മൾ. നിങ്ങളറിയുക നിങ്ങളിൽ ഒരു തീമരമുണ്ടെന്നത്. അത് എന്ന് കിളിർക്കും പൂക്കും കായ്ക്കും അന്ന് പിറക്കും പുതിയൊരു ലോകം.
മോണ്ടികാസ്റ്റോവിന്റെ നിർദ്ദേശാനുസൃതം അനുയായികൾ പലരീതിയിൽ മെയ് വഴക്കത്തോടെ അഭ്യാസങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
പെട്ടെന്ന് വനാന്തർഭാഗത്ത് നിന്ന് ബൂട്ടിന്റെ ശബ്ദം, വിസിൽ കേൾക്കാം. എല്ലാവരും ചെവികൂർപ്പിക്കുന്നു. നിമിഷനേരം കൊണ്ട് മോണ്ടികാസ്റ്റോ പന്തം കുത്തിക്കെടുത്തുന്നു. എല്ലാവരും ഇരുട്ടിൽ മറയുന്നു. സർച്ച് ലൈറ്റ് തെളിയുന്നു. ആയുധധാരികളായ പട്ടാളക്കാർ കേമ്പ് വളഞ്ഞിരിക്കുന്നു. അട്ടഹാസത്തോടെ വെടിയുതിർക്കുന്നു. പട്ടാളക്കാരുടെ കമാന്റർ വിളിച്ചു പറയുന്നുണ്ട്. ‘‘ഒരു തെണ്ടികളെയും വെറുതെ വിടരുത്, വെടിവെച്ച് കൊല്ലണം എല്ലാറ്റിനെയും.'' അവർ കാടിളക്കുന്നു. ആകെ ബഹളം. മോണ്ടികാസ്റ്റോവും കൂട്ടരും രക്ഷപെട്ടിരിക്കുന്നു. നിരാശയും പകയും പട്ടാളക്കാരുടെ മുഖത്ത് തെളിയുന്നു. പക്ഷേ, ഒരു ഹതഭാഗ്യൻ പിടിക്കപ്പെടുന്നു. അയാൾ കുതറിമാറാൻ ശ്രമിക്കുന്നുണ്ട്. ഒരു പട്ടാളക്കാരൻ അയാൾക്കെതിരെ വെടിയുതിർക്കാൻ മുതിർന്നപ്പോൾ ഓഫീസർ തടയുന്നു.
ഓഫീസർ :നോ. ഡോൻറ് കിൽ ഹിം. ഇവനെക്കൊണ്ട് നമുക്ക് എല്ലാം പറയിപ്പിക്കാം.
ഓഫീസർ തോക്കിന്റെ പാത്തികൊണ്ട് പിടിക്കപ്പെട്ടയാളുടെ മുഖത്തിടിയ്ക്കുന്നു. എല്ലാവരും ചേർന്ന് അയാളുടെ കൈകാലുകൾ കെട്ടി മരകൊമ്പിൽ തൂക്കിയിടുന്നു.
ഓഫീസർ: പറയെടാ... എവിടെ മോണ്ടികാസ്റ്റോ. നിന്നെയൊക്കെ ശ്വാസം പിടിച്ച് ജീവിക്കാൻ പഠിപ്പിക്കുന്ന പെരട്ട് കിഴവൻ.
അനുയായി ഒന്നും പറയുന്നില്ല. ഓരോരുത്തരും മാറി മാറി അയാളെ ചോദ്യം ചെയ്യുന്നു. മോണ്ടികാസ്റ്റോ രക്ഷപ്പെട്ടതിന്റെ പകയും വിദ്വേഷവും അവർ അയാളിൽ തീർക്കുന്നു. കൊടിയ മർദ്ദനമേറ്റിട്ടും അയാൾ ഒരു രഹസ്യവും പറയുന്നില്ല.
പട്ടാളക്കാരിൽ ഒരാൾ: പറയെടാ.....എവിടെയെടാ നിന്റെ മോണ്ടികാസ്റ്റോ... അയാൾ എങ്ങോട്ടാണ് പോയത്. നിങ്ങൾ എത്ര പേരുണ്ട്. പറഞ്ഞാൽ നിന്നെ മാപ്പുസാക്ഷിയാക്കാം.
അനുയായി കാർക്കിച്ച് പട്ടാളക്കാരന്റെ മുഖത്ത് തുപ്പുന്നു.
അനുയായി: പോടാ തെണ്ടി. പാവപ്പെട്ട ജനങ്ങളെ മുഴുവൻ പറ്റിച്ച് കൊഴുത്ത് തടിച്ച കമ്പനിയുടെ ചെരുപ്പ് നക്കി... ബസ്റ്റാർഡ്. പറയില്ലെടാ... മോണ്ടികാസ്റ്റോ എന്ന ഞങ്ങളുടെ നേതാവിനെ നിനക്കൊന്നും തൊടാൻ കിട്ടില്ലെടാ... പോടാ... പെരട്ടകളെ...
എത്ര മർദ്ദിച്ചിട്ടും അയാൾ മോണ്ടികാസ്റ്റോവിനെ കുറിച്ചോ, മറ്റ് താവളങ്ങളെ കുറിച്ചോ ഒന്നും പറയുന്നില്ല. പട്ടാളക്കാർ ക്ഷീണിക്കുന്നു. അനുയായിയുടെ തല പിളർന്ന് രക്തമൊഴുകുന്നത് കാണാം. ഇരയെ കിട്ടിയ വേട്ടനായ്ക്കളെ പോലെ പട്ടാളക്കാർ ആർത്തട്ടഹസിക്കുന്നു. പെട്ടെന്ന് ഓഫീസർക്ക് വയർലെസ്സിൽ കോൾ വരുന്നു. വയർലെസ്സിന്റെ നിലയ്ക്കാതെയുള്ള ശബ്ദം. ഓഫീസർക്കെന്തോ നിർദ്ദേശം കിട്ടിയിട്ടുണ്ട്.
ഓഫീസർ :ഓ.കെ...ക്യൂക്...ക്യുക് അവർ സൗത്ത് ഏരിയയിലേക്കാണ് പോയിട്ടുണ്ടാവുക. നമുക്ക് ഉടൻ പോകേണ്ടതുണ്ട്. ജൽധികരോ...
പട്ടാളക്കാരിൽ ഒരാൾ: സാർ, ഇവൻ...
ഓഫീസർ: ഇവനിവിടെ കിടന്ന് രക്തംവാർന്ന് ഇഞ്ചിഞ്ചായി പുഴുത്തരിക്കട്ടെ. നമുക്ക് പോകാം. (പെട്ടെന്ന് എന്തോ ആലോചിച്ച്) അല്ലെങ്കിൽ വേണ്ട... പട്ടാളക്കാരനോട് പ്രത്യേക ആംഗ്യം കാണിക്കുന്നു. അനുയായിക്ക് നേരെ പട്ടാളക്കാരൻ വെടിയുതിർക്കുന്നു. വെളിച്ചമണയുന്നു.
രംഗം രണ്ട് - മൂടൽമഞ്ഞുള്ള രാത്രി
മഞ്ഞവെളിച്ചത്തിൽ കുളിച്ച് നിൽക്കുന്ന തെരുവ്. തെരുവിന്റെ വശങ്ങളിൽ ആധുനിക സജ്ജീകരണങ്ങളുള്ള ഓക്‌സിജൻ ബൂത്തുകൾ കാണാം. ബൂത്തിന് കാവലിരിക്കുന്ന കറുത്ത യൂണിഫോം ധരിച്ച സെക്യൂരിറ്റിക്കാർ രണ്ടുപേർ. അവർ സദാ ജാഗരൂകരാണ്. പിന്നണിയിൽ സൈറൺ മുഴക്കി പായുന്ന പട്രോളിങ് വാഹനങ്ങളുടെ ഇരമ്പം.
വഴിയാത്രക്കാരിൽ ചിലർ ബൂത്തിൽ കയറി ഓക്‌സിജൻ റീചാർജ് ചെയ്യുന്നുണ്ട്.
സെക്യൂരിറ്റി അവരെ വിശദമായി പരിശോധിക്കുന്നുണ്ട്.
ബൂത്തിന്റെ വാതിൽ തുറന്നടയുമ്പോൾ സ്ത്രീശബ്ദത്തിൽ അറിയിപ്പ് കേൾക്കാം. "Recharge your O2 cards properly.' നിങ്ങളുടെ ഓക്‌സിജൻ കാർഡുകൾ ചാർജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
ഇതിനിടയിൽ വിവശരായ ഒരു മധ്യവയസ്‌കനും ഒരു ചെറിയ പെൺകുട്ടിയും അവിടെ എത്തുന്നു.
സെക്യൂരിറ്റിക്കാരെ കണ്ട് ഭയന്നുനിൽക്കുന്ന അവരോട്.
സെക്യൂരിറ്റി: എങ്ങോട്ടാ... ഈ രാത്രി?
മധ്യവയസ്‌കൻ: എനിക്ക് ഹോസ്പിറ്റലിൽ എത്തണം. എന്റെ ഭാര്യ അഡ്മിറ്റാണ്.
(സെക്യൂരിറ്റി അവരെ പരിശോധിക്കുന്നു.)
സെക്യൂരിറ്റി 1: എവിടെ കാർഡ്?
മധ്യവയസ്‌കൻ: സർ...കാർഡ് ഉണ്ട് പക്ഷേ...
സെക്യൂരിറ്റി 1: എവിടെ എടുക്ക്...
മധ്യവയസ്‌കൻ: സർ അത് പക്ഷേ, റീചാർജ് ചെയ്തിട്ടില്ല.
സെക്യൂരിറ്റി 2: ഓഹോ... അതാണോ കാര്യം... ഇതാ അതിനല്ലേ ഞങ്ങളിവിടെ... കണ്ടില്ലെ. ബൂത്ത്... ചെല്ല് വേഗം റീചാർജ് ചെയ്യൂ.
ഇത് കേട്ട് മധ്യവയസ്‌കൻ പകച്ചുനിൽക്കുന്നു.
സെക്യൂരിറ്റി 1: റീചാർജ് ചെയ്യാനറിയില്ലെങ്കിൽ പണം തരൂ ഞാൻ ചെയ്തുതരാം.
മധ്യവയസ്‌കൻ: സർ പണം...
സെക്യൂരിറ്റി 1: ഓ... ഹോ അപ്പോൾ കൈയിൽ പണമില്ല... മനസ്സിലായി... നിങ്ങളുടെ കളികണ്ടപ്പോഴേ എനിക്ക് മനസ്സിലായി ഞങ്ങളുടെ കണ്ണ് വെട്ടിച്ച് കടക്കാനുള്ള പരിപാടിയാണെന്ന്... ആ മാറിനിൽക്ക്.
സെക്യൂരിറ്റി 2: ഉം (ഇടപെടുന്നു)
സെക്യൂരിറ്റി: (ദേഷ്യത്തോടെ) ദേ മനുഷ്യാ അധികം വിളച്ചിലെടുത്താലുണ്ടല്ലോ... അകത്തു കിടക്കും.
മധ്യവയസ്‌കൻ: സർ എന്റെ ഭാര്യയുടെ സ്ഥിതി അൽപം മോശമാണ്... ഞാൻ ആസ്പത്രിയിൽ ചെന്ന് തിരിച്ച് വന്ന് ചാർജ് ചെയ്‌തോളാം... പ്ലീസ്
സെക്യൂരിറ്റി 1: ഹേയ് മിസ്റ്റർ, ഇത് കമ്പനിയുടെ നിയമമാണ്... നിങ്ങൾ ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്?
മധ്യവയസ്‌കൻ: സർ കൈയിലുള്ള പണം മുഴുവൻ ആസ്പത്രിയിൽ കെട്ടി. ഇനി മറ്റെന്തെങ്കിലും വഴി കാണണം. എന്നിട്ട് ഞാൻ റീചാർജ് ചെയ്യാം... തൽക്കാലം എന്നെ വിടണം സർ...
സെക്യൂരിറ്റി: ഒരു കാര്യം ചെയ്യ് തൽക്കാലം കുട്ടി പോയ്‌ക്കോട്ടെ, താൻ ഇവിടെ നിൽക്ക്... (പേടിച്ച് നിൽക്കുന്ന കുട്ടി.)
സെക്യൂരിറ്റി: എവിടെയാണ് ആസ്പത്രി?... പറയൂ... ഇവളെ ഞങ്ങൾ അവിടെത്തിക്കാം. (കുട്ടിയോട്) വാ... മോളേ... അവിടെ ചെന്ന് മറ്റാരെയെങ്കിലും കൂട്ടി വന്ന് പണമടച്ച് അച്ഛനെ കൊണ്ടുപോയാൽ മതി.
സെക്യൂരിറ്റിക്കാർ വന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നു. അവൾ മനസ്സില്ലാമനസ്സോടെ അവിടെ നിന്നും പോകുന്നു.
മധ്യവയസ്‌കൻ: സർ ഇത് അനീതിയാണ്... ഞാൻ പറഞ്ഞില്ലേ... തൽക്കാലംഎന്നെ വിടൂ... എന്റെ ഭാര്യ...
സെക്യൂരിറ്റി: മിസ്റ്റർ നിങ്ങളുടെ ബുദ്ധിമുട്ട് ഞങ്ങൾക്ക് അറിയാം... പക്ഷേ, ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്യാതിരിക്കാൻ പറ്റില്ല. അതുകൊണ്ട് ദയവുചെയ്ത് ഡ്യൂട്ടിക്ക് തടസ്സം നിൽക്കരുത്.
മധ്യവയസ്‌കൻ: എന്നെ വിടൂ. സർ. ഇനി ആവർത്തിക്കില്ല, എനിക്കറിയാ...
സെക്യൂരിറ്റി:ഇല്ല തനിക്കൊന്നും അറിയില്ല. കാര്യങ്ങളുടെ കിടപ്പ് മനസ്സിലായിട്ടില്ല... അതുകൊണ്ട് ഇപ്പോൾ മനസ്സിലാക്കിത്തരാം... വെയ്റ്റ്...
സെക്യൂരിറ്റി 1 : ഓക്‌സിജൻ കമ്പനിയുടെ പരസ്യത്തിനും ബോധവത്കരണത്തിനും ഉപയോഗിക്കുന്ന വലിയ പാവയെ കൊണ്ടുവരുന്നു-ഓക്‌സിജൻ മാസ്‌കിന്റെ മുഖമാണ് പാവയ്ക്ക് - ദേഹത്ത് കമ്പനിയുടെ എബ്ലം കാണാം.
"പാവ' ചലിച്ച് വേദിയുടെ മധ്യത്തിൽ എത്തുന്നു.
പാവ സംസാരിച്ചു തുടങ്ങുന്നു.
""നമസ്‌കാരം ഓക്‌സിഫിറ്റ് കമ്പനിയിലേക്ക് സ്വാഗതം... മാന്യസുഹൃത്തുക്കളെ, നിങ്ങൾ ഓക്‌സിജൻ കാർഡുകൾ നിർബന്ധമായും എടുക്കുക. അത് സദാസമയവും കൈയിൽ കരുതുക... കാരണം ഓക്‌സിഫിറ്റ് കമ്പനിയാണ് നിങ്ങൾ ശ്വസിക്കുന്ന പ്രാണവായുവിന്റെ ഉടമകൾ എന്ന് നിങ്ങൾ അറിയുക... സർക്കാർ നിങ്ങൾക്ക് അനുവദിച്ച ഓക്‌സിജന്റെ അളവ് പരിമിതപ്പെടുത്തിയിട്ടുണ്ട് - സ്വാഭാവികമായും അത് രണ്ടാഴ്ചക്ക് തികയില്ല - അവിടെയാണ് ""ഓക്‌സിഫിറ്റ്'' എന്ന ഞങ്ങളുടെ കമ്പനി നിങ്ങൾക്ക് വളരെ തുച്ഛമായ വിലയിൽ ഓക്‌സിജൻ നൽകുന്നത്... ഈ അവസരം ഉപയോഗിക്കുക... അതുകൊണ്ട് നിങ്ങൾ ഓക്‌സിജൻ കാർഡുകൾ മാസത്തിൽ ഒരു തവണ നിർബന്ധമായും റീചാർജ് ചെയ്യുക. നിലവിലെ നിയമപ്രകാരം ഓക്‌സിജൻ കാർഡില്ലാതെ ആരെങ്കിലും പിടിക്കപ്പെട്ടാൽ അവർ ശിക്ഷിക്കപ്പെടും. പ്രത്യേക സെല്ലിൽ അടയ്ക്കപ്പെടും... പിന്നീട് ഇരട്ടി പണം അടച്ചാൽ മാത്രമേ നിങ്ങൾക്ക് അവിടെ നിന്നും മോചനമുള്ളൂ എന്ന് അറിയുക. കൂടാതെ ഓക്‌സിജൻ കാർഡിൽ ആധുനിക സജ്ജീകരണങ്ങൾ ഉണ്ട്.
അതുകൊണ്ട് ആരുംതന്നെ കൃത്രിമം നടത്താൻ ശ്രമിക്കരുത്... ഓർക്കുക കമ്പനിയുടെ സേവനം ഉപയോഗിക്കുക... കാർഡ് കരുതാതെയുള്ള യാത്ര അപകടം പിടിച്ചതാണ് താങ്ക് യ്യു...'' പാവ പിൻമാറുന്നു-
ബോധവത്കരണം കേട്ട് മധ്യവയസ്‌കൻ തളർന്നിരുന്നു പോകുന്നു.
സെക്യൂരിറ്റി 1: ഇപ്പോൾ കേട്ടല്ലോ... അതാണ് പറഞ്ഞത് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
സെക്യൂരിറ്റി: ഉം നടക്ക്....
സെക്യൂരിറ്റി 1 : അയാളെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നു - രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് സൈറൺ മുഴക്കിപ്പോകുന്ന പട്രോളിങ് വണ്ടിയുടെ ഇരമ്പം കേൾക്കാം - സൈറൺ നേർത്ത് നേർത്ത്... അവസാനം ശ്വാസം പോലെ നിലയ്ക്കുന്നു - കൈയിൽ തോക്കേന്തിയ സെക്യൂരിറ്റികൾ റോന്തു ചുറ്റുന്നത് കാണാം. ചെറിയ ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് അവർ ടോർച്ചു തെളിക്കുന്നു-
സെക്യൂരിറ്റി 1 : അവിടെ ഇരുന്ന് ഉറക്കം തൂങ്ങിപ്പോകുന്നു-
ബൂത്തിനരികിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി... യാത്രചെയ്ത് തളർന്ന ഒരു യുവതിയും യുവാവും പ്രവേശിക്കുന്നു. അവരുടെ കണ്ണുകളിൽ ഭയാശങ്കകൾ വിട്ടു മാറിയിട്ടില്ല- അവർ കിതയ്ക്കുന്നുണ്ട്. യുവാവ് യുവതിയെ രണ്ട് ബൂത്തുകൾക്ക് ഇടയ്ക്കുള്ള സ്ഥലത്ത് ഒളിപ്പിക്കുന്നു. യുവാവ് ബൂത്തിൽ കയറി ഓക്‌സിജൻ കാർഡ് റീ ചാർജ് ചെയ്യാൻ മുതിരവേ സെക്യൂരിറ്റി ഞെട്ടി ഉണരുന്നു - അയാൾ യുവാവിനെ കാണുന്നു. അയാൾ യുവാവിന്റെ അടുത്തുചെന്ന് കാർഡ് പരിശോധിക്കുന്നു.
സെക്യൂരിറ്റി 1: ഒ.കെ. എന്താ ഈ അസമയത്ത്?
യുവാവ്: എന്തു ചെയ്യാൻ സർ... ഓവർ ടൈം കഴിഞ്ഞ് ഇറങ്ങിയതാ... ജീവിക്കണ്ടേ സർ. കിട്ടുന്ന പണം ഓക്‌സിജനേ തികയുന്നുള്ളൂ. അതുകൊണ്ട് ഓവർടൈം എടുക്കുന്നു.
ഇതിനിടയിൽ ബൂത്തുകൾക്കിടയിൽനിന്ന് യുവതി തലയുയർത്തി നോക്കുന്നുണ്ട്. സെക്യൂരിറ്റി ഇത് കാണുന്നില്ല. യുവാവ് സെക്യൂരിറ്റിയുടെ ശ്രദ്ധ മാറ്റാൻ എന്നോണം ബൂത്ത് വിട്ട് സെക്യൂരിറ്റി പോസ്റ്റിന് അടുത്തു
വന്ന് അയാളോട് സംസാരിക്കുന്നു.
യുവാവ്: സർ നിങ്ങളെയൊക്കെ ശരിക്കും പറഞ്ഞാൽ സമ്മതിക്കണം... ഈ ഉറക്കം ഒഴിഞ്ഞുള്ള ജോലി...
സെക്യൂരിറ്റിക്ക് യുവാവിന്റെ ഇടപെടൽ അത്ര കണ്ട് പിടിക്കുന്നില്ല.
സെക്യൂരിറ്റി 1: അഹാ.... അതാണല്ലോ ഞങ്ങളുടെ പണി.. എന്നാൽ ശരി സമയം കളയാതെ വിട്ടാട്ടെ...
യുവാവ് :(ചെറിയ ചമ്മൽ അയാളുടെ മുഖത്തുണ്ട്) ഒ.കെ.സർ ഗുഡ് നൈറ്റ്-അയാൾ നടന്ന് ഇരുട്ടിൽ മറയുന്നു-
സെക്യൂരിറ്റി ഒരു വട്ടംകൂടി അവിടെ പരിശോധന നടത്തി വീണ്ടും ഇരുന്ന് ഉറങ്ങുന്നു.
അയാൾ പിറുപിറുക്കുന്നുണ്ട്...
ഓരോന്നിങ്ങ് എഴുന്നള്ളും... പാതിരായ്ക്ക് മനുഷ്യൻമാരെ മെനക്കെടുത്താൻ.
പിന്നണിയിൽ പട്രോളിങ് വണ്ടിയുടെ സൈറൺ ശബ്ദം ഉയർന്നുതാഴുന്നു. യുവാവ് തിരിച്ചുവരുന്നു.
സെക്യൂരിറ്റി ഉറക്കത്തിലാണെന്ന് ഉറപ്പുവരുത്തി തന്റെ കൈയിലെ ഓക്‌സിജൻ കാർഡ് യുവതിക്ക് കൈമാറുന്നു. യുവതി ചാർജ് ചെയ്യാനെന്ന വ്യാജേന ബൂത്തിനകത്ത് കയറി നിൽക്കുന്നു. ഏതോ ശബ്ദം കേട്ട് സെക്യൂരിറ്റി ഞെട്ടി ഉണരുന്നു, യുവാവിനെ കണ്ട്.
സെക്യൂരിറ്റി: താനിതുവരെ പോയില്ലെടോ?
-യുവാവ് തന്റെ കൈയിലുള്ള അഡ്രസ് കാർഡ് സെക്യൂരിറ്റിയെ കാണിച്ച് സംശയം തീർക്കുന്നു-
-ഇതിനിടെ സെക്യൂരിറ്റി ബൂത്തിനകത്തെ സുന്ദരിയെ കാണുന്നു - അയാൾ കാർഡ് ചോദിക്കുന്നു.
അവൾ കാർഡ് ഉയർത്തിക്കാണിക്കുന്നു - പുഞ്ചിരിതൂകി നടന്നുനീങ്ങുന്നു. ശ്രദ്ധ മാറ്റാൻ യുവാവ് വീണ്ടും സംശയം ചോദിക്കുന്നു.
സെക്യൂരിറ്റി: ഞാൻ പറഞ്ഞില്ലെടോ.... ആ വഴിക്ക് പോയ് നോക്ക്.
യുവാവിനോട് സംസാരിക്കുമ്പോഴും സെക്യൂരിറ്റിയുടെ ശ്രദ്ധ യുവതിയിലാണ്. അവൾ അയാളുടെ കൺവെട്ടത്ത് നിന്ന് മറയുന്നു.
യുവാവ്: സർ ഞാൻ നിങ്ങൾ പറഞ്ഞ വഴി പോയ് തിരിച്ച്
വന്നതാ - ആ ചുവന്ന പെയ്ന്റ് അടിച്ച കെട്ടിടംവരെ ഞാൻ എത്തി... എന്നിട്ടും. പ്ലീസ് സർ, അപർണ അപ്പാർട്ടുമെൻറ്. അതാണ് ബിൽഡിങ്ങിന്റെ പേര്.
സെക്യൂരിറ്റി യുവാവിനെക്കൊണ്ട് വട്ടം കറങ്ങുന്നു. അയാൾക്ക് കലി വരുന്നു.
സെക്യൂരിറ്റി:ഓ... നിന്നോട് ഞാൻ പറഞ്ഞില്ലേ... ആ ജംഗ്ഷൻ കഴിഞ്ഞ് വലത്തോട്ട് തിരിയാൻ.
-യുവതിയോട് സംസാരിക്കാൻ കഴിയാതെ വന്നതിൽ അയാൾക്ക് ദേഷ്യമുണ്ട് -
സെക്യൂരിറ്റി:വീട്... എനിക്ക് വേറെ ജോലിയുണ്ട്.
യുവാവ് നടന്നുനീങ്ങുന്നു.
ഇതിനിടയിൽ രണ്ടുപേർ ബൂത്തിൽ വരുന്നു. അവരെയും സെക്യൂരിറ്റി പരിശോധിക്കുന്നുണ്ട്.
പെട്ടെന്ന് രണ്ടാമത്തെ സെക്യൂരിറ്റി തിരിച്ചു വരുന്നു.
വളരെ ധൃതിയിലാണ് അയാളുടെ വരവ്. അയാൾ ഉച്ചത്തിൽ വിളിച്ച് പറയുന്നുണ്ട്-
സെക്യൂരിറ്റി 2: അയാളെ വിടരുത്... ഒരു പെൺകുട്ടി നമ്മളെ കബളിപ്പിച്ച് കടന്നുകളഞ്ഞിട്ടുണ്ട്.
സെക്യൂരിറ്റി 1:ഏത് പെൺകുട്ടി... ഒരു പെൺകുട്ടിയും ഇതിലെ കാർഡില്ലാതെ കടന്നുപോയിട്ടില്ല. നീ വെറുതെ കിടന്ന് ഒച്ചയെടുക്കാതെ
സെക്യൂരിറ്റി 2: താങ്കൾക്ക് ഉറപ്പാണോ?
സെക്യൂരിറ്റി 1: ഉറപ്പാണ് ഒരു പെൺകുട്ടി പോയിരുന്നു. പക്ഷേ, അവളുടെ കൈയിൽ കാർഡുമുണ്ട്. അവൾ ഇവിടെ നിന്ന് റീചാർജും ചെയ്തിട്ടുണ്ട്.
സെക്യൂരിറ്റി 2: നീല ജീൻസും ചുവന്ന ടീഷർട്ടും ധരിച്ചവൾ?
സെക്യൂരിറ്റി 1: (ആലോചിച്ച്) നീല... ജീൻസ് ശരിയാണ്... പക്ഷേ, ഷർട്ട്... ഹേയ് ആരും വന്നിട്ടില്ല. നീ വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ വിട്. വരുമ്പോൾ കാണാം.
സെക്യൂരിറ്റി: നിനക്ക് ഉറപ്പാണെങ്കിൽ ഒ.കെ. എന്നാൽ വിജിലന്റായ് നിന്നോ... എനിക്ക് കൺട്രോൾ റൂമിൽ നിന്ന് മെസേജ് കിട്ടിയതാ... ഒരു പെൺകുട്ടി രണ്ടു ദിവസമായി സകല സെക്യൂരിറ്റികളെയും വെട്ടിച്ച് കാർഡില്ലാതെ വിലസുന്നുണ്ടെന്നത്. അങ്ങനെ ഒരുത്തിയും ഓസിനങ്ങനെ വലിക്കണ്ട ശ്വാസം... വിടരുത്... ഒന്നിനെയും. അത് നമ്മുടെ പ്രസ്റ്റീജിന്റെ പ്രശ്‌നാ.
സെക്യൂരിറ്റി 1: (ഗമയോടെ) അങ്ങനെയാണെങ്കിൽ വരട്ടെ കാണിച്ചു കൊടുക്കും ഞാൻ. അവളിങ് വരട്ടെ... അലവലാതി മോൾ. നമ്മളിവിടെ ഉള്ളപ്പോൾ ഒരുത്തിയും ചുളുവിന് അങ്ങ് വലിക്കണ്ട ശ്വാസം...
സെക്യൂരിറ്റി 2: അതാണ് ഞാൻ പറഞ്ഞത്. പിന്നെയല്ല.. കോടികൾ മുടക്കി നമ്മുടെ കമ്പനി ഓക്‌സിജൻ ലേലത്തിൽ പിടിച്ചത്... ഇവനെയൊന്നും വെറുതെ വലിപ്പിക്കാനല്ല... ഹ...
-രണ്ടുപേർക്കും കമ്പനിയോടുള്ള കൂറ് വ്യക്തമാകുന്നു-
സെക്യൂരിറ്റി 1: നമ്മുടെ കമ്പിനിയാണ് നമ്മുടെ ചോറ്.
-കമ്പനിയുടെ എബ്ലം വീണ്ടും രംഗത്തേക്ക് വന്ന് തിരിച്ചു പോകുന്നു-
അതെ ഓക്‌സിഫിറ്റ് (Oxyfit) O2 O2കമ്പനി ""എല്ലാവർക്കും ഓക്‌സിജൻ പണക്കുറവിൽ''. പണമടയ്ക്കൂ ശുദ്ധമായ ഓക്‌സിജൻ ശ്വസിക്കൂ-
എബ്ലം മറയുന്നു.
സെക്യൂരിറ്റി 2 പട്രോളിങ്ങിനായി പോകുന്നു. അല്പനേരം കഴിഞ്ഞ് അയാൾ ഒരു വൃദ്ധനെയും വലിച്ചിഴച്ച് സെക്യൂരിറ്റി 2 ന്റെ കാൽക്കീഴിലേക്ക് തള്ളുന്നു.
വൃദ്ധൻ എഴുപതിനോടടുത്ത് പ്രായം. നരച്ച താടിയും മുടിയും നീട്ടി വളർത്തിയിട്ടുണ്ട്. അയാൾക്ക് കാർഡില്ല... പക്ഷേ, ശ്വാസം പിടിച്ച് ജീവിക്കാനുള്ള അപാരമായ സിദ്ധിയുള്ള ഒരാളാണ് അയാൾ. മോണ്ടികാസ്റ്റോ എന്നാണ് അയാളുടെ പേര്...
സെക്യൂരിറ്റി 2: കുറെ ദിവസമായി ഇവനെ പിടിക്കാൻ ഞാൻ നടക്കുന്നു... എടാ കിളവാ.... ഇനി എന്റെ കൈയിൽനിന്ന് രക്ഷപ്പെടുന്നത് എനിക്കൊന്നു കാണണം.
സെക്യൂരിറ്റി 1: ഓ ഇയാളാണോ... ഞാൻ കരുതി അവളായിരിക്കുമെന്ന്. ആ സുന്ദരി... ഈ പെരട്ട് കിളവൻ വെറുതെ നമ്മളെ മെനക്കെടുത്താൻ (പരിശോധിച്ച്) ദാ കണ്ടില്ലേ വലിക്കില്ല... ജീവൻ പോയാലും ഈ പണ്ടാരം ശ്വാസം എടുക്കില്ല മോനേ... കഴിഞ്ഞദിവസം ഞാൻ ഇവനെ എട്ടുമണിക്കൂർ ഇവിടെ കെട്ടിയിട്ടു. ഒരു ശ്വാസം എടുത്തു കിട്ടാൻ ഉം ഉം...
ഇതൊന്നും വൃദ്ധനിൽ ഒരു ഭാവവ്യത്യാസവും ഉണ്ടാക്കുന്നില്ല... അയാൾ മന്ദസ്മിതം ചൊരിഞ്ഞ് താടിതടവി ഒരു ഇരിപ്പാണ്. സ്വതന്ത്രനായ് ആത്മധൈര്യത്തോടെ-
സെക്യൂരിറ്റി 1 : അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽനിന്ന് o2 കാർഡ് എടുക്കുന്നു.
സെക്യൂരിറ്റി 1: ദാ കണ്ടില്ലേ, കാർഡുണ്ട്... ഇനി നമ്മൾ എന്ത് ചെയ്യും...
സെക്യൂരിറ്റി 2: കാർഡുണ്ട്. പക്ഷേ, ഇയാൾ എങ്ങനെയാണ് ഇത്രയും കുറച്ച് ശ്വാസം എടുത്ത് ഇങ്ങനെ ജീവിക്കുന്നത്?
സെക്യൂരിറ്റി 1: ഓ... എത്ര ശ്വാസം എടുക്കണമെന്ന് ശ്വസിക്കുന്നവർ തീരുമാനിക്കട്ടെ. അത് നമ്മുടെ പണിയല്ലല്ലോ!
സെക്യൂരിറ്റി 2: ഇങ്ങനത്തെ രണ്ടെണ്ണം നാട്ടിലുണ്ടെങ്കിൽ നമ്മുടെ കമ്പനി പൂട്ടിയതുതന്നെ. അതുകൊണ്ട് ഇവനെ നമുക്ക് പൂട്ടിക്കണം... നീ സമയം കളയാതെ പണി ഏർപ്പാടാക്ക്... ഇവനെ നമുക്ക് സെല്ലിലേക്ക് അയയ്ക്കാം... ഇന്ന് ഒരു ഇരയെയും കിട്ടീല്ലാന്ന് വേണ്ട.
സെക്യൂരിറ്റി 1:അതുകൊണ്ട് എന്തു കാര്യം... ഇവനെ ഞാൻതന്നെ രണ്ടുതവണ സെല്ലിൽ വിട്ടതാ...എന്നിട്ട് എന്താ കാര്യം... അതുമല്ല വെറുതെ ഇടാൻ പറ്റില്ലല്ലോ. മൂപ്പർക്ക് ശ്വസിക്കാനുള്ള പരിധി കഴിയണ്ടേ...? അല്ലാതെ പിന്നെങ്ങനെയാ...? ഒരു കാര്യം ചെയ്യേണ്ടിവരും... കൂടുതൽ ശ്വസിപ്പിച്ച്
പരിധിക്ക് അപ്പുറം ആക്കേണ്ടി വരും... അല്ലെങ്കിൽ മറ്റ് വല്ല കേസും ചാർജ് ചെയ്ത് ജയിലിൽ വിടാം.
സെക്യൂരിറ്റി 2: ഒരു കാര്യം ചെയ്യ്... തത്കാലം നമുക്ക് നമ്മുടെ ഏരിയയ്ക്ക് അപ്പുറം ഇറക്കിവിടാം. അതാ നല്ലത്.
സെക്യൂരിറ്റി 1: അതു ശരിയാ എന്നാപ്പിന്നെ നമ്മുടെ മുന്നിൽ വന്ന് പെടില്ലല്ലോ!
വൃദ്ധനെ രണ്ടുപേരുംകൂടി തൂക്കിയെടുത്ത് കൊണ്ടുപോകുന്നു. വൃദ്ധനെ കയറ്റിപ്പോകുന്ന വണ്ടിയുടെ ശബ്ദം. സെക്യൂരിറ്റികൾ തിരിച്ചുവരുന്നു.
സെക്യൂരിറ്റി 1:ഒരുകണക്കിന് അയാളെപ്പോലെ ആയാൽമതിയായിരുന്നു. ഓക്‌സിജന് പണം അടയ്‌ക്കേണ്ടല്ലോ? ഇപ്പംതന്നെ ഈ കിട്ടുന്ന ശമ്പളം ഒന്നും ജീവിക്കാൻ തികയുന്നില്ല.... കമ്പനി വക o2 കാർഡ് കിട്ടുന്നതുകൊണ്ട് നമുക്ക് ജീവിച്ചുപോകാം... മറ്റുള്ളോരെ കാര്യം കഷ്ടം തന്ന്യാ...
സെക്യൂരിറ്റി 2: ഒരു കാര്യം ഞാൻ പറഞ്ഞേക്കാം നിന്റെ ദീനാനുകമ്പയൊന്നും കമ്പനിയിൽ പറ്റില്ലട്ടോ... എന്നാലും ഒരു കാര്യം ഉണ്ട്... ആ വിദ്യ. കിളവന്റെ വിദ്യ. കുറച്ച് ശ്വാസംവലിച്ച് ജീവിക്കുന്ന വിദ്യ. കൊള്ളാം. പക്ഷേ, എങ്ങനെ?
സെക്യൂരിറ്റി 1: കണ്ടോ...അതാ പറഞ്ഞത്. ഞാൻ പറഞ്ഞപ്പോൾ നിങ്ങൾക്ക് ആദ്യം അങ്ങ് കത്തീല... ആലോചിച്ചപ്പോൾ കാര്യം മനസ്സിലായി...
സെക്യൂരിറ്റി 2: അല്ല... ഞാൻ ആലോചിക്യാ...
സെക്യൂരിറ്റി 1: എന്താ?
സെക്യൂരിറ്റി 2: അതൊന്ന് പഠിച്ച് കിട്ട്യാൽ എങ്ങനെ ഉണ്ടാകും?
ശബ്ദം താഴ്ത്തി- ആ കിളവനെ പറഞ്ഞുവിടേണ്ടായിരുന്നു. നിനക്കെന്താ ഇത് നേരത്തേ പറഞ്ഞൂടായിരുന്നോ?
സെക്യൂരിറ്റി 1: എനിക്ക് അപ്പോഴേ തോന്നിയതാ... പക്ഷേ, ആരോടെങ്കിലും പറയാൻ... വിശ്വസ്തരെ കിട്ടണ്ടേ!
സെക്യൂരിറ്റി 2:ശരി പറഞ്ഞത് പറഞ്ഞു... ഇനി ഈ ഐഡിയ ആരോടും പറയണ്ട... തത്കാലം നമ്മൾ രണ്ടാളും മാത്രം... എങ്ങനെ!
സെക്യൂരിറ്റി 1:സബ്ബാഷ്
സെക്യൂരിറ്റി 2: ഇനി ഒന്നും ആലോചിക്കാനില്ല. അയാളെ പൊക്കാം... ദാ ഞാൻ പുറപ്പെട്ടു.
സെക്യൂരിറ്റി 1: വേഗം പോയിട്ട് വാ... നമുക്ക് ഇവിടെ എവിടെയെങ്കിലും ഒളിപ്പിക്കാം... എന്തെങ്കിലും തിന്നാൻകൊടുത്താൽ പോരെ? മറ്റാരുടെയെങ്കിലും കൈയിൽ ചെന്ന് പെടുന്നതിന് മുമ്പ് വേഗം പൊക്കീട്ട് വാ... സെക്യൂരിറ്റി 2 പോകുന്നു.
രംഗം മൂന്ന് - സെൽ.
ഓക്‌സിജൻ കാർഡില്ലാത്തവരെ പാർപ്പിക്കുന്ന ഇടം. അരണ്ട വെളിച്ചം. ഓക്‌സിജൻ മാസ്‌കിൽ പൂട്ടിയിട്ടിരിക്കുന്ന മനുഷ്യരൂപങ്ങൾ-അതിൽ വൃദ്ധരും യുവതീയുവാക്കളും കുട്ടികൾവരെയുണ്ട്-നിരോക്‌സീകരിച്ച പ്രത്യേകം ഗ്ലാസ് ചേമ്പറിലാണ് തടവുകാർ തൂങ്ങിനിൽക്കുന്നത്. ഓരോ മാസ്‌കിലും ഓരോ മനുഷ്യർ-ഇരുവശങ്ങളിലും ഗ്ലാസ്‌ചേംബർ ഉണ്ട്-ഓക്‌സിജൻ മാസ്‌കിലൂടെ മാത്രമേ അവർക്ക് പ്രാണവായു ലഭിക്കുകയുള്ളൂ. അതിനായി അവർക്ക് അവിടെനിന്ന് o2 ഉപയോഗിക്കുന്നതിലും ഇരട്ടി ചാർജ് കൊടുക്കേണ്ടിയും വരും. അത് കൃത്യമായി മീറ്ററിൽ അടയാളപ്പെടുത്തപ്പെടും. അതിനായി നിയോഗിക്കപ്പെട്ട സെക്യൂരിറ്റികൾ അത് കൃത്യമായ് നിർവഹിക്കുന്നുണ്ട്. അവർ ചേമ്പറിന്റെ പുറത്ത് റോന്തുചുറ്റുന്നുണ്ട്. ആരാച്ചാരുടെ മുഖമാണ് ഓരോ സെക്യൂരിറ്റിക്കും. പിന്നണിയിൽ ഊർധ്വശ്വാസത്തിന്റെ ശബ്ദം. ആ ശ്വാസംവലി ആസ്വദിക്കുകയാണ് അധികാരത്തിന്റെ വൃത്തികെട്ട മുഖമുള്ള സെക്യൂരിറ്റികൾ. കനിവിന്റെ ഒരു ലാഞ്ഛനയും അവരുടെ മുഖത്ത് കാണാൻകഴിയില്ല. ഇരകൾക്ക് ഒരു വഴിയേ ഉള്ളൂ. കാത്തിരിപ്പ്-ഏതെങ്കിലും ബന്ധുക്കൾ വന്ന് ഇത്രയും നാൾ ഉപയോഗിച്ച o2 ന്റെ പണം കെട്ടിയാൽ അവർക്ക് രക്ഷപ്പെടാം. ചില തടവുപുള്ളികളുടെ മുഖത്ത് ദൈന്യവും ഒപ്പം പ്രതീക്ഷയും നിഴലിക്കുന്നുണ്ട്. ചിലർ ജീവച്ഛവമായ് കിടപ്പാണ്. രക്ഷകന്റെ കാലൊച്ചകൾക്കുവേണ്ടി കാതോർക്കുകയാണ് അവർ. ശ്വാസംവലിയുടെ സംഗീതം ഉയർന്നു താഴുന്നു. സെക്യൂരിറ്റികൾ പോർട്ടബിൾ ഓക്‌സിജൻ സിലിണ്ടർ ശരീരത്തിൽ ഘടിപ്പിച്ച് ഗ്ലാസ് ചേമ്പറിനകത്ത് കയറി ഓരോരുത്തരെയും പരിശോധിക്കുന്നുണ്ട്. മാസ്‌കിൽ തൂങ്ങിയാടുന്ന അവശനായ ഒരു മനുഷ്യൻ, സൈമൺ എന്നാണ് അയാളുടെ പേര്. നാല്പത്തഞ്ചിനോടടുത്ത് പ്രായം. നരച്ച താടി. മെലിഞ്ഞ ശരീരം. അയാൾ ആകെ അസ്വസ്ഥനാണ്. ഒരു സെക്യൂരിറ്റി അയാളുടെ അടുത്തു ചെന്ന് രഹസ്യം പറയുന്നു... എന്നിട്ട് അയാളെ സെല്ലിൽ നിന്ന് പുറത്തുകൊണ്ടുവരുന്നു.
സെക്യൂരിറ്റി 2:എത്ര കാലമായെടാ ഇവിടെ കിടന്ന് വലിക്കാൻതുടങ്ങിയിട്ട് (രജിസ്റ്റർ കാണിച്ച്) നിന്റെ സമയം കഴിയാറായ്... നീയൊക്കെ ഇവിടെ കിടന്നു തീരും... ആരും ഇല്ലേ നിന്നെയൊന്നു കൊണ്ടുപോകാൻ?
സൈമൺ:(നിശ്ചയദാർഢ്യത്തോടെ) ഉണ്ട് സർ എന്റെ ഭാര്യ, എന്റെ പ്രിയപ്പെട്ടവൾ.
സെക്യൂരിറ്റി 2: പ്രിയപ്പെട്ടവൾ... എന്നിട്ടെന്തേ ഇത്രയും നാൾ ഈ വഴി കണ്ടില്ലല്ലോ അവളെ?
സൈമൺ: സർ പ്ലീസ് അവൾ വരും എനിക്കറിയാം... പണവുമായ് അവൾ വരും... സർ, അതുകൊണ്ട് രണ്ടുദിവസംകൂടി അനുവദിക്കണം. പ്ലീസ് അവൾക്കെന്നെ അത്രയ്ക്ക് ഇഷ്ടമാണ് സർ.
സെക്യൂരിറ്റി : ഓ എന്തൊരു ഇഷ്ടം... ശരി ഏതായാലും കാത്തിരുന്നോ...
കണ്ണിൽ പ്രതീക്ഷയുടെ തിളക്കവുമായ് അയാൾ മാസ്‌കിൽ തൂങ്ങിനിൽക്കുന്നു. സെക്യൂരിറ്റിക്കാർ അധികാരത്തിന്റെ ചുവടുകൾ വെക്കുന്നു. ഗ്ലാസ് ചേമ്പറിന്റെ പുറത്തുനിന്ന് ഓരോ മനുഷ്യരൂപങ്ങളെയും നിരീക്ഷിക്കുന്നു-മാസ്‌ക്. ഒരു മാസം കഴിഞ്ഞവരെ ആരും തിരഞ്ഞുവന്നില്ലെങ്കിൽ പ്രത്യേക സ്ഥലത്തേക്ക് മാറ്റും-സമയം കഴിഞ്ഞെന്ന് സൂചിപ്പിക്കാൻ ഒരു പ്രത്യേക സൈറൺ മുഴങ്ങും- ആർക്കുവേണ്ടിയാണ് സൈറൺ മുഴങ്ങിയതെന്ന് അറിയാതെ തടവുകാർ ഭയവിഹ്വലരാകുന്നു-സൈറൺ തനിക്കുവേണ്ടി ആവരുതേ എന്ന് ഓരോരുത്തരും പ്രാർഥിക്കുന്നു. സൈമണെയും ഫ്‌ളോറയെന്ന ഇരുപത്തെട്ടുകാരി യുവതിയെയും ഗ്ലാസ് ചേമ്പറിൽനിന്ന് പുറത്ത് ബെഞ്ചിൽ ഇരുത്തുന്നു. ഫ്‌ളോറയുടെ അവസാന ദിവസമാണ് അന്ന്. ഒരു മാസവും മൂന്നുദിവസവും കഴിഞ്ഞിട്ടും അവരെ തേടി ആരും വന്നില്ല. സാധാരണ ഒരുമാസമേ സെല്ലിൽ തടവുകാരെ ഇടാറുള്ളൂ. അതിനിടയിൽ ആരെങ്കിലും വന്ന് ഇത്രയും കാലം ഉപയോഗിച്ച ഓക്‌സിജന്റെ പണം മുഴുവൻ അടച്ച് കുറ്റവാളികളെ കൊണ്ടുപോകുന്നില്ലെങ്കിൽ അവരെ വളരെ രഹസ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റും. പിന്നെ പുറംലോകം അവരെക്കുറിച്ച് ഒന്നുമറിയില്ല.
ഫ്‌ളോറയെ സൈമൺ ദയനീയമായി നോക്കുന്നു. സൈമൺ ഫ്‌ളോറയോട് സംസാരിക്കുന്നു.
സൈമൺ: മോളേ ദാ ഓഫീസർ ഇപ്പം വരും. നിനക്ക് അയാളോട് ഒന്ന് പറഞ്ഞുനോക്കിക്കൂടെ?... ചിലപ്പോൾ അയാൾ കനിഞ്ഞാലോ... ഒരുദിവസം കൂടി...
പെട്ടെന്ന് ഓഫീസർ വരുന്നു. കൂടെ അസിസ്റ്റന്റുമാരും നേരത്തേയുള്ള സെക്യൂരിറ്റികളും ഉണ്ട്. ഓഫീസറുടെ മുഖത്ത് അധികാരത്തിന്റെ ധാർഷ്ട്യം കാണാം. കനിവിന്റെ ഒരംശംപോലും അയാളിൽ കാണാൻകഴിയില്ല.
അയാളെ കണ്ടയുടനെ സൈമണും ഫ്‌ളോറയും എഴുന്നേറ്റ് നിൽക്കുന്നു. അയാൾ പുറത്ത് നിൽക്കുന്ന ഫ്‌ളോറയെയും സൈമണെയും ഗ്ലാസ് ചേമ്പറിനകത്തെ മറ്റു തടവുകാരെയും സസൂക്ഷ്മം നിരീക്ഷിക്കുന്നു. വീണ്ടും ഫ്‌ളോറയുടെ അടുത്തെത്തി നിൽക്കുന്നു അവളെ അയാളുടെ കഴുകൻ കണ്ണുകൾ അടിമുടി ഉഴിയുന്നു.
മുഖത്ത് കൃത്രിമ ചിരി വരുത്തി,
ഓഫീസർ:** ഫ്‌ളോറ... (ചിരിക്കുന്നു.)
കഴിഞ്ഞു, നിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. കഷ്ടം... പക്ഷേ, വഴിയുണ്ട്... അതിന് നീ വിചാരിക്കണം...
അടുത്തുവന്ന് അവളുടെ ചെവിയിൽ എന്തോ പറയുന്നു. പെട്ടെന്ന് ഫ്‌ളോറ കലിതുള്ളി അയാളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു.
ഫ്‌ളോറ:പോടാ പന്നീ...
അയാളുടെ മുഖം ചുവന്നുതുടുക്കുന്നു (ചമ്മൽ പുറത്തുകാണിക്കാതെ)
ഓഫീസർ: ഓ അവളുടെ ഒരു അഹങ്കാരം. വേണമെങ്കിൽ മതിയെടീ. നിനക്ക് വേണമെങ്കിൽ... നിനക്കറിയോ? നിനക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്? അവിടെ ചെന്നാൽ കാണാം. എല്ലാവരുംകൂടി നിന്നെ പെരുമാറും... അതിനു മുമ്പ് നിനക്ക് എന്തെങ്കിലും ഒരു സുഖം കിട്ടിക്കോട്ടേന്നു വിചാരിച്ചാ... (മുടിക്ക് കുത്തിപ്പിടിച്ച്) അപ്പോ... അലവലാതി മോളേ... നിന്റെ ഒരു അഹങ്കാരം... കഴിഞ്ഞെടീ എല്ലാം... നിന്റെ കെട്ട്യോൻ ഇവിടെ എത്താനൊന്നും പോന്നില്ല... എവിടെ! ശ്വാസം കഴിക്കാൻ ഗതിയില്ലാത്ത നിന്നെ വിട്ട്
അവൻ വല്ല പണക്കാരിപ്പെണ്ണിനെയും കെട്ടി സുഖമായി ജീവിക്കുന്നുണ്ടാകും. കഴിഞ്ഞ ആഴ്ച വലിയ വീരവാദം മുഴക്കി പോയവനല്ലേ... (പരിഹസിച്ച്) നാളെയിങ്ങ് ഒലത്തും എന്നു പറഞ്ഞ്... എന്നിട്ട് എന്തായെടീ?... നിന്റെ ഫ്‌ളാറ്റ് അവൻ വിറ്റ് സ്ഥലംവിട്ടിട്ടുണ്ടാകും... പുല്ലേ...
ഇത് ഫ്‌ളോറയ്ക്ക് താങ്ങാവുന്നതിൽ കൂടുതലായിരുന്നു. അവൾ എല്ലാ ദേഷ്യവും തന്റെ കാലിൽ ആവാഹിച്ച് സർവശക്തിയും ഉപയോഗിച്ച്
ഒറ്റച്ചവിട്ടാണ്-അയാളുടെ നാഭിക്കു നോക്കി. അപ്രതീക്ഷിതമായ പ്രഹരത്തിൽ ഓഫീസർ ദൂരെ തെറിച്ചുവീഴുന്നു-അയാളുടെ ശ്വാസം നിലച്ചുപോകുന്നു.
അടുത്ത അറ്റാക്കിനായ് ഫ്‌ളോറ മുതിരുന്നതിനു മുൻപ് മറ്റ് സെക്യൂരിറ്റിക്കാരും സൈമണും ചേർന്ന് അവളെ പിടിച്ചുമാറ്റുന്നു.
രംഗം കൂടുതൽ വഷളാകാതിരിക്കാൻ ഓഫീസറെ സെക്യൂരിറ്റിക്കാർ ചേർന്ന് കൊണ്ടുപോകുന്നു.
സൈമൺ ഇതുകണ്ട് തരിച്ചിരുന്നു പോകുന്നു. ഫ്‌ളോറയുടെ വിധിയോർത്ത് അയാൾ വ്യസനപ്പെടുന്നു.
സൈമൺ: വേണ്ടായിരുന്നു മോളേ... ആ ജന്തു എന്തെങ്കിലും ചെയ്‌തെന്നു കരുതി നിനക്കല്ലേ നഷ്ടം... അയാൾ നിന്നെ മനപ്പൂർവം പ്രകോപിപ്പിച്ചതാ... ദുഷ്ടൻ... ഇനി നീ... എനിക്ക് സഹിക്കാൻ കഴിയില്ല.
സൈമണെയും ഫ്‌ളോറയെയും സെല്ലിനകത്ത് കൊണ്ടുപോകുന്നു. അകത്ത് മറ്റു തടവുകാർ ഇത് കണ്ട് ഞെട്ടിയിരിക്കയാണ്. പെട്ടെന്ന് സൈറൺ മുഴങ്ങുന്നു-സെക്യൂരിറ്റിക്കാർ കലിതുള്ളി നടക്കുന്നു-അവർ ഓക്‌സിജൻ വിച്ഛേദിക്കുന്നു. അപ്പോൾ ശ്വാസം കിട്ടാതെ ഗ്ലാസ് ചേമ്പറിനകത്തെ തടവുകാർ മാസ്‌കിൽ കിടന്ന് പിടയുന്നു. ഇതുകണ്ട് സെക്യൂരിറ്റിക്കാർ ആർത്തട്ടഹസിക്കുന്നു.
സെക്യൂരിറ്റി: അധികം കളിച്ചാൽ കൊന്നുകളയും തെണ്ടികളേ... അനുഭവിക്ക്...
പിന്നെ ഒന്നുരണ്ടുതവണകൂടി ഗ്ലാസ് ചേമ്പറിലേക്കുള്ള ഓക്‌സിജൻ
വിച്ഛേദിക്കുന്നു-ഫ്‌ളോറ ഒരു കുലുക്കവുമില്ലാതെ നിൽക്കുന്നു. അവിടെ വല്ലാത്തൊരു ഭീതി തളംകെട്ടുന്നു-സെക്യൂരിറ്റിക്കാർ എല്ലാവരും അമർഷത്തിലാണ്-അവർ ഗ്ലാസിനടിച്ച് പകതീർക്കുന്നുണ്ട്. പതുക്കെ രംഗം ശാന്തമാവുന്നു. സെക്യൂരിറ്റി ഫ്‌ളോറയുടെ കൈകൾ കൂട്ടിക്കെട്ടുന്നു-
ഇത് എല്ലാവർക്കും ബാധകമെന്നോണം മറ്റു തടവുകാരെ നോക്കുന്നു. ഇതിനിടയിൽ പുതിയ കുറ്റവാളികളെ കൊണ്ടുവരുന്നതും കാലാവധി കഴിഞ്ഞവരെ കൊണ്ടുപോകുന്നതും കാണാൻകഴിയും. മാസ്‌കിൽ തൂങ്ങിനിൽക്കുന്നവർ പലരും ശ്വാസംപിടിച്ചു പിടിച്ചാണ് വലിക്കുന്നത്. ജീവൻ നിലനിർത്താൻ വേണ്ടി മാത്രം. ശ്വാസം കുറച്ച് ഉപയോഗിച്ചാൽ അത്രയും കുറച്ച് പണമടച്ചാൽമതിയല്ലോ എന്നാണ് ഓരോരുത്തരുടെയും ചിന്ത. സെക്യൂരിറ്റിക്കാർ വെറുതെ സൈറൺ മുഴക്കും. കാലാവധി കഴിയാറായവർ അത് തന്റേതാകുമെന്നു കരുതി പേടിക്കുന്നുണ്ട്. സെക്യൂരിറ്റിക്കാർ ഓരോരുത്തരെ ചൂണ്ടി സംസാരിക്കും... തന്റെ സമയം കഴിഞ്ഞെന്നു കരുതി തടവുകാർ ദീർഘമായ് ശ്വാസംവലിക്കാൻ
തുടങ്ങും-പക്ഷേ, അത് അവരെ പറ്റിക്കാനാണെന്ന് പിന്നീടാണ് തടവുകാർക്ക് മനസ്സിലാകുക. സെക്യൂരിറ്റിക്കാരുടെ ക്രൂരമായ തമാശ-അങ്ങനെ ഓക്‌സിജന്റെ ചിലവുകൂട്ടി, കമ്പനിക്ക് ലാഭമുണ്ടാക്കുക എന്ന ഗൂഢതന്ത്രവും അവർക്കുണ്ട്, ചെന്നായ്ക്കളെപ്പോലെ സെക്യൂരിറ്റിക്കാർ ഗ്ലാസിനു പുറത്ത് പാവപ്പെട്ട മനുഷ്യരുടെ രക്തത്തിന്റെ മണവും പിടിച്ച് നടക്കുന്നു. തടവുകാരുടെ ഭയവിഹ്വലതകളെ അവർ ആഘോഷമാക്കിമാറ്റുന്നു. തങ്ങളോട് നല്ലരീതിയിൽ നിൽക്കുന്നവരെ സെക്യൂരിറ്റിക്കാർ ഗ്ലാസ് ചേമ്പറിൽനിന്ന് പുറത്ത് വരാന്തയിൽ സ്വതന്ത്രരായി നടക്കാൻ അനുവദിക്കുന്നുണ്ട്. സ്ത്രീകൾക്കാണ് ഈ സ്വാതന്ത്ര്യം പലപ്പോഴും ലഭിക്കുന്നത്. പ്രത്യേകിച്ച് സുന്ദരികൾ-അവരുടെ സൗന്ദര്യം ഗ്ലാസിന്റെ പുറത്ത് സെക്യൂരിറ്റിക്കാർക്ക് ആസ്വദിക്കാം എന്നതാണ് അതിനു കാരണം. "ബല്ലു'വെന്ന ചെറിയ ബാലനെ സെക്യൂരിറ്റിക്കാർ അവരുടെ ബട്മാനായി ഉപയോഗിക്കുന്നു-അവനെ സെല്ലിനകത്തേക്ക് കൊണ്ടുവന്നാൽ അതിന്റെ അർഥം ഏതോ ഉയർന്ന ഓഫീസർ വിസിറ്റിന് വരുന്നുണ്ടെന്നാണ്. ബല്ലു തടിച്ച് വെളുത്ത ഒരു പയ്യനാണ്. അവനെ മാസ്‌കിൽ ബന്ധിക്കുന്നു.
സെക്യൂരിറ്റി: ബല്ലൂ... നീ കുറച്ച് നേരം ഇവിടെ കിടന്ന് ശ്വസിക്ക്...
സെക്യൂരിറ്റിക്കാർ പതിവു ചെക്കിങ് നടത്തുന്നു.
ഓഫീസർ വരുന്നതിന്റെ സൂചനയായി മുഴങ്ങാറുള്ള സൈറൺ മുഴങ്ങുന്നു. ഓഫീസർ 2 പ്രവേശിക്കുന്നു. അയാൾ തടിച്ചുകൊഴുത്ത ശരീരപ്രകൃതമുള്ള ഒരാളാണ്-കുറച്ചുകൂടി പക്വത വന്ന മുഖം-അയാൾ വന്ന ഉടനെ ഫയലുകൾ ആവശ്യപ്പെടുന്നു. സെക്യൂരിറ്റിക്കാർ എല്ലാം വളരെ ഭയഭക്തിയോടെ അടുത്തുനിൽക്കുന്നു-അയാൾ സെക്യൂരിറ്റിക്ക് നിർദേശം കൊടുക്കുന്നു-തടവുകാരെ ഭക്ഷണം കൊടുക്കാനായി പുറത്തേക്ക് കൊണ്ടുവരുന്നു- തടവുകാർ ഭക്ഷണം കഴിക്കുന്നതിനിടെ ഓഫീസർ 2 എല്ലാ തടവുകാരെയും നിരീക്ഷിക്കുന്നു.
തടവുകാരുടെ മുഖത്ത് എന്ത് സംഭവിക്കാൻ പോകുന്നു എന്നറിയാനുള്ള ജിജ്ഞാസയുണ്ട്. ഓഫീസർ തടവു പുള്ളികളുടെ ഇടയിലൂടെ ഗമയിൽ നടക്കുകയാണ്. പിറകെ അസിസ്റ്റന്റുമാരും...പെട്ടെന്ന് ഫ്‌ളോറയുടെ മുന്നിൽ അയാൾ നിൽക്കുന്നു.
ഓഫീസർ 2: ഫ്‌ളോറ... (ആലോചിച്ച്) ലുക, ഞാൻ ഇവിടത്തെ സെക്കൻഡ് ഇൻ കമാൻഡന്റ്- പേര് ഡാനിയേൽ. നിന്റെ വിഷമം എനിക്ക് മനസ്സിലാകും. പറയൂ... എന്തുപറ്റി? നിന്റെ ഹസ്‌ബെൻഡ് ഇതുവരെ വന്നില്ലേ? കുഴപ്പമില്ല. ഇനി ബന്ധുക്കളായി മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവരുടെ അഡ്രസ് തന്നാൽ എനിക്ക് നിന്നെ സഹായിക്കാൻ പറ്റും. ഇതുകേട്ട് ഫ്‌ളോറ ഒരക്ഷരം ഉരിയാടുന്നില്ല.
സൈമൺ: മോളേ നീ ഇങ്ങനെ ഒന്നും മിണ്ടാതിരുന്നാൽ എങ്ങനെയാ, സാറ് ചോദിച്ചത് കേട്ടില്ലേ? പറ, ആരെങ്കിലും ഉണ്ടെങ്കിൽ പറ. അഡ്രസ് കൊ
ടുക്കൂ.
ഫ്‌ളോറ:(സങ്കടം സഹിക്കാനാവാതെ വിതുമ്പിക്കൊണ്ട്) വിൽസൺ അല്ലാതെ ഈ ഭൂമിയിൽ എനിക്ക് മറ്റാരുമില്ല. സൈമണും ഇതുകേട്ട് വിഷമിക്കുന്നു.
ഓഫീസർ 2:(ഫ്‌ളോറയെ അടിമുടി നോക്കി) കരയരുത്. പ്ലീസ് എനിക്ക് സുന്ദരികൾ കരയുന്നത് ഇഷ്ടമല്ല. (ആലോചിച്ച്) ശരി, തത്കാലം നിനക്ക് എന്റെ വക രണ്ട് ദിവസംകൂടി അനുവദിച്ചിരിക്കുന്നു. ഒ.കെ. (അതിനുശേഷം അടുത്തുള്ള സെക്യൂരിറ്റിയെ വിളിച്ച് നിർദേശങ്ങൾ നൽകുന്നു).
ഫ്‌ളോറ മറുപടി പറയാൻ തുടങ്ങുമ്പോൾ തന്നെ സൈമൺ അത് വിലക്കുന്നു. ഓഫീസർ പോകുന്നു.
രംഗം നാല് - പകൽ.
ഒരു ഇടത്തരം ഫ്‌ളാറ്റിലെ സിറ്റൗട്ട്. ആദ്യരംഗത്തിൽ തെരുവിൽ കണ്ട യുവാവും യുവതിയും സോഫയിൽ കിടന്ന് നല്ല ഉറക്കത്തിലാണ്. അകത്തുനിന്ന് വിൽസൺ (പ്രായം 35) വാതിൽ തുറന്ന് പ്രവേശിക്കുന്നു. രണ്ടുപേരും നല്ല ഉറക്കത്തിലായതിനാൽ ആദ്യം വിളിച്ചുണർത്താൻ മടിക്കുന്നു. അയാൾ അക്ഷമനാകുന്നു. അയാൾക്ക് പുറത്തുപോകാൻ ധൃതിയുണ്ട്. ഒടുവിൽ അവരെ വിളിച്ചുണർത്താൻ തന്നെ തീരുമാനിക്കുന്നു. - ഉറങ്ങിക്കിടക്കുന്ന യുവാവിനെ തട്ടിവിളിക്കുന്നു.
വിൽസൺ: എടാ സിദ്ധാർഥ്...എഴുന്നേൽക്ക്. നേരം എത്രയായെന്നാ രണ്ടിന്റെയും വിചാരം?
സിദ്ധാർഥ് എഴുന്നേൽക്കുന്നു. കൂടെ യുവതിയും എഴുന്നേൽക്കുന്നു. യുവതിയുടെ പേര് സെൽമ. പ്രായം മുപ്പത്തഞ്ചിനടുത്ത്. സുന്ദരി.
അവർ പിടഞ്ഞെഴുന്നേൽക്കുന്നു.
വിൽസൺ: മണിയെത്രയായെന്നാ വിചാരം? പതിനൊന്ന് കഴിഞ്ഞെടാ... ഓ...സൂര്യൻ നിന്റെ തലയ്ക്ക് മുകളിലെത്തി.
സിദ്ധാർഥ് വീണ്ടും ഉറക്കത്തിലേക്ക് വീഴുന്നു. ഇത് കണ്ട് വിൽസണ് ദേഷ്യം വരുന്നു.
വിൽസൺ: ബാക്കിയുള്ളോന് നൂറുകൂട്ടം പണിയുണ്ട്. നിനക്കൊക്കെ കിടന്ന് ഉറങ്ങിയാൽമതി. എഴുന്നേൽക്കെടാ. പാതിരയ്ക്ക് കേറി വന്നിട്ട്!
സിദ്ധാർഥ് ഉണർന്ന് എഴുന്നേൽക്കുന്നു.
സിദ്ധാർഥ്: സോറിയെടാ. ഇന്നലെ ജീവനുംകൊണ്ട് ഓടുന്ന ഓട്ടത്തിനിടെ ഒരു പോള കണ്ണടച്ചിട്ടില്ല... വല്ലാത്ത ക്ഷീണം... ഉറങ്ങിപ്പോയി.
വിൽസൺ: (സെൽമയെ ശ്രദ്ധിച്ച്) നീ വിളിച്ചപ്പോൾ ഞാൻ കരുതി നീ ഒറ്റയ്ക്കാണെന്ന്... ഇവളുള്ള വിവരം... നീ പറഞ്ഞില്ല.
സിദ്ധാർഥ്: ഓ... അത് ഞാൻ നിനക്കൊരു സസ്‌പെൻസ് ആയിക്കോട്ടെന്ന് കരുതി.
വിൽസൺ: പക്ഷേ, എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നീ ഇവളേയും കൊണ്ട് അതും ഓക്‌സിജൻ കാർഡ് ഇല്ലാതെ... എങ്ങനെ അവൻമാരുടെ പിടിയിൽപെടാതെ ഇവിടെ എത്തി? ഏതായാലും ഇന്നലെ സെർച്ചിങ് ഇല്ലാത്തത് നിന്റെ ഭാഗ്യം. അല്ലെങ്കിൽ മൂന്നും ഇന്ന് അകത്ത് പോയേനെ! ശരി സംസാരിച്ചിരിക്കാൻ എനിക്ക് സമയമില്ല. ഒരുപാട് പണിയുണ്ട്. വേഗം അകത്ത് ചെന്ന് വാതിൽ അടച്ചോ. ആരെങ്കിലും വരാൻ സാധ്യതയുണ്ട്. ചെല്ല്...
സിദ്ധാർഥ്: ഇതെന്റെ കൂട്ടുകാരി സെൽമ.
വിൽസൺ:(അവരെ പരിചയപ്പെടുന്നു). അതൊക്കെ കൊള്ളാം. എന്താ നിന്റെ ഉദ്ദേശ്യം...? എന്നെക്കൊണ്ടാവില്ല വെറുതെ പുലിവാല് പിടിക്കാൻ! ശ്വാസം വലിക്കാൻ പോലും കാശില്ലാത്ത നീ ഇത് എന്തിന്റെ പുറപ്പാടാ?... ഏതായാലും ഞാൻ വരുന്നതിനുമുമ്പ് ഒരു തീരുമാനത്തിൽ എത്തണം. കാർഡില്ലാതെ പറ്റില്ല. ഇവിടെ താമസിക്കാൻ. അല്ലാതെ വയ്യ. അതുതന്നെ (ആലോചിച്ച് നെടുവീർപ്പിടുന്നു.)
സിദ്ധാർഥ്:ഏയ് നീ കരുതുംപോലെ ഒന്നും ഇല്ല... എന്റെ കൈയിൽ കാർഡുണ്ടെടാ... ഇവളുടെ കാര്യമാണ്. ഇവൾക്ക് വേണ്ടിയാ ഞാൻ വന്നത്. ഇവൾക്ക് ഇവിടെ സിറ്റിയിൽ ഒരു ഇന്റർവ്യൂ ഉണ്ട്.
വിൽസൺ : അതുശരി... കാർഡില്ലാതെ എന്ത് ഇന്റർവ്യൂ? നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല.
സിദ്ധാർഥ്: ജോലികിട്ടും ഉറപ്പാ. അതിനുമുമ്പ് ഞാൻ കാർഡിനുള്ള പണം സംഘടിപ്പിക്കും.
സെൽമ: എന്റെ ഒരു കസിൻ ആ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ഇന്റർവ്യൂവിന് അറ്റൻഡ് ചെയ്താൽ മതി. ബാക്കി അവൻ നോക്കിക്കൊള്ളും.
സിദ്ധാർഥ്: ഇവൾക്ക് കാർഡ് ഉണ്ടായിരുന്നു. അത് അനുജന്റെ ചികിത്സയ്ക്കുവേണ്ടി പണയത്തിൽ
ആയിപ്പോയി... അതുകൊണ്ടാ... പ്ലീസ്... രണ്ടേ രണ്ട് ദിവസം...
സെൽമ: പ്ലീസ് ബ്രദർ. കിട്ടിയാൽ നല്ല ജോലിയാ. കമ്പനി വക ഓക്‌സിജൻ കാർഡുണ്ട്!
വിൽസൺ: കൊള്ളാം... കമ്പനി ജോലി, ഫ്രീ ആയിട്ട് ഓക്‌സിജൻ കാർഡ്. (ചിരിക്കുന്നു) സ്വപ്നം കൊള്ളാം...
വിൽസൺ: ഇതൊക്കെ ഞാൻ കുറെ കണ്ടതാ... പക്ഷേ, ഒരു കാര്യം... ഞാൻ വരുന്നതിന് മുമ്പ് തീരുമാനം എടുക്കണം. എന്നിട്ട് ഉടൻ സ്ഥലം വിടണം. എന്നെക്കൊണ്ട് ആവില്ല... നിനക്കറിയില്ല. എന്റെ പ്രശ്‌നം. ഞാൻ പോകുന്നു. പുറത്തേക്ക് ഇറങ്ങാൻ നിൽക്കണ്ട... കതക് അടച്ച് ഇരുന്നോ.
വിൽസൺ പോയതിന് ശേഷം
സെൽമ: അയാൾ ആകെ വെപ്രാളത്തിലാണ്. എന്തോ കാര്യമായ കുഴപ്പമുണ്ട്...
സിദ്ധാർഥ്: അവൻ നല്ലവനാ. എനിക്കറിയാം. കോളേജ് വിട്ടതിനുശേഷം ഇപ്പോഴാണ് ഞാൻ കാണുന്നത്... നീ പറഞ്ഞത് നേരാ... അവന് എന്തോ പ്രശ്‌നമുണ്ട്... ഏതായാലും നീ അത് കാര്യമാക്കേണ്ട... അവന്റെ കാര്യങ്ങൾ പിന്നീട് ചോദിക്കാം.
സെൽമ:നിനക്ക് എന്നെക്കൊണ്ട് ബുദ്ധിമുട്ടായോ... സിദ്ധാർഥ്...?
സിദ്ധാർഥ്: നീ എന്താടീ ഇങ്ങനെ... (സെൽമ അവളുടെ അവസ്ഥയോർത്ത് വിതുമ്പുന്നു.)
സിദ്ധാർഥ്: വേണ്ട നീ വിഷമിക്കരുത്... നോക്ക് എല്ലാം ശരിയാവും... (സിദ്ധാർഥ് തന്റെ കൈകൾകൊണ്ട് അവളുടെ കണ്ണീരൊപ്പുന്നു - അവർ പരസ്പരം പുണരു
ന്നു... സിദ്ധാർഥിന്റെ ശ്വാസഗതി വർധിക്കുന്നു...
മഴ ജാലകത്തിന് വെള്ളിക്കർട്ടൻ ഇടുന്നു. പെട്ടെന്ന് അയാളുടെ ഓക്‌സിജൻ കാർഡിൽ നിന്ന് തീരാറായെന്നുള്ള "ബീപ്പ്' ശബ്ദം കേൾക്കുന്നു. "You hav--e insuffi cient balance. Please reacharge your O2 card' എന്ന അറിയിപ്പും. സെൽമ പെട്ടെന്ന് അയാളെ തള്ളി മാറ്റി.)
സെൽമ: വേണ്ട സിദ്ധാർഥ്...വേണ്ട... നിന്റെ കാർഡ് കൂടി തീർന്നാൽ നമ്മൾ രണ്ടു പേരും ഒളിവിൽത്തന്നെ കഴിയേണ്ടി വരും...
അവൾ സോഫയിൽനിന്ന് എഴുന്നേറ്റ് ജനാലയ്ക്കരികിൽ നിൽക്കുന്നു- സിദ്ധാർഥ് അടുത്തുചെന്ന് നിൽക്കുന്നു. നീ കാത്തിരിക്കൂ സിദ്ധാർഥ്... എനിക്ക് ജോലികിട്ടും... അവർ തങ്ങളുടെ അവസ്ഥയെ ശപിച്ച് പരസ്പരം കണ്ണുകളിൽ നോക്കിയിരിക്കുന്നു...
പിന്നണിയിൽ പട്രോളിങ് വണ്ടിയുടെ സൈറൺ ഉയർന്ന് താഴുന്നു. പെട്ടെന്ന് കോളിങ് ബെൽ ശബ്ദിക്കുന്നു - അവർ ഞെട്ടുന്നു - സെൽമയെ എവിടെയെങ്കിലും ഒളിപ്പിക്കാൻ ശ്രമിക്കുന്നു. ഒടുവിൽ സോഫയ്ക്കടിയിൽ അവളെ ഒളിപ്പിക്കുന്നു - കോളിങ് ബെൽ നിർത്താതെ അടിക്കുന്നു - ധൈര്യം വീണ്ടെടുത്ത് സിദ്ധാർഥ് വാതിൽ തുറക്കുന്നു - സെർച്ചിങ് ഓഫീസർമാർ മുറിയിൽ പ്രവേശിക്കുന്നു - ഭീതി ജനിപ്പിക്കുന്ന മുഖമാണവർക്ക്.
ഓഫീസർ 1: എന്താടോ വാതിൽ തുറക്കാൻ ഇത്ര താമസം? എവിടെ കാർഡ്? കൂടെ മറ്റാരെങ്കിലും? എന്താണ് നിന്റെ ജോലി?
ചോദ്യശരങ്ങൾക്ക് മുമ്പിൽ സിദ്ധാർഥ് ഒന്ന് ചൂളിയെങ്കിലും അയാൾ ധൈര്യം സംഭരിക്കുന്നു - കാർഡ് എടുത്ത് കൊടുക്കുന്നു - ഇതിനിടയിൽ മറ്റ് രണ്ട് പേർ മുറി അരിച്ച് പരിശോധിക്കുന്നു. പിടിക്കപ്പെടരുതേ എന്ന പ്രാർഥനയോടെ നിൽക്കുന്ന സിദ്ധാർഥ്.
പരിശോധന കഴിഞ്ഞ് മറ്റ് രണ്ട് പേർ തിരിച്ചെത്തുന്നു.
ഓഫീസർ 1: നിങ്ങൾ തനിച്ചല്ലല്ലോ? ഈ ബാഗ്... (ഓഫീസർ സിദ്ധാർഥിന്റെ ട്രാവലിങ് ബാഗ് എടുത്തുകൊണ്ടു വന്നിട്ടുണ്ട്.)
സിദ്ധാർഥ്: സർ ഇതെന്റെതാണ്. ഞാൻ ഇവിടെ ഗസ്റ്റാണ് സർ...
ഓഫീസർ: ഇവിടെയുള്ള ആൾ?
സിദ്ധാർഥ്: സർ അയാൾ പുറത്തു പോയിരിക്കയാണ്...
ഓഫീസർ: അയാളുടെ കൈയിൽ കാർഡുണ്ടല്ലോ?
ഇതിന്നിടയിൽ പുറത്തു നിൽക്കുന്ന സെക്യൂരിറ്റി സിദ്ധാർഥിനെ
കാണുന്നു.
സെക്യൂരിറ്റി 1: സർ ഇയാൾ ഇന്നലെ ഇവിടെ വന്നതാണ്. ഞാൻ ഇയാളെ സ്ട്രീറ്റിൽവെച്ച് കണ്ടിട്ടുണ്ട്! (സിദ്ധാർഥിനോട്) അപ്പോൾ നിങ്ങൾ ഫ്‌ളാറ്റ് കണ്ടുപിടിച്ചു.
ഓഫീസർ: എങ്കിൽ ശരി... നമുക്ക് പോകാം.
എല്ലാവരും പോകുന്നു. പക്ഷേ, സെക്യൂരിറ്റി 1 തിരിച്ചുവരുന്നു.
സെക്യൂരിറ്റി 1: മിസ്റ്റർ സിദ്ധാർഥ്... ഇന്നലെ രാത്രി നിങ്ങൾ ബൂത്തിൽ നിന്ന് ഇറങ്ങിയതിനുശേഷം ഒരു പെൺകുട്ടി അവിടെ വന്നിരുന്നു. എനിക്കവളെ ശരിക്ക് സെർച്ച് ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ പോയ വഴിയേതന്നെയാണ് അവളും പോയത. അവളെ നിങ്ങൾ വഴിയിലെവിടെയെങ്കിലും കണ്ടിരുന്നോ? ഐ മീൻ, ഒരു നീല ജീൻസും ചുവന്ന ടീഷർട്ടും ധരിച്ച പെൺകുട്ടി.
സിദ്ധാർഥ്:(ഭാവമാറ്റമില്ലാതെ) ഇല്ല സർ. ഞാൻ കണ്ടില്ല. എന്തുപറ്റി സർ?
സെക്യൂരിറ്റി: ഏയ് ഒന്നൂല്ല. ചില പെണ്ണുങ്ങൾ ഞങ്ങളെ വെട്ടിച്ച് നടക്കുന്നതായി ഒരു മെസ്സേജ് വന്നിരുന്നു. ഒ.കെ. പിന്നെ ഒരു കാര്യം നിങ്ങളുടെ കാർഡ് തീരാറായി. അത് ചാർജ് ചെയ്‌തേക്ക്. (സെക്യൂരിറ്റിക്കാർ പോകുന്നു.)
ഇതെല്ലാം കണ്ടും കേട്ടും സോഫയ്ക്കടിയിൽ ശ്വാസം പിടിച്ച് ഇരിക്കുകയായിരുന്ന സെൽമ പുറത്തുവരുന്നു - മുഖത്തെ അമ്പരപ്പ് വിട്ടുമാറിയിട്ടില്ല.
സെൽമ: ഓ... ഇവിടെ ശ്വാസം വലിക്കാൻ കാശില്ല. അതിനിടെ നടുവും ഒടിഞ്ഞു. ഇതിലും ഭേദം പിടികൊടുക്കലാ.
സിദ്ധാർഥ്: നീ എന്താ പറഞ്ഞത്! വേണ്ടാത്തതൊന്നും പറയണ്ട. ഞാൻ ജീവിച്ചിരിക്കെ നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.
സെൽമ: എന്തിനാടാ ഒരു ഗതിയും ഇല്ലാത്ത എന്നെ നീ ഇങ്ങനെ?... സോറി എടാ...
സിദ്ധാർഥ്: വെറുതെ അല്ല. വിൽസൺ പറഞ്ഞത് കാര്യങ്ങൾ ഇത്രയും മോശമാണെന്ന് കരുതിയിരുന്നില്ല. ഞാൻ വിചാരിച്ചത് തെരുവിൽ മാത്രമേ പ്രശ്‌നമുള്ളു എന്നാണ്. ഇതിപ്പോ? ഇങ്ങനെ ആണെങ്കിൽ... നമ്മൾ കൂടുതൽ ശ്രദ്ധിക്കണം.
സെൽമ: ഒരു വഴിയേ ഉള്ളൂ. എങ്ങനെയെങ്കിലും കുറച്ച് പണം സംഭരിക്കണം.
സിദ്ധാർഥ്: എന്തുകാര്യം? എത്ര പണം സമ്പാദിച്ചിട്ടെന്താ? ദിവസം തോറും... അവർ ഓക്‌സിജന്റെ ചാർജ് കൂട്ടും. സർക്കാർ അനുവദിച്ച സൗജന്യത്തിന്റെ പരിധി കുറയ്ക്കും. അത് കമ്പനികളുടെ തന്ത്രമാണ്.
സെൽമ: കമ്പനികൾക്ക് ലാഭമല്ലേ ലക്ഷ്യം? അവരെ കുറ്റം പറയാൻ പറ്റ്വോ? കമ്പനി നിലനിൽക്കേണ്ടേ?
സിദ്ധാർഥ്: (സെൽമയുടെ അഭിപ്രായം ഇഷ്ടപ്പെടാതെ) ലാഭം? എന്ത് ലാഭം? ഈ ലാഭം ആരാണ് തീരുമാനിക്കുന്നത്? കമ്പനികളോ? ആരാണ് അവർക്ക് അതിന് അധികാരം കൊടുത്തത്...?
സെൽമ: ശരി. നീ വെറുതെ ചൂടാവണ്ട. ഞാൻ ഒരു സത്യം പറഞ്ഞെന്നേയുള്ളൂ.
സിദ്ധാർഥ്: സത്യം... എന്ത് സത്യം? (അയാൾ ദേഷ്യപ്പെടുന്നു. അയാളിൽ പ്രതിഷേധത്തിന്റെ അഗ്‌നി പടരുന്നു.)
സെൽമ നിശ്ശബ്ദയാകുന്നു.
സെൽമ: പക്ഷേ, സിദ്ധാർഥ് നമ്മൾ എന്തുചെയ്യും?
സിദ്ധാർഥ്: എല്ലാത്തിനും ഒരു വഴിതെളിയും.
സെൽമ: ശരി. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ. (അയാളുടെ ശ്വാസഗതി വർധിച്ചതു കാരണം കാർഡിൽ നിന്ന് ബീപ്പ് സൗണ്ട് വരാൻ തുടങ്ങി.)
സിദ്ധാർഥ്: ശരി ഞാൻ ഏതായാലും പുറത്ത് പോയി കാർഡ് റീ ചാർജ് ചെയ്ത് വരാം. നീ ഇവിടെ കതകടച്ച് ഇരുന്നോളൂ.
സെൽമ: വേണ്ട സിദ്ധാർഥ്, സൈമൺ വന്നതിന് ശേഷം പോയാൽ മതി.
സിദ്ധാർഥ്: പ്രശ്‌നമില്ല. ഞാൻ വേഗം തിരിച്ചുവരും. എന്റെ കാർഡ് റീചാർജ് ചെയ്യാനുള്ള കാശൊക്കെ എന്റെ കൈയിലുണ്ട്. നീ പേടിക്കണ്ട. എന്റെ കാർഡിന്റെ കാര്യം മാത്രമല്ല. ടൗണിൽ എന്റെ ഒരു സുഹൃത്തുണ്ട്. അവനെ കണ്ട് കുറച്ച് പൈസ കടം വാങ്ങി നിനക്ക് പുതിയ കാർഡ് വാങ്ങാം... വിൽസൺ പോകുമ്പോൾ പറഞ്ഞത് നീ കേട്ടതല്ലേ. അയാൾ തിരിച്ചു വരുന്നതിനുമുമ്പ് ഒരു തീരുമാനത്തിലെത്താൻ?
സെൽമയ്ക്ക് സിദ്ധാർഥിനോട് എന്തെന്നില്ലാത്ത സ്‌നേഹം തോന്നുന്നു - അവൾ സിദ്ധാർഥിനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നു. കാർഡിൽ നിന്ന് 'ബീപ്പ്' ശബ്ദം വീണ്ടും കേൾക്കുന്നു.
സിദ്ധാർഥ്:ശരി നീ കതകടച്ച് ഇരുന്നോളൂ. ഞാൻ പോയിട്ട് വരാം...
അയാൾ ധൃതിയിൽ പുറത്തേക്ക് പോകുന്നു.
സെൽമ തനിച്ച് റൂമിൽ. പുറത്ത് സൈറൻ മുഴക്കി പായുന്ന വണ്ടിയുടെ ഇരമ്പം. അവൾ ഭയന്നുപോകുന്നു - കതക് അടച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നു - ഇതിനിടയിൽ മേശപ്പുറത്ത് വിൽസൺന്റെ വിവാഹഫോട്ടോ അവളുടെ ശ്രദ്ധയിൽ പെടുന്നു. അവളുടെ ബാല്യകാല സുഹൃത്ത് ഫ്‌ളോറയാണ് വിൽസന്റെ ഭാര്യയെന്ന് സെൽമയ്ക്ക് മനസ്സിലാകുന്നു.
അവൾ ഫോട്ടോ കൈയിലെടുത്ത് അതിൽതന്നെ നോക്കി നിൽക്കുന്നു.
ഫ്‌ളോറയുടെ അടുത്താണ് എത്തിപ്പെട്ടതെന്നറിഞ്ഞതിൽ അവൾക്ക് സന്തോഷം തോന്നുന്നു.
പതിവിൽ കൂടുതൽ പട്രോളിങ് വണ്ടികൾ സൈറൺ മുഴക്കി പായുന്നതിന്റെ ശബ്ദം കേൾക്കാം.
പുറത്ത് എന്തോ സംഭവിക്കുന്നുണ്ട് - അവൾ ജനാലയിലൂടെ ദൂരെ തെരുവിലേക്ക് നോക്കുന്നു - ഒന്നും വ്യക്തമാകുന്നില്ല. പെട്ടെന്ന് കോളിങ് ബെൽ. സെൽമ ഭയന്നു പോകുന്നു. വാതിൽ തുറക്കാൻ ഭയം. പുറത്ത് ശബ്ദം.
‘‘സെൽമ വാതിൽ തുറക്കൂ. വാതിൽ തുറക്കാൻ... ഇത് ഞാനാണ്.. വിൽസൺ''. സെൽമ വാതിൽ തുറക്കുന്നു. വിൽസൺ അകത്ത് കടക്കുന്നു- ഉടൻ സെൽമയെ കോരിയെടുത്ത് വിൽസൺ അകത്തെ റൂമിലേക്ക് പോകുന്നു. എന്ത് സംഭവിക്കുന്നുവെന്ന് മനസ്സിലാകാതെ സെൽമ അന്ധാളിച്ചു പോകുന്നു - അകത്തെ റൂമിൽ സെൽമയെ സുരക്ഷിതമായി ഇരുത്തിയ ശേഷം അയാൾ പുറത്തേക്ക് നോക്കുന്നു- സെർച്ചിങ് വാഹനം ദൂരെ മറയുന്ന ശബ്ദം കേൾക്കുന്നു- മുഖത്ത് ആശ്വാസം...
അകത്ത് ചെന്ന് സെൽമയെ വിളിച്ചുകൊണ്ടുവരുന്നു.
സെൽമയുടെ മുഖത്ത് അമ്പരപ്പ് വിട്ടുമാറിയിട്ടില്ല.
വിൽസൺ: ഓ... രക്ഷപ്പെട്ടു... ഞാൻ കരുതി ഇവിടെ വരുമെന്ന്.
സെൽമ: ഞാൻ പേടിച്ചുപോയി... എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ! സിദ്ധാർഥ് പോയിട്ട് കുറെ നേരമായി. നിങ്ങൾ പോയതിനുശേഷം അവനും ഇറങ്ങിയതാണ്.
വിൽസൺ:അപ്പോൾ എന്റെ ഊഹം ശരിയാണ്.
സെൽമ:എന്ത്!
വിൽസൺ: അത് തൽക്കാലം നീ അറിയേണ്ട!
സെൽമ: എനിക്കറിയാം.. അല്ലെങ്കിലും എന്റെ ചുറ്റിലും എന്തൊക്കെയോ നടക്കുന്നുണ്ട്. അപ്പോൾ ഫ്‌ളോറ...
വിൽസൺ: (സെൽമ, ഫ്‌ളോറയെന്ന് പറഞ്ഞപ്പോൾ വിൽസൺ ഞെട്ടുന്നു) നിനക്ക് ഫ്‌ളോറയെ എങ്ങനെ അറിയാം?
സെൽമ: അവളെന്റെ സുഹൃത്തായിരുന്നു. കോളേജ് വിട്ടതിനുശേഷം ഞങ്ങൾ കണ്ടിട്ടില്ല. ഫോട്ടോ ഞാൻ കണ്ടു.. ഇനി എന്നിൽ നിന്ന് ഒളിക്കേണ്ട.
ഇതുകേട്ട് വിൽസണ് ദുഃഖം വരുന്നു. ആരുമറിയാതെ അവളെ സെല്ലിൽ നിന്ന് രക്ഷിക്കണമെന്ന് അയാൾ കരുതിയതാണ്. പക്ഷേ, അയാൾക്കതിന് കഴിയാതെ പോയി.
വിൽസൺ: ഇല്ല അവൾക്കൊന്നും സംഭവിക്കില്ല. ഞാൻ ഇപ്പോൾ തന്നെ അവളെ തിരികെ കൊണ്ടുവരും. തിരികെ കൊണ്ടുവരും.. എന്റെ ഫ്‌ളോറ (അയാൾ നിലവിളിച്ചു പോകുന്നു.)
സെൽമ: അപ്പോൾ അവൾ സെല്ലിൽ അടയ്ക്കപ്പെട്ടിരിക്കയാണോ?
വിൽസൺ:അതിന്റെ ടെൻഷനിലാണ് ഞാൻ. ഇന്ന് എനിക്ക് അവിടെ ചെല്ലണം. അവളെ പറ്റുമെങ്കിൽ കൂട്ടിക്കൊണ്ടുവരണം. ഓഫീസർ കനിഞ്ഞാൽ ചിലപ്പോൾ എനിക്കതിന് കഴിയും.
ഇതുകേട്ട് സെൽമ വിഷമത്തിലാകുന്നു.
സെൽമ: സോറി വിൽസൺ. ഞാൻ കാരണം നിങ്ങൾ ബുദ്ധിമുട്ടണ്ട.... എന്റെ കാര്യം വിട്ടേക്ക്. നിങ്ങൾ ഫ്‌ളോറയെ രക്ഷിക്കാൻ നോക്ക്. ചെല്ല്... വേഗം.
വിൽസൺ: ശ്രദ്ധിക്കണം... ഒരുപക്ഷേ... സിദ്ധാർഥ് പെട്ടെന്ന് എത്തിയില്ലെങ്കിലും.. നീ വിഷമിക്കരുത്.
സെൽമ: എന്ത്... സിദ്ധാർഥിന് എന്തുപറ്റി?
വിൽസൺ: സെൽമ നീ വിഷമിക്കരുത്. സിദ്ധാർഥ് ഇവിടെ വന്നതിൽ മറ്റൊരു കാര്യം കൂടി ഉണ്ട്. അയാൾ മോണ്ടികാസ്റ്റോവിനെ കാണാൻ കൂടിയാണ് ഇവിടെ എത്തിയതെന്ന് ഞാൻ ബലമായി സംശയിക്കുന്നുണ്ട്... ഇപ്പോൾ അത് ശരിയാണെന്ന് എനിക്ക് തോന്നുന്നു.
സെൽമ: ആരാണ് അയാൾ?... മോണ്ടികാസ്റ്റോ... എവിടെയോ കേട്ടിട്ടുണ്ട്... സിദ്ധാർഥ് പറഞ്ഞിട്ടാണോ എന്നറിയില്ല.
വിൽസൺ: കമ്പനിക്ക് എതിരെ ചെറുത്തുനിൽക്കുന്ന ഒറ്റയാൾ പട്ടാളമാണ് അയാൾ... ശ്വാസം പിടിച്ച് ജീവിക്കാൻ പ്രത്യേക പരിശീലനം സിദ്ധിച്ച ആൾ... അയാൾ അത് മറ്റുള്ളവരെ ഒളിത്താവളത്തിൽ വെച്ച് പഠിപ്പിക്കുന്നുമുണ്ട്.
രക്ഷപ്പെടാനുള്ള വഴികളെക്കുറിച്ച് മുൻപ് സിദ്ധാർഥ് സൂചിപ്പിച്ചത് സെൽമ ഓർക്കുന്നു.
സെൽമ: പക്ഷേ, എനിക്ക് കാർഡ് വാങ്ങാനാണല്ലോ അയാൾ പുറത്തുപോയത്? ഏതോ സുഹൃത്തിനോട്... കടം ചോദിക്കാൻ...
വിൽസൺ: ആ സുഹൃത്ത് ചിലപ്പോൾ അയാളായിക്കൂടെന്നില്ല! മോണ്ടികാസ്റ്റോ!
-ഇതെല്ലാം കേട്ട് സെൽമ എന്തുചെയ്യണമെന്ന് അറിയാതെ വിഷമവൃത്തത്തിലാകുന്നു.
സെൽമ: നിങ്ങൾ പോയിവരൂ... അതുവരെ ഞാൻ ഇവിടെ നിന്നോളാം... സിദ്ധാർഥ് വന്നതിന് ശേഷം... ഞാൻ പോയ്‌ക്കോളാം... (വിൽസൺ ദുഃഖവും ദേഷ്യവും കടിച്ചമർത്തി)
വിൽസൺ: കുട്ടി നീ കരുതുന്നപോലെ ഇവിടം സുരക്ഷിതമല്ല. നിന്നെ ഇവിടെ ആക്കിപ്പോകാൻ എനിക്ക് തൽക്കാലം കഴിയില്ല. ഇനി സിദ്ധാർഥിനെ മറന്നേക്ക്... വരുന്നത് വരട്ടെ. പിടിക്കപ്പെട്ടാൽ നമുക്കൊന്നിച്ച് പോകാം.
സെൽമ: അപ്പോൾ നിങ്ങളുടെ ഫ്‌ളാറ്റ്.
വിൽസൺ: ഹും... ഫ്‌ളാറ്റ് അതൊക്കെ എന്നോ പോയി. ബാങ്കുകാർ ഇന്ന് എത്തും... ഇന്ന് അവസാന ദിവസമാണ്... ഒരു പക്ഷേ, വൈകീട്ട് അഞ്ചു മണിക്ക് തന്നെ... അതിനുമുൻപ് എനിക്കു തിരിച്ചുവരാൻ കഴിഞ്ഞെന്നു വരില്ല.
സെൽമ: കാര്യങ്ങൾക്ക് ഇത്രയും ഗൗരവമുണ്ടെന്ന് ഞാൻ കരുതിയിരുന്നില്ല. അപ്പോൾ നിങ്ങൾ ഇനി എന്തുചെയ്യും വിൽസൺ?
വിൽസൺ: തെരുവിൽ അല്ലെങ്കിൽ സെല്ലിൽ. നീ വിഷമിക്കേണ്ട. നിന്നെ ഞാൻ നിന്റെ കസിന്റെ അടുത്ത് എത്തിക്കാം.
പെട്ടെന്ന് തെരുവിൽ നിന്ന് ബോംബ് സ്‌ഫോടനത്തിന്റെ ശബ്ദം. സൈറൺ മുഴക്കി ഓടുന്ന വണ്ടികൾ. ആംബുലൻസിന്റെ ശബ്ദങ്ങൾ. ആൾക്കൂട്ടത്തിനു നേരെ പൊലീസ് വെടിവെപ്പ്. മോണ്ടി കാസ്റ്റോവിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ - ജനങ്ങൾ ശാന്തരാകണമെന്നുള്ള പോലീസ് അറിയിപ്പ്.
വിൽസൺ: പേടിക്കേണ്ട ഇത് വെറുതെ ഉള്ള വെടിപൊട്ടിക്കലാണ്... മനപ്പൂർവം... ഒരു ജനക്കൂട്ടവും ഉണ്ടാകില്ല... വിപ്ലവം നടത്തിയെന്ന് പറഞ്ഞ് സംശയാലുക്കളെ അറസ്റ്റ് ചെയ്യാൻ.
സെൽമ: മോണ്ടികാസ്റ്റോവിന്റെ പേര് പറഞ്ഞ് വിളിക്കുന്നതോ...?
വിൽസൺ: മോണ്ടികാസ്റ്റോ എന്ന മനുഷ്യനെ അവർക്ക് അറസ്റ്റുചെയ്യണം. അതിനുവേണ്ടി അവർതന്നെ പ്ലാൻ ചെയ്യുന്നതാണ് കലാപം. ചില ഓഫീസർമാരും സെക്യൂരിറ്റിയും ചേർന്ന് ബൂത്തുകൾ തല്ലിപ്പൊളിക്കുന്നു. ആ കുറ്റം മുഴുവൻ പാവം മോണ്ടികാസ്റ്റോവിന്റെ പേരിൽ കെട്ടിവെക്കുന്നു....
സെൽമ:അപ്പോൾ അയാളെ അറസ്റ്റു ചെയ്യുമോ?
വിൽസൺ : അയാളെ കിട്ടിയിട്ട് വേണ്ടേ! ബഹളം ശാന്തമാകട്ടെ, നമുക്ക് ഇറങ്ങാം.
പെട്ടെന്ന് കതകിൽ ആരോ മുട്ടി വിളിക്കുന്നു. വിൽസൺ സൽമയെ ഒളിപ്പിച്ച ശേഷം വാതിൽ തുറക്കുന്നു. സിദ്ധാർഥ് പ്രവേശിക്കുന്നു. അയാൾ ആകെ വെപ്രാളത്തിലാണ് - കിതയ്ക്കുന്നുണ്ട് - വിയർത്തു കുളിച്ചിട്ടുണ്ട്.
സിദ്ധാർഥ്: വിൽസൺ എനിക്ക് സമയമില്ല. ഇതാ ഇത് സെൽമയ്ക്ക് കൊടുക്കണം. അവളുടെ കാർഡാണ്. പോക്കറ്റിൽനിന്ന് ഓക്‌സിജൻ കാർഡ് എടുത്ത് കൊടുക്കുന്നു.
വിൽസൺ: നിനക്ക് എന്തു പറ്റി... നീ എവിടെ പോകുന്നു?
സിദ്ധാർഥ്:എല്ലാം പിന്നീട് തമ്മിൽ കണ്ടാൽ! എനിക്ക് ധൃതിയുണ്ട്... സൽമയോട് എനിക്ക് മാപ്പ് തരാൻ പറയണം.
(അയാളുടെ കണ്ണുകൾ നിറയുന്നു)
പുറത്ത് സൈറൺ - പോലീസ് ജീപ്പിന്റെ ഇരമ്പം. ഇതിനിടയിൽ സംസാരം കേട്ട സെൽമ വരുന്നു- അതിനുമുൻപ് സിദ്ധാർത്ഥ് പോയിക്കഴിഞ്ഞിരുന്നു.
സൽമയും വിൽസണും സ്തബ്ധരായ് നിൽക്കുന്നു.
പോലീസ് സൈറൺ പിന്നണിയിൽ ഉയർന്നുതാഴുന്നു.
രംഗം അഞ്ച്
ഓക്‌സിജൻ ബൂത്തുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. തെരുവിൽ ആൾക്കൂട്ടം. കൂടുതൽ സെക്യൂരിറ്റികൾ വന്നിട്ടുണ്ട്. ഓഫീസർമാർ എൻക്വയറി നടത്തുകയാണ്.
ഓഫീസർ: എവിടെവെച്ചാണ് മോണ്ടികാസ്റ്റോവിനെ നിങ്ങൾ ആദ്യമായ് കണ്ടത്?
സെക്യൂരിറ്റി 1: സർ അത് ഞാൻ... കഴിഞ്ഞ ദിവസം പട്രോളിങ്ങിനിടെ അയാളെ കണ്ടിരുന്നു.
ഓഫീസർ 1: നിങ്ങൾ എന്തുകൊണ്ട് അയാളെക്കുറിച്ച് റിപ്പോർട്ട് ചെയ്തില്ല?
സെക്യൂരിറ്റി 1: സർ അതിന് അയാളുടെ കൈയിൽ കാർഡുണ്ടായിരുന്നു - അതു മാത്രമല്ല ഞാൻ ഇവിടെനിന്നും അയാളെ പറഞ്ഞു വിട്ടതുമാണ്.
ഓഫീസർ അയാളെ രൂക്ഷമായി നോക്കുന്നു.
ഓഫീസർ 2:എന്നിട്ട് രഹസ്യമായി ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നു - എന്തിനായിരുന്നു അത്?
ഓഫീസർ 1: അയാൾക്ക് ശ്വാസം പിടിച്ച് കഴിയാനുള്ള വിദ്യ അറിയാമെന്ന് നിങ്ങൾക്ക് അറിയാമായിരുന്നില്ലേ?
ഈ ചോദ്യത്തിന് മുമ്പിൽ സെക്യൂരിറ്റി 1 പകച്ചു പോകുന്നു. കഴിഞ്ഞ ദിവസം സെക്യൂരിറ്റി 2 മായ് നടത്തിയ നീക്കങ്ങൾ പിടിക്കപ്പെട്ടു എന്ന് അയാൾക്ക് മനസ്സിലാകുന്നു.
ഓഫീസർ: സത്യം പറയണം.... ഉം.... എന്തൊക്കെ ആയിരുന്നു നിങ്ങളുടെ നീക്കങ്ങൾ? കൂടെ മറ്റാരൊക്കെയുണ്ട്?
സെക്യൂരിറ്റി 1: ഒന്നുമില്ല സർ ഒരു നീക്കവും ഞാൻ നടത്തിയിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്കൊന്നുമറിയില്ല സർ.
ഓഫീസർ 1: ശരി. നിങ്ങളെക്കൊണ്ട് പറയിപ്പിക്കാൻ പറ്റുമോ എന്ന് ഞാനൊന്നു നോക്കട്ടെ.
ഓഫീസർ സെക്യൂരിറ്റി 2 നെ വിളിക്കുന്നു. അയാൾവരുന്നു.
ഓഫീസർ 2: ഇദ്ദേഹത്തെ അറിയില്ലെന്ന് നിങ്ങൾ പറയില്ലല്ലോ? ഇയാളെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് പറയുമോ?
സെക്യൂരിറ്റി 1:(ആകെ അമ്പരക്കുന്നു. അയാൾ ട്രാപ്പിലായെന്ന് ഉറപ്പാക്കുന്നു)
സർ ഇത് എന്റെ സഹപ്രവർത്തകൻ.
ഓഫീസർ 1:അതെ.... നിങ്ങൾ ഇയാളുമായ് ചേർന്ന് മോണ്ടികാസ്റ്റോവിൽ നിന്ന് ശ്വാസം പിടിച്ച് നിർത്താനുള്ള വിദ്യ അഭ്യസിക്കാൻ പ്ലാൻ ചെയ്തിരുന്നോ എന്നാണ് ഞാൻ ചോദിക്കുന്നത്?
സെക്യൂരിറ്റി 1 തല കുനിച്ചിരിക്കുന്നു. ദയനീയമായി സെക്യൂരിറ്റി 2നെ നോക്കുന്നു. അയാൾക്ക് ഒരു ഭാവ വ്യത്യാസവും കാണാനില്ല എന്നത് സെക്യൂരിറ്റി 1 നെ അസ്വസ്ഥനാക്കുന്നു. സെക്യൂരിറ്റി 2 ന്റെ മുഖത്ത് ഒരു കുറുക്കൻ ചിരി തെളിഞ്ഞു കാണാം.
ഓഫീസർ 1:(സെക്യൂരിറ്റി 2 നോട്) ഞാൻ പറഞ്ഞത് സത്യമല്ലേ.
സെക്യൂരിറ്റി 2: സത്യമാണ് സർ. ഇയാൾ മോണ്ടികാസ്റ്റോവിനെ ഇവിടെ കൊണ്ടുവരാൻ ഞാനുമായി ഗൂഢാലോചന നടത്തിയിട്ടുണ്ട്.
ഈ പ്രസ്താവന കേട്ട് സെക്യൂരിറ്റി 1 തരിച്ചിരുന്നുപോകുന്നു. തന്റെ സുഹൃത്ത് തന്നെ ചതിച്ചതിൽ അയാൾക്ക് ദുഃഖം വരുന്നു.
സെക്യൂരിറ്റി 1: സർ ഞാൻ അങ്ങനെയൊന്നും കരുതിയിട്ടില്ല. വെറുതെ തമാശയ്ക്ക് പറയുക മാത്രമെ ചെയ്തിട്ടുള്ളൂ.
ഓഫീസർ: പക്ഷേ, നിങ്ങൾക്ക് ചുറ്റിലും രഹസ്യപോലീസ് ഉള്ള വിവരം നിങ്ങൾ അറിയാതെ പോയി. ഒ.കെ. (സെക്യൂരിറ്റി 2 നോട്) അകത്തുള്ള കള്ളൻമാരെ പിടിക്കാൻ സഹായിച്ചതിന് നന്ദി... ഇനി നിങ്ങൾക്കുപോകാം.
സെക്യൂരിറ്റി 2 പോകുന്നു.
ഓഫീസർ 2: ഇനി സത്യം തുറന്ന് സമ്മതിക്കുകയാണ് നിങ്ങൾക്കു നല്ലത്... നിങ്ങളുടെ മോണ്ടികാസ്റ്റോ ഇപ്പോൾ എവിടെ ആണെന്ന് നിങ്ങൾക്ക് അറിയാമോ?
ഓഫീസർ 1: നിങ്ങൾ വിദ്യ മുഴുവൻ അയാളിൽ നിന്ന് പഠിച്ചോ? ഇല്ലെങ്കിൽ പറയണം... വഴിയുണ്ടാക്കാം.
ദേഷ്യം അടക്കാൻ പറ്റാതെ... പൊട്ടിത്തെറിക്കുന്നു. അത്രയും കാലം അടിച്ചമർത്തിവെച്ച എല്ലാ രോഷവും അയാൾ അഴിച്ചുവിടുന്നു. അയാൾ ഓഫീസർ 1നെ ആക്രമിക്കാൻ എന്നോണം പാഞ്ഞടുക്കുന്നു. അപ്പോഴേക്കും മറ്റ് സെക്യൂരിറ്റിക്കാർ അയാളെ പിടിച്ച് കയ്യാമം വെക്കുന്നു.
സെക്യൂരിറ്റി 1:എടാ... തെണ്ടികളെ (ഓഫീസറുടെ മുഖത്ത് കാർക്കിച്ച് തുപ്പുന്നു) നിങ്ങളൊക്കെ അനുഭവിക്കും. നോക്കിക്കോ മോണ്ടികാസ്റ്റോ ഇനിയും ജനിക്കും. നിങ്ങൾ കാത്തിരുന്നോ!
ഇത് പറഞ്ഞ് തീരുന്നതിനുമുമ്പ് അയാളുടെ തലയ്ക്ക് അടി വീണുകഴിഞ്ഞു. അയാൾ അബോധാവസ്ഥയിലാകുന്നു.
അയാളെ വലിച്ചിഴച്ച് എങ്ങോട്ടോ കൊണ്ടുപോകുന്നു.
ഓഫീസർ 1:(ആർത്തട്ടഹസിക്കുന്നു) (മറ്റ് സെക്യൂരിറ്റികളെ നോക്കി) ഇനി ആരെങ്കിലും കമ്പനിക്കെതിരെ ചിന്തിച്ചാൽപ്പോലും കമ്പനി അത് അറിയുമെന്ന് മനസ്സിലാക്കിക്കോ... ഇത്തരം വിഘടന ചിന്തകൾ മനസ്സിൽ ഉണ്ടെങ്കിൽ ഇപ്പോഴേ ഇറക്കിവെച്ചേക്ക് (അയാൾ അഹങ്കാരത്തോടെ ചിരിച്ച് നടക്കുന്നു. കൂടെ അസിസ്റ്റന്റുമാരും നടന്നുനീങ്ങുന്നു.)
സെക്യൂരിറ്റി 1ന് പകരം മറ്റൊരാൾ... കയറുന്നു - രണ്ടാമനായി മറ്റൊരാളും...
ബൂത്തിൽ നിന്ന് കൂടുതൽ ആളുകൾ റീചാർജ് ചെയ്യുന്നു.
കാർഡില്ലാതെ നിരവധിപേർ അറസ്റ്റു ചെയ്യപ്പെടുന്നു.
കമ്പനിയുടെ പാവ വേദിയിൽ വരുന്നു.
""നിങ്ങൾ ഇത്രയും നാൾ ഞങ്ങളോട് സഹകരിച്ചതിന് നിങ്ങൾക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. പിന്നെ നിങ്ങൾക്ക് അറിയാമല്ലോ പുതിയ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്, അതുകൊണ്ട് ഞങ്ങൾ ഓക്‌സിജന്റെ ചാർജ് അൽപം കൂട്ടുന്നു. ക്ഷമിക്കണം. പ്രതിസന്ധിയെ മറികടക്കാൻ നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ മറ്റ് മാർഗമില്ലാത്തതുകൊണ്ടാണ്.''
പാവ കടന്നു പോകുന്നു.
ഓക്‌സിജന്റെ വില വർധനവിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു. പലരുടെയും വീടുകൾ പണയത്തിലാകുന്നു. വീടും കിടപ്പാടവും നഷ്ടപ്പെട്ട മനുഷ്യൻ. കൂടുതൽ പേർ സെല്ലിൽ അടയ്ക്കപ്പെടുന്നു.
സെക്യൂരിറ്റികൾ ഒരു ദാക്ഷിണ്യവുമില്ലാതെ ആളുകളെ അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു.
മുൻപ് കണ്ടതിനേക്കാൾ ആളുകൾ സെല്ലിൽ നിറഞ്ഞിട്ടുണ്ട്. വരാന്തപോലും ഗ്ലാസ് ചേംബറിട്ട് തടവുകാരെ മാസ്‌കിൽ തൂക്കിയിട്ടിരിക്കുന്നു. നിരവധിപേർ സെല്ലിലേക്ക് വന്നുകൊണ്ടിരിക്കുന്നു... ഊർധ്വശ്വാസം
വലിയുടെ സംഗീതം പിന്നണിയിൽ. മങ്ങിയ വെളിച്ചത്തിൽ മനുഷ്യക്കോലങ്ങളുടെ ഭീതിദമായ മുഖം കാണാം.
വിൽസൺ സെല്ലിൽ എത്തുന്നു. ഫ്‌ളോറയെ കാണാതെ അയാൾ വിവശനാകുന്നു. അയാൾ തളർന്ന് അവിടെയിരിക്കുന്നു. അപ്പോൾ തന്റെ ഭാര്യയുമൊത്ത് പടിയിറങ്ങാൻ നിൽക്കുന്ന സൈമണെ കാണുന്നു.
സൈമൺ: നീ എവിടെ ആയിരുന്നു വിൽസൺ? അവൾ അവസാന നിമിഷം വരെ നിനക്കുവേണ്ടി കാത്തിരുന്നിരുന്നു. പക്ഷേ, ഒടുവിൽ (അവർ പരസ്പരം കെട്ടിപ്പിടിച്ച് കരയുന്നു)
വിൽസൺ:എന്നോട് ക്ഷമിക്കൂ... സൈമൺ. അവളെ ഒന്ന് കാണാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ! ഞാനും അവളുടെ വഴിക്ക് പോകുകയാണ്. എനിക്കവളെ കാണണം (വിൽസൺ സെല്ലിനകത്തേക്ക് കുതിക്കുന്നു. സെക്യൂരിറ്റികൾ വന്ന് അയാളെ മാസ്‌ക് ചെയ്യുന്നു.)
സൈമൺ വിഷമത്തോടെ നടന്നുനീങ്ങുന്നു. സെല്ലിൽ മാസ്‌കിൽ
തൂങ്ങിനിൽക്കുന്ന മനുഷ്യരൂപങ്ങൾ. ശ്വാസത്തിനായ് ഊർധ്വം വലിക്കുന്നു.
പിന്നണിയിൽ ശ്വാസംവലിയുടെ സംഗീതം മുറുകുന്നു.
Black Otu
വേദിയിൽ വെളിച്ചം തെളിയുന്നു. ഇപ്പോൾ ഭൂമിയുടെ ഒരറ്റത്ത് നിന്ന് ആകാശത്തേക്ക് പ്രാണവായുവിനായി മൂക്ക് ഉയർത്തിനിൽക്കുന്ന കുറെ മനുഷ്യ രൂപങ്ങളെ കാണാം.
ശ്വാസംവലിയുടെ ശബ്ദം ഉയർന്നു താഴുന്നു.
- കർട്ടൻ -
(കടപ്പാട്: ഐ ബുക്‌സ് കോഴിക്കോട്)